ഉള്ളടക്കത്തിലേക്ക് പോവുക

സീറോ-മലബാർ ആചാരക്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽദായ ആചാരക്രമത്തിന്റെ ഇന്ത്യൻ ഉപയോഗ ശൈലിയാണ് സീറോ-മലബാർ ആചാരക്രമം (ഇംഗ്ലീഷ്: Syro-Malabar Rite) അഥവാ മലബാർ ആചാരക്രമം (Malabar Rite). സീറോ-മലബാർ കത്തോലിക്കാ സഭയിലാണ് നിലവിൽ ഇത് ഉപയോഗിക്കപ്പെടുന്നത്. കിഴക്കിന്റെ സഭയുടെ ഭാഗമായിരുന്ന തെക്കേ ഇന്ത്യയിലെ മാർത്തോമാ നസ്രാണികളുടെ ആചാരക്രമമായി നിലനിന്ന ഇത് തദ്ദേശീയ സാംസ്കാരിക ഘടകങ്ങളും ഉൾകൊണ്ടാണ് വികസിച്ചത്. 16ാം നൂറ്റാണ്ടിലെ പോർച്ചുഗീസ് അധിനിവേശത്തെ തുടർന്ന് ഇത് വ്യാപകമായി ലത്തീൻവത്കരിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിന്റെ അവസാന പകുതിയിൽ പൂർവ്വിക ആരാധനാക്രമം പുനരുദ്ധരിക്കുന്ന ശ്രമങ്ങളും കത്തോലിക്കാ സഭ ഔദ്യോഗികമായി ആരംഭിച്ചു. 20ാം നൂറ്റാണ്ടിന്റെ അവസാന പകുതി മുതൽ പുനരുദ്ധാരണത്തിനായി ആവശ്യപ്പെടുന്നവരും അതിനുപകരം ഭാരതീയ രീതികൾക്കനുസരിച്ച് നിലവിലുള്ള ആരാധനാക്രമരൂപത്തിൽ പരിഷ്കരണങ്ങളോ അല്ലെങ്കിൽ ഒരു പുതുപുത്തൻ ആരാധനാക്രമം തന്നെയോ ആവശ്യപ്പെടുന്നവരും തമ്മിലുള്ള കലഹം നിലവിലുണ്ട്.[1][2][3]

മാർത്തോമാ സ്ലീവയുടെ അനുരാഥപുര രൂപം

വിശുദ്ധ കുർബാന

[തിരുത്തുക]

കൽദായ ആചാരക്രമം അഥവാ പൗരസ്ത്യ സുറിയാനി ആചാരക്രമത്തിന്റെ ഇന്ത്യൻ വകഭേദമാണ് സീറോ-മലബാർ ആചാരക്രമം. ഈ ആചാരക്രമവിഭാഗത്തിലെ ദിവ്യബലി അർപ്പണം വിശുദ്ധ കുർബാന (സുറിയാനി: ܩܘܪܒܢܐ ܩܕܝܫܐ; ഖുർബാനാ ഖന്ദീശാ) എന്നാണ് അറിയപ്പെടുന്നത്. വിശുദ്ധ കുർബാനയുടെ സമ്പൂർണ്ണ രൂപം റാസ (സുറിയാനി: ܐܪܙܐ; രഹസ്യം) എന്നാണ് അറിയപ്പെടുന്നത്.

കൽദായ രീതിയിൽ ഉള്ള ഒരു ആധുനിക സീറോ മലബാർ പള്ളിയുടെ ഉൾഭാഗം; പള്ളിയുടെ കിഴക്കേ ഭിത്തിയോട് ചേർന്ന് മദ്ബഹയും അതിന് മുന്നിൽ പള്ളിയുടെ മദ്ധ്യഭാഗത്ത് ബേമയും

രൂപങ്ങൾ

[തിരുത്തുക]

വിശുദ്ധ കുർബാനയുടെ സമ്പൂർണ്ണ രൂപമായ റാസയ്ക്ക് പുറമേ, ചുരുക്ക രൂപങ്ങളായ ആഘോഷപൂർവ്വകമായ ക്രമം, സാധാരണ ക്രമം എന്നീ രണ്ട് രൂപങ്ങൾ കൂടി ഉപയോഗത്തിലുണ്ട്.[4]

വിശുദ്ധ കുർബാനയുടെ സമ്പൂർണ്ണവും ആചാരപരമായി ഏറ്റവും സമ്പുഷ്ടവുമായ രൂപമാണ് 'റാസ' എന്നറിയപ്പെടുന്നത്. മറ്റ് രണ്ട് ക്രമങ്ങളിൽ നിന്ന് വ്യത്യസ്തമായി കൂടുതൽ വിശാലമായ കർമ്മവിധികളും ഗാനങ്ങളും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്ലീവാചുംബനം, വിപുലമായ വചനശുശ്രൂഷ, സാഷ്ടാംഗപ്രണാമം എന്നിവ ഇതിൽപ്പെടുന്നു.

കൽദായ ആചാരക്രമം പിന്തുടരുന്ന എല്ലാ സഭകളിലും വിശുദ്ധ കുർബാനയുടെ സമ്പൂർണ്ണ ക്രമം റാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. അതേസമയം മറ്റു സഭകളിൽ നിന്ന് വ്യത്യസ്തമായ ഘടകങ്ങളും സീറോ-മലബാർ ക്രമത്തിൽ ഉണ്ട്. സീറോ-മലബാർ ക്രമത്തിലെ റാസയിൽ ഉള്ള ഒരു പ്രത്യേകത സാഷ്ടാംഗപ്രണാമം എന്ന ഭാഗമാണ്.[5][6]

വിശുദ്ധ കുർബാനയുടെ വചനശുശ്രൂഷയ്ക്കും മാമ്മോദീസാ അർത്ഥികളുടെ ആശിർവാദത്തിനും പറഞ്ഞയയ്ക്കലിനും ശേഷമാണ് സാഷ്ടാംഗപ്രണാമം നടത്തിവരുന്നത്.[7] കാർമ്മികനായ പുരോഹിതൻ പള്ളിയുടെ മദ്ധ്യഭാഗത്ത് എത്തിച്ചേർന്ന് അവിടെ നിലത്ത് വിരിച്ചിരിക്കുന്ന ചതുരാകൃതിയിൽ ഉള്ള പ്രത്യേക വിരിപ്പിന് ചുറ്റും സാഷ്ടാംഗം (നെറ്റി, കൈകൾ, കാൽമുട്ടുകൾ, പാദങ്ങൾ) പ്രണമിക്കുന്നു.[6] വിരിപ്പിന്റെ 4 വശങ്ങളിൽ ഓരോന്നിലും മൂന്ന് തവണ കുമ്പിട്ടാണ് ഈ കർമ്മം അനുഷ്ഠിക്കുന്നത്. ഈ സമയം ഒനീസാ ദ് റാസെയുടെ ആദ്യ ഭാഗം ശുശ്രൂഷികളും സമൂഹവും ആലപിക്കുന്നു. വിശുദ്ധ കുർബാനയുടെ റൂഹാക്ഷണ പ്രാർത്ഥനയ്ക്കുള്ള അകന്ന ഒരുക്കമായാണ് ദൈവശാസ്ത്ര പണ്ഡിതർ ഇതിനെ വ്യാഖ്യാനിക്കുന്നത്.[5]

ബേമയിലെ ആരാധനയുടെ ഭാഗമായാണ് ഇതിനെ ചരിത്രകാരന്മാർ വിലയിരുത്തുന്നത്.[6] 14ാം നൂറ്റാണ്ട് വരെ കിഴക്കിന്റെ സഭയുടെ ദൈവാലയ ഘടനയുടെ ഭാഗമായിരുന്നു ബേമ. പള്ളിയുടെ മദ്ധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന ഉയർന്ന ഒരു തലമാണ് ബേമ എന്ന് അറിയപ്പെടുന്നത്. ഗാഗുൽത്താ എന്ന പേരിൽ അറിയപ്പെടുന്ന പ്രധാന വചനപീഠവും പഴയനിയമ, പുതിയനിയമ വായനകൾക്ക് വേണ്ടിയുള്ള വായനാപീഠങ്ങളും മെത്രാന്റെ സിംഹാസനവും മറ്റ് പുരോഹിതർക്കുള്ള ഇരിപ്പിടങ്ങളും ഉൾപ്പെടുന്നതായിരുന്നു ബേമ.[8] ബേമ നിർമ്മിക്കുന്നത് സ്ഥലപരിമിതിക്കും മറ്റ് അസൗകര്യങ്ങൾക്കും കാരണം ആയിരുന്നതിനാൽ ചെറിയ പള്ളികളിൽ ബേമ ഒഴിവാക്കിയിരുന്നു.[9] പ്രാദേശിക നിർമ്മാണ ശൈലിയിലെ പരിമിതികൊണ്ട് താരതമ്യേന ചെറുതായിരുന്ന മലബാറിലെ പള്ളികളിലും ഇതുതന്നെയായിരുന്നു സ്ഥിതി. എന്നിരുന്നാലും ബേമയുടെ അഭാവത്തിലും ബേമയിൽ നടത്തേണ്ട കർമ്മങ്ങൾ മലബാറിലെ പള്ളികളിൽ ഭംഗം കൂടാതെ നടത്തിവന്നിരുന്നു എന്നതിൻറെ തെളിവായി സാഷ്ടാംഗ പ്രണാമത്തെ പണ്ഡിതന്മാർ വിലയിരുത്തുന്നു.[7]

വചനശുശ്രൂഷയ്ക്ക് ശേഷം വിശുദ്ധ കുർബാനയ്ക്കുള്ള അപ്പവും വീഞ്ഞും ഒരുക്കുന്ന ശുശ്രൂഷികൾ മാമ്മോദീസ അർത്ഥികളെ ആശീർവദിച്ച് പറഞ്ഞയച്ച ശേഷം ബേമയിൽ നിൽക്കുന്ന കാർമ്മികനെ മദ്ബഹയിലെ കൂദാശയ്ക്കായി ആനയിക്കുന്നതാണ് സാഷ്ടാംഗ പ്രണാമത്തിന്റെ പശ്ചാത്തലം. തത്സമയം കാർമ്മികൻ ബേമയുടെ 4 വശങ്ങളിലും ചെന്ന് മൂന്ന് ആവർത്തി വീതം കുമ്പിട്ട് വണങ്ങി പരിശുദ്ധ റൂഹായുടെ ഇറങ്ങി വരവിനായി നടത്തുന്ന ആചാരപരമായ പ്രാർത്ഥനയാണ് ഇത്.[7] സീറോ മലബാർ കുർബാന ക്രമത്തിൽ പള്ളിയുടെ മദ്ധ്യഭാഗത്ത് ബേമയ്ക്ക് പകരം മാർത്തോമാ സ്ലീവാ തുന്നിച്ചേർത്ത ചതുരാകൃതിയിലുള്ള വരിപ്പ് നിലത്ത് വിരിക്കുന്ന രീതിയാണ് നിലവിലുള്ളത്.[6]

സാഘോഷ ക്രമം

[തിരുത്തുക]

ആഘോഷപൂർവ്വകമായ ക്രമം ഞായാറാഴ്ചകളിലും പ്രധാന തിരുനാളുകളിലും ആണ് ഉപയോഗിക്കുന്നത്. റാസയിലെ സവിശേഷ ഘടകങ്ങൾ ആയ സ്ലീവാ ചുംബനം, ഒനീസാ ദ് ഖങ്കേ, തുർഗാമകൾ, ഒനീസാ ദ് ഏവൻഗേലിയോൻ, മാമ്മോദീസാ അർത്ഥികളുടെ പറഞ്ഞയയ്ക്കൽ, സാഷ്ടാംഗ പ്രണാമം, ഒനീസാ ദ് റാസെയുടെ ആദ്യ ഭാഗം മുതലായവ സാഘോഷ ക്രമത്തിൽ ഒഴിവാക്കുന്നു. ഇതിന് പുറമേ, ശൂറായ, പഴയ നിയമ വായനകളിൽ ഒന്ന്, വചനശുശ്രൂഷയ്ക്ക് ശേഷമുള്ള ആശിർവാദം, അനുസ്മരണ പ്രാർത്ഥനകൾ, പ്രാർത്ഥനാഭ്യർത്ഥനകൾ, ഗ്ഹാന്താ പ്രാർത്ഥനകളുടെ ഭാഗങ്ങൾ, സമാപനത്തിനുള്ള കർതൃപ്രാർത്ഥന എന്നിവ കാർമികന് ഐച്ഛികമായി ഒഴിവാക്കാനും അനുവദിച്ചിരിക്കുന്നു.[4]

സാധാരണക്രമം

[തിരുത്തുക]

സാധാരണക്രമം ആഴ്ചയുടെ ഇടദിവസങ്ങൾക്ക് (ഞായറാഴ്ച ഒഴികെ ഉള്ള സാധാരണ ദിവസങ്ങൾ) വേണ്ടി പ്രത്യേകമായി സൃഷ്ടിക്കപ്പെട്ടതാണ്. റാസ, ആഘോഷപൂർവ്വകമായ ക്രമം എന്നിവയിൽ നിന്ന് വ്യത്യസ്തമായി ഇതിൽ ബൈബിളിൽ നിന്നുള്ള വായനകൾ രണ്ടെണ്ണം മാത്രമാക്കി നിജപ്പെടുത്തിട്ടുണ്ട് (സുവിശേഷവും ലേഖനവും മാത്രം). ധൂപാർപ്പണവും ഇതിൽ ഒഴിവാക്കുന്നു.[4]

അനാഫൊറകൾ

[തിരുത്തുക]

കൽദായ ആചാരക്രമത്തിൽ മൂന്ന് കൂദാശാക്രമങ്ങൾ അഥവാ അനാഫൊറകൾ ആണ് ഉള്ളത്. അദ്ദായി-മാറി, തിയദോർ, നെസ്തോറിയസ് എന്നിവരുടെ പേരിൽ അറിയപ്പെടുന്നവയാണ് ഇവ. ഈ 3 അനാഫൊറകൾ യഥാക്രമം 1ാമത്തെ കൂദാശക്രമം, 2ാമത്തെ കൂദാശക്രമം, 3ാമത്തെ കൂദാശക്രമം എന്നീ പേരുകളിലും അറിയപ്പെടുന്നു. ഈ 3 കൂദാശക്രമങ്ങൾക്ക് പുറമേ ദിയദോറിന്റെ പേരിൽ ഒരു ക്രമം കൂടി മലബാറിൽ നിലന്നിരുന്നതായി ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ സൂചന നൽകുന്നു. എന്നാൽ കയ്യെഴുത്തുപ്രതികളുടെ അഭാവം മൂലം ഇതിനെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.[10][11]

അദ്ദായി-മാറി കൂദാശക്രമം

[തിരുത്തുക]

നിലവിലുള്ള 3 കൂദാശക്രമങ്ങളിൽ അദ്ദായിയുടെയും മാറിയുടെയും ക്രമമാണ് കൂടുതൽ പ്രചാരമുള്ളതും കൂടുതൽ ഉപയോഗിക്കപ്പെടുന്നതും. ശ്ലീഹന്മാരുടെ കൂദാശക്രമം എന്നും ഇത് അറിയപ്പെടുന്നു. 'കിഴക്കിന്റെ ശ്ലീഹന്മാരായ അദ്ദായിയുടെയും മാറിയുടെയും കൂദാശക്രമം' എന്ന ദീർഘമായ ശീർഷകത്തിൻറെ ചുരുക്കപ്പേരാണ് ഇത്. എദേസ്സ, മെസൊപ്പൊത്താമിയ എന്നിവിടങ്ങളിൽ ക്രിസ്തുമത വിശ്വാസം പ്രചരിപ്പിച്ചവർ എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്ന അദ്ദായി, മാറി എന്നിവരുടെ പേരിലാണ് ഈ അനാഫൊറ അറിയപ്പെടുന്നത്

ഇതര ക്രൈസ്തവ ആചാരക്രമങ്ങളിലെ പതിവായ അനാഫൊറകളിൽ നിന്നും റോമൻ കാനോനുകളിൽ നിന്നും വ്യത്യസ്തമായി അദ്ദായി-മാറി ക്രമത്തിലെ സ്ഥാപനവാക്യങ്ങളുടെ (യേശുക്രിസ്തുവിന്റെ പെസഹാ അത്താഴ വിവരണം) അഭാവം അതിൻറെ കൗദാശിക സാധുതയെ കുറിച്ച് വിവിധ കോണുകളിൽ നിന്ന് സംശയങ്ങൾ ഉയർത്തിയിരുന്നു. 1552ൽ രൂപപ്പെട്ട കൽദായ കത്തോലിക്കാ സഭ തങ്ങളുടെ ആരാധനാക്രമം കത്തോലിക്ക സഭയുടെ ചിട്ടകൾക്ക് വിധേയമാക്കുന്നതിന്റെ ഭാഗമായി സ്ഥാപനവാക്യങ്ങൾ അക്കാലം മുതലേ കൂട്ടിച്ചേർത്ത് ഉപയോഗിച്ച് തുടങ്ങി. 1558ൽ ഈ സഭയിൽ നിന്ന് മലബാറിലേക്ക് മെത്രാപ്പോലീത്തയായി വന്ന യൗസേപ്പ് സൂലാഖ ആണ് സീറോ-മലബാർ ക്രമത്തിൽ ഇത് ആദ്യമായി പ്രചരിപ്പിച്ചത്.[12] തുടക്കത്തിൽ അനാഫൊറയ്ക്കും വിശുദ്ധ അപ്പത്തിന്റെ വിഭജനശുശ്രൂഷയ്ക്കും ശേഷം ആയിരുന്ന ഈ കൂട്ടിച്ചേർക്കൽ പിന്നീട് വിവിധ കാലങ്ങളിൽ സ്ഥാനച്ചലനങ്ങൾക്ക് വിധേയമായി. 1986 മുതൽ സീറോ-മലബാർ ക്രമത്തിൽ മൂന്നാം ഗ്ഹാന്ത രണ്ടായി പിളർത്തി അതിന്റെ ഇടയിലാണ് സ്ഥാപനവിവരണം കൂട്ടിച്ചേർത്തിരിക്കുന്നത്.[13] നെസ്തോറിയസിന്റെ അനാഫൊറയിൽ നിന്ന് ഇതിന് ആമുഖമായി കൂട്ടിച്ചേർക്കപ്പെട്ട ഭാഗം 2021ലെ ആരാധനാക്രമ പരിഷ്കരണം വരെ ഉപയോഗിച്ചിരുന്നു.[14]

അതേസമയം കൂട്ടിച്ചേർക്കൽ ഇല്ലാത്ത അദ്ദായി-മാറി അനാഫൊറയുടെ കൗദാശിക സാധുത കത്തോലിക്കാസഭ ഔദ്യോഗികമായി ഒരിക്കലും തള്ളിക്കളഞ്ഞിരുന്നില്ല. 2001 ജൂലൈ 20ന് അദ്ദായി-മാറി ക്രമം സ്ഥാപനവിവരണം ഇല്ലാതെയും കൗദാശിക സാധുത ഉള്ളതാണെന്ന് കത്തോലിക്കാ സഭ പ്രഖ്യാപിച്ചു. പ്രമുഖ കത്തോലിക്കാ ദൈവശാസ്ത്രജ്ഞനും പിന്നീട് മാർപ്പാപ്പയും ആയിരുന്ന ജോസഫ് റാറ്റ്സിങ്ഗറിന്റെ നേതൃത്വത്തിലുള്ള സമിതി അദ്ദായി-മാറി ക്രമത്തിന്റെ സാധുതയെക്കുറിച്ച് നടത്തിയ പഠനത്തെ തുടർന്നാണ് ഈ പ്രഖ്യാപനം നടന്നത്.[15]

തിയദോറിന്റെ കൂദാശാക്രമം

[തിരുത്തുക]

തിയദോറിന്റെ കൂദാശാക്രമം മംഗളവാർത്തക്കാലം മുതൽ ഓശാന ഞായർ വരെ ഉപയോഗിക്കപ്പെടുന്നു. മൂന്നാമത്തെ ക്രമം അദ്ദായി-മാറി ക്രമവുമായുള്ള താരതമ്യത്തിൽ ദൈർഘ്യം കൂടിയതും പ്രാർത്ഥനകൾ കൊണ്ട് വിപുലവും ആണ്. പൗരസ്ത്യ സുറിയാനി ക്രിസ്തുവിജ്ഞാനീയം കൂടുതൽ സ്പഷ്ടമായി ഇതിൽ അടങ്ങിയിരിക്കുന്നു. തിയദോറിന്റെ പേര് ഉപയോഗിക്കുന്നതിന് പകരം പലപ്പോഴും 2ാമത്തെ കൂദാശാക്രമം എന്നും ഇത് അറിയപ്പെടുന്നുണ്ട്. തിയദോറിനെ നെസ്തോറിയൻ പാഷണ്ഡതക്കാരനായി മതപണ്ഡിതരിൽ പലരും കണക്കാക്കിയിരുന്നു. 1599ൽ പോർച്ചുഗീസ് മിഷനറിമാരുടെ നേതൃത്വത്തിൽ നടന്ന ഉദയംപേരൂർ സൂനഹദോസ് തിയദോറിന്റെയും നെസ്തോറിയസിന്റെയും അനാഫൊറകൾ ഉപയോഗിക്കുന്നത് വിലക്കുകയും കയ്യെഴുത്ത് പ്രതികൾ നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. സീറോ-മലബാർ ആരാധനാക്രമ പുനരുദ്ധാരണത്തിന്റെ ഭാഗമായി 1957 ജൂൺ 26ന് പിയൂസ് 12ാമൻ മാർപ്പാപ്പ സമ്പൂർണ്ണ സീറോ മലബാർ കുർബാന ക്രമം പ്രസിദ്ധീകരിച്ചതിന്റെ ഭാഗമായി ഈ രണ്ട് അനാഫൊറകളും അംഗീകരിച്ചിരുന്നു.[16] എന്നിരുന്നാലും 1962ലും തുടർന്നുള്ള വർഷങ്ങളിലും കേരളത്തിൽ സീറോ മലബാർ മെത്രാന്മാർ പ്രസിദ്ധീകരിച്ച തക്സകളിൽ ഇവ ഒഴിവാക്കി.[17] 2013ൽ മാത്രമാണ് തിയദോറിന്റെ അനാഫൊറയുടെ ഉപയോഗം സീറോ-മലബാർ സഭയിൽ പുനരാരംഭിച്ചത്.[18]

നെസ്തോറിയസിന്റെ കൂദാശാക്രമം

[തിരുത്തുക]

ദനഹാതിരുനാൾ സ്നാപക യോഹന്നാന്റെയും യവന മല്പാന്മരുടെയും ഓർമ്മപ്പെരുന്നാളുകൾ, മൂന്ന് നോമ്പിന്റെ അവസാനദിവസം, പെസഹാ വ്യാഴം എന്നീ ദിവസങ്ങളിൽ മാത്രമാണ് മൂന്നാമത്തെ ക്രമം പരമ്പരാഗതമായി ഉപയോഗിക്കപ്പെടുന്നത്.[19][20] നെസ്തോറിയസിന്റെ പേരിൽ അറിയപ്പെട്ടിരുന്നതിനാൽ ഈ ക്രമം പല വിവാദങ്ങൾക്കും ഇരയായി. 1599ലെ ഉദയംപേരൂർ സൂനഹദോസ് കർക്കശമായി വിലക്കുകയും നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്ത പൗരസ്ത്യ സുറിയാനി കൃതികളിൽ ഇതും ഉൾപ്പെടുന്നു. 1957ൽ പീയൂസ് 12ാമൻ മാർപ്പാപ്പ അംഗീകരിച്ച സീറോ മലബാർ കുർബാന തക്സയിൽ ഈ അനാഫൊറയും പുനരുദ്ധരിച്ചിരുന്നു എങ്കിലും 2018ൽ മാത്രമാണ് ഇത് സീറോ മലബാർ സഭയിൽ നടപ്പിലായത്.[21]

യാമനമസ്കാരങ്ങൾ

[തിരുത്തുക]

