Jump to content

സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് (410)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്സാനിദ് സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിൽ ക്രി. വ. 410ൽ സമ്മേളിച്ച ക്രൈസ്തവമത നേതൃസമ്മേളനമാണ് സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ് , മാർ ഇസഹാഖിന്റെ സൂനഹദോസ് എന്നും അറിയപ്പെടുന്നു. യാസ്ദെഗെർദ് ഒന്നാമൻ ചക്രവർത്തിയാണ് (ഭരണകാലം 399–421) സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയുടെ ഈ സൂനഹദോസ് വിളിച്ചുചേർത്തത്. ഈ സൂനഹദോസ് കിഴക്കിന്റെ സഭയുടെയും വിശാല ഏഷ്യയിലെ ക്രിസ്തുമതത്തിന്റെയും ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്.

സെലൂക്യാ-ക്ടെസിഫോൺ സൂനഹദോസ്
കാലഘട്ടംക്രി. വ. 410
അംഗീകരിക്കുന്നത്കിഴക്കിന്റെ സഭ
മുൻപത്തെ സൂനഹദോസ്
315ലെ സൂനഹദോസ്,
ഒന്നാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്
അടുത്ത സൂനഹദോസ്
മർകബ്താ സൂനഹദോസ് (424)
വിളിച്ചുചേർത്തത്യാസ്ദെഗെർദ് ഒന്നാമൻ ചക്രവർത്തി
അദ്ധ്യക്ഷൻഇസഹാഖ് കാതോലിക്കോസ്
ചർച്ചാവിഷയങ്ങൾനിഖ്യാ - കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസുകളുടെ തീരുമാനങ്ങൾ, സഭയുടെ ഭരണസംവിധാനം, വിവിധ കാനോൻ നിയമങ്ങൾ

റോമാ സാമ്രാജ്യത്തിൽ ക്രൈസ്തവ സഭയ്ക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചതോടെ, സസ്സാനിയൻ സാമ്രാജ്യത്തിൽ ക്രൈസ്തവർക്ക് എതിരെ മതപീഡനം ആരംഭിച്ചിരുന്നു. എന്നാൽ റോമാ സാമ്രാജ്യവുമായി സൗഹൃദ ബന്ധം സ്ഥാപിച്ച യാസ്ദെഗെർദ് ചക്രവർത്തി തന്റെ സാമ്രാജ്യത്തിലെ ക്രൈസ്തവർക്ക് മതസ്വാതന്ത്ര്യവും രാഷ്ട്രീയ അംഗീകാരവും നൽകാൻ തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് ഈ സൂനഹദോസ് വിളിച്ചുചേർക്കപ്പെട്ടത്. സസ്സാനിയൻ സാമ്രാജ്യ അതിർത്തിയോട് ചേർന്നുള്ള റോമൻ പട്ടണമായ മെയാപിർക്കട്ടിലെ ബിഷപ്പായിരുന്ന മാറൂഥയാണ് റോമാ ചക്രവർത്തി തിയഡോഷ്യസ് രണ്ടാമന്റെ പ്രതിനിധിയായി ഈ നീക്കത്തിന് ചുക്കാൻ പിടിച്ചത്. 325ൽ റോമാ സാമ്രാജ്യത്തിൽ നടന്ന നിഖ്യാ സൂനഹദോസിന്റെ തീരുമാനങ്ങൾ സസ്സാനിദ് സാമ്രാജ്യത്തിലെ ക്രൈസ്തവ സഭയിൽ നടപ്പാക്കിയത് ഈ സൂനഹദോസാണ്. കിഴക്കിന്റെ സഭയ്ക്ക് സസ്സാനിദ് ചക്രവർത്തിയുടെ ഔദ്യോഗിക അംഗീകാരവും കേന്ദ്രീകൃത അധികാര സംവിധാനവും ക്രമീകരിക്കപ്പെടുന്നതിൽ ഈ സൂനഹദോസ് നിർണ്ണായക പങ്ക് വഹിച്ചു.[1] റോമാ ചക്രവർത്തി കോൺസ്റ്റന്റൈൻ ഒന്നാമന്റെ 313ലെ മിലാൻ വിളംബരത്തോട് ഈ സൂനഹദോസ് താരതമ്യം ചെയ്യപ്പെടാറുണ്ട്.[2][3] എന്നിരുന്നാലും സസ്സാനിദ് സാമ്രാജ്യത്തിൽ സൊറോസ്ട്രിയൻ മതത്തിന്റെ ഔദ്യോഗിക പദവി നിലനിർത്തപ്പെട്ടു. സൊറോസ്ട്രിയൻ മതത്തിൽ നിന്ന് മതം മാറുന്നത് സാമ്രാജ്യത്തിൽ വധശിക്ഷയ്ക്ക് അർഹമായ കുറ്റമായി തുടർന്നു.[4]

