കൊച്ചിയിലെ ഉത്തരവാദപ്രക്ഷോഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
Edakkal Stone Age Carving.jpg
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · റ്റിൻഡീസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
 · തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
 · കുളച്ചൽ യുദ്ധം
 · കുറിച്യകലാപം
 · പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
 · മദ്രാസ് പ്രസിഡൻസി
 · മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
 · വേലുത്തമ്പി ദളവ
 · മലബാർ കലാപം
 · പുന്നപ്ര-വയലാർ സമരം
ശ്രീനാരായണഗുരു
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

കൊച്ചിരാജ്യത്തിൽ ഉത്തരവാദഭരണത്തിനു വേണ്ടി 1938 ൽ നടന്ന സമരമാണ് പൊതുവേ കൊച്ചിയിലെ ഉത്തരവാദപ്രക്ഷോഭം എന്നറിയപ്പെടുന്നത്. മലബാറിലെ ദേശീയ പ്രസ്ഥാനങ്ങളും, തിരുവിതാംകൂറിലെ ഉത്തരവാദപ്രക്ഷോഭവും എല്ലാം കൊച്ചിയുടെ രാഷ്ട്രീയമേഖലകളിൽ ചലനം സൃഷ്ടിച്ചിരുന്നു. ഡോക്ടർ.ആനീബസന്റിന്റെ ഹോംറൂൾ പ്രസ്ഥാനവും, ഗോപാലകൃഷ്ണഗോഖലെയുടെ സ്മരണാർത്ഥം ആരംഭിച്ച ഗോഖലേ സ്മാരക സംഘവും തൃശ്ശൂരിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. 1918 ൽ പ്രവർത്തനമാരംഭിച്ച കൊച്ചിമഹാജനസഭയുടെ ആദ്യത്തെ സമ്മേളനത്തിലാണ് കൊച്ചിയിൽ ഉത്തരവാദഭരണം വേണമെന്ന് ആവശ്യപ്പെട്ടത്. 1919 ആയപ്പോഴേക്കും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ഈ മേഖലയിൽ ശക്തിപ്രാപിക്കുകയും ഉത്തരവാദപ്രക്ഷോഭത്തിൽ പങ്കാളികളാവുകയും ചെയ്തു. ഇക്കണ്ടവാര്യർ, മൂത്തേടത്തു നാരായണമേനോൻ, പാലിയത്ത് ചെറിയകുഞ്ഞുണ്ണി അച്ചൻ എന്നിവരായിരുന്നു പ്രക്ഷോഭങ്ങളെ മുന്നിൽ നിന്നും നയിച്ചിരുന്നത്.[1]

പശ്ചാത്തലം[തിരുത്തുക]

തിരുവിതാംകൂറിലെ വേലുത്തമ്പിദളവയുമായി ചേർന്ന് കൊച്ചിരാജ്യത്തിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചൻ നടത്തിയ ബ്രിട്ടീഷ് അധിനിവേശപോരാട്ടം കൊച്ചിയുടെ ചരിത്രത്തിൽ പ്രാധാന്യമർഹിക്കുന്ന ഒരു സംഭവമായി കരുതപ്പെടുന്നു. 1791 ൽ കൊച്ചീരാജാവായിരുന്നു ശക്തൻ തമ്പുരാൻ ബ്രിട്ടീഷുകാരുമായി സൗഹൃദഉടമ്പടി ഉണ്ടാക്കിയിരുന്നുവെങ്കിലും തിരുവിതാംകൂർ റെസിഡന്റായിരുന്ന കേണൽ മെക്കാളെയുടെ പെരുമാറ്റം ധാർഷ്ട്യം നിറഞ്ഞതായിരുന്നു. ഇത് തമ്പുരാനെ കോപാകുലാനാക്കി. കൊച്ചിയും, ബ്രിട്ടീഷ് ഭരണവുമായുള്ള ബന്ധത്തിന് താമസിയാതെ ഉലച്ചിൽ തട്ടി.[2] ശക്തൻ തമ്പുരാൻ വൈകാതെ മരണമടയുകയും, തുടർന്ന രാമവർമ്മ കൊച്ചി രാജാവായി അധികാരമേൽക്കുകയും ചെയ്തു. രാമവർമ്മയുടെ മന്ത്രിയായി നിയമിതനായത് പാലിയത്തച്ഛനായിരുന്നു. രാമവർമ്മയുടെ കാലത്ത്, ബ്രിട്ടീഷുകാരും, കൊച്ചിയുമായുള്ള ബന്ധത്തിന് കാര്യമായ മാറ്റമൊന്നും സംഭവിച്ചിരുന്നില്ല.

