വരക്കൽ മുല്ലക്കോയ തങ്ങൾ
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(മേയ് 2017) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. |
ഇസ്ലാമിക പണ്ഡിതൻ സയ്യിദ് അബ്ദു റഹ്മാൻ ബിൻ മുഹമ്മദ് | |
---|---|
പൂർണ്ണ നാമം | വരക്കൽ മുല്ലക്കോയ തങ്ങൾ |
ജനനം | എ.ഡി 1840 |
മരണം | എ.ഡി 1932 |
Ethnicity | അറബ് |
കാലഘട്ടം | ബ്രിട്ടീഷ് ഇന്ത്യ |
Region | മലബാർ ,മുസ്ലിം ലോകം |
വിഭാഗം | ശാഫിഈ, അശ്അരി , ഖാദിരിയ്യ |
പ്രധാന താല്പര്യങ്ങൾ | തത്വചിന്ത |
ശ്രദ്ധേയമായ ആശയങ്ങൾ | സമസ്ത കേരള ജംഇയ്യത്തുൽ ഉലമ |
സൃഷ്ടികൾ | ' |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
കേരളത്തിൽ ജീവിച്ചിരുന്ന ഇസ്ലാം മതപണ്ഡിതനും ഖാദിരിയ്യ,ബാ അലവിയ്യ സൂഫി സരണിയിലെ ഗുരുവും ആണ് വരക്കൽ മുല്ലക്കോയ തങ്ങൾ എന്നറിയപ്പെടുന്ന സയ്യിദ് അബ്ദു റഹ്മാൻ ബിൻ മുഹമ്മദ്(സയ്യിദ് അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് ബിൻ അഹമ്മദ് ബിൻ അലവി മുല്ലക്കോയ)[1][2] . പാരമ്പര്യ മുസ്ലിങ്ങളുടെ കൂട്ടായ്മയായ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ എന്ന സംഘടനയുടെ സ്ഥാപകനാണ് വരക്കൽ മുല്ലക്കോയ തങ്ങൾ.[3]
ജീവിത രേഖ
[തിരുത്തുക]പുതിയങ്ങാടി വലിയ മാളിയക്കൽ തറവാട്ടിൽ ക്രി മു: 1840 ലാണ് വരക്കൽ മുല്ലക്കോയ തങ്ങളുടെ ജനനം. സയ്യിദ് മുഹമ്മദ് , മരക്കാരകത്ത് ശരീഫ ചെറിയ ബീവി എന്നിവരാണ് ഇദ്ദേഹത്തിന്റെ മാതാ പിതാക്കൾ . ഹളറൽ മൗത്തിൽ നിന്ന് ഇസ്ലാമിക പ്രബോധനത്തിനായി വന്ന പണ്ഡിതനും ഖാദിരിയ്യ സ്വൂഫിവര്യനുമായ സയ്യിദ് ഹാമിദ് അലി ബാഅലവി ഇദ്ദേഹത്തിൻറെ പിതാമഹനാണ്.[4] ജന്മി,ആത്മീയ ജ്ഞാനികളുടെ കുടുംബമെന്ന പേരിലും , പണ്ഡിത ആത്മീയ ജ്ഞാനികളുടെ ആധിക്യം കൊണ്ടും , നിരവധി അമൂല്യ ഗ്രന്ഥ ശേഖരത്താലും വലിയ മാളിക തറവാട് അക്കാലത്തു പ്രസിദ്ധി നേടിയിരുന്നു.
പിതാവിൽ നിന്നും ബന്ധു ജനങ്ങളിൽ പെട്ട പണ്ഡിതന്മാരിൽ നിന്നുമായിരുന്നു വരക്കൽ മുല്ലക്കോയയുടെ പ്രാഥമിക പഠനം . ശേഷം വേദ പാരായണ ശാസ്ത്രം , കർമ്മ ശാസ്ത്രം , ആത്മീയ ശാസ്ത്രം എന്നിവയിൽ കിൻസിങ്ങാൻറകത് അബൂബക്കർ കുഞ്ഞിഖാസി, സയ്യിദ് അലി അത്താസ് അൽ മദീന ,അബുദുല്ലാഹിൽ മഗ്രിബി അൽ യെമൻ എന്നീ പ്രമുഖ പണ്ഡിതന്മാരിൽ നിന്നും വിദ്യ നുകർന്നതിന് ശേഷം സ്വദേശത്തു തിരിച്ചു വന്നു മതാധ്യാപകനായി ജോലി നോക്കി.അറബി, ഉറുദു, പാഴ്സി , ഭാഷകളിലുള്ള പ്രാവീണ്യം അറക്കൽ രാജവംശ ത്തിൻറെ മതകാര്യ ഉപദേശി എന്ന നിലയിൽ നിന്നും മാറി വിദേശ വിഭാഗ തലവനായി നിയമിതനാകുന്നതിൽ കൊണ്ട് ചെന്നെത്തിച്ചു. തുർക്കി, യെമൻ ,ശാം , പേർഷ്യൻ ,നൈസാം , ഫ്രഞ്ച് ,ബ്രിട്ടീഷ് ഭരണാധികാരികളുമായി നയതന്ത്ര സൗഹൃദ ബന്ധം സ്ഥാപിക്കാൻ ഈ ജോലി മുല്ല കോയയെ സഹായിച്ചു.