കൽദായ സുറിയാനി പാരമ്പര്യം അനുസരിച്ച് സൂര്യാസ്തമയം മുതൽ സൂര്യാസ്തമയം വരെയാണ് ഒരു ദിവസമായി പരിഗണിക്കുന്നത്. ഇത് യഹൂദരുടെ ഇടയിലും മറ്റ് പൗരസ്ത്യ ക്രൈസ്തവ സഭകളിലും നിലനിൽക്കുന്ന പൗരാണികമായ സെമിറ്റിക് പാരമ്പര്യമാണ്. ദിവസത്തിൻറെ വിവിധ നിശ്ചിത സമയങ്ങളിൽ നടത്തുന്ന പ്രാർത്ഥനകളാണ് യാമനമസ്കാരങ്ങൾ. എല്ലാ ക്രൈസ്തവ ആചാരക്രമങ്ങളിലും അതതിന് തനതായ യാമനമസ്കാരങ്ങൾ ഉണ്ട്.[22]

കശ്കോൽ: കൽദായ ആചാരക്രമത്തിലെ സാധാരണ ദിവസങ്ങൾക്കായുള്ള യാമനമസ്കാര പുസ്തകം

കൽദായ ആചാരക്രമം അനുസരിച്ച് 7 അല്ലെങ്കിൽ 8 സമയങ്ങളിലായാണ് യാമനമസ്കാരങ്ങൾ നടത്തുന്നത്:[23]

  1. റംശ (ܪܲܡܫܵܐ‬; 'സായാഹ്ന ജപം')
  2. സുബാഅ (ܣܘܼܒܵܥܵܐ‬; 'അത്താഴ ജപം')
  3. ലെലിയാ (ܠܸܠܝܵܐ‬ 'രാത്രി ജപം')
  4. ഖാലാ ദ്ശഹ്റാ (ܩܵܠܵܐ ܕܫܲܗܪܵ‬; 'ജാഗരണ ജപം')
  5. സപ്ര (ܨܲܦܪܵܐ‬; 'പ്രഭാത ജപം')
  6. ഖുതാഅ (ܩܘܼܛܵܥܵܐ‬; 3ാം മണിക്കൂർ)
  7. എന്ദാനാ (ܥܸܕܵܢܵܐ‬; 'മദ്ധ്യാഹ്നജപം')
  8. ദ് ബസ്ശാ ശായീൻ (ܕܒܬܫܐ ܫܐܝܢ‬; 9ാം മണിക്കൂർ)[24]

ആരാധാനാക്രമ പഞ്ചാംഗം

[തിരുത്തുക]

സീറോ-മലബാർ സഭയുടെ ആരാധനാവത്സരം 8 കാലങ്ങളായി വിഭജിച്ചിരിക്കുന്നു. കിഴക്കിന്റെ സഭയുടെ കാതോലിക്കോസ്-പാത്രിയർക്കീസ് ആയിരുന്ന ഈശോയാബ് 3ാമൻ ചിട്ടപ്പെടുത്തിയതും കൽദായ ആചാരക്രമത്തിൽ ഉപയോഗിക്കപ്പെടുന്നതും ആയ ആരാധനാക്രമ പഞ്ചാംഗമാണ് ഇത്:

  1. മംഗളവാർത്തക്കാലം (സൂവാറ)
  2. ദനഹാക്കാലം
  3. നോമ്പുകാലം (സൗമാ റമ്പ)
  4. ഉയിർപ്പുകാലം (ഖ്യംത)
  5. ശ്ലീഹാക്കാലം
  6. കൈത്താക്കാലം
  7. ഏലിയാ-സ്ലീവാ-മൂശെക്കാലങ്ങൾ
  8. പള്ളിക്കൂദാശാക്കാലം (കൂദാശ്-ഏദ്താ)[25]

ചരിത്രം

[തിരുത്തുക]

16ാം നൂറ്റാണ്ടിന് മുമ്പ്

[തിരുത്തുക]

16ാം നൂറ്റാണ്ടിന് മുമ്പുള്ള മാർത്തോമാ നസ്രാണികളുടെ ആരാധനാക്രമത്തെക്കുറിച്ച് ഉള്ള രേഖപ്പെടുത്തലുകൾ കുറവാണ്. 4ാം നൂറ്റാണ്ടിൽ മലബാർ തീരത്ത് എത്തി എന്ന് കരുതപ്പെടുന്ന ക്നായി തോമയുടെ നേതൃത്വത്തിൽ ഉള്ള മെസപ്പൊട്ടോമിയൻ ക്രൈസ്തവ കുടിയേറ്റക്കാർ ആണ് കൽദായ സുറിയാനി ആചാരക്രമം അവിടെ പ്രചരിപ്പിച്ചത് എന്നാണ് ഒരു പാരമ്പര്യം.[26] അതിനു മുൻപ് മലബാറിൽ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ക്രൈസ്തവ സമൂഹത്തിൻറെ ആചാരക്രമം എന്തായിരുന്നു എന്നത് ഈ പാരമ്പര്യങ്ങളിൽ വ്യക്തമല്ല. സെമിറ്റിക് പശ്ചാത്തലമുള്ള ഒരു ആചാരക്രമമാണ് ഇവിടെ നിലനിന്നിരുന്നത് എന്ന് വാദിക്കുന്നവരും തികച്ചും തദ്ദേശീയമായ ഒരു ആചാരക്രമം ആയിരുന്നു നിലവിൽ ഉണ്ടായിരുന്നത് എന്ന് വാദിക്കുന്നവരും ഉണ്ട്. എന്തുതന്നെയായാലും ഈ പാരമ്പര്യങ്ങൾക്കും അവകാശവാദങ്ങൾക്കും കൃത്യമായ ചരിത്ര രേഖകളുടെ പിൻബലം കാണാനാകുന്നില്ല. തെക്കേ ഇന്ത്യയിലെ ക്രൈസ്തവ സമൂഹത്തെ കുറിച്ചുള്ള സംശയാതീതമായ ആദ്യത്തെ രേഖപ്പെടുത്തലുകൾ 6ാം നൂറ്റാണ്ട് മുതൽ മാത്രമാണ് ലഭ്യമാകുന്നത്.[27]

6ാം നൂറ്റാണ്ടിൽ പാർസിലെ റെവ് അർദാശിറിലെ മെത്രാപ്പോലീത്തയായിരുന്ന മാന ഇന്ത്യ ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ പള്ളികളിലെ ഉപയോഗത്തിന് പാഹ്ലവി ഭാഷയിൽ എഴുതിയ മതഗ്രന്ഥങ്ങളും ദിയദോറിന്റെയും തിയദോറിന്റെയും ഗ്രീക്കിൽ നിന്ന് സുറിയാനിയിലേക്ക് തർജ്ജമ ചെയ്യപ്പെട്ട കൃതികളും അയച്ചുകൊടുത്തതായി സീർത്തിന്റെ നാളാഗമം സാക്ഷ്യപ്പെടുത്തുന്നു.[28][29] അക്കാലത്ത് ഇന്ത്യയുടെ പടിഞ്ഞാറൻ തീരവും ശ്രീലങ്ക അടക്കമുള്ള ദ്വീപുകളും സന്ദർശിച്ച അലക്സാണ്ട്രിയക്കാരനായ ഗ്രീക്ക് സഞ്ചാരി കോസ്മാസ് ഇൻഡികോപ്ല്യൂസ്റ്റസ് തെക്കേ ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തും ശ്രീലങ്കയിലും പേർഷ്യൻ ബന്ധമുള്ള ക്രൈസ്തവ സമൂഹങ്ങളെ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്.[30][31][32]

ഇന്ത്യൻ മഹാസമുദ്രത്തിലെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തൻ പ്രവിശ്യകൾ, രൂപതകൾ, സുമുദ്രാന്തര പാതകളിലെ മറ്റ് കേന്ദ്രങ്ങൾ എന്നിവ

പേർഷ്യയിൽ ഉപയോഗത്തിൽ ഉണ്ടായിരുന്ന കൽദായ സുറിയാനി ആചാരക്രമത്തിന്റെ ഒരു രൂപം തെക്കൻ ഇന്ത്യയുടെ സാംസ്കാരിക പ്രത്യേകതകൾക്ക് അനുസരിച്ചുള്ള ചില ഘടകങ്ങൾ കൂടി ഉൾപ്പെടുത്തി നസ്രാണികൾ ഉപയോഗിച്ചു എന്ന് കരുതപ്പെടുന്നു. 9ാം നൂറ്റാണ്ടിൽ സാബോർ, അപ്രോത്ത് എന്നിവരുടെ നേതൃത്വത്തിൽ മലബാറിലേക്ക് നടന്ന പേർഷ്യൻ ക്രൈസ്തവ കുടിയേറ്റവും ഇതിനെ സ്വാധീനിച്ചിട്ടുണ്ടാകാം.[33]

16ാം നൂറ്റാണ്ട്

[തിരുത്തുക]

മാർത്തോമാ നസ്രാണികളെ കുറിച്ചും അവരുടെ ഇടയിൽ പ്രചാരത്തിലിരുന്ന ആചാരക്രമത്തെക്കുറിച്ചും കൂടുതൽ വ്യക്തവും വിപുലവുമായ രേഖപ്പെടുത്തലുകൾ ലഭ്യമാകാൻ തുടങ്ങുന്നത് 16ാം നൂറ്റാണ്ട് മുതലാണ്. അക്കാലത്ത് മലബാറിൽ പ്രവർത്തിച്ചിരുന്ന പോർച്ചുഗീസുകാരുടെ വിവരണങ്ങളാണ് ഇതിന്റെ പ്രധാന സ്രോതസ്സ്. 1599ൽ അരങ്ങേറിയ ഉദയംപേരൂർ സൂനഹദോസും തുടർന്നുള്ള വർഷങ്ങളിലെ വിവരണങ്ങളും 16ാം നൂറ്റാണ്ടിൽ നസ്രാണികൾ ഉപയോഗിച്ചിരുന്ന ആചാരക്രമത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നവയാണ്.[34]

പള്ളികളുടെ നിർമ്മാണശൈലി

[തിരുത്തുക]
കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി, നിലവിൽ മുഖവാരമില്ലാത്ത പഴയ ശൈലിയിൽ നിലവിലിരിക്കുന്ന ഏക സീറോ മലബാർ പള്ളി

മാർത്തോമാ നസ്രാണികളുടെ പള്ളികളുടെ നിർമ്മാണ ശൈലിയക്കുറിച്ച് 16, 17 നൂറ്റാണ്ടുകളിൽ കേരളത്തിൽ പ്രവർത്തിച്ചിരുന്ന പോർച്ചുഗീസ് മിഷനറിയും മെത്രാപ്പോലീത്തയും ആയിരുന്ന ഫ്രാൻസിസ്കോ റോസ് ഒരു വിവരണം നൽകുന്നുണ്ട്. മലബാറിലെ തനത് വാസ്തുകലാ ശൈലിയിൽ തന്നെയാണ് ക്രൈസ്തവരുടെ പള്ളികളും നിർമ്മിക്കപ്പെട്ടിരുന്നത്. പുറമേ നിന്നു നോക്കുമ്പോൾ ക്ഷേത്രങ്ങളോട് സാമ്യം തോന്നുന്ന രീതിയിൽ ആയിരുന്നു പള്ളികളും. പള്ളിയുടെ മുൻപിലും മേൽക്കൂരയുടെ മുകളിലും സ്ഥാപിച്ചിരുന്ന കുരിശുകൾ ആണ് അവയെ തിരിച്ചറിയാൻ സഹായിച്ചിരുന്നത്.[35] കിഴക്ക് പടിഞ്ഞാറ് ദിശയിലാണ് പള്ളികളുടെ നിർമാണം നടത്തിയിരുന്നത്. പള്ളിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ മദ്ബഹ ഏറ്റവും കിഴക്കായാണ് സ്ഥാപിച്ചിരുന്നത്. മദ്ബഹയുടെ തെക്ക് ഭാഗത്ത് മാമ്മോദീസയ്ക്കുള്ള മുറിയും വടക്ക് ഭാഗത്ത് വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള അപ്പം പാകം ചെയ്യുന്നതിനുള്ള സ്ഥലവും ഉണ്ടായിരുന്നു.[36] ചില പള്ളികളിൽ മദ്ബഹയുടെ മച്ചിന് മുകളിൽ ആയിരുന്നു അപ്പം പാകം ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. ഇത് താമരയില കൊണ്ടുള്ള കൊട്ടയിൽ വെച്ച് നൂലിൽ കെട്ടി മദ്ബഹയിലേക്ക് ഇറക്കിയിരുന്നു.[37] മദ്ബഹ വിശുദ്ധ കുർബാന അർപ്പണത്തിനുള്ള ബലിപീഠം ഉൾപ്പെടുന്ന ഇടുങ്ങിയ മുറി ആയിരുന്നു. അതിന്റെ പ്രധാന വാതിൽ വിരിയിട്ട് മറച്ചിരുന്നു. വിശുദ്ധ കുർബാന അർപ്പണത്തിന്റെ സമയത്ത് മാത്രമാണ് വിരി തുറക്കാറുണ്ടായിരുന്നത്. പുരോഹിതർ അല്ലാതെ മറ്റാർക്കും മദ്ബഹയിൽ പ്രവേശിക്കാൻ അനുമതി ഉണ്ടായിരുന്നില്ല.[38] പള്ളിക്കുള്ളിൽ കുരിശ് അല്ലാതെ ചിത്രങ്ങളോ ആൾരൂപങ്ങളോ ഉണ്ടായിരുന്നില്ല.[36]

കൊടുങ്ങല്ലൂരിലെ മെത്രാപ്പോലീത്ത ആയിരുന്ന യാക്കോവ് ആവൂന ആണ് പോർച്ചുഗീസുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി പള്ളികൾ പോർച്ചുഗീസ് ശൈലിയിൽ നിർമ്മിക്കാൻ ആദ്യമായി ആഹ്വാനം ചെയ്തത്.[39] പോർച്ചുഗീസുകാർ നിർമ്മിച്ചതോ പുനർനിർമ്മിച്ചതോ ആയ പള്ളികൾ അവരുടെ ശൈലിയിലാണ് നിർമ്മിക്കപ്പെട്ടത്. പള്ളികൾക്ക് മുഖവാരങ്ങൾ നിർമ്മിക്കപ്പെടാൻ തുടങ്ങിയത് ഇക്കാലത്താണ്.[40] കാലക്രമേണ ആൾരൂപങ്ങളും ചിത്രങ്ങളും അടങ്ങിയ സൂക്ഷ്മമായ കൊത്തുപണികളോട് കൂടിയ റത്താളുകളും പള്ളികളുടെ മദ്ബഹയിൽ സ്ഥാപിക്കപ്പെടാൻ തുടങ്ങി. പ്രസംഗപീഠം ('പുഷ്പം': പൾപിറ്റ്), വാർപ്പ് മണികൾ എന്നിവയും പോർച്ചുഗീസുകാരുടെ സംഭാവനകൾ ആയിരുന്നു.[41]

ആരാധനാഭാഷ

[തിരുത്തുക]

മാർത്തോമാ നസ്രാണികളുടെ ആരാധനാക്രമം പൂർണ്ണമായും സുറിയാനി ഭാഷയുടെ പൗരസ്ത്യ വകഭേദത്തിൽ (കൽദായ) ആയിരുന്നു. വിശുദ്ധ കുർബാന, മറ്റു കൂദാശകൾ, യാമനമസ്കാരങ്ങൾ എന്നിവയുടെയും വിശുദ്ധ ബൈബിളിന്റെയും കയ്യെഴുത്തുപ്രതികൾ കൽദായ സുറിയാനി ലിപിയിൽ എഴുതപ്പെട്ടവയായിരുന്നു. ഇതിന് പുറമേ ആചാരവിധികൾ രേഖപ്പെടുത്താനും ആരാധനയ്ക്ക് പുറത്തുള്ള മറ്റ് ആവശ്യങ്ങൾക്കും മലയാള ഭാഷ സുറിയാനി ലിപിയിൽ എഴുതുന്ന കർശോനി എന്ന ശൈലിയും നിലവിലുണ്ടായിരുന്നു.[42][43][44]

ലത്തീൻ ഭാഷ നസ്രാണികളുടെ ആരാധനാ ഭാഷയാക്കി മാറ്റാൻ പോർച്ചുഗീസുകാർ വളരെ പരിശ്രമിച്ചു. കൊടുങ്ങല്ലൂരിൽ സ്ഥാപിതമായ സെമിനാരിയിൽ നസ്രാണി യുവാക്കളെ ചേർക്കുകയും ലത്തീൻ ഭാഷ പഠിപ്പിച്ച് വൈദികരാക്കുകയും ചെയ്തു.[45] എന്നാൽ സുറിയാനി ഭാഷ അറിയാത്ത ഈ വൈദികരെ സ്വീകരിക്കാൻ നസ്രാണികളുടെ ഇടവകകൾ തയ്യാറായില്ല. ഇത് പലപ്പോഴും പോർച്ചുഗീസുകാരുമായി ഏറ്റുമുട്ടലിന് കാരണമായി. സുറിയാനിയിൽ അല്ലാത്ത ഒന്നും നസ്രാസാണികൾ അംഗീകരിച്ചിരുന്നില്ല എന്ന് പോർച്ചുഗീസുകാർ രേഖപ്പെടുത്തുന്നു. തുടർന്ന് തങ്ങളുടെ പ്രവർത്തന രീതി മാറ്റിയ പോർച്ചുഗീസുകാർ സുറിയാനിയിൽ പാണ്ഡിത്യം ഉണ്ടായിരുന്ന ഫ്രാൻസിസ്കോ റോസ് ഉൾപ്പെടെയുള്ള വൈദികരെ കൊണ്ടുവരികയും വൈപ്പിക്കോട്ടയിൽ സ്ഥാപിച്ച പുതിയ സെമിനാരിയിൽ സുറിയാനി വിദ്യാഭ്യാസവും തുടങ്ങുകയും ചെയ്തു.[46] മാർത്തോമാ നസ്രാണികളുടെ ആരാധനാക്രമ ഗ്രന്ഥങ്ങൾ പരിശോധിച്ച് തിരുത്തി ലത്തീൻ ആരാധനാക്രമത്തോട് അനുരൂപപ്പെടുത്തുകയും ലത്തീൻ ആരാധനാക്രമ ഗ്രന്ഥങ്ങൾ സുറിയാനിലേക്ക് തർജ്ജമ ചെയ്ത് നടപ്പിൽ വരുത്തുകയും ചെയ്യുന്നതിന് ഇവർ നേതൃത്വം കൊടുത്തു.[47]

വിശുദ്ധ ബൈബിളിന്റെ സുറിയാനി വിവർത്തനമായ പ്ശീത്ത ആയിരുന്നു നസ്രാണികളുടെ മതഗ്രന്ഥം. മലബാറിൽ പ്രചാരത്തിലിരുന്ന പ്ശീത്തയും ലത്തീൻ കത്തോലിക്കാ സഭയുടെ ഔദ്യോഗിക ബൈബിൾ വിവർത്തനമായ വുൾഗാത്തയും തമ്മിൽ ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പുസ്തകങ്ങളുടെ എണ്ണത്തിലും ഘടനയിലും ആണ് ഈ വ്യത്യാസങ്ങൾ ഉണ്ടായിരുന്നത്. നസ്രാണികളുടെ പഴയനിയമ കൈയെഴുത്ത് പ്രതികളിൽ മക്കബായരുടെ പുസ്തകങ്ങൾ ഉണ്ടായിരുന്നില്ല. യോഹന്നാന്റെ വെളിപാടും 2, 3 ലേഖനങ്ങളും പത്രോസിന്റെ 2ാം ലേഖനവും യൂദാസിന്റെ ലേഖനവും യോഹന്നാന്റെ സുവിശേഷത്തിലെ പിടിക്കപ്പെട്ട വ്യഭിചാരിണിയുടെ ഭാഗവും പുതിയനിയമത്തിന്റെ കയ്യെഴുത്തുപ്രതികളിലും ഉണ്ടായിരുന്നില്ല. ഈ വ്യത്യാസത്തെ പറ്റി അബ്രാഹം മെത്രാപ്പോലീത്തയോട് താൻ ചോദ്യങ്ങൾ ചോദിച്ചപ്പോൾ മലബാറിലെ കയ്യെഴുത്ത് പ്രതികളിൽ കാണാത്ത ഈ ഭാഗങ്ങൾ പേർഷ്യയിൽ ഉപയോഗത്തിൽ ഉണ്ട് എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത് എന്ന് റോസ് രേഖപ്പെടുത്തുന്നു.[48]

പോർച്ചുഗീസുകാർ ഉദയംപേരൂർ സൂനഹദോസിനുശേഷം നസ്രാണികളുടെ പ്ശീത്താ ബൈബിൾ തിരുത്തുകയും ലത്തീൻ വുൾഗാത്തയോട് അനുരൂപപ്പെടുത്തുകയും ചെയ്തു.

പൗരോഹിത്യം

[തിരുത്തുക]

കൽദായ ആചാരക്രമത്തിൽ നിലവിലുണ്ടായിരുന്ന പൗരോഹിത്യ സംവിധാനം തന്നെയാണ് നസ്രാണികളുടെ ഇടയിലും ഉണ്ടായിരുന്നത്. മേൽപ്പട്ടസ്ഥാനം, അർക്കദിയക്കോൻ സ്ഥാനം, വൈദികപട്ടം, ശെമ്മാശപ്പട്ടം, യൗപദ്യാക്കോന, കാറോയ എന്നിവയായിരുന്നു പ്രധാന പൗരോഹിത്യക്രമങ്ങൾ.

നസ്രാണികളുടെ മേൽപ്പട്ടസ്ഥാനം കൈയ്യാളിയിരുന്നത് അസ്സീറിയയിൽ നിന്ന് പാത്രിയർക്കീസുമാരാൽ വാഴിച്ച് അയയ്ക്കപ്പെട്ടിരുന്നവർ ആയിരുന്നു.[49] ഇന്ത്യയുടെ മുഴുവൻ മെത്രാപ്പോലീത്ത ആയിരുന്നു ഇതിൽ പ്രധാനി.[50] മെത്രാപ്പോലീത്തക്ക് പുറമേ 3ഓളം സാമന്ത മേൽപ്പട്ടക്കാരും നിയമിക്കപ്പെട്ടിരുന്നു. സൊക്കോത്ര, 'മാസീന' എന്നിവയായിരുന്നു സാമന്ത ഭദ്രാസനങ്ങൾ എന്ന് ഗുവേയയും റോസും രേഖപ്പെടുത്തുന്നു.[51] മെത്രാപ്പോലീത്തൻ പ്രവിശ്യ ആയിരുന്നതിനാൽ സ്വതന്ത്രമായി മേൽപ്പട്ടക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവകാശം ഇന്ത്യയിലെ ക്രൈസ്തവർക്ക് ഉണ്ടായിരുന്നെങ്കിലും ഇത് പ്രാവർത്തികമാക്കിയിട്ടുള്ളതിന് തെളിവുകളില്ല.

