പൗരസ്ത്യ സുറിയാനി റീത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(East Syriac Rite എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പേർഷ്യൻ സ്ലീവാ അഥവാ മാർത്തോമ്മാ സ്ലീവാ
DebateBetweenCatholicsAndOrientalChristiansInThe13thCenturyAcre1290.jpg
പൗരസ്ത്യ സുറിയാനി പാരമ്പര്യം
സിറോ-മലബാർ സഭ
കൽദായ കത്തോലിക്കാ സഭ
പാശ്ചാത്യ സുറിയാനി പാരമ്പര്യം
സീറോ മലങ്കര കത്തോലിക്കാ സഭ
സുറിയാനി കത്തോലിക്കാ സഭ
മാറോനായ കത്തോലിക്കാ സഭ
അലക്സാണ്ട്രിയൻ പാരമ്പര്യം
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
എറിത്രിയൻ കത്തോലിക്കാ സഭ
അർമേനിയൻ പാരമ്പര്യം
അർ‌മേനിയൻ കത്തോലിക്കാ സഭ
ഗ്രീക്ക് സഭാപാരമ്പര്യം
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

പേർഷ്യയിലും മെസൊപ്പൊട്ടേമിയായിലും ഇന്ത്യയിലും വളർന്നുപന്തലിച്ച നെസ്തോറിയൻ സഭയെന്നു വിളിയ്ക്കപ്പെട്ടിരുന്ന പൗരസ്ത്യ സുറിയാനി സഭയുടെ അഥവാ കിഴക്കിന്റെ സഭയുടെ ആരാധനാ രീതിയെയും അതിനു സമാന്തരമായി അതേ ആരാധനാ രീതിയിൽ രൂപംകൊടുത്ത കത്തോലിക്കാ സഭയുടെ പ്രാദേശിക സഭാവിഭാഗങ്ങളെയും പൗരസ്ത്യ സുറിയാനി റീത്ത് (പൗരസ്ത്യ സുറിയാനി രീതി) എന്നു പറയുന്നു. ഇറാക്കിലെ കൽദായ കത്തോലിക്കാ റീത്തും കേരളത്തിലെ സിറോ-മലബാർ കത്തോലിക്കാ റീത്തും കത്തോലിക്കാ സഭയിലെ പൗരസ്ത്യ സുറിയാനി റീത്തിന്റെ ശാഖാറീത്തുകളാണ് [1].റോമാസഭയുടെകീഴിലുള്ള പൗരസ്ത്യ കത്തോലിക്കാ റീത്തുകളിലെ അഞ്ച് പൗരസ്ത്യ മാതൃറീത്തുകളിലൊന്നാണിത്.രണ്ട് സുറിയാനി മാതൃ റീത്തുകളിലൊന്നുമാണിത്. മാറാനായ സുറിയാനി, അന്ത്യോഖ്യൻ സുറിയാനി എന്നറിയപ്പെടുന്ന പാശ്ചാത്യ സുറിയാനി റീത്താണു മറ്റേതു്.

ആരാധനാക്രമം[തിരുത്തുക]

കൽദായ, ബാബിലോണിയൻ, എദേസ്സൻ, അസ്സീറിയൻ, പേർഷ്യൻ, നെസ്തോറിയൻ എന്നിങ്ങനെ ഈ റീത്ത് അറിയപ്പെടാറുണ്ട്. ക്രിസ്തീയതയുടെ വിവിധ സഭാകുടുംബങ്ങളിൽ പൗരാണികവും പ്രധാനപ്പെട്ടതുമായ നെസ്തോറിയൻ സഭ എന്നറിയപ്പെട്ട കിഴക്കിന്റെ സഭയിൽ വികസിതമായ ആരാധനാക്രമമാണിത്. ഈ സഭ 1964-68 മുതൽ അസ്സീറിയൻ പൗരസ്ത്യ സഭ (കേരളത്തിലെ കൽദായ സുറിയാനി സഭ ഉൾപ്പെടെ), പുരാതന പൗരസ്ത്യ സഭ എന്നിങ്ങനെ രണ്ടായി നില്ക്കുന്നു. എദേസ്സൻ ദൈവശാസ്ത്രകേന്ദ്രമാണ് ഇതിന്റെ ദൈവശാസ്ത്ര വീക്ഷണങ്ങൾ രൂപപ്പെടുത്തിയത്. പൗരസ്ത്യ സുറിയാനിയാണു ആരാധനാ ഭാഷ. കൽദായ റീത്തിൽ മൂന്ന് അനാഫറകൾ ഉണ്ട്. ഒന്ന് മാർ അദ്ദായിയുടെയും മാറിയുടെയുംഅനാഫറ. തെയോറിന്റെഅനാഫറ നെസ്തോറിന്റെ അനാഫറ എന്നിവയാണവ. സിറോ-മലബാർ സഭ, കൽദായ കത്തോലിക്കാ സഭ എന്നിവ പൗരസ്ത്യ സുറിയാനി റീത്ത് വിവിധങ്ങളായ രീതിയിൽ പിന്തുടരുന്നു,

പൗരസ്ത്യ സുറിയാനി സഭാ രീതി[തിരുത്തുക]

