ദയതെസെറൻ
രണ്ടാം നൂറ്റാണ്ടിലെ(ക്രി.വ. 120-185) ക്രിസ്തീയ ലേഖകനും ദൈവശാസ്ത്രജ്ഞനുമായ അസീറിയാക്കാരൻ തേഷൻ രചിച്ച സുവിശേഷസമന്വയമാണ് ദയതെസെറൻ (Diatessaron). തേഷന്റെ ഏറ്റവും വിവാദപരവും ഈടുറ്റതുമായ ഈ കൃതി ക്രിസ്തീയ ബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ കാനോനിക സുവിശേഷങ്ങൾ നാലിലുമുള്ള യേശുചരിതത്തേയും യേശുവചനങ്ങളേയും സമന്വയിച്ചു പൊരുത്തപ്പെടുത്താൻ ശ്രമിക്കുന്നു. "ദയതെസെറൻ" എന്ന പേരിന് "(സുവിശേഷങ്ങൾ) നാലിലൂടെ" എന്നാണർത്ഥം. മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ എന്നിവരുടെ പേരിൽ അറിയപ്പെടുന്ന നാലു സുവിശേഷങ്ങളിലെ ആഖ്യാനങ്ങളെ സമന്വയിപ്പിച്ച് ക്രമപ്പെടുത്തി, തികവുറ്റതും പൊരുത്തക്കേടുകളില്ലാത്തതുമായ ഒരു യേശുചരിതം എഴുതാനാണ് ഈ കൃതിയിൽ തേഷൻ ഉദ്യമിച്ചത്. ഏറെ വിജയിച്ച ഈ സംരംഭം, പിൽക്കാലങ്ങളിൽ പല സുവിശേഷസമന്വയങ്ങൾക്കും മാതൃകയായി.[1]
ഉള്ളടക്കം
[തിരുത്തുക]ഒരേ സംഭവപരമ്പരകളുടെ വ്യതിരിക്ത അഖ്യാനങ്ങൾ എന്ന നിലയ്ക്ക് വ്യത്യസ്തത കാട്ടുന്ന സുവിശേഷങ്ങൾ, സാധാരണവായനയിൽ തോന്നിക്കുന്ന വൈരുദ്ധ്യങ്ങൾ പരിഹരിക്കാനാണ് തേഷൻ ശ്രമിച്ചത്. ഈ ശ്രമത്തിൽ, മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിലുള്ള യേശുവിന്റെ വംശാവലി അദ്ദേഹം തീർത്തും ഒഴിവാക്കി. നാലു സുവിശേഷങ്ങളുടേയും ഉള്ളടക്കത്തെ അടക്കാൻ കഴിയുമാറ്, സമാന്തരസുവിശേഷങ്ങളിലും യോഹന്നാന്റെ സുവിശേഷത്തിലും കാണുന്ന ചേർച്ചയില്ലാത്ത സംഭവക്രങ്ങൾക്കു പകരം തേഷൻ തന്റേതായി സംഭവക്രമം സൃഷ്ടിച്ചു. സമാന്തരസുവിശേഷങ്ങളിൽ കാണുന്ന പാഠഭാഗങ്ങളുടെ ആവർത്തനം അദ്ദേഹം ഒഴിവാക്കി. യോഹന്നാന്റെ സുവിശേഷത്തിൽ, ജനക്കൂട്ടം കല്ലെറിയാനൊരുങ്ങിയ പാപിനിയെ യേശു രക്ഷിക്കുന്ന ഭാഗം തേഷന്റെ സമന്വയത്തിൽ ഇല്ല. സമാന്തരസുവിശേഷങ്ങളിൽ ഇല്ലാത്ത ആ ഖണ്ഡം (Pericope Adulterae: യോഹന്നാൻ 7:53 - 8:11) യോഹന്നാന്റെ സുവിശേഷത്തിന്റെ പോലും പല പുരാതനപകർപ്പുകളിലും ഇല്ലായിരുന്നു[2] പാപിനിയുടെ ഖണ്ഡം ഉൾപ്പെടെ, കാനോനിക സുവിശേഷങ്ങളിലെ 56 വാക്യങ്ങൾ മാത്രമാണ് തേഷന്റെ സമന്വയത്തിൽ പ്രതിഫലിക്കാതിരിക്കുന്നത്. വലിപ്പത്തിൽ ദയതെസെറൻ, നാലു കാനോനിക സുവിശേഷങ്ങൾ ചേർന്നാലുള്ളതിന്റെ 72 ശതമാനം വരുന്നു.[3]
