Jump to content

ഒന്നാം നിഖ്യാ സൂനഹദോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രൈസ്തവ ചരിത്രത്തിൽ നിർണ്ണായകമായിത്തീർന്ന ഒരു മതനേതൃസമ്മേളനം അഥവാ സൂനഹദോസ് ആയിരുന്നു നിഖ്യായിലെ ഒന്നാമത്തെ സൂനഹദോസ് അഥവാ ഒന്നാം നിഖ്യാ സൂനഹദോസ്. ലോകത്തിലെ ബഹുഭൂരിപക്ഷം ക്രൈസ്തവ സഭകളും ഈ സൂനഹദോസിനെ ആധികാരികമായി കണക്കാക്കുന്നവയാണ്. റോമാ ചക്രവർത്തി കോൺസ്റ്റാന്റൈൻ ഒന്നാമന്റെ നിർദ്ദേശപ്രകാരം ക്രി. വ. 325ൽ സാമ്രാജ്യത്തിലെ ബിഥിനിയാ പ്രദേശത്തെ നിഖ്യാ (ഗ്രീക്ക്: Νίκαια) എന്ന പട്ടണത്തിലാണ് ക്രൈസ്തവ സഭയിലെ ബിഷപ്പുമാർ പങ്കാളികളായി ഈ സൂനഹദോസ് ചേർന്നത്.

ഒന്നാം നിഖ്യാ സൂനഹദോസ്
ഒന്നാം നിഖ്യാ സൂനഹദോസ്, മിഖായേൽ ദമാസികീനോസ് വരച്ച ഒരു പ്രതീകാത്മക ചിത്രം. ബിഷപ്പുമാരുടെ മദ്ധ്യത്തിൽ സിംഹാസനത്തിൽ പ്രതിഷ്ഠിക്കപ്പെട്ട വിശുദ്ധ ബൈബിളും അതിന്റെ വലതുവശത്ത് സിൽവെസ്റ്റർ ഒന്നാമൻ മാർപ്പാപ്പയും ഇടതുവശത്ത് കോൺസ്റ്റന്റൈൻ ചക്രവർത്തിയും നിലത്ത് വിണുകിടക്കുന്ന അറിയൂസും
കാലഘട്ടംക്രി. വ. 325 മെയ് മുതൽ ഓഗസ്റ്റ് വരെ
അംഗീകരിക്കുന്നത്
അടുത്ത സൂനഹദോസ്
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
വിളിച്ചുചേർത്തത്കോൺസ്റ്റന്റൈൻ ഒന്നാമൻ ചക്രവർത്തി
അദ്ധ്യക്ഷൻകൊർദുബായിലെ ഹൊസിയൂസ്
പ്രാതിനിധ്യം
  • 318 പേർ (പാരമ്പര്യം അനുസരിച്ച്)
  • 250–318 (ഏകദേശ കണക്ക്)
ചർച്ചാവിഷയങ്ങൾആരിയനിസം, ക്രിസ്തുവിന്റെ സ്വഭാവം, ഈസ്റ്റർ ആചരണത്തിന്റെ തീയ്യതി, സഭാ ഭരണ സംവിധാനങ്ങൾ, നിയമങ്ങൾ
പ്രമാണരേഖകൾ
325ലെ യഥാർത്ഥ നിഖ്യൻ വിശ്വാസപ്രമാണം, 20 കാനോൻ നിയമങ്ങൾ, ഒരു പ്രഖ്യാപന രേഖയും

ലോകത്തിലെ മുഴുവൻ ക്രൈസ്തവ സഭാനേതാക്കളെയും പ്രദേശിക വിഭാഗങ്ങളെയും ആശയപരവും സംഘടനാപരമായ ഐക്യത്തിലേക്ക് എത്തിക്കുക എന്നതായിരുന്നു സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടതിന്റെ ഉദ്ദേശ്യം. ഈ സൂനഹദോസിന്റെ അദ്ധ്യക്ഷത വഹിച്ചത് സ്പെയിനിലെ കൊർദുബായിലെ ബിഷപ്പായിരുന്ന ഹോസിയൂസ് ആയിരുന്നു എന്ന് പറയപ്പെടുന്നു.[1][2] പുത്രനായ ദൈവത്തിന്റെ ദൈവിക സ്വഭാവവുമായി ബന്ധപ്പെട്ട ക്രിസ്തുവിജ്ഞാനീയ വിഷയത്തിലും പിതാവായ ദൈവവുമായുള്ള ബന്ധത്തേക്കുറിച്ചും തീരുമാനം എടുക്കുന്നതിൽ ഈ സൂനഹദോസ് വിജയിച്ചു.[3] ഈസ്റ്റർ പെരുന്നാളിന്റെ ആചരണം ക്രൈസ്തവ സഭയിൽ ഏകീകരിച്ചതും നിഖ്യാ-കോൺസ്റ്റാന്റിനോപ്പിൾ വിശ്വാസപ്രമാണത്തിന്റെ ആദ്യ ഭാഗം രൂപീകരിച്ചതും ആദ്യ കാല കാനോൻ നിയമങ്ങൾ നിർമ്മിച്ചതും ഈ സൂനഹദോസാണ്.[4][5][6]

സാർവത്രിക സൂനഹദോസ്

[തിരുത്തുക]

