ശൈഖ് അബ്ദുൽ ഖാദിർ ജീലാനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
അബ്ദുൽ ഖാദർ അൽ ജിലാനി
മതംIslam
Personal
ജനനം1077 CE (Common Era)
Amol, Iran
മരണം1166 CE
Baghdad, Iraq
Senior posting
TitleSheikh, Ghaus-e-Azam
Religious career
WorksAl-Ghunya li-talibi tariq al-haqq wa al-din, etc.

പ്രശസ്ത പേർഷ്യൻ സൂഫി പണ്ഡിതനും ഇസ്ലാമത പ്രബോധകനുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ഗീലാനി അഥവാ അബ്ദുൽ ഖാദർ അൽ ജിലാനി Abd(പേർഷ്യൻ: عبد القادر گیلانی,ഉർദു: عبد القادر آملی گیلانیolqāder Gilāni). (പേർഷ്യൻ: عبد القادر گیلانی Abdolɢāder Gilāni) (എ.ഡി.1077-1166) (ഹിജ്റ വർഷം:470–561 ). അബ്ദുൽ ഖാദിൽ അൽ ഗീലാനി ഇബ്നു സ്വാലിഹ് ഇബ്നു ജം‌ഗിദോസ്ത് എന്നാണ്‌ പൂർണ്ണനാമം. ഖാദിരി സൂഫിപരമ്പരയുടെ പ്രധാന കണ്ണിയായ ശൈഖ് ഗീലാനി, കാസ്പിയൻ കടലിന്റെ വടക്കുള്ള പേർഷ്യൻ (ഇറാൻ) പ്രവശ്യയായ ഗീലാൻ എന്ന പ്രദേശത്ത്, ഹിജ്റ 470 ,റമദാൻ ഒന്നിന്‌ ജനിച്ചു. പേർഷ്യൻ ഭാഷയിലുള്ള "گ" (ഗ-G) എന്ന അക്ഷരം അറബി ഭാഷയിലില്ലാത്തതിനാൽ കീലാനി എന്നും ജീലാനി എന്നും അറബിക് കൈയ്യെഴുത്തുപ്രതികളിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. ജുനൈദ് ബാഗ്ദാദിയുടെ ആത്മീയ പരമ്പരയിലാണ്‌ ഗീലാനി പെടുന്നത്. മുസ്‌ലിം ലോകത്ത് ശൈഖ് ജീലാനി നൽകിയ സംഭാവന,അദ്ദേഹത്തിന്‌ മുഹ്‌യുദ്ദീൻ (വിശ്വാസത്തെ പുനഃരുജ്ജീവിപ്പിച്ചവൻ) എന്ന അപരനാമത്തിലറിയപ്പെടാൻ കാരണമായി. അറബി മലയാള കൃതിയായ മുഹ്‌യുദ്ദീൻ മാല ശൈഖ് ഗീലാനിയെ പ്രകീർത്തിച്ചുകൊണ്ട് എഴുതപ്പെട്ട ഒരു കാവ്യസൃഷ്ടിയാണ്‌. വിശ്വസൌഹൃദത്തിനും ദാനധർമങ്ങൾക്കും ദിവ്യാനുഭൂതിക്കും പ്രാധാന്യം കല്പിക്കുന്ന അൽഖാദിരിയാ മാർഗ്ഗത്തിന്റെ സ്ഥാപകനും, പേർഷ്യയിലെ ജിലാൻ എന്ന പ്രദേശത്ത് എ.ഡി. 1077-ൽ ഇദ്ദേഹം ജനിച്ചു എന്നു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.

മതപ്രചാരകൻ[തിരുത്തുക]