പാലിയത്തച്ചനും, വേലുത്തമ്പി ദളവും ആത്മമിത്രങ്ങളായിരുന്നു.[3] വേലുത്തമ്പി ബ്രിട്ടീഷുകാർക്കെതിരേ യുദ്ധം പ്രഖ്യാപിച്ചപ്പോൾ പാലിയത്തച്ചൻ അതിനു പിന്തുണപ്രഖ്യാപിച്ചു. തിരുവിതാംകൂറിലേയും, കൊച്ചിയിലേയും സൈന്യങ്ങൾ ഒരുമിച്ച് കൊച്ചിയിലെ മെക്കാളെയുടെ ആസ്ഥാനം ആക്രമിച്ചു. മെക്കാളെ രക്ഷപ്പെടുകയും, ബ്രിട്ടീഷ് സൈന്യം കൊച്ചി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന വിവരം ലഭിച്ച പാലിയത്തച്ചൻ ശത്രുപക്ഷത്തേക്ക് കൂറുമാറുകയും ചെയ്തു. പാലിയത്തച്ചനെ ബ്രിട്ടീഷുകാർ നാടുകടത്തി. അതോടെ ബ്രിട്ടീഷുകാർക്കെതിരേ കൊച്ചിയിൽ ഉണ്ടായിരുന്ന എതിർപ്പ് പാടേ ഇല്ലാതായി.[4]

കൊച്ചിയിലെ മുന്നേറ്റങ്ങൾ[തിരുത്തുക]

മലബാറിലും, തിരുവിതാംകൂറിലും നടന്ന പ്രക്ഷോഭങ്ങളും സമരങ്ങളും കൊച്ചിയുടെ രാഷ്ട്രീയ മണ്ഡലത്തിലും ചലനങ്ങളുണ്ടാക്കി. ഇതിൽ തിരുവിതാംകൂറിൽ ഉത്തരവാദപ്രക്ഷോഭത്തിനു വേണ്ടി നടന്ന സമരമാണ് കൊച്ചിയിലും ഇതേ ആവശ്യത്തിനു വേണ്ടി ഒന്ന് നടത്താൻ പ്രേരണയായത്. എന്നാൽ കൊച്ചിയിൽ ഇതിനു നേതൃത്വം കൊടുക്കാൻ ഒരു രാഷ്ട്രീയ സംഘടന ഉണ്ടായിരുന്നില്ല. ഡോക്ടർ.ആനി ബസന്റ് നേതൃത്വം കൊടുത്തിരുന്ന ഹോംറൂൾ പ്രസ്ഥാനവും, ഗോപാലകൃഷ്ണ ഗോഖലേയുടെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ട ഗോഖലെ സ്മാരകസംഘവും ആണ് തൃശ്ശൂരിൽ ആദ്യമായി പ്രവർത്തനമാരംഭിച്ച സംഘടനകൾ.[5] 1918 ൽ കൊച്ചി മഹാ ജനസഭ എന്നൊരു സംഘടന കൂടി നിലവിൽ വന്നു. കൊച്ചി മഹാജനസഭയുടെ ആദ്യത്തെ സമ്മേളനമാണ് കൊച്ചിയിൽ ഉത്തരവാദ ഭരണം വേണമെന്ന ആവശ്യം ഉന്നയിക്കുന്നത്. 1919 ഓടെ കോൺഗ്രസ്സിന്റെ കമ്മിറ്റികൾ കൊച്ചീ രാജ്യത്ത് പ്രവർത്തനം തുടങ്ങിയിരുന്നു. തൃശ്ശൂരിൽ ഇക്കണ്ടവാര്യരും, എറണാകുളത്ത് പാലിയത്ത് ചെറിയ കുഞ്ഞുണ്ണിഅച്ചനുമായിരുന്നു കോൺഗ്രസ്സിനെ നയിച്ചിരുന്നത്.[5][6]

ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന നിസ്സഹകരണപ്രസ്ഥാനവും, മലബാറിലെ ഖിലാഫത്ത് പ്രസ്ഥാനവും കൊച്ചിയിൽ ചലനങ്ങൾ സൃഷ്ടിക്കുകയുണ്ടായി. വിദ്യാർത്ഥികൾ പഠിപ്പുമുടക്കിയും, വിദേശവസ്ത്രങ്ങൾ ബഹിഷ്കരിച്ചും നിസ്സഹകരണപ്രസ്ഥാനത്തിന്റെ ഭാഗമായി. സി.രാജഗോപാലാചാരിയുടെ സമ്മേളനം ക്രൈസ്തവരെക്കൂട്ടി സർക്കാർ അലങ്കോലമാക്കാൻ ശ്രമിച്ചു. ക്രിസ്ത്യാനികൾ പ്രക്ഷോഭത്തിന്റെ ഭാഗമല്ലാ എന്നും, കൂടാതെ ഇതൊരു വർഗ്ഗീയ ലഹളമാത്രമാണെന്നും വരുത്തിത്തീർക്കാനുള്ള ദിവാന്റെ ശ്രമത്തിന്റെ ഭാഗമായിരുന്നു ഇത്.[7] ഒരു വർഷത്തേക്ക് സമ്മേളനങ്ങളും, പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ട് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു.

സൈമൺ കമ്മീഷൻ കൊച്ചി സന്ദർശിക്കാനെത്തിയപ്പോൾ രാജ്യത്തെ രാഷ്ട്രീയ സ്ഥിതി വീണ്ടും സജീവമായി. സൈമൺ കമ്മീഷനെതിരേ എറണാകുളത്ത് സമ്മേളനം നടത്തുകയുണ്ടായി. മന്നത്ത് പത്മനാഭനെപ്പോലുള്ള നേതാക്കളായിരുന്ന സമ്മേളനത്തിന്റെ സംഘാടകർ. ജവഹർ ലാൽ നെഹ്രുവും, ഗാന്ധിയും വിശിഷ്ടാതിഥികളായി സമ്മേളനത്തിൽ പങ്കെടുത്തു. കൊച്ചീരാജാവിനോട് ഈ പ്രക്ഷോഭത്തിൽ പങ്കുചേരാൻ ഗാന്ധിജി ആവശ്യപ്പെട്ടു.[8]

തൃശൂരിലെ വൈദ്യുതപ്രക്ഷോഭം[തിരുത്തുക]