പൗരസ്ത്യ സുറിയാനി സഭയെ സൂചിപ്പിക്കുന്ന പൗരസ്ത്യ സുറിയാനി എന്ന വാക്കും രീതി അല്ലെങ്കിൽ ക്രമം എന്നു സൂചിപ്പിക്കുന്ന ലത്തീൻ പദമായ റീത്തൂസ് (ritus)) എന്ന ലത്തീൻ പദത്തിന്റെ മലയാള രൂപമായ റീത്ത് എന്ന വാക്കും ചേർന്നതാണ് പൗരസ്ത്യ സുറിയാനി റീത്ത് പ്രയോഗം [2]. റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തിന് ചിലർ ലിറ്റർജിയെന്നും (ആരാധനാ ക്രമം) പറയാറുണ്ട്. റീത്ത് എന്ന പദത്തിന് ബാഹ്യമായ ആചാരവിധികൾ എന്ന അർത്ഥമാണുള്ളത്. ഒരു ക്രൈസ്തവ സമൂഹത്തിന് പ്രത്യേകമായ ആരാധനാരീതി, ഭക്ത്യാഭ്യാസങ്ങൾ, ആദ്ധ്യാത്മിക വീക്ഷണം, സഭാ ഭരണസമ്പ്രദായങ്ങൾ, കർമാനുമാനുഷ്ഠാന വിധികൾ മുതലായവയെല്ലാം കുറിയ്ക്കാൻ 'റീത്ത് ' എന്ന പദം പില്ക്കാല കൈസ്തവർ ഉപയോഗിച്ചതുടങ്ങി [3]. ഇപ്പറഞ്ഞ ഘടകങ്ങളുടെ പ്രത്യേകത കൊണ്ട് സ്ഥായിയായ ഒരു വ്യക്തിത്വം അവകാശപ്പെടുന്ന ക്രിസ്തീയ സമൂഹങ്ങളെ റീത്തുകാർ എന്നു വിളിയ്ക്കുന്നുണ്ട്. രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകളിൽ പൗരസ്ത്യ കത്തോലിക്കാസഭകളെ സംബന്ധിയ്ക്കുന്ന ഡിക്രിയുടെ രണ്ടാം ഖണ്ഡികയിൽ റോമൻ കത്തോലിക്കാ സഭയുടെ പ്രാദേശിക സഭകളെ റീത്തുകളെന്നു വിളിയ്ക്കുന്നു [4] . പൗരസ്ത്യ സുറിയാനി റീത്ത് എന്നു പറയുമ്പോൾ പൗരസ്ത്യ സുറിയാനി ക്രമം, പൗരസ്ത്യ സുറിയാനിസഭയിൽ ആവിർഭവിച്ച ആരാധനാക്രമം, പൗരസ്ത്യ സുറിയാനി സഭയുടെ ആചാരം, പൗരസ്ത്യ സുറിയാനി സഭയുടെ രീതിയിലുള്ള റോമൻ കത്തോലിക്കാ സഭയുടെ പ്രാദേശിക സഭകൾ എന്നൊക്കെ അർത്ഥമാക്കുന്നു.

പൗരസ്ത്യ സുറിയാനി സഭയും ആചാരാനുഷ്ഠാനങ്ങളും[തിരുത്തുക]

തോമ്മാശ്ലീഹായുടെ ശ്ലൈഹിക പൈതൃകത്തിൽ വേരൂന്നി [5] റോമാ സാമ്രാജ്യത്തിന് പുറത്ത് കിഴക്കൻ ദേശങ്ങളിൽ വളർന്നതും സെലൂക്യ-ക്റ്റെസിഫോൺ ആസ്ഥാനമായിരുന്നതുമായ പൗരസ്ത്യ സഭയുടെ നേതൃത്വം നെസ്തോറിയൻ കക്ഷിയുടെ നിയന്ത്രണത്തിലായതിനു ശേഷം അതിനു് ആരാധനാ ഭാഷയുടെ അടിസ്ഥാനത്തിൽ ലഭിച്ച പേരാണ് പൗരസ്ത്യ സുറിയാനി സഭ എന്നതു്. സുറിയാനി സഭകൾ തമ്മിലുള്ള പരസ്പര സമ്പർക്കം കുറഞ്ഞതുമൂലമുണ്ടായ ഉച്ചാരണഭേദത്തിന്റെയും ലിപിപരിഷ്കരണത്തിലുണ്ടായ ഐകരൂപ്യമില്ലായ്മയുടെയും അടിസ്ഥാനത്തിൽ പ്രാദേശികവും സഭാപരവുമായി സുറിയാനിഭാഷയിൽ ദൃശ്യമായ വകഭേദങ്ങളിലൊന്നാണ് പൗരസ്ത്യ സുറിയാനിഭാഷാഭേദം.

അരാമായ ഭാഷയുടെ വകഭേദമായിരുന്നു സുറിയാനിഭാഷ. യേശുക്രിസ്തുവിന്റെയും ശിഷ്യൻമാരുടെയും കാലത്ത് പാലസ്തീൻ നാട്ടിൽ ഉപയോഗിച്ചിരുന്നത് ഈ വകഭേദമായിരുന്നു. ആദ്യത്തെ നാലു നൂറ്റാണ്ടുകളിൽ എസ്ട്രാംഗേല സുറിയാനി ലിപിയിലായിരുന്നു അതെഴുതിയിരുന്നത്. നെസ്തോറിയൻ കക്ഷിയായ പൗരസ്ത്യ സുറിയാനിക്കാർ എസ്ട്രാംഗേല സുറിയാനി ലിപിയുടെ ചതുര വടിവിലുള്ള എഴുത്തിനോടൊപ്പം അക്ഷരങ്ങൾക്ക് താഴെയും മുകളിലുമായി വ്യത്യസ്ഥമായ കുത്തുകളിട്ട് സ്വരങ്ങൾ രേഖപ്പെടുത്തി. ഉച്ചാരണത്തിലും സ്വരത്തിലും വ്യത്യാസങ്ങൾ വരുത്തി ഉപയോഗിച്ചു. വ്യാകരണത്തിൽ മാറ്റം വരുത്തിയില്ല. പൗരസ്ത്യ സഭയിലെ നെസ്റ്റോറിയൻ വിരുദ്ധ കക്ഷിക്കാരും യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളുടെ പടിഞ്ഞാറുള്ള പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ സഭയിലെ കൽക്കദോന്യ വിരുദ്ധ കക്ഷിക്കാരുമായ പാശ്ചാത്യ സുറിയാനി സഭക്കാർ പ്രബല ഭാഷയായിരുന്ന ഗ്രീക്കിൽ നിന്നും സ്വരം കടമെടുത്ത് ഭാഷ വികസിപ്പിച്ചു. ഉച്ചാരണത്തിലും എഴുത്തു രൂപത്തിലും കാര്യമായ വ്യത്യാസങ്ങൾ വരുത്തി. വ്യാകരണം അതേപടി തുടർന്നു. പൗരസ്ത്യ സുറിയാനി ഭാഷയുടെ ലിപി കൽദായയും പാശ്ചാത്യ സുറിയാനി ഭാഷയുടെ ലിപി സെർത്തോയും ആയി [6].

