കേരള ജംഇയ്യത്തുൽ ഉലമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരള ജംഇയ്യത്തുൽ ഉലമ
രൂപീകരണം 10 മേയ് 1924 (1924-05-10)
Location
 • കേരള
മാതൃസംഘടന മുസ്ലിം ഐക്യസംഘം
Affiliations Islamism, ഇസ്‌ലാം

കേരളത്തിലെ ഒരു പണ്ഡിത സംഘടനയാണ് കേരള ജംഇയ്യത്തുൽ ഉലമ. 1924 മെയ് 10,11,12 ദിവസങ്ങളിൽ ആലുവയിൽ ചേർന്ന മുസ്‌ലിം ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് രൂപീകൃതമായി. മണപ്പാട് കുഞ്ഞഹമ്മദ് ഹാജി, ടി.കെ മുഹമ്മദ് മൗലവി, ഇ.കെ മൗലവി എന്നിവരാണ് സംഘടനയിലേക്ക് പണ്ഡിതന്മാരെ സംഘടിപ്പിച്ചത്. പ്രസ്തുതയോഗത്തിന്റെ അധ്യക്ഷനായി സർവ്വസമ്മതനായ പണ്ഡിതനും വെല്ലൂർ ബാഖിയാതുസ്സ്വാലിഹാത് പ്രിൻസിപ്പളുമായിരുന്ന അബ്ദുൽ ജബ്ബാർ ഹദ്‌റതിനെ തന്നെ ലഭിച്ചു. സ്വാതന്ത്ര്യ സമരസേനാനിയാ ഇ. മൊയ്തു മൗലവി പ്രമേയം അവതരിപ്പിച്ചു. പി. അബ്ദുൽ ഖാദർ മൗലവി പ്രസിഡന്റും സി. അബ്ദുല്ലക്കോയ തങ്ങൾ, കെ.കെ മുഹമ്മദ് കുട്ടി മൗലവി എന്നിവർ വൈസ് പ്രസിഡന്റുമാരുമായും സംഘടന രൂപീകൃതമായി. സെക്രട്ടറി സി.കെ മൊയ്തീൻ കുട്ടിയും ജോയിന്റ് സെക്രട്ടറി ഇ.കെ മൊയ്തുമൗലവിയുമായിരുന്നു. പി.പി ഉണ്ണി മൊയ്തീൻ കുട്ടി, പാലോട് മൂസക്കുട്ടി മൗലവി, കെ.എം. മൗലവി, പി.എ. അബ്ദുൽ ഖാദർ മൗലവി, ബി.വി. കൊയക്കുട്ടി തങ്ങൾ, സി.അബ്ദുല്ലക്കുട്ടി മൗലവി, പിലാശേരി കമ്മു മൗലവി തുടങ്ങിയവർ പ്രവർത്തക സമിതിയംഗങ്ങളായിരുന്നു. മുസ്‌ലിം ഐക്യസംഘത്തിന്റെ പണ്ഡിത നേതൃത്വം എന്ന നിലക്ക് രൂപം കൊണ്ടതാണെങ്കിലും പിന്നീട് ഐക്യസംഘം അപ്രസക്തമായി മാറുകയായിരുന്നു. സുവർണഘട്ടം (1935): കെ.എം. മൗലവി, എം.സി.സി അബ്ദുറഹ്മാൻ. [1]

1925 ൽ ജംഇയ്യത്തുൽ ഉലമയിൽ നിന്നും കേരള ജംഇയ്യത്തുൽ ഉലമ എന്ന പേരിൽ മറ്റൊരു വിഭാഗമായി ചില പണ്ഡിതന്മാർ പിരിഞ്ഞു. പാങ്ങിൽ അഹ്മദ് കുട്ടി മുസ്‌ലിയാരുടെയും വരക്കൽ മുല്ലക്കോയ തങ്ങളുടെയും നേതൃത്വത്തിലാണ് ഈ പിളർപ്പ്. 1926 ൽ ഇത് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എന്ന് പുനർനാമകരണം ചെയ്തു. 2002 ൽ കേരള നദ്‌വത്തുൽ മുജാഹിദീനിലെ പിളർപ്പിനെ തുടർന്ന് ഇംഇയ്യത്തുൽ ഉലമയും രണ്ടായി പിളർന്നു. [2][അവലംബം ആവശ്യമാണ്]

