കുടുംബാസൂത്രണം
ആരോഗ്യകരമായ രീതിയിൽ എപ്പോൾ ഗർഭധാരണം നടത്തണമെന്നും[1] , അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പുവരുത്തുവാനും, മാതാപിതാക്കളുടെ സാമ്പത്തിക സ്ഥിതിയനുസരിച്ചു ജനിക്കുന്ന സന്താനങ്ങളുടെ എണ്ണം നിയന്ത്രിക്കുവാനും, [2][3] അവരെ നന്നായി പോറ്റിവളർത്തുവാനും, ജനപ്പെരുപ്പം നിയന്ത്രിക്കുവാനും, കുടുംബം മെച്ചപ്പെടുത്താനും ഉള്ള ക്രമീകരണങ്ങളെയാണ് കുടുംബാസൂത്രണം അഥവാ കുടുംബക്ഷേമം എന്നു പറയുന്നത്. ഇംഗ്ലീഷിൽ ഫാമിലി പ്ലാനിങ് (Family planning). ഗർഭനിരോധനം അഥവാ കോൺട്രാസെപ്ഷൻ (Contraception) ഇതിന്റെ ഭാഗമാണ്. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങൾ കുറഞ്ഞത് പതിനെട്ടു മുതൽ ഇരുപത്തിനാല് മാസങ്ങളുടെ ഇടവേള വേണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗർഭനിരോധന മാർഗങ്ങൾക്കു പുറമേ ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം[3][4], സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനം തടയൽ [3], ഗർഭധാരണത്തിനു മുൻപുള്ള ഉപദേശങ്ങൾ,[3] വന്ധ്യതാ നിവാരണം[2] തുടങ്ങിയവയും കുടുംബാസൂത്രണത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായി സെപ്റ്റംബർ 26 ലോക കുടുംബാസൂത്രണ ദിനം അഥവാ ഗർഭനിരോധനദിനമായി ആചരിച്ചു വരുന്നു. ലോകമെമ്പാടും വിവിധ കുടുംബാസൂത്രണ, ഗർഭനിരോധന ഉപാധികളെ പറ്റിയുള്ള ബോധവൽക്കരണം ഇതുമായി ബന്ധപെട്ടു നടത്തി വരുന്നു. ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന്റെ ഭാഗമാണിത്.
സാധാരണയായി വിവിധ ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തെയാണ് കുടുംബാസൂത്രണം കൊണ്ടുദ്ദേശിക്കാറുള്ളതെങ്കിലും ഇതിനുപുറമേയുള്ള പല മുറകളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. വന്ധ്യംകരണവും ഗർഭഛിദ്രവും[5] കുടുംബാസൂത്രണത്തിന്റെ പരിധിയിൽ പെട്ടതാണ്. ദേശീയ തലത്തിൽ ഒരു കുടുംബാസൂത്രണ പരിപാടിയുള്ള രാജ്യമാണ് ഇന്ത്യ. ഇഷ്ടമുള്ള കുടുംബാസൂത്രണ മാർഗം തിരഞ്ഞെടുക്കാനുള്ള അവകാശവും ഇന്ത്യയിൽ സ്ത്രീകൾക്കുണ്ട്. ഇത് സർക്കാർ ആശുപത്രികൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവ വഴി രാജ്യത്ത് ഉടനീളം സൗജന്യമായി ലഭ്യമാണ്. കേരളത്തിൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ ഇത്തരം സേവനം നൽകുന്നതിൽ വിദഗ്ദരാണ്. ആശാ പ്രവർത്തകർ വഴി ഇതേപ്പറ്റിയുള്ള വിവരങ്ങൾ സ്ത്രീകൾക്ക് എളുപ്പത്തിൽ ലഭ്യമാണ്.
പുരുഷന്മാരിൽ വാസക്ടമിയും സ്ത്രീകളിൽ ട്യൂബക്ടമിയും സ്ഥിരമായ വന്ധ്യംകരണ മാർഗങ്ങൾ ആണ്. ഇതിൽ വാസക്ടമി ലളിതമായ സ്ഥിര വന്ധ്യംകരണ മാർഗ്ഗമാകുന്നു. ഗർഭനിരോധന ഉറ ഏറ്റവും എളുപ്പമുള്ള ഒരു കുടുംബാസൂത്രണ മാർഗ്ഗമാണ്, മാത്രമല്ല ഇത് സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങളുടെ വ്യാപനത്തെ ചെറുക്കുകയും ചെയ്യുന്നു. ഇത് ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണിത്. പലപ്പോഴും വെറും വിശ്വാസത്തിന്റെ പേരിൽ യാതൊരുവിധ നിരോധന മാര്ഗങ്ങളൊന്നുമില്ലാതെ ശാരീരിക ബന്ധത്തിനൊരുങ്ങുന്നത് അനാവശ്യ ഗര്ഭധാരണത്തിലേക്കും ചിലപ്പോൾ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങളിലേക്കും നയിക്കുന്നു.