പൗരസ്ത്യ സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ ബാബോവായ് കാതോലിക്കയെ (457-84) കൊലപ്പെടുത്തിക്കൊണ്ടാണു ക്രിസ്തുവർഷം 484-ൽ പൗരസ്ത്യ സഭയെ നെസ്തോറിയൻ കക്ഷി പിടിച്ചെടുത്തതു്.[7] ക്രിസ്തീയ സഭകളുടെ മൂന്നാമത്തെ ആകമാന സുന്നഹദോസായി പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ എഫേസോസ് നഗരത്തിൽചേർന്ന കൗൺസിലിന്റെ തീരുമാനങ്ങളെ പൗരസ്ത്യ സുറിയാനി സഭ ക്രിസ്തുവർഷം 486-ൽ നിരാകരിയ്ക്കുകയും നെസ്തോറിയസ് ശരിയായി പഠിപ്പിച്ചവനാണെന്നു പ്രഖ്യാപിയ്ക്കുകയും ചെയ്തു.[8] അങ്ങനെ പൗരസ്ത്യ സുറിയാനി സഭ ഇതരസഭകളിൽ നിന്ന് അകന്ന് സ്വയം ഒറ്റപ്പെട്ടു. ഇത് സുറിയാനി സഭയിലും സമൂഹത്തിലും നെടുകെയുള്ള പിളർപ്പായി മാറി. ബാബോവായ് കാതോലിക്കോസ് (457-84) വധിയ്ക്കപ്പെടുകയും പുതിയ കാതോലിക്കോസ് അക്കാക്കിയൂസ് നെസ്തോറിയപക്ഷത്തു നിലയുറപ്പിയ്ക്കുകയും ചെയ്തതോടെ തിരിച്ചടിയേറ്റ പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി പക്ഷം[9] ചിതറിപ്പോയെങ്കിലും 559-ഓടെ ഏകോപിതമാവുകയും 629-ഓടെ 12രൂപതകളുള്ള സമാന്തര സഭയായി മാറുകയും ചെയ്തു. നെസ്തോറിയ കക്ഷിയുടെ സുറിയാനി ഭാഷ പൗരസ്ത്യ സുറിയാനിയും പൗരസ്ത്യ സഭയിലെ നെസ്റ്റോറിയൻ വിരുദ്ധ കക്ഷിയായിരുന്ന പൗരസ്ത്യ ഓർത്തഡോക്സ് സുറിയാനി കക്ഷിയുടെയും സഭയുടെയും കിഴക്കൻ റോമാ സാമ്രാജ്യത്തിലെ (നെസ്റ്റോറിയൻ വിരുദ്ധ - കൽക്കദോന്യാ വിരുദ്ധ) സഭയായ അന്ത്യോക്യൻ സുറിയാനി സഭയുടെയും ആരാധനാ ഭാഷ പാശ്ചാത്യ സുറിയാനി ഭാഷയും ആയി ക്രമേണ മാറി. പൗരസ്ത്യ സുറിയാനിയും പാശ്ചാത്യ സുറിയാനിയും എന്ന പേരിൽ സുറിയാനി ഭാഷയും സുറിയാനിസഭയും സഭയുടെ ആചാരാനുഷ്ഠാനങ്ങളും എല്ലാം രണ്ടായി പിരിഞ്ഞു.

എഫെസൊസ് സുന്നഹദോസ് തീരുമാനങ്ങൾ അലക്സാന്ത്രിയൻ വേദശാസ്ത്രത്തിന്റെ വിജയമായപ്പോൾ അന്ത്യോക്യൻ വേദശാസ്ത്രപക്ഷത്തിനു തിരിച്ചടിയായിരുന്നു. അന്ത്യോക്യൻ വേദശാസ്ത്രം പഠിപ്പിച്ചിരുന്ന എഡേസ്സയിലെ കലാലയത്തിനു പൗരസ്ത്യ സഭയിൽ സ്വാധീനമുണ്ടായിരുന്നതു വഴിയും കിഴക്കൻ പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ നെസ്തോറിയകക്ഷിക്കാരെ നാടുകടത്തിയതു വഴിയും പൗരസ്ത്യ സഭയിൽ നെസ്തോറിയകക്ഷിക്കാരുടെ എണ്ണം വർദ്ധിച്ചുവന്നു. അതിനെ നിയന്ത്രിയ്ക്കുവാൻ സഭാദ്ധ്യക്ഷനായ ബാബോവായ് കാതോലിക്കയ്ക്കു (457-84) കഴിഞ്ഞില്ലെന്നു മാത്രമല്ല പെറോസ് രാജാവിന്റെ പിന്തുണയോടെ നെസ്തോറിയ കക്ഷിയെവളർത്താൻ യത്നിച്ചുകൊണ്ടിരുന്ന നിസിബിസിലെ ബർസൗമ മെത്രാന്റെ (459-491) ഗൂഢോലോചനയ്ക്കിരയാവുകയും ചെയ്തു.[10] 484-ൽ കാതോലിക്കക്കെതിര സുന്നഹദോസ് വിളിച്ചു കൂട്ടി കാതോലിക്കയെ മുടക്കുകയും ചതിയിൽപെടുത്തി രാജ്യദ്രോഹിയാക്കി രാജാവിനെ കൊണ്ട് കൊല്ലിക്കുകയും ചെയ്തു.[11] എഡേസ്സയിലെ കലാലയം പൗരസ്ത്യ റോമാസാമ്രാജ്യത്തിലെ സെറോ ചക്രവർത്തിയുടെ കല്പനവച്ച് എഡേസ്സയിലെ മെത്രാൻ കോരശ് മെത്രാൻ (സൈറസ്) 489-ൽ അടച്ചുപൂട്ടിച്ചപ്പോൾ ബർസൗമ മെത്രാന്റെ സഹായത്തോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും നിസിബിസിലേയ്ക്കു പോയി അവിടെ പുതിയ കലാലയം തുടങ്ങി. എഡേസ്സയിലെ കലാലയത്തിന്റെ അദ്ധ്യക്ഷനായിരുന്ന നർസൈ നിസിബിസ് കലാലയത്തിന്റെയും അദ്ധ്യക്ഷനായി അഞ്ചുപതിറ്റാണ്ടു തുടർന്നു

