ഷാ വലീയുള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇസ്ലാമികപണ്ഡിതൻ
ഷാ വലീയുള്ള
ജനനം 1703 ഫെബ്രുവരി 21(1703-02-21) (1114 ഹിജ്ര)
ഡെൽഹി, മുഗൾ സാമ്രാജ്യം
മരണം 1762 ഓഗസ്റ്റ് 20(1762-08-20) (പ്രായം 59) (1176 ഹിജ്ര)
ഡെൽഹി
വിഭാഗം സുന്നി
സൃഷ്ടികൾ ഹുജ്ജാത് അള്ള അൽ-ബാലിഗ (ദൈവത്തിൽ നിന്നുള്ള തീർച്ചയായ വാദം)

പതിനെട്ടാം നൂറ്റാണ്ടിൽ ഡെൽഹിയിൽ ജീവിച്ചിരുന്ന ഇസ്ലാമികപണ്ഡിതനായിരുന്നു ഷാ വലീയുള്ള എന്ന പേരിൽ പ്രശസ്തനായ ഖുതുബുദ്ദീൻ അഹ്മദ് ഇബ്ൻ അബ്ദുൽ റഹീം (അറബി: قطب الدین احمد ابن عبدالرحیم, ജീവിതകാലം: 1703 — 1762). ഡെൽഹിയിലെ മൗലിക ഇസ്ലാമികവാദചിന്തകളുടെ പിതാവായി അറിയപ്പെടുന്നു.[1]

അറേബ്യൻ വഹാബി ചിന്തകളുടെ സ്ഥാപകനായ ഇബ്നു അബ്ദുൽ വഹാബിന്റെ ജീവിതകാലത്തുതന്നെ, ഷാ വലീയുള്ള മദീനയിൽ പഠനത്തിനായിപ്പോയിരുന്നു. ഇവർ തമ്മിൽ കണ്ടുമുട്ടിയതായി തെളിവുകളൊന്നുമില്ലെങ്കിലും ഇരുവരുടെയും ചിന്തകൾ ഏറെക്കുറേ സമാനമാണ്. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ ഷാ വലീയുള്ള ഉടനേതന്നെ ഡെൽഹിയിൽ അപ്പോൾ പ്രചാരത്തിലിരുന്ന സൂഫി ഇസ്ലാമികജീവിതരീതികളോട് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. സൂഫി സന്യാസിമാരിലുടെയുള്ള ആരാധനയെ അദ്ദേഹം വിഗ്രഹാരാധനയുമായി സാമ്യപ്പെടുത്തി. ഹിന്ദു പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥയാത്ര, ഹിന്ദു ജ്യോതിഷികളിൽ നിന്ന് ഉപദേശം വാങ്ങൽ, ആഭരണങ്ങളണിയാനായി സ്ത്രീകളുടെ മൂക്ക് കുത്തൽ, ശവകുടീരങ്ങളിൽ ദീപം തെളിക്കൽ, വിശുദ്ധസ്ഥലങ്ങളിലെ സംഗീതാലാപനം, ഹിന്ദു ആഘോഷങ്ങളാചരിക്കൽ, ഇലയിൽ ഭക്ഷണം കഴിക്കൽ തുടങ്ങിയ ഹിന്ദുക്കളിൽ നിന്നും സ്വീകരിച്ച ശൈലികൾ മുസ്ലീങ്ങൾ ഉപേക്ഷിക്കണമെന്ന് അദ്ദേഹം പ്രചരിപ്പിച്ചു. ഖുറാനിക ഏകദൈവവിശ്വാസത്തിൽ മുറുകെപ്പിടിച്ച് പ്രാർത്ഥനകൾ ഇടനിലക്കാരനിലൂടെയല്ലാതെ ദൈവത്തിലേക്ക് നേരിട്ട് അർപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മതം.[1]

ഷാ വലീയുള്ളയുടെ പുത്രൻമാരും അദ്ദേഹത്തിന്റെ പാത പിന്തുടർന്നു. പ്രശസ്ത ഇസ്ലാമികചിന്തകനായ ഷാ അബ്ദുൽ അസീസ്, ഇദ്ദേഹത്തിന്റെ പുത്രൻമാരിൽ പ്രമുഖനാണ്.

മുസ്ലീങ്ങൾ ഖുറാനിലേക്കും ഹദീസുകളിലേക്കും തിരിച്ചുപോകണം എന്ന് ഉദ്ഘോഷിച്ച വലീയുള്ള, സാധാരണക്കാർക്ക് ഈ ഗ്രന്ഥങ്ങൾ മനസ്സിലാകുന്നതിനായി അവയെ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ മക്കൾ അത് പിന്നീട് ഉർദുവിലേക്കും പരിഭാഷപ്പെടുത്തി ദില്ലിയിൽ പ്രസിദ്ധീകരിച്ചു.[2]

അബ്ദുൽ വഹാബിനെപ്പോലെത്തന്നെ ഷാ വലീയുള്ളയും മുസ്ലീം ഭരണാധികാരികളിലെ മൂല്യശോഷണത്തെപ്പറ്റി പരാതിപ്പെടുകയും ഡെൽഹിയിലെ ജനങ്ങളോട് ആ വഴിയിൽ നിന്ന് മാറി നടക്കാൻ ആവശ്യപ്പെടുകയും ചെയ്തു. മുഗൾ ഭരണാധികാരികളോടുള്ള ഷാ വലീയുള്ളയുടെ എതിർപ്പ് ദൈവശാസ്ത്രപരവും രാഷ്ട്രീയപരവുമായിരുന്നു. പരമ്പരാഗതമായി മുഗൾ രാജാക്കൻമാർ ഹിന്ദു സ്ത്രീകളുമായുള്ള വിവാഹം പതിവാക്കിയിരുന്നു. ഇതുവഴി ഹിന്ദു ആശയങ്ങൾ മുഗൾ കൊട്ടാരങ്ങളിലേക്കും മുഗൾ രാജാക്കൻമാർ സൂഫി ഇസ്ലാമികശൈലിയോട് പ്രത്യേകിച്ച് ചിഷ്ടി സൂഫി സമൂഹത്തോട് കൂടുതൽ ആഭിമുഖ്യം കാണിക്കുകയും ചെയ്തു. ഇത്തരം ഉദാരരീതികളെ അവിശ്വാസികൾക്കു തുല്യമായിത്തന്നെയാണ് വലീയുള്ള കണ്ടിരുന്നത്.[2]

ഷാ വലീയുള്ള, മൗലികവാദത്തിലധിഷ്ഠിതമായ നക്ഷ്ബന്ദിയ വിഭാഗത്തിപ്പെട്ട ഒരു സൂഫിയായിരുന്നു. ചിഷ്ടി സൂഫി സമൂഹവും മറ്റും പിന്തുടർന്നുവന്ന രീതികളായ സൂഫി സന്യാസികളെ ആരാധിക്കൽ, സൂഫി ആശ്രമങ്ങളിലെ സംഗീതം അഥവാ ഖവ്വാലികൾ തുടങ്ങിയ ആചാരങ്ങളെ നക്ഷ്ബന്ദീയർ എതിർത്തിരുന്നു.[3]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലാസ്റ്റ് മുഗൾ[൧], താൾ: 76
  2. 2.0 2.1 ലാസ്റ്റ് മുഗൾ[൧], താൾ: 77
  3. ലാസ്റ്റ് മുഗൾ[൧], താൾ: 507

ഗ്രന്ഥങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷാ_വലീയുള്ള&oldid=2286294" എന്ന താളിൽനിന്നു ശേഖരിച്ചത്