തൃശൂരിലെ വൈദ്യുതവിതരണത്തിന്റെ ചുമതല തൃശൂർ വൈദ്യുതി കോർപ്പറേഷനു നൽകാതെ ദിവാനായിരുന്ന ആർ.കെ.ഷൺമുഖം ചെട്ടിയുടെ ബന്ധുവിന്റെ കമ്പനിയായ മദ്രാസ് ചന്ദ്രി കമ്പനിക്ക് നൽകാൻ സർക്കാർ തീരുമാനിച്ചു. വൈദ്യുതി വിതരണത്തിൽ നിന്നും വിദേശ കമ്പനിയെ മാറ്റി നിർത്താൻ ജനങ്ങൾ ദിവാനോട് ആവശ്യപ്പെട്ടു. എന്നാൽ ദിവാൻ ജനങ്ങളുടെ ആവശ്യത്തെ നിരാകരിക്കുകയാണുണ്ടായത്. തുടർന്ന് ഒരു വൻ ജനകീയ പ്രക്ഷോഭം തന്നെ ആരംഭിച്ചു. ഇക്കണ്ടവാര്യർ, മൂത്തേടത്ത് മാധവൻമേനോൻ തുടങ്ങിയവരായിരുന്നു നേതൃനിരയിൽ.[9] ചന്ദ്രി കമ്പനിയുടെ ലൈസൻസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.ആർ.ഇയ്യുണ്ണി കോടതിയിൽ കേസ് ഫയൽ ചെയ്തു. ദിവാനെ തൽസ്ഥാനത്തു നിന്നും നീക്കം ചെയ്യുക, തൃശ്ശൂർ പൂരം ബഹിഷ്കരിക്കുക, തൃശൂർ കൗൺസിൽ അംഗങ്ങൾ രാജിവെക്കുക, ചന്ദ്രി കമ്പനിയെ ബഹിഷ്കരിക്കുക എന്നീ ആവശ്യങ്ങൾ മുന്നോട്ടു വെച്ചുകൊണ്ട് സമരം ശക്തമാക്കാൻ സമരസമിതി തിരുമാനിച്ചു. സർക്കാർ സമരത്തെ അടിച്ചമർത്താൻ ശ്രമിച്ചു,സമരം കൂടുതൽ തീവ്രതയോടെ മുന്നോട്ടു പോയി. കൊച്ചിരാജ്യത്ത് ഉത്തരവാദ ഭരണം വന്നാൽ മാത്രമേ ദിവാന്റെ ധാർഷ്ട്യം അവസാനിപ്പിക്കാൻ കഴിയൂ എന്ന് സമരസമിതി ശക്തമായി ആവശ്യപ്പെട്ടു. സമരം ശക്തമായതോടെ ചന്ദ്രി കമ്പനി തൃശൂർ വിട്ടുപോവുകയും, വൈദ്യുതിവിതരണം തൃശൂർ മുനിസിപ്പാലിറ്റിയെതന്നെ ഏൽപ്പിക്കുകയും ചെയ്തു.[10]

ഉത്തരവാദപ്രക്ഷോഭം[തിരുത്തുക]

1937 നവംബർ 21 ആം തീയതി കൂടിയ അഖില കൊച്ചി രാഷ്ട്രീയ സമ്മേളനത്തിൽ കൊച്ചിയിൽ ഉത്തരവാദഭരണം വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം പാസ്സാക്കി. കമലാദേവി ചതോപാധ്യായയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്, പട്ടാഭി സീതാരാമയ്യ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. നാട്ടുരാജ്യങ്ങളുടെ പ്രശ്നങ്ങളിൽ നിന്നും കോൺഗ്രസ്സ് വിട്ടു നിൽക്കണമെന്ന പ്രമേയം ഹരിപുര സമ്മേളനത്തിൽ പാസ്സാക്കിയതോടെ ഉത്തരവാദപ്രക്ഷോഭത്തിൽ കോൺഗ്രസ്സിന്റെ പങ്കാളിത്തം കുറഞ്ഞു. എന്നാൽ സമരം അതേപോലെ തന്നെ കൊണ്ടുപോകാൻ കൊച്ചിൻ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന സംഘടന സ്ഥാപിക്കപ്പെട്ടു. പനമ്പിള്ളി ഗോവിന്ദമേനോൻ, ഇക്കണ്ടവാര്യർ മുതലായവരായിരുന്നു നേതൃനിരയിൽ. 1932 ൽ രാമവർമ്മ കൊച്ചീരാജ്യത്തിന്റെ രാജാവായി അധികാരമേറ്റെടുത്തു.[11] ദിവാൻ ഷൺമുഖം ചെട്ടിയുടേയും, മദ്രാസ്സിൽ നിന്നുമുള്ള അഭിഭാഷകനായ വരദരാചാരിയുടേയും നേതൃത്വത്തിൽ രൂപപ്പെടുത്തുന്ന ഒരു പുതിയ ഭരണഘടന രാജാവിന്റെ 76 ആം പിറന്നാൾ ദിനത്തിൽ നിലവിൽ വരുമെന്ന് രാജാവ് പ്രഖ്യാപിച്ചു. ദിവാന് രാജാവിനോട് നേരിട്ടായിരിക്കും ഉത്തരവാദിത്തം, ഗ്രാമവികസനമന്ത്രി എന്ന പേരിൽ ഒരു പുതിയ മന്ത്രിസ്ഥാനം നിലവിൽ വന്നു. 1938 ജൂൺ 17 ന് പുതിയ ഭരണഘടന നിലവിൽ വന്നു, ബ്രിട്ടീഷ് അധികാരികളുൾപ്പടെ കൊച്ചി നേതൃത്വത്തെ പ്രശംസിച്ചെങ്കിലും തിരുവിതാംകൂർ ദിവാനായിരുന്ന സി.പി. രാമസ്വാമി അയ്യർ ഈ പുതിയ പരിഷ്കാരങ്ങളെ എതിർത്തു.

