മോപ്സുവേസ്ത്യായിലെ തിയദോർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറിയപ്പെടുന്ന ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും 392 മുതൽ 428 വരെ റോമൻ പ്രവിശ്യയായ കിഴക്കിലെ മോപ്സുവേസ്ത്യായിലെ മെത്രാപ്പോലീത്തയുമായിരുന്നു തിയദോർ (c. 350 - 428). ജന്മസ്ഥലവും വിദ്യാകേന്ദ്രവും അന്ത്യോഖ്യാ ആയിരുന്നതുകൊണ്ട് അന്ത്യോഖ്യായിലെ തിയദോർ എന്നും ഇദ്ദേഹം അറിയപ്പെട്ടിരുന്നു. അന്ത്യോഖ്യൻ വേദശാസ്ത്രകേന്ദ്രത്തിലെ വ്യാഖ്യാന പണ്ഡിതന്മാരിൽ അഗ്രഗണ്യനായാണ് ഇദ്ദേഹം പരിഗണിക്കപ്പെടുന്നത്.[1][2][3]

മോപ്സുവേസ്ത്യായിലെ മാർ
 തിയദോർ
സഭഗ്രീക്ക് റോമൻ സഭ
ഭദ്രാസനംമോപ്സുവേസ്ത്യ
സ്ഥാനാരോഹണംക്രി. വ. 392ൽ
ഭരണം അവസാനിച്ചത്428ൽ
പദവിമെത്രാപ്പോലീത്ത
വ്യക്തി വിവരങ്ങൾ
ജനനം350ൽ
അന്ത്യോഖ്യയിൽ
മരണം428ൽ
മോപ്സുവേസ്ത്യായിൽ
വിദ്യാകേന്ദ്രംഅന്ത്യാഖ്യാ ദൈവശാസ്ത്ര കേന്ദ്രം
ഗുരുതാർസൂസിലെ ദിയദോറസ്
വിശുദ്ധപദവി
തിരുനാൾ ദിനംദനഹായുടെ അഞ്ചാം വെള്ളി
വണങ്ങുന്നത്കിഴക്കിന്റെ സഭയിൽ
വിശുദ്ധ ശീർഷകംമേപസ്ഖാന - വ്യാഖ്യാതാവ്
ഗുണവിശേഷങ്ങൾയവന മല്പാന്മാർ

ജീവചരിത്രം[തിരുത്തുക]

