കൽദായ ആചാരക്രമം
മാർ അദ്ദായി, മാർ മാറി എന്നിവരുടെ ആരാധനാക്രമവും പൗരസ്ത്യ സുറിയാനി ആരാധനാ ഭാഷയും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പൗരസ്ത്യ ക്രിസ്തീയ ആചാരക്രമമാണ് (റീത്ത്) പൗരസ്ത്യ സുറിയാനി ആചാരക്രമം, അഥവാ കൽദായ ആചാരക്രമം. അസ്സീറിയൻ ആചാരക്രമം, എദേസ്സൻ ആചാരക്രമം, പേർഷ്യൻ ആചാരക്രമം, സെലൂക്യൻ ആചാരക്രമം, അല്ലെങ്കിൽ നെസ്തോറിയൻ ആചാരക്രമം എന്നും ഇത് അറിയപ്പെടാറുണ്ട്. സുറിയാനി ക്രിസ്തീയതയിലെ രണ്ട് പ്രധാന സഭാപാരമ്പര്യങ്ങളിൽ (റീത്തുകൾ) ഒന്നാണിത്. മറ്റൊന്ന് അന്ത്യോഖ്യൻ സുറിയാനി സഭാപാരമ്പര്യം (പാശ്ചാത്യ സുറിയാനി സഭാപാരമ്പര്യം) ആണ്.[1][2][3][4]
ദൈവശാസ്ത്രപരമായി എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ വീക്ഷണങ്ങളാണ് ഈ സഭാപാരമ്പര്യത്തിൽ പിന്തുടരുന്നത്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ കിഴക്കിന്റെ സഭ ഈ സഭാപാരമ്പര്യമാണ് പിന്തുടരുന്നത്. ഈ സഭയുടെ ആധുനിക ശാഖകളായ സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ, അസ്സീറിയൻ പൗരസ്ത്യ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), പുരാതന പൗരസ്ത്യ സഭ എന്നിവ ഇതേ സഭാപാരമ്പര്യം വിവിധങ്ങളായ രീതിയിൽ അനുവർത്തിച്ചുവരുന്നു.[5]
ആരാധനാക്രമം
[തിരുത്തുക]കൽദായ, ബാബിലോണിയൻ, എദേസ്സൻ, അസ്സീറിയൻ, പേർഷ്യൻ, നെസ്തോറിയൻ എന്നിങ്ങനെ ഈ റീത്ത് അറിയപ്പെടാറുണ്ട്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ നെസ്തോറിയൻ സഭ എന്നറിയപ്പെട്ട കിഴക്കിന്റെ സഭയിൽ വികസിതമായ ആരാധനാക്രമമാണിത്. ഈ സഭ 1964-68 മുതൽ അസ്സീറിയൻ പൗരസ്ത്യ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), പുരാതന പൗരസ്ത്യ സഭ എന്നിങ്ങനെ രണ്ടായി നില്ക്കുന്നു. എദേസ്സൻ ദൈവശാസ്ത്രകേന്ദ്രമാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. പൗരസ്ത്യ സുറിയാനിയാണു ആരാധനാ ഭാഷ. കൽദായ റീത്തിൽ മൂന്ന് അനാഫറകൾ ഉണ്ട്. ഒന്ന് മാർ അദ്ദായിയുടെയും മാറിയുടെയും അനാഫൊറ. തെയോദോറിന്റെ അനാഫൊറ നെസ്തോറിയസിന്റെ അനാഫൊറ എന്നിവയാണവ. സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ എന്നിവ പൗരസ്ത്യ സുറിയാനി റീത്ത് വിവിധങ്ങളായ രീതിയിൽ പിന്തുടരുന്നു,
പദോത്പത്തി
[തിരുത്തുക]കിഴക്കിന്റെ സഭയെ സൂചിപ്പിക്കുന്ന പൗരസ്ത്യ സുറിയാനി എന്ന വാക്കും ആചാരരീതി അല്ലെങ്കിൽ ആചാരക്രമം എന്നു സൂചിപ്പിക്കുന്ന ലത്തീൻ പദമായ റീത്തൂസ് (ritus) എന്ന ലത്തീൻ പദത്തിന്റെ മലയാള രൂപമായ റീത്ത് എന്ന വാക്കും ചേർന്നതാണ് പൗരസ്ത്യ സുറിയാനി ആചാരക്രമം അല്ലെങ്കിൽ പൗരസ്ത്യ സുറിയാനി റീത്ത് പ്രയോഗം[6]. റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തിന് ചിലർ ലിറ്റർജിയെന്നും (ആരാധനാ ക്രമം) പറയാറുണ്ട്. റീത്ത് എന്ന പദത്തിന് ബാഹ്യമായ ആചാരവിധികൾ എന്ന അർത്ഥമാണുള്ളത്. ഒരു ക്രൈസ്തവ സമൂഹത്തിന് പ്രത്യേകമായ ആരാധനാരീതി, ഭക്ത്യാഭ്യാസങ്ങൾ, ആദ്ധ്യാത്മിക വീക്ഷണം, സഭാ ഭരണസമ്പ്രദായങ്ങൾ, കർമാനുമാനുഷ്ഠാന വിധികൾ മുതലായവയെല്ലാം കുറിയ്ക്കാൻ 'റീത്ത് ' എന്ന പദം പില്ക്കാല കൈസ്തവർ ഉപയോഗിച്ചതുടങ്ങി [7]
