Jump to content

ജെയിംസ് തോമാസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് തോമാസൺ
ജെയിംസ് തോമാസൺ, 1897-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകത്തിലുൾപ്പെടുത്തിയിട്ടുള്ള ചിത്രം
വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണർ
ഓഫീസിൽ
1843 – 1853 സെപ്റ്റംബർ 27
മുൻഗാമിജോർജ് റസ്സൽ ക്ലെർക്ക്
പിൻഗാമിആൽഫ്രെഡ് വില്ല്യം ബെഗ്ബീ (താൽക്കാലികം)
ബ്രിട്ടീഷ് ഇന്ത്യയിലെ വിദേശകാര്യ സെക്രട്ടറി
ഓഫീസിൽ
18421843
വ്യക്തിഗത വിവരങ്ങൾ
ജനനം(1804-05-03)മേയ് 3, 1804
ഗ്രേറ്റ് ഷെൽഫോഡ്, കേംബ്രിഡ്ജ്ഷെയർ, ഇംഗ്ലണ്ട്.
മരണം1853 സെപ്റ്റംബർ 27
ബറെയ്ലി, ഇന്ത്യ
ദേശീയതബ്രിട്ടീഷുകാരൻ

ബ്രിട്ടീഷ് ഇന്ത്യയിലെ ഒരു ഭരണകർത്താവാണ് ജെയിംസ് തോമാസൺ (ഇംഗ്ലീഷ്: James Thomason, ജീവിതകാലം: 1804 മേയ് 3 - 1853 സെപ്റ്റംബർ 27). ഇന്ത്യയിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ലെഫ്റ്റനന്റ് ഗവർണറായിരുന്നു. പ്രവിശ്യയിലെ റെവന്യൂ ബോഡ് അംഗം, ബംഗാളിലെയും അവധിലെയും ജില്ലകളിൽ മജിസ്ട്രേറ്റ്-കളക്റ്റർ തസ്തിക, ഇന്ത്യയിലെ ബ്രിട്ടീഷ് സർക്കാരിൽ വിദേശകാര്യ സെക്രട്ടറി തുടങ്ങിയ ഔദ്യോഗികപദവികളും വഹിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1804-ൽ ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ഗ്രേറ്റ് ഷെൽഫോഡിൽ ജനിച്ചു. കൽക്കത്തയിലെ ഒരു മിഷൻ പള്ളിയിൽ തന്റെ പിതാവ് പാതിരിയായി എത്തിയതിനൊപ്പം 1808-ൽ തോമാസൺ ആദ്യമായി ഇന്ത്യയിലെത്തി. 1814-ൽ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്ക് തിരികെപ്പോയി. 1821-22-ൽ ഹൈലിബറിയിൽനിന്ന് ഉന്നതനിലയിൽ പഠനം പൂർത്തിയായി. ബംഗാളിൽ നിയമനം ലഭിച്ച് 1822-ൽ പതിനെട്ടാംവയസിൽ വീണ്ടും ഇന്ത്യയിലെത്തി. കുറേവർഷങ്ങൾ കൽക്കത്തയിലെ ഹൈക്കോടതിയിലും രണ്ടുവർഷം ബംഗാളിലെ ജംഗൽ മഹൽസിൽ കളക്റ്ററായും ജോലി ചെയ്തതിനുശേഷം ആരോഗ്യം വീണ്ടെടുക്കുന്നതിന് ഒരു വർഷം ഇംഗ്ലണ്ടിൽപ്പോയി. 1828-ൽ കൊൽക്കത്തിയിൽ വീണ്ടുമെത്തി.

1832-ൽ കൊൽക്കത്തയിലെ ജോലിയുപേക്ഷിച്ച് ഔധിന്റെ അതിർത്തിയിലുള്ള അസംഗഢിൽ മജിസ്ട്രേറ്റ്, കളക്റ്റർ, ഡെപ്യൂട്ടി ഓപിയം ഏജന്റ് സ്ഥാനങ്ങൾ ഏറ്റെടുത്തു. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ പ്രസിദ്ധമായ സർവേ കലയളവിലായിരുന്നു ഈ നിയമനം. നാലരവർഷക്കാലം, ജില്ലയുടെ സർവേ നികുതിനിർണയനടപടികളിൽ മുഴുകുകയും ഭരണരംഗത്ത് നിസ്തുലമായ പരിചയം നേടുകയും ചെയ്തു.

1837-ൽ തോമാസൺ വടക്കുപടിഞ്ഞാറൻ പ്രവിശ്യകുളുടെ ആസ്ഥാനമായ ആഗ്രയിൽ ലെഫ്റ്റനന്റ് ഗവർണറുടെ സെക്രട്ടറിയായി ചേർന്നു. 1842-ൽ റോബർട്ട് മെർട്ടിൻസ് ബേഡിന്റെ പിൻഗാമിയായി പ്രവിശ്യയിലെ റെവന്യൂ ബോഡിലെ അംഗമായി. 1843-ലെ ഇന്ത്യയിലെ ഗവർണർ ജനറലായ എല്ലൻബറോ പ്രഭുവിന്റെ കീഴിൽ വിദേശകാര്യസെക്രട്ടറിയായി. ഇതേവർഷം തന്നെ തന്റെ മുപ്പത്തൊമ്പതാം വയസിൽ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളുടെ ലെഫ്റ്റനന്റ് ഗവർണറായി. 1853 വരെ ഈ പദവിയിൽ തുടർന്നു.[1] മേഖലയിലെ വാർത്താവിനിമയം, സുരക്ഷ, സാമൂഹ്യസേവന രംഗങ്ങളിൽ ധാരാളം പുരോഗതിവരുത്തി.