മെത്രാപ്പോലീത്തമാർ വിദേശികൾ ആയിരുന്നതിനാൽ സഭയുടെയും സമുദായത്തിന്റെയും ഭരണമേൽനോട്ടം വഹിക്കുന്നതിന് തദ്ദേശീയനായ ഒരു വൈദികനെ അർക്കദിയക്കോൻ സ്ഥാനത്തേക്ക് നിയമിച്ചിരുന്നു.[49] അർക്കദിയക്കോൻ അവിവാഹിതനായ പുരോഹിതനായിരുന്നു. ജാതിക്കുകർത്തവ്യൻ എന്നും അദ്ദേഹം അറിയപ്പെട്ടിരുന്നു.[52]

അർക്കദിയക്കോൻ ഗീവർഗ്ഗീസിന്റേത് എന്ന് കരുതപ്പെടുന്ന ഒരു ചിത്രം

നസ്രാണി വൈദികൻ കത്തനാർ എന്നാണ് അറിയപ്പെട്ടിരുന്നത്. പുരോഹിതൻ എന്ന് അർത്ഥം വരുന്ന കഹനാൻ എന്ന സുറിയാനി വാക്കിൽ നിന്നാണ് ഈ പദം ഉണ്ടായത് എന്ന് റോസ് അഭിപ്രായപ്പെടുന്നു. കശീശ എന്നും ഇവർ അറിയപ്പെട്ടിരുന്നു. മ്ശംശാനാമാർ അഥവാ ഡീക്കന്മാർ ശമ്മാശന്മാർ എന്നാണ് വിളിക്കപ്പെട്ടിരുന്നത്. ആദ്യം കാറോയാ, യൗപദ്യാക്കോന, മ്ശംശാന സ്ഥാനങ്ങൾ ഒരുമിച്ചും രണ്ടാമത് വൈദികപ്പട്ടവും എന്ന നിലയിൽ രണ്ടു ഘട്ടങ്ങളായാണ് വൈദികപ്പട്ടം നൽകപ്പെട്ടിരുന്നത്.[53]

മറ്റു പൗരസ്ത്യ സഭകളിലേതുപോലെ വൈവാഹിക ജീവിതം നയിക്കുന്നവർ ആയിരുന്നു നസ്രാണികളുടെ പുരോഹിതരും.[54] എന്നാൽ മറ്റു പാരമ്പര്യങ്ങളിൽ നിന്ന് വ്യത്യസ്തമായി കൽദായ പാരമ്പര്യത്തിൽ വൈദികപ്പട്ടം ഏറ്റശേഷവും വിവാഹം അനുവദിക്കപ്പെട്ടിരുന്നു. വൈദികരുടെ ഭാര്യമാർ കത്തനാരത്തിമാർ എന്നാണ് അറിയപ്പെട്ടിരുന്നത്.[55] ഇക്കാരണത്താൽ വിവാഹിതരായ ആളുകൾ വൈദികരായി വാഴിക്കപ്പെടുന്നതിന് പുറമേ ഭാര്യ മരിച്ചുപോയ വൈദികർ പുനർവിവാഹം ചെയ്യുന്ന രീതിയും നിലവിലുണ്ടായിരുന്നു. പുരോഹിതരുടെ ഭാര്യമാർ സ്ത്രീകളുടെ മാമ്മോദീസ പോലെയുള്ള ചടങ്ങുകളിൽ സഹായിച്ചിരുന്നതായി റോസ് രേഖപ്പെടുത്തുന്നു.[56]

സുറിയാനി വൈദികരുടെ വിവാഹിത പൗരോഹിത്യം പോർച്ചുഗീസുകാർ വളരെ ശക്തമായി എതിർത്തു. തങ്ങൾ സ്ഥാപിച്ച സെമിനാരികളിൽ പറിച്ചിറങ്ങുന്ന വൈദികരെ വിവാഹം കഴിക്കുന്നതിൽ നിന്ന് അവർ വിലക്കി. വിവാഹിതരായ വൈദികർ തങ്ങളുടെ ഭാര്യമാരെയും മക്കളെയും പൂർണ്ണമായും ഉപേക്ഷിക്കണമെന്ന് ഉദയംപേരൂർ സൂനഹദോസ് നിർദ്ദേശിച്ചു.

പരമ്പരാഗതമായ കൽദായ ക്രമത്തിന് പകരം ലത്തീൻ രീതിയിലുള്ള പുരോഹിത അഭിഷേക ക്രമങ്ങളും തലയിൽ കുടുമി ധരിക്കുന്നതിന് പകരം തലമുടി മുണ്ഡനം ചെയ്യുന്ന രീതികളും പോർച്ചുഗീസുകാർ നടപ്പിലാക്കി.

മാമ്മോദീസ

[തിരുത്തുക]

നസ്രാണികളുടെ ഇടയിൽ ശിശുക്കളുടെയും മുതിർന്നവരുടെയും മാമ്മോദിസ ഉണ്ടായിരുന്നു. ശിശുവിന്റെ ജനന ശേഷം 40ാം ദിവസമാണ് സാധാരണയായി മാമ്മോദിസ കൊടുത്തിരുന്നത്.[57] ഇത്തരത്തിൽ മാമ്മോദിസ ലഭിക്കാതെ പോയവർക്കും അവസരം കിട്ടുമ്പോൾ മാമ്മോദിസ നൽകിയിരുന്നു. വൈദികരാണ് മാമ്മോദീസ നൽകിയിരുന്നത്. ശിശുക്കളുടെ മാമ്മോദിസ വേളയിൽ ഒരു മുതിർന്ന പുരുഷനെയും സ്ത്രീയെയും യഥാക്രമം തലതൊട്ടപ്പൻ, തലതൊട്ടമ്മ എന്നീ സ്ഥാനങ്ങളിൽ നിയോഗിച്ചിരുന്നു. അവർ മാമ്മോദീസ ഏൽക്കുന്ന ശിശുവിന് വണ്ടി മറുപടികൾ പറയുകയും ശിശുവിനോട് ആത്മീയ ബന്ധം പുലർത്തുകയും ചെയ്യുന്നു.[58]

അകപ്പറമ്പ് യാക്കോബായ പള്ളിയിലെ പഴയ മാമ്മോദീസാ തൊട്ടി; പ്രാദേശിക ശില്പ കലാ ഘടകങ്ങൾ

മാമ്മോദിസയുടെ കർമ്മാനുഷ്ഠാനത്തിൽ തൈലം കൊണ്ടുള്ള അഭിഷേകവും ഉൾപ്പെട്ടിരുന്നു. പള്ളിക്കുള്ളിൽ മദ്ബഹയുടെ തെക്ക് ഭാഗത്ത് ഉള്ള മാമ്മോദിസാ തൊട്ടിയിൽ ആണ് ഇത് നടത്തിയിരുന്നത്.[36] മാമ്മോദിസാ തൊട്ടിയിൽ വള്ളം നിറച്ച് പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ ആശിർവദിച്ച് വെഞ്ചരിക്കുന്നു. ഇതിനുശേഷം സൈത്ത് തൈലം കുട്ടിയുടെ ശരീരത്തിൽ പുരട്ടി മാമ്മോദിസാ തൊട്ടിയിൽ 3 പ്രാവശ്യം മുക്കിപ്പൊക്കുന്നു. തുടർന്ന് കുട്ടിയെ തുടച്ച് നെറ്റിയിലും കൈകാലുകളിലും നെഞ്ചിലും പുറത്തും വിശുദ്ധ തൈലം കൊണ്ട് കുരിശ് വരക്കുന്നു. തുടർന്ന് കുട്ടിയെ വെളുത്ത വസ്ത്രം ധരിപ്പിക്കുന്നു. ഇതിനുശേഷം മാമ്മോദിസാ തൊട്ടിയിൽ അവശേഷിക്കുന്ന വെള്ളത്തിനുമേൽ മറ്റൊരു പ്രാർത്ഥന ചൊല്ലി അത് ഒഴുക്കിക്കളയുന്നു. വിശുദ്ധ കുർബാനയുടെ ഇടയ്ക്കാണ് മാമ്മോദിസ പരികർമ്മം ചെയ്തിരുന്നത്. മാമ്മോദീസയ്ക്ക് ശേഷം ശിശുവിന് വിശുദ്ധ കുർബാനയും നൽകിയിരുന്നു. മുതിർന്നവരുടെ മാമോദിസ നടത്തുമ്പോഴും ഇതേ കർമ്മ വിധികൾ തന്നെയാണ് അനുവർത്തിക്കുന്നത്. സ്ത്രീകളുടെ മാമ്മോദിസാ സമയത്ത് പുരോഹിതരുടെ ഭാര്യമാർ അവരെ സഹായിച്ചിരുന്നതായി റോസ് രേഖപ്പെടുത്തുന്നു.[58]

നസ്രാണികളുടെ മാമ്മോദിസയുടെ ക്രമത്തിൽ അപാകതകളും പാണ്ഡതകളും ആരോപിച്ച പോർച്ചുഗീസുകാർ ലത്തീൻ ശൈലിയിലുള്ള മാമ്മോദിസ ക്രമം അവരുടെമേൽ അടിച്ചേൽപ്പിക്കുകയും കുട്ടികൾക്ക് വിശുദ്ധ കുർബാനയും തൈലാഭിഷേകവും നൽകുന്നത് അവസാനിപ്പിക്കുകയും ചെയ്തു. ആദ്യകുർബാന സ്വീകരണം വരെ കുട്ടികൾക്ക് കുർബാന നൽകുന്നത് പോർച്ചുഗീസ് മിഷനറിമാർ വിലക്കി. മദ്ബഹയുടെ തെക്കുഭാഗത്തിന് പകരം അകലെ പ്രവേശന കവാടത്തിന് സമീപത്തായി മാമ്മോദിസ തൊട്ടി സ്ഥാപിക്കുന്ന രീതിയും അവർ നടപ്പിൽ വരുത്തി.

സ്ഥൈര്യലേപനം

[തിരുത്തുക]

കൽദായ ആചാരക്രമത്തിൽ സ്ഥൈര്യലേപനം എന്ന പേരിൽ ഒരു വ്യതിരിക്ത കൂദാശ നിലവിൽ ഉണ്ടായിരുന്നില്ല. മാമ്മോദിസയോട് ചേർന്നു നടക്കുന്ന തൈലാഭിഷേകം മാത്രമാണ് ഉണ്ടായിരുന്നത്. ഇതേ കാരണത്താൽ മാർത്തോമാ നസ്രാണികൾക്കും സ്ഥൈര്യലേപനം അപരിചിതമായിരുന്നു.[59]

അതേസമയം ലത്തീൻ ആചാരക്രമത്തിൽ സ്ഥൈര്യലേപനം പ്രായപൂർത്തിയാകുമ്പോൾ കൊടുക്കുന്ന ഒരു വ്യതിരിക്ത കൂദാശ ആയിരുന്നു. മേൽപട്ടക്കാർ മാത്രമേ ഇത് പരികർമ്മം ചെയ്തിരുന്നുള്ളൂ. മലബാറിലെ സുറിയാനി ക്രിസ്ത്യാനികൾ സ്ഥൈര്യലേപനം സ്വീകരിക്കാൻ പോർച്ചുഗീസുകാർ നിർബന്ധിച്ചു. അവരുടെ സമ്മർദ്ദത്തിന് വഴങ്ങി അബ്രാഹം മെത്രാപ്പോലീത്ത വൈപ്പിക്കോട്ട സെമിനാരിയിലെ ജെസ്യൂട്ട് വൈദികരുടെ സഹായത്തോടെ ലത്തീൻകാരുടെ സ്ഥൈര്യലേപനത്ഥിന്റെ ക്രമം സുറിയാനിയിലേക്ക് തർജ്ജിമ ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തു. എന്നാൽ താൻ അഭിഷേകം ചെയ്തിരുന്ന വൈദികർക്കല്ലാതെ മറ്റാർക്കും അദ്ദേഹം ഈ ക്രമം അനുസരിച്ച് കൂദാശ കൊടുത്തിരുന്നില്ല ഇന്ന് റോസ് വിവരിക്കുന്നു.[60]

ഉദയംപേരൂർ സൂനഹദോസും പോർച്ചുഗീസ് മിഷണറിമാരും മുതിർന്ന കുട്ടികൾക്ക് 'തുടക്കത്തെ ഒപ്രുശ്മ' എന്ന പേരിൽ സ്ഥൈര്യലേപന കൂദാശ നിർബന്ധമാക്കുകയും ലത്തീനിൽ നിന്ന് സുറിയാനിയിലേക്ക് ഇതിന്റെ ക്രമം തർജ്ജമ ചെയ്ത് നടപ്പിൽ വരുത്തുകയും ചെയ്തു.

കുമ്പസാരം

[തിരുത്തുക]

കൽദായ ആചാരക്രമത്തിൽ ലത്തീൻ അചാരക്രമത്തിലേതുപോലെ കുമ്പസാരം എന്ന കൂദാശ ഉണ്ടായിരുന്നില്ല. ഇതേ കാരണത്താൽ നസ്രാണികളും കുമ്പസാരം സ്വീകരിച്ചിരുന്നില്ല എന്ന് റോസ് രേഖപ്പെടുത്തുന്നു. കൽദായ ആചാരക്രമത്തിൽ പാപമോചന ശുശ്രൂഷ പരികർമ്മം ചെയ്തിരുന്നത് വിശുദ്ധ കുർബാനയോട് അനുബന്ധിച്ചുള്ള 'അനുരഞ്ജന കൂദാശ' (ഹൂസ്സായ) എന്ന കർമ്മത്തിലൂടെ ആയിരുന്നു. വ്യക്തിപരമായി പാപങ്ങൾ ഏറ്റുപറയേണ്ടവർക്ക് വൈദികരെ സമീപിച്ച് അത് നിർവഹിക്കുന്നതിനും ആശിർവാദം സ്വീകരിക്കുന്നതിനും അവസരം ഉണ്ടായിരുന്നു എങ്കിലും അത് അസാധാരണം ആയിരുന്നു. കൽദായ പാരമ്പര്യത്തിൽ പാപമോചനം പൂർണ്ണമാകുന്നത് ഹൂസ്സായയിലൂടെ മാത്രമാണ്.[61] കുട്ടികളും മുതിർന്നവരും ഉൾപ്പെടെ എല്ലാവരും വിശുദ്ധ കുർബാന സ്വീകരിച്ചിരുന്നു എന്ന് റോസ് രേഖപ്പെടുത്തുന്നു.

ലത്തീൻ ശൈലിയിലുള്ള കുമ്പസാരം എന്ന കൂദാശ നസ്രാണികളുടെ ഇടയിൽ നടപ്പിലാക്കാനും സാധാരണമാക്കാനും പോർച്ചുഗീസുകാർ ആണ് ആദ്യമായി ശ്രമിക്കുന്നത്.[61] കൊടുങ്ങല്ലൂരിലെ മെത്രാപ്പോലീത്തയായിരുന്ന യാക്കോവ് ആവൂന അവരുടെ നിർബന്ധത്തിനു വഴങ്ങി ലത്തീൻ കുമ്പസാര ആശിർവാദക്രമം സുറിയാനിയിലേക്ക് തർജ്ജമ ചെയ്തു. എന്നാൽ ഇത് വലിയ പ്രചാരം നേടിയില്ല. പിന്നീട് യൗസേപ്പ് സൂലാഖ ഇതിന്റെ കൂടുതൽ മെച്ചപ്പെട്ട ഒരു തർജ്ജമ തയ്യാറാക്കുകയും നടപ്പിൽ വരുത്തുകയും ചെയ്തു. എന്നാൽ അബ്രാഹം മെത്രാപ്പോലീത്ത കുമ്പസാരം നടത്തുന്നത് നിരുത്സാഹപ്പെടുത്തുകയും സ്വയം അത് സ്വീകരിക്കുന്നതിൽ നിന്ന് പിൻമാറുകയും ചെയ്തിരുന്നു എന്നും റോസ് വിവരിക്കുന്നു.[62]

ഉദയംപേരൂർ സൂനഹദോസും പോർച്ചുഗീസ് മിഷണറിമാരും കുമ്പസാരം നസ്രാണികൾക്കിടയിൽ നിർബന്ധമാക്കി.[61] ആണ്ടിൽ ഒരിക്കലെങ്കിലും കുമ്പസാരിക്കാത്ത ആളുകളെ സഭയിൽ നിന്ന് മഹറോൻ ചെയ്യുമെന്നും അവർ പ്രഖ്യാപിച്ചു. ലത്തീൻ ആരാധനാക്രമത്തിൽ നിന്ന് സുറിയാനിയിലേക്ക് കുമ്പസാരത്തിന്റെ ക്രമം അവർ തർജ്ജമ ചെയ്ത് നടപ്പിൽ വരുത്തി.

ആസന്നമരണരും മൃതസംസ്കാരവും അനന്തര കർമ്മങ്ങളും

[തിരുത്തുക]
രോഗികൾക്കും ആസന്നമരണർക്കും ഉള്ള ശുശ്രൂഷകൾ
[തിരുത്തുക]

കൽദായ ആചാരക്രമത്തിൽ രോഗീലേപന കൂദാശ ലത്തീൻ ആചാരക്രമത്തിലേതുപോലെ ഉണ്ടായിരുന്നില്ല. രോഗികളെയും ആസന്നമരണരെയും വൈദികർ സന്ദർശിക്കുകയും സുവിശേഷങ്ങളിൽ നിന്നുള്ള യേശുക്രിസ്തുവിന്റെ വചനങ്ങൾ എഴുതിയ ഓലകൾ അവരുടെ മേൽ വെച്ച് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.[63] മൈലാപൂരിലെ തോമാശ്ലീഹായുടെ കബറിടത്തിൽ നിന്ന് ശേഖരിക്കുന്ന മണ്ണ് കലർത്തിയ ജലം (ഹന്നാന; ഹന്നാൻ വെള്ളം) അവർക്ക് നൽകിയിരുന്നു.[64]

ആസന്ന മരണരായ രോഗികളുടെമേൽ വിശുദ്ധ തൈലം പൂശുന്ന കർമ്മം നസ്രാണികൾക്കിടയിൽ നിലവിലുണ്ടായിരുന്നില്ല എന്ന് 'ഇന്ത്യക്കാരൻ' യൗസേപ്പിന്റെ വിവരണവും പോർച്ചുഗീസ് സാക്ഷ്യങ്ങളും വ്യക്തമാക്കുന്നു.[64] ഈ ആചാരം കൊണ്ടുവരുന്നതിന് പോർച്ചുഗീസുകാർ ശ്രമിച്ചു. 'ഒടുവിലത്തെ ഒപ്രൂശ്മ' (അന്ത്യകൂദാശ) എന്ന പേരിൽ ആണ് ഇത് അറിയപ്പെട്ടത്. യൗസേപ്പ് സൂലാഖ ഈ കൂദാശയുടെ ലത്തീൻ ക്രമം സുറിയാനിയിലേക്ക് തർജ്ജമ ചെയ്ത് നടപ്പിൽ വരുത്തിയിരുന്നെങ്കിലും അത് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നില്ല എന്ന് റോസ് സാക്ഷ്യപ്പെടുത്തുന്നു. അബ്രാഹം മെത്രാപ്പോലീത്ത ഇത് നിരുത്സാഹപ്പെടുത്തിയിരുന്നു എന്നും സ്വന്തം മരണക്കിടക്കയിൽ പോലും അത് സ്വീകരിക്കാൻ തയ്യാറാല്ലായിരുന്നു എന്നും റോസ് കൂട്ടിച്ചേർക്കുന്നു.[53]

'ഒടുവിലത്തെ ഒപ്രൂശ്മ' എന്നും അന്ത്യകൂദാശ എന്നും അറിയപ്പെട്ട ഈ കർമ്മം നസ്രാണികളുടെ ഇടയിൽ നിർബന്ധമാക്കിയത് ഉദയംപേരൂർ സൂനഹദോസിലൂടെ പോർച്ചുഗീസ് മിഷനറിമാർ ആണ്. ലത്തീൻ ആരാധനാക്രമത്തിൽ നിന്ന് ഇതിന്റെ അനുഷ്ഠാനക്രമം സുറിയാനിയിലേക്ക് അവർ തർജ്ജമ ചെയ്ത് നടപ്പിൽ വരുത്തി.[65]

മൃതസംസ്കാരം
[തിരുത്തുക]

16ാം നൂറ്റാണ്ടിന്റെ പകുതിവരെ നസ്രാണികൾ തങ്ങളുടെ മരിച്ചവരെ സംസ്കരിച്ചിരുന്നത് തങ്ങളുടെ വീടുകളിലോ സൗകാര്യ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിലോ ആയിരുന്നു. വിശുദ്ധന്മാരുടെയും സന്യാസികളുടെയും മൃതദേഹങ്ങൾ പള്ളികളിൽ തന്നെ സംസ്കരിച്ചിരുന്നു. സാബോർ, അപ്രോത്ത് എന്നിവരുടെ ഭൗതികദേഹങ്ങൾ കൊല്ലം തർസാപ്പള്ളിയുടെ മദ്ബഹയ്ക്കുള്ളിൽ ആണ് സംസ്കരിച്ചിരുന്നത് എന്ന് റോസ് രേഖപ്പെടുത്തുന്നു.[66]

പോർച്ചുഗീസുകാരുടെ സമ്മർദ്ദത്തെ തുടർന്ന് യാക്കോവ് ആവൂനയാണ് മൃതസംസ്കാരം പള്ളികളുടെ സമീപത്തേക്ക് മാറ്റാനും അതിനായി സെമിത്തേരികൾ രൂപീകരിക്കാനും ആദ്യമായി നിർദ്ദേശിച്ചത്.[39]

തെശ്മിശ്താ ദ് അന്നീദേ എന്ന പ്രാർത്ഥനക്രമമാണ് മൃതസംസ്കാര ശുശ്രൂഷയ്ക്ക് കൽദായ ആചാരക്രമത്തിൽ ഉപയോഗിച്ചിരുന്നത്.