ക്രൈസ്തവ സഭയുടെ ആദ്യത്തെ സാർവത്രിക സൂനഹദോസ് ആയിരുന്നു നിഖ്യയിലെ ഒന്നാം സൂനഹദോസ്. റോമൻ സാമ്രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും ഉള്ള സഭയെ പ്രതിനിധീകരിക്കുന്ന, താത്വികമായി, മുഴുവൻ സഭയുടെയും ഒരു പൊതുസമ്മേളനം ആദ്യമായി വിളിച്ചു ചേർക്കപ്പെട്ടത് നിഖ്യയിലാണ്.[7]

മുഴുവൻ ക്രൈസ്‌തവലോകത്തെയും പ്രതിനിധീകരിക്കുന്ന നിയമനിർമ്മാണ സമ്മേളനം വഴി സഭയിൽ സമവായം കൈവരിക്കാനുള്ള ആദ്യ ശ്രമമെന്ന നിലയിൽ ഈ സൂനഹദോസിന് ചരിത്രപരമായി പ്രാധാന്യമുണ്ട്.[8] ക്രിസ്തുവിജ്ഞാനീയം ചർച്ച ചെയ്ത ആദ്യ അവസരമായിരുന്നു ഈ സൂനഹദോസ്.[8] അതിലൂടെ തുടർന്നും പൊതുസൂഹദോസുകൾ വിളിച്ചു ചേർത്ത് വിശ്വാസം, കാനോനുകൾ തുടങ്ങിയവ നിർണയിക്കുന്നതിന് ഒരു മാതൃക സൃഷ്ടിക്കപ്പെട്ടു. ഈ സൂനഹദോസ് സാധാരണയായി ക്രൈസ്തവ ചരിത്രത്തിലെ ആദ്യത്തെ ഏഴ് സാർവത്രിക സൂനഹദോസുകളുടെ കാലഘട്ടത്തിൻ്റെ തുടക്കമായി കണക്കാക്കപ്പെടുന്നു.[9]

തീരുമാനങ്ങൾ

[തിരുത്തുക]

നിഖ്യാ വിശ്വാസപ്രമാണം

[തിരുത്തുക]
കോൺസ്റ്റൻ്റൈൻ ചക്രവർത്തിയും, നിഖ്യയിലെ ആദ്യ സൂനഹദോസിൽ പങ്കെടുത്ത ബിഷപ്പുമാരും (325) നിഖ്യാ-കോൺസ്റ്റാൻ്റിനോപ്പിൾ വിശ്വാസപ്രമാണം പ്രദർശിപ്പിക്കുന്ന ഒരു ഐക്കൺചിത്രം

നിഖ്യാ സൂനഹദോസ് ഏറ്റവും പ്രധാനമായി ഒരു വിശ്വാസപ്രമാണവും ക്രിസ്തീയ വിശ്വാസത്തിൻ്റെ പ്രഖ്യാപനവും സംഗ്രഹവും രൂപപ്പെടുത്തി. നിരവധി വിശ്വാസപ്രമാണങ്ങൾ അക്കാലത്ത് നിലവിലുണ്ടായിരുന്നു. ആദ്യകാലം മുതൽ, വിവിധ വിശ്വാസപ്രമാണങ്ങൾ ക്രിസ്ത്യാനികൾക്ക് പരസ്പരം തിരിച്ചറിയലിന് ഉള്ള മാർഗമായി, പ്രത്യേകിച്ച് മാമ്മോദീസ സമയത്ത് ഉൾക്കൊള്ളുന്നതിനും തിരിച്ചറിയുന്നതിനും, വർത്തിച്ചിരുന്നു. ഉദാഹരണത്തിന്, റോമിൽ നോമ്പിലും ഉയിർപ്പുപെരുന്നാളിന്റെ കാലത്തും അപ്പോസ്തോലന്മാരുടെ വിശ്വാസപ്രമാണം വളരെ പ്രചാരത്തിലുണ്ടായിരുന്നു. നിഖ്യാ സൂനഹദോസിൽ, സഭയുടെ വിശ്വാസത്തെ വ്യക്തമായി നിർവചിക്കാനും അത് ഏറ്റുപറയുന്നവരെ ഉൾപ്പെടുത്താനും അല്ലാത്തവരെ ഒഴിവാക്കാനും ഒരു പ്രത്യേക വിശ്വാസപ്രമാണം അംഗീകരിക്കപ്പെട്ടു.

യഥാർത്ഥ നിഖ്യാ വിശ്വാസപ്രമാണം ഇപ്രകാരം ആണ്:

