തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തൃശ്ശൂർ ജില്ലയിൽ ചേർപ്പ് ഗ്രാമപഞ്ചായത്തിൽ പെരുവനം ദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് തായംകുളങ്ങര സുബ്രഹ്മണ്യസ്വാമിക്ഷേത്രം. കേരള പഴനി എന്നറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ സുബ്രഹ്മണ്യസ്വാമിയെ പ്രതിഷ്ഠിച്ചത് ശങ്കരാചാര്യരാണെന്ന് വിശ്വാസം. ചിറ്റൂർ മന എന്ന ബ്രാഹ്മണകുടുംബത്തിന്റെ ഊരാണ്മക്ഷേത്രമായ ഇവിടെ ഉപദേവതകളായി ഗണപതി, അയ്യപ്പൻ, ശിവൻ, നവഗ്രഹങ്ങൾ, നാഗദൈവങ്ങൾ എന്നിവരും കുടികൊള്ളുന്നു. കൂടാതെ, ക്ഷേത്രത്തിന് നേരെ എതിരായി സുബ്രഹ്മണ്യസ്വാമിയുടെ കാവൽക്കാരനായ ഹിഡുംബൻ സ്വാമിയുടെ ക്ഷേത്രവുമുണ്ട്. ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം പ്രസിദ്ധമാണ്. ജില്ലയിൽ ഏറ്റവുമധികം കാവടികൾ വരുന്ന ഉത്സവങ്ങളിലൊന്നാണിത്. ഇതുകൂടാതെ എല്ലാ മലയാളമാസത്തിലെയും വെളുത്ത ഷഷ്ഠിയും വിശേഷമാണ്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ തെക്കുമാറി, ചേർപ്പ്-തൃപ്രയാർ റൂട്ടിൽ, പെരുവനം മഹാദേവ ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്താണ് തായംകുളങ്ങര ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഐതിഹ്യം[തിരുത്തുക]

പെരുവനം ദേശത്തെ ഏറ്റവും പ്രസിദ്ധ ക്ഷേത്രമായ ശ്രീ മഹാദേവക്ഷേത്രത്തോളം പഴക്കം തായംകുളങ്ങര ക്ഷേത്രത്തിനുമുണ്ടെന്നാണ് ഐതിഹ്യം. പുരു മഹർഷിയുടെ തപോവനമായിരുന്നു പെരുവനം എന്ന കഥ പ്രസിദ്ധമാണല്ലോ. അക്കാലത്താണ് ക്ഷേത്രസ്ഥാപനത്തിലേയ്ക്ക് നയിച്ച സംഭവങ്ങൾ ഉണ്ടാകുന്നത്. അവ ഇങ്ങനെപ്പോകുന്നു:

ഒരിയ്ക്കൽ, പുരു മഹർഷിയും ശിഷ്യന്മാരും പ്രസിദ്ധമായ പഴനി ബാലദണ്ഡായുധപാണി ക്ഷേത്രത്തിൽ ദർശനത്തിന് പോകുകയുണ്ടായി. പഴനിമലയിൽ ധ്യാനത്തിലിരുന്ന സമയത്ത് മഹർഷിയ്ക്ക് സുബ്രഹ്മണ്യസ്വാമിയുടെ ദർശനമുണ്ടായി. പെരുവനം ക്ഷേത്രത്തിനടുത്ത് കാണപ്പെടുന്ന ആൽമരങ്ങളെല്ലാം വിവിധ ഈശ്വരമൂർത്തികളാണെന്നും, ഒരു ശാപം കാരണമാണ് അവർ ആൽമരങ്ങളായതെന്നും ഉടനെ താൻ പെരുവനത്തെത്തുമെന്നും ഭഗവാൻ മഹർഷിയോട് പറഞ്ഞു. കുറച്ചുദിവസങ്ങൾക്കുശേഷം, പെരുവനം ക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്ത് മയിലിന്റെ പുറത്തേറി സുബ്രഹ്മണ്യസ്വാമി പ്രത്യക്ഷപ്പെട്ടു. ഭഗവാൻ തന്റെ കയ്യിലുള്ള വേലുകൊണ്ട് അടുത്തുള്ള ഒരു പറമ്പിൽ ശക്തിയായി കുത്തിയപ്പോൾ അവിടെനിന്ന് ശക്തി ജലപ്രവാഹമുണ്ടാകുകയും അവ ആൽമരങ്ങളെ തഴുകിക്കടന്നുപ്പോകുകയും അതുവഴി ദേവന്മാർക്ക് ശാപമോക്ഷം കിട്ടുകയും ചെയ്തു. ദേവന്മാർ സുബ്രഹ്മണ്യസ്വാമിയെ ഭക്തിപൂർവ്വം സ്തുതിച്ചശേഷം സ്വർഗ്ഗത്തിലേയ്ക്ക് മടങ്ങിപ്പോയി. ഭഗവാന്റെ വേൽ കൊണ്ട് ജലപ്രവാഹമുണ്ടായ സ്ഥലം പിന്നീടൊരു കുളമായി മാറി. അതാണ് ഇപ്പോൾ ക്ഷേത്രക്കുളമായി അറിയപ്പെടുന്നത്.

