ദനഹാക്കാലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആരാധനക്രമ വർഷം
റോമൻ ആചാരക്രമം
കൽദായ ആചാരക്രമം

സീറോ മലബാർ സഭയുടെ ആരാധനക്രമവർഷം അനുസരിച്ച് വരുന്ന മൂന്നാമത്തെ കാലമാണ് ദനഹാക്കാലം. പ്രത്യക്ഷവത്കരണകാലം, ആവിഷ്കാരകാലം എന്നീ പേരുകളിലും ഈ കാലം അറിയപ്പെടുന്നു. [1]സീറോ മലബാർ ആരാധനക്രമം അനുസരിച്ച് ജനുവരി ആറിന് ആഘോഷിക്കുന്ന ദനഹാ പെരുന്നാളിനോ (എപ്പിഫനി) അതിനടുത്ത് വരുന്ന ഞായറാഴ്ചയോ മുതൽ നോമ്പുകാലം വരെയാണ് ദനഹാക്കാലം. നാല് മുതൽ എട്ട് ആഴ്ചകൾ വരെ ഉൾക്കൊള്ളുന്ന ദനഹാക്കാലത്തിൽ യേശുവിന്റെ ജ്ഞാനസ്നാനവും പരസ്യജീവിതവുമാണ് അനുസ്മരിക്കുന്നത്. ദനഹാത്തിരുനാളിനെ തന്നെ കേന്ദ്രീകരിച്ചാണ് ദനഹാക്കാലം ആചരിക്കുന്നത്. കേരളത്തിൽ പിണ്ടിപെരുന്നാൾ, രാക്കുളി പെരുന്നാൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ദിവസം യേശുവിന്റെ ജ്ഞാനസ്നാനതിരുനാൾ ആണ് സീറോ മലബാർ സഭ അനുസ്മരിക്കുന്നത്.

പദോൽപ്പത്തി[തിരുത്തുക]

[2]ദനഹാ എന്ന സിറിയൻ പദത്തിൽ നിന്നാണ് ദനഹാക്കാലം എന്ന പ്രയോഗം ഉത്ഭവിച്ചത്. ഉദയം, പ്രത്യക്ഷീകരണം എന്നിവയാണ് ഈ വാക്കിനർത്ഥം. യേശുവിന്റെ ജ്ഞാനസ്നാന സമയത്ത് ആരംഭിച്ച പൊതു ജീവിതം (പ്രത്യക്ഷവത്കരണം) ഈ കാലത്ത് അനുസ്മരിക്കുന്നു. യേശു സ്വയം ലോകത്തിന്‌ വെളിപ്പെടുത്തുകയും 'ഇവൻ എന്റെ പ്രിയപുത്രൻ, ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു' (മത്താ 3;7) എന്നു പ്രസ്താവിച്ച് പിതാവും, പ്രാവിന്റെ രൂപത്തിൽ ഈശോയുടെ മേൽ ആവസിച്ച് പരിശുദ്ധാത്മാവും അത് സാക്ഷ്യപ്പെടുത്തുകയും ചെയ്തു. ഈ വെളിപെടുത്തൽ ആണ് ദനഹാ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ദനഹാ പെരുന്നാൾ[തിരുത്തുക]

പ്രധാന ലേഖനം: ദനഹാ പെരുന്നാൾ

ദനഹാക്കാലത്തെ പ്രധാന തിരുനാൾ ആണ് ദനഹാ പെരുന്നാൾ. യോർദ്ദാൻ നദിയിൽ വെച്ച് യേശു സ്നാനമേറ്റതിനെ അനുസ്മരിക്കുന്ന കർത്താവിന്റെ മാമോദീസ പെരുന്നാളായി സീറോ മലബാർ സഭ ഈ ദിനം ആചരിക്കുന്നു.

രാക്കുളി പെരുന്നാൾ[തിരുത്തുക]

[3]തെക്കൻ കേരളത്തിൽ ദനഹാ പെരുന്നാൾ രാക്കുളി പെരുന്നാൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. അന്നേ ദിവസം പുലർച്ചെ സുറിയാനി ക്രിസ്ത്യാനി പൂർവ്വികർ യേശുവിന്റെ ജ്ഞാനസ്നാനം അനുസ്മരിച്ച് അതിരാവിലെ ഉണർന്നു കുളിക്കുമായിരുന്നു. അതിനാലാണ് രാക്കുളി പെരുന്നാൾ എന്ന പേരു വന്നത്.

