Jump to content

സുറിയാനി ക്രിസ്തീയത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുറിയാനി ഭാഷയിൽ അടിസ്ഥാന ദൈവശാസ്ത്ര രചനകളും പരമ്പരാഗത ആരാധനാക്രമങ്ങളും ഉപയോഗിക്കുന്ന പൗരസ്ത്യ ക്രീസ്തീയ ശാഖയാണ് സുറിയാനി ക്രിസ്തീയത (സുറിയാനി: ܡܫܝܚܝܘܬܐ ܣܘܪܝܝܬܐ: മ്ശീഹായൂത്താ സുറിയയ്താ അഥവാ മ്ശീഹോയൂത്തോ സുറിയയ്തോ)[1][2][3] സുറിയാനി എന്നത് അറമായ ഭാഷയുടെ ഒരു രൂപഭേദം ആയതുകൊണ്ടും അറമായഭാഷയുടെ ഒരു പര്യായപദമായി ആ പേര് ഉപയോഗിക്കപ്പെടുന്നതുകൊണ്ടും വിശാലമായ അർത്ഥത്തിൽ അറമായ ക്രിസ്തീയതയെ മുഴുവനായും ഈ പേര് കൊണ്ട് വിശേഷിപ്പിക്കാം.[4][5][6]

ഗ്രീക്ക്, ലത്തീൻ എന്നിവയോടൊപ്പം ആദിമ നൂറ്റാണ്ടുകളിലെ ക്രിസ്തീയതയുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ഭാഷകളിൽ ഒന്നായിരുന്നു സുറിയാനി.[7] മദ്ധ്യപൂർവ്വദേശത്തും ഏഷ്യയിലെ മറ്റ് പൗരാണിക ക്രൈസ്തവ കേന്ദ്രങ്ങളിലുമായി മദ്ധ്യകാലത്തിന്റെ ആരംഭത്തോടെ സവിശേഷമായ ഒരു ക്രിസ്തീയ ശാഖ രൂപപ്പെടുന്നതിന് സുറിയാനി ഭാഷ സഹായകമായി. ഭൂമിശാസ്ത്രപരവും ചരിത്രപരവുമായ കാരണങ്ങളാൽ വിഭിന്നമായിത്തീർന്ന നിരവധി ആരാധനാക്രമ, ദൈവശാസ്ത്ര, സഭാ പൈതൃകങ്ങളും അവ പിന്തുടരുന്ന വ്യത്യസ്ത ക്രൈസ്തവ സഭാവിഭാഗങ്ങളും സുറിയാനി ക്രിസ്തീയതയുടെ ഭാഗമായി രൂപപ്പെട്ടു. എന്നാൽ ഈ സഭകളും പൊതുവായ സുറിയാനി പൈതൃകത്തെ ഒരുപോലെ അംഗീകരിക്കുന്നവയാണ്.[8][9] സുറിയാനി ക്രിസ്തീയതയിലെ ദിവ്യബലി അർപ്പണത്തെ പരിശുദ്ധ കുർബാന അഥവാ പരിശുദ്ധ ഖൂറോബോ എന്ന് വിളിക്കുന്നു. പരിശുദ്ധ ബൈബിളിന്റെ സുറിയാനി വിവർത്തനമായ പ്ശീത്താ ബൈബിൾ ആണ് സുറിയാനി സഭകൾ തങ്ങളുടെ വിശുദ്ധ ഗ്രന്ഥമായി ഉപയോഗിക്കുന്നത്.

