Jump to content

ഹെൻറി ലോറൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്രിഗേഡിയർ ജനറൽ
ഹെൻറി മോണ്ട്ഗോമെറി ലോറൻസ്
കെ.സി.ബി.
ജനനം(1806-06-28)28 ജൂൺ 1806
സിലോൺ
മരണം4 ജൂലൈ 1857(1857-07-04) (പ്രായം 51)
ലക്നൗ, ബ്രിട്ടീഷ് ഇന്ത്യ
ദേശീയത യു.കെ.
ഈസ്റ്റ് ഇന്ത്യ കമ്പനി
വിഭാഗംബംഗാൾ സേന
ജോലിക്കാലം1823–1857
പദവിബ്രിഗേഡിയർ ജനറൽ
യൂനിറ്റ്ബംഗാൾ ആർട്ടില്ലറി
യുദ്ധങ്ങൾഒന്നാം ബർമ്മ യുദ്ധം
ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധം
ഒന്നാം ആംഗ്ലോ-സിഖ് യുദ്ധം
രണ്ടാം ആംഗ്ലോ-സിഖ് യുദ്ധം
ഇന്ത്യൻ ലഹള
പുരസ്കാരങ്ങൾ ആർമി ഓഫ് ഇന്ത്യ മെഡൽ
കന്ദഹാർ, ഗസ്നി, കാബൂൽ മെഡൽ
സത്ലുജ് മെഡൽ
പഞ്ചാബ് മെഡൽ
ഇന്ത്യ ജനറൽ സെർവീസ് മെഡൽ
ഇന്ത്യൻ മ്യൂട്ടിനി മെഡൽ
ബന്ധുക്കൾജോൺ ലോറൻസ്
ജോർജ് ലോറൻസ്
അലക്സാണ്ടർ ലോറൻസ്
മറ്റു തൊഴിലുകൾനേപ്പാളിലെ റെസിഡന്റ്,
ലാഹോറിലെ റെസിഡന്റ്,
പഞ്ചാബ് ഭരണബോർഡിന്റെ അദ്ധ്യക്ഷൻ
അവധിലെ ചീഫ് കമ്മീഷണർ

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രശസ്തനായ ഒരു സൈനികനും ഭരണകർത്താവുമായിരുന്നു ഹെൻറി ലോറൻസ് (ഇംഗ്ലീഷ്: Henry Lawrence) എന്ന ഹെൻറി മോണ്ട്ഗോമറി ലോറൻസ് (ജീവിതകാലം: 1806 ജൂൺ 28 – 1857 ജൂലൈ 4). ഈസ്റ്റ് ഇന്ത്യ കമ്പനിക്കുവേണ്ടി ബർമ്മ, അഫ്ഗാൻ യുദ്ധങ്ങളിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹം ഭൂസർവേയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. പഞ്ചാബ് അതിർത്തിയിലെ പൊളിറ്റിക്കൽ ഏജന്റ്, നേപ്പാൾ, ലാഹോർ എന്നീ പ്രദേശങ്ങളിൽ റെസിഡന്റ്, വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ, പഞ്ചാബ് ഭരണ ബോർഡിന്റെ അദ്ധ്യക്ഷൻ, രജപുത്താനയിലെ പൊളിറ്റിക്കൽ ഏജന്റ്, അവധിലെ ചീഫ് കമ്മീഷണർ തുടങ്ങിയ ഉന്നതഭരണസ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മലമ്പ്രദേശങ്ങളിൽ ബ്രിട്ടീഷ് സ്കൂളുകൾ തുടങ്ങാൻ ആദ്യമായി മുൻകൈയെടുത്തത് ഹെൻറിയാണ്. ഇദ്ദേഹത്തിന്റെ ശ്രമഫലമായുണ്ടായ സ്കൂളുകൾ ലോറൻസ് സ്കൂളുകൾ എന്നാണ് അറിയപ്പെടുന്നത്. ഇന്നും ഈ സ്കൂളുകൾ നിലനിൽക്കുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില ഗ്രന്ഥങ്ങളുടെ കർത്താവുമാണ് ഹെൻറി.

ഇന്ത്യയുടെ വൈസ്രോയായിരുന്ന ജോൺ ലോറൻസ് ഇദ്ദേഹത്തിന്റെ ഇളയ സഹോദരനാണ്. തന്റെ സഹോദരനെപ്പോലെ പിതൃഭാവഭരണത്തിന്റെ പ്രയോക്താവായിരുന്നെങ്കിലും സഹോദരനിൽ നിന്ന് വ്യത്യസ്തമായി തദ്ദേശീയപ്രഭുക്കൻമാർക്ക് പങ്കാളിത്തമുള്ള അയഞ്ഞ ഒരു ഭരണസംവിധാനമായിരുന്നു ഹെൻറിയുടെ കാഴ്ചപ്പാട്.[1] ബ്രിട്ടീഷ് നിയന്ത്രിത പഞ്ചാബിന്റെ ആദ്യത്തെ ഭരണാധികാരിയായിരുന്നു ഹെൻറി. പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിലായപ്പോൾ സഹോദരൻ ജോണും ഹെൻറിക്കൊപ്പം ഭരണത്തിന്റെ തലപ്പത്തെത്തി. ഇരുവരുടെയും ഭരണരീതികളിലുള്ള വ്യത്യാസം കടുത്ത അഭിപ്രായഭിന്നതകളിലേക്ക് നയിക്കുകയും ഹെൻറിയെ പഞ്ചാബിൽ നിന്ന് മാറ്റി നിയമിക്കുകയും ചെയ്തു. ഹെൻറിയുടെ കാലയളവിനു ശേഷം സഹോദരൻ ജോൺ പഞ്ചാബിന്റെ ചീഫ് കമ്മീഷണറായി. ഇരു ലോറൻസുമാരുടെയും പഞ്ചാബ് ഭരണത്തെ ലോറൻസ് രാജ് എന്ന് ചരിത്രകാരൻമാർ പരാമർശിക്കാറുണ്ട്.

1857-ലെ ലഹളക്കാലത്ത് ലക്നൗവിൽ വച്ച് വെടിയേറ്റ് ഹെൻറി ലോറൻസ് കൊല്ലപ്പെട്ടു. മരണമടയുന്ന സമയത്ത് ഇന്ത്യയിലെ താൽക്കാലിക ഗവർണർ ജനറലായി അദ്ദേഹം നിയമിക്കപ്പെട്ടിരുന്നു.[2]

ജീവിതരേഖ[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ സൈനികനായിരുന്ന അലക്സാണ്ടർ ലോറൻസിന്റെയും ലെറ്റീഷ്യ കാതറിൻ നോക്സിന്റെയും പന്ത്രണ്ടുമക്കളിൽ അഞ്ചാമനായി 1806 ജൂൺ 28-ന് ശ്രീലങ്കയിലെ മാത്തറയിലാണ് ഹെൻറി ജനിച്ചത്. ഹെൻറിക്ക് രണ്ടുവയസ് പ്രായമുള്ളപ്പോൾ കുടുംബം ഇംഗ്ലണ്ടിലേക്കെത്തി. മാതാപിതാക്കൾക്കുപുറമേ ലെറ്റീഷ്യ എന്ന മൂത്ത സഹോദരിയും ഹെൻറിക്കും കുടുംബാംഗങ്ങൾക്കും വഴികാട്ടിയായിരുന്നു. ഹെൻറിയും ലെറ്റീഷ്യയുമായി ജീവിതകാലം മുഴുവൻ എഴുത്തുകളിലുടെയുള്ള ബന്ധം തുടർന്നിരുന്നു. ഈ എഴുത്തുകൾ ഹെൻറിയുടെ ജീവചരിത്രകാരൻമാർക്ക് വൻമുതൽക്കൂട്ടായിരുന്നു.[3]

വിദ്യാഭ്യാസം[തിരുത്തുക]

1813-ൽ ജ്യേഷ്ഠൻമാരായ അലക്സാണ്ടർ, ജോർജ് എന്നിവർക്കൊപ്പം ഹെൻറിയെ ലണ്ടൻഡെറിയിലെ ഫ്രീഗ്രാമർ സ്കൂളിൽ (ഫോയൽ കോളേജ്) പഠനത്തിനയച്ചു. ഇക്കാലത്ത് പിതാവിന് ഗേൻസിയിലായിരുന്നു സൈനികോദ്യോഗം. ഇടക്കാലത്ത് അലക്സാണ്ടറും ജോർജും ഹെൻറിയെപ്പിരിഞ്ഞ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനിക അക്കാദമിയായിരുന്ന അഡിസ്കോമ്പ് സൈനികസെമിനാരിയിൽ ചേരാൻ പോയെങ്കിലും 1819-ൽ ഇളയസഹോദരനായ ജോണിനൊപ്പം ബ്രിസ്റ്റളിലെ ക്ലിഫ്റ്റണിലുള്ള മിസ്റ്റർ ഗഫ്സ് സ്കൂളിൽ പഠിച്ചു.

1820-ൽ മൂത്ത രണ്ടു ജ്യേഷ്ഠൻമാരെപ്പോലെ ഹെൻറിയും അഡിസ്കോമ്പിലെ സൈനികകോളേജിൽ ചേർന്നു. ബ്രിട്ടീഷ് സൈന്യത്തിൽ മക്കൾ ചേരുന്നതിന് അച്ഛൻ അലക്സാണ്ടറിന് താൽപര്യമില്ലായിരുന്നെങ്കിലും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യുന്നതിന് എതിർപ്പില്ലായിരുന്നു. സാമ്പത്തികഭദ്രതയായിരുന്നു ഇതിന്റെ കാരണം. അഡിസ്കോമ്പിൽ ഹെൻറി ഉൽസാഹിയായ വിദ്യാർത്ഥിയായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. സൈനികസർവ്വേയിലും തൽപരനായിരുന്നു. അഡിസ്കോമ്പിലെ പഠനകാലത്ത് മറ്റു സഹപാഠികൾക്കൊപ്പം ക്രോയ്ഡോൺ കനാലിൽ മുങ്ങിപ്പോകുകയും മറ്റൊരു സഹപാഠിയായിരുന്ന റോബർട്ട് മക്ഗ്രെഗറിന്റെ സഹായത്തോടെ കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തു. ഇക്കാലത്ത് മക്ഗ്രെഗർ നൽകിയ പുസ്തകങ്ങളിലൂടെയാണ് ഹെൻറി കവിതകളിലേക്കും സാഹിത്യത്തിലേക്കും ആകൃഷ്ടനാകുന്നത്. ആർട്ടില്ലറിയിൽ കമ്മീഷൻ നേടി, ഹെൻറി 1822 മേയിൽ അഡിസ്കോമ്പിലെ വിദ്യാഭ്യാസം പൂർത്തിയാക്കി.[3]

ഇന്ത്യയിൽ[തിരുത്തുക]

1823 ഫെബ്രുവരിയിൽ ഹെൻറി ലോറൻസ് കൽക്കത്തയിലെത്തി, ബംഗാൾ ആർട്ടില്ലെറിയുടെ ആസ്ഥാനമായ ഡംഡം-ൽ ജോലിക്ക്ചേർന്നു. ഹെൻറിയുടെ കൽക്കത്തയിലെ ജീവിതം തുടക്കത്തിൽ വിരസത നിറഞ്ഞതായിരുന്നു. സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കാതെ പുസ്തകങ്ങളിലേക്ക് അദ്ദേഹം ഒതുങ്ങി. ആദ്യം താമസിച്ചിരുന്ന ചമ്മരിയിൽ ഒപ്പമുണ്ടായിരുന്ന രണ്ടുപേരും രോഗബാധിതരായി തിരിച്ചുപോയതിനെത്തുടർന്ന് അഡിസ്കോമ്പിൽ തനിക്കൊപ്പമുണ്ടായിരുന്ന ലെവിൻ എന്ന സുഹൃത്തിനോടൊപ്പം ഡംഡമിലെ ഫെയറിഹോൾ എന്ന പേരിലുള്ള വലിയൊരു വീട്ടിലായിരുന്നു പിന്നീട് താമസം. ലെവിനു പുറമേ ജോർജ് ക്രോഫഡ് എന്ന പുരോഹിതൻ, ലെഫ്റ്റനന്റുമാരായ ഫെന്നിങ്, കുക്ക്സൺ, ഡീ ആർക്കി ടേഡ് എന്നിവരും ഒപ്പമുണ്ടായിരുന്നു.[3]

ഒന്നാം ബർമീസ് യുദ്ധം[തിരുത്തുക]

ഹെൻറിയുടെ ഇന്ത്യയിലെ പ്രഥമദൗത്യം ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധത്തിലായിരുന്നു. 1824-ലാണ് ഗവർണർ ജനറൽ വില്ല്യം ആംഹേഴ്സ്റ്റ് ബർമ്മയുമായി യുദ്ധം പ്രഖ്യാപിച്ചത്. ബർമ്മ യുദ്ധത്തിൽ ജനറൽ മോറിസന്റെ കോർപ്സിലായിരുന്നു ഹെൻറി ലോറൻസ് അംഗമായിരുന്നത്. ചിറ്റഗോങ് ആയിരുന്നു ഇവരുടെ കേന്ദ്രം. തീരദേശ പ്രവിശ്യയായ അരാകാനിൽ (ഇന്നത്തെ രാഖൈൻ സംസ്ഥാനം) പ്രവേശിക്കുകയും തുടർന്ന് മലകളിലൂടെ മുന്നേറി, സർ ആർക്കിബോൾഡ് കാംബെൽ നയിക്കുന്ന പ്രധാനസേനയുമായി ഐരാവതി തടത്തിൽ സന്ധിക്കുക എന്നതായിരുന്നു ഇവരുടെ ദൗത്യം. നാല് ആറുപൗണ്ട് പീരങ്കികളുടെയും രണ്ട് അഞ്ചരയിഞ്ച് ഹൊവിറ്റ്സറുകളുടെയും ചുമതലയുണ്ടായിരുന്ന ഹെന്റി, കൽക്കത്തയിൽ നിന്ന് 1824 ജൂണിൽ ചിറ്റഗോങിലെത്തി അവിടെ മറ്റു സേനാംഗങ്ങൾക്കായി ആറുമാസത്തോളം കാത്തു. 1825 ജനുവരി 9-ന് ഹെൻറിയുടെ സംഘം ചിറ്റഗോങ്ങിൽനിന്ന് യാത്രയായി. മദ്രാസ്, ബംഗാൾ ആർട്ടില്ലറികളിൽ നിന്നുള്ള സംയുക്തസേനയായിരുന്നു അത്. രണ്ടുദിവസമെടുത്താണ് ഇവർ ചിറ്റഗോങ് നദി കടന്നത്. വെടിക്കോപ്പുകൾ മലകൾക്കുമുകളിലേക്കും താഴേക്കും അരുവികൾക്കപ്പുറത്തേക്കും നീക്കുന്നതിലുള്ള ഹെൻറിയുടെ വൈഭവം, മേലാധികാരികൾക്കിടയിൽ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. മേലധികാരികൾ കൂടുതൽ വെല്ലുവിളികളുള്ള ജോലികൾ അദ്ദേഹത്തെ ഏൽപ്പിക്കാനാരംഭിച്ചു. മ്യൂ നദിയും കടന്ന് സംഘം അരാകാനിലെത്തി.[3]

ഒന്നാം ആംഗ്ലോ ബർമീസ് യുദ്ധത്തിലൂടെ ബ്രിട്ടൻ ബർമ്മയിൽ ആധിപത്യം സ്ഥാപിക്കാനാരംഭിച്ചു. നയതന്ത്ര-സൈനികനടപടികളിലൂടെ ഈ യുദ്ധത്തിൽ വിജയം നേടുന്നതിൽ കാര്യമായ പങ്കുവഹിച്ച മദ്രാസിന്റെ ഗവർണറായിരുന്ന തോമസ് മൺറോ ഹെൻറിയുടെ ആരാധ്യപുരുഷനായി മാറി.[4]

യുദ്ധത്തിലെ ആദ്യഘട്ടത്തിലെ വിജയത്തിനുശേഷം മഴക്കാലമായപ്പോൾ തിരിച്ചടികൾ നേരിടാൻ തുടങ്ങി. മഴയോടൊപ്പം മലമ്പനിയും വയറിളക്കവും സേനാംഗങ്ങളെ ബാധിച്ചു. 1825 ജൂൺ പകുതി മുതൽ 1826 ജനുവരി വരെയുള്ള കാലയളവിൽ 200 യൂറോപ്യൻ ഉദ്യോഗസ്ഥരിൽ 70 പേരും രോഗം മൂലം മരണമടഞ്ഞു. മറ്റുള്ളവരിൽ മൂന്നിലൊന്നു പേരും മരണപ്പെട്ടു. നവംബറിൽ പനി ബാധിച്ച ഹെൻറിയെ കൊൽക്കത്തയിലേക്ക് തിരിച്ചയച്ചു. യുദ്ധക്കളത്തിൽ തിരിച്ചെത്തി വീണ്ടും ഏപ്രിലിൽ രോഗബാധിതനായി. ആരാക്കൻ പനിയിൽനിന്ന് മുക്തനാകാനുള്ള ഏകമാർഗ്ഗം നാട്ടിലേക്ക് മടങ്ങുക എന്നതായതിനാൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. ഹെൻറിയുടെ ശരീരഘടന തീരെ മെലിഞ്ഞതാവാൻ കാരണം ഈ പനിയായിരുന്നു.[3]

വീണ്ടും ഇന്ത്യയിൽ[തിരുത്തുക]

രോഗമുക്തനായ ഹെൻറി ഇളയ സഹോദരങ്ങളായ ജോണിനും, ഹൊണൊറിയക്കും ഒപ്പം 1829 സെപ്റ്റംബർ 2-ന് പോർട്ട്സ്മൗത്തിൽ നിന്ന് ഇന്ത്യയിലേക്ക് കപ്പൽ കയറി. ഇക്കാലത്ത് ജോണിനും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ബംഗാൾ പ്രെസിഡെൻസിയിൽ ജോലി ലഭിച്ചിരുന്നു.[3] 1830 ഫെബ്രുവരി 9-ന് ഇവർ ഇന്ത്യയിലെത്തി. ഹെൻറിക്ക്, ഡെൽഹിക്ക് വടക്കുള്ള കർണാലിലാണ് നിയമനം ലഭിച്ചത്. ഇക്കാലത്ത് സഹാരൺപൂരിൽ യമുനയിൽനിന്നും തുടങ്ങുന്ന കനാലിന്റെ ചുമതലക്കാരനും നികുതിപിരിവുകാരനുമായിരുന്ന തന്റെ സുഹൃത്ത് കോട്ലിയുമൊത്തുള്ള ഒരു മാസത്തെ സഹവാസം, ഗ്രാമീണ ഇന്ത്യയെ അടുത്തറിയുന്നതിന് ഹെൻറിയെ സഹായിച്ചു. ഗ്രാമീണമേഖലയിൽ പണിയെടുക്കണമെന്ന ആഗ്രഹം മൂലം കോട്ലിയുടെ സഹായിയായി ഒരു നിയമനത്തിന് ഹെൻറി ശ്രമിച്ചെങ്കിലും സാധിച്ചില്ല. 1831 സെപ്റ്റംബറിൽ മീറഠിൽ കുതിരപ്പടയിൽ പരിശീലനം നേടി. ഈ പരിശീലനത്തിനുശേഷം കാൺപൂരിൽ നിയമനം ലഭിച്ചു. 1832 ജൂലൈ 17-ന് ഉർദു, ഹിന്ദി, പേർഷ്യൻ ഭാഷകളുടെ പരീക്ഷ മികച്ച രീതിയിൽ വിജയിച്ച് ഇന്ത്യയിൽ പൊതുഭരണവിഭാഗത്തിൽ നിയമനം നേടാൻ പ്രാപ്തനായി.[4]

1832-നവസാനം ഹെൻറിയുടെ സൈനികസംഘത്തിന് കാൺപൂരിൽനിന്ന് കൽക്കത്തക്കടുത്തുള്ള ഡംഡമിലേക്ക് നീങ്ങാൻ ഉത്തരവ് കിട്ടി. ഈ നീക്കത്തിനിടയിൽ കൊടുങ്കാറ്റ് മൂലം അവർ സഞ്ചരിച്ചിരുന്ന തോണികൾ നശിക്കുകയും കുറച്ചുപേർ മരിക്കുകയും ചെയ്തു. സൈനികരുടെ ജീവൻ കാക്കാനുള്ള പരിശ്രമത്തിന് ഹെൻറിക്കും മറ്റൊരു ഉദ്യോഗസ്ഥനും ധീരതക്കുള്ള അംഗീകാരം ലഭിച്ചു.[4]

സർവേയർ ജോലിയിൽ[തിരുത്തുക]

1833 ജനുവരിയിൽ കാൺപൂരിലെ ഒരു പീരങ്കിശാലയിൽ പരിഭാഷകനായി ഹെൻറി നിയമിതനായി. അവിടെ അധികനാളുണ്ടായില്ല. സിംലയിൽ സഹോദരൻ ജോർജ് ശുപാർശചെയ്തതിനെത്തുടർന്ന് വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ അസിസ്റ്റന്റ് റെവന്യു സർവെയർ ആയി നിയമിതനായി. വിഖ്യാതമായ ഈ സർവേനടപടിയിൽ 1833 മുതൽ 38 വരെയുളള അഞ്ചുവർഷക്കാലം റോബർട്ട് ബേഡിനുകീഴിൽ ഹെൻറി ജോലി ചെയ്തു. മൊറാദാബാദ്, ഫത്തേഗഢ്, ഗോരക്പൂർ, അലഹബാദ് എന്നിവിടങ്ങളിൽ ഹെൻറി സർവേ നടത്തി. പുറത്ത് കൂടരങ്ങളിൽ കഴിഞ്ഞ് ഗ്രാമവാസികളുമായി ഇടപഴകാൻ അവസരം നൽകിയ ഈ ജോലി ഹെൻറി പ്രതീക്ഷിച്ച തരത്തിലുള്ളതായിരുന്നു.

സർവേ നടപടികൽ ചെലവുചുരുക്കി കൂടുതൽ വേഗത്തിൽ നടപ്പാക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ച് ഹെൻറി ശ്രദ്ധനേടി. സർവേ സംഘത്തിലെ ഏറ്റവും തഴക്കമുള്ളതും ചുറുചുറുക്കള്ളതുമായ ഉദ്യോഗസ്ഥനായിരുന്നു ഹെൻറി എന്നും മറ്റാരെക്കാളും നന്നായി സർവേ നടപടികൾ കൈകാര്യം ചെയ്തു എന്നും സദ്ദർ ബോർഡിന്റെ സെക്രട്ടറിയായിരുന്ന ഹെൻറി എലിയറ്റ്, വടക്കുപടിഞ്ഞാറൻ പ്രവിശ്യയുടെ ലെഫ്റ്റനന്റ് ഗവർണർക്ക് എഴുതിയിരുന്നു. 1835 ജൂണിൽ ഹെൻറിക്ക് പൂർണ സർവേയർ ആയി സ്ഥാനക്കയറ്റം ലഭിച്ചു.[4] ഈ ജോലിയിലിരിക്കുമ്പോൾ 1837-ൽ അദ്ദേഹം വിവാഹിതനായി.

