ബാബസാഹിബ് അംബേദ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ബി.ആർ. അംബേദ്കർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭീം റാവു അംബേദ്കർ
അംബേദ്കർ ചെറുപ്പത്തിൽ
കേന്ദ്ര നീതിന്യായവകുപ്പ് മന്ത്രി(ഇന്ത്യ)
ഓഫീസിൽ
15 ആഗസ്റ്റ് 1947 – സെപ്റ്റംബർ 1951
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
മുൻഗാമിപദവി തുടങ്ങുന്നു
പിൻഗാമിചാരുചന്ദ്ര ബിശ്വാസ്
ഭരണഘടനാനിർമ്മാണക്കമ്മറ്റിയുടെ ചെയർമാൻ
ഓഫീസിൽ
29 ആഗസ്റ്റ് 1947 – 24 ജനുവരി 1950
പ്രധാനമന്ത്രിജവഹർലാൽ നെഹ്രു
കേന്ദ്ര തൊഴിൽമന്ത്രി , വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിൽ
ഓഫീസിൽ
1942–1946
മുൻഗാമിഫിറോസ് ഖാൻ നൂർ
പിൻഗാമിപദവി ഇല്ലാതായി
വ്യക്തിഗത വിവരങ്ങൾ
ജനനം(1891-04-14)14 ഏപ്രിൽ 1891
മഹാവൂ, സെന്റൽ പ്രോവിൻസ്, ഇന്ത്യ (ഇപ്പോൾ മധ്യപ്രദേശ് )
മരണം6 ഡിസംബർ 1956(1956-12-06) (പ്രായം 65)
ഡൽഹി, ഇന്ത്യ
രാഷ്ട്രീയ കക്ഷിസമതാ സൈനിക് ദൾl, സ്വതന്ത്ര ലേബർ പാർട്ടി(ഇന്ത്യ), ഷെഡ്യൂൾഡ്കാസ്റ്റ് ഫെഡറേഷൻ
പങ്കാളികൾ
  • രമാഭായ്
    (m. 1906; died 1935)
    [1]
  • സവിതാ അംബേദ്കർ
    (m. 1948)
    [2]
അൽമ മേറ്റർ
തൊഴിൽനിയമവിദ്ഗ്ധൻ, സാമ്പത്തികശാസ്ത്രജ്ഞൻ, സാമൂഹ്യപരിഷ്കർത്താവ്
അവാർഡുകൾഭാരതരത്ന (മരണാനന്തരം)
ഒപ്പ്

ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പിയാണ് ഡോ. ഭീംറാവു അംബേദ്കർ (മറാത്തി: डॉ. भीमराव आंबेडकर) (ഏപ്രിൽ 14, 1891ഡിസംബർ 6, 1956). അടിസ്ഥാനവർഗ്ഗ ജനതയുടെ നവോത്ഥാന നായകനും ഇന്ത്യൻ നിയമജ്ഞനും പണ്ഡിതനും അധഃസ്ഥിതരുടെ രാഷ്ട്രീയ നേതാവുമായിരുന്നു അംബേദ്കർ .ബ്രീട്ടീഷ് ഇന്ത്യയിലെ മ്ഹൌ (ഇപ്പോൾ മധ്യപ്രദേശ്) സ്ഥലത്തെ ദളിത് കുടുംബത്തിൽ ജനിച്ച അംബേദ്കർ ഇന്ത്യൻ ജാതിവ്യവസ്ഥയ്ക്ക് എതിരേ പോരാടുന്നതിനും തൊടുകൂടായ്മയ്ക്ക് എതിരേ പോരാടുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ദളിത് പ്രസ്ഥാനം ആരംഭിച്ചത് അംബേദ്കർ ആണെന്ന് വിശ്വസിക്കപ്പെടുന്നു. 1990 ൽ ഇന്ത്യയുടെ പരമോന്നത പൗരബഹുമതിയായ ഭാരതരത്ന മരണാനന്തര ബഹുമതിയായി അംബേഡ്കറിന് സമ്മാനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ നിയമമന്ത്രിയായിരുന്നു.[3][4][5][6][7][8]

