കേസറിയായിലെ യൂസീബിയസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യകാല ക്രൈസ്തവസഭയുടെ പേരുകേട്ട ചരിത്രകാരനും പലസ്ഥീനയില്‍ കേസറിയായിലെ മെത്രാനുമായിരുന്നു യൂസീബിയസ്. അദ്ദേഹത്തിന്റെ ജനന-മരണവര്‍ഷങ്ങളെ സംബന്ധിച്ച കൃത്യമായ രേഖകളില്ലെങ്കിലും ക്രി.വ. 260-നടുത്ത് ജനിച്ച് 340-നടുത്ത് വരെ ജീവിച്ചിരുന്നുവെന്നു കരുതപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ആദ്യകാലജീവിതം
യൂസീബിയസിന്റെ ജന്മസ്ഥലത്തെക്കുറിച്ചോ മാതാപിതാക്കന്മാരെക്കുറിച്ചോ ഉള്ള വിവരങ്ങള്‍ ലഭ്യമല്ല.[1] ആദ്യകാലജീവിതം കേസറിയായില്‍ ആയിരുന്നു എന്ന് കരുതപ്പെടുന്നു. ചെറുപ്പത്തിലേ തന്നെ യൂസീബിയസ് കേസറിയായിലെ മെത്രാനും അവിടത്തെ ദൈവശാസ്ത്രവിദ്യാലയത്തിന്റെ സ്ഥാപകനും ആയിരുന്ന പാംഫിലിയസിന്റെ ശിഷ്യനും ആരാധകനുമായിത്തീര്‍ന്നു. പാംഫിലിയസിനോടുള്ള ആരാധനമൂലം പാംഫിലിയസിന്റെ മകന്‍ യൂസീബിയസ് (Eusebius Pamphili)എന്ന പേരില്‍ അറിയപ്പെടാനാണ് യൂസീബിയസ് ഇഷ്ടപ്പെട്ടിരുന്നത്. മുന്‍കാല ക്രൈസ്തവചിന്തന്‍ ഒരിജന്റെ സിദ്ധാന്തങ്ങളെ പിന്തുണച്ചിരുന്ന പാംഫിലിയസ്, അവ വിശദീകരിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും ഏറെ താത്പര്യം കാട്ടി. ഈ ശ്രമങ്ങളില്‍ യൂസീബിയസും പങ്കു ചേര്‍ന്നു. പാംഫിലിയസിന്റേതായി കേസറിയായില്‍ ഉണ്ടായിരുന്ന ഒന്നാംതരം ഗ്രന്ഥശാല യൂസീബിയസിനുണ്ടായിരുന്ന പരന്ന അറിവിന്റെ ഒരു പ്രധാന സ്രോതസ്സായിരുന്നിരിക്കണം.[2]
[തിരുത്തുക] പീഠനം, പ്രവാസം, മടക്കം
ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്തെ ക്രിസ്തുമതപീഠനത്തില്‍ പാംഫിലിയസ് രണ്ടുവര്‍ഷം തടവില്‍ കിടന്ന ശേഷം ക്രി.വ. 309-ല്‍ വധിക്കപ്പെട്ടപ്പോള്‍ യൂസീബിയസ് ആദ്യം ഇന്നത്തെ ലെബനോനിലെ ടൈറിലും പിന്നീട് ഈജിപ്തിലും അഭയം തേടി. റോമന്‍ ഭരണത്തിന്‍കീഴെ തന്നെ ആയിരുന്ന ഈജിപ്തില്‍ അദ്ദേഹം തടവിലിടപ്പെട്ടെങ്കിലും താമസിയാതെ മോചിതനാവുകയും കേസറിയായില്‍ തിരിച്ചെത്തുകയും ചെയ്തു. ക്രി.വ. 315-ല്‍ അദ്ദേഹം പാംഫിലിയസിനെ പിന്തുടര്‍ന്ന് കേസറിയായിലെ മെത്രാനായി നിയമിക്കപ്പെട്ടു.
