ജെറോം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രി.പി. 347 മുതല്‍ 420 വരെ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ പണ്ഡിതനും താപസനുമായിരുന്നു ജെറോം. ഇംഗ്ലീഷ്: Saint Jerome. ലത്തീന്‍:Eusebius Sophronius Hieronymus (യൂസേബിയൂസ് സോപ്രോണിയൂസ് ഹേയ്റോണിമൂസ്) കിഴക്കന്‍ യൂറോപ്പിലെ സ്ട്രിഡോയിലാണ് അദ്ദേഹം ജനിച്ചതെന്നു കരുതുന്നു. അപാരമായ പാണ്ഡിത്യവും ഭാഷാജ്ഞാനവും അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ജെറോമിന്‍റെ മുഖ്യസംഭാവനയെന്നു കരുതുന്നത് ബൈബിളിന്റെ, 'വുള്‍ഗാത്ത' എന്ന പേരില്‍ പ്രസിദ്ധമായ ലത്തീന്‍ പരിഭാഷയാണ്. കത്തോലിക്കാസഭ ജെറോമിനെ വിശുദ്ധപദവിയില്‍ വണങ്ങുകയും വേദപാരംഗതന്മാരുടെ പട്ടികയില്‍ പെടുത്തി ബഹുമാനിക്കുകയും ചെയ്യുന്നു. 'വള്‍ഗെയ്റ്റ്' ബൈബിള്‍ പരിഭാഷക്ക് ഇന്നും കത്തോലിക്കാസഭ പ്രാമാണികത കല്പിക്കുന്നു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ യും ജെറോമിനെ വിശുദ്ധനായി അംഗീകരിക്കുന്നു. സ്ട്രിഡോണിയത്തിലെ ജെറോം, അനുഗൃഹീതനായ ജെറോം എന്നീ പേരുകളിലാണ് ആ സഭയില്‍ അദ്ദേഹം അറിയപ്പെടുന്നത്. അദ്ദേഹത്തിന്റെ അനുസ്മരണദിനം സെപ്റ്റംബര്‍ 30 ആണ്.
ഉള്ളടക്കം |
[തിരുത്തുക] ജീവിതം
[തിരുത്തുക] തുടക്കം
റോമാസാമ്രാജ്യത്തിലെ പ്രവിശ്യകളായിരുന്ന പന്നോനിയ, ഡാല്‍മേഷ എന്നിവയുടേയും ഇറ്റലിയുടേയും ഇടയില്‍, അക്വലെയക്ക് സമീപമുള്ള സ്ട്രിഡോന്‍ എന്ന സ്ഥലത്താണ് ജെറോം ജനിച്ചത്.[1] ഇലിറിയന്‍ ക്രിസ്ത്യാനികളായിരുന്നു മാതാപിതാക്കളെങ്കിലും ശൈവവത്തിനുശേഷമാണ് ജെറോം ജ്ഞാനസ്നാനപ്പെട്ടത്.
[തിരുത്തുക] റോം, ഗോള്‍
ക്രി.വ. 360-ലോ 366-ലോ, സുഹൃത്ത് ബൊണോസസിനൊപ്പം പ്രസംഗകലയും തത്ത്വശാസ്ത്രവും പഠിക്കാന്‍ അദ്ദേഹം റോമിലെക്ക് പോയി. അവിടെ, വൈയാകരണന്‍ ഡൊണാറ്റസിന് ശിഷ്യപ്പെട്ട ജെറോം, ഗ്രീക്ക്, ലത്തീന്‍ ഭാഷകളില്‍ അവഹാഗം നേടി.[2] റോമില്‍ വിദ്യാര്‍ത്ഥിയായിരിക്കെ പാപത്തിന്റേയും പശ്ചാത്താപത്തിന്റേയും നാളുകളിലൂടെ ജെറോം കടന്നുപോയി. മന:സാക്ഷിയെ സമാധാനിപ്പിക്കാന്‍ ഞായറാഴ്ചകളില്‍ കാറ്റകോമ്പുകളില്‍ രക്തസാക്ഷികളുടെ ശവകുടീരങ്ങള്‍ സന്ദര്‍ശിക്കുന്നത് അദ്ദേഹം പതിവാക്കി.[3]
റോമില്‍ കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞ ശേഷം ജെറോം സുഹൃത്ത് ബൊണോസസിനൊപ്പം ഗോളിലേക്ക് പോയി ഇന്ന് തെക്കുപടിഞ്ഞാറന്‍ ജര്‍മ്മനിയില്‍ പെടുന്ന ട്രീയര്‍ എന്ന സ്ഥലത്ത് താമസമാക്കി. മതവിഷയങ്ങളുടെ ഗൗരവപൂര്‍വമുള്ള പഠനം അദ്ദേഹം തുടങ്ങിയത് ഇക്കാലത്താണ്. റൂഫിനസ് എന്ന സുഹൃത്തിനുവേണ്ടി പോയ്ട്യേയിലെ ഹിലരിയുടെ (Hilary of Poitiers)സങ്കീര്‍ത്തനവ്യാഖ്യാനം അദ്ദേഹം പകര്‍ത്തിയെഴുതി. തുടര്‍ന്ന് റൂഫിനസിനൊപ്പം ഏതാനും വര്‍ഷങ്ങള്‍ ജെറോം അക്വെലയില്‍ താമസമാക്കി. അവിടെ ക്രിസ്ത്യാനികളുടെ ഒരു സുഹൃദ്‌വലയം അദ്ദേഹത്ത കേന്ദ്രമാക്കി രൂപം കൊണ്ടു.
[തിരുത്തുക] ദേശാടനം, രോഗം, ദര്‍ശനം
373-ആം ആണ്ടില്‍ ത്രേസ്, ഏഷ്യാമൈനര്‍ എന്നിവിടങ്ങള്‍ വഴി ചില സുഹൃത്തുക്കള്‍ക്കൊപ്പം ജെറോം വടക്കന്‍ സിറിയയിലെത്തി. ഏറെക്കാലം അദ്ദേഹം താമസിച്ചത് അന്തിയോക്കിയയിലാണ്. അവിടെവച്ച് അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ ചിലര്‍, കാലാവസ്ഥയുടെ കാഠിന്യം സഹിക്കാഞ്ഞ് മരിച്ചു. ജെറോം തന്നെ ഒന്നിലേറെ വട്ടം ഗുരുതരമായ രോഗാവസ്ഥയിലായി. അത്തരം അവസ്ഥകളിലൊന്നില്‍ അദ്ദേഹത്തിന്, സിസറോയുടേയും വിര്‍ജിലിന്റേയും രചനകള്‍ പോലുള്ള മതേതര സാഹിത്യം ആസ്വദിക്കുന്നത് നിര്‍ത്തി ദൈവികവിഷയങ്ങളുടെ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ദര്‍ശനമുണ്ടായി. മരണാനന്തരം നിത്യവിധിയാളന്റെ മുന്‍പില്‍ താന്‍ നില്‍ക്കുന്നതായാണ് ജെറോം കണ്ടത്. സ്വന്തം ജീവിതത്തെ ന്യായീകരിക്കാന്‍ ആവശ്യപ്പെട്ടതനുസരിച്ച് താന്‍ ക്രിസ്ത്യാനിയാണെന്ന് അദ്ദേഹം ബോധിപ്പിച്ചു. "നീ നുണപറയുന്നു; നീ ക്രിസ്ത്യാനിയല്ല, സിസറോണിയനാണ്" എന്ന ശകാരവും തുടര്‍ന്ന് ബോധം കെടുത്തും വിധമുള്ള ചാട്ടവാറടിയുമാണ് ഇതിനു പ്രതികരണമായി ന്യായാസനത്തില്‍ നിന്ന് കിട്ടിയത്.[ക] ഇതേതുടര്‍ന്ന് വര്‍ഷങ്ങളോളം ജെറോം ക്ലാസിക്കുകള്‍ വായിക്കുന്നത് നിര്‍ത്തി ബൈബിളിന്റെ തീവ്രപഠനത്തില്‍ മുഴുകി.