സ്വാതന്ത്ര്യം നേടുമ്പോൾ 562 നാട്ടുരാജ്യങ്ങൾ ചേർന്നതായിരുന്നു ഇന്ത്യാ മഹാരാജ്യം. ഇന്ത്യയും പാകിസ്താനും രണ്ടു രാജ്യങ്ങളായപ്പോൾ പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. കടുത്ത സാമ്പത്തിക കുഴപ്പങ്ങളും രാജ്യത്തിനുണ്ടായി. പുതുപുത്തൻ രാഷ്ട്രീയ ആദർശങ്ങളും ഭരണസിദ്ധാന്തങ്ങളുമനുസരിച്ച് ഐക്യഭാരതത്തിന് ഏറ്റവും അനുയോജ്യമായി ഭരണഘടന രൂപപ്പെടുത്തേണ്ടത് അത്യാവശ്യമായിത്തീർന്നു. അങ്ങനെ അംബേദ്കർ നേതൃത്വത്തിൽ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീക്രിതമായി. 1947 ഓഗസ്റ്റ് 29 ന് ഭരണഘടനാ നിർമ്മാണത്തിനുള്ള ഡ്രാഫ്റ്റ്കമ്മറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. 141 ദിവസം കൊണ്ടാണ് ഭരണഘടനയുടെ ആദ്യരൂപം തയ്യാറായത്. 1949 ൽ നടപ്പാക്കപ്പെട്ട നമ്മുടെ ഭരണഘടന ഇതിനിടെ 103 തവണ ഭേദഗതി ചെയ്യപ്പെട്ടിട്ടുണ്ട്.

പല സാമൂഹിക[9] - സാമ്പത്തിക പ്രതിസന്ധികളും തരണം ചെയ്ത് പഠിച്ചുവന്ന അംബേദ്കർ ഇന്ത്യയിൽ കലാലയ വിദ്യാഭ്യാസം നേടുന്ന ആദ്യത്തെ അധഃസ്ഥിതവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഉന്നതപഠനത്തിനായി അദ്ദേഹം ന്യൂയോർക്ക് കൊളംബിയ സർവ്വകലാശാലയിലും പിന്നീട് ഇംഗ്ലണ്ടിലും പോയി. ഇവിടങ്ങളിൽ നിന്ന് അംബേദ്കർ നിയമബിരുദങ്ങളും രാഷ്ട്രതന്ത്രജ്ഞത, നിയമം, സാമ്പത്തികശാസ്ത്രം എന്നിവയിലെ തന്റെ പഠനങ്ങൾക്ക് ഒന്നിൽ കൂടുതൽ ഡോക്ടറേറ്റുകളും നേടി. ഒരു പ്രശസ്ത പണ്ഡിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ അംബേഡ്കർ അല്പം നാൾ നിയമം പരിശീലിച്ചതിനുശേഷം ഇന്ത്യയിലെ അധഃസ്ഥിതരുടെ സാമൂഹിക സ്വാതന്ത്ര്യം, രാഷ്ട്രീയാവകാശങ്ങൾ എന്നിവയെ പ്രഘോഷിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചുതുടങ്ങി.

ജീവിതരേഖ[തിരുത്തുക]

ജനനം,കുട്ടിക്കാലം[തിരുത്തുക]

മഹാരാക്ഷ്ട്രയിലെ[10] രത്നഗിരി ജില്ലയിൽ അംബാവാഡി ഗ്രാമത്തിൽ രാംജി മലോജി സക്പാൽ അംബേദ്കറുടെയും ഭീമാബായിയുടെയും മകനായി[11] 1891 ഏപ്രിൽ 14-ന് ജനിച്ചു. അചഛനമ്മമാരുടെ പതിനാലാമത്തെ പുത്രനായിരുന്നു അംബേദ്കർ. വലിയ ഈശ്വരഭക്തയായിരുന്നു അംബേദ്കറുടെ അമ്മ. അച്ഛൻ പട്ടാള ഉദ്യോഗസ്ഥനും.അംബേദ്കർക്ക് രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ പട്ടാളത്തിൽ നിന്നും വിരമിച്ചു. മധ്യേന്ത്യയിലെ ഡപ്പോളി എന്ന സ്ഥലത്താണ് പിന്നീടവർ താമസിച്ചത്. ഇവിടെയാണ് അംബേദ്കർ പ്രാഥമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് അച്ഛന് സത്താറയിലെ മിലിട്ടറി കേന്ദ്രത്തിൽ ജോലി ലഭിച്ചപ്പോൾ കുടുംബത്തെ അങ്ങോട്ടു കൊണ്ടുപോയി. അംബേദ്കർക്ക് ആറു വയസ്സുള്ളപ്പോൾ അമ്മ മരിച്ചു. അമ്മയുടെ മരണശേഷം ഒരു അമ്മായിയാണ് അവരെ വളർത്തിയത്. ഏറെ കഷ്ട്ടപ്പാടുകൾ നിറഞ്ഞതായിരുന്നു ആ കാലം. പതിനാല് കുട്ടികളിൽ അംബേദ്കറും രണ്ടു സഹോദരന്മാരും രണ്ടു സഹോദരിമാരും മാത്രം അവശേഷിച്ചു. സഹോദരന്മാരിൽ വിദ്യാഭ്യാസത്തിൽ തിളങ്ങാൻ മറ്റാർക്കും കഴിഞ്ഞില്ല. താഴ്ന്ന ജാതിക്കാരനായതിനാൽ വലിയ അവഗണനയാണ് എവിടെയും അംബേദ്കറിന് നേരിടേണ്ടി വന്നത്.