തത്വ ചിന്തകനെന്നതിലുപരി ബഹുഭാഷാ പണ്ഡിതൻ കൂടിയായിരുന്നു ഇദ്ദേഹം. പരമ്പരാഗതമായി കൈമാറിവന്നതും, സ്വരൂപിച്ചതുമായ നിരവധി ഭാഷകളിലുള്ള ഒട്ടനേകം ബൃഹത്ത് ഗ്രന്ഥങ്ങൾ വരക്കൽ ഗ്രന്ഥശാലയിൽ ഉണ്ടായിരുന്നു. ഇക്കാരണത്താൽ മലബാർ കളക്ടർ വില്യം ലോഗൻ മലബാർ മാന്വൽ രചന കാലത്തു വിവര ലഭ്യതയ്ക്കും ,തുഹ്ഫത്തുൽ മുജാഹിദീൻ അടക്കമുള്ള അറബ് ചരിത്ര ഗ്രന്ഥങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കാനും മുല്ലക്കോയ തങ്ങളെ സമീപിച്ചിരുന്നു . തങ്ങൾ മലബാർ മാന്വൽ രചനയ്ക്കായി ലോഗനെ സഹായിക്കുകയും ഈ ബന്ധം സൗഹൃദമായി പിന്നീട് മാറുകയുമുണ്ടായി.[5] എന്നാൽ മുല്ലക്കോയയുമായുള്ള സൗഹൃദം വില്യം ലോഗന് വിനയായി മാറുകയാണുണ്ടായത്. മാപ്പിള ലഹളകൾക്ക് പിറകിലുള്ള യഥാർത്ഥ കാരണങ്ങൾ ജന്മിമാരുടെ ക്രൂര നിയമങ്ങളും ബ്രിട്ടീഷ് സർക്കാർ കാട്ടുന്ന പകപോക്കലുകളുമാണെന്ന വില്യം ലോഗൻറെ നിഗമനങ്ങൾ അധികാര കേന്ദ്രങ്ങളെ ചൊടിപ്പിച്ചു അതോടെ അദ്ദേഹം സ്ഥലം മാറ്റപ്പെടുകയും തരം താഴ്ത്തപ്പെടുകയും ചെയ്തു
ഇരുപതാം നൂറ്റാണ്ടിൽ യാഥാസ്ഥിക മുസ്ലിങ്ങളും, പണ്ഡിതരും ബ്രിട്ടീഷ് സർക്കാരിനെതിരെ മലബാറിൽ കലാപങ്ങൾ സംഘടിപ്പിക്കുന്ന സന്ദർഭത്തിലായിരുന്നിട്ടു പോലും ബ്രിട്ടീഷ് സർക്കാരുമായി ഒരേറ്റു മുട്ടൽ പാത വരക്കൽ മുല്ല കോയ സ്വീകരിച്ചിരുന്നതായി കാണ്മാനില്ല. എന്നാൽ സൗഹൃദ ബന്ധം ഉണ്ടായിരുന്നു താനും.സർക്കാരിന് അദ്ദേഹം കൃത്യമായി നികുതികൾ അടച്ചിരുന്നു. വില്യം ലോഗൻറെ കാലത്ത് മുല്ലക്കോയയെ സർക്കാർ പലവട്ടം പ്രശംസിക്കുകയും ചെയ്തിട്ടുണ്ട് ഏറനാടിനെ അപേക്ഷിച്ചു കോഴിക്കോട്ടെ മാപ്പിളമാർ സമ്പന്നന്മാരും , ജന്മികളുമായിരുന്നു . ഒരു കുടിയാൻ - ജന്മി സർക്കാർ ഏറ്റുമുട്ടലുകൾ ദുർലഭമായേ കോഴിക്കോട് അരങ്ങേറിയിരുന്നുള്ളു[6]. വരക്കൽ മുല്ലക്കോയ ഒരു ജന്മി കുടുംബഅംഗമായിരുന്നു, അദ്ദേഹം അറക്കൽ ആലിരാജയുടെ ദർബാറിൽ ഉന്നത ഉദ്യോഗസ്ഥ്യം വഹിക്കുന്ന ആളുമായിരുന്നു. ഇത്തരം പാശ്ചാത്തലങ്ങൾ ആയിരിക്കണം ബ്രിട്ടീഷ് വിരുദ്ധ തട്ടിൽ നിന്നും മുല്ലക്കോയയെ മാറ്റി നിർത്താൻ കാരണമായത്.