ഇറഖിലെ ബാഗ്ദാദിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന കൽദായ കത്തോലിക്കർ

സുറിയാനി ക്രിസ്തീയതയിൽ രണ്ട് വ്യത്യസ്ത ആചാരക്രമപാരമ്പര്യങ്ങളുണ്ട്: കൽദായ ആചാരക്രമവും അന്ത്യോഖ്യൻ സുറിയാനി ആചാരക്രമവും.[10] കൽദായ ആചാരക്രമം പൗരസ്ത്യ സുറിയാനി, അസ്സീറിയൻ, സസ്സാനിദ്, ബാബിലോണിയൻ, സെലൂക്യൻ, പേർഷ്യൻ എന്നീ പേരുകളിലും അറിയപ്പെടാറുണ്ട്.[11] ഇതിലെ ദിവ്യബലിക്രമം മാർ അദ്ദായി, മാർ മാറി എന്നിവരുടെ പേരിലുള്ളതാണ്. പരമ്പരാഗത ക്രൈസ്തവ സഭകളിൽ ഒന്നായ കിഴക്കിന്റെ സഭയുടെ പൈതൃകം പിന്തുടരുന്ന സഭകളാണ് ഈ ആചാരക്രമം അനുവർത്തിക്കുന്നത്. കിഴക്കിന്റെ അസ്സീറിയൻ സഭ, കിഴക്കിന്റെ പുരാതന സഭ, കൽദായ കത്തോലിക്കാ സഭ, സിറോ-മലബാർ സഭ എന്നിവ ഈ ആരാധനാക്രമമാണ് ഉപയോഗിക്കുന്നത്. അദ്ദായിയുടെയും മാറിയുടെയും അനാഫൊറയ്ക്ക് പുറമേ മോപ്സുവേസ്ത്യയിലെ തെയദോറിന്റെയും, നെസ്തോറിയസിന്റെയും പേരുകളിൽ ഉള്ള രണ്ട് അനാഫൊറകൾകൂടി ഈ ആചാരക്രമത്തിലുണ്ട്. അന്ത്യോഖ്യൻ സുറിയാനി ആചാരക്രമം പാശ്ചാത്യ സുറിയാനി ആചാരക്രമം എന്നും അറിയപ്പെടുന്നു. കുറേക്കൂടി വിശാലമായ അന്ത്യോഖ്യൻ ആചാരക്രമ കുടുംബത്തിലെ ഒരു ശാഖയാണിത്. മാർ യാക്കോബിന്റെ പേരിലാണ് ഇതിലെ പ്രധാന ദിവ്യബലിക്രമം അറിയപ്പെടുന്നത്. മോറോനായ, യാക്കോബായ അഥവാ സുറിയാനി ഓർത്തഡോക്സ് എന്നീ ഉപവിഭാഗങ്ങൾ ഇതിലുണ്ട്. മാറോനായ സുറിയാനി കത്തോലിക്കാ സഭ, സുറിയാനി ഓർത്തഡോക്സ് സഭ (യാക്കോബായ സഭ), അതിൽ നിന്ന് രൂപമെടുത്ത സുറിയാനി കത്തോലിക്കാ സഭ എന്നിവയും ഇന്ത്യയിലെ വിവിധ പുത്തങ്കൂർ മലങ്കര സഭകളും ഈ ആചാരക്രമം പിന്തുടരുന്നവയാണ്.

ഇന്ത്യയിൽ മാർത്തോമാ നസ്രാണികൾ എന്ന തദ്ദേശീയ ക്രിസ്തീയ വിഭാഗം സുറിയാനി ക്രിസ്ത്യാനികൾ എന്ന് അറിയപ്പെടുന്നു. ചരിത്രപരമായി കിഴക്കിന്റെ സഭയുടെ ഭാഗമായി നിലനിന്നിരുന്ന ഇവർ കൽദായ ആചാരക്രമം പിന്തുടർന്നുവന്നു. 16, 17 നൂറ്റാണ്ടുകളിലെ പോർച്ചുഗീസ് റോമൻ കത്തോലിക്കാ അധിനിവേശത്തെ തുടർന്ന് ഈ വിഭാഗം രണ്ടായി പിളർന്നു. ഈ പരമ്പരാഗത കൽദായ സമൂഹത്തെ ഇന്ന് പ്രതിനിധാനം ചെയ്യുന്നത് പഴയകൂർ വിഭാഗങ്ങൾ എന്നറിയപ്പെടുന്ന സീറോ-മലബാർ കത്തോലിക്കാ സഭയും കൽദായ സുറിയാനി സഭയും ആണ്. പുത്തങ്കൂർ സഭകൾ എന്നറിയപ്പെടുന്ന മറുവിഭാഗം 1665 മുതൽ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധത്തിൽ എത്തിച്ചേരുകയും യാക്കോബായ ശാഖയിൽപ്പെട്ട അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം സ്വീകരിക്കുകയും ചെയ്തു. സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയും അതിൽ നിന്ന് വിവിധ കാലങ്ങളിൽ വേർപെട്ട മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര മാർത്തോമാ സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ എന്നിവയും ഇവയുടെ വിവിധ അവാന്തര പ്രോട്ടസ്റ്റന്റ് സഭകളും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