[തിരുത്തുക] നിഖ്യാ സൂനഹദോസില്‍
യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി ക്രൈസ്തവസഭയില്‍ വലിയ അഭിപ്രായ ഭിന്നത അന്ന് നിലനിന്നിരുന്നു. യേശു പിതാവയ ദൈവത്തിനു സമനായ ത്രീത്വത്തിലെ രണ്ടാമത്തെ ആളാണെന്നു വാദിച്ച അത്തനാസിയൂസിനെപ്പോലുള്ളവരും പിതാവിന് യേശു സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാല്‍, പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും വാദിച്ച ആരിയൂസെന്നയാളെ പിന്തുടരുന്നവരും തമ്മിലായിരുന്നു പ്രധാന ഭിന്നത. ഇതു പരിഹരിക്കാന്‍ റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ക്രി.വ. 325-ല്‍ വിളിച്ചുകൂട്ടിയ നിഖ്യായിലെ സൂനഹദോസില്‍ യൂസീബിയസ് പ്രധാന പങ്കു വഹിച്ചു. മുന്‍നിരയില്‍ ചക്രവര്‍ത്തിയുടെ വലംഭാഗത്ത് ഇരിപ്പിടം നല്‍കപ്പെട്ട അദ്ദേഹമാണ് സൂനഹദോസിലെ പ്രാരംഭപ്രഭാഷണം നടത്താന്‍ നിയോഗിക്കപ്പെട്ടത്.[3] ചായ്‌വ് ആരിയന്‍ പക്ഷത്തിന്റെ നിലപാടിനോടായിരുന്നിട്ടും, തര്‍ക്കങ്ങളില്‍ പൊതുവേ അനുഞ്‌ജകന്റെ പങ്കു വഹിക്കാന്‍ ഇഷ്ടപ്പെട്ട യൂസീബിയസ്, രണ്‍ടുവിഭാഗത്തേയും തൃപ്തിപ്പെടുത്താനുദ്ദേശിച്ച് ഒരു വിശ്വാസപ്രമാണം അംഗീകാരത്തിനായി അവതരിപ്പിച്ചു. എന്നാല്‍ ആരിയൂസിന്റെ നിലപാടിനെ തള്ളിപ്പറയാത്ത ആ വിശ്വാസപ്രമാണത്തിന് അംഗീകാരം കിട്ടിയില്ല. യേശു പിതാവിനോടു കൂടി ഏകസത്തയാണെന്ന ആരിയൂസ് വിരുദ്ധ സമവാക്യത്തിനാണ് അംഗീകാരം കിട്ടിയത്. ഭൂരിപക്ഷത്തിന്റെ ഈ തീരുമാനത്തെ അംഗീകരിച്ചെങ്കിലും കേസറിയായില്‍ തന്റെ രൂപതയിലുള്ളവര്‍ക്കെഴുതിയ ഒരു കത്തില്‍ ഈ തീരുമാനത്തിലുള്ള അതൃപ്തി യൂസീബിയസ് വ്യക്തമാക്കി.
തുടര്‍ന്നു വന്ന വര്‍ഷങ്ങളില്‍ നിഖ്യാ സൂനഹദോസ് സൃഷ്ടിച്ച വിവാദങ്ങളില്‍ യൂസീബിയസ് സജീവമയി പങ്കെടുത്തു. ആരിയൂസിനും മറ്റും കല്പിച്ച വിലക്ക് നീക്കിയെടുക്കാന്‍ അദ്ദേഹം ശ്രമിച്ചു. ഈ ശ്രമങ്ങള്‍ വിജയം കണ്ടില്ല. ഈ തര്‍ക്കത്തില്‍ അന്തിമവിജയം, അത്തനാസിയൂസിന്റെ വിട്ടുവീഴചയില്ലാത്ത ആരിയൂസ്-വിരുദ്ധ നിലപാടിനായിരുന്നു.