സർവ്വശക്തനായ പിതാവും, ദൃശ്യവും അദൃശ്യവുമായ സകലത്തിന്റെയും സ്രഷ്ടാവുമായ, ഏക ദൈവത്തിലും; ദൈവത്തിൻറെ ഏക പുത്രനും, സകല സൃഷ്ടികൾക്ക് മുമ്പ് പിതാവിൽ നിന്ന് ജനിച്ചവനും, ഏകജാതനും, പിതാവിന്റെ സാരാംശത്തിൽ നിന്ന് ഉള്ളവനും, ദൈവത്തിൽ നിന്നുള്ള ദൈവവും, പ്രകാശത്തിൽ നിന്നുള്ള പ്രകാശവും, സത്യദൈവത്തിൽ നിന്നുള്ള സത്യദൈവവും,
ജന്മം നൽകപ്പെട്ടവനും എന്നാൽ സൃഷ്ടിക്കപ്പെടാത്തവനും, പിതാവിനോട് സത്തയിൽ ഒന്നായിരിക്കുന്നവനും, തന്നിലൂടെ സകലതും, സ്വർഗ്ഗത്തിലും ഭൂമിയിലും ഉള്ള സർവ്വവും ഉണ്ടായവനും, മനുഷ്യരായ നമുക്കുവേണ്ടിയും നമ്മുടെ രക്ഷയ്ക്ക് വേണ്ടിയും ഇറങ്ങിവന്ന്, അവതീർണ്ണനാവുകയും,
മനുഷ്യനാവുകയും,
കഷ്ടപ്പാടുകൾ അനുഭവിക്കുകയും,
മൂന്നാം ദിവസം ഉയിർത്തെഴുന്നേൽക്കുകയും, സ്വർഗ്ഗങ്ങളിലേക്ക് ആരോഹണം ചെയ്യുകയും ചെയ്തവനും,
ജീവിച്ചിരിക്കുന്നവരെയും മരിച്ചവരെയും വിധിക്കാൻ വീണ്ടും വരാനിരിക്കുന്നവനും ആയ ഏക കർത്താവ് യേശുക്രിസ്തുവിലും; അതോടൊപ്പം പരിശുദ്ധാത്മാവിലും ഞങ്ങൾ വിശ്വസിക്കുന്നു.
എന്നാൽ അവൻ ഇല്ലായിരുന്ന സമയം ഉണ്ടായിരുന്നു എന്നും
ജനിക്കുന്നതിന് മുൻപ് ഇല്ലായിരുന്നു എന്നും ഒന്നുമില്ലായ്മയിൽ നിന്ന് അവൻ ഉണ്ടായി എന്നും
പറയുന്നവരെയും
ദൈവപുത്രൻ വ്യത്യസ്തമായ ഒരു "ഹൈപ്പോസ്റ്റാസിസ്" അല്ലെങ്കിൽ സാരാംശത്തിൽ നിന്ന് ഉള്ളവനാണെന്നോ
സൃഷ്ടിക്കപ്പെട്ടവൻ ആണെന്നോ
മാറ്റത്തിനോ വ്യതിയാനത്തിനോ വിധേയൻ ആണെന്നോ വാദിക്കുന്നവർക്കും
- ഇവയെ കാതോലികവും അപ്പസ്തോലികവുമായ സഭ "അനാഥെമാ" കൽപിക്കുന്നു.
[10]

381ൽ ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് ഈ വിശ്വാസപ്രമാണം ഭേദഗതി ചെയ്ത് കൂടുതൽ വിപുലമാക്കി.

സവിശേഷതകൾ

[തിരുത്തുക]

നിഖ്യാ വിശ്വാസപ്രമാണത്തിലെ ചില സവിശേഷ ഘടകങ്ങൾ, മിക്കവാറും കോർദോവയിലെ ഹോസിയൂസ് തന്നെ, ആറിയൻ വീക്ഷണത്തെ എതിർക്കുന്നതിനായി ഉൾച്ചേർത്തവയാണ്.[11][12]

  1. യേശുക്രിസ്തുവിനെ "വെളിച്ചത്തിൽ നിന്നുള്ള വെളിച്ചം", "സത്യദൈവത്തിൽ നിന്നുള്ള സത്യ ദൈവം" എന്ന് വിശേഷിപ്പിക്കുന്നു. യേശുക്രിസ്തുവിന്റെ ദൈവത്വം പ്രഘോഷിക്കുന്നു.
  2. യേശുക്രിസ്തു "ജന്മം നൽകപ്പെട്ടവൻ, സൃഷ്ടിക്കപ്പെടാത്താവൻ" എന്ന് വിശേഷിപ്പിക്കപ്പെടുന്നു. യേശുക്രിസ്തു ഒന്നുമില്ലായ്മയിൽ നിന്ന് ഉണ്ടായ വെറുമൊരു സൃഷ്ടിയല്ലെന്നും, മറിച്ച് "പിതാവിൻ്റെ സത്തയിൽ നിന്ന്" ഉണ്ടായ യഥാർത്ഥ ദൈവപുത്രൻ ആണെന്നും ഉറപ്പിച്ചുപറയുന്നു.
  3. അവൻ "പിതാവുമായി ഏക സാരാംശം" ആണെന്ന് ഏറ്റു പറയുന്നു. യേശുക്രിസ്തു "സത്യദൈവം" ആയിരിക്കുന്നതുപോലെ തന്നെ പിതാവായ ദൈവവും "സത്യദൈവം" ആണെങ്കിലും, അവർ "ഒരു സാരാംശം" തന്നെ ആണെന്ന് പ്രഖ്യാപിക്കുന്നു.

അനാഥെമകൾ

[തിരുത്തുക]

വിശ്വാസപ്രമാണത്തിൻ്റെ അവസാനം ചേർത്ത അനാഥെമകൾ (വിശ്വാസവിരുദ്ധ സിദ്ധാന്തങ്ങൾക്കുള്ള ശാപം), ആറിയൻമാരുടെ അവകാശവാദങ്ങളെ വ്യക്തമായി നിരാകരിക്കാൻ രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ്.

