അത്തനാസിയൂസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അല്‍ക്സാണ്ഡ്രിയയിലെ വിശുദ്ധ അത്തനേഷ്യസ് (അത്തനാസിയൂസ്) പാപ്പാ | |
|---|---|
|
വിശുദ്ധ അത്തനേഷ്യസിന്റെ ഐക്കണ്‍ |
|
| അലക്സാണ്ഡ്രിയയിലെ പാപ്പ, സഭാപണ്ഡിതന്‍ | |
| ജനനം | 293-ന് അടുത്ത്, അലക്സാണ്ഡ്രിയ, ഈജിപ്റ്റ് |
| മരണം | മേയ് 2 373, അലക്സാണ്ഡ്രിയ, ഈജിപ്റ്റ് |
| വണങ്ങുന്നത് | ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകള്‍, പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭ റോമന്‍ കത്തോലിക്കാ സഭ, ലൂഥറന്‍ സഭ, ആംഗ്ലിക്കന്‍ സഭകള്‍ |
| പ്രധാന കപ്പേള | ഈജിപ്തിലെ കെയ്റോയിലുള്ള സെന്റ് മാര്‍ക്ക് കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഇറ്റലിയിലെ വെനീസിലുള്ള San Zaccaria |
| ഓര്‍മ്മത്തിരുന്നാള്‍ | മെയ് 15 = 7 Pashons, 89 A.M. (Coptic) മെയ് 2 (പാശ്ചാത്യം) ജനുവരി 18 (ബൈസന്റ്റൈന്‍) |
| Attributes | bishop arguing with a pagan; bishop holding an open book; bishop standing over a defeated heretic |
ക്രി.വ. നാലാം നൂറ്റാണ്ടില്‍ (396-373)ജീവിച്ചിരുന്ന ക്രൈസ്തവ സഭാ പിതാവായിരുന്നു അത്തനേഷ്യസ് അല്ലെങ്കില്‍ അത്തനാസിയൂസ്. ഈജിപ്തില്‍ അലക്സാണ്ഡ്രിയയിലെ മെത്രാനായിരുന്നു അദ്ദേഹം. യേശു ദൈവപുത്രന്റെ മനുഷ്യാവതാരമായിരുന്നു എന്ന വിശ്വാസത്തെ കേന്ദ്രീകരിച്ച്, യേശുവും പിതാവായ ദൈവവും തമ്മിലുള്ള ബന്ധത്തെപ്പറ്റി നടന്ന നീണ്ട തര്‍ക്കങ്ങളിലെ കേന്ദ്രനായകനെന്ന നിലയിലാണ് അത്തനാസിയൂസ് പ്രധാനമായും സ്മരിക്കപ്പെടുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ബാല്യം, യൗവ്വനം
എന്നും വിവാദങ്ങളുടെ മദ്ധ്യബിന്ദുവായിരുന്ന അത്തനാസിയൂസിന്റെ ജീവിതം സംഭവ ബഹുലമായിരുന്നു. തനിക്കു മുന്‍പ് അലക്സാന്‍ഡ്രിയയിലെ മെത്രാനായിരുന്ന അലക്സാന്‍ഡര്‍ വളരെ ചെറുപ്പത്തിലെ, പ്രതിഭാശാലിയും, തീഷ്ണനും ധീരനുമായിരുന്ന അത്തനാസിയൂസിനെ ശ്രദ്ധിക്കാന്‍ തുടങ്ങി എന്ന് കരുതപ്പെടുന്നു. പൗരോഹിത്ത്യത്തിലേക്കുയര്‍ത്തപ്പെടുന്നതിനു മുന്‍പു തന്നെ അത്തനാസിയൂസ് അലെക്സാന്‍ഡറുടെ സഹായിയും ഉപദേഷ്ടാവും ആയി മാറി.