ബ്രിട്ടീഷ് സർക്കാർ ഒരു നിയമത്തിലൂടെ പിൻവലിച്ച ദ്വിഭരണസമ്പ്രദായമാണ് പുതിയ ഭരണഘടനാ പരിഷ്കാരത്തിലൂടെ ദിവാൻ നടപ്പിലാക്കിയതെന്നാരോപിച്ച് ജനപ്രതിനിധികൾ ഈ ഭരണഘടനയെ എതിർക്കുകയുണ്ടായി. ഓരോ ആവശ്യങ്ങൾക്കും ദിവാന്റെ ദയ കാത്തുനിൽക്കേണ്ടിവരുക എന്നത് അംഗീകരിക്കാനാവില്ലെന്ന് അവർ തീർത്തു പറഞ്ഞു. പുതിയ ഭരണഘടന തിരഞ്ഞെടുപ്പിനെ പിന്തുണക്കുന്ന ഒന്നായതുകൊണ്ട് ധാരാളം രാഷ്ട്രീയപാർട്ടികൾ നിലവിൽ വന്നു. ഇതിൽ തന്നെ സ്റ്റേറ്റ് കോൺഗ്രസ്സിന്റേയും, കൊച്ചിൻ കോൺഗ്രസ്സ് പാർട്ടിയുടേയും കിടമത്സരം ജനങ്ങൾളിൽ അതൃപ്തി സൃഷ്ടിച്ചു. ഇവർ ജനങ്ങൾക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന സ്ഥിതി നിലവിൽ വന്നു.[12]

കൊച്ചി രാജ്യപ്രജാമണ്ഡലം പാർട്ടി[തിരുത്തുക]

നിലവിലെ രാഷ്ട്രീയ സ്ഥിതികളിൽ നിരാശരായ കുറേ ആളുകൾ ചേർന്ന് കൊച്ചിയിൽ പുതിയ രാഷ്ട്രീയപാർട്ടിക്കു രൂപം നൽകി. കൊച്ചി രാജ്യപ്രജാമണ്ഡലം എന്നതായിരുന്നു പുതിയ സംഘടനയുടെ പേര്. ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അംഗമായിരുന്ന കൃഷ്ണൻഎഴുത്തച്ഛനായിരുന്നു ഇതിന്റെ നേതാവ്.[13] പാർട്ടി ശക്തിപ്പെടുന്നതുവരെ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കേണ്ടതില്ലെന്നു നേതൃത്വം തീരുമാനിച്ചു.[14]

1942 ൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം ആരംഭിച്ചതോടെ, രാജ്യപ്രജാമണ്ഡലം പാർട്ടിയം അതിൽ പൂർണ്ണമായി പങ്കുകൊണ്ടു. കേരളരാഷ്ട്രീയത്തിൽ പിന്നീട് പ്രശസ്തനായ കെ. കരുണാകരൻ തന്റെ രാഷ്ട്രീയപ്രവേശനം നടത്തുന്നത് ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് പ്രജാമണ്ഡലം നേതാക്കളെ പോലീസ് അറസ്റ്റു ചെയ്ത വേളയിലാണ്. കെ.കരുണാകരൻ ബ്രിട്ടീഷുകാർ തിരിച്ചുപോവുക, ഗാന്ധിജി കീ ജയ് എന്നീ മുദ്രാവാക്യങ്ങൾ മുഴക്കിക്കൊണ്ട് ദേശീയപതാകയുമായി സമരമുഖത്തേക്കിറങ്ങുകയായിരുന്നു.[15]