  1. പിതാവിനോടൊപ്പം പുത്രൻ്റെ സഹവാസം ഉറപ്പിച്ചു പറയാൻ "അവനില്ലാത്ത ഒരുസമയം ഉണ്ടായിരുന്നു" എന്ന വീക്ഷണം തള്ളിക്കളയപ്പെട്ടു.
  2. പിതാവിനെപ്പോലെ പുത്രനും എല്ലാ തരത്തിലുള്ള ബലഹീനതയ്ക്കും കളങ്കത്തിനും അതീതനാണെന്നും ഏറ്റവും പ്രധാനമായി സമ്പൂർണ്ണ ധാർമിക പൂർണ്ണതയിൽ നിന്ന് വിട്ടുമാറാൻ അവനു കഴിയില്ലെന്നും വ്യക്തമാക്കുന്നതിന് അവൻ "മാറ്റപ്പെടാവുന്നവനാണ്, മാറ്റത്തിന് വിധേയനാണ്" എന്ന കാഴ്ചപ്പാട് തള്ളിക്കളയപ്പെട്ടു.

അങ്ങനെ, ആറിയന്മാർക്കും അവരുടെ എതിരാളികൾക്കും ഒരുപോലെ സ്വീകാര്യമായ ഒരു മാമോദീസാ പ്രമാണത്തിന് പകരം, ആറിയനിസത്തിന് വ്യക്തമായി വിരുദ്ധവും അതിൻറെ വീക്ഷണത്തിന്റെ കാമ്പുമായി പൊരുത്തപ്പെടാത്തതുമായ വിശ്വാസപ്രമാണമാണ് സൂനഹദോസ് പ്രഖ്യാപിച്ചത്. ഈ വിശ്വാസപ്രമാണത്തിൻ്റെ ഉള്ളടക്കം യൗസേബിയസ് തൻ്റെ സഭയ്‌ക്കെഴുതിയ ഒരു കത്തിലും അത്തനാസിയോസിൻ്റെ കൃതികളിലും മറ്റിടങ്ങളിലും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. ഹോമോവോസിയൻമാർ (ഏകസത്താവാദികൾ) ആറിയൻ വാദക്കാർക്കെതിരെ ഏറ്റവും കൂടുതൽ ശബ്ദമുയർത്തുന്നവരായിരുന്നു.

നാടുകടത്തപ്പെട്ടവർ

[തിരുത്തുക]

നിഖ്യയിൽ പ്രഖ്യാപിക്കപ്പെടുന്ന വിശ്വാസപ്രമാണത്തെ അംഗീകരിക്കാൻ വിസമ്മതിക്കുന്ന എല്ലാവരും നാടുകടത്തപ്പെടും എന്ന കോൺസ്റ്റന്റൈൻ ചക്രവർത്തിയുടെ മുൻപത്തെ പ്രഖ്യാപനം അദ്ദേഹം നടപ്പിലാക്കി. ആറിയൂസ്, തിയോണാസ്, സേക്കുന്ദുസ് എന്നിവർ വിശ്വാസപ്രമാണം അംഗീകരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സഭയിൽ നിന്ന് മഹറോൻ ചെയ്യപ്പെടുകയും അതോടൊപ്പം ഇല്ലിയറിയയിലേക്ക് നാടുകടത്തപ്പെടുകയും ചെയ്തു. ആറിയൂസിന്റെ അനുയായികളെ "ക്രിസ്ത്യാനിത്വത്തിൻ്റെ ശത്രുക്കൾ" ആയി പ്രഖ്യാപിച്ചതോടൊപ്പം ആറിയൂസിൻ്റെ കൃതികൾ കണ്ടുകെട്ടാനും "തീജ്വാലകൾക്ക് ഏൽപ്പിക്കാനും" സൂനഹദോസ് ഉത്തരവിട്ടു.[13][14] എന്നിരുന്നാലും, സാമ്രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിവാദങ്ങൾ തുടർന്നുകൊണ്ടിരുന്നു.[15]

യഹൂദ പഞ്ചാംഗത്തിൽ നിന്ന് ഈസ്റ്റർ കണക്കുകൂട്ടൽ മാറ്റുന്നു

[തിരുത്തുക]

ഈസ്റ്റർ അഥവാ ഉയർപ്പ് പെരുന്നാൾ യഹൂദരുടെ പെസഹയുമായും പുളിപ്പില്ലാത്ത അപ്പത്തിൻ്റെ പെരുന്നാളുമായും ബന്ധപ്പെട്ടിരിക്കുന്നു. ക്രിസ്ത്യാനികൾ വിശ്വസിക്കുന്നത് പോലെ കുരിശുമരണം പുനരുത്ഥാനം എന്നിവ ആ സമയത്താണ് നടന്നത്. 2ാം നൂറ്റാണ്ടിൽ സിക്സ്റ്റസ് 1ാമൻ മാർപാപ്പയുടെ കാലത്ത് തന്നെ ഒരു വിഭാഗം ക്രിസ്ത്യാനികൾ ചാന്ദ്രമാസമായ നിസാനിലെ ഒരു ഞായറാഴ്ച ഈസ്റ്റർ ആയി തിരഞ്ഞെടുത്തിരുന്നു. ഏത് ചാന്ദ്രമാസമാണ് നീസാൻ ആയി നിശ്ചയിക്കേണ്ടതെന്ന് നിർണ്ണയിക്കാൻ, ക്രിസ്ത്യാനികൾ യഹൂദ സമൂഹത്തെ ആശ്രയിച്ചു. 3ാം നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ചില ക്രിസ്ത്യാനികൾ യഹൂദ പഞ്ചാംഗത്തിന്റെ ക്രമരഹിതമായ അവസ്ഥയിൽ അതൃപ്തി പ്രകടിപ്പിക്കാൻ തുടങ്ങി. വസന്തവിഷുവത്തിന് മുമ്പ് 14ാം ദിവസം വരുന്ന മാസം തിരഞ്ഞെടുത്തുകൊണ്ട് സമകാലിക യഹൂദന്മാർ തെറ്റായ ചാന്ദ്രമാസത്തെ നീസാൻ മാസമായി കണക്കാക്കുക ആണെന്ന് അവർ വാദിച്ചു.[16]