രാഷ്ട്രീയ ഉദ്യോഗത്തിലേക്ക്[തിരുത്തുക]

1838-ൽ ഹെൻറി സർവേ ജോലികളിൽ മുഴുകിയിരിക്കുകയായിരുന്നെങ്കിലും അഫ്ഗാനിസ്ഥാനിലേക്ക് സമീപഭാവിയിലുണ്ടായേക്കാവുന്ന സൈനികനടപടികളെക്കുറിച്ച് അറിഞ്ഞ അദ്ദേഹം സൈന്യത്തിലേക്ക് നിയമനത്തിന് ശ്രമിച്ചു. തന്റെ മുൻകാല സൈനികവൃത്തികളിൽനിന്ന് വ്യത്യസ്തമായ ജോലിക്കായി ശ്രമിച്ച അദ്ദേഹം, കോർപ്സ് ഓഫ് ഗൈഡ്സ് എന്ന ഒരു സേനാവിഭാഗം ഉണ്ടാക്കാനും തന്നെ അതിന്റെ തലവനാക്കാനും അഭ്യർത്ഥിച്ച്, വിശദാംശങ്ങളടങ്ങിയ ഒരു പദ്ധതി 1838 ഓഗസ്റ്റിൽ തയ്യാറാക്കി സമർപ്പിച്ചെങ്കിലും അനുകൂലമായ നടപടികൾ മേലധികാരികളിൽ നിന്നുണ്ടായില്ല. ഈ പ്രദേശത്തെ ഹെൻറിയുടെ പരിചയക്കുറവായിരുന്നു പദ്ധതി തിരസ്കരിക്കപ്പെടാനുള്ള പ്രധാനകാരണം. 1838 ഒക്ടോബറിൽ ഹെൻറി അലഹബാദിൽ നിന്നും തന്റെ സൈനികകേന്ദ്രമായ കർണാലിലേക്ക് പോയി. ഈ വർഷം അവസാനം, അഫ്ഗാനിസ്താനിലേക്കുള്ള സൈന്യത്തോടൊപ്പം അന്നത്തെ ബ്രിട്ടീഷ് അതിർത്തിയായ ഫിറോസ്പൂരിലേക്കെത്തി. എന്നാൽ ഹെറാത്തിലെ പേർഷ്യൻ ആക്രമണം നിർത്തിയതിനാൽ അഫ്ഗാനിസ്ഥാനിലേക്കുള്ള ബ്രിട്ടീഷ് സൈന്യത്തിന്റെ അംഗബലം കുറച്ചിരുന്നു. അതുകൊണ്ട് സൈന്യത്തിന്റെ പാതി ഫിറോസ്പൂരിൽ തങ്ങിയിരുന്നു. ഹെൻറിയും ഇക്കൂട്ടത്തിൽ തുടരാൻ ഉത്തരവായി.

മുന്നോട്ടുപോകാനുള്ള സാധ്യതയടഞ്ഞതിനാൽ ഹെൻറി നിരാശനായി. അലഹബാദിലേക്ക് മടങ്ങേണ്ടി വരുമെന്നായപ്പോൾ അതിർത്തിയിൽത്തന്നെ ഒരു നിയമനത്തിന് അദ്ദേഹം ശ്രമമാരംഭിച്ചു. ലുധിയാനയിലെ രാഷ്ട്രീയ ഏജന്റായിരുന്ന ജോർജ് ക്ലർക്കിന്, ഫിറോസ്പൂരിലെ ഭരണനിർവഹണം നടത്തുന്നതിനായി ഒരു സഹായിയെ നിയമിക്കുന്നുവെന്നറിഞ്ഞ അദ്ദേഹം ആ നിയമനത്തിനു വേണ്ടി ശ്രമിക്കുകയും 1839 ജനുവരി 14-ന് ഈ നിയമനം ലഭിക്കുകയും ചെയ്തു. ഹെൻറിയും ഭാര്യ ഹൊണോറിയയും തുടക്കത്തിൽ വളരെ അവികസിതമായിരുന്ന ഫിറോസ്പൂരിലെ കോട്ടയിൽ ഒതുങ്ങിക്കൂടിക്കഴിഞ്ഞു. ജനലുകളോ നെരിപ്പോടോ ഇല്ലാത്ത ഇതിനെ പ്രാവിൻപൊത്തുകൾ എന്നാണ് ഹൊണോറിയ വിശേഷിപ്പിച്ചിരിക്കുന്നത്. 1840-ൽ പുതിയ കന്റോൺമെന്റ് പണിതതിനെത്തുടർന്ന് ഇവർക്ക് ഒരു വീട് കിട്ടി. അഫ്ഗാനിസ്ഥാനിലേക്കുള്ള ചരക്കുനീക്കങ്ങളുടെയും ഫിറോസ്പൂരിലെ ഖജനാവിന്റെയും ഭാരിച്ച ചുമതലയായിരുന്ന ഹെൻറിക്ക്. സർവേയിൽ ജോലിയെടുത്തതിനേക്കാൾ കുറഞ്ഞ ശമ്പളമായിരുന്നു ഹെൻറിക്ക് ഇവിടെ ലഭിച്ചിരുന്നത്. കുറഞ്ഞ വേതനത്തെക്കുറിച്ചും സഹായത്തിന് ആരുമില്ലാത്തതിനെക്കുറിച്ചും ഹെൻറി മേലുദ്യോഗസ്ഥർക്ക് പരാതിപ്പെട്ടെങ്കിലും ഫലമൊന്നുമുണ്ടായില്ല.

ഇക്കാലത്ത് ഫിറോസ്പൂരിന്റെ വികസനത്തിനുള്ള സുരക്ഷക്കുമുള്ള ശ്രമങ്ങളും ഹെൻറി നടത്തി. പഴയ കോട്ടയും മതിലുകളും ബലപ്പെടുത്തി. കൊത്തളങ്ങളിൽ പീരങ്കികൾ സ്ഥാപിച്ചു. പട്ടണമതിലുകളുടെയും കവാടങ്ങളുടെയും കേടുപാടുകൾ തീർത്തു. പട്ടണത്തിൽ ക്രമമായ പോലീസ് റോന്ത് ഏർപ്പെടുത്തി. ചന്തകളും മറ്റു കെട്ടിടങ്ങളും സ്ഥാപിച്ചു. പട്ടണത്തിനടുത്തുണ്ടായ കൃഷിക്കാരെയെല്ലാം ചുറ്റുമുള്ള പത്തൊമ്പത് ഗ്രാമങ്ങളിൽ മാറ്റിപ്പാർപ്പിച്ചു. കൃഷിക്കാർക്ക് ഏറ്റവും കുറഞ്ഞ നികുതിനിരക്ക് ഏർപ്പെടുത്തി. ഫിറോസ്‌പൂരൂം അതിന്റെ തെക്കുള്ള ഫരീദ്കോട്ടുമായുള്ള അതർത്തിതർക്കങ്ങൾ പരിഹരിച്ചു. പട്ടണത്തിനു കിഴക്കുഭാഗത്തുണ്ടായിലുന്ന ഉപയോഗമില്ലാത്ത ഭൂമി ആളുകൾക്ക് നൽകി, അവിടെ കെട്ടിടങ്ങൾ പണിയാനും കൃഷിനടത്താനും പൂന്തോട്ടങ്ങൾ നിർമ്മിക്കാനും പ്രോത്സാഹിപ്പിച്ചു. ഹെൻറി ഇക്കാലത്തും അഫ്ഗാനിസ്ഥാനിൽ നിയമനത്തിനുവേണ്ടി ശ്രമം നടത്തിയെങ്കിലും ലഭിച്ചില്ല.[5]

അഫ്ഗാനിസ്താനിലേക്ക്[തിരുത്തുക]

1841 അവസാനത്തോടെ അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുതുടങ്ങി. കാബൂളിലെ ബ്രിട്ടീഷ് രാഷ്ട്രീയപ്രതിനിധിയായിരുന്ന അലക്സാണ്ടർ ബർണസിന്റെ മരണശേഷം, മേലുദ്യോഗസ്ഥരിൽ നിന്ന് വ്യക്തമായി ഉത്തരവുകൾ ലഭിക്കാതായപ്പോൾ ഹെൻറിയുടെ മേലുദ്യോഗസ്ഥനായ ജോർജ് ക്ലെർക്ക്, സ്വന്തം നിലക്ക് സിഖുകാരിൽനിന്നും സഹായമഭ്യർത്ഥിക്കുകയും ഖൈബറിനപ്പുറത്തുള്ള ബ്രിട്ടീഷ് സേനക്ക് സഹായമെത്തിക്കാനായി ബ്രിഗേഡിയർ വൈൽഡിന്റെ നേതൃത്വത്തിൽ തദ്ദേശീയരടങ്ങിയ നാല് കാലാൾപ്പട റെജിമെന്റുകളെ പെഷവാറിലേക്ക് നിയോഗിച്ചു. ഈ സേനയുടെ സാധനസാമഗ്രികൾ എത്തിക്കുന്നതിന് സത്ലുജിന് കുറുകെ ഒരു പാലം ഹെൻറി നിർമ്മിച്ചിരുന്നു. ഹെൻറിയെ പെഷവാർ വരെ മുന്നോട്ടുനീങ്ങാനും അനുവദിച്ചു. ഹെൻറിയെ പെഷവാറിലെ രാഷ്ട്രീയപ്രതിനിധിയായി നിയമിക്കുകയും ചെയ്തു. 1841 ഡിസംബർ 16-ന് ഹെൻറി ഫിറോസ്പൂർ വിട്ടു. പന്ത്രണ്ടുദിവസത്തെ യാത്രക്കുശേഷം പെഷവാറിലെത്തി. അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മേജർ എഫ്. മാക്കിസണെ സഹായിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ചുമതല. കുറച്ചുദിവസത്തിനകം കാബൂളിലെ പ്രതിനിധിയായ മക്നാട്ടൻ കൊല്ലപ്പെടുകയും അഫ്ഗാനിസ്താനിലെ നില അതീവഗുരുതരമാകുകയും ചെയ്തു.

ഇക്കാലത്ത് സിഖുകാർക്കുവേണ്ടി പെഷവാർ ഭരിച്ചിരുന്നത് ക്രൂരതക്ക് പേരുകേട്ട ജനറൽ പാവ്ലോ ഡി അവിറ്റബൈൽ ആയിരുന്നു. തന്റെ മേലധികാരികളുടെ ആജ്ഞയനുസരിച്ച് അവിറ്റബൈൽ ബ്രിട്ടീഷുകാരോട് കാര്യമായി സഹരിച്ചിരുന്നില്ല. അന്ന് ഖൈബർ ചുരത്തിന്റെ പെഷവാർ ഭാഗത്ത് മുന്നോട്ട് നീങ്ങാനാവാതെ നിലയുറപ്പിച്ചിരുന്ന ബ്രിഗേഡിയർ വൈൽഡിന് ആയുധങ്ങൾ നൽകാനും അവിറ്റബൈൽ വിസമ്മതിച്ചു. ഖൈബറിനപ്പുറത്ത് ജലാലാബാദിലാകട്ടെ, ജനറൽ സർ റോബർട്ട് സേൽ, അവിടത്തെ രാഷ്ട്രീയപ്രതിനിധിയായിരുന്ന മക്ഗ്രിഗർ എന്നിവർ പെഷവാറിൽ നിന്നുള്ള സഹായത്തിന് കാത്തിരിക്കുകയുമായിരുന്നു. ആയുധങ്ങൾ സംബന്ധിച്ച പ്രശ്നം ഹെൻറി രമ്യമായി പരിഹരിക്കുകയും ചുരം കടക്കുന്നതിന് അഫ്രീദികളുമായി മാക്കിസൺ ധാരണയിലെത്തുകയും ചെയ്തു.എന്നാൽ സിഖുകാരുടെ ഒരു റെജിമെന്റിൽ ശമ്പളം വർദ്ധിപ്പിക്കുന്നതിനും തണുപ്പിനായുള്ള വസ്ത്രങ്ങൾക്കുമായി പ്രതിഷേധമുയർന്നു. ഹെൻറിയുടെ നേതൃത്വത്തിൽ ഈ പ്രശ്നത്തിനും പരിഹാരമുണ്ടാക്കി. എങ്കിലും ഖൈബറിനപ്പുറത്ത് അഞ്ചു മൈൽ ഉള്ളിലുള്ള അലി മസ്ജിദ് എന്ന ഗ്രാമത്തിൽ ഒരു കുന്നിൻപുറത്ത് കുടുങ്ങിയിരുന്ന ബ്രിട്ടീഷ് സൈനികർക്ക് അടിയന്തരസഹായമെത്തിക്കാനുള്ള വൈൽഡിന്റെ രണ്ടു ശ്രമങ്ങളും പ്രധാനമായും സിഖ് സേനയിലെ ഓൾ-മുസ്ലീം നജീബ് ബറ്റാലിയന്റെ നിസഹകരണം മൂലം പരാജയപ്പെട്ടു. ഇതിനിടെ അഫ്ഗാനിസ്താനിലുണ്ടായിരുന്ന ഹെൻറിയുടെ ഭാര്യാസഹോദരൻ ജോൺ മാർഷൽ കൊല്ലപ്പെടുകയും തന്റെ മൂത്ത സഹോദരൻ ജോർജ് തടവിലാണെന്നും ഹെൻറിക്ക് വിവരം ലഭിച്ചു.

1842 ജനുവരിയിലെ മരണയാത്ര എന്നറിയപ്പെടുന്ന ബ്രിട്ടീഷ് സേനാപിന്മാറ്റദുരന്തത്തിനുശേഷം 1842 ഫെബ്രുവരിയിൽ മേജർ ജനറൽ ജോർജ് പൊള്ളോക്കും കൂടെ ഒരു വലിയ സൈനികസംഘവും പെഷവാറിലെത്തി. ഏപ്രിൽ തുടക്കം വരെ അദ്ദേഹം അവിടെ ചെലവഴിച്ചതിനുശേഷമാണ് അദ്ദേഹം മുന്നോട്ടു നീങ്ങിയത്. ഹെൻറിക്ക് സൈന്യത്തോടൊപ്പം കുറഞ്ഞത് ജലാലാബാദ് വരെയെങ്കിലും സഞ്ചരിക്കണമെന്നുണ്ടായിരുന്നെങ്കിലും സൈന്യത്തിന് വിഭവപിന്തുണ നൽകുന്നതിന് പെഷവാറിൽ തുടരാൻ നിയോഗിക്കപ്പെട്ടു. ഹെൻറിക്ക് ഇക്കാലത്ത് ഒന്നിന്റെയും വ്യക്തമായ ചുമതലയുണ്ടായിരുന്നില്ലെങ്കിലും വളരെ തിരക്കേറിയ ജീവിതമായിരുന്നു നയിച്ചിരുന്നത്. പെഷവാറിലെ സൈന്യത്തിനുള്ള വിഭവനീക്കം നടത്തുക, ഖൈബറിലെ വരാനിരിക്കുന്ന ആക്രമണത്തിനായി വിഭവസമാഹരണം നടത്തുക, ചരക്കുനീക്കത്തിന് മൃഗങ്ങളെ വാങ്ങുക, ആയുധങ്ങൾ കേടുപാട് തീർക്കുക, ഭഷണസാധനങ്ങൾ ശേഖരിക്കുക, തുടങ്ങിയവയിലെല്ലാം അദ്ദേഹം വ്യാപൃതനായിരുന്നു. ഇതിനു പുറമേ പെഷവാറിനും അതിനപ്പുറത്തുമുള്ള സ്ഥിതിഗതികളെക്കുറിച്ചുള്ള സന്ദേശങ്ങൾ ആസ്ഥാനത്തേക്കയച്ചുകൊണ്ടുമിരുന്നു. 1842 ഏപ്രിലിൽ പൊള്ളോക്ക് ഖൈബർ കടക്കാൻ തുടങ്ങിയപ്പോൾ മാക്കിസണെ കൂടെക്കൊണ്ടുപോകാൻ നിശ്ചയിക്കുകയും ഹെൻറിയോട് പെഷവാറിൽ തുടരാൻ നിർദ്ദേശിക്കുകയും ചെയ്തത് ഹെൻറിയെ നിരാശനാക്കി. ഇത് പരസ്പരം പഴിചാരുന്നതിലേക്കും കാര്യങ്ങളെത്തിച്ചു. എന്നാൽ ഇരുവരുടെയും പിന്തുണ വിലമതിക്കാനാവത്തതാണെന്ന് പൊള്ളോക്ക് ഗവർണർ ജനറലിന് കത്തെഴുതിയിരുന്നു.

പൊള്ളോക്കിന്റെ സേനക്ക് പിന്നണിപ്പിന്തുണ നൽകിയിരുന്ന ഗുലാബ് സിങ്, അവിറ്റബൈൽ, മഹ്താബ സിങ് എന്നിവരുടെ സൈനികഘടകങ്ങളുടെ ചുമതലയായിരുന്നു തുടർന്ന് ഹെൻറിക്കുണ്ടായിരുന്നത്. രഞ്ജിത് സിങ്ങിന്റെ പുത്രൻ ഷേർ സിങ്ങിന്റെ നിർദ്ദേശപ്രകാരമാണ് ബ്രിട്ടീഷുകാരെ സഹായിക്കാൻ ജനുവരിയിൽ ജമ്മുവിലെ രാജ ഗുലാബ് സിങ്ങും സൈന്യവും പെഷവാറിലെത്തിയത്. സിഖ് സൈനികരിൽനിന്നുള്ള മുൻകാല അനുഭവത്തിന്റെ പശ്ചാത്തലത്തിൽ ഗുലാബ് സിങ്ങിന്റെ സൈന്യത്തെക്കൊണ്ട് കാര്യമായ ഉപകാരമുണ്ടാകില്ലെന്നാണ് ഹെൻറി കരുതിയത്. ഗുലാബ് സിങ്ങിന് ബ്രിട്ടീഷ് ബന്ധത്തേക്കാൾ, ജമ്മു ഡോഗ്രകളും തിബറ്റുമായുള്ള പ്രശ്നത്തിനാണ് കൂടുതൽ താൽപര്യവുമെന്ന് അദ്ദേഹം കരുതി. എന്നാൽ സൈനികമുന്നേറ്റം പുരോഗമിച്ചപ്പോൾ ഗുലാബ് സിങ് ഏറെ ഉപകാരമുള്ളയാളാണെന്ന് ഹെൻറിക്ക് മനസ്സിലാകുകയും ഇത് ഗുലാബ് സിങ്ങുമായുള്ള ചങ്ങാത്തത്തിനും വഴിതെളിച്ചു.

എന്നാൽ സേനാമുന്നേറ്റം പുരോഗമിക്കുന്നതിനിടയിൽ ഏപ്രിൽ അവസാനത്തോടെ ഹെൻറിയുടെ കുതിര അലി മസ്ജിദിനടുത്തുവച്ച് വീഴുകയും അദ്ദേഹത്തിന്റെ കാലൊടിയുകയും ചെയ്തു. മേയ് തുടക്കത്തിൽ അദ്ദേഹം എഴുതാൻ പോലും കഴിവില്ലാത്തവനായി തളർന്നിരുന്നു. തടവിലുള്ള തന്റെ സഹോദരനെക്കുറിച്ചുള്ള വ്യാധിയും അദ്ദേഹത്തെ അലട്ടി. മുൻനിരയിലുള്ള പോള്ളോക്കിന്റെ ആവശ്യങ്ങളും ഒപ്പമുള്ള സിഖ് സൈനികരുടെയും അതിർത്തിയിലെ അഫ്രീദികളുടെയും ആവശ്യങ്ങളും പിന്നിൽ മേലുദ്യോഗസ്ഥരിൽനിന്നുള്ള നിയന്ത്രണങ്ങളും കൂട്ടിമുട്ടിച്ചുകൊണ്ടുപോകാൻ ഹെൻറി ഇക്കാലത്ത് വളരെ വിഷമിച്ചു. ജാംറൂദിൽ വച്ച് ഒരു സിഖ് സൈനികൻ ഹെൻറിയെ കല്ലെറിയുകവരെ ചെയ്തു. പെഷവാറിലേത് വളരെ വിഷമകരമായ കാലയളവായിരുന്നു എന്ന് അദ്ദേഹം വിലയിരുത്തിയിട്ടുണ്ട്.

ജൂണിൽ ലഡാക്കിലെ ഡോഗ്രകളുടെ തോൽവിയെക്കുറിച്ചറിഞ്ഞ ഗുലാബ് സിങ് ജമ്മുവിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ സൈനികർ ജലാലാബാദിലെത്തിയിരുന്നതിനാൽ നിയന്ത്രണം ബുദ്ധിമുട്ടിലായി. അതുകൊണ്ട് പൊള്ളോക്ക്, ഹെൻറിയെ ജലാലാബാദിലേക്ക് വിളിപ്പിച്ചു. ഇതോടെ സിഖ് സൈനികഘടകങ്ങളുടെ നേതൃത്വം ഹെൻറിയുടെ ചുമതലയിലായി. ഇക്കാലത്ത്, തടവുകാരെ വിട്ടയക്കുന്നതിനുള്ള ചർച്ചകൾക്കായി ജലാലാബാദിലേക്ക് കൊണ്ടുവന്ന തടവുകാർക്കൊപ്പം ഹെൻറി, തന്റെ സഹോദരനെ അൽപസമയത്തേക്ക് കണ്ടുമുട്ടി. ജോർജിനു പകരം താൻ തടവിൽപ്പോകാം എന്നു ഹെൻറി നിർദ്ദേശിച്ചില്ലെങ്കിലും അയാൾ അതിനു സമ്മതിച്ചില്ല. ജോർജ്ജ് തിരികെ തടവിൽപ്പോയി.

ഒന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ 1842 ഓഗസ്റ്റിൽ പൊള്ളോക്കും സംഘവും കാബൂളിലേക്ക് മുന്നേറുകയും, ഹെൻറിക്ക് തന്റെ സിഖ് സൈനികഘടകങ്ങളുമായി അവരെ അനുഗമിക്കേണ്ടതായി വരുകയും ചെയ്തു. 200 സിഖ് കുതിരക്കാരോടും, 300 കാലാളുകളോടും ഒപ്പം പ്രത്യേകമായി തിരിച്ച ഹെൻറി, പൊള്ളോക്കിന്റെ പ്രധാനസൈന്യത്തോടോപ്പം ഓഗസ്റ്റ് 30-ന് ചേരുകയും കാര്യമായ പോരാട്ടങ്ങൾക്കു ശേഷം സെപ്റ്റംബർ 16-ന് കാബൂളിൽക്കടക്കുകയും ചെയ്തു. യുദ്ധത്തിലെ സേവനങ്ങളുടെ പേരിൽ ഏറെ പ്രശംസക്ക് പാത്രമായി. 1843 മാർച്ചിൽ അഫ്ഗാനിസ്താനിൽ നിന്നും തിരികെപ്പോന്നു. 1843 ഡിസംബറിൽ ഹെൻറിയും ജോർജും ഫിറോസ്പൂരിലെത്തി. ഒന്നാം ആംഗ്ലോ അഫ്ഗാൻ യുദ്ധം, രാഷ്ട്രീയഏജന്റ് എന്ന നിലയിലും സൈനികൻ എന്ന നിലയിലും ഹെൻറിക്ക് കഴിവുതെളിയിക്കാൻ കഴിഞ്ഞ മികച്ച അവസരമായിരുന്നു.[5]

തിരിച്ചടികൾ[തിരുത്തുക]

ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിന്റെ പേരിൽ പ്രശംസക്ക് പാത്രമായെങ്കിലും ഇതിന് അർഹമായ അംഗീകാരങ്ങൾ ലഭിക്കുന്നതിന് പല തടസങ്ങളും നേരിട്ടു. 1843-ൽ ഡെറാഡൂണിൽ സൂപ്രണ്ടായി ഹെൻറിക്ക് നിയമനം കിട്ടി. എന്നാൽ ഐ.സി.എസ്. ലഭിച്ച സിവിലിയനു മാത്രമേ ഈ നിയമനം നൽകാവൂ എന്ന നിയമമുള്ളതിനാൽ ഉടനേതന്നെ തിരിച്ചുവിളിക്കപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സൈനികപ്രകടത്തിന് ഓഡർ ഓഫ് ദ ബാത്ത് പുരസ്കാരത്തിനു വേണ്ടി പരിഗണിക്കുമ്പോഴും ഇത്തരത്തിൽ തിരിച്ചടി നേരിട്ടു. ഹെൻറി നയിച്ചത് ഒരു വൈദേശികസഹായകസേനയെ മാത്രമാണെന്ന പേരിൽ ഇതും ലഭിച്ചില്ല.[6] ഇക്കാലയളവിലും ഹെൻറിയെയും കുടുംബത്തെയും ആരോഗ്യപ്രശ്നങ്ങൾ അലട്ടിക്കൊണ്ടിരുന്നു.