[7] വരക്കൽ മുല്ലക്കോയയും , മലബാർ കളക്ടറും തമ്മിലുള്ള സൗഹൃദത്തിന് മറ്റൊരു കാരണമായി പറയുന്നത് മുസ്ലിം ആത്മീയ നേതാക്കളെ സമ്മർദ്ദത്തിലാക്കാതെ വശത്താക്കുക എന്ന ബ്രിട്ടീഷ് നയമാണ്. അക്കാലത്തെ മുസ്ലിം പുണ്യ പുരുഷന്മാരായ ആത്മീയ ജ്ഞാനികളിൽ ഒരാളായിരുന്നു മുല്ലക്കോയ തങ്ങൾ, ദൂര ദിക്കുകളിൽ നിന്ന് പോലും തീർത്ഥാടകർ അദ്ദേഹത്തെ സന്ദർശിക്കാൻ വരാറുണ്ടായിരുന്നു . വരക്കൽ സ്റ്റേഷൻ എന്നാണ് ഇന്നത്തെ വെസ്റ്റ് ഹിൽ സ്റ്റേഷൻ അന്ന് അറിയപ്പെട്ടിരുന്നത്.[8]മലബാറിൽ ആത്മീയ പുരുഷന്മാരായ മുസ്ലിം പണ്ഡിതരെ പരമാവധി പ്രകോപിപ്പിക്കാതെയിരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം പ്രാവർത്തികമാക്കുന്ന നിലപാടായിരുന്നു അന്ന് സർക്കാർ കൈകൊണ്ടിരുന്നത്. മമ്പുറം സെയ്തലവിയെ അറസ്റ്റു ചെയ്യാതിരുന്നതും ,ഉമർഖാദിയെ അറസ്റ്റു ചെയ്തു വിട്ടയച്ചതും ഭൂരിഭാഗം ആത്മീയ നേതാക്കന്മാരെ മെക്കയിലേക്കു നാട് കടത്തിയതുമൊക്കെ ഈയൊരു നയ നിലപാടിൻറെ ഭാഗമായിട്ടായിരുന്നു. മുല്ലക്കോയയോട് സൗഹൃദം കാട്ടുവാൻ കളക്ടർക്ക് ഈ നിലപാടും പ്രചോദിതമായിരുന്നിരിക്കണം. വില്യം ലോഗന് ശേഷം അധികാരം ഏറ്റെടുത്ത കളക്ടർ വൈസ്രോയിയുടെ പ്രതേക അനുമതിയോടെ ഖാൻ ബഹാദൂർ പട്ടം മുല്ലക്കോയക്ക് വാഗ്ദാനം ചെയ്തു. മലബാറിലുടനീളം അനുയായികളുള്ള ദിവ്യൻ പ്രത്യക്ഷമായി ബ്രിട്ടീഷ് പട്ടം നേടിയാൽ ഗുണകരമായി മാറും എന്ന തിരിച്ചറിവായിരുന്നു ഇതിനു പിറകിൽ. വാഗ്ദാനം സ്വീകരിക്കാതെ നിങ്ങളുടെ മുൻ കളക്ടർ ലോഗൻ സായിപ്പിന് തുഹ്ഫത്തുൽ മുജാഹിദ്ദീൻ വിവർത്തനം ചെയ്തു കൊടുത്ത ആളാണ് ഞാനെന്ന കാര്യം മറക്കരുത് എന്ന് സരസമായി മറുപടി നൽകുകയായിരുന്നു കോയ ചെയ്തത് .