ക്രൈസ്തവർ, യഹൂദ വിവരദാതാക്കളെ ആശ്രയിക്കുന്ന പതിവ് ഉപേക്ഷിച്ച്, പകരം ഏത് മാസമാണ് നീസാൻ എന്ന് സ്വതന്ത്രമായി കണക്കാക്കി അതിൻപ്രകാരം ഈസ്റ്റർ നിശ്ചിയിക്കണമെന്നും, അത് എല്ലായ്പ്പോഴും വിഷുവത്തിനുശേഷം ആയിരിക്കണം എന്നും ഈ ചിന്തകർ ആവശ്യപ്പെട്ടു. നിസാൻ 14ാം തീയതി ഒരിക്കലും വിഷുവത്തിന് മുമ്പ് ആകാൻ പാടില്ലാത്തത് ആണെന്നും, സമകാലിക യഹൂദ പഞ്ചാംഗം വിഷുവദിനത്തെ അവഗണിച്ചുകൊണ്ട് പഴയ പാരമ്പര്യം ലംഘിക്കുന്നത് ആണെന്നും ആരോപിച്ച അവർ ക്രൈസ്തവർ യഹൂദ പഞ്ചാംഗം ഉപയോഗിക്കുന്ന രീതി അവസാനിപ്പിക്കുന്നത് ന്യായീകരിച്ചു.[17] അതേസമയം മറ്റുള്ളവർ, ഒരു ക്രിസ്ത്യൻ വീക്ഷണകോണിൽ നിന്ന് യഹൂദ കണക്കുകൂട്ടലുകൾ തെറ്റാണെങ്കിലും, യഹൂദ പഞ്ചാംഗത്തെ ആശ്രയിക്കുന്ന അന്നത്തെ പതിവ് രീതി തുടരണമെന്ന് അഭിപ്രായപ്പെട്ടു.[18] സ്വതന്ത്രമായ കണക്കുകൂട്ടലുകൾക്കായി വാദിച്ചവരും യഹൂദ പഞ്ചാംഗത്തെ തുടർന്നും ആശ്രയിക്കണമെന്ന് വാദിക്കുന്നവരും തമ്മിലുള്ള തർക്കം ഔപചാരികമായി പരിഹരിക്കുന്നതിൽ സൂനഹദോസ് വിജയിച്ചു. റോമിലും അലക്സാണ്ട്രിയയിലും കുറച്ചുകാലമായി ഉപയോഗിച്ചുവന്നിരുന്ന സ്വതന്ത്ര മാസഗണനരീതിയെ അംഗീകരിച്ചുകൊണ്ടാണ് സൂനഹദോസ് തീർപ്പ് കൽപ്പിച്ചത്. യഹൂദന്മാർ നിർവചിച്ചിരിക്കുന്ന നിസാൻ മാസത്തിനുപകരം, ക്രിസ്ത്യൻ മാനദണ്ഡങ്ങൾക്കനുസൃതമായി തിരഞ്ഞെടുത്ത നിസാൻ മാസത്തിലെ ഞായറാഴ്ചയായിരിക്കണം ഈസ്റ്റർ എന്ന് സൂനഹദോസ് തീരുമാനിച്ചു. യഹൂദ പഞ്ചാംഗത്തെ അണുകൂലിച്ചവരോട് ("പ്രോട്ടോപാഷൈറ്റ്സ്") ഭൂരിപക്ഷ തീരുമാനത്തോട് വിധേയപ്പെടാൻ സൂനഹദോസ് നിർദ്ദേശിച്ചെങ്കിലും അവരെല്ലാം പെട്ടെന്ന് അങ്ങനെ ചെയ്തില്ല എന്നത് 4ാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ എഴുതപ്പെട്ട ചില പ്രബോധനങ്ങളും,[19] കാനോനുകളും,[20] ലഘുരേഖകളും വെളിവാക്കുന്നു.[21]