വിദ്യാഭ്യാസം[തിരുത്തുക]

അച്ഛന്റെ രണ്ടാം വിവാഹത്തിനു ശേഷം അവർ കുടുംബസമേതം മുംബൈയിലേക്ക് താമസം മാറുകയുണ്ടായി. മറാഠി ഹൈസ്ക്കൂളിലായിരുന്നു പിന്നീട് അംബേദ്കറുടെ പഠനം. വലിയ വായനാശീലക്കാരനായിരുന്നു അംബേദ്ക്കർ. അംബേദ്ക്കറുടെ അച്ഛൻ ശമ്പളത്തിന്റെ ഒരു ഭാഗം മകന് പുസ്തകങ്ങൾ വാങ്ങാനായി തന്നെ മാറ്റി വച്ചു. ഒരു ദളിതനായത് കാരണം സ്ക്കൂൾ വിദ്യഭ്യാസ കാലത്ത് അംബേദ്ക്കർ ക്ലാസ്മുറിയുടെ ഒരു മൂലയിൽ വീട്ടിൽ നിന്നു കൊണ്ടുവരുന്ന ഒരു ചാക്കു വിരിച്ചായിരിന്നു ഇരുന്നിരുന്നത്. ഈ ചാക്ക് മറ്റാരും തന്നെ സ്പർശിക്കുകയില്ലായിരുന്നു. അത് പോലെ തന്നെ മറ്റ് കുട്ടികൾ പൈപ്പ് തുറന്ന് അതിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ അദ്ദേഹത്തിനു പൈപ്പിൽ തൊടാൻ പോലും അനുവാദം നൽകിയിരുന്നില്ല. മറാഠാ സ്ക്കൂളിൽ നിന്ന് അംബേദ്കർ പിന്നീട് സർക്കാർ സ്കൂളിൽ ചേർന്നു. സർക്കാർ വിദ്യാലയമായിരുന്നിട്ടും ഉയർന്ന ജാതിക്കാരുടെ ഉപദ്രവങ്ങൾ അവിടെയും തുടർന്നു. അംബേദ്ക്കർക്ക് സംസ്കൃത ഭാഷാപഠനത്തിൽ താല്പര്യം ഉണ്ടായി. അക്കാലത്ത് താഴ്ന്ന ജാതിക്കാർക്ക് സംസ്കൃതം പഠിക്കാൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ, ഹൈസ്കൂൾ വിദ്യാഭ്യാസം വിജയകരമായി പൂർത്തിയാക്കുവാൻ അദ്ദേഹത്തിന് സാധിച്ചു. മഹർ സമുദായത്തിൽ ആദ്യമായാണ് ഒരു കുട്ടിക്ക് അതിന് കഴിഞ്ഞത്. ബോംബെയിൽ നടന്ന അനുമോദന ചടങ്ങിൽ പ്രശസ്ത സാമൂഹ്യപരിഷ്കർത്താവായിരുന്ന എസ്.കെ. ബോൽ അദ്ധ്യക്ഷത വഹിച്ചു. ഗൗതമബുദ്ധന്റെ ജീവിതം എന്നൊരു പുസ്തകം അതിന്റെ രചയിതാവായ കെലുസ്കർ അംബേദ്ക്കർക്ക് സമ്മാനിക്കുകയും ചെയ്തു. പതിനേഴാം വയസിലാണ് അംബേദ്കർ മെട്രിക്കുലേഷൻ ജയിച്ചത്. ശൈശവ വിവാഹമായിരുന്നു അന്ന്. ഒൻപത് വയ്സുണ്ടായിരുന്ന രമാഭായിയെ അദ്ദേഹം വിവാഹം കഴിച്ചു. എങ്കിലും പഠനം തടസ്സം കൂടാതെ നടന്നു. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിച്ചു. കോളേജ് ഫീസ് അടക്കാൻ പോലും കഴിയാതെ വന്നു. ബറോഡാ രാജാവായിരുന്ന ഗെയ്ക് വാദ് അധഃകൃത വിദ്യാർത്ഥിക്ക് ഉപരിപഠനത്തിന് സ്കോളർഷിപ്പ് നൽകും എന്നു പ്രഖ്യാപിച്ചു. അംബേദ്കർക്ക് സ്കോളർഷിപ്പ് ലഭിച്ചു. ആ സ്കോളർഷിപ്പിന്റെ സഹായത്തോടെ ബി.എ. പരീക്ഷ പ്രശസ്തമായ വിധത്തിൽ അംബേദ്കർ വിജയിച്ചു. തുടർന്നും പഠിക്കണമെന്ന് അംബേദ്കർക്ക് ആഗ്രഹം ഉണ്ടായിരുന്നു. പക്ഷേ സാമ്പത്തികസ്ഥിതി അതിനനുവദിച്ചില്ല. എന്തെങ്കിലും ജോലി ചെയ്യാനും അച്ഛനെ സഹായിക്കുവാനും അംബേദ്കർ തീരുമാനിച്ചു. ബിരുദധാരിയായിരുന്നിട്ടും താഴ്ന്ന ജാതിക്കാരനാണെന്ന് പറഞ്ഞ് ആരും അംബേദ്കർക്ക് ജോലി നൽകിയില്ല. അംബേദ്കർ കൊട്ടാരത്തിൽ ചെന്ന് മഹാരാജാവിനോടു കാര്യം ഉണർത്തിച്ചു. അങ്ങനെ മഹാരാജാവ് സൈന്യത്തിൽ ലഫ്റ്റനന്റായി അംബേദ്കറെ നിയമിച്ചു. അതിനിടയിൽ അച്ഛൻ രോഗബാധിതനായി കിടപ്പിലായി. അച്ഛൻ മരിച്ചു. അച്ഛൻറെ വിയോഗം അംബേദ്ക്കറെ തളർത്തി. അങ്ങനെ കൊട്ടാരത്തിലെ ജോലി രാജി വെച്ചു. വളരെയധികം ദാരിദ്യവും പ്രയാസവും അംബേദ്ക്കറെ വേട്ടയാടി. ഈ കാലയളവിൽ സമർഥരായ ഏതാനും വിദ്യാർത്ഥികളെ അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിട്ടു പഠിപ്പിക്കാൻ ബറോഡാ രാജാവ് തീരുമാനിച്ചു. ഭാഗ്യവശാൽ അക്കൂട്ടത്തിൽ അംബേദ്കറും തിരഞ്ഞെടുക്കപ്പെട്ടു.