ഇക്കാലത്ത്, താപസന്റെ പ്രായശ്ചിത്ത ജീവിതം ലക്‌ഷ്യമാക്കി ജെറോം അന്തിയോക്കിയക്ക് തെക്കുപടിഞ്ഞാറുള്ള കാല്‍സിസ് മരുഭൂമിയില്‍ കുറേക്കാലം താമസിച്ചു. വേറേയും ധാരാളം താപസന്മാര്‍ അവിടെയുണ്ടായിരുന്നു. അവിടേയും അദ്ദേഹം എഴുത്തും വായനയും തുടര്‍ന്നു. പരിവര്‍ത്തിതനായ ഒരു യഹൂദന്റെ സഹായത്തോടെ അദ്ദേഹം എബ്രായ ഭാഷ പഠിക്കാന്‍ തുടങ്ങിയത് അവിടെവച്ചാണ്. അന്തിയോക്കിയയിലെ യഹൂദവംശജരായ ക്രിസ്ത്യാനികളുമായി ജെറോം എഴുത്തുകുത്തുകള്‍ നടത്തുകയും പുതിയനിയമത്തിന്റെ അംഗീകൃത സംഹിതയിലുള്‍പ്പെട്ട മത്തായിയുടെ സുവിശേഷത്തിന്റെ സ്രോതസായി അവര്‍ കണക്കാക്കിയിരുന്ന "എബ്രായരുടെ സുവിശേഷം" എന്ന അകാനോനിക രചനയില്‍ താത്പര്യം കാട്ടുകയും ചെയ്തു.
[തിരുത്തുക] റോം, വിവാദങ്ങള്‍, തീര്‍ത്ഥാടനം
378-379-ല്‍ അന്തിയോക്കിയയില്‍ മടങ്ങിയെത്തിയ ജെറോമിന് പൗളീനോസ് മെത്രാന്‍ പുരോഹിത്യം നല്‍കി. തന്റെ സംന്യാസജീവിതത്തിന് ഇത് വിരാമമിടുകയില്ല എന്ന ഉറപ്പുവാങ്ങിയാണ് ജെറോം ഇതിന് അരമനസ്സോടെയാണെങ്കിലും വഴങ്ങിയത്. താമസിയാതെ കപ്പദോച്ചിയന്‍ പിതാക്കന്മാരില്‍ ഒരാളായിരുന്ന നസിയാന്‍സസിലെ ഗ്രിഗറിയുടെ കീഴില്‍ ബൈബിള്‍ പഠനത്തിന് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കുപോയ ജെറോം അവിടെ രണ്ടുവര്‍ഷം കഴിഞ്ഞു; തുടര്‍ന്നുള്ള മൂന്നുവര്‍ഷം (382-385) ജെറോം ഒന്നാം ഡമാസ്യൂസ് മാര്‍പ്പാപ്പയുടെ കാര്യദര്‍ശിയായി റോമിലായിരുന്നു. അന്തിയോക്കിയായിലെ മതഭിന്നത (Schism) അവസാനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള 382-ലെ സൂനഹദോസില്‍ പങ്കെടുക്കാന്‍ ക്ഷണം കിട്ടി റോമിലെത്തിയ ജെറോം ക്രമേണ മാര്‍പ്പാപ്പായുടെ വിശ്വസ്ഥന്മാരിലൊരാളായി മാറുകയും അദ്ദേഹത്തിന്റെ അലോചനാസംഘത്തിലെ പ്രമുഖരിലൊരാളായി അവിടെ തുടരുകയുമാണ് ചെയ്തത്.
ഇക്കാലത്ത് മറ്റു ജോലികള്‍ക്കിടയില്‍ ജെറോം ബൈബിളിന്റെ പഴയ ലത്തീന്‍ പരിഭാഷയുടെ പരിഷ്കരണത്തിന് തുടക്കമിട്ടു. ഗ്രീക്ക് മൂലത്തെ ആശ്രയിച്ചുള്ള പുതിയനിയമപരിഭാഷയായിരുന്നു ആദ്യം. പുരാതന ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനെ ആശ്രയിച്ചുള്ള പഴയ സങ്കീര്‍ത്തനപരിഭാഷയുടെ പരിഷ്കരണമായിരുന്നു പിന്നെ. ജെറോമിന്റെ ഏറ്റവും ശ്രദ്ധേയമായ സംഭാവനയായി കരുതപ്പെടുന്ന 'വള്‍ഗെയ്റ്റ്' ബൈബിള്‍ പരിഭാഷയുടെ തുടക്കം ഇതായിരുന്നു. ഈ സംരംഭം പൂര്‍ത്തിയാകാന്‍ ഏറെ വര്‍ഷങ്ങളെടുത്തു.
റോമില്‍ കുലീനകുടുംബങ്ങളില്‍ പെട്ട അഭ്യസ്തവിദ്യരായ ഒരുപറ്റം പട്രീഷ്യന്‍ വനിതകള്‍ അദ്ദേഹത്തിന്റെ അനുയായികളായി. വിധവകളായ മാര്‍സെല്ല, പൗള; അവരുടെ മക്കള്‍ ബ്ലെസില്ല, യുസ്റ്റോക്കിയം എന്നിവര്‍ അവരില്‍ പ്രമുഖരായിരുന്നു. ജെറോമിന്റെ ആശയങ്ങളുടെ സ്വാധീനത്തില്‍ ആ വനിതകള്‍ സംന്യാസജീവിതത്തില്‍ തത്പരരായതും സംന്യാസേതരപൗരോഹിത്യത്തിനു നേരെയുള്ള ജെറോമിന്റെ നിശിതവിമര്‍ശനങ്ങളും, റോമിലെ പുരോഹിതപ്രമുഖന്മാരേയും അവരുടെ പിന്തുണക്കാരേയും അദ്ദേഹത്തിന്റെ ശത്രുക്കളാക്കി. 384-ആം വര്‍ഷം ആശ്രയദാതാവായിരുന്ന ഡമാസ്യൂസ് മാര്‍പ്പാപ്പയുടെ മരണത്തിനുശേഷം ജെറോമിന്റെ ശത്രുക്കള്‍ അദ്ദേഹത്തിനെതിരെ തിരിഞ്ഞു. സുഹൃദ്‌വലയത്തിലെ വനിത പൗളയുമായി അദ്ദേഹത്തിന് ആനുചിതമായ ബന്ധമുണ്ടെന്ന് അവര്‍ ആരോപിച്ചു. താമസിയാതെ റോമിലെ പദവികള്‍ ഉപേക്ഷിച്ച് അദ്ദേഹത്തിന് അവിടം വിട്ടുപോകേണ്ടി വന്നു.
385-ആം ആണ്ട് ഓഗസ്റ്റ് മാസം സഹോദരന്‍ പൗളീനിയാനൂസിനും അനേകം സുഹൃത്തുക്കള്‍ക്കുമൊപ്പം ജെറോം അന്ത്യോക്കിയയിലെത്തി. തങ്ങളുടെ ശിഷ്ടജീവിതം വിശുദ്ധനാട്ടില്‍ ചെലവഴിക്കാന്‍ തീരുമാനിച്ചിരുന്ന പൗളയും യുസ്റ്റോക്കിയവും താമസിയാതെ അദ്ദേഹത്തിനൊപ്പം ചേര്‍ന്നു. ജെറോം അവര്‍ക്ക് ആത്മീയോപദേഷ്ടാവായി. അന്ത്യോക്യയിലെ മെത്രാന്‍ പൗളീനൂസിനൊപ്പം തീര്‍ത്ഥാടകരായി അവര്‍ യെരുശലേം, ബെത്‌ലഹേം, എന്നിവിടങ്ങളും ഗലീലായിലെ വിശുദ്ധസ്ഥലങ്ങളും സന്ദര്‍ശിച്ചു. താപസജീവിതത്തിലെ ധീരന്മാരുടെ നാടായി കരുതപ്പെട്ടിരുന്ന ഈജിപ്തും അവര്‍ സന്ദര്‍ശിച്ചു.