[തിരുത്തുക] നിഖ്യാ സൂനഹദോസില്‍
ദൈവസ്വഭാവത്തില്‍ പിതാവായ ദൈവത്തിനു യേശു സമനല്ലെന്നും, പിതാവിന്റെ സൃഷ്ടിയായിരിക്കുകയാല്‍, പുത്രന്‍ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നുമുള്ള നിലപാട് ആരിയൂസ് എന്നൊരാള്‍ പഠിപ്പിച്ചു തുടങ്ങിയപ്പോള്‍, അലക്സാണ്ഡര്‍ അതിനെ എതിര്‍ത്തു. ഇതു ഒരു വലിയ വിവാദ വിഷയമായി മാറി. റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍, ക്രിസ്തുമത്തിന് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിച്ചു കൊണ്ടുള്ള ക്രി.വ. 313-ലെ പ്രഖ്യാപനം (Edict of Milan) ഇറക്കി അധിക കാലം കഴിയുന്നതിനു മുന്‍പായിരുന്നു ഇത്. ക്രിസ്തുമത്തിന്നുള്ളിലെ ഛിദ്രം സാമ്രാജ്യത്തിന്റെ തന്നെ ഭദ്രതയെ തകര്‍ത്തെങ്കിലോ എന്നു ഭയന്ന ചക്രവര്‍ത്തി, തര്‍ക്കം പരിഹരിക്കാനായി തന്റെ തലസ്ഥാനമായിരുന്ന കോണ്‍സ്റ്റന്റിനോപ്പിളിനു സമീപം ബോസ്പോറസ് കടല്‍പ്പാതക്ക് മറുകരയുള്ള നിഖ്യായില്‍ ക്രി.വ. 325-ല്‍ ക്രിസ്തുമത നേതാക്കന്മാരുടെ ഒരു സമ്മേളനം വിളിച്ചു ചേര്‍ത്തു. ഇത് ഒന്നാം നിഖ്യാ സൂനഹദോസ് എന്ന പേരില്‍ അറിയപ്പേടുന്നു. സൂനഹദോസ് ആരിയൂസിന്റെ നിലപാടിനെ തിരസ്കരിക്കുകയും യേശു പിതാവിനോടു കൂടി ഏക സത്ത(Homoousios) യായിരിക്കുന്ന പുത്രനായ ദൈവമാണെന്ന നിലപാട് അംഗീകരിക്കുകയും ചെയ്തു.
[തിരുത്തുക] മെത്രാന്‍ സ്ഥാനത്തേക്ക്
നിഖ്യാ സൂനഹദോസില്‍ അന്നു ഒരു ശമ്മാശ്ശന്‍ മാത്രമായിരുന്ന അത്തനാസിയൂസ്, അലക്സാന്‍ഡ്റിനൊപ്പം പങ്കെടുക്കുകയും പ്രത്യേകം ശ്രദ്ധിക്കപ്പെടുകയും ചെയ്തു. സൂനഹദോസ് കഴിഞ്ഞ് ഏറെ കഴിയുന്നതിനു മുന്‍പ് അലക്സാന്‍ഡര്‍ മരിച്ചതിനെ തുടര്‍ന്നു അത്തനാസിയൂസ് അലക്സാന്‍ഡ്രിയയിലെ മെത്രാനായി. വിവാദങ്ങള്‍ നിഴല്‍ വീഴ്ത്തിയ പിന്തുടര്‍ച്ചയായിരുന്നു ഇത്. മെത്രാനായി അഭിഷിക്തനാകുമ്പോള്‍ അത്തനാസിയൂസിന്, സഭാ നിയമം അനുശാസിക്കുന്ന 30 വയസ്സു കഴിഞ്ഞിരുന്നില്ല എന്ന് ആരോപിക്കപ്പെട്ടിട്ടുണ്ട്.