1913 ജൂലൈയിൽ അംബേദ്കർ ന്യൂയോർക്കിലെത്തി പുതിയ ജീവിതത്തിന് തുടക്കം കുറിച്ചു. അമേരിക്കയിൽ ലളിത ജീവിതമാണ് അദ്ദേഹം നയിച്ചത്. കഴിയുന്നത്ര പഠിക്കുക എന്നു മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. 1915-ൽ അമേരിക്കയിലെ പ്രശസ്തമായ കൊളംബിയ യൂണിവേഴ്സിറ്റിയിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പിന്നീട് ഗവേഷണബിരുദവും നേടി.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാമ്പത്തികബന്ധത്തെക്കുറിച്ചും (centre-state relations). നമ്മുടെ നികുതികളെല്ലാം കേന്ദ്രം പിരിച്ചുകൊണ്ടുപോവുകയും ചെലവിനായി അവരുടെ ഔദാര്യത്തിനായി കൈനീട്ടേണ്ടതുമായ അവസ്ഥയെക്കുറിച്ചായിരുന്നു അംബേദ്കർ കൊളംബിയയിൽവച്ച് എഴുതിയ തന്റെ ആദ്യത്തെ ഗവേഷണപ്രബന്ധം: 'Evolution of Provincial Finances in British India'. ഈ വിഷയത്തിൽ എഴുതപ്പെട്ട ആദ്യത്തെ സമഗ്രമായ പഠനമായിരുന്നു അത്.[12] 1800 മുതൽ 1910 വരെയുള്ള കാലഘട്ടത്തിൽ എങ്ങനെയാണ് ബ്രിട്ടീഷ് കേന്ദ്രസർക്കാരും അന്നത്തെ പ്രവിശ്യകളും തമ്മിലുള്ള സാമ്പത്തിക ഏർപ്പാടുകൾ ഉയർന്നുവന്നതെന്നും അത് മാതൃകാപരമായി എങ്ങനെയായിരിക്കണമെന്നും അംബേദ്കർ എഴുതി. 1951-ൽ ഇന്ത്യയുടെ ആദ്യത്തെ ഫിനാൻസ് കമ്മിഷൻ രൂപവത്കരിച്ചപ്പോൾ അതിന് മൂലാധാരമായത് അംബേദ്കറിന്റെ ഈ പ്രബന്ധമായിരുന്നു. പ്രവിശ്യകളുടെ (ഇപ്പോഴത്തെ സംസ്ഥാനങ്ങൾ) സാമ്പത്തിക സ്വയംഭരണമായിരുന്നു അംബേദ്കർ നിർദേശിച്ചത്.