18-ആമത്തെ വയസ്സിൽ മതപഠനത്തിനായി ബാഗ്ദാദിൽ എത്തി. തുടർന്ന് മരണംവരെ ഇദ്ദേഹത്തിന്റെ പ്രവർത്തനരംഗം ബാഗ്ദാദായിരുന്നു. ഒരു മതപ്രചാരകൻ എന്നനിലയിൽ ആദ്യമായി പൊതുരംഗത്തിറങ്ങിയത് അൻപതാമത്തെ വയസ്സിലായിരുന്നു. കലിമ തൗഹീദിന്റെ ബൈഅത്ത് നൽകിയ തന്റെ ആത്മീയ ഗുരുവായ ശൈഖ് അബൂ സയീദ് മുബാറക് അൽ മഖ്‌സൂമി(റ)വിന്റെ കീഴിലുണ്ടായിരുന്ന വിദ്യാലയം അബ്ദുൽഖാദർ ഏറ്റെടുത്തു. വിദഗ്ദ്ധനായ അധ്യാപകൻ എന്ന നിലയിൽ പ്രസിദ്ധനായി. മെസൊപ്പൊട്ടേമിയ, പേർഷ്യ, ഈജിപ്റ്റ് എന്നിവിടങ്ങളിൽ നിന്നും ധാരാളം ശിഷ്യന്മാർ ഇദ്ദേഹത്തിനുണ്ടായി. കൂടാതെ നിരവധി അന്യമതസ്ഥർ ഇസ്ലാം മതത്തിലേക്ക് ആകൃഷ്ടരാകുകയും ചെയ്തു. ഇദ്ദേഹം സ്ഥാപിച്ച അൽഖാദിരിയാ മാർഗ്ഗത്തിന് ഇസ്ലാം ലോകത്തിൽ വലിയ സ്ഥാനമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണശേഷം പുത്രന്മാരും പൌത്രന്മാരും ഈ മാർഗ്ഗത്തിന്റെ പ്രവർത്തനം തുടർന്നു നടത്തിവന്നു. ഈ മാർഗ്ഗത്തിന്റെ സ്വാധീനത ലോകത്തിന്റെ പലഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇന്ത്യയിൽ പലയിടത്തും അൽഖാദിരിയാമാർഗ്ഗം സ്വീകരിച്ചവരുണ്ട്.

അത്ഭുതസിദ്ധിയുടെ ഉടമ[തിരുത്തുക]

ജിലാനി ഒരു അത്ഭുത പുരുഷനായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇദ്ദേഹത്തിന്റെ ജ്ഞാനം, ആത്മീയശക്തി എന്നിവയെല്ലാം അമാനുഷികമാണെന്ന് വിശ്വസിക്കപ്പെടുന്നു. പല സിദ്ധികളുമുണ്ടായിരുന്ന ഇദ്ദേഹത്തെ ദുഷ്ടന്മാർ ഭയപ്പെട്ടിരുന്നു. ജലത്തിനു മുകളിൽകൂടി നടക്കുന്നതിനും വായുവിൽ സഞ്ചരിക്കുന്നതിനും ഉള്ള കഴിവുകൾ ഇദ്ദേഹത്തിന് ഉണ്ടായിരുന്നു എന്ന് ചിലർ വിശ്വസിക്കുന്നു. ദീനാനുകമ്പ, വിനയം, സൌമ്യത, സത്യം തുടങ്ങിയവയെ ഇദ്ദേഹം അങ്ങേയറ്റം പ്രായോഗികമാക്കിയിട്ടുണ്ട്.

സൂഫിമതസിദ്ധാന്തങ്ങൾ പ്രചാരത്തിലിരുന്ന കാലത്തായിരുന്നു ജിലാനി ജീവിച്ചിരുന്നത്. ഇദ്ദേഹം സുന്നികളുടെ ധാർമികവും സാമൂഹികവും ആയ കടമകളെക്കുറിച്ച് ഒരു ചെറുഗ്രന്ഥം രചിച്ചിട്ടുണ്ട്. ഗ്രന്ഥത്തിന്റെ അവസാനം സൂഫി ചിന്താഗതിയുടെ പ്രത്യേകതകളെക്കുറിച്ചും പ്രതിപാദിക്കുന്നു. കൂടാതെ മിസ്റ്റിസിസത്തെക്കുറിച്ചുള്ള കൃതികളും പ്രാർഥനാസമാഹാരങ്ങളും മതപ്രഭാഷണങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.

1166-ൽ ബാഗ്ദാദിൽവച്ച് ഇദ്ദേഹം നിര്യാതനായി. അബ്ദുൽഖാദർ ജിലാനിയുടെ ഖബർസ്ഥാനി ഒരു പുണ്യസ്ഥലമായി കരുതപ്പെടുന്നു. നിരവധി മുസ്ലിങ്ങൾ ഈ പുണ്യസ്ഥലം സന്ദർശിക്കാറുണ്ട്.

ഗ്രന്ഥങ്ങൾ[തിരുത്തുക]

  • അൽ ഗുൻ‌യ ലിത്വാലിബി അൽ ഹഖ് വ ദീൻ
  • അൽ ഫതഹു റബ്ബാനി
  • മൽഫൂസാത്ത്
  • ഫുതൂഹുൽ ഗൈബ്
  • ജലാ അൽ ഖാതിർ

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അബ്ദുൽ ഖാദർ അൽ-ജിലാനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.


"https://ml.wikipedia.org/w/index.php?title=ശൈഖ്_അബ്ദുൽ_ഖാദിർ_ജീലാനി&oldid=2459106" എന്ന താളിൽനിന്നു ശേഖരിച്ചത്