കീർത്തി മന്ദിർ, പോർബന്തർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മഹാത്മാഗാന്ധിയുടെയും കസ്തൂർബാ ഗാന്ധിയുടെയും സ്മരണയ്ക്കായി ഗുജറാത്തിലെ പോർബന്തറിൽ നിർമ്മിച്ചിരിക്കുന്ന സ്മാരകമാണ് കീർത്തി മന്ദിർ.[1][2][3][4] ഈ സ്മാരകത്തിനു സമീപമുള്ള ഭവനത്തിലാണ് 1869 ഒക്ടോബർ 2-ന് ഗാന്ധിജി ജനിച്ചത്.[1][3]

ചരിത്രം[തിരുത്തുക]

1944-ൽ ആഗാഖാൻ കൊട്ടാരത്തിൽ നിന്നു ഗാന്ധിജി ജയിൽമോചിതനായപ്പോൾ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ മനോഹരമായ ഒരു സ്മാരകം നിർമ്മിക്കുവാൻ ജനങ്ങൾ തീരുമാനിച്ചു..[1] പോർബന്ധറിലെ മഹാരാജാവ്, എച്ച്.എച്ച്. മഹാറാണാ ശ്രീ നട്വർസിംഗ്ജി, രാജ് രത്ന, നാൻജി ഭായ് കാളിദാസ് മേത്ത, അദ്ദേഹത്തിന്റെ പത്നി എന്നിവർ ചേർന്നാണ് സ്മാരകം പണികഴിപ്പിച്ചത്.[1] സ്മാരകത്തിന്റെ നിർമ്മാണം തുടങ്ങുന്നതിനു മുമ്പു തന്നെ ഗാന്ധിജിയുടെ ജന്മഗൃഹം നാൻജിഭായിയും സംഘവും വിലയ്ക്കു വാങ്ങിയിരുന്നു. ഗാന്ധിജി തന്നെയാണ് വീടിന്റെ രേഖകൾ നാൻജിഭായിക്കു കൈമാറിയത്. ഗാന്ധിജി ഒപ്പുവച്ച വിൽപ്പന രേഖകൾ കീർത്തി മന്ദിരത്തിൽ ഇപ്പോഴും പ്രദർശനത്തിനു വച്ചിട്ടുണ്ട്.[1]

ഗാന്ധിജിയുടെ ജന്മഗൃഹം[തിരുത്തുക]

ഗാന്ധിജിയുടെ ഭവനത്തിനു മൂന്ന് നിലകളാണുള്ളത്. ഹവേലിയുടെ ആകൃതിയിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ഭവനം പതിനേഴാം നൂറ്റാണ്ടിൽ ഗാന്ധിജിയുടെ മുതുമുത്തശ്ശൻ ഹർജീവൻ റായ്ദാസ് ഗാന്ധി ഒരു സ്ത്രീയുടെ കൈയ്യിൽ നിന്നും വിലയ്ക്കു വാങ്ങിയതാണ്. ഈ ഭവനത്തിലാണ് ഗാന്ധിജിയും അദ്ദേഹത്തിന്റെ പിതാവ് കരംചന്ദും പിതാമഹൻ ഉത്തംചന്ദും ജീവിച്ചിരുന്നത്.[1][5]

കീർത്തി മന്ദിറിന്റെ നിർമ്മാണം[തിരുത്തുക]

1947-ൽ ദർബാർ ഗോപാൽദാസ് ദേശായി കീർത്തി മന്ദിറിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ചു. വ്യവസായിയായിരുന്ന നാൻജി കാളിദാസ് മേത്തയാണ് കീർത്തി മന്ദിറിന്റെ നിർമ്മാണത്തിൽ നിർണായക പങ്കുവഹിച്ചത്.[1][2] ഗാന്ധിജിയുടെ മരണശേഷം 1950-ൽ കീർത്തി മന്ദിറിന്റെ പണി പൂർത്തിയായി. 1950 മേയ് 27-ന് അന്നത്തെ ആഭ്യന്തരവകുപ്പ് മന്ത്രി സർദാർ വല്ലഭായി പട്ടേൽ ഈ സ്മാരകം ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കേന്ദ്ര സർക്കാരിനാണ് ഈ സ്മാരകത്തിന്റെ സംരക്ഷണച്ചുമതലയുള്ളത്.[1][3]

പ്രത്യേകതകൾ[തിരുത്തുക]

കീർത്തി മന്ദിറിന്റെ ഉയരം 79 അടിയാണ്. ഇത് ഗാന്ധിജിയുടെ 79 വർഷം നീണ്ട ജീവിതത്തെ സൂചിപ്പിക്കുന്നു. ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, പാഴ്സിമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നിവയുടെ സാംസ്കാരികാംശങ്ങളടങ്ങിയ വാസ്തുവിദ്യാശൈലിയാണ് കീർത്തി മന്ദിറിന്റെ നിർമ്മാണത്തിനായി സ്വീകരിച്ചിരിക്കുന്നത്.[1] പോർബന്ധർ സ്വദേശിയായ പുരുഷോത്തംഭായ് മിസ്ത്രിയാണ് കീർത്തി മന്ദിറിന്റെ ശിൽപ്പി.[1][2][1] കീർത്തി മന്ദിറിന്റെ ഉൾഭാഗത്ത് ഗാന്ധിജിയുടെയും കസ്തൂർബാഗാന്ധിയുടെയും എണ്ണച്ചായാ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.[1] ഇതോടൊപ്പം ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട പല വസ്തുക്കളും കീർത്തി മന്ദിറിൽ കാണാൻ സാധിക്കും.[1] കീർത്തി മന്ദിർ സന്ദർശിക്കുന്നതിനായി വിദേശികൾ ഉൾപ്പെടെയുള്ളവർ ഇവിടെയെത്താറുണ്ട്.[1][3]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Coordinates: 21°38′28″N 69°36′2″E / 21.64111°N 69.60056°E / 21.64111; 69.60056