അംബാല, കൈഥൽ[തിരുത്തുക]

1843-ൽ രണ്ടുമാസത്തേക്കുള്ള ഒരു താൽക്കാലികനിയമനം ഹെൻറിക്ക് അംബാലയിൽക്കിട്ടി. തുടർന്ന് ആറുമാസം കൈഥലിലെ വിമതപ്രശ്നം കൈകാര്യം ചെയ്യുന്നതിന് നിയോഗിക്കപ്പെടുകയും ചെയ്തു. കൈഥലിലെ രാജാവ് അവകാശിയില്ലാതെ മരിച്ചപ്പോൾ കരാർ പ്രകാരം രാജ്യം അവരുടേതാണെന്ന് ബ്രിട്ടീഷുകാർ അവകാശപ്പെടുകയും, അന്നാട്ടിലെ വിമതർ അത് എതിർക്കുകയും ചെയ്തു. കൈഥലിലെ ബ്രിട്ടീഷ് നിയന്ത്രണം നഷ്ടപ്പെട്ടിരിക്കുന്ന വേളയിൽ, വിമതരെ അമർച്ചചെയ്യാൻ ഹെൻറി നിയോഗിക്കപ്പെട്ടു. ഈ നടപടിക്കിടയിൽ കൂടുതൽ സൈനികർക്കുവേണ്ടി കർണാലിലെത്തിയ ഹെൻറി, അന്ന് അവിടെ നിയമിക്കപ്പെട്ടിരുന്ന സഹോദരനായ ജോണിനെക്കണ്ടുമുട്ടി. തുടർന്ന്, ഹെൻറിയുടെ കൈഥലിലെ നടപടികളിൽ ജോണും പങ്കുകൊണ്ടു.[5][6]

നേപ്പാളിലെ റെസിഡന്റ്[തിരുത്തുക]

ഹെൻറിയുടെ 1840-50 കാലയളവിലെ ഒരു ചിത്രം

1843-ൽ ഹെൻറിയും ഹൊണോറിയയും ഇംഗ്ലണ്ടിലേക്കുള്ള മടക്കയാത്രയെക്കുറിച്ച് ആലോചിക്കുമ്പോഴാണ് എല്ലൻബറോ പ്രഭു, ഒക്ടോബറിൽ നേപ്പാളിലെ റെസിഡന്റായി ഹെൻറിയെ നിയമിക്കുന്നത്. രഞ്ജിത് സിങ്ങിന്റെ പിൻഗാമികൾ തമ്മിലുള്ള കിടമൽസരവും ഖൽസ സേനയുടെ ഉയർച്ചയുമെല്ലാം മൂലം ബ്രിട്ടീഷ് സേനക്ക് പഞ്ചാബിൽ ഉടനെ ഇടപെടേണ്ടിവരുമെന്ന് മുന്നിൽക്കണ്ട ഹെൻറി, പഞ്ചാബിൽത്തുടരാനാണ് ആഗ്രഹിച്ചത്. എന്നാൽ നേപ്പാളിലെ ജോലിക്ക് പ്രതിമാസം 3500 രൂപ എന്ന ഉയർന്ന ശമ്പളമുണ്ടായിരുന്നു. താൻ ഏറെനാൾ ബന്ധപ്പെട്ടുകിടന്ന ഇന്ത്യയിൽനിന്ന് അകന്നുപോകണം എന്ന ബുദ്ധിമുട്ടുണ്ടായെങ്കിലും തന്റെ തൽക്കാലപ്രശ്നങ്ങൾക്കെല്ലാം ഉടനടിയുള്ള പരിഹാരം എന്ന നിലക്ക് അദ്ദേഹം നേപ്പാളിലെ തസ്തിക സ്വീകരിച്ചു. 1843 നവംബറിൽ കർണാലിലെത്തി ജോണും കുടുംബവുമായി ചെലവഴിച്ചതിനു ശേഷം ഈ മാസം തന്നെ ഹെൻറിയും ഹൊണോറിയയും കാഠ്മണ്ഡുവിലെത്തി. നേപ്പാളിലേക്ക് കടക്കാനനുവദിക്കപ്പെട്ട ആദ്യ യൂറോപ്യൻ വനിതയായിരുന്നു ഹൊണോറിയ.

തന്റെ മുൻഗാമിയായിരുന്ന ബ്രയാൻ ഹോഡ്ജ്സണിന്റെ നടപടികളിൽനിന്നും വ്യത്യസ്തമായി, നേപ്പാളികളെ അവരുടെ ഇഷ്ടപ്രകാരം ഭരിക്കാൻവിട്ടുകൊണ്ടുള്ള പരമ്പരാഗതമായ മിതമായ ഇടപെടൽ എന്ന ശൈലി പിന്തുടരാനാണ് ഗവർണർ ജനറലായ എല്ലൻബറോ പ്രഭു ഹെൻറിയോട് നിർദ്ദേശിച്ചത്. ഹെൻറിയുടെ കാഠ്മണ്ഡുവിലെ വാസക്കാലത്തുടനീളം രാജേന്ദ്രരാജാവ്, രാജ്ഞി, അവരുടെ മകൻ, മന്ത്രിയായ മതാബർ സിങ്, എന്നിവരുടെയിടയിൽ സങ്കീർണയായ അധികാരവടംവലി നടക്കുകയായിരുന്നു. നേപ്പാൾ രാഷ്ട്രീയത്തിലേക്ക് തന്നെ വലിച്ചിഴക്കാനുള്ള രാജകുമാരന്റെയും മതാബർ സിങ്ങിന്റെയും ശ്രമങ്ങളെ ഹെൻറി പ്രതിരോധിക്കുകയും തന്റെ മേലധികാരിയുടെ നിർദ്ദേശപ്രകാരം അവശ്യസന്ദർഭങ്ങളിൽ ഉപദേശം നൽകുക മാത്രം ചെയ്തു.

ദർബാർ-വിദേശ നയങ്ങൾ അത്ര ശരിയല്ലെങ്കിലും ഭരണാധികാരികൾ എന്ന നിലയിൽ നേപ്പാൾ രാജാക്കൻമാർ അതികേമൻമാരാണെന്നാണ് ഹെൻറി വിലയിരുത്തിയത്. തന്രെ ഉദ്യോഗക്കാലത്ത് രാജ്യത്തെവിടെയും രാജാവിനെതിരെ യാതൊരെതിർപ്പും ഉയർന്നിരുന്നില്ലെന്നും എവിടെയും കാണാത്തതരം സന്തോഷഭരിതരായ കൃഷിക്കാരെയാണ് ഇവിടെക്കാണാനാകുക എന്നും ഹെൻറി കൂട്ടിച്ചേർക്കുന്നു.

നേപ്പാളിൽ തനിക്ക് ഒന്നും ചെയ്യാനില്ലെന്ന പരാതിയായിരുന്നു ഹെൻറിക്ക് എപ്പോഴുമുണ്ടായിരുന്നത്. ഏകാന്തത അദ്ദേഹത്തെ കുഴക്കി. സംസാരിക്കാൻ പോലും ഡോക്ടറും ഭാര്യയുംമാത്രമേ ഉണ്ടായിരുന്നുള്ളൂ. പഞ്ചാബിലേക്ക് മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. സിഖ് ഖൽസ സേനയുടെ വിശദാംശങ്ങളെക്കുറിച്ചും സത്ലുജ് കടന്നുള്ള ബ്രിട്ടീഷ് ആക്രമണത്തിന്റെ വിജയസാധ്യതയെക്കുറിച്ചും ആരാഞ്ഞ് 1844-ൽ മുതിർന്ന ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥർ അഭിപ്രായമാരാഞ്ഞപ്പോൾ ഹെൻറി സന്തോഷഭരിതനായി. ആവശ്യമായ ബ്രിട്ടീഷ് സേനാംഗങ്ങളുടെ കണക്ക്. എതിരാളികളുടെ എണ്ണം, സ്വഭാവം, ചരക്കുനീക്കത്തിനാവശ്യമായ വാഹനങ്ങൾ, വഞ്ചികൾ എന്നിവയുടെ എണ്ണം, സത്ലുജിലെ കടവുകൾ, പഞ്ചാബിലെ കോട്ടകളുടെയും പട്ടണങ്ങളുടെയും ശക്തിദൗർബല്യങ്ങൾ തുടങ്ങിയവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിശദമായ മറുപടി ഹെൻറിയെഴുതി. പണ്ടത്തെപ്പോലെ കോപ്സ് ഓഫ് ഗൈഡ്സ് എന്ന സേന രൂപീകരിക്കുന്നതിനും അദ്ദേഹം അനുമതിതേടി. ലെന സിങ് മജിതിയ, ഗുലാബ് സിങ് തുടങ്ങിയ, ബ്രിട്ടീഷുകാരെ സഹായിക്കാൻ സാധ്യതയുള്ള നാട്ടുരാജാക്കന്മാരെക്കുറിച്ചുമുള്ള വിവരങ്ങൾ അദ്ദേഹം ഉൾക്കൊള്ളിച്ചു.

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം പഞ്ചാബ് ഭരണത്തിന്റെ തലപ്പത്തേക്ക് ഹെൻറിയെ പരിഗണിക്കുന്നതിന് ഈ റിപ്പോർട്ടുകൾ സഹായകരമായി. പഞ്ചാബിൽ യുദ്ധം നടക്കുകയാണെങ്കിൽ ഹെൻറിക്ക് മാന്യമായ ഒരു സ്ഥാനം നൽകുമെന്ന് അന്നത്തെ ഗവർണർ ജനറലായ ഹാർഡിഞ്ചിന്റെ വിദേശകാര്യസെക്രട്ടിറിയായിരുന്ന ഫ്രെഡറിക് ക്യൂറി ഉറപ്പുകൊടുത്തിരുന്നു.

പഞ്ചാബിൽ നിയമനം ലഭിച്ചതോടെ, 1846-ജനുവരിയിൽ ഹെൻറി നേപ്പാളിലെ ഉദ്യോഗം വിട്ടു. ഇതിനുമുമ്പേ, 1845 ഒക്ടോബറിൽത്തന്നെ രോഗബാധിതയായ ഭാര്യ ഹൊണോറിയ നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. കാര്യമായ ചുമതലകളില്ലാതിരുന്ന നേപ്പാളിലെ ഉദ്യോഗക്കാലത്ത് ഭാര്യ ഹൊണോറിയയുടെ സഹായത്തോടെ ഹെൻറി ധാരാളം രചനകൾ നിർവഹിച്ചിരുന്നു.[6]

പഞ്ചാബിലെ റെസിഡൻസി കാലഘട്ടം[തിരുത്തുക]

1845-46 കാലത്തെ ഒന്നാം ആംഗ്ലോ-സിഖ് യുദ്ധത്തോടെ പഞ്ചാബിൽ ബ്രിട്ടീഷ് നിയന്ത്രണം ആരംഭിച്ചു. ഈ യുദ്ധത്തിന്റെ ഭാഗമായ ഫിറോസ്ശഹർ പോരാട്ടത്തിൽ 1845 ഡിസംബർ 21-ന് പഞ്ചാബിലെ രാഷ്ട്രീയ ഏജന്റായിരുന്ന ജോർജ് ബ്രോഡ്ഫുട്ട് മരണമടഞ്ഞു. ഇതോടെ ഹെൻറിയെ പഞ്ചാബിലെ രാഷ്ട്രീയ ഏജന്റായി അവിടേക്ക് വിളിപ്പിച്ചു. യുദ്ധത്തിലെ നിർണ്ണായകപോരാട്ടമായ സൊബ്രാവ് പോരാട്ടം നടക്കുന്നതിനുമുമ്പുതന്നെ, 1846 ഫെബ്രുവരി 4/5-ന്, ഹെൻറി സൊബ്രാവിലെത്തി. യുദ്ധവിജയത്തിനുശേഷം പഞ്ചാബിന്റെ വിദേശബന്ധകാര്യ പ്രതിനിധിയായി ലാഹോർ ഏറ്റെടുക്കുന്നതിനുള്ള സൈന്യത്തോടൊപ്പം ലാഹോറിലേക്ക് നീങ്ങി.

യുദ്ധാനന്തരം പഞ്ചാബിന്റെ ഭരണം ഹെൻറിയുടെ കൈകളിലെത്തി. ഏജന്റ് സ്ഥാനത്തുനിന്ന് റെസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടു. യുദ്ധത്തിൽ ബ്രിട്ടീഷുകാർക്ക് ലഭിച്ച ജലന്ധർ ദൊവാബിന്റെ ചീഫ് കമ്മീഷണർ ആയി സഹോദരൻ ജോൺ ലോറൻസ് നിയമിക്കപ്പെട്ടു. മൂത്ത സഹോദരനായ ജോർജ് ലോറൻസ് ഹെൻറിയുടെ സ്പെഷ്യൽ അസിസ്റ്റന്റായും നിയമിക്കപ്പെട്ടു. ജോർജിന് പെഷവാർ, ഹസാര, ദേരാദാത് എന്നിവയുടെ ചുമതല നൽകി.

ലാഹോറിലെത്തിയ ഹെൻറി, അവിടെ അനാർക്കലി പ്രദേശത്തെ വെഞ്ചുറ ഹൗസ്, അനാർക്കലി ശവകുടീരം എന്നിവ ബ്രിട്ടീഷ് റെസിഡന്റിന്റെ കാര്യാലയമാക്കി മാറ്റി. 1846 ഫെബ്രുവരി മാർച്ച് കാലഘട്ടത്തിൽത്തന്നെ അനാർക്കലി പ്രദേശത്ത് ബാരക്കുകളും മറ്റനവധി നിർമ്മാണപ്രവർത്തനങ്ങളും ബ്രിട്ടീഷ് സൈനികർക്കും ഉദ്യോഗസ്ഥർക്കും വേണ്ടിയായി നടത്തി. നഗരത്തിലെ അഴുക്കുചാലുകൾ പാതകളും വൃത്തിയാക്കിയെടുക്കുകയും ചെയ്തു.

പഞ്ചാബിലെ ഭരണമേറ്റതോടെ ദർബാറിലെ പ്രഭുക്കൻമാരുടെ കാഴ്ചസമർപ്പിക്കൽ പോലുള്ള പരമ്പരാഗതരീതികളുമായി ഒത്തുചേർന്ന് അത് രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുക എന്ന ഭരണതന്ത്രമാണ് ഹെൻറി പിന്തുടർന്നത്. പഞ്ചാബിന്റെ ഏജന്റ് എന്ന നിലയിലുള്ള തന്റെ ഭരണനിർവഹണത്തിന് യൂറോപ്യന്മാരും തദ്ദേശീയരും അടങ്ങിയ ഗുമസ്തന്മാരും അക്കൗണ്ടന്റുമാരും എഴുത്തുകാരും അടങ്ങിയ ഒരു ചെറിയ സംഘമാണ് ഹെൻറിക്കുണ്ടായിരുന്നത്. ലാഹോറിലെയും മറ്റു പ്രവിശ്യാനഗരങ്ങളിലെയും പത്രമെഴുത്തുകാരെ ഇന്റലിജൻസിനായി അദ്ദേഹം ആശ്രയിച്ചു. ഈ സമയത്ത് റാണി ജിന്ദൻ കൗർ, രാജാവ് ദലീപ് സിങ്ങിനുവേണ്ടി രാജസ്ഥാനം വഹിക്കുകയും രാജാ ലാൽ സിങ് അവരുടെ മന്ത്രിയും ആയിരുന്നു. ലാഹോർ സമാധാനസന്ധിയനുസരിച്ച് ഹെൻറിയുടെ (റെസിഡന്റിന്റെ) നിർദ്ദേശവും ഉപദേശവും അനുസരിച്ചായിരിക്കണം ലാൽസിങ് ഭരണം നടത്തേണ്ടിയിരുന്നത്. സിസ്-സത്ലുജ് പ്രദേശങ്ങളുടെ അധികാരമുള്ള ഫിറോസ്പൂരിലെ കമ്മീഷണറായിരുന്ന മേജർ എഫ്. മാക്കിസൺ, ട്രാൻസ്-സത്ലുജ് പ്രദേശത്തിന്റെ ചുമതലയുണ്ടായിരുന്ന ജലന്ധർ കമ്മീഷണർ ജോൺ ലോറൻസ്, സംരക്ഷിത വനനാടുകളുടെ (Protected hill states) ചുമതലയുണ്ടായിരുന്ന സിംലയിലെ സബ്-കമ്മീഷണറായിരുന്ന ജെ.സി. എർസ്കിൻ (Erskine) എന്നിവരും ഹെൻറിയുടെ കീഴിലായിരുന്നു. ക്യാപ്റ്റൻ ജെയിംസ് അബ്ബോട്ട്, ക്യാപ്റ്റൻ എ. ബ്രൂം, ലെഫ്റ്റനന്റ് ജോൺ നിക്കോൾസൺ എന്നീ മൂന്ന് പെഴ്സണൽ അസിസ്റ്റന്റുമാരും മറ്റു 18 സഹായികളും ഹെൻറിക്കുണ്ടായിരുന്നു. ഇതിൽ പത്തുപേർ സൈന്യത്തിൽ നിന്ന് രാഷ്ട്രീയജോലിയിലേക്ക് വന്നവരായിരുന്നു.

പ്രവിശ്യകളിൽ പെഷവാറിലും ഹസാരയിലും ബ്രിട്ടീഷുകാരുടെ നേരിട്ടുള്ള ഭരണമായിരുന്നു. തദ്ദേശപ്രഭുക്കൻമാരാൽ ഭരിക്കപ്പെട്ടിരുന്ന മറ്റിടങ്ങളിൽ തന്റെ ഉദ്യോഗസ്ഥരെ അയച്ച് നികുതി നിർണ്ണയിക്കുകയും ക്രമസമാധാനനില നേരെയാക്കുകയും തദ്ദേശപ്രഭുക്കന്മാരുമായി ചർച്ചകൾ നടത്തി അവിടങ്ങളിലെ ഭരണം സ്ഥിരതയുണ്ടാക്കുകയും ലാഹോറുമായുള്ള വിധേയത്വം ഉറപ്പാക്കുകയും ആവശ്യമുള്ളിടത്ത് അതിർത്തികൾ നിർണ്ണയിക്കുകയും ചെയ്തു. ഇതിനായി തന്റെ ഉദ്യോഗസ്ഥരെ നിരന്തരം പലയിടങ്ങളിലേക്കായി ഹെൻറി നിയോഗിച്ചുകൊണ്ടിരുന്നു.

1846 ഏപ്രിലിൽ ജോൺ ലോറൻസിന്റെ നിയന്ത്രണത്തിലുള്ള സിസ്-സത്ലുജ് പ്രദേശത്തെ കുന്നിൻ പ്രദേശമായ കംഗ്രയിലെ കോട്ടയിലെ ഭരണാധികാരികൾ ബ്രിട്ടീഷുകാർക്ക് കോട്ടയിലേക്ക് പ്രവേശനം നിഷേധിച്ചു. മേയ് 3-ന് ഹെൻറി കംഗ്രയിലെത്തുകയും ചർച്ചകൾ നടത്തുകയും യുദ്ധത്തിന് വട്ടം കൂട്ടുകയും ചെയ്തു. മേയ് മദ്ധ്യത്തോടെ ജോൺ ലോറൻസ്, റോബർട്ട് നേപ്പിയർ, ലെഫ്റ്റനന്റ് ഹാരി ലംസൺ തുടങ്ങിയവർ സ്ഥലത്തെത്തുകയും ബ്രിഗേഡിയർ വീലറുടെ നേതൃത്വത്തിലുള്ള സൈന്യം മാസാവസാനത്തോടെ പീരങ്കികളുമായി യുദ്ധസന്നാഹം നടത്തുകയും ചെയ്തു. ബ്രിട്ടീഷുകാരുടെ സൈനികബലം കണ്ട് മേയ് അവസാനം കോട്ടയിലുള്ളവർ കീഴടങ്ങി. അങ്ങനെ രക്തരഹിതമായി ഈ പ്രശ്നം അവസാനിപ്പിച്ചു.[7]

റാണി ജിന്ദന്റെ അമിതമായ രാഷ്ട്രീയ ഇടപെടലിലും ലാൽ സിങ്ങുമായുള്ള പ്രേമബന്ധത്തിലും ദാസിയായ മംഗളക്ക് നൽകിയിരിക്കുന്ന അമിതപ്രാധാന്യത്തിലും ഹെൻറി അസന്തുഷ്ടനായിരുന്നു. ഫക്കീർ നൂറുദ്ദീന്റെയും അസീസുദ്ദീന്റെയും കഴിവുകളെ മതിച്ചിരുന്ന അദ്ദേഹം ദിനനാഥിനെ സംശയദൃഷ്ടിയോടെയാണ് വീക്ഷിച്ചിരുന്നത്. സംഘർഷഭരിതമായ പെഷവാർ പ്രദേശത്തെ നിയന്ത്രിച്ചിരുന്ന അവിടത്തെ പ്രതിനിധിയായിരുന്ന സർദാർ ഷേർസിങ് അട്ടാരിവാലയുടെ കഴിവിലും അദ്ദേഹത്തിന് മതിപ്പായിരുന്നു. മൊത്തത്തിൽ സിഖ് ദർബാറിന്റെ പ്രവർത്തനത്തിൽ നല്ല അഭിപ്രായമായിരുന്നില്ല അദ്ദേഹത്തിന്. അവർക്ക് ഒരു കാര്യത്തിലും സ്ഥിരതയോ മഹത്ത്വമോ ഇല്ലായിരുന്നു എന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം. അഴിമതിയും പക്ഷപാതപ്രവർത്തനവും നടത്തിപ്പോന്ന ലാൽ സിങ്ങായിരുന്നു ഭരണത്തിലെ ഏറ്റവും വലിയ പ്രശ്നം എന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തൽ.[8]

കംഗ്രയിലായിരിക്കുമ്പോൾ ലാഹോർ ദർബാറും ജമ്മുവുമായുള്ള അതിർത്തിത്തർക്കവും രമ്യമായി പരിഹരിക്കാൻ ഹെൻറിക്കായി.[7] മുൾത്താനിലെ ഭരണാധികാരിയായിരുന്ന ദിവാൻ മുൾരാജും സിഖ് ദർബാറുമായുള്ള പ്രശ്നത്തിൽ ഹെൻറി ഇടപെടുകയും പരിഹാരമുണ്ടാക്കുകയും ചെയ്തു.[8] എന്നാൽ പിൽക്കാലത്ത് ഹെൻറിയുടെ അഭാവത്തിൽ ഈ പ്രശ്നം രൂക്ഷമാകുകയും യുദ്ധത്തിലേക്ക് നീങ്ങുകയും ചെയ്തു.