ഈ രണ്ട് നിയമങ്ങൾ (ഈസ്റ്റർ ആചരണം യഹൂദ പഞ്ചാംഗത്തിൽ നിന്ന് സ്വതന്ത്രമാക്കുന്നതും എല്ലാ ക്രൈസ്തവരുടെയും ഇടയിൽ ഒരേ രീതിയിലേക്ക് കൊണ്ടുവരുന്നതും) മാത്രമാണ് ഈസ്റ്റർ ആചരണത്തെക്കുറിച്ച് നിഖ്യാ സൂനഹദോസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. കണക്കുകൂട്ടലിനുള്ള മറ്റ് വിശദാംശങ്ങളൊന്നും സൂനഹദോസ് വ്യക്തമാക്കിയില്ല. ഇക്കാരണത്താൽ, കണക്കുകൂട്ടൽ മിക്കവാറും പ്രായോഗിക പരിഗണനകൾ അനുസരിച്ച് നടപ്പാക്കി വരുകയും, നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ പ്രക്രിയ പലപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തുകയും ചെയ്തു. അവയിൽ ചിലത് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.[22] നിസാൻ മാസം 14ാം തീയതി എന്നാണോ അന്ന് തന്നെ, ഞായറാഴ്ച അല്ലാത്ത ദിവസമാണെങ്കിൽ കൂടിയും, ഈസ്റ്ററായി ആചരിച്ചിരുന്ന ചതുർദശിവാദികൾക്ക് എതിരെ (ക്വാർട്ടോഡെസിമനികൾ) സൂനഹദോസ് നിലപാടെടുക്കുകയും ഞായറാഴ്ച ദിവസം ആചരിക്കുന്നതിന് പെരുന്നാൾ മാറ്റിവയ്ക്കുന്ന രീതിയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

മിലീത്തിയൻ ശീശ്മ പരിഹരിക്കുന്നു

[തിരുത്തുക]

അലക്സാണ്ഡ്രിയൻ സഭയിലെ ആദ്യകാല വിഘടിത വിഭാഗമായ മിലീത്തിയൻ ശീശ്മക്കാരെ അടിച്ചമർത്തുന്നത് നിഖ്യാ സൂനഹദോസിന് മുമ്പാകെ വന്ന മറ്റൊരു പ്രധാന കടമ്പ ആയിരുന്നു. അവരുടെ നേതാവായ മിലീത്തിയോസിനോട്, ഈജിപ്തിലെ ലൈക്കോപോളിസ് എന്ന തൻ്റെ സ്വന്തം നഗരത്തിൽ തുടരണമെന്നും എന്നാൽ പുതിയ പുരോഹിതന്മാരെ നിയമിക്കാനുള്ള അധികാരമോ അവകാശങ്ങളോ ഉപയോഗിക്കരുതെന്നും സൂനഹദോസ് ആജ്ഞാപിച്ചു; പുതിയ പുരോഹിതരെ നിയമിക്കുന്നതിനായി പട്ടണത്തിൻ്റെ ചുറ്റുപാടുകളിലേക്ക് പോകാനോ മറ്റൊരു രൂപതയിൽ പ്രവേശിക്കാനോ അദ്ദേഹത്തെ വിലക്കിയിരുന്നു. മിലീത്തിയോസ് തൻ്റെ മെത്രാൻ പദവി നിലനിർത്തിയെങ്കിലും അദ്ദേഹം നിയമിച്ച സഭാംഗങ്ങൾക്ക് കൈ വയ്പ് വീണ്ടും സ്വീകരിക്കേണ്ടി വന്നു. മിലീത്തിയോസ് നടത്തിയ പുരോഹിത അഭിഷേകങ്ങൾ അസുധുവാണെന്നും പ്രഖ്യാപിക്കപ്പെട്ടു. മിലീത്തിയോസ് നിയമിച്ച വൈദികർ ബിഷപ്പ് അലക്സാണ്ഡറുടെ സമ്മതമില്ലാതെ ഒന്നും ചെയ്യാൻ പാടില്ല എന്നും അലക്സാണ്ഡർ നിയമിച്ചവർക്ക് മുൻഗണന നൽകണമെന്നും കൽപ്പിച്ചു.[23]

ഒരു മിലീത്തിയൻ ഇതര ബിഷപ്പോ പുരോഹിതനോ മരണപ്പെട്ടാൽ, ഒരു മിലീത്തിയൻ അതിന് യോഗ്യനും, ജനസമ്മതി ഉള്ളവനും ആണെങ്കിൽ, ഒഴിവുള്ള ഭദ്രാസനം അയാൾക്ക് അലക്സാണ്ഡറുടെ അംഗീകാരത്തോടെ നൽകാം എന്ന് സൂനഹദോസ് തീരുമാനിച്ചു. മിലീത്തിയോസിന്റെ എപ്പിസ്കോപ്പൽ അവകാശങ്ങളും പ്രത്യേകാധികാരങ്ങളും സൂനഹദോസ് എടുത്തുകളഞ്ഞു.

എന്നിരുന്നാലും, മിലീത്തിയൻ വിഭാഗത്തെ അനുനയിപ്പിക്കാൻ ഉള്ള സൂനഹദോസിന്റെ ഈ നടപടികൾ വൃഥാവിലായി. മിലീത്തിയർ ആറിയരും ആയി ചേരുകയും, അലക്ഷാണ്ഡ്രിയയിൽ അത്തനാസിയോസിൻ്റെ ഏറ്റവും കടുത്ത ശത്രുക്കൾ എന്നനിലയിൽ, എന്നത്തേക്കാളും കൂടുതൽ ഭിന്നത ഉണ്ടാക്കുകയും ചെയ്തു. അഞ്ചാം നൂറ്റാണ്ടിൻ്റെ മധ്യത്തോടെയാണ് മിലീത്തിയർ ഒടുവിൽ ഇല്ലാതായത്.