[തിരുത്തുക] ബെത്‌ലഹേം
അലക്സാന്‍ഡ്രിയയിലെ വേദവിദ്യാലയത്തില്‍ ജെറോം അന്ധനായിരുന്ന വേദാദ്ധ്യാപകന്‍ ദിതീമൂസ് ഹോശെയായുടെ പ്രവചനങ്ങള്‍ വ്യാഖ്യാനിക്കുന്നതു ശ്രവിച്ചു. മുപ്പതുവര്‍ഷം മുന്‍പ് മരിച്ച മഹാതാപസന്‍ ഈജിപ്തിലെ അന്തോനീസിന്റെ അപദാനങ്ങളും ദിതീമൂസ് ജെറോമിന് വര്‍ണ്ണിച്ചുകൊടുത്തു. നൈട്രിയന്‍ മരുഭൂമിയിലെത്തിയ അദ്ദേഹം "കര്‍ത്താവിന്റെ ആ നഗരത്തില്‍" താപസസമൂഹങ്ങളുടെ ചിട്ടയോടുകൂടിയ ജീവിതം ആദരവോടെ നിരീക്ഷിച്ചു. എന്നാല്‍ അവര്‍ക്കിടയിലും ജെറോം "ഒളിഞ്ഞിരിക്കുന്ന സര്‍പ്പങ്ങളെ" കണ്ടു. അപ്പോഴേക്ക് പാഷണ്ഡത കല്പ്പിക്കപ്പെട്ട അലക്സാണ്ഡ്രിയയിലെ ഒരിജന്റെ ആശയങ്ങള്‍ പിന്തുടരുന്നവരെയാണ് അദ്ദേഹം ഇങ്ങനെ വിശേഷിപ്പിച്ചത്. 388-ആം ആണ്ടിലെ ഗ്രീഷ്മകാലത്ത് പലസ്തീനയിലെത്തിയ ജെറോം അവശേഷിച്ച ജീവിതകാലം ബെത്‌ലഹേമിനടുത്ത് ഒരു പര്‍ണ്ണശാലയില്‍ താപസജീവിചം നയിച്ചു. ആത്മീയപുത്രിമാരായ പൗളയ്ക്കും യുസ്റ്റോക്കിയത്തിനും പുറമേ മറ്റു ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.
[തിരുത്തുക] രചനാസമൃദ്ധി
ആജീവനത്തിനും വലിയൊരു ഗ്രന്ഥശേഖരം ഉണ്ടാക്കാനും വേണ്ടത്ര പണം കൊടുത്ത് ജെറോമിനെ പൗള സഹായിച്ചിരുന്നു. രചനയുടെ ലോകത്ത് കര്‍മ്മനിരതനായി അല്ലലില്ലാതെ ജീവിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചു. ജീവിതത്തിന്റെ ഒടുവിലെ മുപ്പത്തിനാല് വര്‍ഷങ്ങളിലാണ് ജെറോമിന്റെ മുഖ്യരചനകളായ, ഹെബ്രായ പാഠത്തില്‍ നിന്നുള്ള പഴയനിയമ പരിഭാഷ, വിശുദ്ധലിഖിതവ്യാഖ്യാനങ്ങള്‍, ക്രിസ്തീയലേഖകന്മാരുടെ പട്ടിക തുടങ്ങിയവ രൂപപ്പെട്ടത്. പെലാജിയന്‍ വാദം[ഖ] എന്ന വിരുദ്ധവിശ്വാസത്തെ വിമര്‍ശിച്ച് ഇക്കാലത്തെഴുതിയ സംവാദങ്ങളുടെ(dialogues) സാഹിത്യമികവ് ജെറോമിന്റെ ശത്രുക്കള്‍ പോലും അംഗീകരിച്ചു. ഓര്‍ത്തൊഡോക്സ് സഭാപിതാക്കന്മാര്‍ക്കിടയില്‍ ജെറോമിനെ ശ്രദ്ധേയനാക്കിയ താര്‍ക്കികരചനകളും(Polemics) ഇതേകാലത്ത് എഴുതിയവയാണ്. യെരുശലേമിലെ മെത്രാന്‍ യോഹന്നാന്‍ രണ്ടാമനേയും പഴയ സുഹൃത്ത് റൂഫിനസിനേയും, അലക്സാണ്ഡ്രിയയിലെ ഒരിജന്റെ സിദ്ധാന്തങ്ങളെ പിന്തുടര്‍ന്നതിന്റെ പേരില്‍ വിമര്‍ശിക്കുന്ന രചനകളും ഇക്കൂട്ടത്തില്‍ പെടും. പെലാജിയന്‍ വാദത്തിനെതിരായ ജെറോമിന്റെ നിലപാടില്‍ കുപിതരായ ഒരു വിഭാഗം അദ്ദേഹത്തിന്റെ ആശ്രമത്തില്‍ അതിക്രമിച്ചുകടക്കുകയും കെട്ടിടങ്ങള്‍ക്കു തീവക്കുകയും ചെയ്തു. അവരുടെ ആക്രമണത്തില്‍ അന്തേവാസികളില്‍ ഉള്‍പ്പെട്ട ഒരു ശമ്മാശന്‍ കൊല്ലപ്പെടുകപോലുമുണ്ടായി. 416-ആം ആണ്ടില്‍ ഇതു സംഭവിച്ചപ്പോള്‍ ജെറോമിന് അടുത്തുള്ള ഒരു കോട്ടയില്‍ അഭയം തേടേണ്ടി വന്നു.
[തിരുത്തുക] മരണം
420-ആമാണ്ട് സെപ്റ്റംബര്‍ 30-ന് ജെറോം ബെത്‌ലഹേമില്‍ മരിച്ചു. അക്വിറ്റേയ്നിലെ പ്രോസ്പറുടെ ദിനവൃത്താന്തത്തില്‍('Chronicon') ഈ തിയതി രേഖപ്പെടുത്തിയിട്ടുണ്ട്. ബെത്‌ലഹമിലാണ് ജെറോമിന്റെ ഭൗതികാവശിഷ്ടം ആദ്യം സംസ്കരിക്കപ്പെട്ടത്. പിന്നീടത് റോമിലെ വിശുദ്ധമാതാവിന്റെ മഗിയോര്‍ ബസിലിക്കായിലേക്ക് അത് മാറ്റപ്പെട്ടതായി പറയുന്നുണ്ടെങ്കിലും ഭൗതികാവശിഷ്ടത്തിന്റെ അംശങ്ങള്‍ ഉള്‍ക്കൊള്ളുന്നതായി അവകാശപ്പെടുന്ന മറ്റുദേവാലയങ്ങളും പാശ്ചാത്യലോകത്തുണ്ട്. ഇറ്റലിയില്‍ നേപ്പിയിലെ ഭദ്രാസനവും സ്പെയിനിലെ രാജാക്കന്മാരുടെ കൊട്ടാരങ്ങളില്‍ ഒന്നായിരുന്ന എസ്കോറിയലും ജെറോമിന്റെ ശിരസ് ഉള്‍ക്കൊള്ളുന്നതായി അവകാശപ്പെടുന്നുണ്ട്.