വിമർശനം
[തിരുത്തുക]എങ്കിലും തേഷന്റെ കൃതി കാലക്രമേണ, വ്യവസ്ഥാപിത ക്രിസ്തീയതയ്ക്ക് അസ്വീകാര്യമായി. കേസറിയായിലെ യൂസീബിയസ് തന്റെ സഭാചരിത്രത്തിൽ ആ കൃതിയെ ഇങ്ങനെ വിമർശിക്കുന്നു:-
“ | (യൂക്രേത്തീയരുടെ[൧]) പഴയ നേതാവ് തേഷൻ, നാലു സുവിശേഷങ്ങളേയും എങ്ങനെയോ കൂട്ടിയിണക്കി ഒരു മിശ്രരചന ഉണ്ടാക്കി അതിനെ 'ദയതെസെറൻ' എന്നു വിളിച്ചു. അതിന്റെ പകർപ്പുകൾ ചിലരുടെയൊക്കെ കൈവശം ഇപ്പോഴുമുണ്ട്. സുവിശേഷകന്മാരുടെ ചില പ്രയോഗങ്ങളെ, ശൈലീ പരിഷ്കരണത്തിന്റെ പേരിൽ അയാൾ മാറ്റിയെഴുതുകപോലും ചെയ്തതായി പറയപ്പെടുന്നു.[4] | ” |
പിൽക്കാലഗതി
[തിരുത്തുക]സുറിയാനി ഭാഷയിലെ ആദ്യത്തെ സുവിശേഷഭാഷ്യമായ ദയതെസെറണിന്റെ മൂലഭാഷതന്നെ സുറിയാനി ആയിരിക്കാം. സുറിയാനി സഭകളിൽ നൂറ്റാണ്ടുകളോളം കാനോനികസുവിശേഷങ്ങളുടെ അംഗീകൃതപാഠം ഇതായിരുന്നു. എന്നാൽ അഞ്ചാം നൂറ്റാണ്ടിൽ ബൈബിളിന്റെ സുറിയാനി പരിഭാഷയായ പെശീത്തയിലെ സുവിശേഷഭാഷ്യങ്ങൾ സ്വീകരിക്കാൻ സഭാനേതൃത്വം തീരുമാനിച്ചതിനെ തുടർന്ന്, സുറിയാനി "ദയതെസെറൻ" നഷ്ടപ്പെട്ടുപോയി. സുറിയാനിയിൽ ആ കൃതി ഇന്നു നിലവിലുള്ളത് മറ്റു രചനകളിലെ ഉദ്ധരണികളിൽ മാത്രമാണ്.[5]
കുറിപ്പുകൾ
[തിരുത്തുക]൧ ^ തീവ്രതാപസമാർഗ്ഗം പിന്തുടന്ന ഒരു സിറിയൻ ക്രിസ്തീയവിഭാഗമാണ് യൂക്രേത്തീയർ. യൂസീബിയസും മറ്റും തേഷനെ ആവിഭാഗത്തിന്റെ സ്ഥാപകനായി കരുതി.
അവലംബം
[തിരുത്തുക]- ↑ "brilliantly successful effort...." കേംബ്രിഡ്ജ് ബൈബിൾ സഹകാരി, പുറം 571
- ↑ "certainly not part of the original text," according to Cross, F. L., ed. The Oxford Dictionary of the Christian Church. New York: Oxford University Press. 2005, article Pericope adulterae.
- ↑ McFall, Leslie (1994). "Tatian's Diatessaron: Mischievous or Misleading?". Westminster Theological Journal 56: 87–114.
- ↑ കേസറിയായിലെ യൂസീബിയസ്, ക്രിസ്തു മുതൽ കോൺസ്റ്റന്റൈൻ വരെയുള്ള സഭാചരിത്രം 4:29
- ↑ ഓക്സ്ഫോർഡ് ബൈബിൾ സഹകാരിയിൽ, ബൈബിൾ പരിഭാഷകളെക്കുറിച്ചുള്ള ലേഖനം (പുറം 753)