നടപടികൾ

[തിരുത്തുക]

സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്ത ആയിരുന്ന മാർ ഇസഹാഖിന്റെ അധ്യക്ഷതയിൽ ചേർന്ന ഈ സൂനഹദോസ്, കിഴക്കിന്റെ സഭയെ വിവിധ മെത്രാപ്പോലീത്തൻ പ്രവിശ്യകളിൽ ക്രമീകരിച്ചു, ഓരോ പ്രവിശ്യയിലെയും ബിഷപ്പുമാർക്ക് നേതാവായി ഒരു മെത്രാപ്പോലീത്തയെ നിയോഗിച്ചു.

സൂനഹദോസിന്റെ നടപടികളിൽ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ സെലൂക്യാ-ക്ടെസിഫോണിലെ മെത്രാപ്പോലീത്തയെ വലിയ മെത്രാപ്പോലീത്ത എന്ന് അഭിസംബോധന ചെയ്യുന്നു. സഭ മുഴുവനിലും സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരുടെയും മേലും ഇദ്ദേഹത്തിന്റെ അധികാരം സ്ഥിരീകരിച്ചു. പിൽക്കാലത്ത് ഈ സ്ഥാനത്തിന് കാതോലിക്കോസ് എന്ന പേരും പാത്രിയർക്കീസ് എന്ന പേരും കൈവന്നു.

സാമ്രാജ്യത്തിന്റെ അതിർത്തിക്കുള്ളിലെ സഭയെ ആറ് ആന്തരിക പ്രവിശ്യകളായി വിഭജിച്ചു. സ്ഥാനക്രമത്തിൽ ഇവ താഴെപ്പറയുന്നവയാണ്:

  1. സെലൂക്യാ-ക്ടെസിഫോൺ, അസൂറിസ്ഥാൻ (ബേഥ് അരമായേ) മേഖലയിൽ
  2. ബേഥ് ലാപ്പത്, (ഹുസീസ്താൻ പ്രവിശ്യ)
  3. നിസിബിസ് (നുസയ്ബീൻ), വടക്ക് പടിഞ്ഞാറൻ മെസപ്പൊട്ടാമിയയിൽ
  4. പ്രാത് ദ് മയ്ശാൻ (ബസ്ര), തെക്കൻ മെസപ്പൊട്ടാമിയ മേഖല
  5. അർബേല (ഇർബിൽ), വടക്കൻ മെസപ്പൊട്ടാമിയ മേഖല
  6. കർക്കാ ദ് ബേഥ് സ്ലോഖ് (കിർകുക്ക്) വടക്ക് കിഴക്കൻ മെസപ്പൊട്ടാമിയ[5]

അവലംബം

[തിരുത്തുക]
  1. അറവക്കൽ, റോസ്ലിൻ (2014). The Historical Evolution of the Patriarchate In the Church of The East Over Its First Four National Synods. Asian Horizons.
  2. Baum, Wilhelm; Winkler, Dietmar W. (2003). The Church of the East: A Concise History. Routledge. pp. 7−14. ISBN 9781134430185.
  3. McDonough, Scott (2008). Potts, Daniel T. (ed.). A Second Constantine?: The Sasanian King Yazdgard in Christian History and Historiography. Journal of Late Antiquity. Johns Hopkins University Press. p. 128. doi:10.1353/jla.0.0000. S2CID 162392426.
  4. Wigram, William A. (1910). An introduction to the history of the Assyrian Church, or, The Church of the Sassanid Persian Empire, 100–640 A.D. New Jersey: Piscataway. ISBN 1-59333-103-7.
  5. Baum & Winkler (2003), പുറം. 15-16.