[തിരുത്തുക] എഴുത്തുകാരനായ ജെറോം
[തിരുത്തുക] ബൈബിള്‍ പരിഭാഷ, വ്യാഖ്യാനങ്ങള്‍
382-ആം ആണ്ടില്‍ പുതിയനിയമത്തിന്റെ വീറ്റസ് ലാറ്റിന എന്ന പേരിലറിയപ്പെട്ടിരുന്ന പഴയ ലത്തീന്‍ പരിഭാഷയുടെ പരിഷ്കരണത്തിലാണ് ജെറോം 'വുള്‍ഗേയ്റ്റ്' തുടങ്ങിയത്. പിന്നീട് 390-ല്‍ ആരംഭിച്ച എബ്രായ ബൈബിള്‍ പരിഭാഷ പൂര്‍ത്തിയായത് 405-ലാണ്. വള്‍ഗെയ്റ്റിനു മുന്‍പുള്ള പഴയനിയമപരിഭാഷകളെല്ലാം ഗ്രീക്ക് സെപ്ത്വജിന്റിനെ ആശ്രയിച്ചായിരുന്നു. ജെറോം തന്റെ പരിഭാഷക്ക് പഴയനിയമത്തിന്റെ എബ്രായ മൂലത്തെ ആധാരമാക്കിയത്, ഗ്രീക്ക് പരിഭാഷയായ സെപ്ത്വജിന്റിനെ ദൈവനിവേശിതരചനയായി കരുതിയിരുന്ന ഹിപ്പോയിലെ അഗസ്റ്റിന്‍ ഉള്‍പ്പെടയുള്ളവരുടെ ഉപദേശത്തെ മറികടന്നാണ്. എന്നാല്‍ ജെറോമിന്റ് പരിഭാഷ എബ്രായ മൂലത്തെ ആശ്രയിക്കുന്നത് ഏതളവുവരെയാണെന്നതിനെക്കുറിച്ചും അദ്ദേഹത്തിന്റെ എബ്രായ ഭാഷാജ്ഞാനത്തെക്കുറിച്ചുതന്നെയും ആധുനിക പണ്ഡിതന്മാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. ജെറോമിന്റെ "എബ്രായഭാഷയില്‍ നിന്നുള്ള" പഴയനിയമപരിഭാഷ മുഖ്യമായും ഒരിജന്റെ ഹെക്സാപ്ലായിലെ(Hexapla)[ഗ] ഗ്രീക്ക് പാഠത്തെ ആശ്രയിച്ചുള്ളതാണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[4]
പഴയനിയമത്തിലെ എബ്രായ മൂലം ലഭ്യമല്ലാത്ത ഗ്രന്ഥങ്ങളെ എബ്രായമൂലമുള്ള പൂര്‍വകാനോനിക ഗ്രന്ഥങ്ങളില്‍ നിന്ന് വ്യത്യമായി കണ്ട ജെറോമിന് എബ്രായ മൂലത്തില്‍ ഇല്ലാത്ത ഗ്രന്ഥങ്ങളോട് മതിപ്പ് കുറവായിരുന്നു. തോബിത്, യൂദിത്ത് പുസ്തകങ്ങള്‍ക്ക് അദ്ദേഹമെഴുതിയ അവതാരിക തന്നെ ഇതിനു തെളിവാണ്. സാമുവേലിന്റെ പുസ്തകങ്ങള്‍ക്കെഴുതിയ അവതാരികയിലും ഈ നിലപാട് പ്രതിഫലിക്കുന്നുണ്ട്.[5] പ്രാചീന ഗ്രീക് പരിഭാഷയായ സെപ്ത്വജിന്റില്‍ മാത്രമുള്ള അത്തരം പുസ്തകങ്ങളെ അദ്ദേഹം തന്റെ പരിഭാഷയില്‍ ഒരു പ്രത്യേക വിഭാഗമാക്കി അപ്പോക്രിഫ എന്നു വിളിച്ചു.
തന്റെ പരിഭാഷാ യത്നത്തില്‍ ജെറോം യഹൂദ പന്ധിതന്മാരുടെ സഹായം തേടിയിരുന്നു. അതിന്റെ പേരില്‍ വള്‍ഗെയ്റ്റിന്റെ വിശ്വനീയത ആദ്യമൊക്ക പലരും ചോദ്യം ചെയ്തിരുന്നു. ജെറോമിന്റെ പരിഭാഷയെ ക്രിസ്തുമതത്തിനെതിരായ യഹൂദനിലപാടുകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നാണ് ആരോപിക്കപ്പെട്ടത്. ഒടുവില്‍ അഗസ്റ്റിനെപ്പോലെയുള്ള അംഗീകൃത പന്ധിതന്മാരുടെ പിന്തുണ മൂലം വള്‍ഗെയ്റ്റ് സ്വീകരിക്കപ്പെട്ടു.
ബൈബിള്‍ പരിഭാഷ പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മരണം വരെയുള്ള പതിനഞ്ചുവര്‍ഷം ജെറോം, ബൈബിള്‍ ഗ്രന്ഥങ്ങളുടെ അനേകം വ്യാഖ്യാനങ്ങള്‍ എഴുതി. ഇവയില്‍ പലതിനും തന്റെ പരിഭാഷയിലെ തെരഞ്ഞെടുപ്പുകളെ അദ്ദേഹം നീതീകരിച്ചു. യഹൂദപാരമ്പര്യം പിന്തുടരുന്ന ഈ വ്യാഖ്യാങ്ങള്‍, ഫിലോയുടേയും മറ്റും വ്യാഖ്യാനങ്ങളെപ്പോലെ, ഗ്രന്ഥപാഠങ്ങളില്‍ അന്യാപദേശപരവും ഗൂഢാത്മകവുമായ അര്‍ത്ഥം അന്വേഷിച്ചു.
[തിരുത്തുക] ചരിത്രപരമായ രചനകള്‍
- ചരിത്രരചനയിലെ ജെറോമിന്റെ ആദ്യസംരംഭം കേസറിയായിലെ യൂസീബിയസിന്റെ വിശ്വചരിത്രനാളാഗമം രണ്ടാം ഭാഗത്തിന്റെ പരിഭാഷയായിരുന്നു. 325 മുതല്‍ 379 വരെയുള്ള വര്‍ഷങ്ങളിലെ ചരിത്രം പറയുന്ന ഒരനുബന്ധവും ഉള്‍പ്പെടുത്തിയ ഈ പരിഭാഷ ജെറോം നിര്‍വഹിച്ചത് 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ വച്ചാണ്. യുസീബിയത്തിന്റെ മൂലത്തിലുണ്ടായിരുന്നതും ജെറോം തന്നെ വരുത്തിവച്ചതുമായ അബദ്ധങ്ങള്‍ ഉണ്ടെങ്കിലും വിലപ്പെട്ട ഒരു രചനയാണിത്. പില്‍ക്കാലചരിത്രകാരന്മാര്‍ക്ക് ഇത് ആശ്രയവും പ്രേരണയുമായി.