കുടുംബാസൂത്രണം മൂലം കുട്ടികളുടെ എണ്ണം കുറക്കുവാനും, മാതാപിതാക്കൾക്ക് തങ്ങളുടെ ജീവിതനിലവാരം, സാമ്പത്തിക സ്ഥിതി എന്നിവ അനുസരിച്ചു കുട്ടിയെ മെച്ചപ്പെട്ട രീതിയിൽ വളർത്തുവാനും സാധിക്കുന്നു. അതുവഴി കുട്ടിയുടെ ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം, സംരക്ഷണം, കുടുംബത്തിന്റെ സാമ്പത്തികം തുടങ്ങിയവ ഉറപ്പുവരുത്തുവാനും സാധിക്കുന്നു. "നാമൊന്ന് നമുക്കൊന്ന്" എന്നതാണ് കുടുംബാസൂത്രണ വാക്യം.
ജനപെരുപ്പം മൂലം വീർപ്പുമുട്ടുന്ന രാജ്യങ്ങളിൽ കുടുംബാസൂത്രണ മാർഗങ്ങളിലൂടെ ജനസംഖ്യാവർദ്ധനവ് നിയന്ത്രിക്കുവാനും അതുവഴി മലിനീകരണം, ദാരിദ്ര്യം, തൊഴിൽ ഇല്ലായ്മ, പോഷകാഹാരക്കുറവ്, രോഗങ്ങൾ, കുറ്റകൃത്യങ്ങൾ എന്നിവ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ സാധിക്കും എന്ന് വിലയിരുത്തപ്പെടുന്നു. ഇത് രാഷ്ട്രത്തിന്റെ ക്ഷേമത്തിനായുള്ള ഒരു പ്രവർത്തനം കൂടി ആണ്. ഇന്നും കുടുംബാസൂത്രണ മാർഗങ്ങളെ കുറിച്ച് പലരും അജ്ഞരാണ്. ഇതേപ്പറ്റിയുള്ള ബോധവൽക്കരണം കൂടുതലായി നടത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് ഇത് വിരൽ ചൂണ്ടുന്നു. മതപരമായ വിലക്കുകൾ കൊണ്ടും ഇവ ഉപയോഗിക്കാൻ മടിക്കുന്ന ധാരാളം ആളുകളുമുണ്ട്. പല വികസിത രാജ്യങ്ങളിലും കുടുംബാസൂത്രണ മാർഗങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ സമഗ്രമായി ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങളുടെ ഡോക്ടറോടോ ഫാർമസിസ്റ്റിനോടോ ആരോഗ്യ പ്രവർത്തകരോടൊ ഇക്കാര്യങ്ങൾ ചോദിച്ചു മനസിലാക്കാവുന്നതാണ്.
ഗർഭനിരോധന മാർഗങ്ങൾ
[തിരുത്തുക]ഗർഭധാരണം തടയുന്നതിന് ധാരാളം രീതികൾ ഉണ്ട്. ഇവ ഗർഭനിരോധന മാർഗങ്ങൾ എന്നറിയപ്പെടുന്നു. ഇംഗ്ലീഷിൽ കോൺട്രാസെപ്ഷൻ (Contraception) എന്ന പേരിൽ അറിയപ്പെടുന്നു. കുടുംബാസൂത്രണം അഥവാ ഫാമിലി പ്ലാനിങ് എന്ന ആവശ്യത്തിന് വേണ്ടിയും ഇവ കൂടുതലായി ഉപയോഗപ്പെടുത്തുന്നു. ഇതിന് ധാരാളം താൽക്കാലികമാർഗങ്ങളും സ്‌ഥിരമാർഗങ്ങളുമുണ്ട്. ഗർഭനിരോധന ഉപാധികൾ അഥവാ കോൺട്രാസെപ്റ്റീവ്സ് (Contraceptives) അതിന് വേണ്ടി ഉപയോഗപ്പെടുത്തുന്നു. ഇവയിൽ പലതും സർക്കാർ ആശുപത്രികൾ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും സൗജന്യമായി ലഭ്യമാണ്. എന്നിരുന്നാലും അനാവശ്യമായ ലജ്ജയോ അറിവില്ലായ്മയോ കാരണം ഇത്തരം സേവനങ്ങൾ തേടാൻ മടിക്കുന്നവർ അനേകമുണ്ട്. ഗര്ഭനിരോധനത്തിന് ഏത് മാർഗമാണ് തങ്ങൾക്ക് അനുയോജ്യം എന്നറിയാത്തവരും ധാരാളമുണ്ട്. ഇക്കാര്യത്തിൽ ശരിയായ ബോധവൽക്കരണം ഇന്നും നടക്കുന്നില്ല. പങ്കാളിയുടെ നിർബന്ധത്തിന് വഴങ്ങി സുരക്ഷാ മാർഗങ്ങൾ ഒന്നും ഉപയോഗിക്കാതെയുള്ള ലൈംഗികബന്ധം പലപ്പോഴും ആഗ്രഹിക്കാത്ത ഗർഭധാരണത്തിനോ രോഗങ്ങൾക്കോ കാരണമാകാറുണ്ട്[6].