ലണ്ടനിലേക്ക്[തിരുത്തുക]

ശാസ്ത്രം, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ പാണ്ഡിത്യം നേടുന്നതിനായി അവയിൽ അദ്ദേഹം ഗവേഷണത്തിലേർപ്പെടുകയും ചെയ്തു. ഒടുവിൽ പ്രാചീന ഭാരതത്തിലെ വാണിജ്യ രീതികളെക്കുറിച്ച് അദ്ദേഹം ഒരു പഠനം യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. 'The problem of the rupee: Its origin and its solution എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠനം. 'അതിനദ്ദേഹത്തിന് മാസ്റ്റർ ബിരുദവും നൽകപ്പെട്ടു. ബ്രിട്ടീഷ് ഇന്ത്യയിൽ നൂറിലേറെ വർഷങ്ങളിൽ രൂപ എങ്ങനെയൊരു സാമ്പത്തിക കൈമാറ്റ ഉപകരണമായി മാറി എന്നും എന്തായിരിക്കണം ഇന്ത്യയ്ക്കുചേരുന്ന കറൻസിയെന്നും അദ്ദേഹം തന്റെ പ്രബന്ധത്തിൽ പ്രതിപാദിച്ചു. ഇതിലൂടെ ആർജിച്ച അറിവുകൾ അദ്ദേഹം പിന്നീട് (1926) ഇന്ത്യയിൽ റിസർവ് ബാങ്ക് സ്ഥാപിക്കുന്നതിനായി നിയോഗിക്കപ്പെട്ട ഹിൽട്ടൺ-യങ് കമ്മിഷന് (Royal Commission on Indian Currency and Finance) മുമ്പിൽ പങ്കുവെക്കുകയും രൂപയുടെ നിയന്ത്രണം റിസർവ് ബാങ്കിന്റെ കൈയിലായിരിക്കണമെന്ന അദ്ദേഹത്തിന്റെ നിർദേശം അംഗീകരിക്കപ്പെടുകയും ചെയ്തു. [12]ഇന്ത്യയിലെ ജാതിവ്യവ്സ്തകളെക്കുറിച്ചും അദ്ദേഹം ഒരു പ്രബന്ധം തയ്യാറാക്കി. ജാതിവ്യവസ്ഥകളെക്കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം ഇന്ത്യയിലെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് അദ്ദേഹം ഗവേഷണം നടത്തി. ആ രംഗത്ത് അഗാധമായ പഠനം നടത്തി മറ്റൊരു പ്രബന്ധം തയ്യാറാക്കി. ഈ പ്രബന്ധം അമേരിക്കയിലെ കൊളംബിയ യൂണിവേഴ്സിറ്റിക്ക് സമർപ്പിച്ചു. അതിനദ്ദേഹത്തിന് ഡോക്ടർ ബിരുദം ലഭിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയതിന് ശേഷവും പഠനം തുടരാൻ തന്നെ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ 1916 ഒക്ടോബറിൽ ലണ്ടനിൽ എത്തിച്ചേർന്നു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സാമ്പത്തികശാസ്ത്രം പഠിച്ചു. ഗ്രെയിസ് ഇൻ എന്ന മഹാസ്ഥാപനത്തിലായിരുന്നു നിയമപഠനം. പക്ഷെ അപ്രതീക്ഷിതമായി അതിനൊരു തടസ്സം നേരിട്ടു. ബറോഡാ രാജാവ് നൽകിയിരുന്ന സാമ്പത്തിക സഹായത്തിന്റെ കാലാവധി അവസാനിച്ചു. അതിനാൽ പഠനം ഇടക്കുവെച്ച് നിർത്തി ഇന്ത്യയിലേക്ക് മടങ്ങി. സാമ്പത്തിക ശസ്ത്രത്തിൽ പഠനവും ഗവേഷണവും തുടർന്നു. അക്കാലയളവിൽ അദ്ദേഹം 'രൂപയുടെ പ്രശ്നം' എന്ന പ്രബന്ധത്തിന്‌ ലണ്ടൻ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി. താഴ്ന്ന ജാതിക്കാരോടുള്ള അവഗണനയോട് അദ്ദേഹം പോരാടി. അധഃകൃത സമുദായത്തിൻറെ ശബ്ദമുയർത്താൻ 1927-ൽ അദ്ദേഹം സ്വന്തം പത്രം തുടങ്ങി. 'ബഹിഷ്കൃത് ഭാരതം' എന്നതായിരുന്നു പത്രത്തിൻറെ പേര്.