- എന്നാല്‍ ജെറോമിന്റെ ചരിത്രരചനകളില്‍ ഏറ്റവും പ്രധാനമായത് 392-ല്‍ ബെത്‌ലഹേമില്‍ വച്ച് എഴുതിയ ക്രിസ്തീയലേഖകന്മാരെക്കുറിച്ചുള്ള De Viris Illustribus എന്ന ഗ്രന്ഥമാണ്. ഈ കൃതിയുടെ ക്രമീകരണവും പേരുതന്നെയും സ്യൂട്ടോണിയസ് എഴുതിയ പന്ത്രണ്ടു സീസര്‍മാരുടെ ജീവിതം എന്ന കൃതിയെ ആശ്രയിച്ചുള്ളതാണ്. പത്രോസ് അപ്പസ്തോലന്‍ മുതല്‍ താന്‍(ജെറോം) വരെയുള്ള 135 എഴുത്തുകാരുടെ ലഘുജീവചരിത്രങ്ങളും സാഹിത്യക്കുറിപ്പുകളുമാണ് ഈ കൃതിയിലുള്ളത്. ആദ്യത്തെ 78 എഴുത്തുകാരുടെ കാര്യത്തില്‍ ജെറോം യൂസീബിയസിന്റെ സഭാചരിത്രത്തെ മുഖ്യമായും ആശ്രയിക്കുന്നു. അര്‍ണൊബിയസിലും ലാക്റ്റാന്റിയസിലും തുടങ്ങുന്ന രണ്ടാം ഭാഗത്തില്‍ ജെറോം സ്വന്തം അറിവിനേയും മറ്റു പാശ്ചാത്യലേഖകന്‍മാരെയും ആശ്രയിക്കുന്നു.
- അപദാനവര്‍ണ്ണനകള്‍ എന്നുപറയാവുന്ന തഴെപ്പറയുന്ന മൂന്നു രചനകളും അദ്ദേഹത്തിന്റേതായുണ്ട്:
- ഈജിപ്ഷ്യന്‍ താപസപാരമ്പര്യത്തെക്കുറിച്ചുള്ള Vita Pauli monachi എന്ന കൃതി അന്ത്യോക്യയിലേക്കുള്ള ആദ്യയാത്രയില്‍ എഴുതിയതാണ്.
- തീബ്സിലെ വിശുദ്ധ പൗലോസിന്റെ ജീവചരിത്രം.
- കാല്‍സിസ് മരുഭൂമിയില്‍ മാല്‍ക്കസ് എന്ന വൃദ്ധതാപസനുമായി നടന്ന സംഭാഷണത്തെ ആശ്രയിക്കുന്ന മട്ടിലുള്ള 391-ലെ രചന ഒരു പൂര്‍വരചനയെ ആശ്രയിച്ചുള്ളതാകാം.
- വിശുദ്ധ ഹിലാരിയന്റെ ജീവചരിത്രം എപ്പിഫാനസ് എഴുതിയ ജീവചരിത്രത്തേയും വാമൊഴിയായുള്ള ചരിത്രത്തേയും ആശ്രയിച്ചെഴുതിയതാണ്.
- ജെറോമിന്റെ പേരില്‍ അറിയപ്പെടുന്ന ഒരു രക്തസാക്ഷിചരിത്രം ഉണ്ടെങ്കിലും അത് കപടരചനയാണ്.
[തിരുത്തുക] കത്തുകള്‍
ജെറോമിന്റെ കത്തുകള്‍ അവയുടെ വിഷയവൈവിദ്ധ്യവും ശൈലീഗുണവും മൂലം അദ്ദേഹത്തിന്റെ രചനാസഞ്ചയത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗമായിരിക്കുന്നു. കത്തുകളില്‍ പണ്ഡിതോചിതമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയും, മന:സാക്ഷിയെ സംബന്ധിക്കുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുകയും, ആകുലര്‍ക്ക് ആശ്വാസം പകരുകയും, സുഹൃത്തുക്കളുമായി മധുരഭാഷണം നടത്തുകയും, തിന്മയും അഴിമതിയും നിറഞ്ഞ യുഗത്തിനെതിരെ ആഞ്ഞടിക്കുകയും, ലോകപരിത്യാഗം ഉപദേശിക്കുകയും, ദൈവശാസ്ത്രത്തിലെ എതിരാളികളോടിടയുകയും ചെയ്യുമ്പോള്‍ ജെറോം സ്വന്തം മനസ്സിന്റേതെന്ന പോലെ ജീവിച്ച കാലഘട്ടത്തിന്റേയും വിശേഷതകള്‍ പ്രതിഫലിപ്പിച്ചു.
ഏറെ പ്രചാരം ലഭിച്ച കത്തുകള്‍ ധാര്‍മ്മികമായ ആഹ്വാനങ്ങള്‍ അടങ്ങുന്നവയാണ്. താപസജീവിതത്തിന്റെ മഹത്വം വര്‍ണ്ണിച്ച് ഹീലിയോഡൊറസിന് എഴുതിയ 14-ആം ലേഖനം കാന്യാവസ്ഥയെ പുകഴ്ത്തി ആത്മീയപുത്രി യൂസ്റ്റോക്കിയമിന് എഴുതിയ 22-ആം ലേഖനം, പൗരോഹിത്യത്തിന്റെ ചുമതലകള്‍ വിവരിച്ച് ഹീലിയോഡോറസിന്റെ അനന്തിരവന്‍ നെപ്പോഷിയന് എഴുതിയ 52-ആം ലേഖനം, വിശുദ്ധഗ്രന്ഥപഠനത്തെക്കുറിച്ച് പൗളീനോസിനെഴുതിയ 53-ആം ലേഖനം, സ്വന്തം പരിഭാഷാ രീതിയെ ന്യായീകരിച്ച് പമ്മാക്കിയൂസിനെഴുതിയ 57-ആം ലേഖനം, അക്രൈസ്തവലേഖകന്മാരില്‍ നിന്നുള്ള ഉദ്ധരണികള്‍ ഉപയോഗിക്കുന്ന തന്റെ പതിവിനെ ന്യായീകരിച്ച് റോമിലെ പ്രഭാഷകനായിരുന്ന മാഗ്നസിനെഴുതിയ 70-ആം ലേഖനം, പൗളയുടെ മരുമകള്‍ ലായെറ്റക്ക് അവളുടെ മകളെ സന്യാസിനിയുടെ ജീവിതാവസ്ഥയില്‍ എത്താന്‍ കഴിയും വിധം വളര്‍ത്തേണ്ടത് എങ്ങനെയെന്ന് ഉപദേശിച്ച് എഴുതിയ 107-ആം ലേഖനം തുടങ്ങിയവ പ്രധാനമാണ്.[6] [1]
[തിരുത്തുക] ദൈവശാസ്ത്രപരമായ രചനകള്‍
ജെറോമിന്റെ സൈദ്ധാന്തികരചനകളെല്ലാം തന്നെ കടുത്ത തര്‍ക്കസ്വഭാവം കാട്ടുന്നവയും വ്യവസ്ഥാപിത നിലപാടുകളുടെ എതിരാളികളെ ആക്രമിക്കുന്നവയുമാണ്. പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അന്ധനായ ദിതീമൂസിന്റെ പ്രബന്ധത്തിന്റെ പരിഭാഷയുടെ തുടക്കം പോലും ആരിയനിസത്തിന്റെ വിമര്‍ശനത്തോടെയാണ്. കടുത്ത താര്‍ക്കികസ്വഭാവം കാട്ടുന്ന രചനകളുടെ മാതൃകകള്‍ അദ്ദേഹത്തിന്റെ എല്ലാക്കാലത്തേയും കൃതികളിലുണ്ട്. അന്ത്യോക്യയിലും കോണ്‍സ്റ്റാന്റിനോപ്പിളിലും കഴിഞ്ഞ ഇടവേളകളില്‍ വിമര്‍ശനത്തിന്റെ പ്രധാനലക്‌ഷ്യം ആരിയന്‍ വിശ്വാസമായിരുന്നു. 383-ആം ആണ്ടില്‍ റോമിലായിരിക്കുമ്പോഴത്തെ രചനകളിലൊന്ന് യേശുവിന്റെ അമ്മ മറിയത്തിന്റെ നിത്യകന്യാവസ്ഥയില്‍ സംശയം പ്രകടിപ്പിച്ച ഹെല്‍വിഡിയസിനെ വിമര്‍ശിച്ചും വിവാഹാവസ്ഥയേക്കാള്‍ മേന്മ ബ്രഹ്മചര്യത്തിനാണെന്ന് സ്ഥാപിച്ചും ആയിരുന്നു. രക്തസാക്ഷികളുടെ വണക്കം, തിരുശേഷിപ്പുകളുടെ ബഹുമാനം, ദാരിദ്ര്യവൃതം, പുരോഹിതബ്രഹ്മചര്യം തുടങ്ങിയ കത്തോലിക്കാ രീതികളെ എതിര്‍ത്ത വിജിലാന്റിയസിനെയാണ് മറ്റൊരു രചനയില്‍ വിമര്‍ശിച്ചത്. ഏറെ തര്‍ക്കസ്വഭാവം കാട്ടിയ രചനകളില്‍ ചിലത് ഒരിജന്റെ അയാഥാസ്ഥിതികസിദ്ധാന്തങ്ങളെ പിന്തുണച്ചവരെ വിമര്‍ശിക്കുന്നവയാണ്. താര്‍ക്കികരചനകളില്‍ ഏറ്റവും ഒടുവിലത്തേത് 415-ആം ആണ്ടില്‍ പെലാജിയന്‍ സിദ്ധാന്തത്തെ വിമര്‍ശിച്ച് എഴുതിയതാണ്.