ക്രി. വ. ആദ്യ നൂറ്റാണ്ടിലെ വടക്കൻ മെസപ്പൊട്ടാമിയയിലെ എദേസ്സ കേന്ദ്രീകരിച്ച് വികസിച്ച ഒരു അറമായ ഭാഷാ വകഭേദമാണ് സുറിയാനി ഭാഷ.[12] യേശുക്രിസ്തു സംസാരിച്ചിരുന്നത് അറമായ ഭാഷയുടെ ഗലീലേയൻ വകഭേദമാണ്.[13] അറമായഭാഷയുടെ ഉപയോഗം സുറിയാനി ക്രിസ്ത്യാനികൾക്ക് പ്രത്യേക അഭിമാനത്തിന് കാരണമാണ്.[14] എദേസ്സയിൽ ഉപയോഗത്തിൽ ഇരുന്ന ഭാഷ രൂപം ക്രൈസ്തവ രചനകളിൽ പ്രാമാണ്യം ആർജിക്കുകയും അറമായ ഭാഷ ഉപയോഗിച്ചിരുന്ന പ്രദേശങ്ങളിൽ ക്രിസ്തുമതത്തിന്റെ പ്രചരണത്തിനും അനുവർത്തനത്തിനും പൊതുവായ മാദ്ധ്യമമായി സ്വീകരിക്കപ്പെടുകയും ചെയ്തിരുന്നു.[1] റോമാ സാമ്രാജ്യത്തിനും സസ്സാനിദ് സാമ്രാജ്യത്തിനും ഇടയിൽ ഇരു സാമ്രാജ്യങ്ങളും തമ്മിൽ പരസ്പര സമ്പർക്കവും സംഘർഷവും പതിവായി അരങ്ങേറിയിരുന്ന അന്ത്യോഖ്യ മുതൽ സസ്സാനിദ് തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോൺ വരെയുള്ളതും അതിനു കിഴക്കോട്ടും വ്യാപിച്ചുകിടക്കുന്ന വിശാലമായ ഭൂപ്രദേശം മുഴുവൻ സുറിയാനി അഥവാ അറമായ പ്രചാരത്തിലുണ്ടായിരുന്നു. ആധുനിക തുർക്കി, ലെബനോൻ, സിറിയ, ഇസ്രായേൽ, പലസ്തീൻ, ജോർദ്ദാൻ, ഇറാഖ്, ഇറാൻ എന്നിവിടങ്ങൾ ഇതിൽപ്പെടുന്നു.[2][1]

നാമകരണം

[തിരുത്തുക]

മലയാളത്തിൽ പ്രചാരത്തിലിരിക്കുന്ന സുറിയാനി എന്ന വാക്ക് ഉത്ഭവിച്ചിരിക്കുന്നത് പാഹ്ലവി (മധ്യ പേർഷ്യൻ) ഭാഷയിലെ സുറിയാനി എന്ന വാക്കിൽ നിന്നാണ്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ പേർഷ്യൻ സഭയുമായി പുലർത്തിയിരുന്ന ബന്ധത്തിൻറെ ഒരു അവശേഷിപ്പായി ഇത് നിലകൊള്ളുന്നു. സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവ സമൂഹത്തെ വിശേഷിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന പേരുകളിൽ ഒന്നാണ് ഇത്. ഇന്ത്യൻ ഇംഗ്ലീഷിൽ സിറിയൻ ക്രിസ്ത്യൻസ് എന്ന പദപ്രയോഗം ആണ് സുറിയാനി ക്രിസ്ത്യാനികളെ സൂചിപ്പിക്കുന്നതിന് പൊതുവേ ഉപയോഗിക്കുന്നത്. ഇന്ത്യയിലെ വിവിധ സുറിയാനി സഭകളുടെ പേരുകളിലും സിറിയൻ എന്ന പേര് കാണാവുന്നതാണ്.[15][16]