നർസൈയുടെ മരണശേഷം അദ്ദേഹത്തിന്റെ ശിഷ്യനായ യൌസേപ്പ് ഹസ്സായ നിസിബിസ് കലാലയത്തിന്റെഅദ്ധ്യക്ഷനായി. അദ്ദേഹത്തിന്റെ കാലത്താണു അവരുടെ സുറിയാനി ഉച്ചാരണം പൗരസ്ത്യ സുറിയാനിരീതിയിലേയ്ക്കു മാറ്റിയതെന്നും നർസൈയുടെ കാലത്തുകൂടിയും ഉച്ചാരണം പാശ്ചാത്യ സുറിയാനിക്കാരായ തങ്ങളുടേതുപോലെയായിരുന്നെന്നും പന്ത്രണ്ടാം നൂറ്റാണ്ടിലെ സഭാചരിത്രകാരനായ ബർ എബ്രായ (1226 - 1286) അവകാശപ്പെട്ടിട്ടുണ്ടു്.[12] യൌസേപ്പ് ഹസ്സായയുടെ കാലത്തെ നെസ്തോറിയൻ പൗരസ്ത്യ കാതോലിക്കയായിരുന്ന മാർ ആബാ (540-552) നെസ്തോറിയസിന്റെയും തിയഡോറിന്റെയും അനഫറയും നെസ്തോറിയസിന്റെ ചില കൃതികളും ബൈസാന്തിയ സാമ്രാജ്യത്തിൽ (പൗരസ്ത്യ കിഴക്കൻ റോമാസാമ്രാജ്യം) നിന്നു കൊണ്ടുവന്നു വിവർത്തനം ചെയ്തു നടപ്പാക്കി. നെസ്തോറിയസിനെ കൂടാതെ തർസീസിലെ തിയഡോർ, മോപ്സുവെസ്റ്റായിലെ തിയഡോർ എന്നീ പണ്ഡിതന്മാരാണു സഭയുടെ വിശുദ്ധന്മാരും ആചാര്യന്മാരുമായി ഗണിയ്ക്കപ്പെട്ടുപോരുന്നതു.

അർസസിഡ് വംശക്കാരും (ക്രി.മു 247-ക്രി.വ. 227) സസാനിയൻ വംശക്കാരുമായ ( ക്രി.വ. 208-651) പേർഷ്യൻ രാജാക്കൻമാരുടെയും അറബികളുടെയും (652 മുതൽ) കാലത്തുണ്ടായ മതപീഢനങ്ങൾ നിമിത്തവും മറ്റു കാരണങ്ങളാലും ഇന്ത്യയിലും ചൈനയിലും അടക്കം ഏഷ്യയുടെ പല ഭാഗങ്ങളിൽ പൗരസ്ത്യ സുറിയാനി സഭ പൊതവേ പ്രചാരം നേടി. സ്വദേശം ഉപേക്ഷിച്ച് കച്ചവടത്തിനായും ജീവരക്ഷയ്ക്കായും കുടിയേറി പാർത്ത വിശ്വാസികളും മതപ്രർത്തകരുമായവരുടെ പ്രേഷിത പ്രവർത്തനം മൂലം എഴാംനൂറ്റാണ്ടിന്റെ ആരംഭം മുതൽ പതിനാലാം നൂറ്റാണ്ടുവരെ പൗരസ്ത്യദേശങ്ങളിലാകെ നെസ്തോറിയർക്കു പുരോഗതിയുണ്ടായി.

ഹൂണരുടെ, പ്രത്യേകിച്ച് തിമൂറിന്റെ 1336-1405 ആക്രമണത്തോടെ സഭ തകർച്ചയിലായി. അടിച്ചമർത്തലിൽ നിന്ന് രക്ഷപ്പെടാൻ കുർദിസ്ഥാൻ മലയിൽ കയറി കൂടിയ ചെറിയ കൂട്ടമാണ് ഈ സഭയെ നിലനിറുത്തിയത്. ചൈനയിലെ സഭ 15-ാം നൂറ്റാണ്ടിൽ തന്നെ നിശ്ചലമാവുകയും നാമാവശേഷമാവുകയും ചെയ്തു. തിബത്തിലെയും ജാപ്പാനിലെയും സഭ മറ്റുമതങ്ങളിൽ ലയിച്ചുചേരുകയും ചെയ്തു.