[തിരുത്തുക] വിവാദങ്ങല്‍ക്കു നടുവില്‍
നിഖ്യായില്‍ അരിയൂസിന്റെ നിലപാടുകള്‍ തിരസ്കരിക്കപ്പെട്ടുവെന്നു തൊന്നിയെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ആരിയനിസം പല പുതിയ രൂപങ്ങളിലും അവതരിക്കപ്പെടാന്‍ തുടങ്ങിയപ്പോള്‍ അതിനെ എതിര്‍ക്കുന്നവരില്‍ മുന്‍പനായി നിലകൊണ്ട അത്തനാസിയൂസ് ഒന്നിനു പുറകേ ഒന്നായി വിവാദങ്ങളിലേക്കു വലിച്ചെറിയപ്പെട്ടു. രാഷ്ട്രീയമായ താത്പര്യങ്ങല്‍ക്കു മുന്‍തൂക്കം നല്‍കിയ കോണ്‍സ്റ്റന്റൈനും പിന്‍ഗാമികളും ആരിയനിസത്തോടുള്ള തങ്ങളുടെ നിലപാട് ഇടക്കിടെ മാറ്റിക്കോണ്ടിരുന്നു. കോണ്‍സ്റ്റന്റൈന്റെ സഹോദരിയടക്കം കൊട്ടാരത്തിലെ പലരും ആരിയൂസിനെ പിന്തുണക്കാനുണ്ടായിരുന്നതും, ഇടക്ക് ക്രിസ്തുമതത്തെത്തന്നെ തിരസ്കരിച്ച് പഴയ ബഹുദൈവ വിശ്വാസത്തില്‍ അഭയം കണ്ടെത്തിയ ജൂലിയന്‍ (ക്രൈസ്തവചരിത്രകാരന്മാരുടെ ഭാഷയില്‍, വിശ്വാസം ത്യജിച്ച ജൂലിയന്‍ - Julian the Apostate) ചക്രവര്‍ത്തിപദത്തിലെത്തിയതും പ്രശ്നം സങ്കീര്‍ണമാക്കി. ആരിയൂസിനും കൂട്ടര്‍ക്കും കല്പിച്ച ബഹിഷ്കരണം പിന്‍വലിക്കാനോ മറ്റേതെങ്കിലും തരത്തിലുള്ള ഒത്തുതീര്‍പ്പിനോ അത്തനാസിയൂസ് തയ്യാറായില്ല. യേശുവിന്റെ ദൈവസ്വഭാവത്തിന്റെ പൂര്‍ണതയെ ചോദ്യം ചെയ്തവരുമായി ഒരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അങ്ങനെ ചക്രവര്‍ത്തിമാരുടെ അപ്രീതിക്കു പത്രമായ അത്തനാസിയൂസ് സ്വയം പലവട്ടം അലക്സാന്‍ഡ്രിയയില്‍ നിന്നു ബഹിഷ്കരിക്കപ്പെട്ടു. ഈജിപ്തില്‍ അത്തനാസിയൂസ് വളരെ ജനസമ്മതനായിരുന്നു. ഈ വിവാദത്തില്‍ കോണ്‍സ്റ്റാന്റിനോപ്പിളും ഏഷ്യയും ആരിയൂസിനെ പിന്തുണച്ചെങ്കിലും ഈജിപ്തിലെ ജനങ്ങള്‍ അത്തനാസിയൂസിനൊപ്പം ഉറച്ചു നിന്നു.[1]
[തിരുത്തുക] മരണം
അക്കാലങ്ങളിലെ അദ്ദേഹത്തിന്റെ ജീവിതകഥ തന്നെ നാടുകടത്തപ്പെടലിന്റേയും തിരിച്ചു വരവിന്റേയും ഒരു പരമ്പരയായി തോന്നും. ആ പരമ്പരക്കിടയിലെ തിരിച്ചുവരവുകളിലൊന്നില്‍, താരതമ്യേനയുള്ള പ്രശാന്തതയില്‍ അദ്ദേഹം ക്രി.വ.373-ല്‍ മരിച്ചു.
[തിരുത്തുക] വിലയിരുത്തല്‍, വിമര്‍ശനം
താന്‍ പങ്കെടുത്ത ആശയ സംവാദങ്ങളില്‍ അത്തനാസിയൂസിന്റെ ശൈലി പ്രതിപക്ഷബഹുമാനമോ സഹിഷ്ണുതയോ ഉള്ളതായിരുന്നില്ല എന്നു പരക്കെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. സഭാപിതാവെന്ന നിലയില്‍ തന്റെ മുന്‍ ഗാമിയായിരുന്ന ഒരിജനും പിന്‍പേ വന്ന കപ്പദോച്ചിയന്‍ പിതാക്കന്മാരും അഗസ്റ്റിനും ചെയ്തതു പോലെ, വാദങ്ങളെ യുക്തിസഹമായ മറുവാദങ്ങള്‍ കൊണ്ടു മാത്രമല്ല അദ്ദേഹം എപ്പോഴും നേരിട്ടത്. [2] ക്രൈസ്തവസഭകളില്‍ ഇടക്കാലങ്ങളില്‍ കടന്നു കൂടിയ അസഹിഷ്ണുതയുടെ ഒരു പ്രധാന പങ്ക് അത്തനാസിയൂസില്‍ നിന്നു കിട്ടിയതാണെന്നു ആരോപിക്കപ്പെട്ടിട്ടുണ്ട്.