ഗർഭനിരോധന ഉറ അഥവാ കോണ്ടം (പുരുഷന്മാർക്ക് വേണ്ടിയുള്ളത്)
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഏറ്റവും ലളിതമായ ഗർഭനിരോധനമാർഗ്ഗമാണ് ഗർഭനിരോധന ഉറ അഥവാ കോണ്ടം. ലൈംഗികബന്ധ സമയത്ത് ശുക്ലം, സ്നേഹദ്രവം എന്നിവ പങ്കാളിയുടെ ഉള്ളിൽ പ്രേവേശിക്കുന്നത് ഒരു സുരക്ഷാ കവചം പോലെ ഉറ തടയുന്നു. നിരോധ് എന്ന പേരിൽ സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ വഴി ഉറകൾ സൗജന്യമായി ലഭ്യമാണ്. ഇവ വിൽക്കുവാനോ വാങ്ങുവാനോ സൂക്ഷിക്കുവാനോ പ്രത്യേക ലൈസൻസോ അനുമതിയോ ആവശ്യമില്ല. പുരുഷൻമാർക്ക് ഉപയോഗിക്കാവുന്ന ഉറകളും സ്‌ത്രീകൾക്ക് ഉപയോഗിക്കാവുന്നവയുമുണ്ട്. മാത്രമല്ല, സ്ത്രീക്കും പുരുഷനും ഒരുപോലെ ഉപയോഗിക്കാവുന്ന യൂണിസെക്സ് ഉറകളും ഇന്ന് ലഭ്യമാണ്. പുരുഷന്മാർക്ക് ഉദ്ധരിച്ച ലിംഗത്തിലേക്ക് ഉറ ധരിക്കാം. സ്ത്രീകൾക്ക് ഇവ യോനീ നാളത്തിലേക്ക് തിരുകി വയ്ക്കാവുന്ന രീതിയിൽ ഉള്ളതാണ്. ഇവ വാങ്ങാനും ഉപയോഗിക്കാനും എളുപ്പമാണെന്നതു കൊണ്ട്തന്നെ ഏറെ പ്രചാരമുള്ളതാണ് ഈ മാർഗം. ഫാർമസികൾ, സൂപ്പർ മാർക്കറ്റുകൾ കൂടാതെ ഓൺലൈൻ വഴിയും ഇവ ലഭ്യമാണ്. സുരക്ഷയും ബോധവൽക്കരണവും ലക്ഷ്യമിട്ടു ഫെബ്രുവരി 13 അന്താരാഷ്ട്ര ഗർഭനിരോധന ഉറ ദിനമായി ലോക രാജ്യങ്ങൾ ആചരിച്ചു വരുന്നു.
പലതരം ഉറകൾ ഇന്ന് ലഭ്യമാണ്. തീരെ നേർത്തതും, ചോക്ലേറ്റ്, ബനാനാ, വാനിലാ തുടങ്ങിയ പല ഭക്ഷണപദാർഥങ്ങളുടെ രുചിയും സുഗന്ധത്തോട് കൂടിയതും, ലൂബ്രിക്കന്റ്, ബീജനാശിനി എന്നിവ അടങ്ങിയതും അവയിൽ ചിലതാണ്. 'അൾട്രാ തിൻ' തുടങ്ങിയ പേരുകളിൽ ലഭിക്കുന്ന നേർത്ത ഉറകൾ ലൈംഗിക അനുഭൂതി തെല്ലും കുറക്കുന്നില്ല എന്ന് പറയാം. ഡോട്ടുകൾ, തടിപ്പുകൾ തുടങ്ങിയവ ഉള്ളത് സ്ത്രീക്ക് കൂടുതൽ അനുഭൂതി പകരുന്നതാണ്. അതിനാൽ ഇവ ലൈംഗിക ആസ്വാദനം വർധിപ്പിക്കാനും അനുയോജ്യമാണ്. കോണ്ടം ഉപയോഗിക്കുകയാണെങ്കിൽ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ പകരുന്ന എച്ച്ഐവി/എയ്ഡ്സ്, എച്ച്പിവി, പെൽവിക്ക് ഇൻഫെക്ഷൻ, സിഫിലിസ്, ഹെപ്പറ്റെറ്റിസ് ബി, ഹെർപ്പിസ് മുതലായ രോഗാണുബാധകളിൽ നിന്ന് സംരക്ഷണവും ഉറപ്പാക്കാം. എണ്ണ അടങ്ങിയ ലൂബ്രിക്കന്റുകളോടൊപ്പം ഉപയോഗിച്ചാൽ ലാറ്റക്സ് ഉറ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. എന്നാൽ ജലാംശം അടങ്ങിയ ലൂബ്രിക്കന്റുകൾക്ക് ഈ പ്രശ്നമില്ല. ഗർഭനിരോധന ഉറകൾ ഉപയോഗിക്കുന്നത് പുരുഷന്മാരിലെ ശീഘ്രസ്ഖലനം ചെറുക്കുമെന്നും അഭിപ്രായമുണ്ട്. [7].