നെസ്തോറിയൻ വിശ്വാസം പുലർത്തിയിരുന്ന കിഴക്കിന്റെ സഭയിൽ 1552-ൽ ഉണ്ടായ ഒരു ഛിദ്രത്തിന്റെ ഫലമായി ഇവരിൽ ഒരു വിഭാഗം റോമുമായി ചർച്ചകൾ നടത്തുകയും അതുവഴി മാർപ്പാപ്പയുടെ പരമാധികാരം അംഗീകരിക്കുന്ന റോമൻ കത്തോലിക്കാ സഭയിലെ ഒരു പ്രത്യേക റീത്ത് അഥവാ വ്യക്തിസഭയായി മാറി. ഇവർ കൽദായ കത്തോലിക്കാ സഭ എന്നറിയപ്പെടുന്നു. അങ്ങനെ പൗരസ്ത്യ സുറിയാനി സഭയുടെ അഥവാ കിഴക്കിന്റെ സഭയുടെ ആസ്ഥാനമായ പേർഷ്യയിൽ നെസ്തോറിയനായ "കിഴക്കിന്റെ കാതോലിക്കാ-പാത്രിയർക്കീസ്"സ്ഥാനത്തിനു സമാന്തരമായി റോമുമായി കൂട്ടായ്മയിലുള്ള "കൽദായ" പാത്രിയർക്കാ സ്ഥാനവും നിലവിൽ വന്നു. കിഴക്കിന്റെ സഭയുമായി ബന്ധത്തിലായിരുന്ന കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളുടെ സഭയിലേക്ക് ഇരു വിഭാഗവും അവരുടെ മെത്രാന്മാരെ അയച്ചു തുടങ്ങി. അതേ സമയം അക്കാലത്ത് കേരളത്തിലെ അധികാരം നിയന്ത്രിച്ചിരുന്ന പോർച്ചുഗീസുകാർക്കും അവരോടൊപ്പം ഉണ്ടായിരുന്ന കത്തോലിക്കാ മിഷണറിമാർക്കും മാർത്തോമാ ക്രിസ്ത്യാനികളുടെ പൗരസ്ത്യ സുറിയാനി ആരാധനാക്രമവുമായും തദ്ദേശീയമായ ആചാരങ്ങളുമായും പൊരുത്തപ്പെടാനായില്ല. പദ്രുവാദോ ഉടമ്പടി പ്രകാരം ഇന്ത്യയിലെ ക്രൈസ്തവരുടെ മേൽ തങ്ങൾക്ക് അധികാരമുണ്ടെന്ന് കരുതിയിരുന്ന പോർച്ചുഗീസുകാരായ സഭാധികാരികൾ 1599-ൽ ഉദയമ്പേരൂർ സൂനഹദോസ് എന്ന മതസമ്മേളനത്തിലൂടെ കേരളത്തിലെ മാർത്തോമാ ക്രിസ്ത്യാനികളെ റോമാ സഭയുടെ അധികാരത്തിൽ കീഴിൽ കൊണ്ടു വന്നു. എന്നാൽ സഭാധികാരികളായി വന്ന ജസ്യൂട്ട് മിഷണറിമാരുടെ നിർബന്ധിത ലത്തീൻവൽക്കരണത്തിൽ അങ്ങേയറ്റം അസംതൃപ്തരായ മാർത്തോമാ ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും 1653-ൽ കൂനൻ കുരിശ് സത്യം എന്ന കലാപത്തിലൂടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും അവരുടെ അർക്കദ്യാക്കോൻ അഥവാ സമുദായ തലവനായിരുന്ന തോമായെ തങ്ങളുടെ ഗവർണറായി പ്രഖ്യാപിക്കുകയും തുടർന്ന് മാർത്തോമ്മാ ഒന്നാമൻ എന്ന അദ്ദേഹത്തെ പേരിൽ പന്ത്രണ്ട് വൈദികർ ചേർന്ന് മെത്രാനായി വാഴിക്കുകയും ചെയ്തു. എന്നാൽ പിന്നീട് റോമിൽ നിന്ന് കർമ്മലീത്ത മിഷണറിമാരുടെ നേതൃത്വത്തിലുള്ള പ്രൊപ്പഗാന്താ മിഷൻ കേരളത്തിലെത്തുകയും മാർത്തോമാ ഒന്നാമനെ മറ്റൊരു മെത്രാന്റെ കൈവെയ്പില്ലാതെ മെത്രാനായി വാഴിച്ചത് സഭാനിയമപ്രകാരം സാധുതയില്ലാത്തതുമാണ് പ്രചരിപ്പിച്ചു. മിഷണറിമാരുടെ പ്രേരണയാൽ മാർത്തോമാ ഒന്നാമനോടൊപ്പം ഉണ്ടായിരുന്നവരിൽ ഒരു വലിയ പങ്ക് റോമാ സഭയിലേയ്ക്ക് തിരികെ പോയി. പൗരസ്ത്യ സുറിയാനി ആരാധനാക്രമം കത്തോലിക്കാ ദൈവശാസ്ത്രത്തിന് അനുരൂപമായി ഉപയോഗിക്കുന്ന ഇവർ പിന്നീട് സീറോമലബാർ റീത്ത് അഥവാ സിറോ-മലബാർ സഭ എന്ന് അറിയപ്പെട്ടു. ഇവരിൽ ഒരു വിഭാഗം പത്തൊമ്പതാം നൂറ്റാണ്ടിൽ വേർപിരിഞ്ഞ് നെസ്തോറിയൻ പൗരസ്ത്യ സുറിയാനി സഭയുടെ ഭാഗമായി. തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ വിഭാഗംകേരളത്തിൽ കൽദായ സുറിയാനി സഭയെന്ന പേരിലാണറിയപ്പെടുന്നതു്. മാർത്തോമാ ഒന്നാമനോടൊപ്പമുണ്ടായിരുന്ന വിഭാഗം തങ്ങളുടെ നിലനില്പിനായി വിവിധ പൗരസ്ത്യ സഭകളുമായി ബന്ധപ്പെട്ടു. അങ്ങനെ 1665-ൽ പാലസ്തീനിൽ നിന്ന് യെരുശലേമിന്റെ മെത്രാപ്പൊലിത്ത എന്ന പദവിയുള്ള മാർ ഗ്രിഗോറിയോസ് അബ്ദുൾ ജലീൽ എന്ന സുറിയാനി ഓർത്തഡോക്സ് മെത്രാൻ കേരളത്തിൽ വന്നു. അദ്ദേഹത്തിന്റെ കൈവശം മാർത്തോമ്മാ ഒന്നാമന്റെ അധികാരം ഉറപ്പിക്കാൻ ഉള്ള അന്ത്യോക്യാ പാത്രിയാർക്കിസിന്റെ അനുമതിപത്രം ഉണ്ടായിരുന്നു. അദ്ദേഹത്തിൽ നിന്നും മാർത്തോമാ ഒന്നാമൻ തനിക്ക് വേണ്ടിയിരുന്ന കൈവെയ്പ് നേടുകയും അതുവഴി അന്ത്യോക്യയിലെ പാത്രിയർക്കീസിന്റെ ആത്മീയാധികാരം അംഗീകരിക്കുകയും ചെയ്തു.[13] അദ്യമൊക്കെ പൗരസ്ത്യസുറിയാനി ആരാധനക്രമം തന്നെ പിന്തുടർന്ന ഇവർ ക്രമേണെ പാശ്ചാത്യ സുറിയാനി ആരാധനാക്രമം അഥവാ അന്ത്യോക്യൻ ആരാധനാക്രമം സ്വീകരിച്ചു.[14]