ഭരണഘടനയുടെ ആമുഖം[തിരുത്തുക]

ഇന്ത്യയുടെ ഭരണഘടന 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്നു.ഇന്ത്യൻ റിപ്ലബ്ലിക്ക് ഏതെല്ലാം ആശയങ്ങൾക്കു വേണ്ടി നിലകൊള്ളുന്നു എന്ന് ഭരണഘടനയുടെ ആമുഖത്തിൽ പറയുന്നു. അതിന്റെ മലയാളവിവർത്തനം താഴെ കൊടുക്കുന്നു. "ഇന്ത്യയിലെ ജനങ്ങളായ ഞങ്ങൾ ഇന്ത്യയെ പരമാധീകാരമുള്ള ഒരു ജനാധിപത്യ റിപ്പബ്ലിക്കായി സംവിധാനം ചെയ്യാനും അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും ചിന്ത, ആശയപ്രകാശനം, വിശ്വാസം, ഭക്തി, ആരാധന എന്നിവയിലുള്ള സ്വാതന്ത്രവും പദവിയിലും അവസർത്തിലും സമത്വവും സുരക്ഷിതമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും ദേശീയ ഐക്യവും പരിപാലിക്കാൻ ഉറപ്പു നൽകിക്കൊണ്ട് സഹോദര്യം പുലർത്താനും സർവാത്മനാ തീരുമാനിച്ച് കൊണ്ട് ഞങ്ങളുടെ ഭരണഘടനാ നിർമ്മാണസഭയിൽ 1949 നവംബർ 26 ദിവസമായ ഇന്ന് ഇതിനാൽ ഈ ഭരണഘടനാ അംഗീകരിക്കുകയും നിയമമാക്കുകയും ഞങ്ങൾക്കു തന്നെ പ്രധാനം ചെയ്യുകയും ചെയ്യുന്നു."

ഇന്ത്യയെ ഒരു പരമാധീകാര ജനകീയ റിപ്പബ്ലിക്കായി തീർക്കാനുള്ള ജനതയുടെ ദൃഡ്ഡമായ തീരുമാനം-അതാണ് ഈ ആമുഖത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

അംബേദ്കറുടെ ജീവിതം: ഒറ്റനോട്ടത്തിൽ[തിരുത്തുക]

  • 1891 ഏപ്രിൽ 14-ന് മഹാരാക്ഷ്ട്രയിലെ രത്നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തിൽ അംബേദ്കർ ജനിച്ചു.
  • 1907-ൽ അദ്ദേഹം മെട്രിക്കുലേഷൻ പാസായി.
  • 1913 ഫെബ്രുവരി 2 ന് പിതാവ് മരിച്ചു.
  • 1913 ജൂലൈയിൽ അംബേദ്കർ ഉന്നതവിദ്യാഭ്യാസത്തിനായി ന്യൂയോർക്കിലെത്തി.
  • 1926-ൽ അദ്ദേഹം ബോംബെ ലെജിസ്റ്റേറ്റീവ് അസംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
  • 1927 മാർച്ച് 20, മഹദ് സത്യാഗ്രഹം
  • 1927 ഡിസംബർ 25, അംബേദ്‌കറുടെ നേതൃത്വത്തിൽ മനുസ്മൃതി പരസ്യമായി കത്തിച്ചു.
  • 1930 നവംബർ 2ന് ആരംഭിച്ച വട്ടമേശസമ്മേളനത്തിൽ അംബേദ്കർ പങ്കെടുത്തു.
  • 1936-ൽ അംബേദ്കർ ഇൻഡിപ്പെന്റൻഡ് ലേബർ പാർട്ടി എന്ന പുതിയ രാക്ഷ്ട്രീയ പാർട്ടി സ്ഥാപിച്ചു.
  • 1947-ൽ അംബേദ്കർ ഭാരതത്തിന്റെ ആദ്യ നിയമമന്ത്രിയായി.ഭരണഘടനാകമ്മറ്റിയുടെ ചെയർമാനായും തിരഞ്ഞെടുക്കപ്പെട്ടു.
  • 1949 നവംബർ 26 ന് ഇൻഡ്യൻ ഭരണഘടന കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലി അംഗീകരിച്ചു.
  • 1951 സെപ്തംബർ 27 ന് ഹിന്ദുകോഡ് ബില്ലിന് അംഗീകാരം കിട്ടാത്തതിനാൽ അദ്ദേഹം പ്രധാനമന്ത്രിക്ക് രാജിക്കത്ത് നൽകി.
  • 1952-ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ അംബേദ്കർ പരാജയപ്പെട്ടെങ്കിലും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
  • 1956 ഒക്ടോബർ 14-ന് അംബേദ്കറും 365000 ദളിത് അനുയായികളും ബുദ്ധമതം സ്വീകരിച്ചു.
  • 1956 ഡിസംബർ 6-ന് അംബേദ്കർ 65-മത്തെ വയസ്സിൽ അന്തരിച്ചു.