മലബാറിലെ കാർഷിക വിപ്ലവം പൊട്ടി പുറപ്പെടുന്ന സമയത്ത് വാർദ്ധക്യത്തിലേക്കു ചുവടുകൾ എടുത്തു വെച്ചിരുന്നു മുല്ലക്കോയ. മലബാർ ഖിലാഫത്ത് സഭ രൂപീകരണത്തിൻറെ ഭാഗമായി വരക്കൽ മുല്ലക്കോയയെ ഖിലാഫത് നേതാക്കൾ സന്ദർശിച്ചുവിരുന്നെങ്കിലും ഖിലാഫത്തിൽ ഏതെങ്കിലും ഒരു സ്ഥാനം വഹിക്കാൻ വിസമ്മതിക്കുകയാണ് തങ്ങൾ ചെയ്തത്. നേതൃത്വ പദവിൽ പ്രവാചക കുടുംബത്തിൽ പെട്ട ആളുകൾ വേണമെന്നും രാഷ്ട്രീയത്തിലുപരി മത കാര്യങ്ങളിലും ഖിലാഫത്ത് ഇടപെടണമെന്നുമുള്ള അദ്ദേഹത്തിൻറെ വാദങ്ങൾ ദേശീയ നേതാക്കൾ തള്ളിയതായിരുന്നു ഇതിനു കാരണം. പിന്നീട് ഈ കാര്യം പരിഗണിക്കാം എന്നുറപ്പു കിട്ടിയതിനാൽ 1920 നവംബറിൽ മുല്ലക്കോയയുടെ അധ്യക്ഷതയിൽ സഭാടൗണ് ഹാളില് ലോക്കൽ ഖിലാഫത്ത് കമ്മിറ്റി വിളിച്ചു കൂട്ടി.[9]എൺപത് വയസ്സായിരുന്നു അന്നദ്ദേഹത്തിൻറെ പ്രായം. ഖിലാഫത്ത് ചേരിയിലുള്ള മുല്ലക്കോയയെ നിരീക്ഷിക്കാൻ പോലീസ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയും ഗവർണർക്കു ഇത് സൂചിപ്പിച്ച സന്ദേശം കൈമാറുകയുമല്ലാതെ പ്രതികാര നടപടികളൊന്നും തന്നെ മലബാർ കളക്ടറിൽ നിന്നുമുണ്ടായില്ല .ഉയർന്ന ജന പിന്തുണയും , ആത്മീയ നേതാവെന്ന പരിഗണനയും കൊണ്ട് മുല്ലക്കോയയ്ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ വ്യാപകമായ ജനരോഷം വിളിച്ചു വരുത്തുമെന്ന് ഭയം വെള്ളക്കാർക്കുമുണ്ടായിരുന്നു. അറസ്റ്റുകൾക്കു പകരം കോഴിക്കോട്ടുള്ള മുസ്ലിം പ്രമാണിമാർക്ക് പ്രഭു പട്ടങ്ങൾ നൽകി ആദരിച്ചു പരമാവധി പ്രകോപനം സൃഷ്ട്ടിക്കാതെ സർക്കാർ അനുകൂല നിലപാടിലേക്ക് വിരുദ്ധരെ എത്തിക്കുക എന്ന നയതന്ത്ര ചാരുതയാണ് കളക്ടർ പ്രകടിപ്പിച്ചത്.