[തിരുത്തുക] ജെറോം കലയില്‍
കലാകാരന്മാരുടെ ഇഷ്ടവിഷയമായിരുന്നു ജെറോം. ലത്തീന്‍സഭയിലെ നാലു വേദപാരംഗതന്മാരിലൊരാളായി, ഹിപ്പോയിലെ ആഗസ്തീനോസ്‍, മിലാനിലെ അംബ്രോസ് ഗ്രിഗോറിയോസ് ഒന്നാമന്‍ മാര്‍പ്പാപ്പ എന്നിവര്‍ക്കൊപ്പം അദ്ദേഹത്തെ ചിത്രീകരിക്കുക പതിവാണ്. റോമന്‍ സഭയിലെ പുരോഹിതന്മാര്‍ക്കിടയില്‍ ജെറോമിനുള്ള സ്ഥാനം എടുത്തുകാട്ടാന്‍, കര്‍ദ്ദിനാളിന്റെ പദവിയില്‍, പില്‍ക്കാലത്ത് നിലവില്‍ വന്ന വേഷചിഹ്നങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ ചിത്രീകരിക്കുക സാധാണമാണ്.[7]. അലങ്കാരത്തിന് കുരിശും, തലയോടും, വിശുദ്ധഗ്രന്ഥവും മാത്രമുള്ള അറയില്‍ അര്‍ത്ഥനഗ്നനായ താപസനായി ചിത്രീകരിക്കുമ്പോഴും, കര്‍ദ്ദിനാളിന്റെ പദവി സൂചിപ്പിക്കാന്‍ ചുവന്ന തോപ്പിയോ മറ്റെന്തെങ്കിലും ചിഹ്നമോ ചിത്രത്തിലെവിടെയെങ്കിലും ഉണ്ടായിരിക്കാന്‍ കലാകാരന്മാര്‍ ശ്രദ്ധിച്ചു. ചിത്രങ്ങളില്‍ പലപ്പോഴും അദ്ദേഹത്തോടൊപ്പം ഒരു സിംഹവും കാണാറുണ്ട്. ഏകാന്ത താപസനായി കഴിയവേ ഒരിക്കല്‍ ജെറോം ഒരു സിംഹത്തിന്റെ കാല്പത്തിയില്‍ കയറിയിരുന്ന മുള്ള് എടുത്ത് മാറ്റി എന്ന് പറയുന്ന മദ്ധ്യകാല കഥയെയാണ് ഇത്തരം ചിത്രങ്ങള്‍ പിന്തുടരുന്നത്. [8] ചിലപ്പോല്‍ ജ്ഞാനത്തിന്റെ ചിഹ്നമായ മൂങ്ങയും ജെറോമിന്റെ ചിത്രങ്ങളില്‍ കാണാറുണ്ട്.[9] എഴുത്തുസാമഗ്രികളും അന്ത്യവിധിയുടെ കാഹളവും ഒപ്പം ചേര്‍ത്തും ജെറോമിന്റെ ചിത്രങ്ങളുണ്ട്.[9]
[തിരുത്തുക] വിലയിരുത്തല്‍
ഒരു എബ്രായ ക്രൈസ്തവന്റെ കീഴില്‍ പഠിച്ച് എബ്രായ ഭാഷയില്‍ അവഗാഹം നേടിയ ജെറോം, പഴയനിയമത്തിന്റെ ദൈവനിവേശിതമായ പാഠം സെപ്ത്വജിന്റല്ല എബ്രായ മൂലമാണ് എന്നു വാദിച്ചു. അക്കാലത്തെ ക്രൈസ്തവസഭയില്‍ ഇത് അസാധാരണമായ നിലപാടായിരുന്നെങ്കിലും 'വള്‍ഗെയ്റ്റ്' പരിഭാഷക്ക് കാലക്രമത്തില്‍ കത്തോലിക്കാസഭയില്‍ സ്വീകാര്യത കിട്ടി. 'വള്‍ഗെയ്റ്റ്' പരിഭാഷ ജെറോമിന്റെ എബ്രായഭാഷാജ്ഞാനത്തിന്റെ ഫലമാണെണെന്നാണ് പരമ്പരാഗത നിലപാട്.[10] ആ നിലയ്ക്കുനോക്കുമ്പോള്‍, ക്രിസ്തീയലോകം എബ്രായഭാഷാപഠനത്തിന് പിന്നീടു നല്‍കിയ പ്രാധാന്യത്തിന്റെ പ്രചോദകന്‍ ജെറോമായിരുന്നെന്നു പറയാം. അതേസമയം ജെറോമിന്റെ എബ്രായഭാഷാജ്ഞാനത്തെ ചോദ്യം ചെയ്യുന്ന ആധുനിക ഗവേഷകന്മാരില്‍ ചിലര്‍ വള്‍ഗെയ്റ്റിന് ജെറോം ആശ്രയിച്ചത് ഒരിജന്റെ ഹെക്സാപ്ലയിലെ ഗ്രീക്ക് പാഠമാണെന്ന് വാദിക്കുന്നു.[11]
ഗര്‍വിഷ്ഠനും എതിരാളികളെ പ്രതിപക്ഷബഹുമാനമില്ലാതെ വിലകുറച്ചുകാട്ടുന്നവനുമെന്ന് ജെറോം വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അദ്ദേഹവും ഏറെ ആക്രമിക്കപ്പെട്ടു. വായിച്ചിട്ടുള്ളതായി അവകാശപ്പെട്ട പുസ്തകങ്ങള്‍ പലതും ജെറോം കണ്ടിട്ടുപോലുമില്ലെന്ന് റൂഫിനസ് ചൂണ്ടിക്കാട്ടി. കുപ്രസിദ്ധമായൊരുദാഹരണം[11] പൈതഗോറസിന്റെ കൃതികള്‍ വായിച്ചെന്ന ജെറോം അവകാശപ്പെട്ടതാണ്. പൈതഗോറസ് ഒന്നും എഴുതിയിട്ടില്ലെന്ന് റൂഫിനസ് ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളെക്കുറിച്ച് തത്ത്വചിന്തകന്‍ ബ്രൂട്ടസ് എഴുതിയതാണ് താന്‍ വായിച്ചതെന്ന് ജെറോം തിരുത്തി. എന്നാല്‍ ബ്രൂട്ടസിന്റെ തന്നെ രചനകള്‍ നൂറ്റാണ്ടുകള്‍ക്കുമുന്‍പേ നഷ്ടമായിരുന്നു.