അംബേദ്കർ മഹാപരിനിർവാൺ ദിവസ്[തിരുത്തുക]

അംബേദ്കറുടെ ചരമദിനമായ ഡിസംബർ 6 അംബേദ്കർ മഹാപരിനിർവാൺ ദിനമായി ആചരിക്കുന്നു.[13]

അംബേദ്കർ സിനിമ[തിരുത്തുക]

ഡോ.ബാബാ സാഹേബ് അംബേദ്കർ എന്ന പേരിൽ ഒരു ചലച്ചിത്രം 2000-ൽ പുറത്തിറങ്ങി. ഇംഗ്ലീഷിലുള്ള ആ സിനിമയുടെ സംവിധായകൻ ജബ്ബാർ പട്ടേൽ ആണ്. മലയാള സിനിമ നടനായ മമ്മൂട്ടിയാണ് ആ ചിത്രത്തിൽ അംബേദ്കറായി വേഷമിട്ടത്. അതിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡും മമ്മൂട്ടിക്ക് കിട്ടി. പക്ഷെ ഈ സിനിമ പുറത്തിറക്കാൻ സർക്കാർ ഇത് വരെ അനുമതി കൊടുത്തിട്ടില്ല. അംബേദ്ക്കരുടെ ആശയങ്ങൾ എത്രത്തോളം ബ്രഹ്മണിസത്തെ ഭയ പെടുത്തുന്നു എന്നതിന്റെ തെളിവ് കൂടിയാണിത്.

ഗാന്ധിയും അംബേദ്കറും[തിരുത്തുക]

ഗാന്ധിയും അംബേദ്കറും തമ്മിലുണ്ടായിരുന്ന അഭിപ്രായ ഭിന്നതയുടെ അടിസ്ഥാന രാഷ്ട്രീയ പ്രശ്നം എന്താണ്? ഹിന്ദു മതത്തിന്റെ രാഷ്ട്രീയ വ്യവസ്ഥയായ ജാതി വ്യവസ്ഥ, ഒരു ദൈവികവ്യവസ്ഥയാണെന്നും അതിനാൽ, അത് സനാതനം" അഥവാ മാറ്റമില്ലാത്തതാണെന്നും 'അത് മാറ്റാൻ പാടില്ല എന്നും ഗാന്ധി വിശ്വസിച്ചു. അയിത്തവും അനാചാരങ്ങളും ഇല്ലാതാക്കി ജാതി വ്യവസ്ഥ പരിഷ്ക്കരിച്ചാൽ മാത്രം മതി എന്നായിരുന്നു ഗാന്ധിയുടെ നിലപാട്. അതിനു വേണ്ടിയാണ് അദ്ദേഹം അയിത്തോച്ചാടന പരിപാടി ആവിഷ്ക്കരിച്ചത്. എന്നാൽ ,ജാതി വ്യവസ്ഥ ഹിന്ദു മതത്തിന്റെ രാഷട്രീയ വ്യവസ്ഥയാണെന്നു തിരിച്ചറിഞ്ഞ അംബേദ്ക്കർ ,ജാതി നശിപ്പിപ്പിക്കണം എന്ന നിലപാടിൽ ഉറച്ചു നിന്നു. ജാതി വ്യവസ്ഥ യെ, ആദർശവൽക്കരിച്ച് നിലനിർത്തുന്ന, ഹിന്ദു മതത്തിന്റെ 'വിശുദ്ധ സംഹിത കളേയെല്ലാം അദ്ദേഹം നിഷ്ക്കരണം കടന്നാക്രമിച്ചു. ജാതി വ്യവസ്ഥയുടെ ദൈവികതയെ നിഷേധിച്ച അദ്ദേഹം അത് സനാതനമല്ല എന്ന് പ്രഖ്യാപിച്ചു.സമത്വം സ്വാതന്ത്ര്യം സാഹോദര്യം എന്ന അടിസ്ഥാന മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥയാണ് അംബേദ്ക്കർ വിഭാവനം ചെയ്തത്. ജാതിവ്യവസ്ഥയെ സംബന്ധിച്ച് ഗാന്ധിജിക്കും മറ്റുമുള്ള മറുപടികളുടെ പുസ്തക രൂപമാണ് 1936ൽ പ്രസിദ്ധീകൃതമായ ‘ജാതിനിർമൂലനം’ എന്ന കൃതി.[14] ജാതിയുടെ ആശയാടിത്തറയെ വെല്ലുവിളിച്ച മറ്റൊരു കൃതിയാണ് ‘ആരാണ് ശൂദ്രർ’.