എന്നാൽ അന്താരാഷ്ട്ര തലത്തിൽ സുറിയാനി ക്രിസ്തീയയെ സിറിയക്ക് ക്രിസ്ത്യാനിറ്റി എന്നാണ് പൊതുവേ വിളിക്കാറുള്ളത്.[17][18][19] മുൻപ്, പ്രത്യേകിച്ച് 19-20 നൂറ്റാണ്ടുകളിൽ, സിറിയൻ ക്രിസ്ത്യാനിറ്റി എന്ന പദപ്രയോഗം കൂടുതൽ പ്രചാരത്തിൽ ഉണ്ടായിരുന്നു. എന്നാൽ ആധുനിക സിറിയയുമായുള്ള രാഷ്ട്രീയമായ ഒരു ബന്ധത്തെ സൂചിപ്പിക്കുന്ന രീതിയിൽ തെറ്റിദ്ധരിക്കാൻ ഇടയുള്ളതിനാൽ ഈ പദപ്രയോഗം ഇന്ന് പ്രോത്സാഹിപ്പിക്കപ്പെടാറില്ല. അതുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ നിലവിൽ സിറിയൻ ക്രിസ്ത്യൻസ് എന്ന് വിശേഷിപ്പിക്കുന്നത് സിറിയ എന്ന രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ മുഴുവനും അഥവാ അതിനെ മാത്രം ആണ്.[20][21][22]

അതേസമയം സുറിയാനി ക്രിസ്തീയത എന്ന പദപ്രയോഗത്തെ പൂർണ്ണമായോ ഭാഗികമായോ എതിർക്കുന്ന ആളുകളും ഉണ്ട്. പൊതുവായ അറമായ പൈതൃകത്തിൽ ഉൾപ്പെടുന്ന മറ്റ് ക്രിസ്തീയ വിഭാഗങ്ങളെ, പ്രത്യേകിച്ച് പാശ്ചാത്യ അറമായ ഭാഷാ വകഭേദങ്ങൾ ഉപയോഗിക്കുന്നവരോ ഉപയോഗിച്ചിരുന്നവരോ ആയ യൂദയായിലെയും ഗലീലിയയിലെയും സമറിയയിലെയും മറ്റും ക്രൈസ്തവ വിഭാഗങ്ങളെ, ഈ പദപ്രയോഗം ഉൾക്കൊള്ളുന്നില്ല എന്ന് ഇവർ വാദിക്കുന്നു.[23] അതുകൊണ്ട് കൂടുതൽ വിശാലമായ അർത്ഥം വരുന്ന 'അറമായ ക്രിസ്തീയത' എന്ന പദപ്രയോഗം ഉപയോഗിക്കണമെന്നാണ് നിലപാട്.[24][4][5][6] മധ്യപൂർവദേശത്ത് ഉടനീളവും ഒപ്പം മധ്യേഷ്യ ചൈന ഇന്ത്യ തുടങ്ങിയ പ്രദേശങ്ങളിലും വ്യാപിച്ച ക്രൈസ്തവ വിഭാഗത്തെ കൂടുതൽ മികച്ച രീതിയിൽ ഈ പദപ്രയോഗം പ്രതിനിധീകരിക്കും എന്ന് ഇവർ വാദിക്കുന്നു.[25][26]