കർമ്മ രംഗം
[തിരുത്തുക]1921 ഇൽ എറനാട്ടിലും വള്ളുവ നാട്ടിലുമുണ്ടായ സർക്കാർ വിരുദ്ധ മാപ്പിള കലാപങ്ങൾ മുസ്ലിം പണ്ഡിതന്മാർക്കും ആത്മീയ നേതാക്കൾക്കും സൃഷ്ട്ടിച്ച സമ്മർദ്ദം ചെറുതായിരുന്നില്ല. മുസ്ലിം പണ്ഡിതന്മാരിലെയും സ്വൂഫികളിലെയും ബഹുഭൂരിഭാഗം പേരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. കലാപത്തിൻറെ ഭാഗമായി ലക്ഷ കണക്കിന് അനാഥകളും ,വിധവകളുമുണ്ടായി.ഓത്തു പള്ളികളും ദർസുകളും സർക്കാർ അടച്ചു പൂട്ടി. ശവ കുടീര സന്ദർശനങ്ങൾ (സിയാറത്ത്) , നേർച്ച ,റാതെബ് , ഖുത്ബിയ്യത് പോലുള്ള ആചാരങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. ഇതോടെ ബാഹ്യമായും ആന്തരികമായും സമ്മർദ്ദത്തിലായ മാപ്പിള നേതാക്കൾ വരക്കൽ മുല്ലക്കോയയുടെ നേതൃത്വത്തിൽ കളക്ടറെ കാണുകയും അനാഥ ശാലകൾ ആരംഭിക്കാനും, ദർസുകൾ തുറക്കാനുമുള്ള അനുമതികൾ വാങ്ങിയെടുക്കാൻ ശ്രമിച്ചെങ്കിലും ഫല പ്രഥമായില്ല. ഓത്തു പള്ളികളിൽ ശാസ്ത്രീയ വിദ്യാഭ്യാസം നടപ്പിലാക്കണമെന്ന സർക്കാർ നിർദ്ദേശവും, സ്ത്രീ വിദ്യാഭ്യാസത്തിനുള്ള ആഹ്വാനവും മുല്ല കോയയും കൂട്ടരും അംഗീകരിച്ചുമില്ല.[10]. ആറ്റക്കോയ തങ്ങളുടെയും മുഹമ്മദ് ഖാളിയുടെയും നേതൃത്വത്തിലുള്ള യാഥാസ്ഥിതിക പണ്ഡിതരുടെ മാപ്പിള എമിലിയറേഷൻ കമ്മറ്റിക്കും റിലീഫ് നടത്താനുള്ള സമ്മതം അധികാരികൾ നൽകിയില്ല.[11] തുടർന്ന് കളക്ടർ തോമസ് നിരാകരിച്ച നിവേദനം മുഹമ്മദ് അബ്ദു റഹ്‌മാൻ സാഹിബ് മദിരാശിയിലെ ഹിന്ദു ,ബോംബയിലെ ക്രോണിക്കിൾ എന്നീ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് വൈസ്രോയിയുടെ അനുവാദത്തോടെ പഞ്ചാബിലെ ധനാഢ്യൻ ഖുസൂരി പ്രഥമ അനാഥശാലക്ക് കോഴിക്കോട് തുടക്കമിടുന്നത് [12]
സമസ്ത രൂപീകരണം
[തിരുത്തുക]ഖിലാഫത് സമരം 1921 മലബാർ കലാപമായി രൂപപ്പെട്ടു സായുധ കലാപത്തിലേക്ക് വഴുതി മാറിയപ്പോൾ സമാധാന പ്രിയരായ ഏതാനും മുസ്ലിം ബുദ്ധി ജീവികൾ ഏറ്റുമുട്ടലുകളിൽ നിന്നും ഒഴിഞ്ഞു മാറി കൊടുങ്ങലൂരിൽ വിശ്രമജീവിതം ആരംഭിച്ചിരുന്നു .[13] യാഥാസ്ഥിതിക അനാചാരങ്ങളിൽ മനം മടുത്ത ഇവർ ശ്രീനാരായണഗുരുവും കുമാരനാശാനെയും മാതൃകയാക്കി മുസ്ലിം സമൂഹത്തിലും നവോത്ഥാനം കൊണ്ട് വരാൻ ആഗ്രഹിച്ചു. 1922 ൽ രൂപീകൃതമായ സമ്പന്നന്മാരുടെ തർക്ക പരിഹാര വേദിയായ ഐക്യ സംഘത്തെ അവർ ഇതിനായി ഉപയോഗപ്പെടുത്തി.[14] തങ്ങളുടെ ആചാരങ്ങൾക്കെതിരെയുള്ള നവീന വാദികളുടെ വിമർശനങ്ങൾ പാരമ്പര്യ വാദികളെ ചൊടിപ്പിച്ചു. ഇതോടെ സ്വൂഫികളും , യാഥാസ്ഥിതിക പണ്ഡിതരും ജംഇയ്യത്തുൽ ഉലമ എന്ന സഭ യോഗം കൂടുകയും പരിഷ്കർത്താക്കളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിക്കുകയുമുണ്ടായി . എന്നാൽ തങ്ങൾ പാരമ്പര്യ ആചാരങ്ങൾക്കെതിരെയല്ല എന്ന് പരിഷ്കർത്താക്കൾ യാഥാസ്ഥിതിക പണ്ഡിതരെ കണ്ടു ബോധിപ്പിക്കുകയും [15] ഇതുസംബന്ധിച്ച നയരേഖ പ്രസിദ്ധീകരിക്കുകയും ചെയ്തതിനെ തുടർന്ന് യാഥാസ്ഥിതിക സഭാ പ്രവർത്തനങ്ങൾക്ക് തിരശ്ശീല വീണു.