[തിരുത്തുക] കൃതികള്‍
അക്കാലത്തെ മത-രാഷ്ട്രീയ സംവാദങ്ങളില്‍ തിരക്കിട്ടു പങ്കുചേരുന്നതിനിടയിലും വിപുലമായ തന്റെ അറിവും താത്പര്യങ്ങളും ഉപയോഗിച്ച് ക്രൈസ്തവസഭാചരിത്രത്തിലെ അമൂല്യരേഖകളായിത്തീര്‍ന്ന അനേകം ഗ്രന്ഥങ്ങല്‍ ഗ്രീക്ക് ഭാഷയില്‍ എഴുതാന്‍ യൂസീബിയസ് സമയം കണ്ടെത്തി. ഈ രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത്, പാശ്ചാത്യ ലോകത്തെ ചരിത്രരചനയുടെ തുടക്കക്കാരനായ ഹെറോഡൊട്ടസിനോടു തുലനം ചെയ്ത്, ക്രൈസ്തവ ഹെറോഡോട്ടസ് എന്ന് പോലും അദ്ദേഹം വിളിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] സഭാചരിത്രം
യൂസീബിയസിന്റെ കൃതികളില്‍ ഏറ്റവും പ്രധാനപ്പെട്ടതും അദ്ദേഹത്തിന്റെ യശസിന്റെ മുഖ്യ അധാരവും ക്രൈസ്തവസഭാചരിത്രമാണ് (Historia ecclesiastica).[4] പത്തു വാല്യങ്ങള്‍ അടങ്ങിയ ഈ കൃതിയുടെ ആദ്യത്തെ ഏഴു വാല്യങ്ങള്‍ നിഖ്യാ സൂനഹദോസിനു മുന്‍പാണ് എഴുതപ്പെട്ടത്. അവസാനത്തെ മൂന്നു വാല്യങ്ങള്‍ യൂസേബിയസിന്റെ ജീവിതകാലത്തെ തന്നെ സഭാചരിത്രമാണ്. അവയുടെ രചന നിഖ്യാ സൂനഹദോസിനു ശേഷമാണ് നടന്നത് എന്നു കരുതപ്പെടുന്നു. തന്റെ കൃതിയില്‍ യൂസീബിയസ് കൃത്യമായ ഒരു രചനാക്രമം പിന്തുടരുന്നില്ല. എങ്കിലും പത്ത് വാല്യങ്ങളില്‍ ഓരൊന്നിന്റേയും മുഖ്യപ്രമേയങ്ങളില്‍ ചിലത് ഇതൊക്കെയാണ്:-[5]
- ക്രിസ്തുവിനെക്കുറിച്ച്
- അപ്പസ്തോലന്മാരുടെ പ്രവൃത്തികള്‍, ജറുസലേമിന്റെ നശീകരണസമയം വരെയുള്ളത്
- പ്രേഷിതയാത്രകളും പീഡനങ്ങളും
- മെത്രാന്മാര്‍, ലിഖിതങ്ങള്‍, രക്തസാക്ഷിത്ത്വങ്ങള്‍
- പാഷണ്ഡതകള്‍, ചെറുത്തുനില്പ്
- ഒരിജന്‍, അലക്സാന്‍ഡ്രിയയിലെ പീഡനങ്ങള്‍
- ഡായോണിഷ്യസ്, ഛിദ്രം
- ഡയോക്ലിഷ്യന്റെ ക്രിസ്തുമതപീഠനം
- കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സൈനികവിജയം
- കോണ്‍സ്റ്റന്റൈന്റെ കീഴില്‍ ക്രിസ്തുമതത്തിനു കിട്ടിയ പരിഗണനകല്ള്‍
തന്റെ രചനയുടെ ലക്‌ഷ്യം അതിന്റെ ഒന്നാം വാല്യത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.[6]