സ്ത്രീകൾക്കുള്ള കോണ്ടം
ലൈംഗികമായി ബന്ധപ്പെടുമ്പോൾ സ്ത്രീകൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഗർഭനിരോധന ഉറയാണ് ആന്തരിക കോണ്ടം. ‘ഫെമിഡോം അല്ലെങ്കിൽ പെൺ കോണ്ടം’ എന്നും ഇവ അറിയപ്പെടുന്നു. ഗർഭധാരണത്തിന്റെ സാധ്യതയോ, ലൈംഗികമായി പകരുന്ന രോഗാണുബാധയോ (എസ്ടിഐ) കുറയ്ക്കുന്നതിനുള്ള ഒരു സുരക്ഷാ മാർഗ്ഗമായി ലൈംഗികബന്ധത്തിൽ സ്ത്രീകൾക്ക് ഉപയോഗിക്കാവുന്ന ഒരു സുരക്ഷാ ഉപകരണമാണ് ഇത്. പുരുഷന് കോണ്ടം ഉപയോഗിക്കാൻ താല്പര്യം ഇല്ലെങ്കിൽ പോലും സ്ത്രീ പങ്കാളിക്ക് ഒരു ലളിതമായ സുരക്ഷാ മാർഗമെന്ന നിലയിൽ ഇവ ഉപയോഗിക്കാവുന്നതാണ്. ലൈംഗിക ബന്ധത്തിന് മുൻപ് യോനിയുടെ ഉള്ളിലേക്ക് തിരുകി വയ്ക്കാവുന്നതാണ്. ലൈംഗികബന്ധത്തിന് ശേഷം ഇത് എടുത്തു മാറ്റാം. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പെൺ കോണ്ടം 95% ഫലപ്രദമാണ്. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാവുന്ന ഉറകൾ 98% ഫലപ്രദമാണ്. ഫാർമസികളും സൂപ്പർ മാർക്കറ്റുകളിലും ഓൺലൈൻ മാർഗത്തിലും ഇവ ലഭ്യമാണ്. ഗുദഭോഗം അഥവാ ഗുദ ലൈംഗികബന്ധത്തിൽ പങ്കാളിക്ക് ഇത്തരം ആന്തരിക കോണ്ടം ഉപയോഗിക്കാം. ഇത് എച്ച് ഐ വി അഥവാ എയ്ഡ്‌സ് ഉൾപ്പടെയുള്ള രോഗങ്ങളുടെ സാധ്യത നല്ല രീതിയിൽ കുറയ്ക്കുന്നു. അടഞ്ഞ അറ്റത്ത് വഴക്കമുള്ള മോതിരം/ഫ്രെയിം അല്ലെങ്കിൽ മോതിരം/ഫോം ഡിസ്‌കോടുകൂടിയ നേർത്തതും മൃദുവും അയഞ്ഞതുമായ ഉറയാണ് പെൺ കോണ്ടം. അവ സാധാരണയായി വിവിധ വലുപ്പങ്ങളിൽ വരുന്നു. മിക്ക യോനികൾക്കും, മിതമായ വലിപ്പമുള്ള കോണ്ടം മതിയാകും; അടുത്തിടെ പ്രസവിച്ച സ്ത്രീകൾ ആദ്യം വലിയ വലിപ്പം പരീക്ഷിക്കണം. ഉറയുടെ അടഞ്ഞ അറ്റത്തുള്ള അകത്തെ മോതിരം അല്ലെങ്കിൽ ഫോം ഡിസ്‌ക് യോനിക്കുള്ളിൽ കോണ്ടം തിരുകാനും പിടിക്കാനും ഉപയോഗിക്കുന്നു. ഉറയുടെ തുറന്ന അറ്റത്ത് ഉരുട്ടിയ പുറം വളയം അല്ലെങ്കിൽ പോളി ഫ്രെയിം യോനിക്ക് പുറത്ത് നിലകൊള്ളുകയും ബാഹ്യ ജനനേന്ദ്രിയത്തിന്റെ ഒരു ഭാഗം മൂടുകയും ചെയ്യുന്നു. ചില പുരുഷന്മാർ കോണ്ടം ഉപയോഗിക്കാൻ വിസമ്മതിച്ചതും, രണ്ടാമതായി കോണ്ടം ഉപയോഗിച്ചില്ലെങ്കിൽ പുരുഷന് എസ്‌ടിഐ പകരും എന്നതിന്റെ സൂചനയുമാണ് ഇത് സൃഷ്ടിക്കുന്നതിനുള്ള പ്രധാന കാരണം.
ഗർഭനിരോധന ഗുളികകൾ
ശരിയായ രീതിയിൽ ഉപയോഗിച്ചാൽ ഒരു ശതമാനത്തിൽ താഴെ മാത്രം പരാജയസാധ്യത ഉള്ളതാണ് ഹോർമോൺ അടങ്ങിയ ഗുളികകൾ. മറ്റ് ചില ഗുളികകളോടൊപ്പം കഴിക്കുമ്പോൾ ഇവയുടെ ഫലപ്രാപ്‌തി കുറയാം. മാത്രമല്ല, ചില ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്ക് കഴിക്കാൻ പാടില്ല തുടങ്ങിയ നിയന്ത്രണങ്ങളുമുണ്ട്. അതുകൊണ്ട് തന്നെ ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമേ ഇവ കഴിക്കാൻ പാടുള്ളൂ. ഗുളിക നിർത്തിക്കഴിഞ്ഞാൽ വൈകാതെ ഗർഭധാരണശേഷി തിരിച്ച് കിട്ടും. ആഴ്ചയിൽ ഒരിക്കൽ മാത്രം കഴിക്കാവുന്ന സഹേലി പോലെയുള്ള ഗുളികകളും അക്കൂട്ടത്തിൽപ്പെടും. ഇവയിൽ ചിലത് സ്ത്രീകളിൽ കാണപ്പെടുന്ന സ്തനാർബുദത്തെ പ്രതിരോധിക്കുന്നതും പാർശ്വഫലങ്ങൾ തീരെ കുറഞ്ഞതുമാണ്.
