Jump to content

ആംഗ്ലോ-ബർമീസ് യുദ്ധങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രിട്ടീഷിന്ത്യയും ബർമയും തമ്മിൽ നടന്ന മൂന്നു യുദ്ധങ്ങളാണ് ആംഗ്ലോ-ബർമീസ് യുദ്ധങ്ങൾ. 17-ആം നൂറ്റാണ്ടു മുതൽ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനിക്ക് ബർമയുമായി വാണിജ്യബന്ധങ്ങൾ ഉണ്ടായിരുന്നു. 1756-ൽ ഒരു ബർമൻ ചീഫായ അലോംപ്ര, ഐരാവതി നദീതടത്തിലെ പെഗു പ്രവിശ്യ ആക്രമിച്ച് ശക്തമായ ഭരണം സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ പിൻഗാമികളിൽ ഒരാളായ ബൊദൊപായ (Bodapaya;ഭ.കാ 1779-1819) രാജ്യവിസ്തൃതി വർധിപ്പിച്ചു. 1766-ൽ സയാമിൽ നിന്നും ടെനാസ്സറീമും, 1784-ൽ ആരക്കാനും, 1813-ൽ മണിപ്പൂരും ബർമാക്കാർ കൈവശപ്പെടുത്തി. ബർമാക്കാർ വീണ്ടും കിഴക്കൻ അതിർത്തിയിലേക്ക് സാമ്രാജ്യം വിപുലീകരിക്കാൻ നടത്തിയ ശ്രമങ്ങളാണ് ആംഗ്ലോ-ബർമീസ് യുദ്ധങ്ങൾക്കു വിത്തുപാകിയത്. ബ്രിട്ടീഷിന്ത്യയുടെ മറ്റു ഭാഗങ്ങളിൽ യുദ്ധം നടത്തിക്കൊണ്ടിരുന്ന ഈസ്റ്റിന്ത്യാക്കമ്പനി നേരിട്ടൊരു യുദ്ധത്തിനു സന്നദ്ധമല്ലായിരുന്നതുകൊണ്ട്, ദൂതസംഘങ്ങളെ അയച്ചെങ്കിലും അവ വിജയിച്ചില്ല. ബർമാക്കാർ പിടിച്ചെടുത്ത പ്രദേശങ്ങളിൽനിന്നും ബ്രിട്ടീഷിന്ത്യയുടെ അതിർത്തിയിൽ അഭയം പ്രാപിച്ചവരെ തിരിച്ചുവിടാൻ ഇംഗ്ലീഷുകാർക്ക് കഴിയാത്തതിനെത്തുടർന്നാണ് ഇംഗ്ലീഷ് ദൂതസംഘങ്ങളുടെ ശ്രമം പരാജയമടഞ്ഞത്. മധ്യകാലഘട്ടത്തിൽ ആരക്കാൻരാജാവിന്റെ കീഴിലായിരുന്ന ചിറ്റഗോംഗ്, ഡാക്ക, മുർഷിദാബാദ്, കാംസിംബസാർ എന്നീ പ്രദേശങ്ങൾ ബർമയ്ക്ക് തിരിച്ചു നൽകാൻ ബർമാരാജാവ് ഹേസ്റ്റിങ്സ് പ്രഭുവിനോടാവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

ഒന്നാം യുദ്ധം (1824-26)

[തിരുത്തുക]