പേർഷ്യയിലെ നെസ്തോറിയൻ പാത്രിയർക്കീസിന്റെ കീഴിലുള്ള കിഴക്കിന്റെ സഭയിൽ 1964-68 കാലത്ത് ആരാധനാക്രമവർഷം ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ആചരിക്കാനുള്ള മാർ ഈശൈ ശിമോൻ ഇരുപത്തിരണ്ടാമൻ പാത്രിയർക്കീസിന്റെ തീരുമാനത്തെ തുടർന്ന് പുതിയ കലണ്ടർ കക്ഷിയും പഴയ കലണ്ടർ കക്ഷിയും എന്നിങ്ങനെ സഭ വീണ്ടും പിളർന്നു. പുതിയ (ഗ്രിഗോറിയൻ) കലണ്ടർ കക്ഷി അസ്സീറിയൻ പൗരസ്ത്യ സഭയെന്നും പഴയ (ജൂലിയൻ) കലണ്ടർ കക്ഷി പുരാതന പൗരസ്ത്യ സഭയെന്നും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയിൽ ഇറാക്കിലെ കൽദായ കത്തോലിക്കാ റീത്തും കേരളത്തിലെ സിറോ-മലബാർ കത്തോലിക്കാ റീത്തും ശാഖാറീത്തുകളായ മാതൃറീത്താണു് പൗരസ്ത്യ സുറിയാനി റീത്ത്. എങ്കിലും അവയ്ക്ക് ഒരു പൊതു സൂനഹദോസോ പൊതുസമിതിയോ ഇല്ല. ഇരു ശാഖാറീത്തുകൾ തമ്മിലുള്ള ബന്ധവും സഹകരണവും റോമാ സഭയെന്ന പാശ്ചത്യ റീത്തിന്റെ തലവനായ റോമാ മാർപാപ്പായുടെ പരമാദ്ധ്യക്ഷത സ്വീകരിച്ച് റോമാ സഭാഭരണകൂടമായ വത്തിക്കാനിലെ റോമൻ കൂരിയയുടെ ഭാഗമായ പൗരസ്ത്യ തിരുസംഘമെന്ന മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിയ്ക്കുന്ന 23 കിഴക്കൻ പ്രത്യേക സഭകളിൽ (Sui Juri )പെട്ടവ എന്നനിലയിലാണു്. വ്യത്യസ്ഥനിലകളിൽ സ്വയംഭരണാവകാശമുള്ള കിഴക്കൻ പ്രത്യേക സഭകളായ (Sui Juri) പൗരസ്ത്യ കത്തോലിക്കാ വ്യക്തിസഭകൾ ഒന്ന് ഒന്നിന്റെ കീഴിലല്ല റോമാ മാർപാപ്പായല്ലാതെ പൊതുമേലദ്ധ്യക്ഷനോ ഏകോപനസമിതിയോ ഇല്ല.

അവലംബങ്ങൾ[തിരുത്തുക]