ഗർഭനിരോധന പാച്ചുകൾ
ഇടയ്ക്കിടെ ഗുളിക കഴിക്കാൻ മറക്കുന്നവർക്ക് വേണ്ടിയാണ് പാച്ചുകൾ. ഇവ ശരീരത്തിൽ ധരിക്കാവുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ മാറ്റി ധരിക്കേണ്ടതാണ്. ഗുളികകളെ പോലെ ഹോർമോൺ ഉപയോഗിച്ചാണ് ഇവ ഗർഭധാരണം തടയുന്നത്. ഗുളികകളുടെ അത്രതന്നെ ഫലപ്രദവുമാണ്.
കോപ്പർ ടി അഥവാ ഐയുഡി
കോപ്പർ ടിയിലെ ചെമ്പ് ബീജങ്ങളെ നശിപ്പിക്കുന്നത് വഴി ഗർഭധാരണം തടയുന്നു. ഇത്തരം ലൂപ്പുകൾ 7 വർഷം വരെ തുടർച്ചയായി ഉപയോഗിക്കാൻ സാധിക്കാറുണ്ട്. അതിനാൽ ഉടനേ കുട്ടി വേണ്ട എന്നുള്ളവർക്ക് ഇത് ഏറെ ഉപയുക്തമാണ്. എന്നാൽ കോപ്പർ ടിയുടെ സ്ഥാനം കൃത്യമാണോ എന്നുറപ്പ് വരുത്തേണ്ടത് ഇതിന്റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. ഹോർമോൺ അടങ്ങിയ ലൂപ്പുകൾ അമിതമായ ആർത്തവ രക്തസ്രാവം കുറയ്ക്കുവാനും ഉപയോഗിക്കാം. ഇതിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഒന്നുമില്ല.
ഇവിടെ T ആകൃതിയിലുള്ള ഒരുപകരണം ഗർഭപാത്രത്തിനുള്ളിൽ നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. ഇതിന് ശസ്ത്രക്രിയ ആവശ്യമില്ല. പിന്നീട് ഗർഭം ധരിക്കണമെന്ന ആവശ്യം വരുമ്പോൾ ഇത് എടുത്ത് മാറ്റുന്നത് കൊണ്ട് ഗർഭധാരണ ശേഷി തിരിച്ചുകിട്ടുന്നു. പ്രസവങ്ങൾ തമ്മിലുള്ള ഇടവേള കുറക്കുവാനും ഇത് ഉപയോഗിക്കാം. സർക്കാർ ആശുപത്രികൾ വഴിയും സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ വഴിയും കോപ്പർ ടി സൗജന്യമായി ലഭ്യമാണ്. ആധുനിക ഐയുഡികൾ ശരിയായ രീതിയിൽ ഉപയോഗിച്ചാൽ അണുബാധയോ മറ്റ് പ്രശ്നങ്ങളോ ഉണ്ടാകുന്നില്ല. ലൈംഗികബന്ധത്തിന് ശേഷം അഞ്ചു ദിവസത്തിനുള്ളിൽ നിക്ഷേപിച്ചാലും കോപ്പർ ടി ഫലം നൽകാറുണ്ട്.
അടിയന്തര രീതികൾ
സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം കഴിഞ്ഞ് 72 മണിക്കൂറിനുള്ളിൽ കഴിക്കുന്ന അടിയന്തര ഗർഭനിരോധന ഗുളികകളും ലഭ്യമാണ്. എന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ ഉപയോഗിച്ചാലും ഫലം കാണാറുണ്ട്. എമർജ്ജൻസി പിൽ എന്ന പേരിലറിയപ്പെടുന്ന ഇവ പാർശ്വഫലങ്ങൾ കണക്കിലെടുത്തു വല്ലപ്പോഴും മാത്രം അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാവുന്ന ഒന്നാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം നടന്ന് അഞ്ച് ദിവസത്തിനുള്ളിൽ സ്ത്രീ കോപ്പർ ടി ഇടുന്നതും ഗർഭധാരണം തടയും.
ബീജനാശിനികൾ
പുരുഷബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികൾ(സ്‌പേർമിസൈഡ്) ഗർഭനിരോധനത്തിനായി തെരഞ്ഞെടുക്കുന്ന രീതിയാണിത്. ലേപനം, ജെല്ലി രൂപങ്ങളിലുള്ള ഇവ സ്ത്രീകളുടെ യോനിയിലാണ് പുരട്ടേണ്ടത്. ബന്ധപ്പെടുന്നതിന് അരമണിക്കൂർ മുമ്പ് പുരട്ടേണ്ട ലേപനങ്ങളും ഉണ്ട്. അടിക്കടിയുള്ള ഉപയോഗം ചിലരിൽ അലർജിക്ക് ഇടയാക്കിയേക്കും. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും 73% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്.