1846 ഓഗസ്റ്റിൽ ഹെൻറിയുടെ ആരോഗ്യം മോശമാകുകയും സിംലയിലേക്ക് മാറുകയും ചെയ്തു. ഒക്ടോബറിന്റെ തുടക്കം വരെ അദ്ദേഹം അവിടെ കഴിഞ്ഞു. ഇക്കാലത്ത് ജോൺ, കാവൽ റെസിഡന്റായി ലാഹോറിലെത്തി. ഹെൻറി സിംലയിലെങ്കിലും പഞ്ചാബിലെ വിവരങ്ങൾ എഴുത്തുകുത്തുകളിലൂടെ അറിഞ്ഞുകൊണ്ടിരിക്കുകയും ഭരണത്തിൽ സജീവമായി ഇടപെടുകയും ചെയ്തു.[8]

കശ്മീർ ദൗത്യം[തിരുത്തുക]

ലാഹോർ സമാധാനക്കരാറും അമൃത്സർ കരാറും പ്രകാരം സിഖ് സർക്കാർ, കശ്മീർ മുഴുവനും ബ്രിട്ടീഷുകാർക്ക് നൽകുകയും ബ്രിട്ടീഷുകാർ അത് ഗുലാബ് സിങ്ങിന് നൽകുകയുമായിരുന്നു. എന്നാൽ കശ്മീരിലെ സിഖ് പ്രതിനിധിയായിരുന്ന ഷേഖ് ഇമാമുദ്ദീൻ തന്റെ മേഖല ഗുലാബ് സിങ്ങിന് വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ഗുലാബ് സിങ്ങിനൊപ്പം കശ്മീർ ഏറ്റെടുക്കുന്നതിന് 1846 ഒക്ടോബർ 15-ന് ഹെൻറി സിംലയിൽ നിന്ന് ഭീംബൂരിലേക്ക് തിരിക്കുകയും അവിടെനിന്ന് കശ്മീരിലേക്ക് നീങ്ങുകയും ചെയ്തു. ഹെൻറി ഷേഖ് ഇമാമുദ്ദീനുമായി കത്തിടപാട് നടത്തുകയും കശ്മീർ വിട്ട് ലാഹോറിലേക്ക് മടങ്ങിയാൽ അദ്ദേഹത്തിന്റെ വസ്തുവകകൾ അതേപടി നൽകാമെന്നും വാഗ്ദാനം ചെയ്തു. കശ്മീർ വിട്ടുകൊടുക്കാതിരിക്കാനുള്ള നിലപാടെടുക്കാൻ ഇമാമുദ്ദീനെ രാജാ ലാൽ സിങ്ങാണ് നിർബന്ധിക്കുന്നതെന്നും ഹെൻറിക്ക് ഇമാമുദ്ദീനിൽ നിന്ന് അറിവ് കിട്ടി. നവംബർ 1-ന് ഷേഖ് ഇമാമുദ്ദീൻ ഹെൻറിയുടെ ക്യാമ്പിലെത്തുകയും ലാൽസിങ്ങിനെതിരെയുള്ള തെളിവുകൾ കൈമാറുകയും ചെയ്തു. തുടർന്ന് ഷേഖ് തന്റെ സേനയെ പിൻവലിച്ച് നവംബർ 7-ന് ലാഹോറിലേക്ക് മടങ്ങി. നവംബർ 9-ന് ഗുലാബ് സിങ്ങും ഹെൻറിയും ശ്രീനഗറിലെത്തി. അങ്ങനെ രക്തച്ചൊരിച്ചിലില്ലാതെ ഗുലാബ് സിങ് തന്റെ സാമ്രാജ്യം സ്വന്തമാക്കി. കശ്മീരിലെ ഗോത്രനേതാക്കന്മാരുടെ പിന്തുണ ഗുലാബ് സിങ്ങിന് നേടിക്കൊടുക്കുന്നതിനുള്ള നടപടികളും വിജയകരമായി പൂർത്തീകരിച്ച് 1846 നവംബർ അവസാനത്തോടെ ഹെൻറി തന്റെ കശ്മീർ ദൗത്യം വിജയകരമായി അവസാനിപ്പിച്ചു. കശ്മീരിലെ വിമതപ്രവർത്തനത്തിന്റെ പേരിൽ തൊട്ടടുത്ത മാസം ലാൽ സിങ്ങിനെ വിചാരണ ചെയ്ത് നാടുകടത്തി. ഈ വിചാരണക്കായി രൂപീകരിച്ച അന്വേഷണക്കോടതിയിൽ ഹെൻറിക്കും ഫ്രെഡറിക് ക്യൂറിക്കുമൊപ്പം ഹെൻറിയുടെ സഹോദരൻ ജോണും അംഗമായിരുന്നു.[8]

ഭൈരോവൽ കരാറിനുശേഷം[തിരുത്തുക]

1846 ഡിസംബറിൽ ഭൈരോവൽ കരാർ നിലവിൽ വന്നതോടെ ഹെൻറി പഞ്ചാബിലെ പൂർണ്ണ ഭരണാധികാരമുള്ള റെസിഡന്റായി[8] നികുതിപിരിവിൽ സർദാർമാർ കൈകടത്തുന്നതും അവരുടെ ഇഷ്ടക്കാരെ നിയമിക്കുന്നതും ഹെൻറി തടഞ്ഞു. ഭൈരോവൽ കരാറിനുശേഷം തേജ് സിങ് സൈന്യത്തിന്റെ കാര്യത്തിൽ ശ്രദ്ധ കുറക്കുകയും നികുതികാര്യങ്ങളിൽ കൂടുതൽ ഇടപെടാനാരംഭിക്കുകയും ചെയ്തു. ഇക്കാലത്ത് തനിക്ക് ഏറ്റവും സഹായമായിരുന്ന ദിവാൻ ദിനനാഥുമായുള്ള ഹെൻറിയുടെ ചങ്ങാത്തം വർദ്ധിച്ചു. 8 വയസ്സുള്ള ദലീപ് സിങ് രാജാവിന്റെ ചുമതലയും ഹെൻറിയുടെ ചുമതലയിലായി മാറി. ദലീപ് സ്നേഹനിധിയും ഉൽസാഹിയും ബുദ്ധിമാനുമായ കുട്ടിയായിരുന്നു എന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം.

ഭൈരോവൽ കരാറിനുശേഷം, വടക്കുപടിഞ്ഞാറൻ അതിർത്തിപ്രദേശങ്ങളുടെ ചീഫ് അഡ്മിനിസ്ട്രേറ്റർ എന്ന പദവിയും ഹെൻറിക്ക് ലഭിച്ചു. കിഴക്ക് ജമ്മു കശ്മീരും വടക്ക് ഹിന്ദുക്കുഷും പടിഞ്ഞാറും വടക്കുപടിഞ്ഞാറും അഫ്ഗാനിസ്താനും തെക്ക് പഞ്ചാബിലെ ജില്ലയായ ദേറ ഖാസി ഖാൻ എന്നിവയാൽ ചുറ്റപ്പെട്ട ചന്ദ്രക്കലരൂപത്തിലുള്ള പഞ്ചാബിന്റെ വടക്കുപടിഞ്ഞാറൻ ജില്ലകളായിരുന്നു ഈ അതിർത്തിപ്രദേശം. വടക്കുനിന്ന് ഹസാര മേഖല, പെഷവാർ, കൊഹാട്ട്, ബാന്നു, ദേറ ഇസ്മയിൽ ഖാൻ, ദേറ ഖാസി ഖാൻ എന്നീവ ഈ ചന്ദ്രക്കലയിലെ പ്രദേശങ്ങളാണ്. 1847-48 കാലഘട്ടത്തിൽ ഹെൻറിയുടെ സഹായികളായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ്, ജെയിംസ് അബ്ബോട്ട്, ജോൺ നിക്കോൾസൺ, ജോർജ് ലോറൻസ് തുടങ്ങിയവരാണ് ഈ മേഖലയിലെ നികുതിതിട്ടപ്പെടുത്തലിനും മേഖലയിലെ ക്രമസമാധാനപാലനത്തിനുമായുള്ള നടപടികളെടുക്കുകയും ചെയ്തത്.[9] ഹെൻറി ലോറൻസിന്റെ കുട്ടികൾ (ഹെൻറി ലോറൻസെസ് യങ് മെൻ) എന്ന് ഈ സഹായികൾ അറിയപ്പെടുന്നുണ്ട്.

ഹെൻറി വിഭാവനം ചെയ്യുകയും പലവട്ടം സർക്കാരിന് നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചെയ്ത, കോർപ്സ് ഓഫ് ഗൈഡ്സ് എന്ന സേനാവിഭാഗത്തിനും ഇക്കാലത്ത് ഹാഡിഞ്ച് അനുമതി നൽകി. ഈ സേനാവിഭാഗത്തിന്റെ പരിശീലനത്ത്ിനും മറ്റുമുള്ള കാര്യങ്ങൾ തയ്യാറാക്കാനും ഹെൻറിയെത്തന്നെ നിയോഗിച്ചു. പരീക്ഷണാടിസ്ഥാനത്തിലുള്ള ഈ സേനയുടെ ഒരു വിഭാഗം ലാഹോറിൽത്തന്നെ റെസിഡെന്റിന്റെ അംഗരക്ഷക്ക് നിയോഗിക്കപ്പെടുകയും ചെയ്തു.

തിബറ്റുമായുള്ള അതിർത്തിയുടെ സർവേയായിരുന്നു ഹെൻറിക്ക് താൽപര്യമുണ്ടായിരുന്ന മറ്റൊരു നടപടി. ഇതിനായി ഹെൻറിക്കു കീഴിൽ ക്യാപ്റ്റൻ അലക്സാണ്ടർ കണ്ണിങ്ഹാം സീനിയർ കമ്മീഷണറായും ലെഫ്റ്റനന്റ് എച്ച്. സ്ട്രാഷേ, ടി. തോംസൺ എന്നിവരും ഉൾപ്പെട്ട ഒരു അതിർത്തിക്കമ്മീഷൻ നിയോഗിക്കപ്പെട്ടു.[10]

ആരോഗ്യസ്ഥിതി ഇക്കാലത്തും ഹെൻറിയെ അലട്ടിക്കൊണ്ടിരുന്നു. 1847 ജൂലൈയിൽ രോഗബാധിതനായതിനെത്തുടർന്ന് പകരക്കാരനായി ജോണിനെ ഓഗസ്റ്റ് 1-ന് ലാഹോറിലേക്ക് വിളിപ്പിച്ചു. പകുതി ശമ്പളത്തിൽ രണ്ട് വർഷത്തേക്ക് അവധി ലഭിക്കുമായിരുന്നെങ്കിലും പഞ്ചാബിൽ നിന്ന് വിട്ടുനിൽക്കാൽ താൽപര്യമില്ലാതിരുന്നതിനാൽ പത്തുമാസത്തേക്ക് ശമ്പളമില്ലാത്ത അവധിയിൽ ഇംഗ്ലണ്ടിലേക്കു പോയി തിരിച്ചെത്താനാണ് ഹെൻറി തീരുമാനിച്ചത്.

ജിന്ദൻ കൗറിന്റെ ഭരണകാര്യങ്ങളിലുള്ള ഇടപെടൽ മൂലം ഹെൻറി അവരെ ലാഹോറിൽ നിന്നും മാറ്റണമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. 1847 ഓഗസ്റ്റ് 7-ന് ദർബാറിൽ നടന്ന ഒരു ബഹുമതിദാനച്ചടങ്ങിൽ ജിന്ദന്റെ സഹോദരനായ ഹീരാ സിങ്ങിന് രാജാസ്ഥാനം നൽകുന്നതിന് ദലീപ് സിങ് നീരസം പ്രകടിപ്പിച്ചു. ഇത് ജിന്ദന്റെ പ്രേരണപ്രകാരമാണെന്ന് ഹെൻറി മനസ്സിലാക്കി. ഗവർണർ ജനറലിന്റെ അനുമതിയോടെ, ഓഗസ്റ്റ് 19-ന് ജിന്ദനെ നാടുകടത്തി. ഓഗസ്റ്റ് 21-ന് അവസാനത്തെ ദർബാർ കഴിഞ്ഞ് നാട്ടിലേക്ക് തിരിക്കുന്നതിനായി ഹെൻറി സിംലയിലേക്ക് തിരിച്ചു.[9] ഡിസംബറിൽ കൽക്കത്തയിൽ നിന്ന് നാട്ടിലേക്ക് മടങ്ങി.[10]

സഹോദരനുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ[തിരുത്തുക]

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം ഹെൻറിയും സഹോദരൻ ജോണും ആദ്യമായി നേരിട്ടുള്ള ഔദ്യോഗികബന്ധത്തിലായി. ഹെൻറി പഞ്ചാബിന്റെ ഭരണത്തിലെത്തിയപ്പോൾ ജോൺ ജലന്ധർ ദൊവാബിന്റെ ഭരണാധികാരിയായി. ഹെൻറിയുടെ കീഴിലായിരുന്നെങ്കിലും ഒരു പരിധിവരെയുള്ള സ്വയംഭരണസ്വാതന്ത്ര്യം ജോണിനുണ്ടായിരുന്നു. 1846 ഏപ്രിലിലെ കാങ്ഡ സംഭവം ഇരുവർക്കും ഒരുമിച്ച് പ്രവർത്തിക്കാനും സൗകര്യമൊരുക്കി. രണ്ടുവട്ടം ഹെൻറി അസുഖം മൂലം അവധിയിൽ പ്രവേശിച്ചപ്പോൾ പകരം റെസിഡന്റായി ജോൺ ലാഹോറിലെത്തി. തുടക്കത്തിൽ ഇരുവർക്കും പഞ്ചാബിന്റെ വ്യത്യസ്തമേഖലകളുടെ നിയന്ത്രണമായിരുന്നെങ്കിലും പഞ്ചാബ് പൂർണ്ണമായും ബ്രിട്ടീഷ് ആധിപത്യത്തിലെത്തിയ 1849 മുതൽ ഇരുവരും പഞ്ചാബ് ഭരണബോർഡിൽ ഏതാണ്ട് തുല്യാധികാരമുള്ള ബോർഡ് അംഗങ്ങളായി. ഇരുവരുടേയും വിദ്യാഭ്യാസത്തിലും പ്രവർത്തനമേഖലയിലും ഉള്ള വ്യത്യാസം ഇരുവരുടെയുമിടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസത്തിന് കാരണമായി.

ഇന്ത്യൻ പ്രഭുത്വത്തെയും അവരുടെ പരമ്പരാഗതരീതികളെയും നിലനിർത്തി അവ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുക എന്നതായിരുന്നു ഹെൻറിയുടെ ചിന്ത. എന്നാൽ ഒരു സിവിൽ ഉദ്യോഗസ്ഥനായി പരിശീലനം സിദ്ധിച്ച ജോൺ ഇതിന് നേരെ വിപരീതചിന്താഗതിക്കാരനായിരുന്നു. പരമ്പരാഗതരീതികൾ അഴിമതി നിറഞ്ഞതാണെന്നും അവ തുടച്ചുമാറ്റണമെന്നും ജോൺ കരുതി.[7]

1847 ഓഗസ്റ്റിൽ ഹെൻറി അസുഖം ബാധിച്ച് നാട്ടിലേക്ക് മടങ്ങിയപ്പോൾ ലാഹോറിൽ റെസിഡന്റായെത്തുകയും ഹെൻറിയുടെ അയഞ്ഞ ഭരണരീതിയിൽ നിന്ന് വ്യത്യസ്തമായി ഭരണത്തിൽ കാര്യമായ സ്വാധീനം ചെലുത്തുകയും നികുതിപിരിവിലും സാമ്പത്തികകാര്യങ്ങളിലും ദർബാറിന്റെ നടത്തിപ്പിലും ചെലവുകളുടെ കാര്യത്തിലും കർശനമായ നിയന്ത്രണമേർപ്പെടുത്തി. തദ്ദേശീയപ്രതിനിധിഭരണാധികാരികൾക്ക് കൂടുൽ ഭരണസ്വാതന്ത്ര്യം നൽകുന്ന ഹെൻറിയുടെ നടപടികൾക്ക് കടകവിരുദ്ധമായിരുന്നു ഇത്. പഞ്ചാബിനുവേണ്ടി പുതിയ സിവിൽ ക്രിമിനൽ നിയമങ്ങളുണ്ടാക്കി ജോൺ നടപ്പിൽ വരുത്തുകയും ചെയ്തു. ജോണിന്റെ രീതികൾ പുതിയ ഗവർണർ ജനറലായ ഡൽഹൗസിയും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർമാരും സ്വാഗതം ചെയ്തു.[10] പഞ്ചാബ് ഭരണത്തിൽ ഹെൻറിയുടെ സ്വാധീനം കുറയുകയും ജോണിന് പ്രാമുഖ്യം വർദ്ധിക്കുകയും ചെയ്ത അവസരമായിരുന്നു ഇത്. പഞ്ചാബിലെ പരിഷ്കാരങ്ങൾ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന് വഴിതെളിക്കുകയും പഞ്ചാബ് പൂർണ്ണമായി ബ്രിട്ടീഷ് ആധിപത്യത്തിലേക്ക് മാറുകയും ചെയ്തു.

ഇംഗ്ലണ്ടിൽ[തിരുത്തുക]

1847 ഡിസംബറിൽ സ്ഥാനമൊഴിഞ്ഞ ഗവർണർ ജനറൽ ഹെൻറി ഹാർഡിഞ്ചിനൊപ്പമാണ് ഹെൻറി നാട്ടിലേക്ക് തിരിച്ചത്. ഏദനിൽ നിന്ന് ഈജിപ്തിലൂടെയുള്ള കരമാർഗ്ഗമാണ് അവർ നാട്ടിലേക്ക് പോയത്. ഏദനിൽ വച്ച് ഹെൻറിക്ക് കെ.സി.ബി. പദവിക്കായി ശുപാർശചെയ്ത് ഹാഡിഞ്ച്, കമ്പനിയുടെ നിയന്ത്രണബോർഡിന്റെ അദ്ധ്യക്ഷനായ ജോൺ ഹോബ്ഹൗസിന് കത്തെഴുതുകയും തുടർന്ന് നാട്ടിലെത്തിയപ്പോൾ അദ്ദേഹത്തിന് ഈ പദവി ലഭിക്കുകയും ചെയ്തു.

മൂന്നുവർഷമായി പിരിഞ്ഞിരുന്ന ഭാര്യ ഹൊണോറിയയെയും മൂന്ന് ആൺമക്കളെയും സന്ധിക്കാൻ ഈ സന്ദർശനത്തിൽ ഹെൻറിക്ക് സാധിച്ചു. ആറുമാസം ഹെൻറി നാട്ടിൽ ചിലവഴിച്ചു. അദ്ദേഹത്തിന്റെ തൂക്കം കൂടിയെങ്കിലും ആരോഗ്യത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. നാട്ടിൽ കുറച്ചുനാൾ കൂടി നിൽക്കണമെന്നുണ്ടായെങ്കിലും മുൽത്താനിൽ ആരംഭിച്ച വിമതലഹള തിരിച്ച് ഇന്ത്യയിൽപോകാൻ നിർബന്ധിതമാക്കി. ഭാര്യ ഹൊണോറിയയും മകൻ ഹാരിയും സഹോദരി ഷാർലറ്റ് എന്നിവരും അദ്ദേഹത്തോടൊപ്പം ഇന്ത്യയിലേക്ക് വന്നു. 1848 ഡിസംബറിൽ ഹെൻറിയും കുടുംബവും ബോംബെയിലെത്തി. അവിടെനിന്ന് സ്റ്റീമറിൽ കറാച്ചിയിലേക്ക് തിരിച്ചു. അവിടെനിന്നും സിന്ധുവിലൂടെ ബോട്ടിൽ ലാഹോറിലേക്കും എത്തി. 1846-ലേതുപോലെതന്നെ രണ്ടാം ആംഗ്ലോ-സിഖ് യുദ്ധത്തിന്റെ അവസാനഘട്ടത്തിൽ ഹെൻറി ലാഹോറിൽ എത്തിച്ചേർന്നു.[11]

മാറിയ പഞ്ചാബ് - ഡൽഹൗസിയുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ[തിരുത്തുക]

ഇന്ത്യയിലെ ഗവർണർ ജനറലായിരുന്ന ഡൽഹൗസി പ്രഭു

തന്റെ അഭാവത്തിൽ പഞ്ചാബിലെ സ്ഥിതിഗതികൾ അടിമുടി മാറി എന്ന് പഞ്ചാബിൽ റെസിഡന്റായി തിരിച്ചെത്തിയ ഹെൻറിക്ക് മനസ്സിലായി. യുദ്ധാനന്തരം പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർക്കുക എന്ന ഡൽഹൗസിയുടെ പദ്ധതിയും നടപ്പായി. ഡൽഹൗസിക്ക് പഞ്ചാബിലെ തന്റെ നയങ്ങൾ നടപ്പാക്കുന്നതിലെ പ്രധാന പ്രശ്നം റെസിഡന്റായ ഹെൻറി ലോറൻസിന്റെ സാന്നിദ്ധ്യമായിരുന്നു. തദ്ദേശീയപ്രഭുക്കന്മാരുമായി സഹകരിച്ചുള്ള ഹെൻറിയുടെ പറ്റേണലിസ്റ്റ് ഭരണരീതികൾ ഡൽഹൗസിയുടെ ശൈലിയുമായി പൊരുത്തപ്പെടുന്നതായിരുന്നില്ല. ഈ രീതി പഞ്ചാബിൽ നിന്ന് ഉന്മൂലനം ചെയ്യാനായിരുന്നു ഡൽഹൗസി തീരുമാനിച്ചിരുന്നത്. റെസിഡെന്റ് എന്ന നിലയിൽ മൂന്നു മാസം ഹെൻറിയുമായി ഇടപഴകിയതിൽനിന്ന്, ഹെൻറി സിഖുകാരോട് അനുഭാവം കാണിക്കുന്നവനാണെന്നാണ് ഡൽഹൗസി, ഈസ്റ്റ ഇന്ത്യ കമ്പനി ഡയർക്റ്റർ ബോർഡ് അദ്ധ്യക്ഷനായിരുന്ന ഹോബ്ഹൗസിനെഴുതിയത്. മുമ്പ് ഹാർഡിഞ്ചുമായി തനിക്കുണ്ടായിരുന്ന ബന്ധം പോലെയായിരിക്കില്ല ഡൽഹൗസിയുമായുണ്ടാകുക എന്ന് ഹെൻറിക്കും ബോധ്യം വന്നു. മുൽത്താനിലെ സൈനികനടപടിക്കാലത്തെ ഹെൻറിയുടെ പ്രവർത്തനത്തെപ്പറ്റി ഡൽഹൗസി വിമർശിച്ചിരുന്നു. പഞ്ചാബിലെയും പരിസരപ്രദേശങ്ങളിലും ഹെൻറിക്കുണ്ടായിരുന്ന പരിപൂർണ്ണ അധികാരം ചുരുങ്ങി, അദ്ദേഹം സർക്കാർ നിയന്ത്രണത്തിലുള്ള പ്രതിനിധി മാത്രമായി ചുരുങ്ങി.

ജനുവരിയിലെ ചില്ലിയൻവാലയിലെയും ഫെബ്രുവരിയിൽ ഗുജറാത്തിലെയും നിർണ്ണായകപോരാട്ടങ്ങൾക്കു മുമ്പാണ് ഹെൻറി പഞ്ചാബിൽ തിരിച്ചെത്തിയത്. 1841-ലേതുപോലെ വിമതരുടെ തടവിലായിരുന്ന സഹോദരൻ ജോർജിന്റെ സുരക്ഷയുടെ കാര്യത്തിൽ അദ്ദേഹത്തിന് ആശങ്കയുണ്ടായിരുന്നു. യുദ്ധത്തിന്റെ മുൻനിരയായ ചില്ലിയൻവാലയിലേക്കെത്താൻ ഹെൻറിക്ക് തിടുക്കമായെങ്കിലും ലാഹോറിൽ തുടരാൻ ഡൽഹൗസി നിർബന്ധിച്ചു. ഫെബ്രുവരിയിൽ ഗുജറാത്തിലേക്ക് പോകാനുള്ള ആവശ്യവും നിഷേധിക്കപ്പെട്ടു. യുദ്ധസമയത്ത് ചില്ലിയൻവാലയിൽവച്ചും ഗുജറാത്തിൽവച്ചും ഷേർ സിങ്ങുമായി വിലപേശി ബ്രിട്ടീഷ് തടവുകാരെ വിട്ടുകിട്ടാതിരിക്കാൻ തന്റെ പഴയ എതിരാളിയായിരുന്ന മാക്കിസൺ തന്നെയാണ് കാരണം എന്ന് ഹെൻറി വിശ്വസിച്ചു. എന്നാൽ ആയുധമേന്തിയുള്ള വിമതരുമായി ഒരു സന്ധിയും വിലപേശലും വേണ്ടെന്ന ഡൽഹൗസിയുടെ നിലപാടായിരുന്നു ഇതിനു കാരണം.