വിശുദ്ധ അപ്പസ്തോലന്മാരുടെ പിന്തുടര്‍ച്ചയുടെ കഥയും രക്ഷകന്റെ സമയം മുതല്‍ നമ്മുടെ കാലം വരെയുള്ള മറ്റു കാര്യങ്ങളുമാണ് എന്റെ വിഷയം. പ്രധാനപ്പെട്ട പ്രദേശങ്ങളില്‍ കാലാകാലങ്ങളില്‍ സഭയെ നയിക്കുകയും തലമുറകളിലൂടെ പ്രസംഗവും എഴുത്തും വഴി ദൈവവചനം പ്രഘോഷിക്കുകയും ചെയ്തവരെപ്പറ്റിയും എനിക്കു പറയാനുണ്ട്. പുതുമകളുടെ പുറകേപോയി വലിയ അബദ്ധങ്ങളില്‍ ചെന്നു ചാടുകയും വലിയ അറിവിന് ഉടമകളെന്ന് നടിച്ച് ചെന്ന് ക്രിസ്തുവിന്റെ ആട്ടിന്‍ പറ്റത്തെ ചെന്നായ്ക്കളെപ്പോലെ ചിതറിക്കുകയും ചെയ്തവരുടെ കാര്യങ്ങളും എന്റെ കഥയില്‍ വരും. എന്റെ മറ്റൊരുദ്ദേശം നമ്മുടെ രക്ഷകനെതിരെ ഗൂഡാലോചന നടത്തി ഏറെ താമസിയാതെ തന്നെ യഹൂദവംശത്തിന് വന്നുപെട്ട സര്‍വ്വനാശത്തിന്റെ കഥ പറയുകയെന്നതാണ്. ഒപ്പം, ദൈവവചനത്തെ ആക്രമിച്ച പുറജാതികളെപ്പറ്റിയും ആക്രമണങ്ങളെ മര്‍ദ്ദനമേറ്റും രക്തം ചൊരിഞ്ഞും നേരിട്ട ധീരന്മാരെപ്പറ്റിയും അവര്‍ക്കു കര്‍ത്താവ് കൊടുത്ത രക്ഷയെപ്പറ്റിയും കൂടി എനിക്കു പറയാനുണ്ട്.
ഇവിടെ യൂസീബിയസ് തനെഴുതിയ ചരിത്രത്തിന്റെ രൂപരേഖ അവതരിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ കൃതി നിഷ്പക്ഷമായ ചരിത്രരചനയുടെ ശാസ്ത്രീയമാനണ്ഡങ്ങള്‍ പിന്തുടരുന്നില്ല എന്നു ഈ ഏറ്റുപറച്ചില്‍ വ്യക്തമക്കുന്നു. അതേസമയം യൂസീബിയസിന്റെ ഗ്രന്ഥത്തിന്റെ പ്രാധാന്യം പരക്കെ അംഗീകരിക്കപ്പെട്ടുമിരിക്കുന്നു. ആദ്യകാലസഭയെക്കുറിച്ച് മറ്റെങ്ങും ലഭിക്കാത്ത വിവരങ്ങളുടെ വിലമതിക്കാനാവാത്ത ശേഖരം ആണത്. ആദ്യനൂറ്റാണ്ടുകളിലെ സഭാനേതാക്കന്മാരില്‍ പലരെക്കുറിച്ചും അറിയാനാകുന്നത് ആ കൃതിയില്‍ നിന്നു മാത്രമാണ്. വലിയ ചരിത്രമൂല്യമുള്ള പല രേഖകളും ഇന്നു അനുസ്മരിക്കപ്പെടുന്നതും യൂസീബിയസിന്റെ സഭാചരിത്രത്തില്‍ അവ സ്ഥാനം കണ്ടതുകൊണ്ടാണ്.
[തിരുത്തുക] മറ്റു രചനകള്‍
സഭാചരിത്രത്തിനു പുറമേ മറ്റനേകം കൃതികളും യൂസീബിയസിന്റേതായിട്ടുണ്ട്. പലതും ഇന്ന് നഷ്ടപ്പെട്ടിരിക്കുന്നു. ലഭ്യമായ കൃതികളില്‍ ഒന്ന് അദ്ദേഹം എഴുതിയ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ജീവചരിത്രമാണ്. ചക്രവര്‍ത്തിക്ക് യൂസീബിയസിനോട് വളരെ അടുപ്പമുണ്ടായിരുന്നുവെന്നും അവര്‍ സുഹൃത്തുക്കളായിരുന്നുവെന്നും വരെ പറയുന്നവരുണ്ട്. ഏതായാലും, ഈ കൃതി പൊതുവേ വസ്തുനിഷ്ടമല്ലാത്ത ഒരു അപദാനവര്‍ണ്ണന ആയാണ് പരിഗണിക്കപ്പെടുന്നത്. അതേസമയം, അക്കാലത്തെ വലിയ ചരിത്രസംഭവമായ നിഖ്യാസൂനഹദോസിനെക്കുറിച്ച്, വിലപിടിച്ച വിവരങ്ങള്‍ അത് നല്‍കുന്നുമുണ്ട്.