റോമാ സാമ്രാജ്യത്തിന്റെ കിഴക്കിന്റെ പ്രവിശ്യയിലെ പ്രമുഖ നഗരമായിരുന്ന അന്ത്യോഖ്യയിലാണ് തിയോഡോർ ജനിച്ചത്. തന്റെ ഗുരുവായ ദിയദോറസിനെയും ആത്മസുഹൃത്തായ ഇവാന്നീസ് ക്രിസോസ്തമസിനെയും തിയദോർ പരിചയപ്പെട്ടത് ഈ നഗരത്തിൽ വെച്ചാണ്. ക്രിസോസ്റ്റമിന്റെ ചില എഴുത്തുകളിൽ നിന്ന് വ്യക്തമാകുന്നതനുസരിച്ച് ഒരു സമ്പന്ന കുടുംബത്തിലാണ് തിയദോർ ജനിച്ചത്. തിയദോറിന്റെ പിതാവ് അന്ത്യോഖ്യയിൽ ഔദ്യോഗിക സ്ഥാനവും വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പിതൃസഹോദരപുത്രനായ പീനിയസും, ഭരണകൂടത്തിൽ ഒരു പ്രധാന പദവി വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹോദരൻ പോളിക്രോണിയസ് അപാമിയയിലെ മെത്രാപ്പോലീത്തയായിരുന്നു. ക്രിസോസ്റ്റമിന്റെ സഹപാഠിയും സുഹൃത്തുമായാണ് തിയദോർ പരാമർശിക്കപ്പെടുന്നത്. പിന്നീട് ഇസൗറിയൻ സെല്യൂക്യയുടെ ബിഷപ്പായിത്തീർന്ന മാക്സിമസ് ഇരുവരുടേയും പൊതുസുഹൃത്തായിരുന്നു. അന്ത്യോഖ്യയിൽ പ്രശസ്തനായ ലിബാനിയൂസ് എന്ന ഗ്രീക്ക് തത്വശാസ്ത്ര പണ്ഡിതന്റെ പ്രഭാഷണങ്ങൾ കേൾക്കാൻ മൂവരും ഒരുമിച്ച് പോയിരുന്നു. ഇത്തരം പ്രഭാഷണങ്ങൾ കേൾക്കാൻ തിയദോർ ബാല്യകാലം മുതലേ വളരെ തത്പരനായിരുന്നു എന്ന് സോസൊമനും എഴുതിയിട്ടുണ്ട്. ക്രിസോസ്റ്റമിന്റെ എഴുത്തുകളിൽ തന്റെ സുഹൃത്തിന്റെ പഠനത്തോടുള്ള അതിയായ ഉത്സാഹത്തെ എടുത്തു പറയുന്നു. അന്ത്യോഖ്യാ നഗരത്തിന്റെ ആഡംബരങ്ങളും തിയദോറിനെ അതിയായി ആകർഷിച്ചിരുന്നു. എന്നാൽ അധികം വൈകാതെ മൂന്ന് സുഹൃത്തുക്കളും ലിബാനിയസിനെ വിട്ട് കാർട്ടീരിയസിന്റെയും ദിയദോറസിന്റെയും സന്യാസ വേദപഠനകേന്ദ്രങ്ങളിലേക്ക് മാറി. കേസറിയായിലെ ബസേലിയോസും ഈ സന്യാസസമൂഹത്തോട് ചേർന്നാണ് നിലകൊണ്ടത്. സന്യാസ വ്രതങ്ങൾ സ്വീകരിക്കുന്നതിന് മുമ്പ് തിയദോർ മാമ്മോദീസ സ്വീകരിച്ചിരുന്നോ എന്ന് വ്യക്തമല്ല. സന്യാസജീവിതത്തിൽ ആകൃഷ്ടനായിരുന്ന തിയദോർ അവിടെ ബ്രഹ്മചര്യജീവിതം നയിച്ചു. എന്നാൽ ഇതിനിടെ ഹെർമിയോൺ എന്ന പെൺകുട്ടിയുമായി പ്രണയത്തിലായ അദ്ദേഹം അവളുമായി വിവാഹത്തിന് ഒരുങ്ങി. അങ്ങനെ തന്റെ പഴയ ജീവിതരീതിയിലേക്ക് മടങ്ങിയതിൽ ക്രിസോസ്റ്റം അദ്ദേഹത്തെ കുറ്റപ്പെടുത്തി. തിയദോറിന്റെ വീഴ്ച എന്നാണ് ക്രിസോസ്റ്റം ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ഈ സംഭവം അവരുടെ ചെറിയ സന്യാസസമൂഹത്തെയും പ്രത്യേകിച്ച് ക്രിസോസ്റ്റോമിനെയും ദുഃഖിതരാക്കിത്തീർത്തു. ഇതിനേത്തുടർന്നാണ് ക്രിസോസ്റ്റം, തന്റെ ആദ്യ കാല രചനകളിൽപെടുന്ന തീയദോറിനുള്ള രണ്ട് കത്തുകൾ എഴുതി അയച്ചത്.