ഫെബ്രുവരി 1-നാണ് ഹെൻറി ലാഹോറിൽ വീണ്ടും റെസിഡെന്റായി സ്ഥാനമേറ്റത്. അധികാരമേൽക്കുന്ന സമയത്ത്, പഞ്ചാബിൽ സമാധാനം സ്ഥാപിക്കാൻ താൻ എത്തി എന്ന നിലയിൽ ജനങ്ങളോട് നടത്തിയ പ്രഖ്യാപനത്തിന്റെ പേരിൽ ഡൽഹൗസി ഹെൻറിയെ വിമർശിച്ചു. എഡ്വേഡ്സ്, നിക്കോൾസൺ, ലംസ്ഡൻ തുടങ്ങിയ തന്റെ സഹപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കുന്നതിനും സൈനികനടപടികൾക്കും അമിതസ്വാതന്ത്ര്യം നൽകുന്നു എന്നതിന്റെ പേരിലും അവർ കൃത്യമായി റിപ്പോർട്ടുകൾ അയക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയും ഡൽഹൗസിയിൽനിന്ന് വിമർശനമേറ്റു. 1849 ഫെബ്രുവരി 20-ന് എഡ്വേഡ്സിന്റെ തന്നിഷ്ടപ്രകാരമുള്ള നടപടികളെ ഡൽഹൗസി വീണ്ടും വിമർശിക്കുകയും അയാളെ തിരികെവിളിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഹെൻറി ഇതിന് വിസമ്മതിക്കുകയും എഡ്വേഡ്സിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്ന് സമർത്ഥിക്കുകയും ചെയ്തു. കശ്മീരിലെ ഗുലാബ് സിങ്ങിനെക്കുറിച്ചുള്ള ഹെൻറിയുടെയും ഡൽഹൗസിയുടെയും കാഴ്ചപ്പാടിലും കാര്യമായ അന്തരമുണ്ടായിരുന്നു. മൊത്തത്തിൽ ഒട്ടും സുഖകരമല്ലാത്ത ബന്ധമായിരുന്നു ഹെൻറിയും ഡൽഹൗസിയുമായുണ്ടായിരുന്നത്.

സിഖ് സാമ്രാജ്യം മൊത്തത്തിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ യുദ്ധത്തിലായിരുന്നു എന്ന ഡൽഹൗസിയുടെ വ്യാഖ്യാനത്തെ ഹെൻറി എതിർത്തു. മുൽത്താനിലെ വിമതനീക്കം തുടക്കത്തിലേ അടിച്ചമർത്താതിരുന്നതാണ് യുദ്ധത്തിന് കാരണമെന്നും ഇതിന്റെ കാരണക്കാർ അന്ന് റെസിഡന്റായിരുന്ന ഫ്രെഡറിക് ക്യൂറിയും സൈന്യവുമാണെന്ന് ഹെൻറി കരുതി. ഇക്കാര്യം ഡൽഹൗസിയെ ഇത് ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. യുദ്ധാനന്തരം പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുക എന്ന ഡൽഹൗസിയുടെ പദ്ധതിയോട് ഹെൻറിക്ക് വിയോജിപ്പായിരുന്നു. കൂട്ടിച്ചേർക്കലാണ് തീരുമാനമെങ്കിൽ റെസിഡന്റ് സ്ഥാനത്തുനിന്ന് രാജിവെക്കാനും അദ്ദേഹം തയ്യാറായി. വിമതപ്രവർത്തനത്തിന് ഇങ്ങനെ മറുപടി നൽകുന്നത് നീതിയല്ലെന്നായിരുന്നു തുടക്കത്തിൽ ഹെൻറിയുടെ പക്ഷം. എന്നാൽ യുദ്ധം അവസാനമായപ്പോഴേക്കും പകുതിയോളം സർദാർമാരും, സേനയിൽ ഭൂരിഭാഗവും നാമാവശേഷമായതോടെ കൂട്ടിച്ചേർക്കൽ തന്നെയായിരിക്കും നല്ലതെന്ന് അദ്ദേഹത്തിനു ബോധ്യമായി. എന്നാൽ നിലവിൽ ആവശ്യത്തിന് അധികാരവും ഭരണസ്വാതന്ത്ര്യവും ബ്രിട്ടീഷുകാർക്ക് പഞ്ചാബിൽ ഉള്ളതുകൊണ്ട്, കൂടുതൽ ഇടപെടൽ ഇനി ആവശ്യമില്ലെന്നായിരുന്നു ഹെൻറിയുടെ പക്ഷം. പഞ്ചാബിനെ ഒരു പ്രവിശ്യയായി പ്രഖ്യാപിക്കുന്നതിനു പകരം സർദാർമാരുടെ പിന്തുണ ഉറപ്പാക്കുന്നതിന് പാവഭരണാധികാരിയായി മഹാരാജാവിനെ ഉയർത്തിക്കാണിക്കുന്നതായിരിക്കും നല്ലതെന്നും അദ്ദേഹം കരുതി. യുദ്ധസമയത്ത് വിമതപ്രവർത്തനം നടത്താതിരുന്ന സർദാർമാർക്ക് യോജിച്ച അംഗീകാരങ്ങൾ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഹെൻറിയുടെ ഈ അർദ്ധ-ഫ്യൂഡൽ രീതിയോട് ഡൽഹൗസിക്ക് യോജിപ്പുണ്ടായിരുന്നില്ല. ഹെൻറിയുടെ വിശ്വസ്തർക്ക് ജഗീറുകളുടെ അധികാരം നൽകുന്ന രീതിയോടും ഷേഖ് ഇമാമുദ്ദീനെപ്പോലെ ബ്രിട്ടീഷുകാർക്കെതിരെ ആയുധമെടുക്കാതിരുന്ന ഉന്നതർക്ക് സമ്മാനങ്ങളും പെൻഷനും നൽകുന്നതിനോടും ഡൽഹൗസി വിയോജിച്ചു. ഡൽഹൗസിയുടെ അഭിപ്രായപ്രകാരം പഞ്ചാബ് രാജ്യം മൊത്തത്തിൽ ബ്രിട്ടീഷുകാർക്കെതിരായുള്ള നിലപാടാണ് സ്വീകരിച്ചിരുന്നത്. ആരെങ്കിലും ആ പൊതുനിലപാട് സ്വീകരിച്ചില്ലെന്നത് സമ്മാനിതനാവാനുള്ള കാരണമല്ല. ഹെൻറി വിഭാവനം ചെയ്ത, യൂറോപ്യനും തദ്ദേശീയരുമായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള യുദ്ധാനന്തരഭരണവ്യവസ്ഥയെയും ഡൽഹൗസി തള്ളിക്കളഞ്ഞു.

1849 മാർച്ച് 28-ന് ഡൽഹൗസിയുടെ വിദേശകാര്യസെക്രട്ടറിയായിരുന്ന ഹെൻറി എലിയറ്റ് അവതരിപ്പിച്ച, പഞ്ചാബ് ബ്രിട്ടീഷ് സാമ്രാജ്യത്തിൽ കൂട്ടിച്ചേർക്കുന്നതായുള്ള പ്രഖ്യാപനത്തിൽ മനസ്സില്ലാമനസോടെയാണ് ഹെൻറി ഒപ്പുവച്ചത്.[11]

പഞ്ചാബ് ഭരണബോർഡിന്റെ അദ്ധ്യക്ഷൻ[തിരുത്തുക]

പഞ്ചാബിനെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർക്കുമെങ്കിലും ഭരണരീതി നിലവിലുള്ളതിന്റെ അൽപം വിപുലപ്പെടുത്തിയ രൂപം മാത്രമായിരിക്കുമെന്നാണ് ഹെൻറി കരുതിയത്. മൂന്നംഗങ്ങളടങ്ങിയ ഒരു ഭരണ ബോർഡ് ആണ് ഡൽഹൗസി പഞ്ചാബ് ഭരണത്തിനായി നിയോഗിച്ചത്. ഹെൻറിക്കുപുറമേ, ജോൺ ലോറൻസും സി.ജി. മാൻസലും ആയിരുന്നു മറ്റംഗങ്ങൾ. ഹെൻറി ബോർഡിന്റെ അദ്ധ്യക്ഷനായിരുന്നെങ്കിലും തീരുമാനങ്ങളെല്ലാം രണ്ടംഗങ്ങളുടെയെങ്കിലും സമ്മതത്തേടെ മാത്രമേ എടുക്കാനാവൂ എന്നു നിഷ്കർഷിക്കപ്പെട്ടിരുന്നതിനാൽ ഹെൻറിയുടെ അധികാരങ്ങൾ വെട്ടിക്കുറച്ചതിനു തുല്യമായി.[11] ഹെൻറിയുടെ അധികാരങ്ങൾക്ക് കടിഞ്ഞാണിട്ട്, ഡൽഹൗസിക്ക് തൽപരനായ സഹോദരൻ ജോണിന് ഭരണകാര്യങ്ങളിൽ മേൽക്കൈ നൽകാനുള്ള തന്ത്രമായിരുന്നു ഇതെന്ന് വിലയിരുത്തപ്പെടുന്നു.

വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ ജെയിംസ് തോമാസണും ജോൺ ലോറൻസും നടപ്പാക്കിവന്നിരുന്ന പരിഷ്കരണനടപടികൾ ബ്രിട്ടീഷ് അധീന പഞ്ചാബിലേക്ക് വ്യാപിപ്പിക്കാനാണ് ഡൽഹൗസി ശ്രമിച്ചത്. ഹെൻറിക്ക് പരിഷ്കാരങ്ങളോട് യോജിപ്പായിരുന്നെങ്കിലും തദ്ദേശീയരുടെ രീതികൾ പ്രാമുഖ്യം നൽകാതെയുള്ള അതിന്റെ നടപ്പാക്കൽ രീതികളോട് വിയോജിപ്പായിരുന്നു.[12]

അതിർത്തിപര്യടനങ്ങൾ[തിരുത്തുക]

ഡൽഹൗസിയുടെ പിന്തുണയിൽ സഹോദരൻ ജോൺ, പഞ്ചാബിന്റെ ഭരണകാര്യങ്ങൾ അടിമുടി പരിഷ്കരിച്ചുകൊണ്ടിരുന്ന ഇക്കാലത്ത് ഹെൻറി പഞ്ചാബിന്റെ അതിർത്തിപ്രദേശങ്ങളിലെ പര്യടനങ്ങളിൽ ശ്രദ്ധപുലർത്തി. 1849 മുതൽ 52 വരെയുള്ള കാലത്ത് ഇത്തരം മൂന്ന് പര്യടനങ്ങൾ നടത്തുകയും കശ്മീരിലും ലഢാക്കിലും വരെ എത്തിച്ചേരുകയും ചെയ്തു.

1849 സെപ്റ്റംബറിലാണ് ആദ്യയാത്ര ആരംഭിച്ചത്. ഒക്ടോബറിൽ കശ്മീരിലെത്തി. കശ്മീരിലെ ഗുലാബ് സിങ്, ബ്രിട്ടീഷുകാർക്ക് ഭീഷണിയാകാൻ സാധ്യതയുണ്ടെന്ന ബ്രിട്ടീഷ് സർവസൈന്യാധിപനായിരുന്ന ചാൾസ് നേപ്പിയർ, ഡൽഹൗസിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇക്കാര്യം പരിശോധിക്കുക എന്നതായിരുന്നു ഈ യാത്രയുടെ ഒരുദ്ദേശ്യം. ഗുലാബ് സിങ്ങിന്റെ സേനയെക്കുറിച്ച് നേപ്പിയർ, ഡൽഹൗസിയുടെക്ക് നൽകിയ വിവരങ്ങൾ വളരെ പെരുപ്പിച്ച് കാണിച്ചതാണെന്ന് ഹെൻറി കണ്ടെത്തി. ഗുലാബ് സിങ്ങ് ഒരു ഭീഷണിയല്ല മറിച്ച് ഒരു സഖ്യകക്ഷിയാകാനാണ് ആഗ്രഹിക്കുക എന്നും അദ്ദേഹം അറിയിച്ചു.

ഹസാരയിലെ ബ്രിട്ടീഷ് പ്രതിനിധിയായിരുന്ന ജെയിംസ് അബോട്ടിന്റെ സ്വതന്ത്രഭരണത്തെക്കുറിച്ചായിരുന്നു ഡൽഹൗസിയുടെ മറ്റൊരു ആശങ്ക. ഹസാരയെ അബ്ബോട്ടിന്റെ ഒരു ചെറുസാമ്രാജ്യം പോലെ ഭരിക്കാൻ വിടരുതെന്ന് ഡൽഹൗസിയുടെ ഹെന്റിക്ക് എഴുതിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നതിനായി കശ്മീരിൽ നിന്ന് ഝലത്തിന്റെ താഴ്വരയിലൂടെ സഞ്ചരിച്ച് ഹെൻറി ഹസാരയിലെത്തി. ഹസാരയിലെ അനുഭവത്തിൽനിന്ന് അബ്ബോട്ടിന്റെ ഭരണരീതികളെ ന്യായീകരിക്കുകയാണ് ഹെൻറി ചെയ്തത്. അബോട്ട് അവിടെ വളരെ ജനകീയനായിരുന്നു. ഒരു മജിസ്ട്രേറ്റ് എന്നതിനുപകരം ഒരു കുടുംബനാഥനെപ്പോലെയായിരുന്നു അബ്ബോട്ട് അദ്ദേഹത്തിന്റെ ഭാര്യക്കൊപ്പം അവിടെ ജീവിച്ചിരുന്നത്. അബോട്ടിന്റെ ഭരണരീതികളിൽ പിഴവുകളുണ്ടെങ്കിലും മൊത്തത്തിൽ നോക്കിയാൽ അന്നത്തെ നിലയിൽ ഒരു ചെലവുമില്ലാതെ മേഖലയിൽ സമാധാനം നിലനിർത്താൻ അബോട്ടിനെക്കൊണ്ടല്ലാതെ ആർക്കും സാധിക്കില്ലായിരുന്നുവെന്ന് ഹെൻറി അഭിപ്രായപ്പെട്ടു. നവംബർ അവസാനത്തോടെ ഈ പര്യടനം അവസാനിപ്പിച്ചു. മുൻ സിഖ് സൈനികരെ ബ്രിട്ടീഷ് സേനയിലേക്കെടുക്കണമെന്നും അതിർത്തിയിലെ ചുരങ്ങൾ സർവേ നടത്തണമെന്നും അവയിലൂടെ പാതകൾ നിർമ്മിക്കാനും യാത്രാനന്തരം അദ്ദേഹം സർക്കാരിന് ശുപാർശചെയ്തു.

‌1850 ജൂണിലായിരുന്നു ഹെൻറിയുടെ രണ്ടാമത്തെ പര്യടനം. ആദ്യയാത്രയിൽ താൻ വന്നവഴിയിലൂടെ തിരിച്ച് യാത്രചെയ്ത് കശ്മീരിലെത്തി അവിടെനിന്നും ലഡാക്ക് വരെ നീളുന്ന യാത്രയായിരുന്നു ഇത്. ചൈനയും തിബറ്റുമായി അതിർത്തി പങ്കിടുന്ന മേഖലകളുടെ സന്ദർശനമായിരുന്നു ഈ യാത്രയുടെ ലക്ഷ്യം. ഇതിനുവേണ്ടിയുള്ള അനുമതിക്കായി ഡൽഹൗസിയുമായി തർക്കങ്ങളുണ്ടായിരുന്നു. ജൂൺ അവസാനം കശ്മീരിലെത്തുകയും ജൂലൈ പകുതിയോടെ ലഡാക്കിലേക്ക് തിരിച്ച് ഓഗസ്റ്റിൽ അവിടെയെത്തി. അവിടെനിന്നും തിരിച്ച് സ്കർദു, ഗിൽഗിത് തുടങ്ങിയ ഇടങ്ങളിലേക്കും പര്യടനം നടത്തി 1850 ഒക്ടോബറിൽ ലാഹോറിൽ തിരിച്ചെത്തി. ഹെൻറിയുടെ മൂന്നാമത്തെ പര്യടനം 1852 ജനുവരി മുതൽ ഏപ്രിൽ വരെയായിരുന്നു.[12]

ഭിന്നതകളുടെ കാലം[തിരുത്തുക]

ജോൺ ലോറൻസ്

ഒന്നാം ആംഗ്ലോ-സിഖ് യുദ്ധാനന്തരം, പഞ്ചാബിൽ ഹെൻറിയേയും സഹോദരൻ ജോണിനേയും ഒരുമിച്ച് നിയമിച്ചപ്പോൾ ഇരുവരുടെയും പ്രവർത്തനരീതിയിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞ ഗവർണർ ജനറൽ ഹാർഡിഞ്ച്, അവരെ ഒരു ഏറ്റുമുട്ടലിന് സാധ്യതയില്ലാത്തവണ്ണം മേൽ-കീഴുദ്യോഗസ്ഥന്മാരായാണ് നിയമിച്ചത്. എന്നാൽ ഡൽഹൗസിക്ക് ഹെൻറിയെ അപേക്ഷിച്ച് ജോണിനോടായിരുന്നു കൂടുതൽ പ്രതിപത്തി. പഞ്ചാബിന്റെ കൂട്ടിച്ചേർക്കലിനുശേഷം ഡൽഹൗസി അവരെ ഒരേയിടത്ത് ഒരേ അധികാരത്തിൽ നിയമിച്ചത് പരസ്പരം തർക്കങ്ങളിലേക്കും ഔദ്യോഗിക-വ്യക്തിബന്ധങ്ങൾക്ക് ഉലച്ചിൽവരുന്നതിനും കാരണമായി. എഴുത്തുകുത്തുകളിൽ ഹെൻറി വരുത്തുന്ന കാലതാമസം, പഞ്ചാബി പ്രഭുക്കൻമാരുടെ നേരെയുള്ള ഇരുവരുടെയും മനോഭാവത്തിലുള്ള വ്യത്യാസം, എല്ലാ മേഖലയിലും ഒരുപോലെ നിയന്ത്രണം നടപ്പാക്കാനുള്ള ജോണിന്റെ ആഗ്രഹം തുടങ്ങിയവയായിരുന്നു തർക്കവിഷയങ്ങൾ. ജനനേതാക്കളെ രാഷ്ട്രീയനിയന്ത്രണത്തിൽ നിർത്തിക്കൊണ്ട് താഴേത്തട്ടിൽ ഏറ്റവും മിതമായ ഇടപെടൽ ആയിരുന്നു ഹെൻറിയുടെ വീക്ഷണം. തർക്കങ്ങൾ മൂലം ഒരുമിച്ചുള്ള ഭരണം മടുത്തുവെന്ന് 1852 ഡിസംബറിൽ ജോൺ എഴുതിയിട്ടുണ്ട്. ഹെൻറിയും ഏതാണ്ട് ഇതേ അവസ്ഥയിലെത്തിയിരുന്നു.

ബാക്കി ബോർഡംഗങ്ങളുടെ, പ്രത്യേകിച്ച് ഹെൻറിയുടെ, വീഴ്ചകൾക്കും പ്രവർത്തനത്തിലെ താമസത്തിനും താൻ ഇരയാവുകയാണെന്നായിരുന്നു ജോണിന്റെ നിലപാട്. അതുകൊണ്ട് ബോർഡ് അംഗങ്ങളുടെ പ്രവർത്തനമേഖലകൾ വിഭജിക്കാൻ ജോൺ ഹെൻറിയോടാവശ്യപ്പെട്ടെങ്കിലും ഹെൻറിക്കിതിൽ താൽപര്യമുണ്ടായിരുന്നില്ല. ഡൽഹൗസി ഇതിന് തൽപരനായിരിക്കില്ലെന്നാണ് ഹെൻറി കരുതിയത്. യുദ്ധകാലത്ത് വിമതപ്രവർത്തനം നടത്താതിരുന്ന തേജ് സിങ്, ഷേഖ് ഇമാമുദ്ദീൻ തുടങ്ങിയ സിഖ് പ്രമുഖർക്ക് സഹായങ്ങൾ നൽകുന്ന കാര്യത്തിലും ജോൺ എതിരഭിപ്രായം പ്രകടിപ്പിച്ചു.

ബോർഡിനകത്തുതന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുന്ന ഇക്കാലത്ത്, ബോർഡും, ഗവർണർ ജനറലുമെല്ലാം. കമാൻഡർ ഇൻ ചീഫായിരുന്ന ചാൾസ് നേപ്പിയറുമായും അഭിപ്രായവ്യത്യാസങ്ങൾ തുടരുകയായിരുന്നു. ജോണും, ഹെൻറിയും, ഡൽഹൗസിയും ഒരേ അഭിപ്രായത്തിലായിരുന്ന വളരെച്ചുരുക്കം കാര്യങ്ങളിലൊന്നായിരുന്നു ഇത്. പഞ്ചാബിൽ സിവിൽ സർക്കാരിനുപകരം സൈന്യം ഭരണം നടത്തണമെന്നായിരുന്നു നേപ്പിയറുടെ അഭിപ്രായം. പഞ്ചാബിൽ ഭരണ ബോർഡിനോട് ആലോചിക്കാതെ നേപ്പിയർ സൈനികവിന്യാസങ്ങൾ നടത്തി. ഹെൻറി വികസിപ്പിച്ചെടുത്ത അനാർക്കലി കന്റോൺമെന്റ് മാറ്റി സ്ഥാപിക്കണമെന്ന നേപ്പിയറിന്റെ അഭിപ്രായം ഒരു പ്രധാന തർക്കവിഷയമായിരുന്നു. ഹെൻറി, നേപ്പിയറെ വാണ്ടെറെർ എന്നുപോലും പരാമർശിച്ചിട്ടുണ്ട്. ഭരണബോർഡിന് മുൻ വിമതർ ഉണ്ടാക്കിയ ശല്യത്തേക്കാൾ അധികമാണ് മുഖ്യസേനാധിപനെക്കൊണ്ടുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ബോർഡുമായുള്ള അഭിപ്രായവ്യത്യാസങ്ങൾ ഗവർണർ ജനറൽ ഡൽഹൗസി ഏറ്റെടുക്കുകയും ഇതുമൂലം നേപ്പിയർ 1851-ൽ സ്ഥാനം രാജിവക്കുകയായിരുന്നു.

ജോണും ഹെൻറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ 1852 ഓയപ്പോഴേക്കും വളരെ മൂർച്ഛിച്ചു. ഇരുവരുടെയു നേരിട്ടുള്ള ആശയവിനിമയം പോലും നിലച്ചു. ഇക്കാലത്ത് ഇരുവരുടെയും പഴയ സഹപാഠിയായിരുന്ന വടക്കൻ ഐർലന്റിൽനിന്നുള്ള റോബർട്ട് മോണ്ട്ഗോമറി മാൻസെലിനുപകരം മൂന്നാം ബോർഡംഗമായി ചുമതലയേറ്റിരുന്നു. ഇരുസഹോദരന്മാരുടെയും ഇടനിലക്കാരനായി വർത്തിച്ചിരുന്നത് മോണ്ട്ഗോമെറിയായിരുന്നു. ചുമതലകൾ വിഭജിച്ച് തർക്കങ്ങൾ പരിഹരിക്കുന്നതിന് ഹെൻറിയും ജോണും നിർദ്ദേശങ്ങൾ വച്ചെങ്കിലും അതൊന്നും ഡൽഹൗസിക്ക് സ്വീകാര്യമായില്ല. ഹെൻറിയെ ബോർഡിൽ നിന്നു മാറ്റുക എന്നതായിരുന്നു ഡൽഹൗസിയുടെക്ക് താൽപര്യമുണ്ടായിരുന്ന പ്രതിവിധി. ഇരുവരും വഴക്കിലാണെങ്കിൽക്കൂടിയും പഞ്ചാബ് ഭരണം വളരെ നല്ലരീതിയിലായിരുന്നു നടന്നുപോകുന്നത് എന്നായിരുന്നു ഡൽഹൗസിയുടെയുടെ വിലയിരുത്തൽ. 1852 തണുപ്പുകാലമായപ്പോഴേക്കും ഇരുവരും സ്ഥാനം രാജിവക്കാൻ ആഗ്രഹം പ്രകടിപ്പിക്കുകയും ഒരാളെ പഞ്ചാബിന്റെ ചീഫ് കമ്മീഷണർ സ്ഥാനത്തും മറ്റേയാളെ ഹൈദരാബാദിൽ ഉടൻ ഒഴിവുവന്നേക്കാവുന്ന പൊളിറ്റിക്കൽ ഏജന്റിന്റെ തസ്തികയിലേക്കും നിയമിക്കുക എന്ന കാര്യത്തിൽ ധാരണയിലെത്തി. ഡൽഹൗസിക്ക് ഹെൻറി എഴുതിയ കത്തിൽ, പഞ്ചാബ് അതിർത്തിയാണ് തനിക്ക് ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട പ്രദേശമെന്നും അവിടത്തെ ചീഫ് കമ്മീഷണർ സ്ഥാനമാണ് താൻ കൂടുതൽ ആഗ്രഹിക്കുന്നതെങ്കിലും സഹോദരനുവേണ്ടി അവിടം ഉപേക്ഷിക്കാനും ഹൈദരാബാദിലേക്ക് മാറാനും തയ്യാറാണെന്ന് സമ്മതിച്ചു. എന്നാൽ ഡൽഹൗസി ഹെൻറിക്ക് ഹൈദരാബാദ് നൽകാൻ തയ്യാറായിരുന്നില്ല. പകരം അത്ര പ്രാധാന്യമില്ലാത്ത രജപുത്താനയാണ് നൽകിയത്. പഞ്ചാബിലെ ചീഫ് കമ്മീഷണർ സ്ഥാനം സിവിൽ ഓഫീസർ ആയി പരിശീലനം ലഭിച്ചയാൾക്കു മാത്രമേ നൽകൂ എന്നും അതിന് ഹെൻറി യോഗ്യനല്ലെന്നും കൂട്ടിച്ചേർത്തത് ഹെൻറിയെ വളരെ വേദനിപ്പിച്ചു. ഹെൻറി ഇതിനെ എതിർത്ത് ഡൽഹൗസിയുടെക്കെഴുതിയിങ്കിലും കാര്യമൊന്നുമുണ്ടായില്ല. 1849 മുതൽ പഞ്ചാബിലെ പ്രധാനജോലികൾ ജോൺ ആയിരുന്നു ചെയ്തിരുന്നത് എന്നും ഹെൻറി അതിന്റെ അംഗീകാരം നേടുകയായിരുന്നു എന്നുമായിരുന്നു ഡൽഹൗസിയുടെയുടെ ചിന്ത. പഞ്ചാബിലെ ചീഫ് കമ്മീഷണർ സ്ഥാനം അദ്ദേഹം ജോണിന് നൽകുകയും ചെയ്തു. 1853 ജനുവരി 1-ന് ഹെൻറി രജപുത്താനയിലെ തസ്തിക സ്വീകരിച്ചു.