അതേസമയം അറമായ ക്രിസ്തീയത എന്ന പദപ്രയോഗത്തിന് ഭാഷാപരവും വംശീയവുമായ ചില അവ്യക്തതകൾ നിലവിലുണ്ട്. അറമായ ക്രിസ്തീയത എന്ന പദപ്രയോഗം അറമായ ഭാഷയുടെ വിവിധ വകഭേദങ്ങൾ ഉപയോഗിച്ചിരുന്ന ക്രൈസ്തവ വിഭാഗത്തെ പോലെ തന്നെ അറാമേയൻ വിഭാഗത്തിൽ പെട്ട ക്രിസ്ത്യാനികളെയും സൂചിപ്പിക്കുന്നതിന് തെറ്റായി ഉപയോഗിക്കുന്നതിനും ഇടയാവാം. അറമായ ക്രിസ്തീയത എന്നത് ഭാഷാപരമായ ഒരു വർഗീകരണം ആണ് അതേസമയം അറാമേയൻ ക്രിസ്തീയത എന്നത് ഒരു വംശീയ വിഭാഗത്തെ സൂചിപ്പിക്കുന്നതാണ്.[27][28]

ചരിത്രം

[തിരുത്തുക]

ക്രിസ്തുമതം രൂപപ്പെട്ടത് ജെറുസലേമിനും അതിന് ചുറ്റുവട്ടമുള്ള പ്രദേശങ്ങളിലെയും അറമായ ഭാഷക്കാരായ യഹൂദന്മാരുടെ ഇടയിലാണ്. അധികം വൈകാതെ മധ്യധരണ്യാഴിയുടെ തീരത്തെയും മധ്യപൂർവ്വ ദേശത്തെയും അറമായ ഭാഷക്കാരായ മറ്റ് സെമിറ്റിക് ജനവിഭാഗങ്ങളുടെ ഇടയിലേക്കും റോമാസാമ്രാജ്യത്തിന്റെയും പാർഥ്യൻ സാമ്രാജ്യത്തിന്റെയും പ്രദേശങ്ങളിലേക്കും മെസപ്പൊട്ടാമിയയിലേക്കും ക്രിസ്തുമതം പ്രചരിച്ചു.[29]

മൂന്നാം നൂറ്റാണ്ടിൻറെ ആദ്യപകുതിയിൽ നിർമ്മിക്കപ്പെട്ട ദ്യൂറാ-യൂറോപ്പോസ് പള്ളിയുടെ അവശേഷിപ്പുകൾ മെസപ്പൊട്ടാമിയയിലെ അറമായ ഭാഷക്കാരായ ജന വിഭാഗങ്ങളുടെ ഇടയിൽ ക്രിസ്തുമതം അതിന്റെ ആദ്യനൂറ്റാണ്ടുകളിൽ തന്നെ ശക്തമായി പ്രചരിച്ചിരുന്നതിന്റെ അവശേഷിക്കുന്ന തെളിവുകളിൽ പ്രധാനപ്പെട്ടതാണ്. മൂന്നാം നൂറ്റാണ്ടിലും ഇതിനു മുൻപുള്ള സുറിയാനി ക്രിസ്തീയതയെ പറ്റി ഏതാനം വിവരങ്ങൾ മാത്രമാണ് ലഭ്യമായിട്ടുള്ളത്.[30] "നാലാം നൂറ്റാണ്ടിന് മുമ്പുള്ള സുറിയാനി ക്രിസ്തീയതയുടെ വിവിധ വശങ്ങൾ ഏതാണ്ട് എല്ലാം തന്നെ അവ്യക്തമാണെന്നാണ് പ്രകടമാകുന്നത്. അതിനുശേഷം മാത്രമാണ് ഉറച്ച അടിത്തറ ലഭ്യമായി തുടങ്ങുന്നത്." സെബാസ്റ്റ്യൻ ബ്രോക്ക് അഭിപ്രായപ്പെടുന്നു.[31] നാലാം നൂറ്റാണ്ട് മുതലുള്ള സുറിയാനി ക്രിസ്തീയതയെ കുറിച്ചുള്ള രേഖപ്പെടുത്തലുകൾ ലഭ്യമാണ്. പ്രധാനമായും അപ്രഹാത്ത്, അപ്രേം തുടങ്ങിയ രചയിതാക്കളും രചയിതാവിന്റെ പേര് ജ്ഞാതമായ പടികളുടെ പുസ്തകവും ഈ കാലഘട്ടത്തിൽ നിന്നുള്ളതാണ്. സസ്സാനിദ് സാമ്രാജ്യത്തിനും റോമാ സാമ്രാജ്യത്തിനും ഇടയിലുള്ള നിസിബിസ്, എദേസ്സ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് അപ്രേം പ്രവർത്തിച്ചിരുന്നത്.[31] താസിയാന്റെ ദയാതെസ്സറൊൻ, കൂറെതെനിയൻ സുവിശേഷങ്ങൾ, സിറിയക് സിനായിറ്റിക്കസ്, പ്ശീത്താ ബൈബിൾ, അദ്ദായിയുടെ പ്രബോധനം എന്നിവയും സുറിയാനി ക്രിസ്തീയതയുടെ ആദ്യകാല സാഹിത്യശേഷിപ്പുകളാണ്.