ഡയഫ്രം
ഗർഭാശയമുഖത്ത് ധരിക്കുന്ന ഒന്നാണ് ഡയഫ്രം. ഇതിൽ ബീജനാശിനികൾ പുരട്ടുന്നത് കൂടുതൽ ഫലം നൽകും. ലൈംഗികരോഗങ്ങളെ തടുക്കാൻ ഇവയ്ക്ക് ശേഷിയില്ല. ആർത്തവസമയത്ത് ഇവ ഉപയോഗിക്കാൻ പാടുള്ളതല്ല. 85% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. ഡയഫ്രത്തിന് സമാനമായി സെർവിക്കൽ ക്യാപ്പുകൾ ഉപയോഗിക്കുന്ന രീതിയും നിലവിലുണ്ട്. ബീജങ്ങൾ ഗർഭപാത്രത്തിലേക്ക് കടക്കാതെ ഇവ സംരക്ഷിക്കുന്നു. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. 48 മണിക്കൂർ വരെ സെർവിക്കൽ ക്യാപുകൾ ഉപയോഗിക്കാം. ഇവ ഡോക്ടറുടെ സഹായത്തോടെ വേണം സ്ഥാപിക്കാൻ.
ഗർഭനിരോധന സ്‌പോഞ്ച്
ടുഡെ സ്‌പോഞ്ച് എന്നും അറിയപ്പെടുന്ന ഗർഭനിരോധന സ്‌പോഞ്ച് ബീജനാശിനികൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഗർഭാശയമുഖത്താണ് ഇത് സ്ഥാപിക്കുക. ഇതുവരെ ഗർഭിണി ആകാത്തവരിലാണ് ഈ രീതി കൂടുതൽ ഫലപ്രദം. ഡയഫ്രത്തെയും സെർവിക്കൽ ക്യാപിനെയും അപേക്ഷിച്ച് ഡോക്ടറുടെ സഹായം ആവശ്യമില്ലെങ്കിലും ഇവ ഗർഭാശയമുഖത്ത് സ്ഥാപിക്കുന്നത് സൂഷ്മതയോടെ ചെയ്യേണ്ടതാണ്. ലൈംഗികരോഗ പ്രതിരോധശേഷിയില്ല. മാസമുറ സമയത്ത് ഉപയോഗിക്കരുത്.
വജൈനൽ റിംഗ്
യോനിയിൽ ധരിക്കാവുന്ന പ്ലാസ്റ്റിക് റിംഗുകളാണിവ. ഗുളികയെയും പാച്ചുകളെയും പോലെ ഹോർമോൺ ഉപയോഗിച്ചുള്ള ഗർഭനിരോധമാർഗമാണിത്. മാസത്തിൽ ഒരു തവണയേ മാറ്റേണ്ടതുള്ളു. യോനിയിൽ അസ്വസ്ഥതകൾ ഉണ്ടാകുന്നതിനും പാർശ്വഫലങ്ങൾക്കും സാധ്യതയുണ്ട്.
ഗർഭനിരോധന കുത്തിവെപ്പ്
ഹോർമോൺ കുത്തിവെപ്പുകൾ മൂന്നുമാസം വരെ ഗർഭധാരണം തടയും. 97% വിജയസാധ്യതയാണ് ഈ മാർഗത്തിനുള്ളത്. വർഷത്തിൽ നാല് തവണ മാത്രമേ ഇവ ഉപയോഗിക്കാൻ പാടുള്ളു.
സുരക്ഷിതകാലം നോക്കൽ
സുരക്ഷ ഏറ്റവും കുറഞ്ഞ ഗർഭനിരോധനമാർഗമാണ് 'സുരക്ഷിതകാലം നോക്കലും ശുക്ലം സ്ഖലിക്കുന്നതിന് തൊട്ട് മുൻപ് ലിംഗം പുറത്തെടുക്കലും.' രണ്ടിലും വലിയ പരാജയ സാധ്യതയുണ്ട്. വളരെ കൃത്യമായ ആർത്തവചക്രമുള്ളവർക്ക് മാത്രമേ സുരക്ഷിതകാലം നോക്കുന്നത് ഒരു പരിധി വരെയെങ്കിലും ഫലപ്രദമാകൂ. ആർത്തവചക്രത്തിന്റെ ഏകദേശം മധ്യത്തിൽ അതായത് പതിനാലാം ദിവസം വരുന്ന അണ്ഡവിസർജനകാലം (Ovulation), സുരക്ഷിതകാലം എന്നിവ നിർണ്ണയിക്കുന്നതിൽ പലർക്കും തെറ്റ് പറ്റാൻ സാധ്യതയുണ്ട്. ആർത്തവം തുടങ്ങിയ ദിവസം ഒന്ന് എന്ന് കണക്കാക്കിയാൽ ഒന്പതാം ദിവസത്തിനും പതിനെട്ടാം ദിവസത്തിനും ഇടയിലാകും ഓവുലേഷൻ സാധ്യത കൂടുതൽ. ഈ സമയത്ത് വളർച്ചയെത്തിയ അണ്ഡം ബീജസംയോഗത്തിന് തയ്യാറായിരിക്കും. ഗർഭധാരണ സാധ്യത ഏറ്റവും കൂടിയ ദിവസങ്ങളാണ് ഇത്. അതിനാൽ ഈ സമയത്ത് ലൈംഗികബന്ധം ഒഴിവാക്കുന്നതാണ് നല്ലത്. അണ്ഡവിസർജന അവബോധം, പ്രകൃതി സഹജ കുടുംബാസൂത്രണം എന്ന് ഈ രീതിയെ വിളിക്കാം. സ്ത്രീക്ക് പ്രത്യുൽപാദനശേഷി കൂടുന്ന ദിനങ്ങളിൽ സംഭോഗം ഒഴിവാക്കുക. ശരീരതാപനില വർധിക്കുന്നതും യോനീദ്രവത്തിലുണ്ടാകുന്ന വർധനവും നോക്കി അണ്ഡവിസർജന സമയം മനസിലാക്കാം. ഒരു ഡോക്ടറെ കണ്ടും ഈ രീതിയെ പറ്റി കൂടുതൽ മനസിലാക്കാം. 75% വിജയസാധ്യതയാണ് ഈ രീതിക്കുള്ളത്. മറ്റൊരു വഴിയും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഈ രീതിയും ഉപയോഗിക്കാവുന്നതാണ്.