378ൽ ദിയദോറസ് താർസൂസിലെ മെത്രാപ്പോലീത്ത ആകുന്നതുവരെ തിയദോർ അദ്ദേഹത്തിന്റെ ശിഷ്യനായി കഴിഞ്ഞു. ഈ കാലഘട്ടത്തിലാണ് തിയദോറിന്റെ ബൈബിൾ സംബന്ധിയായ അറിവും വിശ്വാസവിഷയങ്ങളിലെ പരിജ്ഞാനവും വികസിച്ചത്. ക്രിസോസ്റ്റമാകട്ടെ 374ൽ തന്നെ അവിടെനിന്ന് വേർപിരിഞ്ഞിരുന്നു. അന്ത്യോഖ്യൻ പാരമ്പര്യത്തിൽ ദിയദോറസിന് കൈമാറിക്കിട്ടിയ വിശുദ്ധ ഗ്രന്ഥ വ്യാഖ്യാന തത്വങ്ങൾ തിയദോറും ഇക്കാലത്ത് അഭ്യസിച്ചു. ക്രിസ്തുവിന്റെ വ്യക്തിത്വത്തിന്റെ ദൈവ-മനുഷ്യ സ്വഭാവങ്ങളുടെ ബന്ധത്തെ വിശദീകരിക്കുന്ന അന്ത്യോഖ്യൻ ക്രിസ്തുശാസ്ത്രത്തിന്റെ വാക്താവായി തിയദോർ മാറി. ഇക്കാലത്താണ് ഒരു എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം പ്രശസ്തി നേടിയെടുത്തത്. സങ്കീർത്തനങ്ങളുടെ ഒരു വ്യാഖ്യാനം അദ്ദേഹം എഴുതി.

മാർസെയ്‌ലെസിലെ ജെന്നാദിയസ് നൽകുന്ന വിവരണം അനുസരിച്ച് തിയദോർ ഇതിനോടകം അന്ത്യോഖ്യയിൽ ഒരു വൈദികനായി അഭിഷിക്തനായിരുന്നു. അന്ത്യോഖ്യയിലെ ഇവാനീസ് തിയദോറിനെക്കുറിച്ച് എഴുതിയതിൽ നിന്ന് ലഭിക്കുന്ന സൂചന അനുസരിച്ച് തിയദോറിനെ 383ൽ അന്ത്യോഖ്യയിലെ പാത്രിയർക്കീസ് ഫ്ലാവിയാൻ പുരോഹിതനായി അഭിഷേകം ചെയ്തതു. തന്റെ ഗുരുവായ ദിയദോറസിന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ഫ്ലാവിയാന്റെ അരുമശിഷ്യനായി മാറാൻ തിയദോറിന് ഇതിനോടകം കഴിഞ്ഞിരുന്നു. അന്ത്യോഖ്യയിലെ സഭയിൽ അക്കാലത്ത് നിലനിന്നിരുന്ന ഭിന്നതയിൽ മിലിത്തിയൻ പക്ഷത്തെ തിയദോർ പിന്തുണച്ചിരുന്നു എന്ന് ഇതിൽ നിന്ന് സൂചന ലഭിക്കുന്നു. എന്നാൽ ആ കലഹങ്ങളിൽ അദ്ദേഹം നേരിട്ട് ഇടപെട്ടില്ല. മനുഷ്യാവതാരത്തെക്കുറിച്ചുള്ള തിയോദോറിന്റെ മഹത്തായ ഗ്രന്ഥവും അദ്ദേഹത്തിന്റെ നിരവധി പഴയനിയമ വ്യാഖ്യാനങ്ങളും ജെന്നാദിയസിന്റെ അഭിപ്രായത്തിൽ ഈ കാലഘട്ടത്തിൽ എഴുതപ്പെട്ടവയാണ്. ഒരു പ്രാസംഗികൻ എന്ന നിലയിലും താർക്കികൻ എന്ന നിലയിലും തിയദോർ ശ്രദ്ധേയനായി മാറിയ കാലഘട്ടമായിരുന്നു അത്. 392നുശേഷം താർസൂസിലേക്ക് പോയ അദ്ദേഹം അവിടെവെച്ച് മോപ്സുവേസ്ത്യായുടെ മെത്രാപ്പോലീത്തയായി അഭിഷിക്തനായി. ദിയദോറസിന്റെ സ്വാധീനം ഇതിന് സഹായകമായി.