1945 മെയ് മാസത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ കൊച്ചിരാജ്യപ്രജാമണ്ഡലം പാർട്ടി മത്സരിക്കുകയും, നല്ല വിജയം കരസ്ഥമാക്കുകയും ചെയ്തു. പത്തൊമ്പതു സീറ്റുകളിൽ മത്സരിച്ച പാർട്ടി പന്ത്രണ്ടു സീറ്റുകളിൽ വിജയിച്ചു. പനമ്പിള്ളി ഗോവിന്ദമേനോൻ പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടി എന്നാൽ അധികാരത്തിലേക്കെത്താതെ, പ്രതിപക്ഷത്തിരുന്ന് ഉത്തരവാദപ്രക്ഷോഭത്തെ മുമ്പോട്ടു കൊണ്ടുപോകാൻ തീരുമാനിച്ചു. ഉത്തരവാദപ്രക്ഷോഭം ശക്തമാക്കിക്കൊണ്ട് ഒരു പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ സംസ്ഥാനങ്ങളെ ഒരുമിപ്പിച്ചുകൊണ്ട് ഒരു ഐക്യകേരളം എന്ന തീരുമാനം രാജാവ് മുന്നോട്ടുവെച്ചെങ്കിലും ഉത്തരവാദഭരണം എന്ന ആവശ്യത്തിൽ തന്നെ സഭ ഉറച്ചു നിന്നു. എല്ലാ വകുപ്പുകളും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെടുന്ന മന്ത്രിമാർക്കു കൈമാറണമെന്നുകൂടി സഭ ആവശ്യപ്പെട്ടു.[16]

വിജയം[തിരുത്തുക]

സമാന ചിന്താഗതിക്കാരായ രാഷ്ട്രീയപാർട്ടികളെക്കൂടി കൂട്ടുപിടിച്ച് രാജ്യപ്രജാമണ്ഡലം പാർട്ടി പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിൽ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്തു. 1947 ജൂലൈ 29 ന് ഐക്യകേരളസംസ്ഥാനം രൂപംകൊള്ളുന്നതിന് തയ്യാറാണെന്നു കാണിച്ച് രാജാവ് നിയമസഭക്ക് കത്തയച്ചു. കൂടാതെ 1947 ഓഗസ്റ്റ് 14 ന് എല്ലാ വകുപ്പുകളും ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്ക് കൈമാറിക്കൊണ്ടുള്ള രാജാവിന്റെ തീരുമാനം വന്നു. ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. കൂട്ടുത്തരവാദിത്വത്തിന്റെ അഭാവം മൂലം ആദ്യത്തെ മന്ത്രി സഭ താഴെ വീഴുകയും, ടി.കെ നായരുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ അധികാരത്തിലെത്തുകയും ചെയ്തു. ക്ഷേത്രപ്രവേശന വിളംബരവും, ദിവാൻ പദവി നിർത്തലാക്കിയതും പുതിയ മന്ത്രിസഭയുടെ തീരുമാനങ്ങളായിരുന്നു. 1948 ഏപ്രിൽ 12 ന് നിയമസഭ രാജാവ് പിരിച്ചുവിടുകയും, ഗവൺമെന്റ് ഓഫ് കൊച്ചിൻ ആക്ട് ഭേദഗതി ചെയ്യുകയും ചെയ്തു. പ്രായപൂർത്തി വോട്ടവകാശം നിർബന്ധമാക്കി, നിയമസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 58 ആയി വർദ്ധിപ്പിച്ചു, ഇതിൽ 53 പേർ തിരഞ്ഞെടുക്കപ്പെടേണ്ടിയിരുന്നവരായിരുന്നു. പിന്നീടു നടന്ന തിരഞ്ഞെടുപ്പിൽ കൊച്ചി രാജ്യപ്രജാമണ്ഡലം 43 സീറ്റുകൾ വിജയിച്ച് അധികാരത്തിൽ വന്നു. ഇക്കണ്ടവാര്യരായിരുന്നു മുഖ്യമന്ത്രി, പനമ്പിള്ളി ഗോവിന്ദമേനോൻ, കെ.അയ്യപ്പൻ എന്നിവർ മന്ത്രിമാരായി.[17] 1949 നവംബറിൽ പ്രജാമണ്ഡലം കോൺഗ്രസ്സിൽ ലയിക്കുകയും, 1949 ജൂലൈ 1 ന് തിരുവിതാംകൂറും,കൊച്ചിയും ലയിച്ച് തിരുകൊച്ചി നിലവിൽ വന്നു. കൊച്ചിയിൽ രാജഭരണം അവസാനിക്കുകയും, ജനാധിപത്യ ഭരണം നിലവിൽ വരുകയും ചെയ്തു.

ഇതുംകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 123. ISBN 978-81-87480-76-1. കൊച്ചിയിലെ ഉത്തരവാദപ്രക്ഷോഭം
 2. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 122. ISBN 978-81-87480-76-1. കൊച്ചീരാജ്യവും ഈസ്റ്റിന്ത്യാ കമ്പനിയുമായുള്ള ബന്ധം
 3. പുത്തേഴത്ത്, രാമൻമേനോൻ (1958). ശക്തൻ തമ്പുരാൻ.
 4. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 123. ISBN 978-81-87480-76-1. കൊച്ചിയിൽ മെക്കാളേക്കെതിരേ ആക്രമണം
 5. 5.0 5.1 പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 52. ISBN 81-7130-751-5. കൊച്ചിയിലെ രാഷ്ട്രീയപ്രവർത്തനങ്ങളുടെ തുടക്കം
 6. രവി, കുറ്റിക്കാട് (2000). മഹാരാജാവിന് പ്രണയപൂർവ്വം.
 7. എസ്., രാമചന്ദ്രൻനായർ (1999). ഫ്രീഡം സ്ട്രഗ്ഗിൾ ഇൻ കൊളോണിയൽ കേരള.
 8. ഗാന്ധിജിയും കേരളവും. സാംസ്കാരിക പ്രസിദ്ധീകരണം (കേരള സർക്കാർ). 2003.
 9. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 123. ISBN 978-81-87480-76-1. തൃശൂരിലെ വൈദ്യുതപ്രക്ഷോഭം
 10. കെ.പി., പത്മനാഭമേനോൻ (1996). കൊച്ചി രാജ്യ ചരിത്രം.
 11. എസ്., റെയ്മോൺ (2006). ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള വോള്യം III. സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പ് (കേരള സർക്കാർ). Unknown parameter |coauthors= ignored (|author= suggested) (help)
 12. പ്രൊ.എ., ശ്രീധരമേനോൻ. കേരളവും സ്വാതന്ത്ര്യസമരവും. ഡി.സി.ബുക്സ്. p. 52-54. ISBN 81-7130-751-5. കൊച്ചിയിലെ രാഷ്ട്രീയപാർട്ടികളുടെ കിടമത്സരം
 13. "കൊച്ചി രാജ്യപ്രജാമണ്ഡലം പാർട്ടി". കേരള സർക്കാർ. ശേഖരിച്ചത് 2013-07-26.
 14. ഇ.എം.എസ്സ്, നമ്പൂതിരിപ്പാട് (1968). കേരള യെസ്റ്റർഡേ,ടുഡേ ആന്റ് ടുമാറോ.
 15. എസ്., റെയ്മോൺ (2006). ദ ഹിസ്റ്ററി ഓഫ് ഫ്രീഡം മൂവ്മെന്റ് ഇൻ കേരള വോള്യം III. സ്റ്റേറ്റ് ആർക്കൈവ്സ് വകുപ്പ് (കേരള സർക്കാർ). Unknown parameter |coauthors= ignored (|author= suggested) (help)
 16. ഡോ.ആർ, രാധാകൃഷ്ണൻ. കേരളത്തിലെ നവോത്ഥാനസമരങ്ങൾ. മാളുബൻ. p. 132. ISBN 978-81-87480-76-1. ഉത്തരവാദഭരണത്തിനായുള്ളു പ്രക്ഷോഭം ശക്തിയാർജ്ജിക്കുന്നു
 17. "കൊച്ചി രാജ്യപ്രജാമണ്ഡലം പാർട്ടി". കേരള സർക്കാർ. ശേഖരിച്ചത് 2013-07-26. പ്രജാമണ്ഡലം പാർട്ടി അധികാരത്തിലേക്ക്

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]