ലിംഗം പിൻവലിക്കൽ
സ്ഖലനം നടക്കുന്നതിന് മുമ്പായി യോനിയിൽ നിന്നും പുരുഷലിംഗം പിൻവലിക്കുന്ന രീതി പണ്ടുമുതലേ സ്വീകരിച്ചു വരുന്നതാണ്. പുരുഷന്മാരിൽ സ്‌ഖലനത്തിന് മുൻപ് വരുന്ന ലൂബ്രിക്കന്റ് ദ്രാവകത്തിലും ബീജങ്ങൾ അടങ്ങിയിരിക്കാം എന്നിരിക്കേ സ്ഖലനത്തിന് തൊട്ട് മുൻപ് ലിംഗം യോനിയിൽ നിന്ന് പുറത്തെടുത്താലും ഗർഭം ധരിക്കാൻ സാധ്യത ഉണ്ട്. മാത്രമല്ല, ഇവയൊന്നും തന്നെ ലൈംഗിക ബന്ധത്തിലൂടെ പകരുന്ന പലതരം രോഗാണുബാധകൾ തടയുന്നുമില്ല. എന്നാൽ മറ്റൊരു മാർഗവും ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു ഗർഭനിരോധന മാർഗമെന്ന നിലയിൽ പിൻവലിക്കൽ രീതിയും ഉപയോഗിക്കാവുന്നതാണ്. ഇത്തരം രീതികൾ തിരഞ്ഞെടുക്കുന്നവർ ഉറ പോലെയുള്ള മറ്റേതെങ്കിലും നിരോധന മാർഗങ്ങൾ കൂടി ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ഏതൊരു രീതി ഉപയോഗിച്ചാലും 100% ഫലപ്രാപ്തി ഉറപ്പ് തരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
വാസക്ടമി, ട്യൂബക്ടമി
ഭാവിയിൽ ഇനി കുട്ടികൾ വേണ്ട എന്ന തീരുമാനമെടുത്തവർക്ക് സ്ഥിരമായ ഗർഭനിരോധനമാർഗ്ഗങ്ങൾ ഉപയോഗിക്കാം. ഇതിനായി സ്‌ത്രീകളിൽ അണ്‌ഢവാഹിനിക്കുഴലിൽ മാറ്റങ്ങൾ വരുത്തുന്ന ട്യൂബക്‌ടമി ശസ്ത്രക്രിയയും പുരുഷൻമാരിൽ ബീജം ശുക്ലവുമായി കലരുന്നത് തടയുന്ന വാസക്‌ടമിയുമാണ് നിലവിലുള്ളത്. വാസക്‌ടമി ഒരു തരത്തിലും ഉദ്ധാരണശേഷിയേയോ സ്കലനത്തെയോ ലൈംഗിക ശേഷിയെയോ ബാധിക്കില്ല. സിസേറിയൻ ശസ്ത്രക്രിയ ആണെങ്കിൽ കൂടെത്തന്നെ പ്രസവം നിർത്താം എന്ന കാരണത്താൽ പലരും ട്യൂബക്‌ടമി ചെയ്യാറുണ്ട്. ഇതൊഴിച്ചാൽ അത്യന്തം ലളിതമായി പുരുഷൻമാരിൽ ചെയ്യാവുന്ന വാസക്‌ടമി തന്നെയാണ് സ്‌ഥിര ഗർഭനിരോധനത്തിന് ഏറ്റവും എളുപ്പമാർഗ്ഗം എന്ന് പറയാം. ഇതിന് ആശുപത്രിവാസം ആവശ്യമില്ല. രണ്ട് രീതിയായാലും 'റീകനാലൈസേഷൻ' എന്ന വഴിയിലൂടെ ഒരുപരിധി വരെ ഗർഭധാരണശേഷി തിരിച്ച് കിട്ടാൻ സാധ്യതയുണ്ടെങ്കിലും ഇത് എല്ലായ്പോഴും വിജയിക്കണമെന്നില്ല. ഇന്ന് താക്കോൽ ദ്വാര ശസ്ത്രക്രിയ വഴിയും ട്യൂബക്‌ടമി ലഭ്യമാണ്. അതിന് ആശുപത്രിവാസം അധികം ആവശ്യമില്ല[8][9][10].