 1. മാർപാപ്പായുടെ കീഴിൽ തനതുപാരമ്പര്യങ്ങളുമായി കഴിയുന്ന കത്താലിക്കാ വിഭാഗങ്ങൾ എന്നാണു റീത്ത് എന്ന വാക്കിനു ഡി.ബാബു പോൾ വേദശാസ്ത്ര രത്നാകരം ബൈബിൾ നിഘണ്ടുവിൽ നല്കിയിരിയ്ക്കുന്ന നിർവചനം (ഡി.ബാബു പോൾ: വേദശാസ്ത്ര രത്നാകരം ബൈബിൾ നിഘണ്ടു; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്)
 2. റീത്ത് എന്ന സംജ്ഞകൊണ്ട് വിവക്ഷിയ്ക്കുന്നത് ഒരു സമൂഹത്തിന്റെ ആരാധനാരീതിയും അതിനോടു ബന്ധപ്പെട്ട മതാനുഷ്ഠാന വിധികളുമാണ്. റീത്തൂസ് എന്ന ലത്തീൻ വാക്കിന്റെ രൂപാന്തരമാണ് മലയാളത്തിലെ റീത്ത്. ആർച്ച് ബിഷപ്പ് സിറിൾ മാർ ബസേലിയോസ്:അന്ത്യോക്യൻ റീത്ത് /സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 പുറം 740
 3. ഒരു ക്രൈസ്തവ സമൂഹത്തിന്റെ പ്രത്യേകമായ ആചാരാനഷ്ഠാനങ്ങളും ഈശ്വരാരാധനാ വിധികളും ഭരണ സംവിധാനവുമെല്ലാം ചേർന്നതാണ് റീത്ത് അഥവാ റൈറ്റ് (Rite). റീത്തിന് ചിലർ ലിറ്റർജി യെന്നും പറയാറുണ്ട്. (ഡോ. ജോൺ മാതേയ്ക്കൽ : സീറോ മലബാർ ലിറ്റർജി/ സമ്പാദകർ : ഡോ.ജേക്കബ് കട്ടയ്ക്കൽ, ഡോ.ജേക്കബ് പുഞ്ചക്കുന്നേൽ:ക്രിസ്തു ദർശനം; കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് രണ്ടാം പതിപ്പ് 1996 ; പുറം 715)
 4. പരിശുദ്ധ കത്തോലിക്കാസഭ ക്രിസ്തുവിന്റെ ഭൗതികശരീരമാണു.ഇതിൽ (കത്തോലിക്കാസഭയിൽ) ഉൾപ്പെടുന്നവർക്ക്വിശ്വാസം ഒന്ന് കൂദാശകൾ ഒന്ന്, ഭരണരീതിയും ഒന്ന്. ഇവ വഴി വിശ്വസികൾ പരിശുദ്ധാത്മാവിൽ സജീവമായി സംയോജിയ്ക്കപ്പെട്ടിരിയ്ക്കുന്നു. വിശ്വാസികൾ വിവിധ സമൂഹങ്ങളായി, ഹയരാർക്കിയുടെ കീഴിൽ പ്രാദേശിക സഭകൾ അല്ലെങ്കിൽ റീത്തുകളായി സമ്മേളിച്ചിരിയ്ക്കുന്നു. (പൗരസ്ത്യ കത്തോലിക്കാസഭകളെ സംബന്ധിയ്ക്കുന്ന ഡിക്രി) രണ്ടാം വത്തിയ്ക്കാൻ കൗൺസിൽ പ്രമാണ രേഖകൾ, ധർമ്മാരാം പബ്ലിക്കേഷൻസ്, ധർമ്മ രാംകോളേജ്, ബംഗലൂരു 560029 ; 1988 പുറം 149
 5. എദേസ്സ സഭ മാർത്തോമ്മാ ശ്ലീഹായെയാണ് പിതാവായി വണങ്ങുന്നത്. എദേസ്സയെ അനുഗ്രഹീത നഗരമെന്നും മാർത്തോമ്മാ ശ്ലീഹായുടെ പട്ടണമെന്നും വിളിയ്ക്കാറുണ്ട്.- പാരമ്പര്യം : ദൈവശാസ്ത്ര വിശകലനം ഡോ.ജോസഫ് കല്ലറങ്ങാട്ട് ;2000 ജൂലൈ 3; ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം; പുറം:34
 6. യേശുക്രിസ്തുവിന്റെയും ശിഷ്യൻമാരുടെയും കാലത്ത് പാലസ്തീൻ നാട്ടിൽ ഉപയോഗിച്ചിരുന്ന അരാമായ ഭാഷയുടെ വകഭേദമായിരുന്നു സുറിയാനിഭാഷ. ആദ്യത്തെ നാലു നൂറ്റാണ്ടുകളിൽ എസ്ട്രാംഗേല സുറിയാനി ലിപിയിലായിരുന്നു അതെഴുതിയിരുന്നത്. യൂഫ്രട്ടീസ്-ടൈഗ്രീസ് നദികളുടെ കിഴക്കും പടിഞ്ഞാറും സുറിയാനി ക്കാർ താമസിച്ചു വന്നവർ . നദികളുടെ പടിഞ്ഞാറുഭാഗം റോമായുടെയും കിഴക്ക് ഭാഗം സസ്സാനിയൻ സാമ്രാജ്യത്തിന്റെയും ഭാഗമായി. ഇരു സാമ്രാജ്യങ്ങളും തമ്മിലുള്ള ആവർത്തിച്ചുള്ള യുദ്ധങ്ങൾ പരസ്പരസമ്പർക്കം കുറയുന്നതിനിടയാക്കി. ഇക്കാലത്ത് റോമാസാമ്രാജ്യത്തിലെ സുറിയാനിക്കാർ അവിടത്തെ പ്രബല ഭാഷയായിരുന്ന ഗ്രീക്കിൽ നിന്നും സ്വരം കടമെടുത്ത് ഭാഷ വികസിപ്പിച്ചു. ഉച്ചാരണത്തിലും എഴുത്തു രൂപത്തിലും കാര്യമായ വ്യത്യാസങ്ങൾ വരുത്തി. വ്യാകരണം അതേപടി തുടർന്നു. കിഴക്കുഭാഗത്തെ സുറിയാനിക്കാർ എസ്ട്രാംഗേല സുറിയാനി ലിപിയുടെ ചതുര വടിവിലുള്ള എഴുത്തും അക്ഷരങ്ങൾക്ക് താഴെയും മുകളിലുമായി വ്യത്യസ്ഥമായ കുത്തുകളിട്ട് സ്വരങ്ങൾ രേഖപ്പെടുത്തി. ഉച്ചാരണത്തിലും സ്വരത്തിലും വ്യത്യാസങ്ങൾ വരുത്തി ഉപയോഗിച്ചു. ഇവരും വ്യാകരണത്തിൽ മാറ്റം വരുത്തിയില്ല. ഇപ്രകാരം റോമാ സാമ്രാജ്യത്തിൽ ഒരു പാശ്ചാത്യ സുറിയാനി രൂപവും സസാനിയൻ പേർഷ്യാ സാമ്രാജ്യത്തിൽ ഒരു പൗരസ്ത്യ സുറിയാനിരൂപവും ഉണ്ടായി. സാമ്രാജ്യങ്ങൾ തമ്മിലുള്ള ശത്രുത മൂലം രണ്ടു പ്രദേശങ്ങളിലെയും സുറിയാനി ക്കാർ തമ്മിലുള്ള ആശയ സംവേദനങ്ങൾ പരിമിതപ്പെടു. ഇരു പ്രദേശങ്ങളിലുമുള്ള സഭാ പാരമ്പര്യങ്ങളബകാരം സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ വ്യതിരിക്ത സ്വഭാവമുളള തായി. - പൗരസ്ത്യ സഭാ ശാസ്ത്ര ദർശനങ്ങൾ, ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത മലങ്കര ഓർത്തഡോക്സ് ചർച്ച് പബ്ലിക്കേഷൻസ് കോട്ടയം 2016 ഡിസം. പുറം 138