പിറാമസ് നദിക്കരയിൽ താർസൂസിനും ഇസ്സസിനും ഇടയിൽ, ആ രണ്ട് നഗരങ്ങളിൽ നിന്നും നാല്പത് മൈൽ വീതവും കടൽക്കരയിൽ നിന്ന് പന്ത്രണ്ട് മൈലും അകലയായി കിലിക്യാ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ഒരു പട്ടണമായിരുന്നു മോപ്സുവേസ്ത്യാ. അവിടത്തെ രൂപതയിൽ ഒളിംപിയൂസിന്റെ പിൻഗാമിയായി തിയോദോർ രണ്ടാമൻ എന്ന പേരിൽ പുതിയ മെത്രാൻ സ്ഥാനമേറ്റു. തിയദോറെറ്റ് എന്ന് അന്ത്യോഖ്യൻ സഭാനേതാവ് നൽകുന്ന വിവരണം അനുസരിച്ച് തിയദോർ തന്റെ ജീവിതത്തിന്റെ ശേഷിക്കുന്ന 36 വർഷവും മോപ്സുവേസ്ത്യായിൽ തുടർന്നു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ശ്രദ്ധേയമായ സംഭവങ്ങൾ ഒന്നും ഉണ്ടായില്ല എങ്കിലും നയപരമായ നിലപാടുകൾ എടുക്കുന്നതിൽ ഇദ്ദേഹം സമർത്ഥനായിരുന്നു. ഇബാസ് മാറിസിന് എഴുതി അയച്ച പ്രസിദ്ധമായ കത്തിൽ തിയദോർ മോപ്സുവേസ്ത്യായിൽ ആര്യനിസം ഉന്മൂലനം ചെയ്തത് വിവരിക്കുന്നുണ്ട്. യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും നിഷേധിച്ചിരുന്ന ആര്യനിസത്തിനെതിരെ തന്റെ ഗുരുവായ ദിയദോറസിനേപ്പോലെ തിയദോറും സന്ധിയില്ലാ സമരം നടത്തി. ഇദ്ദേഹത്തിന്റെ നിരവധി കൃതികളും പ്രബോധനങ്ങളും ഇത് ശരിയാണെന്നതിന് ശക്തമായ തെളിവുകളാണ്. അദ്ദേഹം ഇക്കാലത്ത് എഴുതിയ കുറേ കത്തുകളുടെ സമാഹാരം 'മുത്തുകളുടെ പുസ്തകം' എന്ന പേരിൽ പിൽക്കാലത്ത് പ്രസിദ്ധമായി. കിഴക്കിന്റെ സഭയിൽ വളരെ പ്രധാന്യം കല്പിക്കപ്പെട്ട ഒന്നായിരുന്നുവെങ്കിലും പിൽക്കാലത്ത് ഈ പുസ്തകം നഷ്ടമായി. 394ൽ കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന സൂനഹദോസിൽ തിയദോർ പങ്കെടുത്തിരുന്നു. അവിടെവെച്ച് റോമാ ചക്രവർത്തി തിയഡോഷ്യസ് ഒന്നാമനിൽ ദൈവശാസ്ത്രത്തിലുള്ള അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യംകൊണ്ടും പ്രഭാഷണമികവുകൊണ്ടും മതിപ്പുണ്ടാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. അംബ്രോസിന്റെയും നസിയാൻസസിലെ ഗ്രിഗോറിയോസിന്റെയും ശിഷ്യത്വം സ്വീകരിച്ചിരുന്ന ചക്രവർത്തി അന്നുവരെ തിയദോറിനേപ്പോലെ ശ്രേഷ്ഠനായ ഒരു ഗുരുവിനെ താൻ ഇതുവരെ കണ്ടിട്ടില്ല എന്ന് പ്രഖ്യാപിച്ചു. തിയദോറിനോടുള്ള ആദരവ് മുത്തച്ഛനെപ്പോലെ തിയോഡോഷ്യസ് 2ാമനും തുടർന്നു. പലപ്പോഴും അദ്ദേഹം തിയദോറിന് കത്തുകൾ എഴുതിയിരുന്നു.