പഞ്ചാബിൽ നിന്നുള്ള തിരസ്കരണം ഹെൻറിക്ക് ഒരു ആഘാതമായിരുന്നു. ഇതിൽനിന്ന് പിന്നീടദ്ദേഹം മോചനം നേടിയതേയില്ല. സൈനികനിൽനിന്ന് ഭരണജ്ഞനിലേക്ക് മാറുന്ന ആദ്യകാലരീതി അവസാനിച്ചു എന്ന് ഹെൻറിക്ക് മനസ്സിലായി. പഞ്ചാബ് ഭരണത്തിന് ഒരു ബോർഡുണ്ടാക്കിയതുതന്നെ ഹെൻറിയെ അനുനയിപ്പിക്കുന്നതിനുള്ള ഒരു വ്യവസ്ഥയായിരുന്നു എന്ന കാര്യം അദ്ദേഹം മനസ്സിലാക്കിയിരുന്നില്ല. ബോർഡ് എന്ന സംവിധാനത്തിന്റെ ഗുണങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും ജോണിനോട് പ്രസംഗിക്കാറുണ്ടായിരുന്നു.

ഡൽഹൗസിയുടെയുടെ രീതികൾ ഒരു ഇരുപതുവർഷമെങ്കിലും കഴിഞ്ഞ് നടപ്പാക്കേണ്ടതാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം. പഞ്ചാബിൽ സിവിലിയൻ ഭരണകർത്താക്കളുടെ എണ്ണം ധാരാളമാണെന്നും പഞ്ചാബിലെ ബ്രിട്ടീഷ് നിയന്ത്രണം അധികവുമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ മതം. ലളിതമായ നിയമങ്ങളും, ഹെർബെർട്ട് എഡ്വേഡ്സ്, ജോൺ നിക്കോൾസൺ, ടൈലർ, ലേക്ക് , ബെച്ചെർ തുടങ്ങിയവരെപ്പോലുള്ള സൈനിക-ഭരണജ്ഞരും അത്തരത്തിലുള്ള സിവിലിയൻ ഭരണജ്ഞരുമാണ് പഞ്ചാബിൽ ആവശ്യം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ജോണിന്റെ സൈനികഗുണങ്ങളാണ് പഞ്ചാബിലെ ജോലിക്കായുള്ള അദ്ദേഹത്തിന്റെ പ്രധാനഗുണമെന്നായിരുന്നു ഹെൻറി വിലയിരുത്തിയത്.

പഞ്ചാബിൽ നിന്നുള്ള മടക്കം എന്നെന്നേക്കുമുള്ളതാണെന്ന് ഹെൻറി കരുതിയിരുന്നില്ല. ജോണിന് ആഗ്രയിലേയോ ബോംബെയിലെയോ ഗവർണർ സ്ഥാനം പോലുള്ള ഉന്നതോദ്യോഗങ്ങൾ ലഭിക്കുകയോ ജോൺ വിരമിക്കുകയോ ചെയ്താൽ ഹെൻറി പഞ്ചാബിൽ തിരിച്ചെത്താൻ തയ്യാറായിരുന്നു.

1853 ജനുവരി 11-ന് ലാഹോറിൽ അദ്ദേഹം ഒരു പൊതുയോഗത്തിൽ പങ്കെടുത്ത് സുഹൃത്തുക്കളിൽ നിന്നും പിന്തുണക്കുന്നവരിൽ നിന്നും യാത്രാമൊഴികൾ ഏറ്റുവാങ്ങി. ജനുവരി 20 ആയിരുന്നു അദ്ദേഹത്തിന്റെ ലാഹോറിലെ അവസാനത്തെ ദിവസം. പഞ്ചാബിലെ ജഗീർദാർമാരെ ശല്യമായും ശത്രുക്കളായും കണക്കാക്കാതെ അവരോട് നീതിപൂർവമായി പെരുമാറണമെന്ന ഉപദേശം അന്ന് ജോണിന് ഹെൻറി നൽകി. ജലന്ധർ ദൊവാബിലെയും ലാഹോറിലെയും ജഗീർദാർമാരോട് ജോൺ കാണിച്ച മോശമായ പെരുമാറ്റമെന്ന തെറ്റ് തിരുത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ഹെൻറിക്കൊപ്പം ഭാര്യ ഹൊണോറിയയും അവരുടെ മക്കളായ ഹാരി, നോറ എന്നിവരും സഹോദരിയായ ഷാർലറ്റും ലാഹോറിൽ നിന്ന് ജനുവരി 20-ന് തിരിച്ചു. പഞ്ചാബി പ്രഭുക്കന്മാരുടെയും, റോബർട്ട് നേപ്പിയർ അടക്കമുള്ള ഇംഗ്ലീഷ് ഉദ്യോഗസ്ഥരുടെയും, ജനങ്ങളുടെയും ഒരു സംഘം അവരെ അമൃത്സർ വരെ അനുഗമിച്ചിരുന്നു. അമൃത്സറിൽനിന്ന് ഇവരെ അനുഗമിക്കുന്നതിന് മറ്റൊരു സംഘവും ഉണ്ടായിരുന്നു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഒരു രാജാവിന്റെ യാത്രപോലെയായിരുന്നു അത്. 1853 ഫെബ്രുവരി 7-ന് പഞ്ചാബിന്റെ അതിർത്തി കടന്ന ദിവസം അദ്ദേഹം ഭരണബോർഡിന്റെ അദ്ധ്യക്ഷൻ എന്ന പദവിയിൽ നിന്ന് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞു.[13]

ലാഹോർ നഷ്ടം[തിരുത്തുക]

ലാഹോറിലെ സ്ഥാനം തിരികെപ്പിടിക്കുക എന്നത്, അദ്ദേഹത്തിന്റെ പിൽക്കാല ഔദ്യോഗികജീവിതത്തിലെ പ്രധാനലക്ഷ്യമായിരുന്നു. അല്ലെങ്കിൽ ലാഹോറിൽ നിന്നും തന്നെ ഡൽഹൗസി പുറത്താക്കിയെന്ന ചീത്തപ്പേര് എങ്ങനെയിങ്കിലും കഴുകിക്കളയുക എന്നതായിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. തനിക്കെതിരെ ഡൽഹൗസി നടത്തിയ അപമര്യാദയെക്കുറിച്ച് അദ്ദേഹം സുഹൃത്തുകളോടും മുൻ സഹപ്രവർത്തകരോടും പിൽക്കാലത്ത് പരാതിപ്പെട്ടുകൊണ്ടിരുന്നു. പഞ്ചാബിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിലൊന്നും തന്റെ പേരും സ്ഥാനവും പരാമർശിക്കാതിരുന്നതും അദ്ദേഹത്തെ വളരെ ദുഃഖിതനാക്കി. പഞ്ചാബിന്റെ വികസനത്തിനുള്ള അടിസ്ഥാനകാര്യങ്ങളെല്ലാം താനാണ് ചെയ്തതെന്നായരുന്നു ഹെൻറിയുടെ വാദം. റോബർട്ട് നേപ്പിയറെ 1846-ൽ പഞ്ചാബിലേക്ക് കൊണ്ടുവന്നത് താനായിരുന്നു. അവിടത്തെ വികസനപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് താനായിരുന്നു. തന്റെ ചെയ്തികളുടെ ഗുണഫലമാണ് പഞ്ചാബിന്റെ പേരിൽ ഡൽഹൗസി നേടുന്നതെന്നായിരുന്നു ഹെൻറിയുടെ വിശ്വാസം.

ചീഫ് കമ്മീഷണർ കാലഘട്ടത്തിൽ ജോൺ കൂടുതൽ കൂടുതൽ ഹെൻറിയുടെ നയങ്ങളിലേക്ക് മാറുകയായിരുന്നുവെന്ന് ജോണിന്റെ ജീവചരിത്രകാരനായ ബോസ്വർത്ത് സ്മിത്ത് വിലയിരുത്തിയിട്ടുണ്ടെങ്കിലും, ഹെൻറിക്ക് ആ അഭിപ്രായമായിരുന്നില്ല. ജോണിന്റെ കീഴിലെ സിവിലിയൻ ഉദ്യോഗസ്ഥരുടെ വൻ പങ്കാളിത്തത്തിൽ ഹെൻറിക്ക് അതൃപ്തിയുണ്ടായിരുന്നു. ഈ ചെറുപ്പക്കാരായ സിവിലിയൻ ഉദ്യോഗസ്ഥർ, ഭരണരംഗത്ത് പ്രവർത്തിച്ചിരുന്ന സൈനികോദ്യോഗസ്ഥരുടെ മേൽ പഴിചാരിയാണ് അവരുടെ കുറ്റങ്ങൾ ന്യായീകരിച്ചിരുന്നതെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം.

മുൻ സിഖ് ദർബാർ അംഗങ്ങളോട് ബ്രിട്ടീഷ് ഭരണാധികാരികൾ കാണിക്കുന്ന മോശം പെരുമാറ്റത്തെക്കുറിച്ചും ഹെൻറിക്ക് പരാതിയുണ്ടായിരുന്നു. പ്രജകളുടെ നന്മക്കെന്ന പേരിൽ തദ്ദേശീയരാജാക്കന്മാരുടെ സ്വത്ത് കവർന്നെടുക്കുന്നതിനോടും ഹെൻറിക്ക് എതിർപ്പായിരുന്നു. ബ്രിട്ടീഷുകാർ ചെലുത്തുന്ന നിയമ-നിയന്ത്രണങ്ങൾ ഉൾക്കൊള്ളാനുള്ള പാകത പഞ്ചാബി സമൂഹത്തിനായിട്ടില്ലെന്നതിനാൽ, പഞ്ചാബിലെ ഭൂരിഭാഗം പേരും ബ്രിട്ടീഷ് ഭരണത്തെ ഇഷ്ടപ്പെടുന്നില്ലെന്നും അവരിലെ എല്ലാ വിഭാഗക്കാരും സിഖ് ഭരണത്തിലേക്ക് തിരച്ചുപോകാൻ ആഗ്രഹിക്കുമെന്നുമായിരുന്നു ഹെൻറിയുടെ വിലയിരുത്തൽ. തദ്ദേശീയവ്യവസ്ഥിതികളെ ഒറ്റയടിക്ക് മറിച്ചിടാതെ അവയെ ബഹുമാനിച്ചുകൊണ്ടും തദ്ദേശീയരെ അവരുടെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ പരമാവധി അനുവദിച്ചുകൊണ്ടുമുള്ള ഭരണരീതിയാണ് അനുവർത്തിക്കേണ്ടതെന്നായിരുന്നു ഹെൻറിയുടെ ആശയം. മാൽക്കം, മൻറോ തുടങ്ങിയവർ അനുവർത്തിച്ചുവന്ന ഈ രീതി പ്രായോക്താക്കളിലെ അവസാനകണ്ണികളിലൊന്നാണ് താനെന്ന് ഹെൻറിക്ക് മനസ്സിലായി. ജോണിനോടുള്ള ഹെൻറിയുടെ ഇക്കാലത്തെ മനോഭാവം സ്നേഹവും, ദേഷ്യവും മൽസരവും ഇടകലർന്നതായിരുന്നു.

പഞ്ചാബ് വിട്ടതിനുശേഷവും തന്റെ പഴയ സഹപ്രവർത്തകരുമായി ഹെൻറി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയും പുതിയ ഭരണരീതിയെക്കുറിച്ച് അവർക്കുള്ള പരാതികൾ അറിയുകയും ചെയ്തുകൊണ്ടിരുന്നു. പഞ്ചാബിലെ പഴയ സൈനിക-ഭരണാധികാരികളുടെ പ്രശ്നങ്ങൾക്കു കാരണം ജോണിനെപ്പോലുള്ള ഉദ്യോഗസ്ഥരല്ല. മറിച്ച് അവർ പ്രാവർത്തികമാക്കുന്ന ഭരണരീതികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. ഈ ഭരണരീതികൾ തന്നെയാണ് തന്നെയും സഹോദരൻ ജോർജിനെയും ജെയിംസ് അബ്ബോട്ടിനെയും ജോർജ് മക്ഗ്രിഗറിനെയും കോക്കിനെയും പഞ്ചാബിൽ നിന്ന് പുറത്താക്കിയതിന് കാരണം. നിക്കോൾസനെപ്പോലെയുള്ള ഉദ്യോഗസ്ഥരെ എന്തുവിലകൊടുത്തും പഞ്ചാബിൽത്തന്നെ നിർത്തേണ്ടതാണെന്ന് ഹെൻറി ജോണിനെയും ഉപദേശിച്ചു.

ഹെൻറിയുടെ മുൻകാല സഹായികളെ സിവിലിയൻ ഭരണശൈലി പഠിപ്പിച്ചെടുക്കാനുള്ള ജോണിന്റെ ശ്രമം മണ്ടത്തരമാണെന്നാണ് ഹെൻറി അഭിപ്രായപ്പെട്ടത്. ഒരു കൂട്ടം കവർച്ചക്കാരുടെ കാൽക്കീഴിൽ അവരുടെ ബന്ധനത്തിലകപ്പെട്ടുനിൽക്കുമ്പോൾ നിയമാവലികളും കീഴ്വഴക്കങ്ങളും പാലിച്ച് ഒരു കടലാസിലെഴുതി റിപ്പോർട്ട് ചെയ്യുക എന്നത് മടയത്തരമാണെന്നാണ് ഹെൻറി അഭിപ്രായപ്പെട്ടത്.

ഡൽഹൗസിയുടെ കാലത്തുതന്നെ ജോണിന് ഏതെങ്കിലും പ്രെസിഡൻസിയിൽ ഗവർണർ സ്ഥാനത്തേക്ക് കയറ്റം കിട്ടിയാൽ പഞ്ചാബിലെ ചീഫ് കമ്മീഷണർ സ്ഥാനത്തേക്ക് എത്തണമെന്ന മോഹം ഹെൻറിക്കുണ്ടായിരുന്നു. തനിക്ക് നേരിട്ട അപമാനം തുടച്ചുനീക്കാൻ ഇതിനേക്കാൾ പറ്റിയ വേറെ വഴിയില്ലെന്നും അദ്ദേഹം കരുതി. 1856-ൽ ആരോഗ്യപരമായ കാരണങ്ങളാൽ ജോൺ അവധിക്ക് നാട്ടിൽ പോകാൻ സാധ്യതയുണ്ടെന്ന് കണ്ട ഹെൻറി, അന്നത്തെ ഗവർണർ ജനറലായ കാനിങ്ങിനോട് പകരക്കാരനായി പഞ്ചാബിൽ തന്നെ നിയമിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ജോൺ അവധിയിൽ പ്രവേശിച്ചില്ല.

പുതിയ സ്ഥലമായ രജപുത്താനയുടെ ഗുണങ്ങൾ ഹെൻറി തന്റെ സുഹൃത്തുക്കളോട് പങ്കുവച്ചുവെങ്കിലും തന്റെ പഞ്ചാബ് അനുഭവങ്ങളുടെ നിഴലിൽനിന്ന് മുക്തിനേടുവാൻ അദ്ദേഹത്തിന് സാധിച്ചില്ല. ഞാനൊരിക്കലും പഞ്ചാബിൽ പോയിട്ടുണ്ടായിരുന്നില്ലെങ്കിൽ ഞാനിപ്പോഴത്തെ സ്ഥാനം ഇഷ്ടപ്പെട്ടേനെ എന്ന് അദ്ദേഹം 1854-ൽ എഡ്മൺസ്റ്റോണിന് എഴുതിയിരുന്നു. കശ്മീരിന്റെയും നേപ്പാളിന്റെയും ഒരു ചെറുമാതൃകപോലെയുള്ള സ്വർഗ്ഗീയമായ ഇടമാണ് മൗണ്ട് അബു എന്നിരിക്കിലും പഴയ കാര്യങ്ങൾ തന്നെ അലട്ടിക്കൊണ്ടിരിക്കുന്നു എന്ന് അദ്ദേഹം 1856-ൽ ജോർജ് ക്ലെർക്കിനെഴുതിയിരുന്നു.[14]

രജപുത്താന[തിരുത്തുക]

രജപുത്താനയിലെ പൊളിറ്റിക്കൽ ഏജന്റായി മൗണ്ട് അബുവിൽ ജോലിചെയ്യുന്ന കാലം, നേപ്പാളിലേതുപോലെ ഒരു വിശ്രമകാലമായിരുന്നു. എങ്കിലും പഞ്ചാബിൽനിന്നും തന്നെ പുറത്താക്കിയതിന്റെ പേരിൽ ഹെൻറി വളരെ നിരാശനും അമർഷനുമായിരുന്നു. മൗണ്ട് അബുവിലെ കാലാവസ്ഥ ഹെൻറിയുടെ ആരോഗ്യത്തിന് വളരെ യോജിച്ചതായിരുന്നു. എഴുത്തിനായും അദ്ദേഹത്തിന് വേണ്ടുവോളം സമയം ഈ അവസരത്തിൽ ലഭിച്ചു. രജപുത്താനയിലെ തന്റെ നിയന്ത്രണപ്രദേശത്ത് മൊത്തം അദ്ദേഹം പര്യടനം നടത്തുകയും ആവശ്യമുള്ളപ്പോഴൊക്കെ സൈനികനടപടികൾ നടത്തുകയും ചെയ്തു. സ്വതന്ത്രമായ പതിനെട്ടു നാട്ടുരാജ്യങ്ങളുടെ ചുമതല ഇവിടെ ഹെൻറിക്കുണ്ടായിരുന്നു. ഇതിൽ അഞ്ചെണ്ണം അദ്ദേഹത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. (രണ്ടെണ്ണത്തിന്റെ രാജാക്കൻമാർ പ്രായപൂർത്തിയാവാത്തവരും, മൂന്നെണ്ണത്തിൽ ഭരണപ്രാപ്തിയില്ലാത്തവരുമായിരുന്നു.) ഇക്കാലത്ത് സഹോദരൻ ജോർജ്, ഹെൻറിക്കുകീഴിൽ മേവാഡിന്റെയും മറ്റു മൂന്നു നാട്ടുരാജ്യങ്ങളുടെയും ചുമതല നിർവഹിച്ചിരുന്നു.

പഞ്ചാബിനെപ്പോലെ ബ്രിട്ടീഷ് സാമ്രാജ്യത്തോട് ലയിക്കപ്പെടുക എന്ന വലയിൽ വീഴാതിരിക്കാൻ തങ്ങളുടെ ഭരണരീതികൾ മെച്ചപ്പെടുത്താൻ രജപുത്രരാജാക്കൻമാരെ പ്രേരിപ്പിക്കുക എന്നതായിരുന്നു വ്യക്തിപരമായി ഹെൻറിക്ക് രജപുത്താനയിലെ പ്രധാന ചുമതല. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയിടയിലുള്ള അഴിമതിനിർമ്മാർജ്ജനവും അവരുടെ മൽസരക്ഷമതവർദ്ധിപ്പിക്കലും മറ്റൊരു വിഷയമായിരുന്നു. തദ്ദേശീയരാജാവിൽനിന്ന് കൈക്കൂലി വാങ്ങിയ ഉദയ്പൂരിലെ പൊളിറ്റിക്കൽ ഏജന്റിനെ ഇക്കാലയളവിൽ ഹെൻറി പിരിച്ചുവിട്ടിരുന്നു.

വളരെ മനോഹരമായ മൗണ്ട് അബുവിൽ ഭാര്യ ഹൊണോറിയയും സംതൃപ്തജീവിതം നയിച്ചു. റെസിഡന്റ് മന്ദിരം വളരെ ചെറുതും ചിതറിക്കിടക്കുന്നതുമായ കെട്ടിടമായിരുന്നെങ്കിലും പ്രശസ്തമായ മൗണ്ട് അബുവിലെ ജൈനക്ഷേത്രങ്ങൾക്കടുത്ത് മനോഹരമായ സ്ഥലത്തായിരുന്നു ഇത് സ്ഥിതിചെയ്തിരുന്നത്. നക്കി തടാകത്തിന്റെ വീക്ഷണവും ഈ വീട്ടിൽ നിന്ന് ലഭിക്കുമായിരുന്നു. ഹൊണോറിയക്ക് ഏറെ ഇഷ്ടപ്പെട്ട സ്ഥലമായിരുന്നു ഇത്. മൗണ്ട് അബുവിലെ ഒരു ഡസനോളം വരുന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാരുടെ കുടുംബങ്ങളടങ്ങിയ ചെറിയ സമൂഹവും അവരെ ആഹ്ലാദിപ്പിക്കുന്നതായിരുന്നു. ഹൊണോറിയയുമൊത്ത് ഒരു വർഷം സ്വസ്ഥമായി മൗണ്ട് അബുവിൽ ജീവിക്കാൻ ഹെൻറിക്കായി. 1853 ഒക്ടോബറിൽ ഹൊണോറിയ ഗർഭിണിയാകുകയും ഇതിനെത്തുടർന്ന് ആരോഗ്യസ്ഥിതി വഷളാവുകയും ചെയ്തു. 1854 ജൂൺ 15-ന് അവർ മരണമടഞ്ഞു. അതോടെ ഹെൻറി തീവ്രദുഃഖിതനായി. ഹൊണോറിയയെ പരിചരിക്കുന്നതിന് എത്തിയ അവരുടെ സുഹൃത്ത് മിസിസ് ഹിൽ ആണ് ഈ സമയത്ത് അദ്ദേഹത്തിന് ആശ്വാസം പകർന്നത്.[14]

അവധിലേക്ക്[തിരുത്തുക]

1856 അവസാനമായപ്പോഴേക്കും ഹെൻറിയുടെ ആരോഗ്യം വളരെ മോശമായി. അദ്ദേഹത്തിന്റെ കാഴ്ചയും മങ്ങാനാരംഭിച്ചു. ഡോക്റ്റർമാരുടെ നിർദ്ദേശപ്രകാരം അദ്ദേഹം അവധിക്കപേക്ഷിക്കുകയും 1857 ഫെബ്രുവരിയിൽ നാട്ടിലേക്കുപോകാൻ തീരുമാനിക്കുകയും ചെയ്തു. തനിക്കുപകരം മൗണ്ട് അബുവിൽ താൽക്കാലികസ്ഥാനമേൽക്കാൻ സഹോദരൻ ജോർജിനെ ചട്ടംകെട്ടുകയും ചെയ്തു.