അദ്ദേഹത്തിന്റെ മറ്റുകൃതികള്‍ ക്രൈസ്തവ 'രക്തസാക്ഷികളുടെ' ചരിത്രങ്ങള്‍, വേദപുസ്തകവിശകലനങ്ങള്‍, വിശ്വാസസംബന്ധമായ തര്‍ക്കങ്ങളെ സംബന്ധിച്ചുള്ളവ എന്നീ വിഭാങ്ങളില്‍ പെടുന്നവയാണ്.
[തിരുത്തുക] വിലയിരുത്തല്‍
റൊമാസാമ്രാജ്യത്തിന്റെ ക്ഷതിയും പതനവും (Decline and Fall of the Roman Empire) എന്ന ഗ്ന്ഥമെഴുതിയ എഡ്വേര്‍ഡ് ഗിബ്ബണ്‍ ഉള്‍പ്പെടെ പലരും യൂസീബിയസിന്റെ അശാസ്ത്രീയമെന്ന് ആരോപിക്കപ്പെടുന്ന ചരിത്രരചനാശൈലിയെ നിശിതമായി വിമര്‍ശിച്ചിട്ടുണ്‍ട്. യൂസീബിയസ്, ഒരിജനെയോ അഗസ്റ്റിനെയോ പൊലെ മൗലികചിന്തകനോ, വലിയ ദൈവവിജ്ഞാനിയോ ശൈലീവല്ലഭനോ ഒന്നുമായിരുന്നില്ല. സാഹിത്യമേന്മ തീരെ ഇല്ലാത്തതാണ് സഭാചരിത്രം എന്നും സമ്മതിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ചരിത്രകാരനും എഴുത്തുകാരനുമെന്ന നിലയിലുള്ള യൂസീബിയസിന്റെ കുറവുകള്‍ നികത്താന്‍ അദ്ദേഹത്തിന്റെ പരന്ന അറിവും വിഷയത്തോടുള്ള പ്രതിബദ്ധതയും ഉണ്ടായിരുന്നു. ക്രൈസ്തവസഭയുടെയും റോമാസാമ്രാജ്യത്തിന്റേയും ചരിത്രത്തിലെ ഒരു നിര്‍ണ്ണായകഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചത്. റോമാസാമ്രാജ്യത്തില്‍, മുഖ്യധാരയില്‍ നിന്ന് അകന്ന്, ഒറ്റപ്പെട്ടും ഭരണവര്‍ഗത്താല്‍ വെറുക്കപ്പെട്ടും ഇരുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ നിന്ന് ആത്മീയ-ഭൗതികരംഗങ്ങളില്‍ അധികാരം കയ്യാളുന്ന സ്ഥിതിയിലേക്ക് ക്രിസ്തുമതം മാറിയത് അപ്പോഴായിരുന്നു. ആ ചരിത്രസന്ധിയുടെ പ്രാധാന്യത്തെക്കുറിച്ച് തികച്ചും ബോധവാനായി, അതിനെയും അതുവരെയുള്ള ചരിത്രത്തെയും പില്‍ക്കാലങ്ങള്‍ക്കുവേണ്ടി രേഖപ്പെടുത്തിവക്കുന്ന ചുമതല സ്വയം ഏറ്റെടുത്ത നിര്‍വഹിച്ച യൂസീബിയസ്, സഭാചരിത്രത്തിന്റെ പിതാവ് എന്ന വിശേഷണം തികച്ചും അര്‍ഹിക്കുന്നു.