പ്രകൃതിദത്ത ഗർഭനിരോധന മാർഗങ്ങൾ
[തിരുത്തുക]പപ്പായ പണ്ടുമുതലേ ഉപയോഗിച്ച് വരുന്ന ഒരു ഗർഭനിരോധന മാർഗ്ഗമാണ്. ഇത് പ്രൊജസ്‌ട്രോൺ ഹോർമോണിന്റെ പ്രവർത്തനത്തെ ഇല്ലാതാക്കുന്നു. ഇതിൽ അടങ്ങിയിട്ടുള്ള പ്രോസ്റ്റാഗ്ലാന്റിൻസ്, ഓക്‌സിടോസിൻ എന്നിവ ഗർഭപാത്രത്തെ വികസിക്കാൻ അനുവദിക്കില്ല. ഇതുകൊണ്ട് തന്നെയാണ് ഗർഭാവസ്ഥയിൽ ഒരിക്കലും പപ്പായ കഴിക്കരുതെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നത്.
കൈതച്ചക്കയും ഗർഭഛിദ്രത്തിന് കാരണമാകുന്ന ഒന്നാണ്. ഇതിലുള്ള പ്രോട്ട്യോലിറ്റിക് എൻസൈം അഥവാ ബ്രോമെലാനിൻ സെർവിക്‌സിനെ സോഫ്റ്റ് ആക്കുന്നു. ഇത് പ്രകൃതിദത്തമായ ഗർഭമലസലിലേക്ക് നയിക്കുന്നു.
കറുവപ്പട്ട പെട്ടെന്ന് തന്നെ ഗർഭപാത്രത്തെ ഉത്തേജിപ്പിക്കുകയും ഇത് വഴി പ്രസവം പെട്ടെന്ന് നടക്കാൻ കാരണമാകുകയും ചെയ്യുന്നു. കൂടുതൽ കഴിക്കുന്നത് ഗര്ഭമലസലിന് കാരണമാകുന്നു.
കൂടുതൽ അളവിൽ എള്ള്, ഗ്രീൻടീ എന്നിവ കഴിച്ചാൽ അത് ഗര്ഭച്ഛിദ്രത്തിലേക്ക് നയിക്കുന്നു.
ഇതും കാണുക
[തിരുത്തുക]ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ
അവലംബം
[തിരുത്തുക]- ↑ "Mission Statement". U.S. Dept. of Health and Human Services, Office of Population Affairs. Archived from the original on 2011-06-23. Retrieved 2014-03-11.
- ↑ 2.0 2.1 Family planning — WHO
- ↑ 3.0 3.1 3.2 3.3 "What services do family planning clinics provide? — Health Questions — NHS Direct". Archived from the original on 2014-11-11. Retrieved 2014-03-11.
- ↑ US Dept. of Health, Administration for children and families
- ↑ See, e.g., Mischell, D. R. "Family planning: contraception, sterilization, and pregnancy termination." In: Katz, V. L., Lentz, G. M., Lobo, R. A., Gershenson, D. M., eds. Comprehensive Gynecology. 5th ed. Philadelphia, PA: Mosby Elsevier; 2007:chap 14.
- ↑ "family planning in india - തിരയുക". Retrieved 2022-05-19.
- ↑ "condoms nhs - തിരയുക". Retrieved 2022-05-19.
- ↑ "family planning in india - തിരയുക". Retrieved 2022-05-19.
- ↑ https://www.bing.com/ck/a?!&&p=67d743d5e251a5e03b5a39bc1777049e6efc314fadce33283e4a255348aeb50aJmltdHM9MTY1Mjk4NTcyOCZpZ3VpZD02ZTI5OGQzOS0wNTU0LTRjMjctODk2ZC1jNDhhNmI4OThhODcmaW5zaWQ9NTQ2MA&ptn=3&fclid=629bf5ad-d7a3-11ec-a621-d26332a028a5&u=a1aHR0cHM6Ly9lbi5oZXNwZXJpYW4ub3JnL2hoZy9XaGVyZV9Xb21lbl9IYXZlX05vX0RvY3RvcjpDaG9vc2luZ19hX0ZhbWlseV9QbGFubmluZ19NZXRob2QjOn46dGV4dD1DaG9vc2luZyUyMGElMjBmYW1pbHklMjBwbGFubmluZyUyMG1ldGhvZCUyMCUyMCUyMCxPcmFsJTIwc2UlMjAuLi4lMjAlMjA3JTIwbW9yZSUyMHJvd3MlMjA&ntb=1. Retrieved 2022-05-19.
{{cite web}}
: Missing or empty|title=
(help) - ↑ "family planning methods - തിരയുക". Retrieved 2022-05-19.