കാനോനകൾ വിളംബരം ചെയ്യുന്നു

[തിരുത്തുക]

നിഖ്യാ സൂനഹദോസ് സഭാപരമായ അച്ചടക്കത്തിനായി ഇരുപത് പുതിയ കാനോൻ നിയമങ്ങൾ അഥവാ സഭാ നിയമങ്ങൾ പ്രഖ്യാപിച്ചു (കൃത്യമായ എണ്ണം തർക്ക വിധേയമാണെങ്കിലും). നിഖ്യൻ, നിഖ്യാന്തര പിതാക്കന്മാരുടെ കൃതികളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഇരുപത് കാനോനകൾ താഴെ പറയുന്നവയാണ്:[24]

  1. പുരോഹിതന്മാരുടെ സ്വയം-വന്ധീകരണത്തിനുള്ള നിരോധനം
  2. മാമ്മോദീസാവത്ഥികൾക്ക് ഏറ്റവും കുറഞ്ഞ ഒരുക്കകാലം തീരുമാനിക്കുന്നു.
  3. ബ്രഹ്മചര്യ വൃതങ്ങൾ ഏറ്റെടുത്ത പുരുഷനും സ്ത്രീയും നിയമാനുസൃതമല്ലാത്തതും വിരക്തവുമായ പങ്കാളിത്തത്തിൽ ഒരുമിച്ച് ജീവിക്കുന്നതിന് വിലക്ക് ("വിർജിൻസ് സബ്ഇൻട്രോഡക്‌റ്റേ" എന്ന് വിളിക്കപ്പെട്ട ഇത്തരക്കാർ സൈനിസാക്റ്റിസം പരിശീലിച്ചിരുന്നു)
  4. ഒരു ബിഷപ്പിൻ്റെ അഭിഷേകത്തിന് മെത്രാപ്പോലീത്തയുടെ സ്ഥിരീകരണവും[13] പ്രവിശ്യയിലെ കുറഞ്ഞത് മൂന്ന് ബിഷപ്പുമാരുടെ സാന്നിധ്യവും ആവശ്യമാണ്.
  5. രണ്ട് പ്രവിശ്യാ സൂനഹദോസുകൾ വർഷം തോറും നടത്താനുള്ള വ്യവസ്ഥ
  6. അലക്സാണ്ട്രിയയിലെ ബിഷപ്പിന് ഈജിപ്ത്, ലിബിയ, പെന്റാപോലീസ് എന്നിവിടങ്ങളിൽ, റോമിലെ ബിഷപ്പിന് തൻറെ പ്രവിശ്യയിൽ ഉള്ളതുപോലെയുള്ള, വലിയ പ്രദേശങ്ങളുടെ അധികാരപരിധി അനുവദിക്കുന്നു. അന്ത്യോഖ്യയിലെ ബിഷപ്പിന് കിഴക്കൻ പ്രവിശ്യയിലെ അവശേഷിക്കുന്ന മേഖലകളിൽ മുമ്പേ അംഗീകരിക്കപ്പെട്ടിട്ടുള്ള സമാനമായ അധികാരങ്ങളുടെ സ്ഥിരീകരണം.
  7. യെറുസലേം ഭദ്രാസനത്തിനുള്ള പ്രത്യേക ബഹുമാനാവകാശങ്ങൾക്കുള്ള അംഗീകാരം
  8. ആദ്യകാല വിഭാഗമായ നോവേഷ്യനിസ്റ്റുകളുമായി ഉടമ്പടിക്കുള്ള വ്യവസ്ഥ
  9. മതിയായ പരിശോധന കൂടാതെ നിയമിക്കപ്പെട്ട മൂപ്പന്മാരെ അംഗീകരിക്കാൻ പാടില്ല
  10. അധഃപതിച്ചവരും തിരിച്ചുവരാത്തവരും ആയ മൂപ്പന്മാരെ മഹറോൻ ചെയ്യണം
  11. നിർബന്ധം കൂടാതെ അധഃപതിച്ചവർക്ക്, അവർ അത് അർഹിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞിട്ടും, മാപ്പ് അനുവദിച്ചു.
  12. സൈന്യം വിട്ടുപോയെങ്കിലും പിന്നീട് അവരുടെ സൈനിക സ്ഥാനത്തേക്ക് തിരിച്ചുകയറാൻ ശ്രമിച്ചവരെ മഹറോൻ ചെയ്യണം; അവരുടെ മാനസാന്തരത്തിൻ്റെ ആത്മാർത്ഥതയെ ആശ്രയിച്ച്, അവരെ പഴയ കൂട്ടായ്മയിലേക്ക് തിരികെ കൊണ്ടുവരാം
  13. പ്രായശ്ചിത്തം നിറവേറ്റുന്നവർക്ക് അവർ മരണാസന്നർ ആണെങ്കിൽ ദിവ്യബലി സ്വീകരിക്കാം, എന്നാൽ അവർ വീണ്ടും സുഖം പ്രാപിച്ചാൽ അവർ തങ്ങളുടെ പ്രായശ്ചിത്തം പൂർത്തിയാക്കണം.
  14. അധഃപതിച്ച മാമ്മോദീസാർത്ഥികൾ വീണ്ടും മാമ്മോദീസാർത്ഥികൾ ആകാൻ അനുവദിക്കുന്നതിന് മുമ്പ് കേൾവിക്കാരായി മൂന്നു വർഷം കാത്തിരിപ്പ് കാലം നിർദ്ദേശിക്കുന്നു.
  15. മേൽപ്പട്ടക്കാർ (ബിഷപ്പ്), വൈദികർ (പ്രസ്‌ബൈറ്റർ), ശെമ്മാശന്മാർ (ഡീക്കൻ) എന്നിവർ അയൽപട്ടണങ്ങളിൽ ശുശ്രൂഷ ചെയ്യാൻ അലഞ്ഞുതിരിയരുത്
  16. സ്വന്തം പള്ളിയിലേക്ക് മടങ്ങാൻ വിസമ്മതിച്ച പുരോഹിതരെ മഹറോൻ ചെയ്യുകയും അലഞ്ഞുതിരിയുന്ന ഈ പുരോഹിതന്മാരാൽ നിയമിക്കപ്പെട്ടവരുടെ നിയമനങ്ങൾ അസാധുവായി കണക്കാക്കുകയും വേണം
  17. പുരോഹിതന്മാർക്കിടയിൽ വട്ടിപ്പലിശ നിരോധനം
  18. ദിവ്യബലി (വിശുദ്ധ കുർബാന) സ്വീകരിക്കുന്നതിൽ ശെമ്മാശന്മാർക്ക് മുമ്പായി മേൽപ്പട്ടക്കാർക്കും, വൈദികർക്കും മുൻഗണന
  19. പോളിയൻ പാഷണ്ഡികൾ നടത്തിയ മാമ്മോദീസകൾ അസാധുവായി പ്രഖ്യാപിക്കുന്നു.
  20. ഞായറാഴ്ചകളിലും പെന്തക്കോസ്തി കാലത്തും (ഈസ്റ്റർ ദിനം മുതൽ ആരംഭിക്കുന്ന അമ്പത് ദിവസങ്ങൾ) മുട്ടുകുത്തുന്നതിനുള്ള നിരോധനം.