എന്നാൽ പുതിയതായി ബ്രിട്ടീഷ് സാമ്രാജ്യത്തോട് ചേർത്ത അവധിലെ ചീഫ് കമ്മീഷണർ സ്ഥാനം വാഗ്ദാനംചെയ്തുകൊണ്ട് 1857 ജനുവരി 19-ന് ഗവർണർ ജനറൽ കാനിങ്ങിൽ നിന്നും അറിയിപ്പ് ഹെൻറിക്ക് ലഭിച്ചു. ഹെൻറി വളരെ സന്തുഷ്ടനാകുകയും ആരോഗ്യപ്രശ്നങ്ങളെ തൃണവൽഗണിച്ച് തന്റെ അവധി റദ്ദാക്കി അവധിലേക്ക് പോകാൻ തയാറെടുത്തു. പഞ്ചാബിൽ നിന്നും തന്നെ പുറത്താക്കിയതിനുശേഷം ഹെൻറിക്ക് ഏറ്റവും സന്തോഷം തോന്നിയ സമയമായിരുന്നു ഇത്. ഉടനടി ലക്നോവിൽ ചെന്ന് പുതിയ ജോലിയെറ്റെടുക്കാൻ തീരുമാനിച്ച്, അന്നേദിവസം തന്നെ ഹെൻറി കാനിങ്ങിന് മറുപടി ടെലിഗ്രാം ആയച്ചു. തന്റെ ടെലിഗ്രാം ഏതെങ്കിലും കാരണവശാൽ ഗവർണർ ജനറലിന് കിട്ടാതിരുന്നാലോ എന്ന് ഉൽക്കണ്ഠാകുലനായ അദ്ദേഹം ഇൻഡോറിലെ ടെലിഗ്രാഫ് സൂപ്രണ്ടിനോട്, തന്റെ ടെലിഗ്രാം ഒരിക്കൽക്കൂടി അയക്കാനും അഭ്യർത്ഥിച്ചു. തിടുക്കത്തിൽ ഹെൻറി, തന്റെ സാധനങ്ങളും മറ്റും ലക്നോവിലേക്കയക്കുകയും കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങളെ ബോംബെയിലേക്കയക്കുകയും ചെയ്ത് ലക്നോവിലേക്കുള്ള യാത്രയാരംഭിച്ചു. എന്നാൽ ലക്നോവിലെ ജോലി, മാർച്ച് മാസം പകുതിയോടെ ഏറ്റെടുത്താൽ മതിയെന്നുള്ള കാനിങ്ങിനെ മറുപടി അദ്ദേഹത്തെ അസന്തുഷ്ടനാക്കി. മുന്നോട്ടുനീങ്ങാൻ അറിയിപ്പ് കിട്ടുംവരെ ആഗ്രയിൽ തുടരാൻ അദ്ദേഹം തീരുമാനിച്ചു. മാർച്ച് 17-ന് ലക്നോവിലേക്ക് നീങ്ങാൻ അറിയിപ്പ് കിട്ടുകയും മാർച്ച് 20-ന് വെളുപ്പിന് 5 മണിക്ക് അദ്ദേഹം അവിടെയെത്തുകയും ചെയ്തു. ഈ സമയത്ത് ഹെൻറിക്ക് 50 വയസേ ആയിരുന്നുള്ളുവെങ്കിലും അനാരോഗ്യവും ഭാര്യ ഹൊണോറിയയുടെ മരണം മൂലമുള്ള ഏകാന്തതയും മൂലം ഒരു വയസനെപ്പോലെയായിരുന്നു കാണപ്പെട്ടിരുന്നത്.[14]

ഹെൻറി ലക്നോവിലെത്തുമ്പോൾത്തന്നെ അവിടെ ഏറ്റെടുക്കലിനെതിരെയുള്ള ബ്രിട്ടീഷ്‌വിരുദ്ധവികാരവും പുതിയതായി നടപ്പാക്കിയ ഭൂനികുതിനിർണ്ണയത്തെക്കുറിച്ചുള്ള പരാതികളും ശക്തമായിരുന്നു. ഡൽഹൗസിയുടെയും അവധിലെ ധനകാര്യകമ്മീഷണറായിരുന്ന മാർട്ടിൻ ഗബ്ബിൻസിന്റെയും നിർദ്ദേശപ്രകാരം അവധിലെ താലൂക്ക്ദാർമാരെ നികുതിപിരിവിൽ നിന്ന് ഒഴിവാക്കുകയും അതുവരെ പിരിച്ചത് അവരിൽനിന്ന് ഉടനടി പിരിച്ചെടുക്കാനുത്തരവിടുകയും ചെയ്തത് വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചു. ഫൈസാബാദിൽ പണമടക്കാൻ സാധിക്കാത്ത നിരവധി താലൂക്ക്ദാർമാരെ ജയിലിലടക്കുകയും ചെയ്തിരുന്നു.

അവധ് ബ്രിട്ടീഷ് സാമ്രാജ്യത്തോട് കൂട്ടിച്ചേർത്തതിനുശേഷം തദ്ദേശീയർക്ക് ഭരണത്തിൽ യാതൊരു പങ്കും നൽക്ിയിരുന്നില്ല. ഹെൻറി ചുമതലയേറ്റതിനുശേഷം തദ്ദേശീയപ്രഭുക്കന്മാരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ദർബാർ നടത്താനാരംഭിച്ചു. സ്വാഭാവികമായും താലൂക്ക്ദാർമാരോട് അനുഭാവപൂർണ്ണമായി ഇടപെട്ട ഹെൻറി, അവർക്ക്, തങ്ങളുടെ കൈവശമുണ്ടായിരുന്ന ഭൂമിയുടെ അവകാശം തിരികെക്കൊടുക്കാനും തീരുമാനിച്ചു. അവധിൽ പലയിടത്തും നിശ്ചയിക്കപ്പെട്ടിരുന്ന നികുതി വളരെ അധികമാണെന്നായിരുന്നു ഹെൻറിയുടെ അഭിപ്രായം. അദ്ദേഹം സർവ്വേനടത്തി നികുതിനിർണ്ണയം നടത്താൻ നടപടിയെടുത്തു.[15]

1857-ലെ കലാപവും മരണവും[തിരുത്തുക]

അവധിൽ ഹെൻറിയുടെ നടപടികൾ ആരംഭിക്കുമ്പോഴേക്കും ഇന്ത്യൻ ഭടന്മാരുടെ പ്രശ്നങ്ങൾ ഗുരുതരമായിരുന്നു. അവധ് നവാബിന്റെ മുൻ രാജസേനയും, താലൂക്ക്ദാർമാരുടെ സ്വകാര്യസേനകളും പിരിച്ചുവിടപ്പെട്ടതുവഴി, 50,000-ത്തോളം പഴയ പട്ടാളക്കാർ അവധിലെമ്പാടുമായി ഉണ്ടായിരുന്നു. ഇതിൽ 15,000-ത്തോളം പേർക്ക് അവധ് ഇറെഗുലർ ഫോഴ്സിലും, മിലിറ്ററി പോലീസിലുമായി നിയമനം നൽകിയിരുന്നു. ബാക്കിയുള്ളവരിൽ നിരവധി നിരവധി ലക്നൌവിലുണ്ടായിരുന്നു ഇവർ തരം കിട്ടുമ്പോൾ ബ്രിട്ടീഷുകാരെ ആക്രമിക്കാനും മടിച്ചില്ല. അവധിന്റെ കൂട്ടിച്ചേർക്കലിന് ഏതാണ്ട് ഒരുവർഷത്തോളം ഈ പഴയ പട്ടാളക്കാർ, മുൻരാജാവിനെ അധികാരത്തിലേറ്റണം എന്ന ലക്ഷ്യത്തിൽ പ്രവർത്തനം നടത്തിപ്പോന്നു.

അവധിന്റെ കൂട്ടിച്ചേർക്കലും കാർട്രിഡ്ജ് പ്രശ്നത്തിനും പുറമേ ശിപായികളുടെ നീരസത്തിന് മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു എന്നാണ് ഹെൻറിയുടെ വിലയിരുത്തൽ. ഡൽഹൌസി പുറത്തിറക്കിയ ജനറൽ സെർവീസ് ഓർഡറിലെ ചില വ്യവസ്ഥകളായിരുന്നു ഇവ. ഇതനുസരിച്ച് സൈനികർക്ക് വിദേശസേവനം ഐച്ഛികമായിരുന്നത്, നിർബന്ധമാക്കി. കടൽയാത്ര നടത്തുന്നത് അശുദ്ധമാണെന്ന ഹിന്ദുക്കളുടെ വിശ്വാസത്തെ പരിഗണിക്കാതെയുള്ള ഈ വ്യവസ്ഥ പ്രതിഷേധത്തിന് കാരണമായിരുന്നു.

അവധ് ഇറെഗുലർ ഇൻഫൻട്രിയിലെ ലക്നൗവിലുണ്ടായിരുന്ന ഒരു റെജിമെന്റ് പുതിയ കാട്രിഡ്ജ് ഉപയോഗിക്കാൻ വിസമ്മതിച്ചതോടെ, 1857 മേയ് 2-നാണ് അവധിൽ കലാപത്തിന് ആരംഭമായത്. അടുത്ത ദിവസം നഗരത്തിനു വടക്കുള്ള ഈ റെജിമെന്റിൽ നിന്നും നഗരത്തിനു വടക്കുള്ള മുറിയാവ് കന്റോൺമെന്റിലെ 48-മത് നേറ്റീവ് ഇൻഫൻട്രിയിലേക്ക് അയച്ച ഒരു കത്ത് ഹെൻറി പിടിച്ചെടുക്കുകയും അന്നുതന്നെ അദ്ദേഹവും ബ്രിഗേഡിയർ ഗ്രേയുമൊരുമിച്ച് അവിടെയെത്തി ശിപായികളെ നിരായുധരാക്കി പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഈ പ്രശ്നത്തിന് ഹെൻറി വളരെക്കുറഞ്ഞ ശിക്ഷകളേ നൽകിയിരുന്നുള്ളൂ. എങ്കിലും ഭരണത്തിന്റെ വിശ്വാസ്യത നാൾക്കുനാൾ കുറയുകയായിരുന്നു. റെസിഡൻസിയിൽ എല്ലാവരും ആയുധധാരികളായി കരുതലോടെയിരുന്നു.

മേയ് 30-ന് ലക്നൌവിൽ കലാപം ശക്തമായി. ജൂൺ 7-ന് എല്ലാ യൂറോപ്യൻ സ്ത്രീകളേയും കുട്ടികളോടും റെസിഡൻസിയിലേക്ക് താമസം മാറ്റിക്കുകയും അവിടെ കെട്ടിടങ്ങൾ ബലപ്പെടുത്തുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തു. ജൂൺ 30-ന് ചിൻഹത്തിൽ (കുക്രൈയിൽ നദീതീരത്ത്) നടന്ന ഒരു പോരാട്ടത്തിൽ ഹെൻറി നേരിട്ട് പങ്കെടുത്തു. എതിരാളികളുടെ എണ്ണം വളരെ അധികമായതിനാൽ ഇതിൽ ഹെൻറിയുടെ സൈന്യം പിൻവാങ്ങുകയായിരുന്നു. വിമതരുടെ എണ്ണം സംബന്ധിച്ച് ഇന്റലിജൻസ് വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന ഫിനാൻഷ്യൽ കമ്മീഷണർ മാർട്ടിൻ ഗബ്ബിൻസിന്റെ റിപ്പോർട്ട് ഈ തോൽവിക്ക് ഒരു കാരണമായിരുന്നു. ഗബ്ബിൻസും ഹെൻറിയും ഇക്കാലത്ത് അഭിപ്രായവ്യത്യാസത്തിലായിരുന്നു. ഗബ്ബിൻസും ഹെൻറിയുമായി ഈ സമയത്ത് മറ്റ് അഭിപ്രായവ്യത്യാസങ്ങളും നിലനിന്നിരുന്നു.

ജൂൺ 30-ന് വൈകിട്ടോടെതന്നെ വിമതർ റെസിഡൻസിയിലേക്ക് ആക്രമണം നടത്താനാരംഭിച്ചു. തുടർന്ന് റെസിഡൻസി ഒഴികെയുള്ള പട്ടണം മുഴുവൻ വിമതരുടെ നിയന്ത്രണത്തിലായി. ജൂലൈ 2-ന് രാവിലെ റെസിഡൻസിക്കകത്തെ മുറിയിൽവച്ച് ഹെൻറിക്ക് കലാപകാരികളുടെ വെടിയേറ്റു.

ചൂട് താങ്ങാനാവത്തതിനാൽ, ജൂണിന്റെ തുടക്കം തന്നെ ഹെൻറി, തനിക്ക് തുറസായ ഒരു മുറിയോ അല്ലെങ്കിൽ രണ്ട് മുറികളോ വേണമെന്ന് ജോൺ ഇംഗ്ലിസിനോട് ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലിസ് ഹെൻറിക്ക് നൽകിയ മുറിയിലാണോ മരണസമയത്ത് അദ്ദേഹം ഉണ്ടായിരുന്നതെന്നുറപ്പില്ല, എങ്കിലും അത് വളരെ തുറസ്സായതും ശത്രുക്കൾക്ക് എളുപ്പം ഉന്നം വക്കാവുന്നതുമായ മുറിയായിരുന്നു. മരണസമയത്ത് ഹെൻറിക്കൊപ്പം അദ്ദേഹത്തിന്റെ അനന്തരവൻ ജോർജും ക്യാപ്റ്റൻ വിൽസണും ഉണ്ടായിരുന്നു. ജോർജിന് പരിക്കൊന്നും പറ്റിയില്ലെങ്കിലും വിൽസണ് ചെറിയ പരിക്കുപറ്റി. മുറിയിൽ പങ്ക ചലിപ്പിച്ചുകൊണ്ടിരുന്ന കൂലിയുടെ ഒരു കാലും നഷ്ടപ്പെട്ടു.

ഹെൻറിയുടെ തുടയുടെ മുകൾഭാഗം ഷെല്ലിന്റെ കഷണം കയറി ഗുരുതരമായി കീറിയിരുന്നു. മയക്കിയതിനുശേഷമുള്ള പരിശോധനയിൽ ശസ്ത്രക്രിയയിലൂടെ ശരിയാക്കാനാകാത്തവണ്ണം അദ്ദേഹത്തിന്റെ ഇടുപ്പ് തകർന്നിരുന്നതായും ജീവൻ രക്ഷിക്കാൻ സാധ്യമല്ലെന്നും കണ്ടെത്തി. താൻ ഏതാണ് 48 മണിക്കൂർ കൂടി ജീവിച്ചിരിക്കും എന്ന് ഡോക്റ്ററോട് ചോദിച്ചറിഞ്ഞ ഹെൻറി, കീഴുദ്യോഗസ്ഥരായ കേണൽ ഇംഗ്ലിസിനെയും മേജർ ബാങ്ക്സിനെയും വിളിച്ച് നിർദ്ദേശങ്ങൾ നൽകി. കൂടാതെ ബന്ധുമിത്രാദികൾക്ക് സന്ദേശങ്ങളയക്കുകയും ചെയ്തു. സൈന്യത്തിന്റെ നേതൃത്വം ഇംഗ്ലിസിനു കൈമാറി. ബാങ്ക്സിനെ ചീഫ് കമ്മീഷണറായി നിയമിക്കുകയും ചെയ്തു. തന്റെ ഭൃത്യർക്ക് ഒരു വർഷത്തെ ശമ്പളം നൽകുക, തന്റെ കല്ലറയിൽ 'Here lies Henry Lawrence who tried to do his duty. May God have mercy on him.' എന്നെഴുതിവക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ബാങ്ക്സിന് നൽകി. തന്നെ മറികടന്ന് ബാങ്ക്സിന് ചീഫ് കമ്മീഷണർ സ്ഥാനം ഏൽപ്പിച്ച നടപടിയെ ഹെൻറിയുടെ മരണശേഷം ഗബ്ബിൻസ് വിമർശിച്ചിരുന്നു.

വെടിയേറ്റതിനുശേഷം മരണം വരെയുള്ള ഹെൻറിയുടെ സമയം വളരെ വേദനാപൂർണ്ണമായിരുന്നു. ലോഡാനം, ക്ലോറോഫോം തുടങ്ങിയവയും ഷാംപേനും ആരോറൂട്ടും അദ്ദേഹത്തിനു നൽകിയിരുന്നു. വേദന കുറഞ്ഞ ഇടവേളകളിൽ അദ്ദേഹം തന്റെ സഹോദരി ലെറ്റീഷ്യയെപ്പറ്റിയും ഭാര്യയെപ്പറ്റിയും പറഞ്ഞുകൊണ്ടിരുന്നു. 1857 ജൂലൈ 4-ന് രാവിലെ 8 മണിക്ക് അദ്ദേഹം മരണമടഞ്ഞു. അന്നു രാത്രി അദ്ദേഹത്തിന്റെ ശരീരം അടക്കം ചെയ്തു. അന്നു തന്നെ യുദ്ധത്തിൽ മരിച്ച ചില പടയാളികളുടെ ഒപ്പമാണ് അദ്ദേഹത്തെ അടക്കം ചെയ്തത്.

ഹെൻറിയുടെ മരണവാർത്ത ലണ്ടനിൽ എത്തുന്നതിനുമുൻപ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഡയറക്റ്റർമാർ ജൂലൈ 22-ന് അദ്ദേഹത്തെ കാന്നിങ്ങിനു ശേഷം ഇന്ത്യയിലെ താൽക്കാലിക ഗവർണർ ജനറലായി നിശ്ചയിച്ചിരുന്നു.[15]

വിവാഹവും കുടുംബവും[തിരുത്തുക]

രോഗം മൂലം നാട്ടിലെത്തിയ 1826-1829 കാലയളവിലാണ് ബന്ധുവായ ഹൊണോറിയ മാർഷലിനെ ഇഷ്ടപ്പെടുന്നത്. അഞ്ചുവർഷത്തിലധികമായി തന്റെ മനസ്സിൽ കൊണ്ടുനടന്ന പ്രേമം ഹൊണൊറിയയെ 1836-ൽ അറിയിക്കുകയും 1837 ഓഗസ്റ്റ് 21-ന് കൽക്കത്തയിലെ മിഷൻ പള്ളിയിൽ വച്ച് വിവാഹിതരാകുകയും ചെയ്തു.[4] 1838-ൽ ആലിക്ക് എന്നു പേരുള്ള ഒരു ആൺകുഞ്ഞും 1840 നവംബറിൽ ലെറ്റീഷ്യ എന്ന പേരുള്ള പെൺകുഞ്ഞും ജനിച്ചു. 1841 ജുലൈയിൽ രണ്ടു മക്കളും രോഗബാധിതരവുകയും ലെറ്റീഷ്യ ഓഗസ്റ്റിൽ മരണമടയുകയും ചെയ്തു.[5] നേപ്പാളിലായിരിക്കെ 1845 ജനുവരിയിൽ മറ്റൊരു പെൺകുഞ്ഞ് ജനിച്ചു.[6]

എഴുത്തുകാരിയും കവിയുമായിരുന്നു ഹൊണോറിയ. ഹെൻറിയുടെ ലേഖനങ്ങളുടെയും നോവലുകളുടെയും രചനയിൽ ഹൊണോറിയക്ക് നല്ല പങ്കുണ്ടായിരുന്നു. ഹൊണോറിയ എഴുതിയ കവിതകൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[16] ഹൊണോറിയയുടെ ജീവചരിത്രവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.[17] ഹെൻറിയോടൊപ്പം ഇന്ത്യയിലെ എല്ലാ ജോലിസ്ഥലങ്ങളിലും ഹൊണോറിയ ഒപ്പമുണ്ടായിരുന്നു. 1854-ൽ രജപുത്താനയിൽ ഹെൻറി ജോലിചെയ്തുകൊണ്ടിരിക്കുമ്പോൾ അവിടെവച്ചാണ് ഹൊണോറിയ മരണമടയുന്നത്.[14]

രചനകൾ[തിരുത്തുക]

നേപ്പാളിലെയും മൗണ്ട് അബുവിലെയും വലിയ ചുമതലകളില്ലാത്തതും ഏകാന്തവുമായ നിയമനകാലങ്ങളാണ് ഹെൻറിക്ക് എഴുത്തിൽ ശ്രദ്ധചെലുത്താൻ സാധിച്ച കാലഘട്ടങ്ങൾ.

അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിയതിനു ശേഷം 1843 കാലയളവിൽ യുദ്ധപരാജയം വിലയിരുത്തിക്കൊണ്ടുള്ള ഒരു ഉപന്യാസം ഹെൻറി രചിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ തോൽവി സൈനികപരാജയം മാത്രമാണെന്ന് സ്ഥാപിച്ച് വില്യം മക്നാട്ടനെ ന്യായീകരിച്ചുകൊണ്ടുള്ളതായിരുന്നു ഈ ഉപന്യാസം. സൈനികനേതാക്കളുടെ കഴിവുകേടിന് മക്നാട്ടൻ ബലിയാടാവുകയായിരുന്നു എന്നായിരുന്നു ഹെൻറിയുടെ പക്ഷം. ശ്രദ്ധേയമായ ഈ ഉപന്യാസം ഒരു കപ്പലപകടത്തിൽ നഷ്ടപ്പെട്ടു. ഇതിന്റെ പകർത്തിയെഴുതപ്പെട്ട ഭാഗങ്ങൾ ഹെർബെർട്ട് എഡ്വേഡ്സ് രചിച്ച ഹെൻറിയുടെ ജീവചരിത്രത്തിലുണ്ട്.

നേപ്പാളിൽവച്ച് നിരവധി വിഷയങ്ങളെക്കുറിച്ച് അദ്ദേഹം എഴുതി. അദ്ദേഹത്തിന്റെ കൃതികളിൽ സിംഹഭാഗവും പഞ്ചാബിനെയും അപ്ഗാനിസ്ഥാനെയും കേന്ദ്രീകരിച്ചാണ്. 1844-ൽ പഞ്ചാബിനെക്കുറിച്ച് മൂന്ന് ലേഖനങ്ങളെഴുതി. പഞ്ചാബിനെക്കുറിച്ചുള്ള ലേഖനങ്ങൾ മൂലമാണ് അവശ്യസമയത്ത് അദ്ദേഹത്തെ പഞ്ചാബിലേക്ക് നിയോഗിക്കാൻ ഗവർണർ ജനറലായ ഹാഡിഞ്ച് പ്രഭുവിനെ പ്രേരിപ്പിച്ചത് എന്നു കരുതുന്നു.

പഞ്ചാബിലെ സ്ഥിതിഗതികളെപ്പറ്റി വിവരിക്കുന്ന അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്ന നോവൽ ഹെൻറിയുടെ പ്രധാനപ്പെട്ട ഒരു രചനയാണ്. ഹൊണോറിയയുമൊത്താണ് ഈ നോവൽ എഴുതിയത്. ഇരുവരും ചേർന്നെഴുതിയ 'റൊമാൻസ് ആൻഡ് റിയാലിറ്റി ഇൻ ഇന്ത്യൻ ലൈഫ്' എന്ന ലേഖനവും ശ്രദ്ധിക്കപ്പെട്ടതായിരുന്നു.[6]

പഞ്ചാബിലെ തന്റെ സൈനികജീവിതത്തിൽ പഞ്ചാബ് ഭരണ ബോർഡുമായുണ്ടായ തർക്കങ്ങളിൽ ബോർഡിനെ അധിക്ഷേപിച്ചുകൊണ്ട് ഡിഫെക്റ്റ്സ്, സിവിൽ ആൻഡ് മിലിറ്ററി, ഓഫ് ദ ഇന്ത്യൻ ഗവൺമെന്റ് എന്നൊരു പുസ്തകം ചാൾസ് നേപ്പിയർ എഴുതിയിരുന്നു. 1853-ൽ നേപ്പിയറുടെ മരണാനന്തരമാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടത്. ഇതിന് വളരെ നീണ്ട ഒരു പ്രതികരണം, ഹെൻറി 1854-ൽ എഴുതിയിരുന്നു. രജപുത്താനയിലായിരിക്കുമ്പോഴാണ് ഹെൻറി ഇതെഴുതിയത്.