അനന്തര കർമ്മങ്ങൾ
[തിരുത്തുക]

ഒരു വീട്ടിൽ മരണം സംഭവിച്ചാൽ മരണം സംഭവിച്ച ദിവസം മുതൽ ആകെ 40 ദിവസം വീട്ടിലെ അംഗങ്ങൾ നോമ്പ് നോക്കുകയും ഉപവസിക്കുകയും ചെയ്യുന്ന പതിവ് നിലനിന്നിരുന്നു.[67] ആ ദിവസങ്ങളിൽ അവർ താടി കത്രിക്കുകയോ ആഘോഷങ്ങളിൽ പങ്കെടുക്കുകയോ ചെയ്തിരുന്നില്ല. 40 ദിവസവും അവർ കബറിടത്തിലും വീട്ടിലും പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു. ഇതിനു നേതൃത്വം വഹിക്കാൻ വൈദികനെ ക്ഷണിക്കാറുണ്ടായിരുന്നു. 41ാം ദിവസം ബന്ധുക്കളെയും അയൽവാസികളെയും വിളിച്ച് സദ്യ ഒരുക്കിക്കൊണ്ടാണ് നോമ്പ് അവസാനിപ്പിച്ചിരുന്നത്. തുടർന്ന് 30 ദിവസം കൂടുമ്പോൾ മരിച്ചയാളുടെ ഓർമ്മ ആചരണം നടത്തുന്ന രീതി മരണം നടന്ന ഒരു വർഷം തികയുന്നത് വരെ അവർ തുടർന്നു കൊണ്ട് പോയിരുന്നു. അതിനുശേഷം ഓരോ വർഷവും മരണവാർഷികം ആചരിച്ചിരുന്നു. മരിച്ച ആളുടെ ഓർമ്മ ആചരിക്കുന്ന ദിവസം കബറിടത്തിലും വീട്ടിലും വൈദികന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തിയിരുന്നു.[68]

വിവാഹവും കുടുംബജീവിതവും

[തിരുത്തുക]

കൽദായ ആചാരക്രമത്തിൽ വിവാഹത്തിൻറെ കൂദാശാ പദവി തർക്കത്തിന് വിഷയമാണ്. പോർച്ചുഗീസ് എഴുത്തുകാർ നൽകുന്ന വിവരണം അനുസരിച്ച് നസ്രാണികൾ വിവാഹത്തെ ഒരു കൂദാശയായി പരിഗണിച്ചിരുന്നില്ല. 'പെണ്ണുകെട്ട്' എന്നാണ് വിവാഹത്തെ അവർ വിളിച്ചിരുന്നത് എന്ന് റോസ് രേഖപ്പെടുത്തുന്നു. കൽദായ ആചാരക്രമത്തിൽ ബാലവിവാഹം കർശനമായി നിരോധിച്ചിരുന്നു എങ്കിലും മലബാറിൽ അത് വ്യാപകമായിരുന്നു. പ്രാദേശിക രീതി അനുസരിച്ച് നസ്രാണികളും ബാല്യത്തിൽ തന്നെ വിവാഹം നടത്തിയിരുന്നു. മണവാട്ടിയുടെ പിതാവും മണവാളന്റെ പിതാവും ആണ് വിവാഹം ഉറപ്പിച്ചിരുന്നത്.[69]

വൈദികന്റെ കാർമികത്വത്തിലാണ് വിവാഹ ചടങ്ങുകൾ നടന്നിരുന്നത്. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മാത്രമാണ് വിവാഹം നടത്തിയിരുന്നത്. അതേസമയം പ്രാദേശിക രീതി മാത്രം അവലംബിച്ചു നടത്തിയ വിവാഹങ്ങളും ഉണ്ടായിരുന്നു എന്നും ഇത്തരം വിവാഹ ചടങ്ങുകളും സാധുവായി പരിഗണിക്കപ്പെട്ടിരുന്നു എന്നും റോസ് രേഖപ്പെടുത്തുന്നു. മണവാട്ടിയുടെ കഴുത്തിൽ മണവാളൻ താലി കെട്ടുന്നതും തലയിൽ മന്ത്രകോടി പുതപ്പിക്കുന്നതും ആയിരുന്നു ഏറ്റവും പ്രചാരമുള്ള പ്രാദേശിക രീതി.[70] ഇതിനുപുറമേ വധൂവരന്മാർ പരസ്പരം കൈകളിൽ നെന്മണികൾ പകരുന്ന ചടങ്ങും ഉണ്ടായിരുന്നു. ഇതിന് പുറമേ മറ്റു രീതികളും വിവാഹത്തിന് ഉണ്ടായിരുന്നു. എന്നാൽ ഇവയെല്ലാം നിരോധിക്കുന്നതിന് പോർച്ചുഗീസുകാർ പ്രത്യേക ശ്രദ്ധ ചെലുത്തി. താലികെട്ടും, മന്ത്രകോടി ധരിപ്പിക്കലും മാത്രമാണ് പ്രാദേശിക രീതി പരിഗണിച്ച് അവർ അനുവദിച്ചിരുന്നത്. വധുവരന്മാരെ ആനപ്പുറത്ത് എഴുന്നള്ളിക്കുന്ന രീതിയും ആളുകളുടെ തൊളത്ത് എടുത്ത് കൊണ്ടുവരുന്ന രീതിയിൽ ഉണ്ടായിരുന്നു. രാജാക്കന്മാരിൽ നിന്ന് പ്രത്യേക കിട്ടിയ അധികാര അവകാശങ്ങൾ ആയിരുന്നു ഇവ.[69]

വിവാഹത്തിൻറെ ഭാഗമായി സ്ത്രീധനം കൊടുക്കുന്ന രീതി സാധാരണമായിരുന്നു. മണവാട്ടിയുടെ പിതാവ് ആണ് സ്ത്രീധനം കൊടുത്തിരുന്നത്. മക്കൾ ഉണ്ടാകാതെ ഭർത്താവ് മരണപ്പെട്ടാൽ സ്ത്രീധനം മുഴുവനും തിരിച്ചു കൊടുക്കണം എന്ന് വ്യവസ്ഥയുണ്ടായിരുന്നു.[71] നസ്രാണികൾ ഏകപതീ-ഏകപത്നീ വൃതം ഉണ്ടായിരുന്നവരായിരുന്നു. എന്നാൽ പങ്കാളി മരണപ്പെട്ടാൽ ഒരു വർഷത്തിനുശേഷം പുനർവിവാഹം ചെയ്യുന്നത് സാധാരണമായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും പുനർവിവാഹം അനുവദിച്ചിരുന്നു. സുറിയാനി ക്രിസ്ത്യാനികൾ മക്കത്തായ കുടുംബ സംവിധാനമാണ് പാലിച്ചിരുന്നത്. തെക്കുംഭാഗ, വടക്കുംഭാഗ വിഭാഗങ്ങളിലെ പുരുഷന്മാർ നായർ സ്ത്രീകളെ വിവാഹം ചെയ്തിരുന്നതായി 16ാം നൂറ്റാണ്ടിൽ മലബാർ സന്ദർശിച്ച ജെസ്യൂട്ട് മിഷനറി മോൺസെറാറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.[72]

നോമ്പുകൾ

[തിരുത്തുക]

കൽദായ ആചാരക്രമം അനുസരിച്ചുള്ള നോമ്പുകളാണ് മാർത്തോമാ നസ്രാണികളും ആചരിച്ചിരുന്നത്. മാംസം, മത്സ്യം, മുട്ട, പാലും പാലുത്പന്നങ്ങളും, മദ്യം, വെറ്റില ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ എന്നിവ എല്ലാം നോമ്പു കാലത്ത് പൂർണമായും വർജ്ജിച്ചിരുന്നു. നോമ്പ് ദിവസങ്ങളിൽ ദിവസം 2 നേരം മാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളൂ. ആ ദിവസങ്ങളിൽ ഭാര്യ ഭർത്താക്കന്മാർ മാറിക്കിടക്കുകയും പുരുഷന്മാർ ക്ഷുരകം ചെയ്യുന്നത് ഉപേക്ഷിക്കുകയും ചെയ്തിരുന്നു. നോമ്പുള്ള ദിവസങ്ങളിൽ വിശ്വാസികൾ പള്ളികളിൽ രാവിലെയും വൈകിട്ടും യാമനമസ്കാരങ്ങൾക്കായി ഒരുമിച്ചു കൂടിയിരുന്നു.[73]

വലിയ നോമ്പ്
[തിരുത്തുക]

ഉയർപ്പ് തിരുനാളിന് മുൻപുള്ള 7 ആഴ്ചകൾ ആണ് വലിയ നോമ്പ് ആയി ആചരിച്ചിരുന്നത്. ആരാധന വത്സരത്തിലെ നോമ്പുകാലം ഈ ദിവസങ്ങളാണ്. നോമ്പ് ആരംഭിക്കുന്ന ഞായറാഴ്ച പേത്തൂർത്താ ഞായർ എന്ന് അറിയപ്പെട്ടു. ഞായറാഴ്ചകളിൽ ഉപവാസം ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ നോമ്പിലെ ആദ്യത്തെ തിങ്കളാഴ്ച ആണ് പൂർണ്ണ ഉപവാസ ദിനമായി ആചരിച്ചിരുന്നത്. നോമ്പ് ദിവസങ്ങൾക്കായി താരതമ്യേന ദൈർഘ്യം കൂടിയ യാമനമസ്കാര ക്രമങ്ങളാണ് ഉണ്ടായിരുന്നത്.[74] ഓശാന ഞായറിന് മുമ്പു വരുന്ന വെള്ളിയാഴ്ച 40ാം വെള്ളി എന്നറിയപ്പെട്ടിരുന്നു. യേശുക്രിസ്തു ലാസറിനെ ഉയർപ്പിച്ചതിന്റെ ഓർമ്മയാണ് അന്നേദിവസം ആചരിച്ചിരുന്നത്. നാൽപതു ദിവസം ഇവിടെ നിൽക്കുന്ന ഉപവാസം അവസാനിക്കുന്നതും ഒന്നാണ്. തൊട്ടടുത്ത് വരുന്ന ശനിയാഴ്ച മധുര പലഹാരങ്ങൾ വിതരണം ചെയ്ത് ആചരിച്ചിരുന്നു. ഓശാന ഞായർ മുതൽ ദുഃഖശനി വരെ നീണ്ടുനിൽക്കുന്ന ആഴ്ചയെ പീഡാനുഭവ ആഴ്ച അഥവാ ഹാശ ആഴ്ച എന്നാണ് വിളിച്ചിരുന്നത്. ഈ ദിവസങ്ങളിലും ഉപവാസം തുടർന്നു പോയിരുന്നു. ദുഃഖവെള്ളിയും പൂർണ്ണ ഉപവാസ ദിനമായിരുന്നു.

മൂന്ന് നോമ്പ്
[തിരുത്തുക]

വലിയ നോമ്പ് തുടങ്ങുന്നതിന് 18 ദിവസം മുൻപ് നടത്തുന്നതാണ് 3 നോമ്പ് അഥവാ നിനവേ നോമ്പ്. യാചന എന്നർത്ഥം വരുന്ന ബാവൂസ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. നസ്രാണികളുടെ നോമ്പുകളിൽ ഏറ്റവും ശ്രദ്ധേയവും ആചാരപ്രധാനവും ആയിരുന്നു ഇത്. മൂന്നുദിവസം വിശ്വാസികൾ പള്ളിക്കുള്ളിൽ ഇരുന്ന് ഉപവസിച്ച് നോമ്പ് ആചരിച്ചിരുന്നു. മൂന്നുദിവസം കൊണ്ട് ബൈബിളിലെ സങ്കീർത്തന പുസ്തകം പൂർണമായും വായിച്ചുതീർക്കുന്നത് ദിവസങ്ങളിൽ പതിവായിരുന്നു. ബാവൂസയുടെ യാമനമസ്കാര ക്രമങ്ങൾ ഏറ്റവും ദൈർഘ്യമേറിയവ ആയിരുന്നു.[74] നോമ്പിൻറെ അവസാന ദിവസമായ ബുധനാഴ്ച നെസ്തോറിയസിന്റെ കൂദാശക്രമം ആണ് വിശുദ്ധ കുർബാനയിൽ ഉപയോഗിച്ചിരുന്നത്.

യൽദാ നോമ്പ്
[തിരുത്തുക]

യേശുക്രിസ്തുവിന്റെ ജനന പെരുന്നാളിന് 25 ദിവസം മുൻപ് തുടങ്ങുന്നതാണ് പിറവി നോമ്പ് അഥവാ യൽദാ നോമ്പ്.[74]

മറ്റു നോമ്പുകൾ
[തിരുത്തുക]

സെപ്റ്റംബർ 13ാം തീയതി ആചരിച്ചിരുന്ന സ്ലീവാ പെരുന്നാളിന് മുന്നോടിയായി ആചരിച്ചിരുന്ന നോമ്പാണ് സ്ലീവാ നോമ്പ്.

ഓഗസ്റ്റ് 15ാം തീയതി ആചരിച്ചിരുന്ന കന്യകാമറിയത്തിന്റെ കരയേറ്റ പെരുന്നാളിന് മുന്നോടിയായി ആചരിച്ചിരുന്ന നോമ്പാണ് 15 നോമ്പ് എന്നറിയപ്പെട്ടിരുന്നത്. യേശുക്രിസ്തുവിന്റെ രൂപാന്തരീകരണ പെരുന്നാൾ ഈ നോമ്പിന് ഇടയ്ക്കാണ് ആചരിച്ചിരുന്നത്.[74] സെപ്റ്റംബർ 8ന് കന്യകാമറിയത്തിന്റെ ജനന പെരുന്നാളിന് മുന്നോടിയായി ഏഴു ദിവസം പള്ളിയിൽ ഭജന ഇരുന്ന് നോമ്പ് എടുക്കുന്ന രീതിയും ഉണ്ടായിരുന്നു.[75] ഇത് സ്ത്രീകൾ മാത്രമാണ് എടുത്തിരുന്നത്.[70]

പന്തക്കുസ്താതിരുനാൾ കഴിഞ്ഞുവരുന്ന 50 ദിവസം ശ്ലീഹാ നോമ്പ് ആചരിച്ചിരുന്നു. ഇതിൻറെ അവസാന ദിവസം 12 ശ്ലീഹന്മാരുടെ പെരുന്നാൾ ആയ നൂസർദ്ദേൽ ആയിരുന്നു. ഈ നോമ്പ് ഐച്ഛികമായി മാത്രം എടുത്തിരുന്നത് ആയിരുന്നു.[75]

പെരുന്നാളുകൾ

[തിരുത്തുക]

കൽദായ ആചാരക്രമം അനുസരിച്ചുള്ള പെരുന്നാളാണ് നസ്രാണികൾക്ക് ഉണ്ടായിരുന്നത്. പെരുന്നാളുകളെ മാറാനായ പെരുന്നാളുകൾ അഥവാ കർത്താവിൻറെ പെരുന്നാളുകൾ എന്നും മറ്റു പെരുന്നാളുകൾ എന്നും തരംതിരിച്ചിരുന്നു. യൽദാ (ക്രിസ്തുമസ്), ദനഹാ, ഓശാന, പെസഹാ, ദുഃഖവെള്ളി, ഖ്യംത (ഈസ്റ്റർ), സൂലാഖ (സ്വർഗ്ഗാരോഹണം), പന്തക്കൊസ്തി, ഗെലിയാന, സ്ലീവാ കണ്ടെത്തിയതിന്റെ പെരുന്നാൾ എന്നിവയാണ് മാറാനായ പെരുന്നാളുകൾ.

തിരുപ്പിറവി
[തിരുത്തുക]

യേശുക്രിസ്തുവിന്റെ ജനനത്തിരുനാൾ ആയ യൽദാ നസ്രാണികൾ ആചരിച്ചിരുന്നത് ഡിസംബർ 25 തീയതി തന്നെ ആയിരുന്നു. 1585ൽ അബ്രഹാം മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടന്ന അങ്കമാലിയിലെ ഒന്നാം സൂനഹദോസ് ആണ് ഗ്രിഗോറിയൻ കലണ്ടർ ഔദ്യോഗികമായി സ്വീകരിച്ചത്. പോർച്ചുഗീസുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അദ്ദേഹം ഇത് ചെയ്തത്.[76] അതിനുമുമ്പ് മറ്റ് പൗരസ്ത്യ സഭകളിലേതുപോലെ ജൂലിയൻ പഞ്ചാംഗം തന്നെയാണ് നസ്രാണികളും ഉപയോഗിച്ചിരുന്നത്.

യൽദായ്ക്ക് മുന്നോടിയായി 24 ദിവസം നസ്രാണികൾ നോമ്പ് നോക്കിയിരുന്നു. യൽദാ പെരുന്നാൾ ആചരിച്ചിരുന്നത് അർദ്ധരാത്രിയിലെ കുർബാനയോട് കൂടിയാണ്. കുർബാനയ്ക്ക് മുമ്പായി പള്ളിക്ക് ചുറ്റും പ്രദക്ഷിണം നടത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു.[77] പള്ളിമുറ്റത്ത് ത്രികോണാകൃതിയിൽ ആളി കൂട്ടി അതിൽ മുൻവർഷത്തെ ഓശാന ഞായറാഴ്ചയിൽ ഉപയോഗിച്ച കുരുത്തോലകൾ കൂട്ടിയിട്ട് വൈദികൻ തീ കൊളുത്തുന്ന പതിവ് ഉണ്ടായിരുന്നു. കത്തുന്ന തീയ്ക്ക് ചുറ്റും വൈദികനും വിശ്വാസ സമൂഹവും വലം വയ്ക്കുകയും അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി എന്ന മാലാഖമാരുടെ കീർത്തനം മൂന്നുതവണ ഉരുവിട്ട ശേഷം പള്ളിയിലേക്ക് പ്രദക്ഷിണമായി പ്രവേശിക്കുകയും ചെയ്തിരുന്നു.[68] ഈ പ്രദക്ഷിണത്തിനിടെ ബറുമറിയം എന്ന സുറിയാനി ഗാനം പാടിയിരുന്നു.

യേശുക്രിസ്തുവിന്റെ മാമ്മോദിസയുടെ അനുസ്മരണമായ ദനഹാതിരുനാൾ നസ്രാണികൾക്ക് പ്രധാന പെരുന്നാളുകളിൽ ഒന്നായിരുന്നു. ജനുവരി 6ാം തീയതി ആണ് ഈ പെരുന്നാൾ ആചരിക്കുന്നത്. വടക്കൻ മേഖലകളിൽ പിണ്ടികുത്തി പെരുന്നാൾ എന്നും, തെക്കൻ മേഖലകളിൽ രാക്കുളി പെരുന്നാൾ എന്നും ആണ് ഇത് അറിയപ്പെട്ടിരുന്നത്.[78]

വാഴയുടെ പുറംതൊലി നീക്കം ചെയ്ത് പിണ്ടി പുറത്തെടുത്ത് അതിൽ തിരികൾ കുത്തി വെച്ചശേഷം പള്ളികളും പരിസരങ്ങളും ദീപാലംകൃതം ആക്കുന്നതാണ് പിണ്ടികുത്തി പെരുന്നാളിന്റെ പ്രധാന ചടങ്ങ്. ദൈവം പ്രകാശമാണ് എന്ന് അർത്ഥം വരുന്ന ഏൽപയ്യ എന്ന പദം ഈണത്തിൽ ഉരുവിട്ട് കൊണ്ട് പ്രദക്ഷിണം നടത്തുന്നതും വ്യാപകമായിരുന്നു.[78]

പള്ളി പരിസരത്തുള്ള കുളങ്ങളിലും പുഴകളിലും മറ്റു ജലാശയങ്ങളിലും രാത്രയിൽ മുങ്ങി കുളിക്കുന്നതാണ് രാക്കുളിയുടെ പ്രധാന ആചാരം. പുരോഹിതൻ കുരിശ് എടുത്ത് വെള്ളത്തിൽ മുക്കി വെള്ളം ആശിർവദിച്ച ശേഷമാണ് ആളുകൾ അതിൽ മുങ്ങിയിരുന്നത്. യോർദ്ദാൻ നദിയിൽ യേശുക്രിസ്തു മാമ്മോദിസ മുങ്ങിയതിന്റെ അനുസ്മരണമായാണ് ഇത് നടത്തിയിരുന്നത്.[79]

അതേസമയം പോർച്ചുഗീസുകാർ ജനുവരി 6ാം തീയതി ലത്തീൻ ആചാരക്രമം അനുസരിച്ച് 3 രാജാക്കന്മാരുടെ പെരുന്നാൾ ആയാണ് ആചരിച്ചിരുന്നത്. ഇക്കാരണത്താൽ ദനഹാ പെരുന്നാളിനെ 3 രാജാക്കന്മാരുടെ പെരുന്നാൾ ആക്കി മാറ്റാൻ പോർച്ചുഗീസുകാർ പരിശ്രമിച്ചു. 3 രാജാക്കന്മാരുടെ രൂപങ്ങൾ എഴുന്നള്ളിച്ചു കൊണ്ടുള്ള പ്രദക്ഷിണങ്ങളും മറ്റു പെരുന്നാളുകളും അവർ പ്രചരിപ്പിച്ചു.[79]

തെങ്ങിന്റെ കുരുത്തോലകൾ വീശിക്കൊണ്ട് ആണ് നസ്രാണികൾ ഓശാന പെരുന്നാൾ ആചരിച്ചിരുന്നത്. ആളുകൾ ഇതിനായി ആവശ്യമുള്ള കുരുത്തോലകൾ വിവിധ ഇടങ്ങളിൽ ശേഖരിച്ച് പള്ളിയിൽ എത്തിച്ചിരുന്നു. കുരുത്തോലകളെ വിശുദ്ധ വസ്തുക്കളായാണ് നസ്രാണികൾ കണ്ടിരുന്നത്. പെസഹാ തിരുനാളിന് പാകം ചെയ്യുന്ന അപ്പത്തിനും പാലിലും കുരുത്തോല കഷണങ്ങൾ വയ്ക്കുന്ന രീതി ഉണ്ടായിരുന്നു. പള്ളിയിൽ അവശേഷിക്കുന്ന കുരുത്തോലകൾ തൊട്ടടുത്ത യൽദാ പെരുന്നാളിന് ആളി കൂട്ടുന്നതിന് ആണ് ഉപയോഗിച്ചിരുന്നത്.

നസ്രാണികളുടെ പെരുന്നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു പെസഹാ. പെസഹാ ദിവസം എല്ലാവരും പള്ളിയിൽ കുർബാനയിൽ സംബന്ധിച്ചിരുന്നു. വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കാർമികൻ 12 പുരുഷന്മാരുടെയോ കുട്ടികളുടെയോ പാദങ്ങൾ കഴുകിയിരുന്നു. നെസ്തോറിയസിന്റെ കൂദാശാക്രമമാണ് അന്നേദിവസം കുർബാനയ്ക്ക് ഉപയോഗിച്ചിരുന്നത്. ഒരു വർഷത്തേക്ക് വേണ്ട വിശുദ്ധ കുർബാനയുടെ മൽക്ക അഥവാ പുളിപ്പും വിശുദ്ധ തൈലവും വർദ്ധിപ്പിക്കുന്ന കർമ്മങ്ങൾ അന്നേ ദിവസം മെത്രാന്റെ നേതൃത്വത്തിൽ നടന്നിരുന്നു.

വീടുകളിൽ അപ്പം പുഴുങ്ങുകയും പാല് കാച്ചുകയും ചെയ്യുന്ന പതിവും ഉണ്ടായിരുന്നു. അരിമാവ് കുഴച്ച് പുളിപ്പിക്കാതെ ഉണ്ടാക്കുന്നതായിരുന്നു അപ്പവും. ആവിയിൽ പുഴുങ്ങിയോ ചട്ടിയിൽ ചുട്ടെടുത്തോ ആണ് അപ്പം ഉണ്ടാക്കിയിരുന്നത്. തേങ്ങാപ്പാലും ശർക്കരയും ചേർത്ത് പാനീയമാണ് പാൽ എന്നറിയപ്പെട്ടിരുന്നത്. ഏതെങ്കിലും മരണം നടന്ന വീട്ടിൽ അതിനുശേഷം ഒരു വർഷത്തേക്ക് പെസഹാ ആചരിച്ചിരുന്നില്ല. ഇവർ മറ്റ് വീടുകളിൽ ചെന്ന് പെസഹ ആചരണത്തിൽ പങ്കെടുത്തിരുന്നു. ക്രൈസ്തവർ മാത്രമാണ് പെസഹാചരണത്തിൽ പങ്കെടുത്തിരുന്നത്.[80]

ദുഃഖവെള്ളി
[തിരുത്തുക]

ദുഃഖവെള്ളി ദിവസം വിശുദ്ധ കുർബാന അർപ്പണവും സ്വീകരണവും ഒഴിവാക്കിയിരുന്നു. അന്നേദിവസം വിശ്വാസികൾ പൂർണമായി ഉപവസിച്ചിരുന്നു.[81]

ഉയിർപ്പ് പെരുന്നാൾ
[തിരുത്തുക]

യേശുക്രിസ്തുവിൻറെ ഉയർപ്പ് പെരുന്നാളായ ഖ്യംതയ്ക്ക് മുന്നോടിയായി 7 ആഴ്ച് നീണ്ടുനിൽക്കുന്ന നോമ്പ് നസ്രാണികൾ അനുഷ്ഠിച്ചിരുന്നു. വലിയ നോമ്പ് എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. അർദ്ധരാത്രി കഴിഞ്ഞാണ് ഖ്യംതാ പെരുന്നാളിന് വിശുദ്ധ കുർബാന പള്ളികളിൽ നടന്നിരുന്നത്.[68] വൈദികന്റെ നേതൃത്വത്തിൽ ആഘോഷമായ പ്രദക്ഷിണമായാണ് എല്ലാവരും പള്ളിയിൽ പ്രവേശിച്ചിരുന്നത്. പള്ളിക്കുള്ളിൽ എടനയില മുതലായ സുഗന്ധം പരത്തുന്ന ഇലകൾ കീറിയിടുന്ന രീതി ഉണ്ടായിരുന്നു എന്ന് പോർച്ചുഗീസുകാർ രേഖപ്പെടുത്തുന്നു.[82]

രൂപാന്തരീകരണം
[തിരുത്തുക]

യേശുക്രിസ്തു താബോർമലയിൽ വച്ച് രൂപാന്തരപ്പെട്ടതിന്റെ ഓർമ്മയാണ് ഗെലിയാനാ എന്ന പേരിൽ ആചരിച്ചിരുന്നത്. ഓഗസ്റ്റ് 15 വരെ നീണ്ടുനിൽക്കുന്ന നോമ്പിന് ഇടയിൽ ആണ് ഈ പെരുന്നാൾ വന്നിരുന്നത് എന്നതിനാൽ അന്നേദിവസം നോമ്പ് ആചരിച്ചിരുന്നു എന്ന റോസ് രേഖപ്പെടുത്തുന്നു.[83]

സ്ലീവാ പെരുന്നാൾ
[തിരുത്തുക]

സെപ്റ്റംബർ 13ാം തീയതിയാണ് നസ്രാണികൾ സ്ലീവാ പെരുന്നാൾ അഥവാ വിശുദ്ധ കുരിശിൻറെ പെരുന്നാൾ ആചരിച്ചിരുന്നത്.[83] പരിശുദ്ധ സ്ലീവാ കണ്ടെത്തിയതിന്റെ പെരുന്നാൾ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഈ പെരുന്നാളിന് മുന്നോടിയായി 13 ദിവസം നോമ്പ് നോക്കുന്ന രീതിയും ഉണ്ടായിരുന്നു.