മുല്ലക്കോയ അടക്കമുള്ള യാഥാസ്ഥിതികർ പിൻമാറിയതിനെ തുടർന്ന് പരിഷ് കർത്താക്കൾ സർക്കാരുമായി യോജിച്ചു മുസ്ലിങ്ങളെ സാമുദായികമായി ഉദ്ധരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു[16]. മുസ്ലിയാന്മാർക്കും മറ്റും ആധുനിക വിദ്യാഭ്യാസം നൽകാനുള്ള ശ്രമങ്ങളും, നേർച്ച ,ശവ കുടീര പ്രാർത്ഥനകൾ ,റാത്തീബ്, ഖുത്ബിയ്യത് പോലുള്ള യാഥാസ്ഥിതിക ആചാരങ്ങൾക്കെതിരെയുള്ള ശബ്ദമുയർത്തലും യാഥാസ്ഥിതികരെ അത്യന്തം പ്രകോപിപ്പിക്കുന്നവ ആയിരുന്നു.[17] 1924 ൽ കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ പരിഷ്കർത്താക്കൾ രംഗത്തിറങ്ങുകയും അറേബ്യയിലെ ഉത്പതിഷ്ണുവായ ഇബ്നു വഹാബിൻറെ ആശയങ്ങൾ പരസ്യമായി പ്രചരിപ്പിക്കാനും ആരംഭിച്ചതോടെ പാരമ്പര്യ വാദികളും , പരിഷ്കർത്താക്കളും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലുകൾക്കു വഴിയൊരുങ്ങി. [18] യാഥാസ്ഥിക ആചാരങ്ങൾക്കെതിരെയുള്ള കടന്നു കയറ്റം ബ്രിട്ടീഷുകാരുടെ തന്ത്രമായാണ് മുല്ല കോയ അടക്കമുള്ള യാഥാസ്ഥിതികർ നിരീക്ഷിച്ചത്. പരിഷ്കാരികൾ എതിർക്കുന്ന യാഥാസ്ഥിതിക ആചാരങ്ങൾക്ക് ബ്രിട്ടീഷുകാർ മുൻപേ നിരോധനമേർപ്പെടുത്തിയിരുന്നതും , ഭൗതിക വിദ്യാഭ്യാസവും ,മതേതര വിദ്യാഭ്യാസവും ഇരു കൂട്ടരും പ്രോത്സാഹിപ്പിക്കുന്നതും,അതിനായി യോജിച്ചു പ്രവർത്തിക്കുന്നതും ഇത്തരത്തിലുള്ള സംശയങ്ങൾ വളർത്താൻ പോന്നവയായിരുന്നു. [19]
ബ്രിട്ടീഷ് വിരുദ്ധ വിപ്ലവക്കാർ, ബ്രിട്ടീഷ് വിരുദ്ധ സമാധാന കാംഷികൾ, നിക്ഷ്പക്ഷർ, ബ്രിട്ടീഷ് അനുകൂലികൾ എന്നിങ്ങനെ രാഷ്ട്രീയ വീക്ഷണത്തിൽ നാല് വിഭാഗമായാണ് മലയാള മുസ്ലിം പുരോഹിതന്മാർ നിലകൊണ്ടിരുന്നത്. മലബാർ കലാപാനന്തരം സ്ഥിതി മാറി. ആചാരപരമായും അനുഷ്ടാന പരമായും യാഥാസ്ഥിതികരെ എതിർക്കുന്ന പുതിയ വിഭാഗം ഉടലെടുത്തു. ഇത് രാഷ്ട്രീയ വീക്ഷണങ്ങൾ മാറ്റിവെച്ചു യാഥാസ്ഥിക പുരോഹിതന്മാർ ഒരുമിക്കുവാനും അതിലൂടെ പുതിയ കൂട്ടായ്മയ്ക്ക് രൂപം നൽകുവാനും വഴി തെളിച്ചു. വരക്കൽ മുല്ലക്കോയയാണ് പാരമ്പര്യ വാദികൾക്ക് നേതൃത്വം നൽകിയിരുന്നത്.