പിണ്ടികുത്തി തിരുനാൾ[തിരുത്തുക]

[4] വടക്കൻ കേരളത്തിൽ പിണ്ടികുത്തി തിരുനാൾ എന്ന പേരിലാണ് ദനഹാ പെരുന്നാൾ അറിയപ്പെടുന്നത്. ലോകത്തിന്റെ പ്രകാശമായ മിശിഹായെ അനുസ്മരിച്ച് വാഴപ്പിണ്ടിയിൽ വിളക്കുകളോ പന്തങ്ങളോ കുത്തി നിർത്തി അതിനു ചുറ്റും വലം വെച്ച് കൊണ്ട് ദൈവം പ്രകാശമാകുന്നു എന്നർത്ഥം വരുന്ന "ഏൽപയ്യ" എന്ന സിറിയൻ വാക്ക് ആർത്തു വിളിക്കും.

വിശുദ്ധരുടെ അനുസ്മരണം[തിരുത്തുക]

[5]ദനഹാക്കാലത്തെ ഓരോ വെള്ളിയാഴ്ചകളിലും സീറോ മലബാർ സഭ വിശുദ്ധരെ അനുസ്മരിക്കുന്നു.

  • ഒന്നാം വെള്ളി: സ്നാപക യോഹന്നാൻ (യോഹന്നാൻ മാംമദ)
  • രണ്ടാം വെള്ളി: വി പത്രോസ്, വി. പൗലൊസ്
  • മൂന്നാം വെള്ളി: സുവിശേഷകന്മാർ
  • നാലാം വെള്ളി: എസ്തപ്പാനോസ് (വി. സ്റ്റീഫൻ )
  • അഞ്ചാം വെള്ളി: ഗ്രീക്ക് മല്പാന്മാർ (ദിയദോറസ്, തിയദോർ, നെസ്തോറിയസ്)
  • ആറാം വെള്ളി: സുറിയാനി മല്പാന്മാർ (അപ്രേം, നർസായി, അബ്രാഹം)
  • ഏഴാം വെള്ളി: സഭാമദ്ധ്യസ്ഥർ
  • എട്ടാം വെള്ളി: മരിച്ച വിശ്വാസികൾ

മൂന്നു നോമ്പ്[തിരുത്തുക]

[6]ദനഹാക്കാലത്തെ മറ്റൊരു പ്രധാന ആചരണമാണ് മൂന്നു നോമ്പ്. വലിയ നോമ്പ് (അമ്പതു നോമ്പ്) ആരംഭിക്കുന്നതിന് 18 ദിവസം മുൻപ് വരുന്ന തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് മൂന്ന് നോമ്പാചരിക്കുന്നത്. എ.ഡി. 570- എ.ഡി. 581 കാലയളവിൽ അധൂർ, നിനെവാ, ബെത്-കാർമി എന്നിവിടങ്ങളിൽ പടർന്നു പിടിച്ച പകർച്ച വ്യാധിയിൽ നിന്ന് രക്ഷ നേടിയതിന്റെ നന്ദി സൂചകമായിട്ടാണ്‌ ഈ നോമ്പ് ആചരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. "Syro Malabar Catechesis". Archived from the original on 2013-11-17. Retrieved 2013-03-12.
  2. ദനഹാക്കാലം, സഭാകോശം
  3. രാക്കുളി സഭാകോശം
  4. Pindikuthi Thirunal
  5. "സീറോ മലബാർ ആരാധന വത്സരം" (PDF). Archived from the original (PDF) on 2016-03-04. Retrieved 2013-03-12.
  6. മാർത്തോമാ മാർഗം, ഫാ. വർഗീസ്‌ പതികുളങ്ങര
"https://ml.wikipedia.org/w/index.php?title=ദനഹാക്കാലം&oldid=3903220" എന്ന താളിൽനിന്ന് ശേഖരിച്ചത്