മറ്റു ക്രൈസ്തവ ആചാരക്രമങ്ങളിൽ ഇതിനുപകരം സെപ്റ്റംബർ 14ാം തീയതി വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാൾ ആയാണ് ആചരിച്ചിരുന്നത്.[84] നസ്രാണികളുടെ ഇടയിൽ ഇത് ഔദ്യോഗികമാക്കാൻ പോർച്ചുഗീസുകാർ സമ്മർദ്ദം ചെലുത്തി.

വിശുദ്ധരുടെ തിരുനാളുകൾ
[തിരുത്തുക]

മാർത്തോമ്മാ ആചരിച്ചിരുന്ന ഓർമ്മ തിരുനാളുകൾ റോസിന്റെ വിവരണം അനുസരിച്ച്. പിറവി തിരുനാൾ കഴിഞ്ഞ് വരുന്ന വെള്ളിയാഴ്ചകൾ

  1. കന്യകാമറിയത്തിന്റെ പെരുന്നാൾ (ക്രിസ്തുവിൻറെ അമ്മയായ മറിയത്തിന്റെ അനുമോദന പെരുന്നാൾ)
  2. യോഹന്നാൻ മാംദാനയുടെ ഓർമ്മ
  3. പത്രോസ്, പൗലോസ് ശ്ലീഹന്മാരുടെ ഓർമ്മ
  4. സുവിശേകന്മാരുടെ (മത്തായി, മർക്കോസ്, ലൂക്കാ, യോഹന്നാൻ) തിരുനാൾ
  5. എസ്തെപ്പാനോസ് സഹദ
  6. യവന മല്പാന്മാർ (ദിയദോറോസ്, തിയദോറോസ്, നെസ്തോറിയസ്)
  7. സുറിയാനി മല്പാന്മാർ (അപ്രേം, നർസായി, അബ്രാഹം)
  8. ഹോർമിസ്ദ് റമ്പാൻ - ഉയിർപ്പ് തിരുനാൾ കഴിഞ്ഞു വരുന്ന 15ാം ദിവസം (ഉയിർപ്പുകാലം 2ാം തിങ്കൾ)

മറ്റ് ദിവസങ്ങൾ:

  1. ഗീവർഗ്ഗീസ് സഹദ - ഏപ്രിൽ 24[83]
  2. സാബോർ, അപ്രോത്ത് - മെയ് 19[66]
  3. തോമാശ്ലീഹ - ജൂലൈ 3 (മുൻപ് പ്രചാരത്തിലിരുന്ന രീതിയിൽ അനുസരിച്ച് കർക്കടകം 3), പുതുഞായർ, വൃശ്ചികം 21, തുലാം 18[85]
  4. കുര്യാക്കോസ് സഹദായും അമ്മ യൂലീത്തായും - ജൂലൈ 15[83]
  5. ഹോർമിസ്ദ് റമ്പാൻ - സെപ്റ്റംബർ 1

ഗ്രിഗോറിയൻ പഞ്ചാംഗം ഔദ്യോഗികമായി സ്വീകരിക്കപ്പെടുന്നതിന് മുമ്പ് ഉപയോഗിച്ചിരുന്ന ജൂലിയൻ പഞ്ചാംഗം അനുസരിച്ചുള്ള ദിവസങ്ങളിലെ പെരുന്നാളുകൾ നസ്രാണികൾ തുടർന്നിരുന്നു. ഗീവർഗീസിന്റെ പെരുന്നാൾ മെയ് 6ന് ആചരിക്കുന്നത് ഇതിനു ഉദാഹരണമാണ്.

ഉദയംപേരൂർ സൂനഹദോസിന്റെ 3ാം കൂടിവിചാരത്തിലെ 9ാം കാനോന പൗരസ്ത്യ സുറിയാനി വിശുദ്ധന്മാരുടെ തിരുനാൾ ആചരണം വിലക്കി. ദിയദോർ, തിയദോർ, നെസ്തോറിയസ് എന്നിവരുടെ പേരുകൾ ആരാധനാക്രമ ഗ്രന്ഥങ്ങളിൽ നിന്ന് വെട്ടുകയും അവരുടെ പേരിൽ അറിയപ്പെടുന്ന പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. അവർക്ക് പകരം അത്തനാസിയോസ്, നസ്സിയാൻസസിലെ ഗ്രിഗോറിയോസ്, ബസേലിയോസ്, ക്രിസോസ്തോം, അലക്സാണ്ഡ്രിയയിലെ കൂറില്ലോസ് എന്നിവരുടെ പേരുകൾ എഴുതിച്ചേർത്തു.[86][87] നർസായി, അബ്രാഹം എന്നീ സുറിയാനി മൽപ്പാന്മാരുടെ പേരുകളും ഈ രീതിയിൽ നീക്കം ചെയ്യുകയും അവരുടെ പേരിലുള്ള പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. അവർക്ക് പകരം അഗസ്തീനോസ്, അംബ്രോസ്, ഗ്രിഗോറിയോസ് എന്നീ ലത്തീൻ വിശുദ്ധരുടെ പേരുകൾ തിരുകികയറ്റുകയും ചെയ്തു.[86][88] 10ാം കാനോനയിൽ ഹോർമിസ്ദ് റമ്പാനെ നെസ്തോറിയൻ പാഷണ്ഡിയായി പ്രഖ്യാപിക്കുകയും പകരം ഹോർമിസ് സഹദായുടെ പേര് സ്ഥാപിക്കുകയും ചെയ്തു.[89]

8ാം കൂടിവിചാരം 25ാം കാനോന മാർ സബോർ, മാർ അപ്രോത്ത് എന്നിവരെ നെസ്തോറിയൻ പാഷണ്ഡികളായി പ്രഖ്യാപിക്കുകയും അവരുടെ പേരിൽ പള്ളികളും പെരുന്നാളുകളും നേർച്ചകളും ഉണ്ടാകുന്നത് നിരോധിക്കുകയും ചെയ്തു. അവരുടെ പേരിൽ ഉണ്ടായിരുന്ന പള്ളികൾ സകല വിശുദ്ധരുടെയും പേരിലേക്ക് മാറ്റാനും ഉത്തരവിട്ടു.[90] നസ്രാണികളുടെ എതിർപ്പിനെ തുടർന്ന് ഇത് നടപ്പായില്ല. അതുകൊണ്ട് പിന്നീട് 'സകല വിശുദ്ധരുടെയും' എന്നതിന് പകരം ഗെർവാസീസ്, പ്രോത്താസീസ് എന്നീ ഇറ്റാലിയൻ ഇരട്ട വിശുദ്ധരെ തിരഞ്ഞെടുത്തു.[91][92] എന്നാൽ നസ്രാണികൾ സാബോർ, അപ്രോത്ത് എന്നിവരോടുള്ള വണക്കം തുടർന്നു പോവുകയും പുത്തങ്കൂർ വിഭാഗത്തിന്റെ നിയന്ത്രണത്തിൽ വന്ന പള്ളികളിൽ അവരുടെ നാമധേയത്തിൽ ഉണ്ടായിരുന്നവ (അകപ്പറമ്പ്, കായംകുളം) അതേനിലയിൽ തുടർന്നു പോവുകയും ചെയ്തു.

പഴയകൂറ്റുകാരുടെ ഇടയിലെ ലത്തീൻ മിഷനറി സ്വാധീനം കുര്യാക്കോസ് സഹദായെ ലത്തീൻ വിശുദ്ധനായ ഡീക്കൻ കുര്യാക്കോസായി തെറ്റിദ്ധരിക്കുന്ന പ്രവണതയ്ക്ക് ഇടവരുത്തി. കാലക്രമേണ കുട്ടികളുടെ മധ്യസ്ഥനായ കുര്യാക്കോസിനോടുള്ള ഭക്തി കർമ്മലീത്താ സ്വാധീനത്തിൽ ഉണ്ണീശോ ഭക്തിക്ക് വഴിമാറുകയും ചെയ്തു.

വിശുദ്ധ കുർബാനയുടെ ക്രമം

[തിരുത്തുക]

ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകളിൽ നിന്നുതന്നെ അക്കാലത്ത് മാർത്തോമാ നസ്രാണികൾ ഉപയോഗിച്ചിരുന്ന ആരാധനാക്രമം മനസ്സിലാക്കാൻ കഴിയുമെന്ന് ചരിത്രകാരനായ കൊണോളി അഭിപ്രായപ്പെടുന്നു. പൗരസ്ത്യ സുറിയാനി ആചാരക്രമത്തിന്റെ ഒരു രൂപം തന്നെയാണ് മാർത്തോമാ നസ്രാണികൾ ഉപയോഗിച്ചിരുന്നത് എന്ന് അദ്ദേഹം തറപ്പിച്ച് പറയുന്നു. കിഴക്കിന്റെ സഭയുടെ ആരാധനാക്രമത്തിന്റെ പൊതുവായി അംഗീകരിക്കപ്പെട്ട രൂപത്തിൽ നിന്ന് വ്യത്യസ്തമായ ഒരു ക്രമമാണ് മലബാറിൽ നിലവിൽ ഉണ്ടായിരുന്നത് എന്നും അദ്ദേഹം കൂട്ടിചേർക്കുന്നു.[93] ഡൗഗ്ലസ് വെബ്ബ് വിശദീകരിക്കുന്നത് അനുസരിച്ച് മലബാർ ആചാരക്രമം പൗരസ്ത്യ സുറിയാനി സഭയിൽ സാധാരണയായി ഉപയോഗിക്കപ്പെട്ടിരുന്ന ക്രമത്തിന്റെ ഒരു പരിഷ്കരിച്ച രൂപം ആയിരുന്നു. അൽഖോഷ് രീതിയിലുള്ള കയ്യെഴുത്തുപ്രതികൾ രൂപപ്പെട്ടതിനുശേഷം ആകാം ഇതിലെ സവിശേഷ ഘടകങ്ങൾ ചേർക്കപ്പെട്ടത് എന്നും അദ്ദേഹം എഴുതുന്നു.[94]

ഉദയംപേരൂർ സൂനഹദോസിനു തൊട്ടുപിന്നാലെയുള്ള വർഷങ്ങളിൽ രൂപപ്പെട്ട, ലത്തീൻവത്കരിക്കപ്പെട്ട ഒരു കൽദായ സുറിയാനി ആരാധനാക്രമമാണ് 17ാം നൂറ്റാണ്ടിൽ ഉടനീളം മാർത്തോമാ നസ്രാണികൾ ഉപയോഗിച്ചിരുന്നത്. വിശുദ്ധ കുർബാന, യാമനമസ്കാരങ്ങൾ എന്നിവ ഒഴികെയുള്ള എല്ലാ കൂദാശകളും ലത്തീൻ ആചാരക്രമത്തിലേത് സുറിയാനി യിലേക്ക് തർജ്ജമ ചെയ്ത് ഉപയോഗത്തിൽ വരുകയാണ് ഉദയംപേരൂർ സൂനഹദോസിനു ശേഷം ഉണ്ടായത്. അവശേഷിച്ച കൽദായ സുറിയാനി ക്രമങ്ങളിൽ തന്നെ വ്യാപകമായ ലത്തീൻ അനുരൂപണങ്ങളും മിഷണറിമാർ നടപ്പാക്കി. മൂന്നുമ്മേൽ റാസ, പാട്ടുകുർബാന മുതലായ കുർബാന രീതികളും അക്കാലത്ത് രൂപപ്പെട്ടവയാണ്.[95]

കൂനൻ കുരിശ് സത്യത്തിനും തുടർന്ന് നസ്രാണികൾ പഴയകൂറ്റുകാർ, പുത്തൻകൂറ്റുകാർ എന്നീ രണ്ട് വിഭാഗങ്ങളായി പിളർന്നതിനും ശേഷം ഇരു വിഭാഗങ്ങളും ഈ ലത്തീനികരിക്കപ്പെട്ട മലബാർ കൽദായ സുറിയാനി ആചാരക്രമം തുടർന്നുകൊണ്ടുപോയി. എന്നാൽ പുത്തൻകൂർ വിഭാഗത്തിലെ സുറിയാനി ഓർത്തഡോക്സ് സ്വാധീനം കാലക്രമേണ അന്ത്യോക്യൻ സുറിയാനി ആചാരക്രമം അവരുടെ ഇടയിൽ പ്രചരിക്കുന്നതിനും പൂർണമായി സ്വീകരിക്കപ്പെടുന്നതിനും കാരണമായി.[96] തത്ഫലമായി അവർ കൽദായ സുറിയാനി ആചാരക്രമം ഉപയോഗിക്കാതെയായി.[97] എന്നാൽ പഴയകൂർ വിഭാഗം അതിൽ കാര്യമായ മാറ്റങ്ങൾ ഇല്ലാതെ തുടർന്നു.[98] അതേസമയം 19ാം നൂറ്റാണ്ട് വരെ പുത്തങ്കൂറ്റുകാർ സീറോ-മലബാർ ആചാരക്രമത്തിലെ യാമനമസ്കാരങ്ങളും പ്രാർത്ഥനകളും ഉപയോഗിച്ചിരുന്നു എന്ന് ലഭ്യമായ കൈയ്യെത്തുപ്രതികൾ വ്യക്തക്കുന്നു.[99]

19ാം നൂറ്റാണ്ടിൽ പഴയകൂർ വിഭാഗത്തിൽ ഉണ്ടായ പിളർപ്പിനേത്തുടർന്ന് കൽദായ സുറിയാനി സഭ, സീറോ മലബാർ സഭ എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ രൂപപ്പെട്ടു. ഇതിൽ കൽദായ സുറിയാനി സഭക്കാർ തങ്ങളുടെ ആരാധന ക്രമത്തിലെ ലത്തീൻ അനുകരണങ്ങൾ നീക്കം ചെയ്യുകയും അസ്സീറിയൻ സഭയുടെ ആചാരക്രമത്തോട് അതിനെ അനുരൂപപ്പെടുത്തുകയും ചെയ്തു. അതേസമയം സീറോ മലബാർ സഭ പഴയ ലത്തീൻവത്കൃത സീറോ-മലബാർ ആചാരക്രമരീതി തുടർന്നുപോയി. 1896ൽ മാർപാപ്പ സീറോ-മലബാർ സഭയെ ലത്തീൻ സഭയിൽ നിന്ന് പൂർണ്ണമായി വേർപെടുത്തുകയും അവർക്ക് തദ്ദേശീയ മെത്രാന്മാരെ നിയമിക്കുകയും ചെയ്തതോടെ അന്നത്തെ സീറോ മലബാർ ആരാധനാക്രമത്തിലെ വൈകല്യങ്ങളും അപാകതകളും ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. 1934ൽ സീറോ-മലബാർ ആചാരക്രമത്തെ ഉദയംപേരൂർ സൂനഹദോസിന് മുമ്പുള്ള അവസ്ഥയിലേക്ക് പുനരുദ്ധരിക്കാൻ മാർപാപ്പ അന്തിമ തീരുമാനം എടുക്കുകയും 1986ഓടെ പുനരുദ്ധരിച്ച കുർബാന ക്രമം നടപ്പിൽ വരുത്തുകയും ചെയ്തു.[100]

ലത്തീൻവത്കരണം

[തിരുത്തുക]

പോർച്ചുഗീസുകാരുടെ വരവിനു ശേഷം സീറോ-മലബാർ ആരാധനാക്രമത്തെ ലത്തീൻ സഭയിലേതിനോട് അനുരൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. പ്രധാനമായും 3 കാരണങ്ങളാണ് ചൂണ്ടി കാണിക്കപ്പെടുന്നത്. ഒന്നാമത്തേത് മാർത്തോമാ നസ്രാണികൾ കിഴക്കിന്റെ സഭയുടെ കീഴിൽ ആയിരുന്നതിനാൽ അവരുടെ ആരാധനാക്രമത്തിൽ നെസ്തോറിയൻ പാഷണ്ഡതയുണ്ടെന്ന് അവർ കരുതിയിരുന്നു എന്നതാണ്. ലത്തീൻ ആചാരക്രമത്തിൽ മദ്ധ്യകാലത്ത് രൂപപ്പെട്ട ചില പരിഷ്കാരങ്ങളുടെയും ഭക്താനുഷ്ഠാനങ്ങളുടെയും കുറവ് സീറോ മലബാർ ആചാരക്രമത്തിൽ ഉണ്ട് എന്നും ലത്തീൻ ആചാരക്രമം മറ്റെല്ലാ ക്രൈസ്തവ ആചാരക്രമങ്ങളെക്കാളും മികച്ചതാണ് എന്നും ഉള്ള അവരുടെ തോന്നലുകളാണ് മറ്റുള്ള കാരണങ്ങൾ.[101] മലബാർ ആചാരക്രമത്തിലെത്തിയും ലത്തീൻവൽക്കരണ പ്രക്രിയയ്ക്ക് 3 ഘട്ടങ്ങൾ ഉണ്ടായിരുന്നു. ഉദയംപേരൂർ സൂനഹദോസിന് മുമ്പുള്ള 5 ദശാബ്ദങ്ങൾ (കൽദായ കത്തോലിക്കാ കാലഘട്ടം), ഉദയംപേരൂർ സൂനഹദോസ് മുതൽ കൂനൻകുരിശ് സത്യം വരെ (പോർച്ചുഗീസ്- ജെസ്യൂട്ട് കാലഘട്ടം), കൂനൻ കുരിശ് സത്യത്തിനുശേഷം (കർമ്മലീത്താ കാലഘട്ടം) എന്നിവയാണ് അവ.

കൽദായ കത്തോലിക്കാ കാലഘട്ടം

[തിരുത്തുക]

ഉദയംപേരൂർ സൂനഹദോസിന് മുമ്പ് നസ്രാണികളുടെ ലത്തീൻവൽക്കരണത്തിനുള്ള മിഷനറി സമ്മർദ്ദത്തിന്റെ കുന്തമുനയായി പ്രവർത്തിച്ചിരുന്നത് വൈപ്പിക്കോട്ടയിലെ ജസ്യൂട്ട് സെമിനാരിയായിരുന്നു.[102] സുറിയാനി തങ്ങളുടെ പാഠ്യ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കിയിരുന്ന വൈപ്പിക്കോട്ട ജെസ്യൂട്ടുകൾ നസ്രാണികൾ ഉപയോഗിച്ചിരുന്ന കൽദായ സുറിയാനി ആചാരക്രമം ഇഴകീറി പരിശോധിക്കാനും ലത്തീൻ ക്രമവുമായി അതിനുള്ള വൈരുദ്ധ്യങ്ങൾ കണ്ടെത്താനും പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു.[103] ഇവരുടെ സമ്മർദ്ദത്തിന് വഴിപ്പെട്ട് കൽദായ മെത്രാപ്പോലീത്തമാർ ആയ യൗസേപ്പ് സൂലാഖയും അബ്രാഹവും ചില ലത്തീൻ കൂട്ടിച്ചേർക്കലുകൾക്ക് തയ്യാറായി.[104] വിശുദ്ധ കുർബാനയുടെ അദ്ദായി-മാറി കൂദാശക്രമത്തിൽ ഇല്ലായിരുന്ന കുർബാന സ്ഥാപന വിവരണം ആദ്യമായി കൂട്ടിച്ചേർത്തത് മാർ യൗസേപ്പ് ആണെന്ന് ചരിത്രകാരനായ വെബ്ബ് അഭിപ്രായപ്പെടുന്നത്. എന്നാൽ അനാഫൊറയ്ക്ക് പുറത്ത് വിഭജനശുശ്രൂഷയ്ക്ക് ശേഷമാണ് ഇത് അദ്ദേഹം കൂട്ടിച്ചേർത്തത്.[105] ഈ കൂട്ടിച്ചേർക്കൽ മദ്ധ്യപൂർവദേശത്ത് വച്ചുതന്നെ നടന്നതാകാനാണ് കൂടുതൽ സാധ്യത എന്നും ഇത് ആദ്യ കൽദായ കത്തോലിക്ക പാത്രിയർക്കീസിന്റെ സഹോദരൻ കൂടി ആയിരുന്ന യൗസേപ്പ് മലബാറിൽ പ്രചരിപ്പിച്ചതായിരിക്കാം എന്നും ചരിത്രകാരനായ വാൻഡർ പ്ലോഗ് അഭിപ്രായപ്പെടുന്നു.[106] പിന്നീട് ഇത് വിഭജനശുശ്രൂഷയ്ക്ക് മുമ്പോട്ടേക്ക് മാറ്റപ്പെട്ടു. ഈ മാറ്റം നടന്നത് ഉദയംപേരൂർ സൂനഹദോസിന് മുമ്പ് മാർ അബ്രാഹമിന്റെ നേതൃത്വത്തിൽ 1583ൽ അങ്കമാലിയിൽ ചേർന്ന സുനഹദോസിൽ ആയിരിക്കാം എന്ന് ആരാധനാക്രമ പണ്ഡിതനായ ജേക്കബ് വെള്ളിയാൻ അഭിപ്രായപ്പെടുന്നു.[103]

ഉദയംപേരൂർ സൂനഹദോസും പോർച്ചുഗീസ് കാലഘട്ടവും

[തിരുത്തുക]

ഉദയംപേരൂർ സൂനഹദോസ് മുതൽ കൂനൻകുരിശ് സത്യം വരെയുള്ള കാലഘട്ടത്തിലെ പ്രധാന സംഭവവികാസങ്ങൾ ഉദയംപേരൂർ സൂനഹദോസ് നിർണ്ണയിച്ച കുർബാനക്രമവും ('മെനസിസിന്റെ ക്രമം') അതിന് ശേഷം ഫ്രാൻസിസ്കോ റോസ് നടപ്പിലാക്കിയ ക്രമവും ആയിരുന്നു.[107] വിശുദ്ധ കുർബാന ഒഴികെയുള്ള എല്ലാ കൂദാശകളുടെയും ക്രമങ്ങൾ ലത്തീൻ സഭയുടേത് സുറിയാനിയിലേക്ക് തർജ്ജമ ചെയ്ത് നടപ്പിൽ വരുത്താനാണ് ഉദയംപേരൂർ സൂനഹദോസ് തീരുമാനിച്ചത്.[108][109] വിശുദ്ധ കുർബാനക്രമം ('കുർബാന തക്സ') യാമനമസ്കാരക്രമം എന്നിവ മാത്രമാണ് സമ്പൂർണ്ണമായ ലത്തീൻവൽക്കരണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. എന്നാൽ ഇവയിലും തിരുത്തുകൾ നടത്താൻ മെനസിസ് പ്രത്യേകം ശ്രദ്ധിച്ചു.[110] നസ്രാണികളുടെ പെട്ടെന്നുള്ള പ്രതിഷേധം ഒഴിവാക്കി കാലക്രമേണ ഇവയും പൂർണമായി ലത്തീൻവത്കരിക്കുക എന്നതായിരുന്നു പോർച്ചുഗീസുകാരുടെ പദ്ധതി.[111]

അലെക്സിസ് മെനസിസിന്റെ ക്രമം

[തിരുത്തുക]