397ൽ ഇവാനീസ് ക്രിസോസ്റ്റമിനെ കോൺസ്റ്റാന്റിനോപ്പിളിന്റെ മെത്രാപ്പോലീത്തയായി അർക്കാദിയൂസ് ചക്രവർത്തി നിയമിച്ചിരുന്നു. അന്ത്യോഖ്യൻ ദൈവശാസ്ത്ര വീക്ഷണത്തിന്റെ മുന്നണിപ്പോരാളിയായിരുന്ന ക്രിസോസ്റ്റം ഇതിനോടകം സഭയിലെ വലിയ ഒരു വിഭാഗത്തിന് അനഭിമതനായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ മെത്രാപ്പോലീത്തയുടെ വളരുന്ന പ്രതാപത്തിലും ദൈവശാസ്ത്ര വിഷയങ്ങളിലും സഭാഭരണത്തിലും അദ്ദേഹം പുലർത്തിയ നിലപാടുകളിലും അസ്വസ്ഥരായ അദ്ദേഹത്തിന്റെ എതിരാളികൾ അദ്ദേഹത്തെ സ്ഥാനഭൃഷ്ടനാക്കാൻ തീവ്രപരിശ്രമം നടത്തിക്കൊണ്ടിരുന്നു. അലക്സാണ്ട്രിയയിലെ മെത്രാപ്പോലീത്തയായിരുന്ന തെയോഫിലോസ് ഈ നീക്കങ്ങൾക്ക് നേതൃത്വം നൽകി. തന്റെ ആഡംബരഭ്രമത്തെ ക്രിസോസ്റ്റം എതിർത്തത് അർക്കാദിയൂസിന്റെ ഭാര്യയും ചക്രവർത്തിനിയുമായ യൂദോക്സിയായെയും ആഡംബരഭ്രമത്തെ ക്രിസോസ്റ്റം എതിർത്തതും ചൊടിപ്പിച്ചു. തെയോഫിലോസ് തന്റെ അനന്തരവനും അർക്കദിയാക്കോനും ഭാവി പിൻഗാമിയുമായ കൂറിലോസിന്റെ ഒപ്പം കോൺസ്റ്റാന്റിനോപ്പിളിൽ എത്തി യൂദോക്സിയായുടെ പിന്തുണയോടെ ക്രിസോസ്റ്റമിനെ അധികാരത്തിൽ നിന്ന് പുറത്താക്കുകയും നാടുകടത്തിക്കുകയും ചെയ്തു. കപ്പദോക്ക്യായിലെ കോക്കസസ് പ്രദേശത്തേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം അവിടെനിന്ന് തിയഡോറുമായി കത്തിടപാടുകളിൽ ഏർപ്പെട്ടു. തിയഡോർ അചഞ്ചലമായ പിന്തുണയാണ് ക്രിസോസ്റ്റമിന് നൽകിയത്. തിയദോറിന്റെ സ്നേഹം തനിക്ക് ഒരിക്കലും മറക്കാൻ കഴിയുകയില്ല, അത്രയും സത്യസന്ധവും ഊഷ്മളവും ആത്മാർത്ഥവും നിഷ്കളങ്കവും ചെറുപ്പകാലം മുതലേ കാത്തുസൂക്ഷിച്ചതും ഇപ്പോഴും പ്രകടമാകുന്നതും ആണ് അത് എന്ന് ക്രിസോസ്റ്റം എഴുതിയിരിക്കുന്നു. ക്രിസോസ്റ്റമിനെതിരായ ശിക്ഷാനടപടികൾ അവസാനിക്കാനും അദ്ദേഹത്തെ കോൺസ്റ്റാന്റിനോപ്പിളിൽ തിരിച്ചെത്തിക്കാനും തിയദോർ വളരെയധികം പരിശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. നാടുകടത്തപ്പെട്ട് കഴിയവേ ആണ് ക്രിസോസ്റ്റം മരണപ്പെട്ടത്.[4]