തത്ത്വചിന്തയിലെന്നതിനേക്കാള്‍ ഉത്തമതപോജീവിതത്തെക്കുറിച്ചുള്ള ചിന്തയിലാണ് ജെറോം താത്പര്യം കാട്ടിയത്. അദ്ദേഹത്തെ നിശിതമായി വിലയിരുത്താന്‍ മാര്‍ട്ടിന്‍ ലൂഥറെ പ്രേരിപ്പിച്ചത് ഇതാണ്. ജെറോമിന്റെ രചനകള്‍ പ്രൊട്ടസ്റ്റന്റുകള്‍ പൊതുവേ അംഗീകരിക്കുന്നില്ല.
ഈ വിമര്‍ശനങ്ങളൊക്ക് നിലനില്‍ക്കുമ്പോഴും പാശ്ചാത്യസഭയിലെ ആദ്യകാലപിതാക്കന്മാര്‍ക്കിടയില്‍ മുമ്പനായിത്തന്നെ ജെറോം നില്‍ക്കുന്നു. സഭയിലെ ചിന്താവികാസത്തിന്മേല്‍ അദ്ദേഹത്തിന്റെ ബൈബിള്‍ പരിഭാഷ ചെലുത്തിയ സ്വാധീനം ഈ സ്ഥാനം നിലനിര്‍ത്താന്‍ മതിയായതാണ്.
വിശുദ്ധ അഗസ്റ്റിന്‍ അംബ്രോസ് തുടങ്ങിയര്‍ ജെറോമിന്റെ സമകാലീനരും സമശീര്‍ഷരും ആയിരുന്നു. 1298-ല്‍ അഗസ്റ്റിന്‍, അംബ്രോസ്, മഹനായ ഗ്രിഗറി മാര്‍പ്പാപ്പ എന്നിവര്‍ക്കൊപ്പം ജെറോമും പാശ്ചാത്യ സഭയുടെ വേദപാരംഗതന്‍മാരില്‍ ഒരാളായി പ്രഖ്യാപിക്കപ്പെട്ടു. ആദ്യകാല സഭാപിതാക്കന്മാര്‍ക്കിടയില്‍ രചനാബാഹുല്യത്തില്‍ അദ്ദേഹത്തെ വെല്ലുന്നതായി അഗസ്റ്റിന്‍ മാത്രമേയുള്ളൂ. റോമന്‍ കത്തോലിക്കാ സഭ അദ്ദേഹത്തെ പരിഭാഷകന്മാരുടേയും, ലൈബ്രേറിയാന്മാരുടേയും, വിജ്ഞാനകോശരചയിതാക്കളുടേയും മധ്യസ്ഥനായി കണക്കാക്കുന്നു.
[തിരുത്തുക] നുറുങ്ങുകള്‍
- ആത്മീയപുത്രിയായ യൂസ്റ്റോക്കിയമിന് കന്യാവസ്ഥയുടെ മേന്മ വിശദീകരിച്ച് ജെറോം എഴുതിയ 22-ആം ലേഖനം കൗതുകകരമാണ്. അതില്‍ അദ്ദേഹം ഇങ്ങനെ എഴുതി:
| “ | നിന്നെ നിന്റെ മുറിയുടെ സ്വകാര്യത സംരക്ഷിക്കട്ടെ. അവിടെ മണവാളന്‍ നീയുമായി രമിക്കട്ടെ. പ്രാര്‍ത്ഥിക്കുമ്പോള്‍ നീ മണവാളനോട് സംസാരിക്കുന്നു. വായിക്കുമ്പോള്‍ അവന്‍ നിന്നോട് സംസാരിക്കുന്നു. നീ ഉറക്കത്തിലാകുമ്പോള്‍ പിന്നില്‍ വാതില്പ്പഴുതിലൂടെ അവന്റെ കൈ നീളുമ്പോള്‍ നിന്റെ ഹൃദയം അവനായി തുടിക്കും; ഉറക്കമുണരുമ്പോള്‍ "ഞാന്‍ പ്രേമാതുരയാണ്" എന്ന് നീ പറയും, അപ്പോള്‍ അവന്‍ ഇങ്ങനെ മറുപടി പറയും: എന്റെ സഹോദരി, എന്റെ പ്രിയ, ചുറ്റപ്പെട്ട ഒരുദ്യാനമാണ്; അടച്ചുകെട്ടിയ ഒരുറവ; മുദ്രവക്കപ്പെട്ട ജലധാര.[ഘ] | ” |
- വിവാഹത്തെ ജെറോം ഒരു മുള്‍ച്ചെടിയോടുപമിച്ചു. അതില്‍ കന്യാപുഷ്പങ്ങള്‍ പിറക്കുന്നു എന്നത് മാത്രമാണ് അതിനുള്ള മേന്മ. യൂസ്റ്റോക്കിയം കന്യാവ്രതത്തില്‍ ദൈവത്തിന് സമര്‍പ്പിതയായതോടെ അവളുടെ അമ്മ പൗള ദൈവത്തിന്റെ അമ്മായിയമ്മയായെന്നും ജെറോം യൂസ്റ്റോക്കിയമിന് എഴുതി.
- ഹൂണന്മാരുടേയും വാന്‍ഡലുകളുടേയും ഗോത്തുകളുടേയും ഭീഷണി റോമിന്റെ പടിവാതിലില്‍ മുഴങ്ങിയപ്പോള്‍ ജെറോമിനേയും അഗസ്റ്റിനേയും അംബ്രോസിനേയും പൊലുള്ള പ്രതിഭാശാലികള്‍ സാമ്രാജ്യത്തെ രക്ഷിക്കാനുള്ള ഫലപ്രദമായ മാര്‍ഗമെന്തെന്ന് ചിന്തിച്ചതേയില്ലെന്ന് ബെര്‍ട്രന്‍ഡ് റസ്സല്‍ കുറ്റപ്പെടുത്തുന്നു. പെണ്‍കുട്ടികള്‍ക്ക് കന്യാവസ്ഥാപരിപാലത്തിനുവേണ്ട ഉപദേശം നല്‍കുന്നതാണ് ജെറോമിന് അപ്പോഴും പ്രധാനമായിരുന്നത്. അഗസ്റ്റിനാവട്ടെ, നാശത്തിനുവിധേയമായ ഭൗമികനഗരത്തില്‍ ആശവക്കാതെ സ്വര്‍ഗത്തിലെ ദൈവനഗരത്തെ ലക്‌ഷ്യമാക്കി ജീവിക്കുകയാണ് വേണ്ടതെന്ന് വാദിച്ച് "ദൈവനഗരം" (City of God) എന്ന പ്രഖ്യാതഗ്രന്ഥം എഴുതി. സാമ്രാജ്യത്തിലെ ഓജസുറ്റ മനസ്സുകള്‍ പ്രായോഗികകാര്യങ്ങളില്‍ നിന്ന് ഇത്രയെറെ ദൂരം പുലര്‍ത്തിയപ്പോള്‍ സാമ്രാജ്യം തകര്‍ന്നടിഞ്ഞതില്‍ അത്ഭുതപ്പെടാനില്ലെന്ന് റസ്സല്‍ പറയുന്നു.[12]
- പൊതുവേ എല്ലാവരുമായി കലഹിച്ചിരുന്ന ജെറോം ഹിപ്പോയിലെ മെത്രാനും പ്രഖ്യാതചിന്തകനുമായ അഗസ്റ്റിനുമായി പ്രത്യേകതരം ബന്ധമാണ് പുലര്‍ത്തിയത്. ജെറോമിന്റെ ചില നിലപാടുകളെ വിമര്‍ശിച്ച് അഗസ്റ്റിന്‍ എഴുതിയ കത്ത് ജെറോമിന്റെ കയ്യില്‍ കിട്ടുന്നതിനു മുന്‍പ് അതിന്റെ പ്രതികള്‍ റോമില്‍ പ്രചരിച്ചു. അതുമനസ്സിലാക്കിയ ജെറോം അഗസ്റ്റിന് എഴുതിയ കത്ത് സമാപിക്കുന്നത് ഇങ്ങനെയാണ്:[13]
| “ | സുഹൃത്തേ, പ്രിയപ്പെട്ടവനേ, വിട. പ്രായം കൊണ്ട് എനിക്കുപുത്രനെപ്പോലെയും സ്ഥാനം കൊണ്ട് പിതാവിനെപ്പോലെയും ആയ നീ, എനിക്ക് ഈ ഒരുപകാരം മാത്രം ചെയ്യുക: എനിക്കു നീ എപ്പോഴെങ്കിലും കത്തെഴുതിയാല്‍, അത് ആദ്യം കിട്ടുന്നത് എനിക്കുതന്നെയാണെന്ന് ഉറപ്പുവരുത്തുക. | ” |
[തിരുത്തുക] കുറിപ്പുകള്‍