1821-22 കാലത്ത് ബർമാക്കാർ അസം ആക്രമിച്ചു. 1823 സെപ്റ്റംബറിൽ-ൽ ഈസ്റ്റിന്ത്യാക്കമ്പനിവക ഷാപുരി ദ്വീപും അവർ പിടിച്ചെടുത്ത് ബംഗാൾ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തി. അതിനെത്തുടർന്ന് 1824 ഫെബ്രുവരി 24-ന് ഗവർണർ ജനറലായ ആമേഴ്സ്റ്റ് (വില്യം പിറ്റ് ആമേഴ്സ്റ്റ്: 1773-1857) യുദ്ധം പ്രഖ്യാപിച്ചു. കടൽവഴി റംഗൂൺ ആക്രമിക്കാൻ ഇംഗ്ലീഷുകാർ പദ്ധതി തയ്യാറാക്കി. ജനറൽ സർ ആർച്ചിബാൾഡ് ക്യാമ്പ്ബെലിന്റെ നേതൃത്വത്തിൽ 11,000 പേരടങ്ങിയ സേന റംഗൂണിലേക്കു തിരിച്ചു. ബൻഡുല (മഹാബൻഡുല) എന്ന ബർമൻ സൈന്യമേധാവി, കരവഴി ഇംഗ്ലീഷ് സൈന്യത്തിന്റെമേൽ വിജയം നേടി. ചിറ്റഗോംഗ് അതിർത്തിയിലെ റാമു(Ramu)വിൽവച്ച് ഇംഗ്ലീഷ് സൈന്യത്തെ ബർമാക്കാർ തോല്പിച്ചു. എന്നാൽ 1824 മേയ് 11-ന് ക്യാമ്പ്ബെലിന്റെ നാവികസൈന്യം റംഗൂൺ ആക്രമിച്ച് ബർമാക്കാരെ തോല്പിച്ചതുമൂലം ബർമാക്കാർക്ക് പെഗു വനങ്ങളിൽ അഭയം തേടേണ്ടിവന്നു. ഇതറിഞ്ഞ ബൻഡുല ഡിസംബർ 1-ന് 60,000 സൈനികരോടുകൂടി റംഗൂണിലെത്തി. അവിടെവച്ചു നടന്ന യുദ്ധത്തിൽ (ഡിസംബർ. 15) പരാജയമടഞ്ഞ ബൻഡുല ഡൊനാബ്യുയിലേക്ക് പിൻവാങ്ങി. 1825 ഏപ്രിലിൽ-ൽ അപ്രതീക്ഷിതമായി ബൻഡുല വധിക്കപ്പെട്ടത് ബർമൻ സൈന്യത്തിനു കനത്ത ആഘാതമായിരുന്നു. ലോവർ ബർമയുടെ തലസ്ഥാനമായ പ്രോം, ക്യാമ്പ്ബെൽ ആക്രമിച്ചു കീഴ്പ്പെടുത്തി. 1826 ഫെബ്രുവരി 24-ന് യെൻഡാബൂ സന്ധിയോടെ ഒന്നാം ആംഗ്ലോ-ബർമീസ് യുദ്ധം അവസാനിച്ചു.

യെൻഡാബൂ സന്ധി

[തിരുത്തുക]

ആരക്കാൻ-ടെനാസ്സറിം പ്രോവിൻസുകൾ സന്ധിമൂലം ബ്രിട്ടീഷുകാർക്ക് ലഭിച്ചു. യുദ്ധത്തിന്റെ നഷ്ടപരിഹാരമായി ഒരുകോടി രൂപ നൽകാൻ ബർമാക്കാർക്ക് സമ്മതിക്കേണ്ടിവന്നു. ബർമയുമായി 1826 നവംബർ 23-ന് ഒരു വാണിജ്യക്കരാറുമുണ്ടായി. ഒരു ബ്രിട്ടീഷ് റസിഡന്റിനെ അവാ(Ava)യിൽ പാർപ്പിക്കാനും പകരം ഒരു ബർമാപ്രതിനിധിയെ കൊൽക്കത്തയിൽ സ്വീകരിക്കാനും സമ്മതിച്ചു. മണിപ്പൂർ ഒരു സ്വതന്ത്രരാജ്യമായി. അസം, കച്ചാർ, ജെയിൻഷ്യ എന്നിവയിലുള്ള ബർമയുടെ അവകാശവാദം വേണ്ടെന്നുവച്ചു. യുദ്ധഫലമായി ബർമയ്ക്ക് അതിന്റെ സമുദ്രതീരത്തിന്റെ ഭൂരിഭാഗവും നഷ്ടമായി. മണിപ്പൂരും കച്ചാറും ബ്രിട്ടീഷ് സംരക്ഷിതപ്രദേശങ്ങളായി.