ഏറെക്കാലം കഴിഞ്ഞ് ഒരു ദിവസം, പെരുവനം ക്ഷേത്രത്തിൽ ഭജനമിരിയ്ക്കാനെത്തിയ ശങ്കരാചാര്യർക്ക്, വടക്കുപടിഞ്ഞാറുഭാഗത്ത് ശ്രീമുരുകന്റെ ശക്തമായ സാന്നിദ്ധ്യം അനുഭവപ്പെടുകയുണ്ടായി. തേജസ്സ് വരുന്ന ദിശയന്വേഷിച്ച അദ്ദേഹം, അടുത്തുള്ള കുളത്തിൽ പുരു മഹർഷി പൂജിച്ചിരുന്ന സുബ്രഹ്മണ്യവിഗ്രഹമുണ്ടെന്ന് മനസ്സിലാക്കുകയും അവിടെ നിന്ന് വീണ്ടെടുത്ത് കിഴക്കോട്ട് ദർശനമാക്കി പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. പഴനിയിലേതുപോലെ ഹിഡുംബന്നും അദ്ദേഹം ക്ഷേത്രം പണിതു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

പെരുവനം ഗ്രാമത്തിന്റെ ഒത്ത നടുക്ക്, പെരുവനം മഹാദേവക്ഷേത്രത്തിന്റെ വടക്കുപടിഞ്ഞാറുഭാഗത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. തൃശ്ശൂർ-ചേർപ്പ്-തൃപ്രയാർ ബസ് റൂട്ട് ക്ഷേത്രത്തിന് മുന്നിലൂടെ കടന്നുപോകുന്നു. പെരുവനം ബസ് സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ തന്നെ ക്ഷേത്രത്തിന്റെ പേരെഴുതിയ കവാടം കാണാം. റോഡിന്റെ കിഴക്കുഭാഗത്ത് ക്ഷേത്രത്തിലേയ്ക്ക് അഭിമുഖമായാണ് ഹിഡുംബൻ സ്വാമിയുടെ ക്ഷേത്രം. സുബ്രഹ്മണ്യസ്വാമിയുടെ ആശ്രിതനായ ഹിഡുംബൻ സ്വാമിയെ തൊഴുതിട്ടേ സുബ്രഹ്മണ്യസ്വാമിയെ തൊഴാവൂ എന്നാണ് ചിട്ട. പഴനി കഴിഞ്ഞാൽ ഹിഡുംബൻ സ്വാമിയ്ക്ക് ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം ഇതുമാത്രമാണ്. സുബ്രഹ്മണ്യസ്വാമിയ്ക്ക് നടത്തുന്ന എല്ലാ വഴിപാടുകളും ഹിഡുംബൻ സ്വാമിയ്ക്കും നടത്തപ്പെടുന്നു. തൈപ്പൂയത്തിന് കാവടികൾ പുറപ്പെടുന്നതും ഹിഡുംബക്ഷേത്രത്തിൽ നിന്നാണ്. ചേർപ്പ് പഞ്ചായത്ത് ഓഫീസ്, സസ്യാഹാര ഹോട്ടലുകൾ, വിവിധ കടകംബോളങ്ങൾ തുടങ്ങിയവ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിൽക്കുന്നു. ക്ഷേത്രത്തിന് നേരെമുന്നിൽ നിറയെ വീടുകളുണ്ട്. ഇവയിലധികവും ശാന്തിക്കാരുടേതും കഴകക്കാരുടേതുമാണ്. ക്ഷേത്രക്കുളം വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്നു. അതിവിശാലവും മനോഹരവുമാണ് ഈ കുളം. ഇത് വളരെ വൃത്തിയായി പരിപാലിച്ചുപോരുന്നുണ്ട്. കിഴക്കുഭാഗത്ത് ഇപ്പോൾ വലിപ്പമുള്ള ഒരു ഗോപുരമുണ്ട്. ഇത് 2016-ൽ പണികഴിപ്പിച്ചതാണ്.