ക. ^ ഇത് അലസമധുരമായ സ്വപ്നമായിരുന്നില്ലെന്ന് ജെറോം എഴുതിയിട്ടുണ്ട്. ഉറക്കമുണര്‍ന്നപ്പോള്‍ തന്റെ തോളുകളില്‍ കരിനീലിച്ചിരുന്നെന്നും ഏറെ നാളുകള്‍ ചാട്ടവാറടിയുടെ വേദന താന്‍ കൊണ്ടു നടന്നെന്നും അദ്ദേഹം പറയുന്നു.[14]
ഖ. ^ പെലാജിയസ് എന്നൊരാള്‍ അവതരിപ്പിച്ച ദൈവശാസ്ത്ര സിദ്ധാന്തമാണിത്. എല്ലാ മനുഷ്യരും, ദൈവകല്പന ലംഘിച്ച ആദിമാതാപിതാക്കളുടെ പാപത്തിന്റെ പിന്തുടര്‍ച്ച ഉത്ഭവപാപമായി പേറിയാണ് ജനിക്കുന്നത് എന്ന വിശ്വാസത്തെ നിഷേധിക്കുകയാണ് പെലാജിയസ് ചെയ്തത്. ജെറോമിനെപ്പോലെ ഹിപ്പോയിലെ അഗസ്റ്റിനും പെലാജിയനിസത്തിന്റെ നിശിതവിമര്‍ശകനായിരുന്നു.
ഗ. ^ ബൈബിളിന്റെ, പ്രത്യേകിച്ച് പഴയനിയമത്തിന്റെ ആറുപാഠങ്ങള്‍ ഒന്നിച്ചു ചേര്‍ത്ത്, താരതമ്യം എളുപ്പമാക്കും വിധം എഴുതിയതാണ് ഹെക്സാപ്ല(Hexapla).
ഘ. ^ ബൈബിളിലെ ഉത്തമഗീതത്തെ ആശ്രയിച്ചെഴുതിയ വരികളാണിവ.
[തിരുത്തുക] അവലംബം
- ↑ Michael Walsh, ed. Butler's Lives of the Saints. (HarperCollins Publishers: New York, 1991) pp 307.
- ↑ Michael Walsh, ed. Butler's Lives of the Saints. (HarperCollins Publishers: New York, 1991) pp 307.
- ↑ Robert Payne, The Fathers of the Western Church, (New York: Viking Press, 1951) pp 91.
- ↑ Pierre Nautin, article Hieronymus, in: Theologische Realenzyklopädie, Vol. 15, Walter de Gruyter, Berlin - New York 1986, p. 304-315, here p. 309-310.
- ↑ http://www.bible-researcher.com/jerome.html
- ↑ Fathers of the Church,Letters of St. Jerome - http://www.newadvent.org/fathers/3001.htm
- ↑ Saint Jerome and some library lions
- ↑ The lion episode, in Vita Divi Hieronymi (Migne Pat. Lat. XXII, c. 209ff.) was translated by Helen Waddell Beasts and Saints (NY: Henry Holt) 1934) (on-line retelling).
- ↑ 9.0 9.1 The Collection: St. Jerome, gallery of the religious art collection of New Mexico State University, with explanations.
- ↑ Stefan Rebenich, Jerome (New York: Routlage, 2002), pp. 52-59
- ↑ 11.0 11.1 Jerome: The "Vir Trilinguis" and the "Hebraica Veritas". ശേഖരിച്ചത് 2008-12-17.
- ↑ Three Doctors of the Church - പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം - Bertrand Russel
- ↑ Augustine, A New Biography by James J. O'Donnell
- ↑ സംസ്കാരത്തിന്റെ കഥ നാലാം ഭാഗം- വിശ്വാസത്തിന്റെ യുഗം, വില്‍ ഡുറാന്റ്
[തിരുത്തുക] പുറത്തെക്കുള്ള കണ്ണികള്‍
- 1910-ലെ കത്തോലിക്കാവിജ്ഞാനകോശത്തില് വിശുദ്ധ ജെറോമിനെക്കുറിച്ച് ലൂയീസ് സാള്റ്റെറ്റ് എഴുതിയ ലേഖനം
- - യഹൂദവിജ്ഞാനകോശം
- വിശുദ്ധ ജെറോം - കാത്തലിക്ക് ഓണ്‍ലൈന്‍
- ജെറോമും സിംഹവും
- സ്ട്രിഡോണിയത്തിലെ വിശുദ്ധ ജെറോം(ഹൈരോണിമസ്) ഓര്‍ത്തൊഡോക്സ് സിനാക്സറിയണ്
[തിരുത്തുക] ലത്തീന്‍ പാഠങ്ങള്‍
[തിരുത്തുക] ഗൂഗില്‍ ബുക്ക്‌സ് ഫാക്സിമിലികള്‍
- Migne volume 23 part 1 (1883 edition)
- Migne volume 23 part 2 (1883 edition)
- Migne volume 24 (1845 edition)
- Migne volume 25 part 1 (1884 edition)
- Migne volume 25 part 2 (1884 edition)
- Migne volume 28 (1890 edition?)
- Migne volume 30 (1865 edition)
[തിരുത്തുക] ഇംഗ്ലീഷ് പരിഭാഷകള്‍
- ബൈബിള്‍ പുസ്തകങ്ങള്‍ക്കുള്ള അവതാരികകള്‍, ദാനിയേല്‍ വ്യാഖ്യാനം, ദിനവൃത്താന്തം, 120-ആം ലേഖനം
- ദമസ്യൂസ് മാര്പ്പാപ്പക്കെഴുതിയ കത്ത്: സുവിശേഷങ്ങള്ക്കെഴുതിയ അവതാരികകള്‍
- ക്രിസ്തീയലേഖകന്മാരുടെ ജീവചരിത്രങ്ങള്‍
- മറിയത്തിന്റെ നിത്യകന്യാവസ്ഥയെക്കുറിച്ച്
- റൂഫിനസിന് മറുപടി
- കത്തുകള്‍, ആദ്യസംന്യാസി പൗലോസിന്റെ ജീവിതം, വിശുദ്ധ ഹിലാരിയണ്, മാല്‍ക്കസ് സംന്യാസി, ബന്ധിത താപസന്, ലൂസിഫേറിയന്മാര്ക്കെതിരെ, മറിയത്തിന്റെ നിത്യകന്യാവസ്ഥ, ജോവിനിയാനൂസിനെതിരെ, വിജിലാന്റിയസിനെതിരെ, പമ്മാക്കിയൂസിന് യെരുശലേമിലെ യോഹന്നാനെതിരെ, പെല്ലാജിയന്മാര്ക്കെതിരെ, മുഖവുരകള്‍