325ൽ റോമാ സാമ്രാജ്യത്തിൽ വിളിച്ചു ചേർക്കപ്പെട്ട ഒന്നാം നിഖ്യാ സൂനഹദോസിൽ പങ്കെടുത്ത ബിഷപ്പുമാരുടെ പട്ടികയിൽ സാമ്രാജ്യത്തിന്റെ അധികാരപരിധിയിലെ സിറിയ, പേർഷ്യ എന്നിവിടങ്ങളിൽ നിന്ന് യഥാക്രമം 20 പേരും ഒരാളും ഉണ്ടായിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.[32] എന്നാൽ സസ്സാനിദ് രാജ്യത്തിലെ ക്രിസ്ത്യാനികൾ ഈ സൂനഹദോസിന്റെയും അതിനുശേഷം നടന്ന ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെയും തീരുമാനങ്ങൾ അംഗീകരിച്ചത് 410ൽ നടന്ന സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിൽ വെച്ച് മാത്രമായിരുന്നു. 431ലെ എഫേസൂസ് സൂനഹദോസ്, 451ലെ കാൽക്കിദോനിയാ സൂനഹദോസ് എന്നിവ ക്രൈസ്തവ സഭാ ചരിത്രത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചതോടൊപ്പം സുറിയാനി ക്രിസ്തീയതയിൽ വലിയ ഒരു പിളർപ്പിനും ഇടവരുത്തി.

പൗരസ്ത്യ-പാശ്ചാത്യ സുറിയാനി വിഭാഗങ്ങളുടെ ചരിത്രം

[തിരുത്തുക]

കിഴക്കിന്റെ സഭ

[തിരുത്തുക]

410ലെ സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസിൽ വെച്ചാണ് സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവസഭ വ്യവസ്ഥാപിതമായി സംഘടിതമാകുന്നതും നിയമപരമായി അംഗീകരിക്കപ്പെടുന്നതും. റോമാസാമ്രാജ്യത്തിലെ സഭയിൽ നിന്ന് വേർതിരിച്ചറിയാൻ ഈ ക്രൈസ്തവ സഭാ സമൂഹം കിഴക്കിന്റെ സഭ എന്ന പേര് സ്വീകരിച്ചു. 424ൽ കാതോലിക്കോസ് ദാദീശോയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സൂനഹദോസ് കിഴക്കിന്റെ സഭയെ റോമാസാമ്രാജ്യത്തിലെ സഭയിൽ നിന്ന് അഥവാ പടിഞ്ഞാറിന്റെ സഭയിൽ നിന്ന് സ്വതന്ത്രമായി പ്രഖ്യാപിച്ചു. സെലൂക്യാ-ക്ടെസിഫോൺ വലിയ മെത്രാപ്പോലീത്തയെ ഇവർ തങ്ങളുടെ സഭയുടെ പരമാധ്യക്ഷനായി സ്വീകരിച്ചു. സസ്സാനിദ് സാമ്രാജ്യത്തിലെ രാഷ്ട്രീയ അധികാരികൾക്ക് തങ്ങളുടെ ക്രൈസ്തവ പ്രജകൾ തങ്ങളുടെ രാഷ്ട്രീയ വൈരികളായ റോമാസാമ്രാജ്യത്തിലെ മത, രാഷ്ട്രീയ നേതൃത്വങ്ങളുമായി ബന്ധം പുലർത്തുന്നത് ഒട്ടും ഇഷ്ടമായിരുന്നില്ല. ഈ സാഹചര്യത്തിൽ രൂപപ്പെട്ട ഒരു പ്രായോഗികവും ഭരണപരവും ആയ അകലം മാത്രമായിരുന്നു ഇരു സാമ്രാജ്യങ്ങളിലെയും ക്രൈസ്തവ സഭകൾ തമ്മിൽ ഇതിലൂടെ ഉണ്ടായത്.