തിയദോറിന്റെ പ്രഭാവം മോപ്സുവേസ്ത്യായിൽ മാത്രം ഒരിക്കലും ഒതുങ്ങി നിന്നിരുന്നില്ല. ഇബാസ് മാറിസിന് എഴുതിയ കത്തിൽ വിവരിക്കുന്നതുപോലെ അദ്ദേഹം എല്ലായിടത്തും "സത്യത്തിന്റെ ദൂതനും സഭയുടെ വൈദ്യനും" ആയി കണക്കാക്കപ്പെട്ടു. "വളരെ ദൂരെയുള്ള സഭകൾ പോലും അദ്ദേഹത്തിന്റെ ഉപദേശങ്ങൾ സ്വീകരിച്ചു". അന്ത്യോഖ്യയിലെ പാത്രിയർക്കീസായിരുന്ന ജോൺ ഒന്നാമൻ പറയുന്നത് പോലെ "കിഴക്കിന്റെ എല്ലാ സഭകളിലും തിരുവെഴുത്തുകൾ അവയിലൂടെ വിശദീകരിക്കപ്പെട്ടു"

തിയോഡോറിന്റെ അവസാന വർഷങ്ങൾ രണ്ട് വിവാദങ്ങളാൽ സങ്കീർണ്ണമായിരുന്നു. 418-ൽ പെലാജിയൻ നേതാക്കൾ സ്ഥാനഭ്രഷ്ടരാക്കപ്പെടുകയും പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് നാടുകടത്തപ്പെടുകയും ചെയ്‌തപ്പോൾ, അവർ തിയദോറിന്റെ അടുക്കൽ അഭയം തേടി. ഇത് പരമാവധി പ്രയോജനപ്പെടുത്തിയ മാറിയസ് മെർക്കേറ്ററാണ് ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത്. തിയദോർ എഴുപത്തിയെട്ടാം വയസ്സിൽ മരിച്ചു. ഫാക്കുണ്ടസ് വിവരിക്കുന്നതുപോലെ, സഭയുടെ സമാധാനത്തിലും മഹത്തായ പ്രശസ്തിയുടെ കൊടുമുടിയിലും അദ്ദേഹം യാത്രയായി. സ്വന്തം ജീവിതകാലത്ത് തിയദോർ ഒരു യാഥാസ്ഥിതിക ക്രിസ്ത്യൻ ചിന്തകനായി കണക്കാക്കപ്പെട്ടിരുന്നു.[5][6][7][8][9][10][11][12][13][14][15][16][17][18][19]

തിരഞ്ഞെടുക്കപ്പെട്ട കൃതികൾ[തിരുത്തുക]

  • Mingana, Alphonse (ed.). Commentary of Theodore of Mopsuestia on the Nicene Creed. Translated by Mingana, Alphonse (1932 ed.). ISBN 9781593338282.
  • Mingana, Alphonse (ed.). Commentary of Theodore of Mopsuestia on the Lord's Prayer and on the Sacraments of Baptism and the Eucharist (in ഇംഗ്ലീഷ്) (2009 ed.). Gorgias Press. ISBN 9781593338305.
  • Greer, Rowan A. (ed.). The Commentaries on the Minor Epistles of Paul. Translated by Greer, Rowan A. (2010 ed.). അറ്റ്‌ലാന്റ: Society of Biblical Literature. ISBN 9781589832794.
  • Conti, Marco; Elowsky, Joel C. (eds.). Commentary on the Gospel of John. Ancient Christian Texts. Translated by Conti, Marco (2010 ed.). ISBN 9780830829064.
  • Hill, Robert Charles (ed.). Commentary on the Twelve Prophets. Translated by Hill, Robert Charles (2010 ed.). Catholic University of America Press. ISBN 9780813212081.
  • Hill, Robert Charles (ed.). Commentary on Psalms 1-81. Translated by Hill, Robert Charles (2006 ed.). അറ്റ്‌ലാന്റ: Society of Biblical Literature. ISBN 9781589830608.