1844-ൽ തോമാസൺ, ഡയറക്ഷൻസ് ഫോർ സെറ്റിൽമെന്റ് ഓഫീസേഴ്സ് (Directions for Settlement Officers) എന്ന രേഖ പ്രസിദ്ധീകരിക്കുകയും ഇതനുസരിച്ച് പ്രവിശ്യയിൽ നികുതിനിർണ്ണയം നടത്താൻ പരിശ്രമിക്കുകയും ചെയ്തു. ഇന്ത്യയിൽ നികുതിനിർണ്ണയത്തിനായി നിർമ്മിക്കപ്പെട്ട ആദ്യത്തെ സമ്പൂർണ്ണനിയമാവലിയാണ് ഇതെന്ന് കരുതുന്നു. 1849-ൽ പഞ്ചാബ്, ബ്രിട്ടീഷ് ഇന്ത്യയോട് ചേർന്നപ്പോൾ നികുതിനിർണ്ണയത്തിനായി ഡയറക്ഷൻസ് ഫോർ റെവന്യൂ ഓഫീസേഴ്സ് (Directions for Revenue Officers) എന്നൊരു പ്രമാണവും പുറത്തിറക്കി. പ്രദേശത്തെ നികുതിനിർണ്ണയത്തിന് മാനകപ്രമാണങ്ങളായി ഏവരും ആശ്രയിച്ചിരുന്നത് ഈ രണ്ട് നിയമാവലികളാണ്.[1] 1856-ൽ അവധ് ബ്രിട്ടീഷ് ഇന്ത്യയോടുചേർത്തപ്പോളും തോമാസന്റെ നികുതിനിർണ്ണയരീതികളാണ് ഇവിടെയും പിന്തുടർന്നത്.[2]

1853-ൽ പ്രവിശ്യയുടെ ഉൾഗ്രാമങ്ങളിൽ 897 എലിമെന്ററി സ്കൂളുകൾ തുടങ്ങാനുള്ള സംവിധാനം ആവിഷ്കരിച്ചു.

മരണം[തിരുത്തുക]

1853 സെപ്റ്റംബർ 29-ന് ഇന്ത്യയിലെ ബറെയ്ലിയിൽ വച്ച് തോമാസൺ മരിച്ചു.[3] ഇതേ ദിവസം, ഇദ്ദേഹം മദ്രാസിന്റെ ഗവർണറായി നിയമിക്കപ്പെട്ടിരുന്നു.

തോമാസന്റെ മരണത്തിനു പിന്നിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കപ്പെടുന്നുണ്ട്. ഡെൽഹിയിലെ മുഗൾ കുടുംബാംഗങ്ങളെ ചെങ്കോട്ടയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിനുള്ള പദ്ധതിയിട്ടതിനും മുഗൾ ചക്രവർത്തി ബഹദൂർഷാ സഫറിന്റെയും രാജ്ഞി സീനത്ത് മഹലിന്റെയും ഇംഗിതത്തിനു വിരുദ്ധമായി സഫറിന്റെ പുത്രൻ മിർസ ഫഖ്രുവിനെ ഭാവിചക്രവർത്തിയായി അംഗീകരിച്ചതിനുമുള്ള പ്രതികാരമായി, വിഷപ്രയോഗത്തിലൂടെയാണ് തോമാസൺ മരിച്ചു എന്നാണ് ഈ സംശയം. ഈ പദ്ധതിയിലുൾപ്പെട്ടിരുന്ന ഡെൽഹി റെസിഡന്റ് തോമസ് മെറ്റ്കാഫ്, വിദേശകാര്യസെക്രട്ടറി ഹെൻറി എലിയറ്റ് എന്നിവരും ഇതേ വർഷം ദുരൂഹസാഹചര്യത്തിൽത്തന്നെ മരിച്ചു എന്നതാണ് ഈ സംശയത്തിന്റെ കാരണം. എങ്കിലും തോമാസന്റെ മരണം വിഷബാധകൊണ്ടാണെന്നതിന് തെളിവൊന്നുമില്ല.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "4 - കാഠ്മണ്ഡു ആൻഡ് ഡെൽഹി (Kathmandu and Delhi), 1843-1845". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 122. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  2. ഹാരോൾഡ് ലീ (2002, 2004 (രണ്ടാം പതിപ്പ്)). "14 - ലാസ്റ്റ് പോസ്റ്റ്, ലക്നോ (Last Post), 1857". ബ്രദേഴ്സ് ഇൻ ദ രാജ് - ദ ലൈവ്സ് ഓഫ് ജോൺ ആൻഡ് ഹെൻറി ലോറൻസ് (in ഇംഗ്ലീഷ്). ഓക്സ്ഫഡ് സർവകലാശാല പ്രെസ്. p. 335. ISBN 019579415 X. Retrieved 2012 നവംബർ 17. {{cite book}}: Check date values in: |accessdate= and |year= (help)
  3. ലാസ്റ്റ് മുഗൾ,[൧] താൾ: 513
  4. ലാസ്റ്റ് മുഗൾ,[൧] താൾ: 115 - 118

ഗ്രന്ഥങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയിംസ്_തോമാസൺ&oldid=2486345" എന്ന താളിൽനിന്ന് ശേഖരിച്ചത്