വിശുദ്ധ കുർബാനക്രമത്തിൽ എകദേശം 40 മാറ്റങ്ങൾ ആണ് അലക്സിസ് മെനസിസിന്റെ നേതൃത്വത്തിൽ ഉദയംപേരൂർ സൂനഹദോസ് നിർദ്ദേശിച്ചത്. ഇവയിൽ 6 എണ്ണം കാറോസൂസകളിലും 7 എണ്ണം ഗാനങ്ങളിലും 4 എണ്ണം ശെമ്മാശന്റെ പ്രഘോഷണത്തിലും 1 എണ്ണം വീതം ജനങ്ങളുടെ പ്രത്യുത്തരം, സുവിശേഷ വായന, വിശ്വാസപ്രമാണം എന്നിവയിലും പുരോഹിതന്റെ പ്രാർത്ഥനകളിൽ 5 എണ്ണം അനാഫൊറയ്ക്ക് മുൻപും 4 എണ്ണം അനാഫൊറയിലും 11 എണ്ണം ഹൂത്താമകളിലും ആയിരുന്നു. കൽദായ സുറിയാനി ശൈലിയിലുള്ള പ്രയോഗങ്ങൾ മാറ്റി അവിടെയെല്ലാം ലത്തീൻ ശൈലിയിലുള്ള പ്രയോഗങ്ങളും ദീർഘമായ വിശേഷണങ്ങളും കൊണ്ടുവന്നതാണ് ഇതിൽ പ്രധാനം. കൽദായ പാത്രിയർക്കീസിന്റെ പേര് പറയുന്നത് വിലക്കി തൽസ്ഥാനത്ത് മാർപാപ്പയുടെ പേര് എഴുതി ചേർക്കാനും ഉദയംപേരൂർ യോഗം നിർദ്ദേശിച്ചു. കുർബാന സ്ഥാപന വിവരണം പറയുന്നതിന് മുൻപ് വിശുദ്ധ കുർബാനയിൽ അപ്പത്തെയും വീഞ്ഞിനെയും തിരുശരീരം തിരുരക്തം എന്ന് വിശേഷിപ്പിക്കുന്നതും യോഗം വിലക്കി.[10] ദിയദോറസ്, തെയോദോറസ്, നെസ്തൊറിയസ് എന്നിവരുടെ പേരിൽ അറിയപ്പെട്ടിരുന്ന കൂദാശാക്രമങ്ങൾ വിലക്കുകയും അവയുടെ കൈയ്യെഴുത്തുപ്രതികൾ കൂട്ടിയിട്ട് കത്തിച്ചു കളയാൻ നിർദ്ദേശിക്കുകയും ചെയ്തു.[112] ഇവരുടെ അനുസ്മരണങ്ങളും ഉദയംപേരൂർ യോഗം വിലക്കി. വിശ്വാസപ്രമാണം ലത്തീൻ ക്രമത്തിലേതുപോലെ ആക്കാൻ ക്രിസ്തുവിജ്ഞാനീയ സംബന്ധിയായ സുറിയാനി പദപ്രയോഗം (ബർക്യാനാ) നീക്കി പകരം ഗ്രീക്ക് പദം (ഹേവുമസിയോസ്) സ്വീകരിച്ചു.[10][113] മാർ യൗസേപ്പ് കൂട്ടിച്ചേർത്ത കുർബാന സ്ഥാപന വിവരണത്തിന് പകരം ലത്തീൻ ക്രമത്തിലേത് അതേപോലെ സ്വീകരിക്കാനും സൂനഹദോസ് നിർദ്ദേശിച്ചു.[114]

നസ്രാണികളുടെ യാമനമസ്കാരങ്ങളിലും വ്യാപകമായ മാറ്റങ്ങൾക്ക് ഉദയംപേരൂർ സൂനഹദോസ് നിർദ്ദേശിച്ചു. കൽദായ ആചാരക്രമത്തിലെ യാമനമസ്കാരക്രമത്തിൽ സഭയുടെ തനത് ദൈവശാസ്ത്ര നിലപാടുകൾ വ്യക്തമായിരുന്നു. ഇത് ഏറ്റവും വ്യക്തമായിരുന്ന മംഗളവാർത്തക്കാലത്തിലെ ക്രമം അപ്പാടെ നമസ്കാര പുസ്തകത്തിൽ നിന്ന് കീറിക്കളയാൻ ആയിരുന്നു മെനസിസിന്റെ കല്പന. ഒരു ആണ്ടുവട്ടത്തിൽ ഉപയോഗിക്കപ്പെടുന്ന എല്ലാ ഗീതങ്ങളും പ്രാർത്ഥനകളും ഉൾപ്പെടുന്ന ഹുദ്ര (വൃത്തം) എന്ന പുസ്തകം സൂനഹദോസിന് ശേഷം ഏതാണ്ട് അപ്രത്യക്ഷമായി. കൈയ്യെത്തുപ്രതികൾ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ് ഇതിന് കാരണം. സാധാരണ ദിവസങ്ങളിലെ ക്രമമായ കശ്കോൽ (ശഹീമ്മാ) എന്ന ചെറുപുസ്തകം മാത്രമാണ് അവശേഷിച്ചത്.[115] വിശുദ്ധ ബൈബിളിന്റെ (പ്ശീത്താ) കയ്യെഴുത്ത് പ്രതികളും വിശുദ്ധ കുർബാനയുടെയും സാധാരണ ദിവസങ്ങളിലെ യാമനമസ്കാരങ്ങളുടെയും ക്രമങ്ങളും ഒഴികെയുള്ള എല്ലാ സുറിയാനി കയ്യെഴുത്ത് പ്രതികളും തീയിട്ട് നശിപ്പിക്കാൻ ഉദയംപേരൂർ സൂനഹദോസ് നിർദ്ദേശിച്ചിരുന്നു.[116] കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളും അന്നേ ദിവസത്തെ മെഴുകുതിരി ആചാരങ്ങളും (കാണ്ടിൽമാസ്), ലുത്തിനിയകൾ, ദർശനസമൂഹം (കൊമ്പിരിയ) മുതലായവയും ഉദയംപേരൂർ യോഗം മുതലാണ് നസ്രാണികളുടെ ഇടയിൽ പ്രചരിപ്പിക്കപ്പെട്ടത്.[117]

ഫ്രാൻസിസ്കോ റോസിന്റെ ക്രമം

[തിരുത്തുക]

ഉദയംപേരൂർ സൂനഹദോസ് ലത്തീൻ ആരാധനാക്രമത്തിൽ നിന്ന് തിരുത്തപ്പെട്ട സീറോ-മലബാർ ആരാധനാക്രമത്തിൽ ഉൾച്ചേർത്ത ഘടകങ്ങൾ ആകെ 4 എണ്ണമായിരുന്നു. 1603ൽ അങ്കമാലിയിൽ ഫ്രാൻസിസ്കോ റോസ് വിളിച്ചുചേർത്ത സൂനഹദോസ് ഈ ആരാധനാക്രമത്തിൽ കൂടുതൽ തിരുത്തലുകൾ വരുത്തി. റോസ് പരിഷ്കരിച്ച കുർബാനക്രമണത്തിന്റെ രണ്ട് പ്രധാന രേഖകൾ 1603ൽ പ്രസിദ്ധീകരിക്കപ്പെട്ട റോസിയൻ റാസക്രമവും 1606ലെ റോസിയൻ ചട്ടങ്ങളും ആണ്.[118] പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തിൽ കുർബാന ആരംഭിക്കുന്ന രീതി കൊണ്ടുവന്നത് റോസ് ആണ്. കുരിശു വരച്ചുകൊണ്ട് കുർബാന തുടങ്ങുന്ന രീതിയും റോസിന്റെ ക്രമത്തിലേതാണ്. ലത്തീൻ രീതികളോട് സീറോ മലബാർ ആരാധനാക്രമം കൂടുതൽ അനുരൂപപ്പെടുത്താൻ ആചാരപരവും ഘടനാപരവുമായ ചില മാറ്റങ്ങളും റോസ് കുർബാനക്രമത്തിൽ കൊണ്ടുവന്നു.[119][120]

നിഷ്പാദുക കർമ്മലിത്താ കാലഘട്ടം

[തിരുത്തുക]

കർമ്മലീത്ത മിഷനറിമാരുടെ ഭരണകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട സീറോ മലബാർ ആചാരക്രമത്തിന്റെ വിവിധ പതിപ്പുകൾ പിൽക്കാല ലത്തീൻവൽക്കരണത്തിന്റെ ഉദാഹരണങ്ങളാണ്. കൂനൻ കുരിശ് സത്യത്തിന് ശേഷം മാർപാപ്പയോടുള്ള കൂട്ടായ്മയിലും ഭാഗികമായി ലത്തീൻവൽക്കരിക്കപ്പെട്ട കൽദായ ആചാരക്രമണത്തിലും തുടർന്ന പഴയകൂറ്റുകാരുടെ ഇടയിൽ പൂർണമായി ഏകീകരിച്ച ആരാധനാക്രമം ഉണ്ടായിരുന്നില്ല. സീറോ മലബാർ ആരാധനാക്രമം ഏകീകരിച്ച് അച്ചടിച്ച പ്രസിദ്ധീകരിക്കാൻ 1757 മുതൽ ശ്രമങ്ങൾ ഉണ്ടായെങ്കിലും ലഭ്യമായ കയ്യെഴുത്തുപ്രതികൾ തമ്മിൽ വ്യത്യാസങ്ങൾ കാണപ്പെട്ടു. അതേസമയം കൽദായ കത്തോലിക്കാ സഭയിലെ കുർബാന ക്രമം മലബാറിൽ നടപ്പാക്കാൻ നസ്രാണി വൈദികർക്ക് പോലും താത്പര്യം ഉണ്ടായിരുന്നില്ല. 1774ലാണ് സീറോ-മലബാർ കുർബാനക്രമം അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെടുന്നത്. ഇതിൽ ലത്തീൻ ക്രമത്തിലെ കൂടുതൽ പ്രാർത്ഥനകൾ കൂട്ടിച്ചേർക്കപ്പെട്ടു.[121] ക്ഷാരബുധൻ, ഓശാന ഞായർ, പെസഹാ വ്യാഴം, ദുഃഖവെള്ളി, കന്യാമറിയത്തിന്റെ ശുദ്ധീകരണ തിരുനാൾ എന്നീ ദിവസങ്ങൾക്ക് വേണ്ട പ്രത്യേക പ്രാർത്ഥനാ ക്രമങ്ങൾ ലത്തീൻ ക്രമത്തിലേത് ഇതിൽ അച്ചടിച്ച് ചേർത്തിരുന്നു. മോറോനായ ആരാധനാക്രമത്തിൽ നിന്നുള്ള ഘടകങ്ങളും (സെറൂഗിലെ യാക്കൂബിന്റെ 'ആബാ ദ്ക്കുശ്ത്താ') അതിൽ ചേർത്തിട്ടുണ്ടായിരുന്നു.[122] ജൂലൈ 3, ഡിസംബർ 18, മൂന്ന് നോമ്പ് എന്നിവ ഒഴിച്ച് ഉള്ള എല്ലാ പെരുന്നാളുകളും ലത്തീൻ ക്രമത്തിലേത് പോലെ ആക്കുകയും പ്രോപിയ (കാലാനുസരണമുള്ള പ്രാർത്ഥനകൾ) ഉപേക്ഷിക്കുകയും ചെയ്തു.[123] ഇതിന്റെ ഭാഗമായി വിശുദ്ധ ബൈബിൾ വായനയ്ക്ക് മുന്നോടിയായുള്ള തുർഗാമകളും അപ്രത്യക്ഷമായി. ചുരുക്കത്തിൽ പരമ്പരാഗതമായ കൽദായ സുറിയാനി ആരാധനാക്രമ പഞ്ചാംഗം ഏതാണ്ട് പൂർണ്ണമായും മാറ്റി പകരം ലത്തീൻ പഞ്ചാംഗം നടപ്പാക്കപ്പെട്ടത് 1774ൽ കർമ്മലീത്തർ പ്രസിദ്ധീകരിച്ച ഈ ആരാധനാക്രമത്തിലാണ്.[124] 1775ലും 1845ലും ഇത് കൂടുതൽ വെഞ്ചരിപ്പുകളുടെ ക്രമങ്ങളോടുകൂടി പരിഷ്കരിച്ച് പ്രസിദ്ധീകരിക്കപ്പെട്ടു.[125]

ബച്ചിനെല്ലിയുടെ പരിഷ്കാരങ്ങൾ

[തിരുത്തുക]

1853 മുതൽ 1868 വരെ വരാപ്പുഴ വികാരി അപ്പസ്തോലിക്ക ആയിരുന്ന ബർണദീൻ ബച്ചിനെല്ലി ആയിരുന്നു സീറോമലബാർ ആരാധനാക്രമത്തിൽ അടുത്ത പരിഷ്കരണം നടത്തിയത്. അച്ചടിച്ച കർമ്മങ്ങൾ ഉണ്ടായിരുന്നപ്പോളും സഭയിൽ ഉടനീളം വൈദികർ പലരീതിയിൽ ആരാധനാക്രമങ്ങൾ അർപ്പിച്ചിരുന്നു എന്ന് മനസ്സിലാക്കിയ അദ്ദേഹം 'ക്രമരാഹിത്യങ്ങൾക്ക് എതിരായ പ്രതിവിധികൾ' എന്ന പേരിൽ ഒരു ഉത്തരവ് പ്രസിദ്ധീകരിച്ചു. ലത്തീൻ ആചാരക്രമത്തിലെ 5 ആരാധനാക്രമ നിറങ്ങൾ (വെള്ള, ചുവപ്പ്, കറുപ്പ്, പച്ച, ധൂമ്രം) എന്നിവ സീറോ-മലബാർ ക്രമത്തിൽ നിർബന്ധമാക്കിയത് ഇദ്ദേഹം ആണ്.[126] യൽദാ (തിരുപ്പിറവി; ക്രിസ്തുമസ്) പെരുന്നാളിന്റെ ആചാര അനുഷ്ഠാനങ്ങളിൽ ആളികൂട്ടി തീ കത്തിച്ച് അതിനുചുറ്റും വലംവെക്കുന്ന ആചാരം നിരോധിച്ചതും ബച്ചിനെല്ലി ആയിരുന്നു. പക്ഷേ ഈ ആചാരം പലയിടത്തും പിന്നെയും തുടർന്നുപോന്നു.[127]

കന്യകാമറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും പേരിലുള്ള മാസവണക്കങ്ങളും മറ്റു വിശുദ്ധരുടെ പേരിലുള്ള നവനാൾ അനുഷ്ഠാനങ്ങളും നടപ്പിലാക്കിയത് ബച്ചിനെല്ലി ആണ്.[128] കൊന്ത പ്രാർത്ഥന വീടുകളിൽ പ്രചരിപ്പിക്കാനും ബച്ചിനെല്ലി ശ്രമിച്ചു. ഉദയംപേരൂർ സൂനഹദോസിന് ശേഷം പോർച്ചുഗീസ് മിഷനറിമാർ പ്രത്യേക താൽപര്യത്തോടെ പ്രചരിപ്പിച്ച മറ്റൊരു പ്രധാന അനുഷ്ഠനം ആയിരുന്നു ആൾരൂപങ്ങളുടെയും ചിത്രങ്ങളുടെയും വണക്കം. കാലക്രമേണ രൂപവണക്കം നസ്രാണികളുടെ ഇടയിൽ വളരെ പ്രചാരം നേടുകയും നടതുറക്കൽ, പാലൊഴുക്കൽ, രൂപം കുളിപ്പിക്കൽ, പാലഭിഷേകം, നെയ്യഭിഷേകം, എഴുന്നള്ളിക്കൽ, നടയടയ്ക്കൽ, തിരുവാഭരണം ധരിപ്പിക്കൽ തുടങ്ങിയ തീവ്ര അനുഷ്ഠാനങ്ങളും രൂപപ്പെടുകയും ചെയ്തു. ഇത്തരം തീവ്രമായ ആൾരൂപ ഭക്താനുഷ്ഠാനങ്ങൾ നിരോധിക്കാനും ബച്ചിനെല്ലി ശ്രമിച്ചു.[126]

ചാവറ കുരിയാക്കോസ് ഏലിയാസിന്റെ പരിഷ്കാരങ്ങൾ

[തിരുത്തുക]

മലബാർ കൽദായ സുറിയാനി കത്തോലിക്കരുടെ വികാരി ജനറൽ ആയി ബച്ചിനെല്ലി നിയമിച്ച ചാവറ കുരിയാക്കോസ് ഏലിയാസ് ആണ് സീറോ മലബാർ ആചാരക്രമത്തിൽ അടുത്ത പരിഷ്കാരങ്ങൾ വരുത്തിയത്. വിശുദ്ധ കുർബാനയുടെ ആചാരവിധികൾ ഉൾക്കൊള്ളിച്ചുകൊണ്ട് 1868ൽ ചാവറ പ്രസിദ്ധീകരിച്ച പുസ്തകമാണ് സീറോ മലബാർ ആചാര ക്രമത്തിലെ ആദ്യത്തെ തൂകാസ. ലത്തീൻ ക്രമത്തിലെ ആചാരങ്ങൾ ആണ് ഇതിൽ പ്രധാനമായും അച്ചടിച്ചിറക്കിയത്.[126] ദുഃഖശനിയുടെ കർമ്മ വിധികൾ ലത്തീൻ ക്രമത്തിൽ നിന്ന് സുറിയാനിയിലേക്ക് തർജ്ജമ ചെയ്ത് അദ്ദേഹം പ്രസിദ്ധീകരിച്ചു. ആഴ്ചയിൽ ഓരോ ദിവസവും ഓരോ വിശുദ്ധർക്കായി ക്രമീകരിച്ചതും മാസങ്ങളുടെ പ്രത്യേക പ്രതിഷ്ഠകൾ കണ്ടുവന്നതും ചാവറയാണ്. എല്ലാ ശനിയാഴ്ചകളിലും അതുപോലെ മെയ് മാസം മുഴുവനിലും കന്യകാമറിയത്തിന്റെ പ്രത്യേക മാസമായി കണക്കാക്കി പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും നടത്താൻ തീരുമാനിച്ചതും പാശ്ചാത്യ പുസ്തകങ്ങൾ മലയാളത്തിലേക്ക് തർജ്ജമ ചെയ്ത് വണക്കമാസം മുതലായ കൃതികൾ പ്രസിദ്ധീകരിച്ചതും ഇദ്ദേഹമാണ്. 40 മണി ആരാധന, ദിവ്യകാരുണ്യ വാഴ്‌വ് എന്നിവയും ചാവറയുടെ സംഭാവനകൾ ആയിരുന്നു.[129][130] 40 മണി ആരാധനയോടൊപ്ം വിശുദ്ധ കുർബാനയുടെ വാഴ്വ്, ദിവ്യകാരുണ്യ ആരാധന മുതലായ ലത്തീൻ രീതികളും മലബാർ കൽദായ സുറിയാനിക്കാരുടെ ഇടയിൽ പ്രചരിച്ചു. ഇതുമായി ബന്ധപ്പെട്ട് ലത്തീൻ ക്രമത്തിൽ നിന്ന് സുറിയാനിയിലേക്ക് വിവർത്തനം ചെയ്ത് ഉപയോഗത്തിൽ വരുത്തപ്പെട്ടവയാണ് ശമ്പഹ് ലെശാൻ, കൊല്ലൻ ദശ്നെ മുതലായ പാട്ടുകൾ.[131]

ചാവറ കുരിയാക്കോസ് ഏലിയാസിന്റെ ഇത്തരം പരിഷ്കാരങ്ങൾ കൂടുതൽ ലത്തീനീകരണത്തിന് കാരണമായെങ്കിലും കൽദായ പാരമ്പര്യത്തിന്റെ അവശേഷിച്ച തനിമ നിലനിർത്താനും അദ്ദേഹം ശ്രമിച്ചിരുന്നു.[132] 1774ൽ മലബാർ കൽദായ സുറിയാനി കത്തോലിക്കർക്കായി കർമ്മലീത്തർ പ്രസിദ്ധീകരിച്ച കുർബാന തക്സയിൽ പരമ്പരാഗതമായ കൽദായ ആചാരക്രമ പഞ്ചാംഗം അപ്രസക്തം ആക്കിയതോടെ സുറിയാനിക്കാരുടെ ഇടയിൽ ആചാരകാര്യങ്ങളിൽ ആശയക്കുഴപ്പം വ്യാപകമായിരുന്നു. ഈ പ്രശ്നം പരിഹരിക്കുന്നതിന് വേണ്ടി പഴയ കൽദായ പഞ്ചാംഗം പുനരുദ്ധരിക്കുന്നതിന് ചാവറ മുന്നിട്ടിറങ്ങി.[133] പരമ്പരാഗത കൽദായ യാമനമസ്കാര ക്രമങ്ങൾ ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കാനും കൂടുതൽ ജനപ്രിയമാക്കാനും അദ്ദേഹം വലിയ പരിശ്രമങ്ങൾ നടത്തി.[134][135] ഇതിനായി 1871ൽ മസ്മോറാ (സങ്കീർത്തനങ്ങൾ) പുസ്തകം അദ്ദേഹം കൂനമ്മാവിൽ വെച്ച് അച്ചടിച്ച് പ്രസിദ്ധീകരിച്ചു. ദീർഘമായ പരിശ്രമത്തിന്റെ ഫലമായി ഞായറാഴ്ചകൾക്കും പെരുന്നാളുകൾക്കും (ഏദാ) ഓർമ്മ തിരുനാളുകൾക്കും (ദുക്റാനാ) സാധാരണ ദിവസങ്ങൾക്കും (ശ്ഹീമ്മാ അഥവാ കശ്കോൽ) വേണ്ടിയുള്ള യാമനമസ്കാരങ്ങളുടെ പുസ്തകവും അദ്ദേഹം ക്രോഡീകരിച്ചു. എന്നാൽ ഇത് അച്ചടിച്ച് പൂർത്തീകരിക്കാനും പ്രസിദ്ധീകരിക്കാനും കഴിയുന്നതിനു മുൻപ് അദ്ദേഹം മരണപ്പെട്ടു. 1876ൽ ശ്ഹീമ്മായുടെ ക്രമം വരാപ്പുഴ മെത്രാപ്പോലീത്ത ആയിരുന്ന ലെയോനാർദ്ദ് പ്രസിദ്ധീകരിച്ചു. 'ആഴ്ചപ്പടി' എന്നാണ് ഇത് അറിയപ്പെട്ടത്. പെരുന്നാളുകൾക്കുവേണ്ടി ചാവറ ക്രോഡീകരിച്ച ക്രമത്തിന്റെ ആദ്യഭാഗം അച്ചടിച്ച് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു എങ്കിലും അത് ഉപയോഗിക്കുന്നത് വരാപ്പുഴ മെത്രാപ്പോലീത്ത വിലക്കി. 'പെരുന്നാൾപ്പടി' എന്നറിയപ്പെട്ടിരുന്ന ഈ പുസ്തകം ചില കൊവേന്തകളിൽ ഉപയോഗിക്കപ്പെട്ടിരുന്നു.[136]

പിൽക്കാല ലത്തീൻവൽക്കരണങ്ങൾ

[തിരുത്തുക]

സീറോ-മലബാർ ആരാധനാക്രമത്തിലെ പിൽക്കാല ലത്തീൻവൽക്കരണങ്ങൾ ആർച്ചുബിഷപ്പ് ലിയോണാർദോ മെല്ലാനോയുടെയും 1896നുശേഷം നിയമിതരായ തദ്ദേശീയ സീറോ-മലബാർ മെത്രാന്മാരുടെയും നേതൃത്വത്തിൽ ആയിരുന്നു. കർമ്മലിതാ മിഷനറിമാരുടെ കാലത്ത് പ്രചാരത്തിൽ വന്ന വിവിധ ഭക്ത കൃത്യങ്ങൾക്ക് ഔദ്യോഗിക പരിവേഷം നൽകാൻ ഇവർ ശ്രമിച്ചു. സക്രാരിയുടെ ഉപയോഗം, പെരുന്നാളുകൾക്കും പ്രദക്ഷണങ്ങൾക്കും വേണ്ട പ്രത്യേക വേഷഭൂഷാദികൾ എന്നിവ പ്രചാരത്തിൽ ആക്കിയത് മെല്ലാനോ ആയിരുന്നു. ലത്തീൻ മെത്രാന്മാരുടെ ആരാധനാക്രമം (പൊന്തിഫിക്കൽ) സുറിയാനിയിലേക്ക് തർജ്ജമ ചെയ്ത് ഉപയോഗിക്കുന്നതിനാണ് തദ്ദേശീയ മെത്രാന്മാർ താല്പര്യം കാണിച്ചിരുന്നത്.[137] മാർപാപ്പയുടെ ഇന്ത്യയിലെ പ്രതിനിധി ആയിരുന്ന പോളണ്ടുകാരൻ കർദ്ദിനാൾ വ്ലാഡിസ്ലാവ് സെലെസ്കി ഇവരെ പിന്തുണച്ചിരുന്നു. "പിന്നിട്ട മൂന്നു നൂറ്റാണ്ടുകളായി മലബാറിൽ പ്രചാരത്തിലുള്ള സങ്കര ആരാധനാക്രമം ആയിരുന്നതിനാൽ അതിനെ മലബാർ സഭയുടെ യഥാർത്ഥ ആരാധനാക്രമമായി അംഗീകരിക്കണം" എന്നായിരുന്നു അദ്ദേഹത്തിൻറെ അഭിപ്രായം.[138]