അവലംബം[തിരുത്തുക]

  1. Zaharopoulos, Dimitri Z. (1989). Theodore of Mopsuestia on the Bible: A Study of His Old Testament Exegesis (in ഇംഗ്ലീഷ്). Paulist Press. ISBN 978-0-8091-3091-7.
  2. "Theodore Of Mopsuestia | Syrian theologian | Britannica" (in ഇംഗ്ലീഷ്). Retrieved 2023-03-12.
  3. "ഗ്രീക്ക് സഭാപിതാക്കന്മാരുടെ ഓർമ്മ" (PDF). syromalabarliturgy.org.
  4. McLeod, Frederick (2009). Harrison, Carol (ed.). Theodore of Mopsuestia. The Early Church Fathers. United Kingdom: Routledge. ISBN 9781134079278.
  5. McLeod, Frederick G. (2005). The Roles of Christ's Humanity in Salvation: Insights from Theodore of Mopsuestia (in ഇംഗ്ലീഷ്). CUA Press. ISBN 9780813213965.
  6. Younan, Andrew (2009). The Mesopotamian School & Theodore of Mopsuestia (in ഇംഗ്ലീഷ്). ISBN 978-0-578-00615-4.
  7. Reine, Francis Joseph (1942). The Eucharistic Doctrine and Liturgy of the Mystagogical Catecheses of Theodore of Mopsuestia (in ഇംഗ്ലീഷ്). Catholic University of America Press.
  8. McLeod, Frederick G. (2005). The Roles of Christ's Humanity in Salvation: Insights from Theodore of Mopsuestia (in ഇംഗ്ലീഷ്). CUA Press. ISBN 978-0-8132-1396-5.
  9. Leonhard, Clemens (2001). Ishodad of Merw's Exegesis of the Psalms 119 and 139-147: A Study of His Interpretation in the Light of the Syriac Translation of Theodore of Mopsuestia's Commentary (in ഇംഗ്ലീഷ്). Peeters Publishers. ISBN 978-90-429-0960-1.
  10. Patterson, L. (2011-03-01). Theodore of Mopsuestia and Modern Thought (in ഇംഗ്ലീഷ്). Wipf and Stock Publishers. ISBN 978-1-61097-235-2.
  11. Witkamp, Nathan (2018-08-27). Tradition and Innovation: Baptismal Rite and Mystagogy in Theodore of Mopsuestia and Narsai of Nisibis (in ഇംഗ്ലീഷ്). BRILL. ISBN 978-90-04-37786-8.
  12. Ondrey, Hauna T. (2018-05-31). The Minor Prophets as Christian Scripture in the Commentaries of Theodore of Mopsuestia and Cyril of Alexandria (in ഇംഗ്ലീഷ്). Oxford University Press. ISBN 978-0-19-255944-9.
  13. Greer, Rowan A. (1961). Theodore of Mopsuestia, Exegete and Theologian (in ഇംഗ്ലീഷ്). Faith Press.
  14. Dewart, Joanne McWilliam (1971). The Theology of Grace of Theodore of Mopsuestia (in ഇംഗ്ലീഷ്). Catholic University of America Press. ISBN 978-0-8132-0523-6.
  15. Perhai, Richard J. (2015). Antiochene Theoria in the Writings of Theodore of Mopsuestia and Theodoret of Cyrus (in ഇംഗ്ലീഷ്). Augsburg Fortress Publishers. ISBN 978-1-4514-8800-5.
  16. Ferguson, Everett (2009-03-23). Baptism in the Early Church: History, Theology, and Liturgy in the First Five Centuries (in ഇംഗ്ലീഷ്). Wm. B. Eerdmans Publishing. ISBN 978-0-8028-2748-7.
  17. Sullivan, Francis A. (1956). The Christology of Theodore of Mopsuestia (in ഇറ്റാലിയൻ). Pontificia Univ. Gregoriana. ISBN 978-88-7652-060-0.
  18. Vadakkel, Jacob (1989). The East Syrian Anaphora of Mar Theodore of Mopsuestia: A Critical Edition, English Translation and Study (in ഇംഗ്ലീഷ്). Oriental Institute of Religious Studies India Publications.
  19. Spinks, Bryan D. (1999). Mar Nestorius and Mar Theodore, the Interpreter: The Forgotten Eucharistic Prayers of East Syria (in ഇംഗ്ലീഷ്). Grove Books. ISBN 978-1-85174-422-0.