 7. തുടർന്ന് കാതോലിക്ക യായ അക്കാചിയൂസ് 486 -ൽ സെലൂഷ്യയിൽ ഒരു സിനഡ് വിളിച്ചു കൂട്ടി. കാൽസിഡോൺ വിരുദ്ധരുടെ പ്രവർത്തനം മൂലം പേർഷ്യൻ സഭയിൽ ഉടലെടുത്ത പ്രശ്നങ്ങളെപ്പറ്റി ചർച്ച ചെയ്തു. ക്രിസ്തു ശാസ്ത്രം സംബന്ധിച്ച് കാൽസിഡന്റെ പേരെടുത്തു പറയാതെ കാൽസിഡോൺ പ്രബോധനം അവർ സ്വീകരിച്ചു. - ജി ചേടിയത്ത്: പൗരസ്ത്യ കാതോലിക്കോസ്, ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം; 1999; പുറം: 47 (കാൽസിഡോൺ വിരുദ്ധരുടെ എന്നതിന് ഓർത്തഡോക്സുകാരുടെ എന്ന അര്ത്ഥം)
 8. അക്കാകിയൂസ് ഒരു സിനഡ് വിളിച്ചു കുട്ടി . നെസ്തോറിയൻ വിശ്വാസം ഉറപ്പിച്ചു. അങ്ങനെ നെസ്റ്റോറിയനിസം പൗരസ്ത്യദേശത്ത് പ്രബലമായി. ബർ എബ്രായ സഭാചരിത്രം രണ്ടാം ഭാഗം വിവർത്തനം ജി ചേടിയത്ത് - ജി. അപ്പശ്ശേരി ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് വടവാതൂർ, കോട്ടയം 1990 പുറം 39
 9. അക്കാലത്ത് സെലൂഷ്യയുടെ സമീപത്തുള്ള ബേത് അർശാം ഗ്രാമത്തിൽ നിന്നുള്ള ശെമഓൻ എന്നു പേരുള്ള സത്യവിശ്വാസിയായ ഒരു വൈദീകനുണ്ടായിരുന്നു. കവാദ് രാജാവിന്റെ പദ്ധതിമനസ്സിലാക്കി ശെന്നാറും പേർഷ്യ മുഴുവനും ചുറ്റിസഞ്ചരിയ്ക്കുന്നതിനും സ്വതന്ത്രമായി യോഗങ്ങൾ വിളിച്ചു കൂട്ടുന്നതിന് ഓർത്തഡോക്സുകാരെ പ്രേരിപ്പിക്കുന്നതിനും നെസ്തോറിയരുടെ ശക്തി കുറയ്ക്കുന്നതിനും വേണ്ട കല്പന കവാദിൽ നിന്ന് അയാൾ സമ്പാദിച്ചു. താൻ നെസ്തോറിയുസിന്റെ പ്രബോധനങ്ങളിൽ നിന്ന് അന്യനാണെന്ന് ഗ്രീക്കുകാരിൽ നിന്നും അർമീനിയരിൽ നിന്നും സിറിയക്കാരിൽ നിന്നും അയാൾ സാക്ഷി പത്രങ്ങൾ സമ്പാദിച്ചു. അവ രാജ സമക്ഷം ഹാജരാക്കി. രാജാവ് തന്റെ രാജകീയ മുദ്രയാൽ അതിനെ അംഗീകരിച്ചു. വിശ്വാസപ്രഖ്യാപന രേഖകൾ എന്ന് അവ വിളിക്കപ്പെട്ടു. താൻ സഞ്ചരിച്ചിടങ്ങളിലെല്ലാം ഈ രേഖകൾ കാണിച്ചു അവ പിന്നീട് തഗ്രീതിൽ സൂക്ഷിച്ചു വച്ചിരുന്നു. ബർസൗമായുടെ സ്വാധീനം ഉണ്ടാകാത്ത ഏക പട്ടണം തഗ്രീത് മാത്രമായിരുന്നു. -- ബർ എബ്രായ സഭാചരിത്രം രണ്ടാം ഭാഗം വിവർത്തനം ജി ചേടിയത്ത് - ജി. അപ്പശ്ശേരി ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് വടവാതൂർ, കോട്ടയം 1990 പുറം :43
 10. നിസിബിസ് മെത്രാൻ ബർസൌമ 484-ൽ ഒരുസിനഡ് ബേത് - ലാപാതിൽ (ഏലാം) വിളിച്ചു കൂട്ടി . കാതോലിക്കയെ എതിർത്തിരുന്നവരൊക്കെ അതിൽ സംബന്ധിച്ചു. ബാബോവായ്ക്ക് പാശ്ചാത്യ പിതാക്കൻമാരുടെ പിന്തുണ ലഭിയ്ക്കുവാൻ സാദ്ധ്യതയില്ലെന്നും ബർസൗമ കണ്ടു. സിനഡിൽ സംബന്ധിച്ചവരൊക്കെക്കൂടി കാതോലിക്കയെ സ്ഥാനഭ്രഷ്ടനാക്കി. 484 - ൽ കാതോലിക്കയെ പേർഷ്യൻ രാജാവ് വധിച്ചു. - ജി ചേടിയത്ത്: പൗരസ്ത്യ കാതോലിക്കോസ്, ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ്, പൗരസ്ത്യ വിദ്യാപീഠം, വടവാതൂർ, കോട്ടയം; 1999; പുറം: 47
 11. ബർ എബ്രായ : സഭാചരിത്രം (രണ്ടാം ഭാഗം) വിവർത്തനം: ജി ചേടിയത്ത് - ജി. അപ്പശ്ശേരി; ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് വടവാതൂർ, കോട്ടയം 1990 പുറം :36
 12. ബർ എബ്രായ : സഭാചരിത്രം (രണ്ടാം ഭാഗം) വിവർത്തനം: ജി ചേടിയത്ത് - ജി. അപ്പശ്ശേരി; ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലിജിയസ് സ്റ്റഡീസ് വടവാതൂർ, കോട്ടയം 1990 പുറം :41
 13. The Quarterly Journal of the Mythic Society. Vol.3 (ഭാഷ: ഇംഗ്ലീഷ്). മിത്തിക്ക് സൊസൈറ്റി. 1911. പുറം. 141. This incident marks an epoch in the history of the Syrian Church, and led to a separation of the community into parties, namely the Pazhayakuru (the Romo - Syrians) who adhered to the Church of Rome according to the Synod at Diamper ; and the Puttankuru , the Jacobite Syrians , who after the oath of the Coonan Cross got Mar Gregory from Antioch, acknowledged the spiritual supremacy thereof
 14. ബ്രോക്ക്, സെബാസ്റ്റ്യൻ പി. (2011). "Thomas Christians". എന്നതിൽ Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (സംശോധകർ.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press. ശേഖരിച്ചത് 14 June 2021. Contact in due course was made by the adherents of Thomas with a Syr. Orth. bp., Mar Gregorios, in 1665, and links with the Syr. Orth. Church were further strengthened in 1685,....... In this way the W.-Syr. liturgical tradition (and script) was gradually introduced into Malabar, and seems to have been fully effected by the end of the first quarter of the 19th cent.