പുനരുദ്ധാരണം റോമിന്റെ തീരുമാനം

[തിരുത്തുക]

സീറോ മലബാർ സഭയ്ക്ക് തദ്ദേശീയരായ മെത്രാന്മാരും സഭാ സംവിധാനവും അനുവദിക്കപ്പെട്ടതിനുശേഷം ആ സഭയുടെ ആരാധനാക്രമം കൃത്യമായി നിർണയിക്കുന്നതിന് റോം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. തങ്ങൾ പരിശീലിച്ച രീതിയിൽ കൂടുതൽ ലത്തീൻവൽക്കരണങ്ങൾക്ക് ആണ് തദ്ദേശീയ സീറോ മലബാർ മെത്രാന്മാരും ലത്തീൻ പുരോഹിത നേതൃത്വം ആഗ്രഹിച്ചിരുന്നത്. എന്നാൽ സീറോ മലബാർ സഭയുടെ ചരിത്രം വിശദമായി പഠിക്കുകയും വിദഗ്ധരുടെ അഭിപ്രായം ആരായുകയും ചെയ്ത 11ാം പിയൂസ് മാർപാപ്പ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമായ തീരുമാനമാണ് സ്വീകരിച്ചത്. "സീറോ-മലബാർ ആരാധനാക്രമത്തിൽ ഇനിമേലിൽ ലത്തീൻവത്കരണം പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ല" എന്ന് 1934 ഡിസംബറിൽ മാർപാപ്പ പ്രഖ്യാപിച്ചു. തുടർന്ന് യഥാർത്ഥ സീറോ മലബാർ ആരാധനാക്രമണത്തിന്റെ പുനരുദ്ധാരണത്തിനായി ഒരു കമ്മിറ്റിയെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു.[100]

പുനരുദ്ധാരണം

[തിരുത്തുക]

1887ൽ സീറോ മലബാർ സഭയെ മാർപാപ്പ ലത്തീൻ സഭയിൽ നിന്ന് വേർപെടുത്തുകയും 1896ൽ അവർക്ക് തദ്ദേശീയ മെത്രാന്മാരെ അനുവദിച്ച് കൊടുക്കുകയും ചെയ്തതോടെയാണ് സീറോ-മലബാർ ആരാധനാക്രമത്തിലെ അപാകതകൾ കൂടുതൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. ബിഷപ്പുമാരിൽ ചിലർ യഥാർത്ഥ കിഴക്കൻ സുറിയാനി ആചാരക്രമം പുനരുദ്ധരിക്കാൻ ആഗ്രഹിച്ചപ്പോൾ, മറ്റു ചിലർ ലത്തീൻവത്കരിക്കപ്പെട്ട കൽദായ ആചാരക്രമം നിലനിർത്തുന്നതിനും കൂടുതൽ ലത്തീൻവത്കരണം നടത്തി നിലവിലുള്ള കുറവുകൾ പരിഹരിക്കാനും ആവശ്യപ്പെട്ടു. അതേസമയം ഹൈന്ദവരുടെ മതപരിവർത്തനം ലക്ഷ്യമാക്കി ഒരു വിഭാഗം ഉത്തരേന്ത്യൻ ബ്രാഹ്മണ ആചാരവിധികൾ ആചാരക്രമത്തിലേക്ക് പകർത്തുന്നതിനും മുറവിളി കൂട്ടി. ഇത്തരം വാദങ്ങൾ അവരുടെ ഇടയിൽ അഭിപ്രായഭിന്നതയ്ക്ക് കാരണമായി.[139]

1934ൽ റോം ശുദ്ധമായ കൽദായ സുറിയാനി ആചാരക്രമം സീറോ-മലബാർ സഭയിൽ പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു, അങ്ങനെ 1962ൽ പുനരുദ്ധരിച്ച കൽദായ ' റാസ ' കുർബാന നിലവിൽ വന്നു. എന്നാൽ നിരവധി ലത്തീൻ പുരോഹിതന്മാരും സീറോ-മലബാർ സഭയിലെ ബിഷപ്പുമാരും ഈ തീരുമാനങ്ങളെ എതിർക്കുകയും പുനഃസ്ഥാപിച്ച ആരാധനക്രമത്തെ പിന്തുണയ്ക്കുന്നവരെ 'കൽദായ പാരമ്പര്യവാദികൾ' അല്ലെങ്കിൽ 'കൽദായവാദികൾ' എന്ന് പരിഹസിക്കുകയും ചെയ്തു.[140]

1957 ജൂൺ 26ന് പിയൂസ് 12ാമൻ മാർപ്പാപ്പ സമ്പൂർണ്ണ സീറോ മലബാർ കുർബാന ക്രമം പുനരുദ്ധരിച്ച് പ്രസിദ്ധീകരിച്ചു.[16] ഈ ആരാധനാക്രമത്തിന്റെ സുറിയാനിയിൽ നിന്ന് മലയാളത്തിലേക്കുള്ള ഭാഗിക തർജ്ജമ 1962 ജൂലൈ 3ന് സീറോ മലബാർ സഭയിലെ അന്നത്തെ ആകെയുള്ള 7 ബിഷപ്പുമാരും ഒപ്പുവെച്ച് പ്രസിദ്ധീകരിക്കുകയും സഭ ഉടനീളം നടപ്പിലാവുകയും ചെയ്തു.[141] എന്നാൽ 1968ൽ അന്നത്തെ സീറോ മലബാർ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ കൂടിയായിരുന്ന ജോസഫ് പാറേക്കാട്ടിൽ ഈ ഔദ്യോഗിക ക്രമത്തിൽ വെട്ടി ചുരുക്കലുകളും ലത്തീൻ വൽക്കരണങ്ങളും നടപ്പാക്കി ഒരു പുതിയ ക്രമവും പ്രസിദ്ധീകരിച്ചു. ആദ്യം എറണാകുളം അതിരൂപതയിലും തുടർന്ന് മറ്റ് ചില രൂപതകളിലും ഇത് ഉപയോഗിക്കപ്പെടാൻ തുടങ്ങി. ഇതിൻറെ ചുവട് പിടിച്ചു ബ്രാഹ്മണ ആരാധനാരീതികളെ അടിസ്ഥാനമാക്കിയുള്ള 'ധർമ്മാരാം ഇന്ത്യൻ മാസ്സ്', 'എൻ. ബി. സി എൽ. സി ഭാരതീയപൂജ', 1974ലെ 'എറണാകുളം മിനി മാസ്സ്' പോലുള്ള പുതിയ ആരാധനാക്രമ പരീക്ഷണങ്ങളും പ്രചാരത്തിൽ വരാൻ തുടങ്ങി. ഇത് സീറോ-മലബാർ സഭയ്ക്കുള്ളിൽ രൂപതകൾ തമ്മിൽ കടുത്ത വിഭാഗീയതയ്ക്കും സംഘർഷത്തിനും കാരണമായി.[142]

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ തീരുമാനങ്ങൾ നഷ്ടപ്പെട്ട പൗരസ്ത്യ കത്തോലിക്കാ ആരാധനാക്രമ പാരമ്പര്യങ്ങൾ വീണ്ടെടുക്കുന്നതിന് പ്രോത്സാഹനം നൽകി. ആരാധനക്രമത്തിലെ ആശയക്കുഴപ്പം പരിഹരിക്കുന്നതിനായി 1985 ഡിസംബർ 19ന് റോം അനധികൃത ആരാധനാക്രമ രൂപങ്ങൾ കർശനമായി നിരോധിക്കുകയും 1962ലെ പുനരുദ്ധരിച്ച കുർബാനക്രമം നേരിട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. സീറോ-മലബാർ കുർബാനയുടെ സമ്പൂർണ്ണരൂപമായ റാസക്ക് പുറമേ, ഞായറാഴ്ചകൾക്കും പ്രധാന തിരുനാളുകൾക്കും വേണ്ടിയുള്ള ആഘോഷപൂർവ്വമായ ക്രമം, സാധാരണ ദിവസങ്ങൾക്ക് വേണ്ടിയുള്ള ലളിതമായ ക്രമം എന്നീ പ്രാർത്ഥനകൾ വെട്ടിച്ചുരുക്കിയ രൂപങ്ങളും ഇതോടൊപ്പം ഉൾപ്പെട്ടിരുന്നു.[143] 1986 ഫെബ്രുവരി 8ന് തന്റെ ഇന്ത്യാ സന്ദർശന വേളയിൽ കോട്ടയത്ത് വെച്ച് ജോൺ പോൾ രണ്ടാമൻ മാർപാപ്പ പുനഃസ്ഥാപിക്കപ്പെട്ട സീറോ-മലബാർ ആരാധനക്രമം നേരിട്ട് ഉദ്ഘാടനം ചെയ്യുകയും ചെയ്തു.[139][140]

അതേസമയം, ലത്തീൻ ആചാരക്രമത്തിൽ ജനാഭിമുഖ (versus populum) രീതി നിലവിൽ വന്നതിനെത്തുടർന്ന്, പുനരുദ്ധരിക്കപ്പെട്ട ആരാധനക്രമത്തെ എതിർക്കുന്നവർ അത് പരിശീലിക്കാനും തുടങ്ങി. കുർബാനയുടെ പ്രാർത്ഥനാ ക്രമത്തിൻറെ ഏകീകരണത്തിന് ശേഷവും പുരോഹിതന്റെ ദിശയിലുള്ള വ്യത്യാസങ്ങൾ, അതായത് കിഴക്കിന് അഭിമുഖം (ad orientum), ജനാഭിമുഖം എന്നിവ, പ്രദേശികമായി നിലനിന്നു.[144]

1992-ൽ സീറോ-മലബാർ സഭയെ 'മേജർ ആർക്കിപിസ്കോപ്പൽ' പദവിയിലേക്ക് ഉയർത്തിയതിനെത്തുടർന്ന്, സഭ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുകയും 1999ൽ ഒരു ഏകീകൃത രീതി തീരുമാനിക്കുകയും ചെയ്തു. എന്നിരുന്നാലും ഇത് പ്രദേശിക വൈദികസമൂഹങ്ങൾക്ക് ഇടയിൽ വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കി. തന്മൂലം പല രൂപതാ അദ്ധ്യക്ഷന്മാരും ഇത് നടപ്പിലാക്കുന്നത് താൽക്കാലികമായി നിർത്തിവച്ചു. 2020ൽ, സഭാ നേതൃത്വം ആരാധനാക്രമത്തിന്റെ ഏകീകരണ പ്രക്രിയ പുനരാരംഭിക്കുകയും 2021ൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും ചെയ്തു.[145] ഉദയംപേരൂർ സൂനഹദോസിന് ശേഷം തിയദോറസിന്റെയും നെസ്തോറിയസിന്റെയും കൂദാശാക്രമങ്ങൾ ഉൾപ്പെടുത്തി പുറത്തിറക്കപ്പെട്ട ആദ്യ സീറോ-മലബാർ തക്സ ആണ് ഇത്.[146] പുതിയ തക്സയിൽ സഭ ഉടനീളം ഏകീകൃത രീതിയിൽ കുർബാന അർപ്പിക്കുന്നതിനുള്ള നിർദ്ദേശവും ഉൾപ്പെടുത്തിയിരുന്നു. പരമ്പരാഗതമായ സമ്പൂർണ്ണ മദ്ബഹാഭിമുഖ ശൈലിക്ക് വിരുദ്ധമായി വിശുദ്ധ കുർബാനയിലെ കൂദാശ ഭാഗവും അതിൻറെ അനുബന്ധ ശുശ്രൂഷകളും ഒഴിച്ചുള്ള ഭാഗം മുഴുവൻ പുരോഹിതൻ ജനാഭിമുഖമായി നിൽക്കുന്നതാണ് ഏകീകൃത രീതിയിലെ പ്രത്യേകത.[147] 2022ഓടെ സഭയിലെ ഒട്ടുമിക്ക രൂപതകളിലും ഇത് നടപ്പിലാക്കപ്പെട്ടു. എന്നാൽ എറണാകുളം അങ്കമാലി അതിരൂപതയിൽ പ്രാദേശിക വൈദികരുടെ കടുത്ത നിസ്സഹകരണവും പ്രതിഷേധങ്ങളും അവിടെ ഇത് നടപ്പാക്കുന്നതിന് ഇപ്പോഴും തടസ്സമാണ്.[148][149][150][151]

ഭാഷയും സംഗീതവും

[തിരുത്തുക]

സീറോ-മലബാർ ആചാരക്രമത്തിൽ സുറിയാനി ഭാഷയ്ക്ക് നിരവധി സവിശേഷമായ സ്വരസൂചക പ്രത്യേകതകൾ ഉണ്ട്. ഇവയിൽ ചിലത് മലങ്കര ആചാരക്രമത്തിലും ഒരു പരിധിവരെ, അനൗദ്യോഗികമായിട്ടാണെങ്കിലും, നിലനില്ക്കുന്നു.[152] ഇവയിൽ ചിലത് മലബാറിലെ തദ്ദേശീയ ഭാഷാ പ്രയോഗത്തിന്റെ സ്വാധീനത്തിൽ പരിണമിച്ചവയാണ്, മറ്റുള്ളവ മലബാറിലെ ഈ ഒറ്റപ്പെട്ട ക്രിസ്ത്യൻ സമൂഹത്തിൽ നിലനിന്നിരുന്ന സുറിയാനി ഭാഷയുടെ തന്നെ പുരാതന രൂപങ്ങളാണ്.[153]

മിഡിൽ ഈസ്റ്റേൺ രൂപത്തിൽ കിഴക്കൻ സുറിയാനി ഉച്ചാരണത്തിൽ സാധാരണയായി കാണപ്പെടുന്ന വ്യഞ്ജനങ്ങളുടെ ഇരട്ടിപ്പിക്കലിന് പകരം സിറോ-മലബാർ ഉച്ചാരണത്തിൽ ഒരു അനുനാസിക ശബ്ദമാണ് ചേർക്കുന്നത്. ഉദാഹരണത്തിന്: ܩܲܕܝܼܫܵܐ എന്ന പദം 'ഖദ്ദീശാ' എന്നതിന് പകരം 'കന്ദീശാ' എന്നാണ് ഉച്ചരിക്കപ്പെടുന്നത്. (ܪܲܒܵܐ 'റമ്പാ' എന്നും, ܚܘܼܒܵܐ 'ഹുമ്പാ' എന്നും, ܠ̤ܒܵܐ 'ലമ്പാ' എന്നും ഉച്ചരിക്കപ്പെടുന്നത് മറ്റ് ഉദാഹരണങ്ങളാണ്). ഇരട്ടിപ്പിക്കപ്പെടേണ്ട എല്ലാ വ്യഞ്ജന അക്ഷരങ്ങൾക്കും ഒരു അനുനാസിക ശബ്ദം ലഭിക്കുന്ന ഈ ശൈലി തന്നെയാണ് അറാമായ ഉച്ചാരണത്തിന്റെ കൂടുതൽ പുരാതനമായ രീതി.[154] 'താവ്' (ܬ݂) എന്ന അക്ഷരത്തിന്റെ 'റൂഖാക്ക' (സോഫ്റ്റ് ആസ്പിറേറ്റ്) രൂപം മലബാർ ശൈലിയിൽ 'സ്' എന്ന് ഉച്ചരിക്കപ്പെടുന്നു. ഉദാഹരണത്തിന് ܡܲܠܟ݁ܘܼܬ݂ܵܐ ഉച്ചരിക്കപ്പെടുന്നത് 'മൽക്കൂഥ' എന്നതിന് പകരം 'മൽക്കൂസ' എന്നാണ്. പേർഷ്യയിലും മലബാറിലും കിഴക്കൻ സുറിയാനി ഉച്ചാരണത്തിൽ ഈ രീതി വ്യാപകമാണ്.[155]

തദ്ദേശീയ ദ്രാവിഡ ഭാഷാ പ്രയോഗത്തിന്റെ സ്വാധീനം കാരണം, സയിൻ (ܙ), സെമ്കസ് (ܣ), സാദേ (ܨ) എന്നീ അക്ഷരങ്ങൾ സാധാരണയായി ഒരേപോലെ ഉച്ചരിക്കപ്പെടുന്നു. ഹേ (ܗ), ഹേസ് (ܚ) എന്നിവയും ആലപ് (ܐ), അയിൻ (ܥ) എന്നിവയും യഥാക്രമം ഒരേപോലെ ഉച്ചരിക്കപ്പെടുന്നു.[152]

സിറോ-മലബാർ ഉച്ചാരണം, ഒരു അടഞ്ഞ അക്ഷരത്തിന്റെ തുടക്കത്തിൽ സ്വരങ്ങൾ ചുരുക്കി ഉച്ചരിക്കുന്ന മധ്യപൗരസ്ത്യ രീതി പിന്തുടരുന്നില്ല.[156] അതേസമയം 'പ്സാഹ', 'സ്ലാമാ പ്ശീഖാ' എന്നീ സ്വരങ്ങൾ മദ്ധ്യപൗരസ്ത്യ ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഇവ അവസാന വാക്യത്തിലോ ഏകാക്ഷര പദങ്ങളിലോ ഉച്ചരിക്കുമ്പോൾ ദീർഘിപ്പിക്കുന്നില്ല.[157]

അവലംബം

[തിരുത്തുക]
  1. Raju, Haritha John,Maria Teresa (2024-02-05). "Behind Syro Malabar Church schism, a raging battle between conservatives and progressives" (in ഇംഗ്ലീഷ്). Retrieved 2024-11-18.{{cite web}}: CS1 maint: multiple names: authors list (link)
  2. "Syro-Malabar worship: Ancient traditions and modern controversy | Catholics & Cultures" (in ഇംഗ്ലീഷ്). Retrieved 2024-11-18.
  3. Brock (2011b).
  4. 4.0 4.1 4.2 Pallath (2023), p. 24, 26.
  5. 5.0 5.1 Maniyattu, Pauly (2023). Unique Features of the Theology of Syro- Malabar Qurbana. p. 16.
  6. 6.0 6.1 6.2 6.3 van der Ploeg (1983), p. 68.
  7. 7.0 7.1 7.2 King (1948), p. 344.
  8. Taft, Robert F. (1968). Some Notes on the Bema in the East and West Syrian Traditions. Orientalia Christiana Periodica. Vol. 34. pp. 326–359.
  9. Taft (1968), p. 337.
  10. 10.0 10.1 10.2 Vellian (2001), p. 177.
  11. King (1948), p. 326.
  12. van der Ploeg (1983), p. 62–65.
  13. Kanichikattil (2020), p. 94-95.
  14. Pallath (2023), p. 38–39.
  15. "ക്രിസ്തീയ ഐക്യം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊന്തിഫിക്കൽ കൗൺസിൽ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ". 2001. Archived from the original on 2024-11-05. Retrieved 2025-05-10.
  16. 16.0 16.1 Pallath (2023), p. 22–25.
  17. Pallath (2023), p. 26–31.
  18. Pallath (2023), p. 34.
  19. "Syro Malabar Church". syromalabarchurch.in.
  20. "Syro Malabar News Updates". www.syromalabarchurch.in. Archived from the original on 14 April 2019. Retrieved 2020-02-28.
  21. Pallath (2023), p. 35.
  22. Pathikulangara (2011).
  23. Kavunkal, Kochuthresia (2015). Liturgical Year in Religious Communities.
  24. Pathikulangara (2011), p. 10, 15–16.
  25. Pamplany, Joseph (2016). Liturgical Theology. Thalasserry: Alpha Institute of Theology and Science. pp. 28–29.
  26. Palackal (2019), p. 9.
  27. van der Ploeg (1983), p. 2–3.
  28. Walker (2011).
  29. Mingana (1926), p. 25.
  30. Perczel (2018), p. 662–674.
  31. Mingana (1926), p. 70–73.
  32. Baum & Winkler (2003), p. 53–58.
  33. Kollaparambil (1981), p. 3.
  34. Vellian (2001), p. 173.
  35. Mundadan (1970), p. 158–159.
  36. 36.0 36.1 36.2 Nedungatt (2001), p. 305.
  37. പൊടിപ്പാറ (1944), p. 42–43.
  38. പൊടിപ്പാറ (1944), p. 48–49.
  39. 39.0 39.1 Kollaparambil (1981), p. 17.
  40. Kollaparambil (1981), p. 6–8, 17.
  41. പൊടിപ്പാറ (1944), p. 105–106.
  42. Koonammakkal (Thekeparampil, Koonammakkal & Baby Varghese 2016)
  43. Perczel (2014), p. 263-323.
  44. പൊടിപ്പാറ (1944), p. 124–125.
  45. Kollamparambil (1981), p. 19.
  46. Kollamparambil (1981), p. 33–37.
  47. Kollamparambil (1981), p. 30–32, 38–39.
  48. Nedungatt (2001), p. 327–329.
  49. 49.0 49.1 Kollaparambil (1981), p. 6, 8–9.
  50. Mundadan (1970), p. 137–145.
  51. Malekandathil (2003), p. 7–9, 26–29.
  52. Mundadan (1970), p. 145–146.
  53. 53.0 53.1 Nedungatt (2001), p. 333.
  54. Mundadan (1970), p. 147–152.
  55. പൊടിപ്പാറ (1944), p. 46.
  56. Nedungatt (2001), p. 329, 333.
  57. പൊടിപ്പാറ (1944), p. 43–44.
  58. 58.0 58.1 Nedungatt (2001), p. 329.
  59. Kollaparambil (1981), p. 7.
  60. Nedungatt (2001), p. 331.
  61. 61.0 61.1 61.2 Vellian (2001), p. 181–182.
  62. Nedungatt (2001), p. 331–333.
  63. പൊടിപ്പാറ (1944), p. 45.
  64. 64.0 64.1 Vellian (2001), p. 182.
  65. Vellian (2001), p. 183.
  66. 66.0 66.1 Nedungatt (2001), p. 321.
  67. Maniyattu (2006), p. 143.
  68. 68.0 68.1 68.2 Nedungatt (2001), p. 337.
  69. 69.0 69.1 Nedungatt (2001), p. 333–335.
  70. 70.0 70.1 Kollaparambil (1981), p. 8.
  71. Nedungatt (2001), p. 335.
  72. പൊടിപ്പാറ (1944), p. 46–48.
  73. Nedungatt (2001), p. 325, 337–339.
  74. 74.0 74.1 74.2 74.3 Nedungatt (2001), p. 337–339.
  75. 75.0 75.1 പൊടിപ്പാറ (1944), p. 51.
  76. Kollaparambil (1981), p. 29–30.
  77. Kuruthukulangara (1989), p. 203–206.
  78. 78.0 78.1 Moolan (1985), p. 22.
  79. 79.0 79.1 പൊടിപ്പാറ (1944), p. 50.
  80. Moolan (1985), p. 29.
  81. പൊടിപ്പാറ (1944), p. 51–52.
  82. പൊടിപ്പാറ (1944), p. 49.
  83. 83.0 83.1 83.2 83.3 Nedungatt (2001), p. 339.
  84. van der Ploeg (1983), p. 145.
  85. പൊടിപ്പാറ (1944), p. 50–51.
  86. 86.0 86.1 Geddes (1694), p. 146.
  87. Geddes (1694), p. 148.
  88. Geddes (1694), p. 149.
  89. Geddes (1694), p. 150–151.
  90. Geddes (1694), p. 368.
  91. Malekandathil (2003), p. 302.
  92. Mundadan (1970), p. 102.
  93. Connolly (1914), p. 396-425, 569-589.
  94. Webb (1970), p. 41-54.
  95. പൊടിപ്പാറ (1944), p. 111–114.
  96. Fenwick (2009), p. 136—137.
  97. van der Ploeg (1983), p. 20, 29–30.
  98. Perczel (2013), p. 425.
  99. Perczel (2014), p. 272–278.
  100. 100.0 100.1 Vellian (2001), p. 195–198.
  101. Vellian (2001), p. 187.
  102. Kollaparambil (1981), p. 32–38.
  103. 103.0 103.1 Vellian (2001), p. 179.
  104. Kuruthukulangara (1989), p. 200–201.
  105. Webb (1958), p. 185–208.
  106. van der Ploeg (1983), p. 64–65.
  107. van der Ploeg (1983), p. 21–25.
  108. van der Ploeg (1983), p. 82–83.
  109. പൊടിപ്പാറ (1944), p. 86–87.
  110. Kollaparambil (1981), p. 31.
  111. Kollaparambil (1981), p. 27, 32–33.
  112. പൊടിപ്പാറ (1944), p. 82.
  113. പൊടിപ്പാറ (1944), p. 80–81.
  114. Vellian (2001), p. 178.
  115. Kollaparambil (2001), p. 171.
  116. van der Ploeg (1983), p. 19–20.
  117. പൊടിപ്പാറ (1944), p. 105.
  118. Vellian (2001), p. 185.
  119. Vellian (2001), p. 186–7.
  120. Hambye (1969), p. 221–231.
  121. Vellian (2001), p. 188–189.
  122. പൊടിപ്പാറ (1944), p. 130–136.
  123. Vellian (2001), p. 189.
  124. van der Ploeg (1983), p. 74.
  125. Vellian (2001), p. 190.
  126. 126.0 126.1 126.2 Vellian (2001), p. 191.
  127. Kuruthukulangara (1989), p. 203–204.
  128. പൊടിപ്പാറ (1944), p. 154–155.
  129. Vellian (2001), p. 192.
  130. Kanichikattil (2020), p. 24–25.
  131. പൊടിപ്പാറ (1944), p. 160.
  132. Mundadan (2008), p. 270-271.
  133. Kanichikattil (2020), p. 26–28.
  134. Kanichikattil (2020), p. 121–138.
  135. പൊടിപ്പാറ (1944), p. 191–198.
  136. പൊടിപ്പാറ (1944), p. 162–169.
  137. Vellian (2001), p. 193.
  138. Vellian (2001), p. 194.
  139. 139.0 139.1 Brock (2011d).
  140. 140.0 140.1 Winkler 2018, pp. 131–132.
  141. Pallath (2023), p. 25–27.
  142. Pallath (2023), p. 27–29.
  143. Pallath (2023), p. 29–30.
  144. Pallath (2023), p. 28, 36.
  145. Pallath (2023), p. 36–38.
  146. Pallath (2023), p. 40.
  147. Pallath (2023), p. 39–40.
  148. "Prelate threatens sanctions in Catholic world's nastiest liturgical dispute". Crux (in ഇംഗ്ലീഷ്). 2023-06-27. Archived from the original on 27 September 2023.
  149. "Holy Mass row: Papal delegate issues strict warning, orders priests in Kerala archdiocese to obey Synodal decision". The South First (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2023-08-17. Archived from the original on 4 September 2023.
  150. "As Kerala priests keep up protest, Vatican warns: Stop public offering of Mass or face action". The Indian Express (in ഇംഗ്ലീഷ്). 2023-08-17. Archived from the original on 4 September 2023.
  151. "Where things stand in the Syro-Malabar 'liturgy war'" (in ഇംഗ്ലീഷ്). 2023-01-07. Archived from the original on 30 September 2023.
  152. 152.0 152.1 Palackal, Joseph J. "Guide to Syriac Transliteration". aramaicproject.com. Retrieved 2025-06-02.
  153. Koonammakkal, Thomas (2006). "Suryaya Hendwaya". The Harp. Vol. 20/2. pp. 295–304.
  154. Arayathinal (1957), p. 12–13.
  155. Arayathinal (1957), p. 28.
  156. Arayathinal (1957), p. 10.
  157. Arayathinal (1957), p. 7.

