പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ് മന്ദിരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വെഞ്ചുറ ഹൗസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search


പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുടെ ഭരണകേന്ദ്രമാണ് ലാഹോറിലെ അനാർക്കലി പ്രദേശത്ത് നിലനിൽക്കുന്ന പഞ്ചാബ് സിവിൽ സെക്രട്ടേറിയേറ്റ്. സിഖ് ചക്രവർത്തി രഞ്ജിത് സിങ്ങിന്റെ സൈന്യത്തിലെ വിദേശപടയാളിയായിരുന്ന ജീൻ ബാപ്റ്റിസ്റ്റ് വെഞ്ചുറ പണികഴിപ്പിച്ച ഈ കെട്ടിടം ആദ്യകാലത്ത് വെഞ്ചുറ ഹൗസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അനാർക്കലി ശവകുടീരത്തിനോട് ചേർന്ന് പണിതതായതിനാൽ അനാർക്കലി ഹൗസ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. മുൻപ് ഇവിടെ നിലനിന്നിരുന്ന ഒരു മുഗൾ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾക്കു മുകളിലാണ് യൂറോപ്യൻ പേർഷ്യൻ ശൈലികൾ സമന്വയിപ്പിച്ചുകൊണ്ട് വെഞ്ചുറ ഈ കെട്ടിടം പണിതത്.[1] ബ്രിട്ടീഷ് ഭരണകാലത്ത്, 1846 മുതൽ ഇത് ബ്രിട്ടീഷ് റെസിഡണ്ടിന്റെ കാര്യാലയവും വസതിയുമായി മാറി. 1849-ൽ പഞ്ചാബ് ഭരണബോർഡിന്റെ ആസ്ഥാനമായി. 1871 മുതൽ പഞ്ചാബ് സർക്കാറിന്റെ സെക്രട്ടറിയേറ്റായി.[2] ഇപ്പോഴും ഇത് പഞ്ചാബ് ചീഫ് സെക്രട്ടറിയുടെ കാര്യാലയമാണ്.[1]

രഞ്ജിത് സിങ്ങിന്റെ ഭരണകാലത്ത്, വെഞ്ചുറക്കുപുറമേ, ഷോൺ ഫ്രാൻസ്വ അല്ലാഡ് എന്ന സിഖ് സേനയിലെ മറ്റൊരു ഫ്രഞ്ചുകാരനായിരുന്ന സേനാനായകനും ഈ കെട്ടിടം താമസത്തിനുപയോഗിച്ചിരുന്നു. ഈ കെട്ടിടം പണിതത് 1845-ലാണെന്നാണ് 1916-ലെ പഞ്ചാബ് ഗസറ്റീർ അഭിപ്രായപ്പെടുന്നത്. എന്നാൽ 1917-ൽ ഇവിടെ സ്ഥാപിച്ചിട്ടുള്ള ഒരു ഫലകം അനുസരിച്ച് വെഞ്ചുറ ഇത് പണിതീർത്ത് കുറേ വർഷങ്ങളോളം ഇവിടെ താമസിക്കുകയും ചെയ്തിരുന്നു. 1831-ൽ ഇവിടെയെത്തിയ വിദേശസഞ്ചാരി ജാക്ക് മോണ്ടിന്റെ വിവരണത്തിൽ അപ്പോളിവിടെ വെഞ്ചുറയും അല്ലാഡും താമസിക്കുകയായിരുന്നുവെന്നാണ്.[1] ഈ വസതി യഥാർത്ഥത്തിൽ രഞ്ജിത് സിങ്ങിന്റെ മൂത്തപുത്രനായ ഖഡക് സിങ്ങിനു വേണ്ടി പണികഴിപ്പിച്ചതാണെന്നും അഭിപ്രായമുണ്ട്. 1846-ൽ ബ്രിട്ടീഷ് റെസിഡന്റായെത്തിയ ഹെൻറി ലോറൻസ് ഈ കെട്ടിടത്തിൽ കൂട്ടിച്ചേർക്കലുകൾ വരുത്തിയിരുന്നു. ഈ കെട്ടിടവും ഇതിനോടടുത്തുള്ള അനാർക്കലി ശവകുടീരവും, പഞ്ചാബിലെ ബ്രിട്ടീഷ് ഭരണത്തിന്റെ കേന്ദ്രമായിരുന്നു. ഇതിനോടടുത്തായി നിരവധി പട്ടാളബാരക്കുകളും മറ്റുമായി അനാർക്കലി ജില്ലയിൽ നിരവധി ബ്രിട്ടീഷ് കെട്ടിടങ്ങൾ നിർമ്മിക്കപ്പെട്ടു.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 റാസ നൂർ. "സിവിൽ സെക്രട്ടേറിയേറ്റ്" (html). ലാഹോർ സൈറ്റ്സ് ഓഫ് ഇന്ററസ്റ്റ് (ഭാഷ: ഇംഗ്ലീഷ്). ആൽബെർട്ട സർവകലാശാല. ശേഖരിച്ചത് 28 ഫെബ്രുവരി 2013.
  2. 2.0 2.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "5 - ദ പഞ്ചാബ് ഏജൻസി ആൻഡ് ജലന്ധർ ദൊവാബ്, 1846 (The Punjab Agency and Jullundur Doab, 1846), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (ഭാഷ: ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. pp. 141–142. ISBN 019579415 X. ശേഖരിച്ചത് 2012 നവംബർ 17. Check date values in: |year= (help)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]