അകത്തുകടന്നാൽ ആദ്യം എത്തിച്ചേരുന്നത് ആനക്കൊട്ടിലിലാണ്. ഏകദേശം മൂന്ന് ആനകളെ ഇവിടെ എഴുന്നള്ളിയ്ക്കാൻ സൗകര്യമുണ്ട്. വിവാഹം, ചോറൂൺ, ഭജന തുടങ്ങിയ കർമ്മങ്ങൾ ഇവിടെ വച്ചാണ് നടത്തപ്പെടുന്നത്. ആനക്കൊട്ടിലിനപ്പുറം ക്ഷേത്രകവാടത്തിന് മുകളിൽ സുബ്രഹ്മണ്യസ്വാമിയുടെ ഒരു രൂപവും അതിനടുത്ത് പഴനിമലയുടെ ഒരു ചിത്രവും വരച്ചുചേർത്തിട്ടുണ്ട്. ക്ഷേത്രത്തിൽ കൊടിയേറി ഉത്സവമില്ലാത്തതിനാൽ കൊടിമരമില്ല. തെക്കുഭാഗത്ത് വഴിപാട് കൗണ്ടറുകളുണ്ട്. പാലഭിഷേകം, പഞ്ചാമൃതം, ഇടിച്ചുപിഴിഞ്ഞ പായസം തുടങ്ങിയവയാണ് തായംകുളങ്ങരയപ്പന്റെ പ്രധാന വഴിപാടുകൾ. നാലമ്പലത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിനുമുന്നിൽ വലിയ ബലിക്കല്ല് സ്ഥിതിചെയ്യുന്നു. ശ്രീകോവിൽ ചെറുതായതിനാൽ ഇതിന് അധികം പൊക്കമില്ല.

മതിലകത്ത് തെക്കുകിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദർശനമായി അയ്യപ്പസ്വാമി പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നു. സുബ്രഹ്മണ്യസ്വാമിയ്ക്കുമുമ്പേ ഇവിടെ അയ്യപ്പസാന്നിദ്ധ്യമുണ്ടായിരുന്നതായി പറയപ്പെടുന്നു. ശബരിമലയിലെ വിഗ്രഹവുമായി രൂപസാദൃശ്യമുള്ള ഈ വിഗ്രഹത്തിന് ഏകദേശം രണ്ടടി ഉയരം വരും. ഈ ശ്രീകോവിലിനുമുന്നിൽ വച്ചാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതുമെല്ലാം. അയ്യപ്പനെ തൊഴുത് പ്രദക്ഷിണം തുടരുമ്പോൾ തെക്കുപടിഞ്ഞാറുഭാഗത്ത് അയ്യപ്പന് അഭിമുഖമായി നാഗദൈവങ്ങളുടെ പ്രതിഷ്ഠ കാണാം; ഒപ്പം 42 സ്ഥലങ്ങളിൽ നിന്നുള്ള ഭഗവതിമാരുടെയും ശാസ്താക്കന്മാരുടെയും പ്രതിഷ്ഠകളും. ഈ 42 ദേവതമാർ ഒരുകാലത്ത് ആറാട്ടുപുഴ പൂരത്തിലെ പങ്കാളികളായിരുന്നു. ഐതിഹ്യമനുസരിച്ച് ഒരിയ്ക്കൽ പൂരത്തിന് പോകാൻ കഴിയാതിരുന്ന ചിറ്റൂർ മനയിലെ ഒരു അന്തർജനത്തിന് ഭർത്താവും മഹാതാന്ത്രികനുമായ വലിയ നമ്പൂതിരി ഈ 42 ദേവതമാരെ കാണിച്ചുകൊടുക്കുകയും തുടർന്ന് അവരെ ആവാഹിച്ച് ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിയ്ക്കുകയുമായിരുന്നു. ഇപ്പോൾ ഇവർക്ക് പ്രത്യേകം പൂജകളുണ്ട്. ഇവർക്കൊപ്പം തന്നെയാണ് ശിവനെയും പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ശിവന് നിത്യേന ധാരയും ശംഖാഭിഷേകവും നടത്തിവരുന്നുണ്ട്.

ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് ഊട്ടുപുര പണിതിട്ടുണ്ട്. വളരെ ചെറിയൊരു ഊട്ടുപുരയാണിത്. ഈയടുത്ത കാലത്തുമാത്രം പണിത ഈ ഊട്ടുപുരയിൽ വിശേഷദിവസങ്ങളിൽ ഊട്ട് പതിവുണ്ട്. എല്ലാ മാസവും വെളുത്ത ഷഷ്ഠിദിവസം നടത്തിവരുന്ന ഷഷ്ഠി ഊട്ട് ഇവിടെ അതിവിശേഷമാണ്. വടക്കുകിഴക്കുഭാഗത്താണ് നവഗ്രഹങ്ങളുടെ ശ്രീകോവിൽ പണിതിരിയ്ക്കുന്നത്. വൃത്താകൃതിയിലുള്ള ഒരു ഒറ്റക്കല്ലിൽ പരസ്പരാഭിമുഖമല്ലാതെയാണ് നവഗ്രഹങ്ങളെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. ധ്യാനശ്ലോകത്തിൽ പറയുന്നതുപ്രകാരമുള്ള നവഗ്രഹരൂപങ്ങൾ ഇവിടെ കാണാം. നടുക്ക് സൂര്യനും കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് കുജനും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് ഗുരുവും വടക്കുകിഴക്ക് ബുധനും സ്ഥിതിചെയ്യുന്നു. സൂര്യൻ, ബുധൻ, ശുക്രൻ എന്നിവർ കിഴക്കോട്ടും ചൊവ്വയും രാഹുവും കേതുവും തെക്കോട്ടും ചന്ദ്രനും ശനിയും പടിഞ്ഞാറോട്ടും ഗുരു മാത്രം വടക്കോട്ടും അഭിമുഖമായി കുടികൊള്ളുന്നു. 2003-ൽ നടന്ന നവീകരണകലശത്തിനുശേഷമാണ് ഇവിടെ നവഗ്രഹപ്രതിഷ്ഠ നടത്തിയത്. നവഗ്രഹങ്ങൾക്ക് വിശേഷാൽ പൂജകൾ ദിവസവും നടത്തിവരുന്നു. ജ്യോതിഷത്തിന്റെ ആധാരദേവനായ സുബ്രഹ്മണ്യസ്വാമിയുടെ സന്നിധിയിൽ നടത്തുന്ന നവഗ്രഹപൂജ അതിവിശേഷമായി കണക്കാക്കിവരുന്നു.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീ സുബ്രഹ്മണ്യസ്വാമി[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

അയ്യപ്പൻ[തിരുത്തുക]

ശിവൻ[തിരുത്തുക]

നവഗ്രഹങ്ങൾ[തിരുത്തുക]

നാഗദൈവങ്ങൾ[തിരുത്തുക]

നിത്യപൂജകൾ[തിരുത്തുക]

വിശേഷദിവസങ്ങൾ[തിരുത്തുക]

തൈപ്പൂയ മഹോത്സവം[തിരുത്തുക]

സ്കന്ദഷഷ്ഠി[തിരുത്തുക]