1856-ൽ ഇന്ത്യൻ സേനയെക്കുറിച്ചെഴുതിയ ലേഖനപരമ്പര, അതിന്റെ തൊട്ടടുത്ത വർഷം നടന്ന കലാപത്തിന്റെ പശ്ചാത്തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.[14]

അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ്[തിരുത്തുക]

1841-42 കാലഘട്ടത്തിൽ ഫിറോസ്പൂരിൽ ജോലി ചെയ്യുന്ന കാലത്ത്, ഹൊണോറിയയുമൊത്ത് ഹെൻറി ഒരു നോവൽ എഴുതുകയും അത് പരമ്പരാരൂപത്തിൽ ഡെൽഹി ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തുപോന്നു. അഡ്വഞ്ചേഴ്സ് ഓഫ് ആൻ ഓഫീസർ ഇൻ ദ സെർവീസ് ഓഫ് രഞ്ജിത് സിങ് എന്നായിരുന്നു ഇതിന്റെ പേര്. രഞ്ജിത് സിങ്ങിനു കീഴിൽ ജോലി ചെയ്യുന്ന ഒരു യൂറോപ്യൻ ഉദ്യോഗസ്ഥനാണ് ഇതിലെ മുഖ്യകഥാപാത്രം. നേപ്പാളിൽ ജോലിചെയ്യുന്ന കാലത്ത് 1844-ൽ ഇത് വിപുലീകരിച്ച് പുസ്തകമായി ഇംഗ്ലണ്ടിൽ പ്രസിദ്ധീകരിക്കാനയക്കുകയും 1845-ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ തുടർച്ച എഴുതാൻ ഹെൻറി പദ്ധതിയിട്ടിരുന്നെങ്കിലും അത് നടന്നില്ല.

ഒരു രാഷ്ട്രീയപ്രതിനിധിയായ തന്റെ പുസ്തകത്തിന് വലിയ ജനശ്രദ്ധയൊന്നും ലഭിക്കില്ലെന്നനാണ് ഹെൻറി കരുതിയിരുന്നത്. ഇതിന്റെ പരമ്പരാരൂപം തന്നെ വൻവിജയമായിരുന്നു. 1849-ലെ ജോസഫ് കണ്ണിങ്ഹാമിന്റെ ഹിസ്റ്ററി ഓഫ് ദ സിഖ്സിനകത്ത് കാര്യമായ പരാമർശം ഈ പുസ്തകത്തിന് കിട്ടി. യുറോപ്യൻമാർ അക്കാലത്തെഴുതിയ പുസ്തകങ്ങളിൽവച്ച് ഏറ്റവും വായനായോഗ്യവും കാര്യമാത്രപ്രസക്തിയുള്ളതുമായ പുസ്തകമാണിതെന്ന് ഖുശ്വന്ത് സിങ്ങും വിലയിരുത്തിയിട്ടുണ്ട്.[6]

ഇന്ത്യൻ സേനയെക്കുറിച്ചുള്ള ലേഖനപരമ്പര[തിരുത്തുക]

1856-ൽ ഇന്ത്യൻ സേനയെക്കുറിച്ചും, അതിലെ പരിഷ്ക്കരണത്തിന്റെ ആവശ്യകതയെക്കുറിച്ചും, അവധിലെ ഇന്ത്യൻ സൈനികരുടെ അവസ്ഥയെയും അവിടത്തെ പ്രശ്നസാധ്യതകളെയുംകുറിച്ച് മൂന്ന് നീണ്ട ലേഖനങ്ങളുടെ പരമ്പര ഹെൻറി, ദ കൽക്കത്ത റിവ്യൂയിൽ പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻ സൈനികകലാപത്തിന് മാസങ്ങൾക്കുമുമ്പുമാത്രം പ്രസിദ്ധപ്പെടുത്തിയിരുന്ന ഈ ലേഖനപരമ്പര വളരെ ശ്രദ്ധേയമായിരുന്നു. ഇന്ത്യൻ സേനയുടെ എല്ലാ മേഖലയിലും നടപ്പിലാക്കേണ്ടുന്ന പരിഷ്കരണങ്ങളെ സമ്പന്ധിച്ച വിശദമായ വിശകലനങ്ങളും നിർദ്ദേശങ്ങളും ഈ ലേഖനങ്ങളിൽ അടങ്ങിയിരുന്നു. ഉയർന്ന പദവിയിലുള്ള ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായമയും ഇന്ത്യക്കാരായ സൈനികർക്ക് ശരിയായ അംഗീകാരം ലഭിക്കാത്തതുമായിരുന്നു ഹെൻറിയുടെ നോട്ടത്തിൽ ഏറ്റവും പ്രാധാന്യമർഹിച്ച കാര്യങ്ങൾ. ആദ്യത്തെ പ്രശ്നത്തിന്റെ കാതൽ, സീനിയോരിറ്റി അനുസരിച്ചുള്ള സ്ഥാനക്കയറ്റമായിരുന്നു. എല്ലാ റാങ്കുകളിലും പരീക്ഷകൾ നടത്തി സ്ഥാനക്കയറ്റം നൽകണമെന്നും, സൈന്യത്തിലെ സൈനികേതര ഉദ്യോഗസ്ഥരെ വേർതിരിക്കണമെന്നും ഹെൻറി ശുപാർശ ചെയ്തു. തങ്ങളുടെ കീഴിലുള്ള സൈനികഘടകങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാത്ത നിരവധി ഉദ്യോഗസ്ഥരെ ഹെൻറി ഇതിലൂടെ വിമർശിച്ചു.

ഇന്ത്യൻ സൈനികരുടെ നേർക്കുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റം ഹെൻറിയുടെ പ്രധാനപരിഗണനാവിഷയമായിരുന്നു. അവരുടെ അസ്വാരസ്യങ്ങളും അവർക്കിടയിൽ വർദ്ധിക്കുന്ന അസംതൃപ്തിയും കണ്ടറിഞ്ഞ ചുരുക്കം ചിലരിലൊരാളായിരുന്നു ഹെൻറി. ഇന്ത്യൻ സൈനികർക്ക് മെച്ചപ്പെട്ട വേതനവും, കമ്മീഷൻ നൽകുന്നതുൾപ്പെടെ, ഉയർന്ന സ്ഥാനങ്ങളിലേക്ക് ഉദ്യോഗക്കയറ്റവും വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അവധിലെ സൈനികർക്കിടയിൽ കലാപസാധ്യത മനസ്സിലാക്കിയ ഹെൻറി അവിടെനിന്നും സൈനികരെ നിയമിക്കുന്നത് നിർത്തിവക്കണെന്നും പകരം, പഞ്ചാബ്, നേപ്പാൾ, ഡെൽഹി, വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ തുടങ്ങിയ ഇടങ്ങളിൽ നിന്ന് നിയമനം നടത്തണമെന്നും അഭിപ്രായപ്പെട്ടു.

ഇതൊക്കെയാണെങ്കിലും 1857-ലെ കലാപം നടക്കുമെന്നുള്ള കാര്യം ഹെൻറി പ്രതീക്ഷിച്ചിരുന്നില്ല. എന്നാൽ അടുത്തകാലത്തായി സർക്കാരിന്റെ നടപടികൾ വളരെ വേഗത്തിലാണെന്നും നാട്ടുകാരായ പരമ്പരാഗതവാദികളിൽ നീരസം ഉടലെടുക്കുവാൻ അത് കാരണമാകുന്നുവെന്നും ഹെൻറി അഭിപ്രായപ്പെട്ടിട്ടുണ്ട്. ബഹുഭാര്യാത്വം പോലുള്ള തദ്ദേശീയരീതികളുടെ നിരോധനം ഇതിനുദാഹരണമാണ്. ബ്രിട്ടീഷ് സർക്കാരിന്റെ ഇത്തരം നടപടികൾ ഹിന്ദുമതത്തിനെതിരായുള്ള ആക്രമണമായി വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഹെൻറി ഈ പരമ്പരയുടെ അവസാനഭാഗത്ത് എഴുതിയിട്ടുണ്ട്.[14]

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

സനാവറിലെ ലോറൻസ് സ്കൂളിന്റെ മുദ്രാവാക്യം

ഇന്ത്യയിലെ പട്ടാളബാരക്കുകളിലുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കുട്ടികൾക്ക് താമസിച്ചു പഠിക്കുന്നതിനായി മലമ്പ്രദേശങ്ങളിൽ വിദ്യാലയങ്ങൾ (അസൈലങ്ങൾ) ആരംഭിക്കണമെന്നത് ഹെൻറിയുടെ ആഗ്രഹമായിരുന്നു. നേപ്പാളിലായിരിക്കുന്ന കാലത്ത് ഹെൻറി ഇതിനായി സംഭാവനകൾ സ്വരൂപിക്കാനാരംഭിച്ചു. സഹായത്തിനായി സർക്കാരിനും സുഹൃത്തുക്കൾക്കും കത്തുകളെഴുതി. വളരെക്കുറച്ചുപേരെ അനുകൂലമായി പ്രതികരിച്ചുള്ളുവെങ്കിലും ഹെൻറി ശ്രമം തുടർന്നു. ഹെൻറി പഞ്ചാബിലായിരിക്കുന്ന കാലത്താണ് സിംലയിലെ കസോലിക്കടുത്തുള്ള സനാവാറിൽ സ്കൂൾ ആരംഭിക്കുന്നതിന് ശ്രമം തീവ്രമാക്കിയത്. 1847-ൽ സനാവറിൽ അദ്ദേഹം ലോറൻസ് സ്കൂൾ ആരംഭിച്ചു.

രജപുത്താനയിലെ ജോലിക്കാലത്ത് ഈ ശ്രമങ്ങൾ തുടർന്നു. 1854-ൽ മൗണ്ട് അബുവിൽ ഒരു സ്കൂൾ തുടങ്ങുന്നതിനുള്ള പണം പിരിവും പദ്ധതിയും ആരംഭിച്ചു. ആ വർഷം നവംബറിൽ സ്കൂളിനായി രണ്ട് വീടുകൾ അദ്ദേഹം വാങ്ങി. 1856 തുടക്കത്തിലാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ഇതിനുപുറമേ,തമിഴ്നാട്ടിലെ ഊട്ടിയിലും അദ്ദേഹം ലോറൻസ് സ്കൂൾ ആരംഭിച്ചു.

ലോറൻസ് സ്കൂളുകളിൽ കത്തോലിക്കരെ പ്രവേശിപ്പിക്കുന്നതിനെതിരെ എതിർപ്പുകൾ ശക്തമായിരുന്നു. എന്നാൽ ഇവിടെ എല്ലാ വിഭാഗക്കാരെയും പ്രവേശിപ്പിക്കണം എന്നായിരുന്നു ഹെൻറിയുടെ നിലപാട്. ഹെൻറിയുടെ മരണശേഷം 1860-ലാണ് നാലാമത്തെ ലോറൻസ് അസൈലം, ഇന്നത്തെ പാകിസ്താനിലെ റാവൽപിണ്ടിക്കടുത്തുള്ള മുറീ ഹിൽസിൽ ആരംഭിച്ചത് (ഗോര ഗലി ലോറൻസ് കോളേജ്).[6][14]

1857-ൽ ഹെൻറി മരിച്ച വാർത്തയറിഞ്ഞ സഹോദരൻ ജോൺ ലോറൻസ്, ലോറൻസ് അസൈലങ്ങളുടെ സാമ്പത്തിക ശോചനീയാവസ്ഥയെക്കുറിച്ചും അത് സർക്കാർ ഏറ്റെടുക്കണമെന്നും ഗവർണർ ജനറൽ കാനിങ് പ്രഭുവിനെ അറിയിച്ചു. സർക്കാരിനുവേണ്ടി ജീവിച്ച് മരിച്ച ഹെൻറിക്ക് നൽകാവുന്ന ഏറ്റവും വലിയ സ്മാരകമായിരിക്കും അതെന്നും ജോൺ എഴുതിയിരുന്നു. ഇതിനെത്തുടർന്ന് ഈ അസൈലങ്ങൾ സർക്കാർ ഏറ്റെടുത്തു.[18] 1872-ൽ കൽക്കത്തിലെയും മദ്രാസിലെയും സർക്കാർ അനാഥാലയങ്ങൾ അടച്ചുപൂട്ടി അവടത്തെ കുട്ടികളെ ലോറൻസ് അസൈലങ്ങളിലേക്ക് മാറ്റിയിരുന്നു.

ചിട്ടയായ വിദ്യാഭ്യാസമാണ് ഇവിടെ നടപ്പാക്കിയിരുന്നത്. സൈനികശൈലിയിലുള്ള കമ്പനികളായി കുട്ടികളെ വിഭജിച്ച് പരേഡ് നടത്തുമായിരുന്നു. മരപ്പണി, കൊല്ലപ്പണി തുടങ്ങിയ തൊഴിലുകൾ ആൺകുട്ടികളെ പരിശീലിപ്പക്കണമെന്ന് ഹെൻറി വിഭാവനം ചെയ്തിരുന്നു. എന്നാൽ തദ്ദേശീയരിൽ നിന്നുള്ള മൽസരം കാരണം ഈ തൊഴിലുകൾ കൊണ്ട് വിദ്യാർത്ഥികൾക്ക് ഗുണ്മുണ്ടാവില്ലെന്ന് കണ്ട ഡയറക്റ്റർമാർ, ടെലിഗ്രാഫി, സിവിൽ എഞ്ചിനീയറിങ്, മറ്റ് സാങ്കേതികകാര്യങ്ങൾ എന്നിവയിലാണ് മിടുക്കന്മാരായ ആൺകുട്ടികൾക്ക് പരിശീലനം നൽകിയിരുന്നത്. മറ്റ് ആൺകുട്ടികൾ സൈന്യത്തിലേക്കും റെയിൽവേയിലേക്കുമാണ് ഇവിടത്തെ പരിശീലനത്തിനു ശേഷം സാധാരണ പോയിരുന്നത്. പെൺകുട്ടികളെ വീട്ടുകാര്യങ്ങൾ നോക്കുന്നതിനുള്ള പരിശീലനം നൽകിയിരുന്നു.[6][14] നാല് ലോറൻസ് സ്കൂളുകളിൽ മൂന്നും ഇന്ന് വിദ്യാഭ്യാസസ്ഥാപനങ്ങളായി നിലനിൽക്കുന്നുണ്ട്. മൗണ്ട് അബുവിലെ സ്കൂൾ പിൽക്കാലത്ത് പോലീസ് അക്കാദമിയാക്കി മാറ്റി.

ഇന്ത്യയിലെ മലമ്പ്രദേശങ്ങളിലെ ബ്രിട്ടീഷ് സ്കൂളുകളുടെ പിതാവായി ഹെൻറി കണക്കാക്കപ്പെടുന്നു. 1860-കളോടെ വിവിധ ക്രിസ്ത്യൻ സഭകളുടെ ആഭിമുഖ്യത്തിലുള്ള സ്കൂളുകൾ ഇന്ത്യയിലെ വിവിധ മലമ്പ്രദേശങ്ങളിൽ സ്ഥാപിക്കാനാരംഭിച്ചു. കാനിങ് കൊണ്ടുവന്ന നിയമപ്രകാരം ഇത്തരം സ്കൂളുകൾക്ക് സർക്കാർ സഹായവും ലഭ്യമായി.[14] ഹെൻറി ലോറൻസ് അയച്ചുനൽകിയ 150 രൂപ കൊണ്ടാണ് മുണ്ടക്കയത്ത് ഹെൻറി ബേക്കർ ജൂനിയർ സ്കൂൾ ആരംഭിച്ചത്.[19]

ജീവചരിത്രങ്ങൾ[തിരുത്തുക]

ഹെൻറി ലോറൻസിന്റെ ഇന്ത്യയിലെ ഔദ്യോഗികകാലഘട്ടം, കാര്യമായിത്തന്നെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഹെൻറിയുടെ രണ്ടു ജീവചരിത്രങ്ങൾ പത്തൊമ്പതാം നൂറ്റാണ്ടിൽ പുറത്തിറിങ്ങിയിട്ടുണ്ട്. അവയിലൊന്ന് അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഹെർബെർട്ട് എഡ്വേഡ്സ് എഴുതിത്തുടങ്ങിയതാണ്. ലൈഫ് ഓഫ് സർ ഹെൻറി ലോറൻസ് എന്ന പേരിലുള്ള ഈ പുസ്തകം എഡ്വേഡ്സിന്റെ മരണശേഷം ഹെർമൻ മെറിവേൽ ആണ് പൂർത്തിയാക്കി പ്രസിദ്ധീകരിച്ചത്.

പുതിയതായി 1990-ൽ സർ ജോൺ ലോറൻസ്, ഹെൻറിയെക്കുറിച്ച് ഒരു പഠനം പുറത്തിറക്കിയിട്ടുണ്ട്.[20] ഹെൻറിയും ജോണും പഞ്ചാബിൽ ഒരുമിച്ചുണ്ടായ കാലഘട്ടത്തെക്കുറിച്ചുമുള്ള ചരിത്രവും രചിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് 1958-ൽ പുറത്തിറങ്ങിയ മൈക്കൽ എഡ്വേഡ്സ് രചിച്ച 'ദ നെസെസ്സറി ഹെൽ – ജോൺ ആൻഡ് ഹെൻറി ലോറൻസ് ആൻഡ് ദ ഇന്ത്യൻ എമ്പയർ ' ആണ്. ലോറൻസ് രാജിനെക്കുറിച്ചും, വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെയും പഞ്ചാബിലെയും ഭൂനികുതിനയങ്ങളെക്കുറിച്ചുമുള്ള പഠനങ്ങൾ ആധുനികകാലത്തുണ്ടായിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

 1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "ഇൻട്രൊഡക്ഷൻ". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 5–6. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 2. "ലോറൻസ്, സർ ഹെൻറി മോണ്ട്ഗോമെറി (Lawrence, Sir Henry Montgomery) (1806 - 1857)". ഡിക്ഷ്ണറി ഓഫ് ഇന്ത്യൻ ബയോഗ്രഫി (in ഇംഗ്ലീഷ്). ന്യൂയോർക്ക്, യു.എസ്.എ.: ഹാസ്കെൽ ഹൗസ് പബ്ളിഷേഴ്സ് ലിമിറ്റെഡ്. 1906. p. 246. Retrieved 2013 മേയ് 4. {{cite book}}: Check date values in: |accessdate= (help)
 3. 3.0 3.1 3.2 3.3 3.4 3.5 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "1 - ഫാമിലി ആൻഡ് ദ ഏളി യേഴ്സ് (Family and the Early Years) 1809 – 1829". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 9–33. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 4. 4.0 4.1 4.2 4.3 4.4 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "2 - അപ്രെന്റീസ് യേഴ്സ് (Apprentice Years ) 1830 - 1839". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 36–46. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 5. 5.0 5.1 5.2 5.3 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "3 - പ്രൊമോഷൻ ആൻഡ് റെക്കഗ്നിഷൻ (Promotion and Recognition), 1840-1843". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 70–87, 92. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 6. 6.0 6.1 6.2 6.3 6.4 6.5 6.6 6.7 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 96–108. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 7. 7.0 7.1 7.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 138–152. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 8. 8.0 8.1 8.2 8.3 8.4 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "6 - സ്റ്റേയിങ് ഓൺ ഇൻ 1846 - ലാഹോർ, കശ്മീർ ആൻഡ് ബൈരോവാൾ (Staying on in 1846 - Lahore, Kashmir and Byrowal)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 165–187. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 9. 9.0 9.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "7 - ദ റെസിഡെൻസി ആഫ്റ്റർ ഭൈരോവൽ, ജനുവരി - ഓഗസ്റ്റ് 1847 (The Residency after Bhyrowal, January - August 1847)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 193–198. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 10. 10.0 10.1 10.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "8 - എന്റൈർ ഇന്റെർഫെറൻസ് - ദ റെസിഡെൻസി ട്രാൻസ്ഫോംഡ്, ഓഗസ്റ്റ് 1847 - മേയ് 1848 (Entire Interference - The Residency Transformed, August 1847 - May 1848)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 210–225. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 11. 11.0 11.1 11.2 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "9 - 'റാതെർ ഡെലിക്കേറ്റ്ലി സിറ്റ്വേറ്റെഡ്' - ഹെൻറി ആൻഡ് ദ ന്യൂ പഞ്ചാബ് രാജ് 1848 - 1849 ('Rather Delicately Situated' - Henry and the New Punjab Raj 1848 - 1849)". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 225–226, 232–244. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 12. 12.0 12.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "10 - റ്റുഗെതർ ഓൺ ദ ബോർഡ് (Together on the Board) 1849 -1852". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 250–251, 261–269. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 13. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "11 - സോ ഇർക്സം, സോ പെയിൻഫുൾ - ഡിസ്സെൻഷൻ ആൻഡ് ഡിസ്സൊല്യൂഷൻ (So Irksome, So painful - Dissention and Dissolution) 1850 - 1853". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 274–293. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 14. 14.0 14.1 14.2 14.3 14.4 14.5 14.6 14.7 14.8 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "13 - എക്സൈൽ ആൻഡ് റിട്ടേൺ - മൗണ്ട് അബു ആൻഡ് ലക്നൗ (Exile and Return - Mount Abu and Lucknow), 1853 - 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 316–331. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 15. 15.0 15.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "14 - ലാസ്റ്റ് പോസ്റ്റ്, ലക്നോ (Last Post), 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 334–351. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 16. മേരി എല്ലിസ് ഗിബ്സൺ, ed. (2011). "ഹൊണോറിയ മാർഷൽ ലോറൻസ്". ആംഗ്ലോഫോൺ പോയെറ്റ്റി ഇൻ കൊളോണിയൽ ഇന്ത്യ, 1780 - 1913, എ ക്രിട്ടിക്കൽ ആന്തോളജി (in ഇംഗ്ലീഷ്). ഏതൻസ്, ഓഹിയോ, യു.എസ്.എ.: ഓഹിയോ യൂനിവേഴ്സിറ്റ് പ്രെസ്. p. 158. ISBN 978-0-8214-4357-6. Retrieved 5 മെയ് 2013. {{cite book}}: Check date values in: |accessdate= (help)
 17. "ഹൊണോറിയ ലോറൻസ്, എ ഫ്രാഗ്മെന്റ് ഓഫ് ഇന്ത്യൻ ഹിസ്റ്ററി". റെയർ ബുക്സ്. വാനെസ പാർക്കർ. Archived from the original on 2016-03-10. Retrieved 5 മെയ് 2013. {{cite web}}: Check date values in: |accessdate= (help)
 18. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "15 - 'എ കൈൻഡ് ഓഫ് മാഡ്നെസ്സ്' - ഡെൽഹി, ഇംപീരിയൽ പഞ്ചാബ് ആൻഡ് ദ റീസ്റ്റോറേഷൻ ഓഫ് ബ്രിട്ടീഷ് റൂൾ ('A Kind of Madness' - Delhi, Imperial Punjab, and the Restoration of British Rule) 1857 - 1858". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 369–370. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
 19. Baker Junior, Henry (1862). The Hill Arrians of Travancore. London. p. 19.{{cite book}}: CS1 maint: location missing publisher (link)
 20. ലോറൻസ് ഓഫ് ലക്നൗ, 1806-1857: ബീയിങ് ദ ലൈഫ് ഓഫ് സർ ഹെൻറി ലോറൻസ് റീടോൾഡ് ഫ്രം ഹിസ് പ്രൈവറ്റ് ആൻഡ് പബ്ലിക് പേപ്പേഴ്സ്, ശേഖരിച്ചത്: 2012 നവംബർ 20

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഹെൻറി_ലോറൻസ്&oldid=3649671" എന്ന താളിൽനിന്ന് ശേഖരിച്ചത്