രണ്ടാം യുദ്ധം (1852)

[തിരുത്തുക]

യെൻഡാബൂസന്ധിയിലൊപ്പുവച്ച ബർമീസ് രാജാവ് പഗിയിഡോവ (Hpagyidoa) ആയിരുന്നു. പുതിയ ബർമീസ് രാജാവായ തറവഡി (ഭ. കാ. 1837-45) ഈ സന്ധിവ്യവസ്ഥകൾ മാനിക്കാൻ തയ്യാറായില്ല. അവായിലെ ബ്രിട്ടീഷ് റസിഡന്റിന് സൗഹൃദപൂർണമായ പെരുമാറ്റം ബർമീസ് ഭരണാധികളിൽനിന്നും ലഭ്യമാകാഞ്ഞതിനാൽ 1840-ൽ ബ്രിട്ടീഷ് റസിഡൻസി അടച്ചുപൂട്ടേണ്ടിവന്നു. 1826-ലെ സന്ധിക്കുശേഷം ബർമയുടെ ദക്ഷിണതീരങ്ങളിൽ പാർത്തിരുന്ന ഇംഗ്ലീഷ് കച്ചവടക്കാർക്ക് റംഗൂൺ ഗവർണർ പ്രോത്സാഹനങ്ങളൊന്നും ചെയ്തു കൊടുത്തില്ല. കച്ചവടക്കാരുടെ സങ്കടനിവാരണത്തിനായി ബ്രിട്ടീഷ് ഗവൺമെന്റ് ഇടപെടണമെന്ന് ഇവർ അഭ്യർഥിച്ചു. തുടർന്ന് ഗവർണർ ജനറൽ ഡൽഹൗസി (1812-60) കൊമഡോർ ലാംബെർട്ടിനെ ബർമയിലെ രാജാവായ പാഗന്റെ (ഭ.കാ. 1845-52)യുമായി സംഭാഷണങ്ങൾക്കായി അയച്ചു. ലാംബെർട്ട് നിർദ്ദേശിച്ച വ്യവസ്ഥകൾ, യുദ്ധമൊഴിവാക്കാൻവേണ്ടി, ബർമാരാജാവ് സമ്മതിച്ചു. റംഗൂൺ ഗവർണറെ മാറ്റി, പുതിയ ഗവർണറെ നിയമിച്ചു. എന്നാൽ ചില ഇംഗ്ലീഷ് നാവികോദ്യോഗസ്ഥൻമാരെ പുതിയ ഗവർണർ കൂടിക്കാഴ്ച നടത്താൻ സമ്മതിച്ചില്ല എന്ന കാരണംപറഞ്ഞ് ലാംബെർട്ട് റംഗൂൺ തുറമുഖത്തെ ഉപരോധിച്ചു; ഒരു ബർമീസ് കപ്പൽ പിടിച്ചെടുക്കുകയും ചെയ്തു. 1852 ഏപ്രിൽ 1-ഓടുകൂടി നഷ്ടപരിഹാരമായി ഒരു ലക്ഷം പവൻ ബർമാക്കാർ നൽകണമെന്നുള്ള ലാംബെർട്ടിന്റെ അന്ത്യശാസനം തിരസ്കരിച്ചതോടെ രണ്ടാം ആംഗ്ലോ-ബർമീസ് യുദ്ധം ആരംഭിച്ചു. ജനറൽ ഗോഡ്വിന്റെയും അഡ്മിറൽ ഓസ്റ്റന്റെയും നേതൃത്വത്തിൽ ബ്രിട്ടീഷ് പട്ടാളം റംഗൂണിലെത്തി; മർതബാൻ കീഴടക്കി. റംഗൂണിലെ പ്രസിദ്ധ പഗോഡ ബ്രിട്ടീഷ് സൈന്യം നശിപ്പിച്ചു; ബസ്സീനും കീഴടക്കി. ഡൽഹൗസി നേരിട്ട് 1852 സെപ്റ്റംബറിൽ-ൽ റംഗൂണിലെത്തി. ഒക്ടോബറിൽ പ്രോമും, നവംബർ-ൽ പെഗുവും കീഴടക്കി. 1852 ഡിസംബർ 20-ന് ഡൽഹൗസി ഒരു വിളംബരം മൂലം, ലോവർ ബർമ (പെഗു) ബ്രിട്ടീഷിന്ത്യയോടു ചേർത്തു; അതോടെ ബംഗാൾ ഉൾക്കടലിന്റെ പൂർണമായ അധീശത്വം ബ്രിട്ടീഷുകാർക്കു ലഭിച്ചു. പുതിയതായി ലഭിച്ച പ്രദേശത്തിന്റെ ചുമതല മേജർ ആർതർ ഫെയറിനെ ഏല്പിച്ചു.