അവലംബം

[തിരുത്തുക]
  1. Carroll, Warren Hasty (1987). The Building of Christendom (in ഇംഗ്ലീഷ്). Christendom College Press. p. 11. ISBN 978-0-931888-24-3.
  2. Vallaud, Dominique (1995). Dictionnaire Historique (in ഫ്രഞ്ച്). Fayard. pp. 234–235, 678. ISBN 978-2-2135-9322-7.
  3. "Work info: NPNF2-14. The Seven Ecumenical Councils - Christian Classics Ethereal Library". p. 39. Retrieved 2023-03-13.
  4. "Philip Schaff: NPNF2-14. The Seven Ecumenical Councils - Christian Classics Ethereal Library". Retrieved 2023-03-13.
  5. "Work info: NPNF2-14. The Seven Ecumenical Councils - Christian Classics Ethereal Library". p. 44-94. Retrieved 2023-03-13.
  6. Leclercq, Henri (1911). "The First Council of Nicaea". The Catholic Encyclopedia. Vol. 11. New York: Robert Appleton Company.
  7. Hanson RPC, The Search for the Christian Doctrine of God: The Arian Controversy, 318-381. 1988, page 152
  8. 8.0 8.1 Kieckhefer 1989
  9. "The First Seven Ecumenical Councils – MOLL-Y – The Method of Loci Learning – York". Retrieved July 10, 2020.
  10. "Creed of Nicaea 325 – കൂടെ ഗ്രീക്ക്, ലാറ്റിൻ വാചകം ഇംഗ്ലീഷ് പരിഭാഷ". earlychurchtexts.com.
  11. Kelly 1978, Chapter 9
  12. Loyn 1991, പുറം. 240
  13. 13.0 13.1 Mirbt, Carl Theodor (1911). Chisholm, Hugh (ed.). Nicaea, Council of. Encyclopædia Britannica. Vol. 19 (11th ed.). Cambridge University Press. pp. 640–642.
  14. Schaff & Schaff 1910, Section 120.
  15. Lutz von Padberg 1998, പുറം. 26
  16. Anatolius, Book 7, Chapter 33.
  17. Chronicon Paschale.
  18. Panarion, Book 3, Chapter 1, Section 10.
  19. ക്രിസോസ്റ്റം, പുറം. 47.
  20. SEC, പുറം. 594.
  21. Panarion, അദ്ധ്യായം 3.
  22. Sozomen, ബുക്ക് 7, അധ്യായം 18.
  23. Leclercq 1911a
  24. Canons

സ്രോതസ്സുകൾ

[തിരുത്തുക]

പ്രാഥമിക സ്രോതസ്സുകൾ

[തിരുത്തുക]

Note: NPNF2 = Schaff, Philip; Wace, Henry (eds.), Nicene and Post-Nicene Fathers, Second Series, Christian Classics Ethereal Library, see also Nicene and Post-Nicene Fathers

ദ്വിതീയ സ്രോതസ്സുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒന്നാം_നിഖ്യാ_സൂനഹദോസ്&oldid=4119612" എന്ന താളിൽനിന്ന് ശേഖരിച്ചത്