1950 ൽ കേരള നദ്‌വത്തുൽ മുജാഹിദീന്റ രൂപീകരണത്തിലേക്ക് നയിച്ചത് ജംഇയ്യത്തുൽ ഉലമയുടെ ഇസ്‌ലാഹി പ്രവർത്തനങ്ങളായിരുന്നു. അതോടെ സംഘടനയുടെ ദൗത്യം കേരള നദ്‌വത്തുൽ മുജാഹിദിന് മാർഗ ദർശനം നൽകുന്നതിൽ പരിമിതമായി. ജമാഅത്തെ ഇസ്‌ലാമി അമീറായിരുന്ന കെ.സി. അബ്ദുല്ല മൗലവി സംഘടനയിലെ പ്രമുഖ പണ്ഡിതരിലൊരാളായിരുന്നു. നിർവ്വാഹക സമിതിയിൽ അംഗമായിരുന്ന അദ്ദേഹവും വി.കെ. ഇസ്സുദ്ദീൻ മൗലവിയും 1947 ൽ രാജിവെച്ചു. ഇവരോടൊപ്പം ജംഇയ്യത്തുൽ ഉലമാ സെക്രട്ടറിയായ ഇ.കെ മൗലവി, വി.പി. മുഹമ്മദ് മൗലവി, കെ.കെ. ജലാലുദ്ദീൻ മൗലവി എന്നിവരും രാജി വെച്ചിരുന്നു. 1947 ജൂലൈ ഒന്നിന് സംഘടനയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളേജ് സ്ഥാപിതമായി.

നേതൃത്വം[തിരുത്തുക]

 1. പി. അബ്ദുൽ ഖാദർ മൗലവി (1924-1933)
 2. . എൻ. മമ്മു മൗലവി (1933-1934)
 3. . സയ്യിദ് അബ്ദുൽ വഹാബ് ബുഖാരി (1934-1935)
 4. . കെ. എം. മൗലവി (1935-1950)
 5. . മങ്കട ഉണ്ണീൻ മൗലവി (1950-1953)
 6. . വി. പി. ഉണ്ണിമൊയ്തീൻ കുട്ടി മൗലവി (1953-1971)
 7. . എം. ശൈഖ് മുഹമ്മദ് മൗലവി ഉഗ്രപുരം (1971-1977)
 8. . കെ. ഉമർ മൗലവി (1977-1979)
 9. . പി. സെയ്ദു മൗലവി
 10. . കെ.എൻ. ഇബ്രാഹി മൗലവി

പ്രഥമ പ്രവർത്തനലക്ഷ്യങ്ങൾ[തിരുത്തുക]

1. ഭിന്നിച്ചു നിൽക്കുന്ന പണ്ഡിതന്മാർക്കിടയിൽ ഐക്യമുണ്ടാക്കുക. 2. മുസ്‌ലിം സമുദായത്തിലെ പ്രശ്‌നങ്ങൾ തീർപ്പാക്കുക 3. ഫത്‌വ ബോർഡ് രൂപീകരിക്കുക 4. അനിസ്‌ലാമിക ദുരാചാരം ഒഴിവാക്കുക 5. മറ്റ് ഉചിതമായ മതപ്രവർത്തനങ്ങൾ നടത്തുക

അവലംബം[തിരുത്തുക]

 1. ഇസ്ലാമിക വിജ്ഞാനകോശം, ഐ.പി.എച്ച് 8-354
 2. ഇസ്ലാം-പ്രസ്ഥാനങ്ങളും ദർശനങ്ങളും, യുവതബുക്സ് വാള്യം 5 -392
"https://ml.wikipedia.org/w/index.php?title=കേരള_ജംഇയ്യത്തുൽ_ഉലമ&oldid=2397002" എന്ന താളിൽനിന്നു ശേഖരിച്ചത്