[20][21] 1925ൽ കോഴിക്കോട് കുറ്റിച്ചിറ ജുമാമസ്ജിദിൽ ചേർന്ന സമ്മേളനത്തിൽ കേരള ജംഇയ്യതുൽ ഉലമ പുനരുജ്ജീവിപ്പിക്കാൻ നോക്കിയെങ്കിലും പരിഷ്കർത്താക്കൾ ആ പേര് രജിസ്റ്റർ ചെയ്തതിനാൽ നിയമ നടപടികൾ ഭയന്ന് വരക്കൽ അബ്ദുറഹ്മാൻ മുല്ലക്കോയ തങ്ങൾ പ്രസിഡൻറ് ആയ് 1926 ഇൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ പുതിയ യാഥാസ്ഥിതിക പണ്ഡിത സഭ ജന്മമെടുത്തു.[22] പരിഷ്കരണ വാദികൾ വഹാബികളാണെന്നും ,ഇവർ മുൻപേ തന്നെ ബ്രിട്ടീഷ് ഏജന്റുമാരായിരുന്നുവെന്നും ,ബ്രിട്ടീഷുകാരുമായി ഗൂഢാലോചന നടത്തി കലാപമുണ്ടാക്കി യാഥാസ്ഥിക പണ്ഡിതരെയും ,മാപ്പിളമാരെയും കുരുതിക്കു കൊടുക്കുകയായിരുന്നുവെന്നും മുല്ല കോയ അടക്കമുള്ള പാരമ്പര്യവാദികൾ വിശ്വസിച്ചിരുന്നു. [23]
പരിഷ്കർത്താക്കളെ പോലെ തന്നെ കോൺഗ്രസിനെയും സംശയത്തോടെ ആയിരുന്നു മുല്ലക്കോയ വീക്ഷിച്ചിരുന്നത്. കൂടെ നിന്ന് പ്രോത്സാഹിപ്പിച്ചു ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ കൈ കഴുകി കോൺഗ്രസ് മുസ്ലിം യാഥാസ്ഥിതികരെ ചതിക്കുകയായിരുന്നു എന്നായിരുന്നു പാരമ്പര്യ വാദികളുടെ വിശ്വാസം. ഇത്തരത്തിലുള്ള സംശയങ്ങൾ വെച്ച് പുലർത്തിയിരുന്നതിനാൽ പരിഷ്കർത്താക്കളുമായോ , കോൺഗ്രെസ്സുമായോ സഹകരിക്കരുതെന്ന നിർദ്ദേശം മുല്ലക്കോയയും കൂട്ടരും അനുയായികൾക്ക് നൽകിയിരുന്നു.
സമസ്തയുടെ പല നേതാക്കളും മുൻ ഖിലാഫത്ത് സഭാ പ്രചാരകരായിരുന്നതിനാൽപാരമ്പര്യ വാദികളെ കലാപകാരികളായി കണ്ട ബ്രിട്ടീഷ് സർക്കാർ ആദ്യകാലത്തു സമസ്തയുടെ പല യോഗങ്ങൾക്കും അനുമതി നൽകിയിരുന്നില്ല. [24] നവോഥായകരുടെ അരങ്ങേറ്റത്തിന് ശേഷം യാഥാസ്ഥിതികർ ബ്രിട്ടീഷ് വിരോധത്തിൽ നിന്നും തെന്നി മാറി പരിഷ്കരണ വാദികളെയും കോൺഗ്രസ്സ് നയങ്ങളെയും എതിർക്കുകയും ബ്രിട്ടീഷ് രാജിനോട് കൂറ് പ്രഖ്യാപിക്കുകയും ചെയ്തതോടെ സർക്കാർ നിലപാട് മാറുകയായിരുന്നു.1[25]
1932 ൽ തൊണ്ണൂറ്റി രണ്ടാം വയസ്സിലാണ് മുല്ലക്കോയ തങ്ങൾ അന്തരിക്കുന്നത് .വരക്കൽ മഖാമിലാണ് ഖബറടക്കം ചെയ്തത് .കേരളത്തിലെ ഒരു
സന്ദർശക കേന്ദ്രമാണ് ഈ മഖാം.
പുറംകണ്ണികൾ
[തിരുത്തുക]- [കേരള മുസ്ലിം ഹിസ്റ്ററി കോൺഫ്രൻസ് പ്രബന്ധങ്ങൾ വരക്കൽ മുല്ലക്കോയ തങ്ങൾ / http://muslimheritage.in/innermore.php?arid=64 Archived 2017-09-19 at the Wayback Machine.]