പുസ്തകങ്ങൾ

[തിരുത്തുക]
  • Scher, Addai Scher (ed.). സീർട്ടിന്റെ ദിനവൃത്താന്തം. Histoire nestorienne inédite: Chronique de Séert. Translated by Addai (1908, 1910, 1911, 1919. ed.). pp. PO 4.3, 5.2, 7.2, 13.4.
  • റോസ്, ഫ്രാൻസിസ്കോ. De erroribus Nestorianorum qui in hac India orientali versantur.
    • Ros, Fransisco (1586). Mecherry, Antony (ed.). "On the Errors of the East Syrians (by Francisco Ros SJ, 1586): An Introduction with English Translation of a Latin-Syriac Treatise from Early Modern Malabar". Archivum Historicum Societatis Iesu. XCI (2022 ed.).
  • ഗുവേയ, അന്തോണിയോ (1606). Jornada do Arcebispo de Goa Dom Frey Aleixo de Menezes Primaz da India Oriental, Religioso da Orden de S. Agostino (in പോർച്ചുഗീസ്). Coimbra: Officina de Diogo Gomez.
  • ജ്യൂസെപ്പെ മരിയാ സെബസ്ത്യാനി. ജ്യൂസെപ്പെ മരിയാ സെബസ്ത്യാനിയുടെ മലബാറിലേക്കുള്ള ഒന്നാമത്തെയും രണ്ടാമത്തെയും യാത്രകൾ (in ഇറ്റാലിയൻ).
  • പൗളിനോസ് (1794). ഇന്ത്യാ ഓറിയന്റാലിസ് ക്രിസ്റ്റ്യാന. Typis Salomonianis.
  • Samuel Giamil (ed.). Brevis notitia historica circa Ecclesiae Syro-Chaldaeo-Malabaricae statum. Genuinae relationes inter sedem apostolicam et Assyriorum orientalium seu Chaldaeorum ecclesiam (1902 ed.). Rome: Loe- scher.
  • Kaufhold, Hubert (ed.). Syrische Handschriften juristischen Inhalts in südindischen Bibliotheken. Verlag der Österreichischen Akademie der Wissenschaften (in ജർമ്മൻ) (1989 ed.). ISBN 9783700116325.
  • കരിയാറ്റിൽ, യൗസേപ്പ് (1782). "Noticias do Reyno do Malabar " Information of the Kingdom of Malabar. National Library of Paris.
  • പാറേമ്മാക്കൽ, തോമാ (1785). മുത്തേടൻ, തോമസ് (ed.). വർത്തമാനപ്പുസ്തകം (1977 ed.). തേവര: ജനാതാ സർവ്വീസസ്.
  • Whitehouse, Thomas (1873). Lingerings of light in a dark land: Researches into the Syrian church of Malabar (in ഇംഗ്ലീഷ്). William Brown and Co.
  • Hambye, E. R (1969). Un manuscript oublie de la liturgie Syro-Malabare. Memorial Mgr. Gabriel Khouri-Sarkis.
  • Connolly, R. H. (1914). The Work of Menezes on the Malabar Liturgy. JTS. Vol. 15.
  • Webb, Douglas (1958). Mar Joseph Sulaqa et la liturgie du Malabar. L'Orient Syrien. Vol. III.
  • Webb, Douglas (1962). "Antonio de Gouvea's Version of the Nestorian Liturgy of the Apostles". In Cross, F. L. (ed.). Stadia Patristica. Vol. V (3). Berlin. pp. 213–240.{{cite book}}: CS1 maint: location missing publisher (link)
  • Webb, Douglas (1970). "The Versions of Malabar Liturgy and its Manuscripts". In Vellian, Jacob (ed.). The Malabar Church. OCA. Vol. 186.
  • Royel, Awa (2014). "The Pearl of Great Price: The Anaphora of the Apostles Mar Addai & Mar Mari as an Ecclesial and Cultural Identifier of the Assyrian Church of the East". Orientalia Christiana Periodica. Vol. 81. Rome: Pontificium Institutum Orientalium Studiorum. pp. 5–22.
  • Maniyattu, Pauly, ed. (2007). East Syriac Theology: An Introduction. Satna: Ephrem’s Publications. ISBN 81-88065-04-8.
    • Mattam, Abraham. Historical Setting of East Syriac Theology. pp. 16–29.
    • Powathil, Joseph. Early Syriac Theology: Some Basic Features. pp. 30–53.
    • Kuzhippil, Joseph. The Patristic Foundation of the East Syriac Theology. p. 54.
    • Palackal, James. Ecclesiology in the East Syriac Tradition. pp. 131–155.
    • Thoppil, John. Christology in the East Syriac Tradition. p. 154.
    • Neendoor, Thomas. East Syriac Pneumatology. pp. 226–247.
    • Kochuparampil, Jose. Theology of ’Raze: The Mysteries of the Church in the East Syriac Tradition. pp. 248–277.
    • Maniyattu, Pauly. East Syriac Theology of Eucharist. pp. 278–319.
    • Puthuparampil, James. Mariology in the Syriac Traditions. pp. 320–344.
    • Vechoor, Dominic. Catholic Moral Theology from the Eastern and East Syriac Perspectives. p. 345.
  • Maniyattu, Pauly (Jul 2006). Funeral Rites of Syro-Malabar Church: A Liturgico-theological Analysis. Journal of Religious Studies. Vol. 9/2. Pune: Jnanadeepa. pp. 129–148. doi:10.5281/zenodo.4284897. ISSN 0972-3331.{{cite book}}: CS1 maint: date and year (link)
  • Pallath, Paul; Kollara, Joseph (2012). Roman Pontifical into Syriac and the Beginning of Liturgical Reform in the Syro-Malabar Church: History of the Revision and Publication of the Chaldean and Syro-Malabar Pontifical. Oriental Institute of Religious Studies India.
  • Pallath, Paul (2008). The Eucharistic Liturgy of the St Thomas Christians and the Synod of Diamper (2020 ed.). Changanacherry: HIRS Publications. ISBN 9788187576952.
  • Pallath, Paul (2023). The Liturgical Identity of the Syro-Malabar Church and Fidelity to the Patrimony of the Eastern Churches. Eastern Legal Thought. Vol. 19. Kottayam: Institute of the Eastern Canon Law, Paurastya Vidyapitam.
  • Pallath, Paul (2006). The Grave Tragedy of the Church of St Thomas Christians and the Apostolic Mission of Sebastiani. Changanacherry: HIRS Publications. ISBN 8187576529.
  • Pallath, Paul (2005). The Provincial Councils of Goa and the Church of St Thomas Christians. Kottayam: Oriental Institute of Religious Studies India, Paurastya Vidyapitam. ISBN 8188456225.
  • Pallath, Paul   (2017). Rome and Chaldean Patriarchate in Conflict: Schism of Bishop Rokos in India (in ഇംഗ്ലീഷ്).
  • Pallath, Paul (2018). Restoration and Reform of Syro-Malabar Missal: Important Documents from 1954 to 1969. Changanacherry: HIRS Publications.
  • Moolan, John (1985). ܣܘܒܪܬ-ܝܠܕܐ The Period of Annunciation-Nativity in the East Syrian Calendar: Its Background and Place in the Liturgical year. Vadavathoor: Paurastya Vidyapitham.
  • Mannooramparambil, Thomas, ed. (June 2006). Christian Orient a Journal of Eastern Churches for Creative Theological Thinking. Vol. XXVII NO.2.
    • Mannooramparambil, Thomas. Syro-Malabar Qurbana and Reconciliation.
    • Moolan, John. Penitential Life and the Healing Power Among the Thomas Christians.
    • Alencherry, Joseph. Sacramentality of Raza' in the Later Liturgical Commentaries of the Church of the East.
  • Madavanakadu, Ann Mary (2023). The Theology of the Liturgical Seasons in the Syro-Malabar Church. Journal of Global Catholicism. Vol. 8/1.
  • Hofrichte, Peter (2004). "The anaphora of Addai and Mari: An Early Witness to Apostolic Tradition". Orientalium Ecclesiarum: Its Recepetion in the Syro-Malabar Church. Kottayam: Missionary Orientation Center.
  • Potoczny, Mateusz Rafał (2019). "The Anaphora of the Apostles Addai and Mari and its Christological Character". Parole de l’Orient. Vol. 45. pp. 309–324.
  • Pathikulangara, Varghese (2011). Divine Praises in Aramaic Tradition.
  • Alencherry, Joseph Augustin (2022). "The East Syriac Version of "the Great Doxology" and its Earliest Liturgical Commentary (London, British Library, Or. 3336)". In Glibetic, Nina; Radle, Gabriel (eds.). Explorations in Eastern Christian Liturgy. Studies in Eastern Christian Liturgies. Vol. 4. Aschendorff Verlag. pp. 121–140. ISBN 978-3-402-21774-0.
  • Alencherry, Joseph. "The Liturgical Seasons of Elijah-Cross-Moses: History, Mystagogy and Spirituality". Syro-Malabar Liturgical Year.
  • Andrious, Tower (2020). The Ecclesiastical Liturgical Year for the Church of the East. Church of Beth Kokhe Journal. Vol. 8.
  • King, Archdale A. (1948). The Rites of Eastern Christendom. Vol. 2. Topographia Polyglota Vaticana.
  • Giraudo, Cesare, ed. (2013). The Anaphoral Genesis of the Institution Narrative in Light of the Anaphora of Addai and Mari. Orientalia Christiana Analecta. Vol. 295. Pontiicio Istituto Orientale. ISBN 978-88-97789-34-5.
  • Nedumparambil, George Joseph (2013). A Search of the Roots of Syro-Malabar Church in Kerala.
  • Thekeparampil, Jacob; Koonammakkal, Thomas; Baby Varghese, eds. (2016). THE HARP: A Review of Syriac, Oriental and Ecumenical Studies. Vol. XXX. Kottayam: SEERI Publications.
    • Vielle, Christophe. Johann Ernst Hanxleden S.J. (1681-1732) and St. Thomas Christians: from Malayalam poetry to Syriac Liturgy and Philology.
    • Neelankavil, Devamitra. Liturgical Role of Deacons in the East Syrian-Malabar Traditions.
    • Koonammakkal, Thomas. Karshon: Malayalam in Syriac Characters.
    • Martin Thomas Antony. Alengad Sliva & Muttuchira Sliva.
    • Mooken, Aprem. A Comparative study of the first three printed texts of Qdam vad Wather prayers in the Church of the East.
  • van der Ploeg, J. P. M (1983). The Christians of St. Thomas in South India and their Syriac Manuscripts. Bangalore: Dharmaram Publications.
  • Podipara, Placid (1974). The Thomas Christians and their Syriac Treasures. Alleppey: Prakasam Publications.
  • Mecherry, Antony (2018). "Archbishop Aleixo de Menezes OSA, A Portuguese Fidalgo: Behind the Curtain". Vidyajyoti Journal of Theological Reflection. 82: 8–34.
  • Palackal, Joseph J. (2005). The Syriac Chant Traditions in South India.
  • Palackal, Joseph J. (2019). "The Syriac Heritage of the Syro-Malabar Church: An Essential Component of the Cultural Fabric of India". Journal of St. Thomas Christians. Vol. 30 (2).
  • Palackal, Joseph J. (2020). The Survival Story of the Sound, Sentiments and Melodies of the Aramaic Chants in India. ARAM. Vol. 32. pp. 287–292.
  • Ross, Israel J. (1979). "Ritual and Music in South India: Syrian Christian Liturgical Music in Kerala". Asian Music (in ഇംഗ്ലീഷ്). 11 (1): 80–98. doi:10.2307/833968. JSTOR 833968.
  • Perczel, István (2006). "Have the flames of Diamper destroyed all the old manuscripts of the Saint Thomas Christians?". The Harp (in ഇംഗ്ലീഷ്). XX: 87–104.
  • Perczel, István (2013). Some New Documents on the Struggle of the Saint Thomas Christians to Maintain the Chaldaean Rite and Jurisdiction. Orientalia Christiana: Festschrift für Hubert Kaufhold zum 70. Geburtstag. Wiesbaden: Harrassowitz Verlag. pp. 415–436.
  • Perczel, István (2014). Garshuni Malayalam: A Witness to an Early Stage of Indian Christian Literature. Hugoye: Journal of Syriac Studies. Vol. 17.2. Gorgias Press. pp. 263–323.
  • Perczel, István (2018b). Fabre, P. A.; Zupanov, Ines (eds.). "Accommodationist Strategies on the Malabar Coast: Competition or Complementarity?". The Rites Controversy in the Early Modern World (in ഇംഗ്ലീഷ്). Leiden: Brill: 191–232.
  • Puliyurumbil, James (1994). A Period of Jurisdictional Conflict in the Suriani Church of India, 1800-1838 (in ഇംഗ്ലീഷ്). Vadavathoor: Oriental Institute of Religious Studies India.
  • Pallippurathukunnel, Thomas   (1982). A Double Regime in the Malabar Church, 1663–1716 (in ഇംഗ്ലീഷ്).
  • Mingana, Alphonse (1926). "The Early Spread of Christianity in India" (PDF). Bulletin of the John Rylands Library (in ഇംഗ്ലീഷ്). 10 (2): 435–514. doi:10.7227/BJRL.10.2.7. Archived from the original (PDF) on 2021-01-24. Retrieved 2023-11-03.
  • MacKenzie, Gordon Thomson (1901). Christianity in Travancore (in ഇംഗ്ലീഷ്). Travancore Government Press. p. 28.
  • Mackenzie, G. T. (1906). History of Christianity in travancore. Travancore State Manual. Vol. 2. p. 216-219.
  • Mundadan, Anthony Mathias (1943). History of Christianity in India (in ഇംഗ്ലീഷ്). Vol. 1. Bangalore: Church History Association of India.
  • Mundadan, Anthony Mathias; Thekkedath, Joseph (1982). History of Christianity in India (in ഇംഗ്ലീഷ്). Vol. 2. Bangalore: Church History Association of India.
  • Mundadan, Anthony Mathias (1967). The Arrival of the Portuguese in India and the Thomas Christians Under Mar Jacob, 1498–1552 (in ഇംഗ്ലീഷ്). Bangalore: Dharmaram College.
  • Mundadan, Anthony Mathias (1970). Sixteenth century traditions of St. Thomas Christians (in ഇംഗ്ലീഷ്). Bangalore: Dharmaram College.
  • Mundadan, Anthony Mathias (1984). Indian Christians: Search for Identity and Struggle for Autonomy (in ഇംഗ്ലീഷ്). Bangalore: Dharmaram College.
  • Mundadan, A. Mathias (2008). Blessed Kuriakose Elias Chavara. Journal of Dharmaram. Vol. 33/ 4. Bangalore: Dharmaram Publications. ISBN 978-81-89958-16-9.
  • Kanichikattil, Francis (2017). Search for Liturgy in India. Bangalore: Dharmaram Publications. ISBN 978-93-84964-87-0.
  • Kanichikattil, Francis (2020). Kuriakose Elias Chavara: The Wise Liturgical Reformer of Thomas Christians of Malabar. Theological Studies on Saint Chavara. Vol. 5. Bangalore: Dharmaram Publications. ISBN 9788194406136.
  • Kollaparambil, Jacob (1981). The St. Thomas Christian Revolution of 1653.
  • Kollaparambil, Jacob (2015). Kokkaravalayil, Sunny (ed.). Sources of the Syro Malabar Law (in ഇംഗ്ലീഷ്). Oriental Institute of Religious Studies India. ISBN 9789382762287.
  • Brock, Sebastian P. (2011a). "Thomas Christians". In Brock, Sebastian P.; Butts, Aaron M.; Kiraz, George A.; Van Rompay, Lucas (eds.). Gorgias Encyclopedic Dictionary of the Syriac Heritage: Electronic Edition. Gorgias Press.
  • Brock, Sebastian P. (2011b). "Malabar Catholic Church". Gorgias Encyclopaedia of Syriac Heritage. Gorgias Press.
  • Fenwick, John R. K. (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India (in ഇംഗ്ലീഷ്). Gorgias Press. ISBN 978-1-60724-619-0.
  • Koodapuzha, Xavier, ed. (1995). Roman Documents on the Syro-Malabar Liturgy. Kottayam: Oriental Institute of Religious Studies.
  • Nedungatt, George, ed. (2001). The Synod of Diamper Revisisted (in ഇംഗ്ലീഷ്). Pontificio Istituto Orientale. ISBN 8872103312.
    • Nedungatt, George (2001a). Interpreting the Synod of Diamper and the Lessons of History. pp. 11–36.
    • Vadakkekara, Benedict (2001). The Synod of Diamper in Historical Perspective. pp. 37–76.
    • John, K. J. (2001). Menezes on the Road to Diamper. pp. 77–104.
    • Poggi, Vincenzo (2001). Gesuiti e Diamper. pp. 105–134.
    • Nedungatt, George (2001b). The Synod of Diamper and the Union of Brest. A Comparison. pp. 135–146.
    • Kollaparambil, Jacob (2001). The Impact of the Synod of Diamper on the Ecclesial Identity of the St Thomas Christians. pp. 147–172.
    • Vellian, Jacob (2001). The Synod of Diamper and the Liturgy of the Syro-Malabar Church. pp. 173–198.
    • Pallath, Paul (2001). The Synod of Diamper: Valid or Invalid?. pp. 199–226.
    • Nedungatt, George (2001c). Return to Pre-Diamper Traditions. pp. 227–270.
  • Kuruthukulangara, Peter (1989). The Feast of the Nativity of our Lord in the Chaldean and Malabar Liturgical Year: A Study of the sources. Kottayam: OIRSI.
  • George, V. C. The Syro-Chaldean Church in Malabar.
  • Baum, Wilhelm; Winkler, Dietmar W. (2003). The Church of the East: A Concise History (in ഇംഗ്ലീഷ്). London-New York: Routledge-Curzon. ISBN 9781134430192.
  • Winkler, Dietmar (2018). "The Syriac Church Denominations: An overview". In Daniel King (ed.). The Syriac World. Routledge. pp. 119–133. ISBN 978-1-317-48211-6.
  • സക്കറിയ, സ്കറിയ (1976). രണ്ട് പ്രാചീന ഗദ്യകൃതികൾ. ചങ്ങനാശ്ശേരി: സന്ദേശനിലയം.
  • ലിറ്റർജിയും പൗരസ്ത്യ കാനൻസംഹിതയും. Congregation for the Eastern Churches Liturgy and Eastern Code of Canons Instruction for applying the Liturgical Prescriptions of the Code of Canons of the Eastern Churches. Translated by കൊല്ലംപറമ്പിൽ, ആന്റണി ജോർജ്ജ്. Changanassery: HIRS. 1996.
  • സീറോമലബാർ സഭയുടെ ആരാധനക്രമ മതബോധനം. Syro-Malabar Major Archiepiscopal Commissions for Liturgy and Catechesis. 2013.
  • പൊടിപ്പാറ, പ്ലാസിഡ് (1944). നമ്മുടെ റീത്ത് (1997 ed.). മാന്നാനം: സെന്റ് ജോസഫ്സ് പ്രസ്.
  • പൊടിപ്പാറ, പ്ലാസിഡ് (1972). കേരള സഭയുടെ വ്യക്തിത്വം. ആലപ്പുഴ: പ്രകാശം പബ്ലിക്കേഷൻസ്.
  • പാറേക്കാട്ടിൽ, ജോസഫ് (1987). പെരിയപ്പുറം, ആബേൽ (ed.). ലിറ്റർജി എന്റെ ദൃഷ്ടിയിൽ.
  • ചേടിയത്ത്, ഗീവർഗീസ്; അപ്പശ്ശേരി, ഗീവർഗീസ് (1990). ഇന്ത്യയുടെ മെത്രാപ്പോലീത്താ മാർ അബ്രഹാം. കോട്ടയം: Oriental Institute of Religious Studies India.
  • പുലിയുറുമ്പിൽ, ജെയിംസ് (2004). പണ്ടാരി ശീശ്മ. വടവാതൂർ: Oriental Institute of Religious Studies India. ISBN 81-88456-16-0.
"https://ml.wikipedia.org/w/index.php?title=സീറോ-മലബാർ_ആചാരക്രമം&oldid=4533539" എന്ന താളിൽനിന്ന് ശേഖരിച്ചത്