എന്നാൽ അഞ്ചാം നൂറ്റാണ്ടിലെ റോമാ സാമ്രാജ്യ സഭയിലെ ക്രിസ്തു ശാസ്ത്ര വിവാദങ്ങളും തുടർന്ന് ക്രി. വ. 431ൽ നടന്ന എഫേസൂസ് സൂനഹദോസും ഇരുസഭകളും തമ്മിൽ ദൈവശാസ്ത്രപരമായ ഭിന്നതയ്ക്കും കാരണമായി.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Rompay 2008, pp. 365–386.
  2. 2.0 2.1 Murre van den Berg 2007, p. 249.
  3. Kitchen 2012, pp. 66–77.
  4. 4.0 4.1 Simmons 1959, p. 13.
  5. 5.0 5.1 Aufrecht 2001, p. 149.
  6. 6.0 6.1 Quispel 2008, p. 80.
  7. Brock 2005, pp. 5–20.
  8. Winkler 2019, pp. 119–133.
  9. Hunter 2019, pp. 783–796.
  10. Varghese 2019, pp. 391–404.
  11. John Hardon (25 June 2013). Catholic Dictionary: An Abridged and Updated Edition of Modern Catholic Dictionary. Crown Publishing Group. p. 493. ISBN 978-0-307-88635-4.
  12. Brock 1998, p. 708-719.
  13. Allen C. Myers, ed. (1987), "Aramaic". The Eerdmans Bible Dictionary. Grand Rapids, MI: William B. Eerdmans. p. 72. ISBN 0-8028-2402-1. "It is generally agreed that Aramaic was the common language of Palestine in the first century A.D. Jesus and his disciples spoke the Galilean dialect, which was distinguished from that of Jerusalem (Matt. 26:73)."
  14. Montgomery 2002, p. 27.
  15. Županov (2005), p. 99, അടികുറിപ്പ്.
  16. Perczel (2019), p. 654-662. harv error: multiple targets (2×): CITEREFPerczel2019 (help)
  17. Robinson & Coakley 2013, p. 1, note 1.
  18. Millar 2006, pp. 107–109.
  19. O’Mahony 2006, p. 511.
  20. Winkler 2019, pp. 130–132.
  21. Andrade 2019, pp. 157–174.
  22. Burnett 2005, pp. 421–436.
  23. Jobling 1996, pp. 62–73.
  24. Rompay 2008, p. 366.
  25. Dickens 2019, pp. 583–624.
  26. Takahashi 2019, pp. 625–652.
  27. Healey 2014, p. 391.
  28. Healey 2019a, p. 433–446.
  29. Daryaee 2019, pp. 33–43.
  30. Rouwhorst, Gerard (March 1997). "Jewish Liturgical Traditions in Early Syriac Christianity". Vigiliae Christianae. 51 (1): 72–93. doi:10.2307/1584359. ISSN 0042-6032. JSTOR 1584359 – via JSTOR.
  31. 31.0 31.1 Brock 2004a, p. 362.
  32. Montgomery 2002, p. 27, 57.
"https://ml.wikipedia.org/w/index.php?title=സുറിയാനി_ക്രിസ്തീയത&oldid=4103725" എന്ന താളിൽനിന്ന് ശേഖരിച്ചത്