അംബേദ്കർ കൃതികൾ[തിരുത്തുക]

  • തോട്സ് ഓൺ പാകിസ്ഥാൻ (1941)
  • അനിഹിലേഷൻ ഓഫ് കാസ്റ്റ് വിത്ത് എ റിപ്ലൈ ടു ഗാന്ധി (1945)
  • സ്റ്റേറ്റ്സ് ആൻഡ് മൈനോറിറ്റീസ് (1947)
  • ഗാന്ധി ആൻഡ് ഇമാൻസിപ്പേഷൻ ഓഫ് ദ അൺടച്ചബിൾസ്
  • പാകിസ്ഥാൻ ഓർ പാർടീഷൻ ഓഫ് ഇന്ത്യ (1945)
  • അംബേദ്കർ സമ്പൂർണം (17 വോള്യം)

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Pritchett, Frances. "In the 1900s" (PHP). Archived from the original on 6 ജനുവരി 2012. Retrieved 5 ജനുവരി 2012.
  2. Pritchett, Frances. "In the 1940s". Archived from the original on 23 ജൂൺ 2012. Retrieved 13 ജൂൺ 2012.
  3. Bhimrao Ambedkar
  4. Ambedkar Jayanti 2019: Facts on Babasaheb to share with kids | Parenting News,The Indian Express
  5. How India’s Most Downtrodden Embraced the Power of Statues
  6. Bhimrao Ramji Ambedkar | Biography, Books, & Facts | Britannica
  7. All You Need To Know About BR Ambedkar On His 129th Birth Anniversary
  8. Buswell, Robert Jr; Lopez, Donald S. Jr., eds. (2013). Princeton Dictionary of Buddhism. Princeton, NJ: Princeton University Press. p. 34. ISBN 9780691157863. {{cite book}}: Invalid |ref=harv (help); More than one of |editor= and |editor-last= specified (help)
  9. "Mahar". Encyclopædia Britannica. britannica.com. Archived from the original on 30 November 2011. Retrieved 12 January 2012.
  10. Jaffrelot, Christophe (2005). Ambedkar and Untouchability: Fighting the Indian Caste System. New York: Columbia University Press. p. 2. ISBN 978-0-231-13602-0.
  11. Pritchett, Frances. "In the 1890s" (PHP). Archived from the original on 7 September 2006. Retrieved 2 August 2006.
  12. 12.0 12.1 പ്രമോദ് കുമാർ, ജി. (15 April 2021). "രംഗരാജൻ ചോദിച്ചു: 'അംബേദ്കറോ? അദ്ദേഹത്തിന് സാമ്പത്തികശാസ്ത്രത്തെക്കുറിച്ച് എന്തറിയാം?'". മാതൃഭൂമി. Archived from the original on 2021-04-18. Retrieved 18 April 2021.
  13. "Dr. Ambedkar Mahaparinirvan Diwas 2019".
  14. പന്മന, ബാബു കെ (14 April 2021). "അംബേദ്‌കറും 
ഇന്ത്യൻ ജനാധിപത്യവും - ബാബു കെ പൻമന എഴുതുന്നു". മാതൃഭൂമി. Archived from the original on 2021-04-18. Retrieved 18 April 2021.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ബാബസാഹിബ്_അംബേദ്കർ&oldid=4023963" എന്ന താളിൽനിന്ന് ശേഖരിച്ചത്