സഭകൾ
[തിരുത്തുക]അരമായ യഹൂദ പാരമ്പര്യത്തിലും തോമ്മാശ്ലീഹായുടെയും അദ്ദായി, മാറി എന്നിവരുടെയും ശ്ലൈഹിക പൈതൃകത്തിലും വേരൂന്നിയ ആചാരക്രമമാണ് എദേസ്സയിൽ വികസിച്ച കൽദായ ആരാധനാക്രമം.[8]
കിഴക്കിന്റെ സഭയിൽ നിന്ന് 1552ൽ ഒരു വിഭാഗം കത്തോലിക്കാ സഭയിൽ ചേർന്നു. ഇറാക്കിൽ 1830 മുതൽ ഈ വിഭാഗം കൽദായ കത്തോലിക്കാ സഭ എന്നും 1923 ളുതൽ കേരളത്തിലെ വിഭാഗം സിറോ-മലബാർ സഭയെന്നും അറിയപ്പെടുന്നു. ഈ രണ്ട് പൗരസ്ത്യ കത്തോലിക്കാ സഭകളും പൗരസ്ത്യ സുറിയാനി അഥവാ കൽദായ ആചാരക്രമത്തിൽ കത്തോലിക്കാ സഭയുടെ പൊതുനിലാപാടിന് അനുസരിച്ചുള്ള ഭേദഗതികളോടെ അനുഷ്ഠിച്ചുവരുന്നു.
ഇവയ്ക്ക് പുറമേ കിഴക്കിന്റെ സഭയിൽ 1964-68 കാലത്ത് ആരാധനാക്രമവർഷം ഗ്രിഗോറിയൻ പഞ്ചാംഗം പ്രകാരം ആചരിക്കാനുള്ള മാർ ഈശായി ശിമോൻ ഇരുപത്തിരണ്ടാമൻ പാത്രിയർക്കീസിന്റെ തീരുമാനത്തെ തുടർന്ന് പുതിയ പഞ്ചാംഗ കക്ഷിയും പഴയ പഞ്ചാംഗ കക്ഷിയും എന്നിങ്ങനെ സഭ വീണ്ടും പിളർന്നു. പുതിയ (ഗ്രിഗോറിയൻ) പഞ്ചാഗ കക്ഷി അസ്സീറിയൻ പൗരസ്ത്യ സഭയെന്നും പഴയ (ജൂലിയൻ) പഞ്ചാംഗ കക്ഷി പുരാതന പൗരസ്ത്യ സഭയെന്നും അറിയപ്പെടുന്നു. നിലവിൽ രണ്ട് വിഭാഗങ്ങൾക്കും പഞ്ചാംഗത്തിലോ ആരാധനാക്രമത്തിലോ യാതൊരു വ്യത്യാസവും ഇല്ല.
അവലംബങ്ങൾ
[തിരുത്തുക]- ↑ https://catholicmalayalam.org/church-history/eastern-churches
- ↑ Encyclopædia Britannica: "Antiochene Rite"
- ↑ The Rites of Christian Initiation: Their Evolution and Interpretation
- ↑ Johnson, Maxwell E. (26 September 2018). "The Rites of Christian Initiation: Their Evolution and Interpretation". Liturgical Press – via Google Books.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-09. Retrieved 2021-07-02.
- ↑ റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തൂസ് എന്ന ലത്തീൻ വാക്കിന്റെ രൂപാന്തരമാണ് മലയാളത്തിലെ റീത്ത്. ആർച്ച് ബിഷപ്പ് സിറിൾ മാർ ബസേലിയോസ്:അന്ത്യോക്യൻ റീത്ത് /സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 പുറം 740
- ↑ ഒരു ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യേകമായ ആചാരാനഷ്ഠാനങ്ങളും ഈശ്വരാരാധനാ വിധികളും ഭരണ സംവിധാനവുമെല്ലാം ചേർന്നതാണ് റീത്ത് അഥവാ റൈറ്റ് (Rite). റീത്തിന് ചിലർ ലിറ്റർജി യെന്നും പറയാറുണ്ട്. (ഡോ. ജോൺ മാതേയ്ക്കൽ : സീറോ മലബാർ ലിറ്റർജി/ സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 ; പുറം 715)
- ↑ എദേസ്സ സഭ മാർത്തോമ്മാ ശ്ലീഹായെയാണ് പിതാവായി വണങ്ങുന്നത്. എദേസ്സയെ അനുഗ്രഹീത നഗരമെന്നും മാർത്തോമ്മാ ശ്ലീഹായുടെ പട്ടണമെന്നും വിളിയ്ക്കാറുണ്ട്.- പാരമ്പര്യം : ദൈവശാസ്ത്ര വിശകലനം ഡോ.ജോസഫ് കല്ലറങ്ങാട്ട് ;2000 ജൂലൈ 3; ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം; പുറം:34