അവലംബം
[തിരുത്തുക]- ↑ സമസ്ത: ചരിത്രത്തിന്റെ നാൾ വഴികൾ / അദ്ധ്യായം രണ്ട് / പി എ സാദിക്ക് ഫൈസി
- ↑ മലയാളത്തിലെ മഹാരഥൻമാർ- നെല്ലിക്കുത്ത് മുഹമ്മദലി , ഇർഷാദ് ബുക്ക് സ്റ്റാൾ, കോഴിക്കോട്
- ↑ U. Mohammed Educational Empowerment of Kerala Muslims: A Socio-historical ... 2007 -- Page 34
- ↑ സാദാത്തീങ്ങളുടെ പാരമ്പര്യം / സിറാജ് ദിനപത്രം / 2016/10/10
- ↑ വരക്കൽ മുല്ലക്കോയ തങ്ങൾ; പ്രസ്ഥാനം: ചരിത്രവഴി/2015 APR 16 /സുന്നി വോയ്‌സ്
- ↑ മലബാറിലെ ആദ്യ കാല മുസ്ലിം സമൂഹം / മലബാർ പൈതൃകവും പ്രതാപവും / മാതൃഭൂമി ബുക്സ് / പേജ് 103
- ↑ വരക്കൽ മുല്ലക്കോയ തങ്ങൾ-കേരള മുസ്ലിം ചരിത്ര സെമിനാർ പ്രബന്ധം -ഹബീബുറഹ്മാൻ ഇ എം
- ↑ വരക്കൽ മുല്ലക്കോയ തങ്ങൾ-കേരള മുസ്ലിം ചരിത്ര സെമിനാർ പ്രബന്ധം -ഹബീബുറഹ്മാൻ ഇ എം
- ↑ വരക്കൽ മുല്ലക്കോയ തങ്ങൾ-കേരള മുസ്ലിം ചരിത്ര സെമിനാർ പ്രബന്ധം -ഹബീബുറഹ്മാൻ ഇ എം
- ↑ മലബാർ പൈതൃകവും പ്രതാപവും / മാതൃഭൂമി ബുക്സ് / പേജ് 222
- ↑ മലബാർ കളക്ടർ ഇ എഫ് തോമസ് 1921-11 നമ്പർ ഓർഡിനൻസ് -അഞ്ചാം വകുപ്പ് -രണ്ടാം നമ്പർ കൽപന
- ↑ കോഴിക്കോട്ടെ മുസ്ലിങ്ങളുടെ ചരിത്രം - അദ്ധ്യായം 21
- ↑ കെഎം മൗലവി സാഹിബ്/ കെകെ മുഹമ്മദ് അബ്ദുല്കരീം, പേ 129-133.
- ↑ സമസ്തയും മാപ്പിളസ്വത്വവും/ കാസിം ഇരിക്കൂര് / മാധ്യമം ദിന പത്രം / 07/02/2016 /
- ↑ കേരള മുസ്ലിം ഡയറക്ടറി, പേ 473
- ↑ ഖിലാഫത്തിൽനിന്ന് നവസലഫിസത്തിലെത്തുമ്പോൾ/മാധ്യമം ദിനപത്രം/2016/oct/12/
- ↑ മലബാർ പൈതൃകവും പ്രതാപവും / മാതൃഭൂമി ബുക്സ് / പേജ് 223
- ↑ Journal of Kerala studies University of Kerala 1982 - Volume 9 - Page 86
- ↑ മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേജ് 76
- ↑ സംഘടനകളുടെ സുവർണകാലം/ഖിലാഫത്തിൽനിന്ന് നവസലഫിസത്തിലെത്തുമ്പോള്/12/10/2016
- ↑ മുസ്ലിം നവോത്ഥാനത്തിൻറെ കേരള വിശേഷങ്ങൾ/ 2017 / 2017 MAR 01 /സുന്നിവോയ്സ്
- ↑ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഴിയും വർത്തമാനവും/പ്രബോധനം വാരിക /പുസ്തകം 68 ലക്കം 37
- ↑ ഈ നേര്ചിത്രങ്ങള് ആരുടെതാണ്/ March 10, 2017 / രിസാല കവർ സ്റ്റോറി
- ↑ 2014 / 2014 MAR 16 / ഉസ്മാനിയ ഖിലാഫത്ത് പില്ക്കാനലത്തെ മതഭരണം/ സുന്നിവോയ്സ്
- ↑ 933 സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഫറോക്ക് പ്രമേയം ഖണ്‌ഡിക 2
,,