[തിരുത്തുക] നുറുങ്ങുകള്‍
- കൊട്ടാരവുമായി അടുപ്പമുണ്ടായിരുന്ന യൂസീബിയസിനോട് ചക്രവര്‍ത്തിയുടെ സഹോദരി കോണ്‍സ്റ്റാന്‍ഷ്യാ, യേശുവിന്റെ ഒരു ചിത്രം കിട്ടാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഒരു ക്രിസ്ത്യാനിക്ക് അത്തരം ഒരു ചിത്രം കയ്യില്‍വക്കുന്നതോ വരക്കുന്നതോ ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണെന്നായിരുന്നത്രെ യൂസീബിയസിന്റെ മറുപടി. അങ്ങനെ ചെയ്യുന്നത് പത്തു ദൈവപ്രമാണങ്ങളില്‍ രണ്ടാമത്തേതിന്റെ ലംഘനമായിര്‍ക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.[7]
- സഭാചരിത്രത്തിലൊരിടത്ത് യൂസീബിയസ് ഇന്‍ഡ്യയുള്‍പ്പെടെയുള്ള പൗരസ്ത്യനാടുകളിലെക്ക് സുവിശേഷപ്രചരണത്തിനയക്കപ്പെട്ടുവെന്നു വിശ്വസിക്കപ്പെടുന്ന അലക്സാണ്ഡ്രിയയിലെ പന്തേനൂസിനെക്കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നു. "പന്തേനൂസിന്റെ തീഷണത കണ്ട [സഭാനേതൃത്വം] അദ്ദേഹത്തെ പൗരസ്ത്യദേശത്തെ സുവിശേഷസംവാഹകനായി നിയമിച്ചു. സുവിശേഷതീഷ്ണതയില്‍ അപ്പസ്തോലന്മാരെ അനുസ്മരിപ്പിച്ച പന്തേനൂസ്, ഇന്‍ഡ്യയിലും പോയി എന്നു പറയപ്പെടുന്നു. അവിടെ കണ്ടുമുട്ടിയ ക്രിസ്തുവിശ്വാസികളുടെ കയ്യില്‍, തനിക്കുമുന്‍പേ അവിടെ എത്തിപ്പെട്ട മത്തായിയുടെ സുവിശേഷം അദ്ദേഹം കണ്ടത്രെ. അപ്പസ്തോലന്മാരില്‍ ഒരുവനായ ബര്‍ത്തലോമ്യ, അവര്‍ക്കിടയില്‍ സുവിശേഷം പ്രസംഗിക്കുകയും അരമായ ഭാഷയിലുള്ള മത്തായിയുടെ സുവിശേഷം അവര്‍ക്കു കൊടുക്കുകയും ചെയ്തിരുന്നു. അത് അവര്‍ അക്കാലം വരെ കാത്തുപോന്നതാണ്." [8]
[തിരുത്തുക] അവലംബം
- ↑ http://www.ucalgary.ca/~vandersp/Courses/texts/eusebius/eusehe.html
- ↑ Love to Know Classic Encylopedia - http://www.1911encyclopedia.org/Eusebius_of_Caesarea
- ↑ കത്തോലിക്കാ വിജ്ഞാനകോശം - http://www.newadvent.org/cathen/05617b.htm
- ↑ Eusebius, The History of the Church from Christ to Constantaine, ജി.എ. വില്യംസണ്‍ന്റെ ഇംഗ്ലീഷ് പരിഭാഷ, Dorset Press, New York
- ↑ Equip God's People - Eusebius' Ecclesiastical History - http://www.equipgodspeople.com/EcclesiasticalHistory.php
- ↑ Online Encyclopedia - http://encyclopedia.jrank.org/EUD_FAT/EUSEBIUS_OF_CAESAREA_c_260_c_34.html
- ↑ http://www.vision.org/visionmedia/article.aspx?id=537
- ↑ സഭാചരിത്രം അഞ്ചാം വാല്യം, അദ്ധ്യായം പത്ത്
[തിരുത്തുക] കുറിപ്പുകള്‍
- ^ സഭയുടെ മഹത്വത്തിനുതകുന്നതൊക്കെ വിസ്തരിച്ച് രേഖപ്പെടുത്തുകയും അല്ലാത്തതൊക്കെ മറച്ചുവയ്ക്കുകയും ചെയ്യുന്ന രീതിയാണ് തന്റേതെന്ന് പരോക്ഷമായി സമ്മതിക്കുകയാണ് കൃതിയുടെ ലക്‌ഷ്യപ്രസ്ഥാവനയില്‍ യൂസീബിയസ് ചെയ്തതെന്നാണ് ഗിബ്ബണ്‍ അഭിപ്രയപ്പെട്ടത്. Decline and Fall of the Roman Empire - അദ്ധ്യായം 26