മൂന്നാം യുദ്ധം (1886)

[തിരുത്തുക]

രണ്ടു യുദ്ധങ്ങളിലുണ്ടായ പരാജയം ബർമാക്കാരുടെ മനസ്സിൽ ആഴമായ മുറിവുകൾ ഉണ്ടാക്കി. പെഗുവിന്റെ നഷ്ടം അവർക്കു വിശിഷ്യ അന്നത്തെ രാജാവായ മിൻഡോന് (Mindon) അസഹനീയമായിരുന്നു. ബ്രിട്ടീഷ് റസിഡന്റിന്റെ പെരുമാറ്റം, ബ്രിട്ടീഷ്കാരോടുള്ള പക അവരിൽ വർധിക്കാൻ കാരണമായി. മിൻഡോനിന്റെ പിൻഗാമിയായ തീബാ രാജാവ് ബ്രിട്ടീഷുകാർ​ക്കെതിരെ ഫ്രഞ്ചുകാരുടെ സഹായം തേടുകയും നാട്ടിൽ പ്രവർത്തനം നടത്താൻ അവരെ അനുവദിക്കുകയും ചെയ്തു. 1855-ൽ തീബാരാജാവ് ഫ്രാൻസുമായി ഒരു വ്യാപാര ഉടമ്പടിയിൽ ഒപ്പുവച്ചു. അതോടുകൂടിത്തന്നെ അദ്ദേഹം ബ്രിട്ടീഷുകാരുടെ വ്യാപാരതാത്പര്യങ്ങളെയും അവരുമായുണ്ടാക്കിയ വ്യാപാരക്കരാറുകളെയും (1884-88) അവഗണിക്കുകയും ചെയ്തു. വൈസ്രോയിയായ ഡഫറിൻ ഇതിനെത്തുടർന്ന് ഇംഗ്ലീഷുകാരൊഴിച്ചുള്ള എല്ലാ വിദേശീയ ശക്തികളെയും ബർമയിൽനിന്നും പുറത്താക്കാനും ഒരു ഇംഗ്ലീഷ് റസിഡന്റിനെ മാൻഡലേയിൽ പാർപ്പിക്കാനും നിർദ്ദേശിച്ചു. ബ്രിട്ടീഷ് താത്പര്യങ്ങൾക്കനുകൂലമായി ബർമയുടെ വിദേശനയം രൂപവത്കരിക്കുവാനും ഡഫറിൻപ്രഭു ആവശ്യപ്പെട്ടു. 1885 നവംബർ 9-ന് ഡഫറിൻപ്രഭുവിന്റെ നിർദ്ദേശങ്ങൾ നിരാകരിക്കപ്പെട്ടതുമൂലം ഇംഗ്ലീഷുകാർ യുദ്ധം പ്രഖ്യാപിച്ചു. ബ്രിട്ടീഷ് സൈന്യം 1885 നവംബറിൽ ഉത്തരബർമ കീഴടക്കി; രണ്ടാഴ്ചകൊണ്ട് ബ്രിട്ടീഷ് നാവികസേന തലസ്ഥാനമായ മാൻഡലേ പിടിച്ചടക്കി. തീബാരാജാവ് ഇംഗ്ലീഷുകാർക്ക് നിരുപാധികം കീഴടങ്ങി. 1886-ൽ തീബാരാജാവിനെ ഇന്ത്യയിലേക്കയയ്ക്കുകയും ഉത്തരബർമ ബ്രിട്ടീഷ് ആധിപത്യത്തിൽ കൊണ്ടുവരികയും ചെയ്തു. ഇതോടുകൂടി ബർമ മുഴുവൻ ഒരു ലെഫ്റ്റനന്റ് ഗവർണറുടെ നിയന്ത്രണത്തിലായി.

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആംഗ്ലോ-ബർമീസ് യുദ്ധങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.