സ്വന്തം ജീവിതകാലത്തു വിവാദനായകനും ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു പാത്രവുമായിരുന്നുവെങ്കിലും, പില്‍ക്കാലങ്ങളില്‍ ക്രിസ്ത്വവതാരത്തെക്കുറിച്ചുള്ള അത്തനാസിയൂസിന്റെ നിലപാടുകള്‍ക്ക് സഭയില്‍ പൂര്‍ണ സ്വീകാര്യത കിട്ടിയതു മൂലം ഇന്ന് അദ്ദേഹത്തെ വിശ്വാസത്തിന്റെ വലിയ രക്ഷകനെന്ന് മുഖ്യധാരാ ക്രൈസ്തവ സഭകളെല്ലാം ഘോഷിക്കുന്നു.
[തിരുത്തുക] നുറുങ്ങുകള്‍
വലിയ ക്രൈസ്തവതാപസനായിരുന്ന ഈജിപ്തിലെ അന്തോനീസിന്റെ(ക്രി.പി. 251-356)ഏറ്റവും അറിയപ്പെടുന്ന ജീവചരിത്രം അത്തനാസിയൂസ് എഴുതിയാണ് എന്നു പറയപ്പെടുന്നു. [3]
പുതിയനിയമത്തിലെ ഇന്നു അംഗീകരിക്കപ്പെടുന്ന 27 ഗ്രന്ഥങ്ങളുടെ പട്ടിക അതേ രൂപത്തില്‍ ആദ്യമായി രേഖപ്പെടുത്തപ്പെട്ടു കാണുന്നത്, ക്രി.പി. 367-ല്‍ അത്തനാസിയൂസ് തന്റെ അധികാരസീമയിലുള്ള പള്ളികള്‍ക്കു എഴുതിയ ഈസ്റ്റര്‍ സന്ദേശത്തിലാണ്. [4]
ക്രിസ്തുമതത്തിന്റെ മുഖ്യധാരയില്‍പെടുന്ന വിഭാഗങ്ങളെല്ലാം അംഗീകരിക്കുന്ന വിശ്വാസപ്രമാണത്തിന്റെ പാഠഭേദങ്ങളിലൊന്ന് അത്തനാസിയൂസിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഏന്നാല്‍, "അത്തനാസിയൂസിന്റെ വിശ്വാസപ്രമാണം" അദ്ദേഹം എഴുതിയതല്ല എന്നാണ് ഇന്നത്തെ പണ്ഡിതമതം. [5]
അത്തനാസിയൂസിന്റെ സംഭവ ബഹുലമായ ജീവിതത്തില്‍ പല നാടകീയ മുഹൂര്‍ത്തങ്ങളും കണ്ടെത്തനാകും. ഒരിക്കല്‍ നായാട്ടു കഴിഞ്ഞ് കൊട്ടാരത്തിലേക്കു മടങ്ങുകയായിരുന്ന കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിക്കു മുന്‍പില്‍ അപ്രതീക്ഷിതമായി ചാടിവീണ്, തനിക്ക് നീതി ലഭ്യമാക്കിത്തരണം എന്നു അദ്ദേഹം ആവശ്യപ്പെട്ട കഥ പ്രസിദ്ധമാണ്.[6]
[തിരുത്തുക] ആധാരസൂചിക
- ↑ Bertrand Russel: A History of Western Philosophy: Chapter, First Four Centuries of Christianity
- ↑ Athanasius, that great fourth century doctor of Church known for his dogged opposition to the 'heresy' Arianism, is said to have called its followers devils, Antichrists, maniacs, Jews, polytheists, atheists, dogs, wolves, lions, hares, chameleons, hydras, eels, cuttlefish, gnats, beetles and leeches. (ഡോ. രാധാകൃഷ്ണന്റെ Eastern Religions and Western Thought എന്ന പുസ്തകത്തില്‍, എ.പി. സ്റ്റാന്‍ലിയുടെ പൗരസ്ത്യസഭയുടെ ചരിത്രത്തെക്കുറിച്ചുള്ള പ്രഭാഷണപരമ്പരയില്‍ നിന്നു ഉദ്ധരിച്ചിരിക്കുന്നത്).
- ↑ <http://www.fordham.edu/halsall/basis/vita-antony.html
- ↑ http://www.christianodyssey.com/history/athanasius.htm
- ↑ http://www.creeds.net/ancient/Quicumque.html
- ↑ http://www.quodlibet.net/perry-athanasius.shtml

