എദേസ്സയിലെ വേദശാസ്ത്രകേന്ദ്രം
സുറിയാനി ക്രിസ്തീയതയിലെ വളരെയധികം പ്രാധാന്യമുള്ള ഒരു ക്രീസ്തീയ ദൈവശാസ്ത്രകേന്ദ്രമായിരുന്നു ഏദേസ്സയിലെ വേദശാസ്ത്രകേന്ദ്രം (സുറിയാനി: ܐܣܟܘܠܐ ܕܐܘܪܗܝ, ഇംഗ്ലീഷ്: Theological School of Edessa). രണ്ടാം നൂറ്റാണ്ടിൽ അബ്ഗർ രാജവംശത്തിലെ രാജാക്കന്മാരുടെ കാലത്തുതന്നെ ഇത് സ്ഥാപിക്കപ്പെട്ടിരുന്നു. 363 ൽ സസാനിയൻ സാമ്രാജ്യം നിസിബിസ് കീഴടക്കിയതോടെ, മാർ അപ്രേമും അനേകം സുറിയാനി പണ്ഡിതരും നിസിബിസിലെ വേദശാസ്ത്രകേന്ദ്രം വിട്ട് എദേസ്സയിലേക്ക് വന്നു. അതോടെ മാർ അപ്രേം ഈ ദൈവശാസ്ത്രകേന്ദ്രത്തിന്റെ നേതൃസ്ഥാനം ഏറ്റെടുത്തു. അതിനുശേഷം ഇതിന്റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു. എദേസ്സയിൽ നിരവധി സന്യാസിമാർ വസിച്ചിരുന്നു. അപ്രേം അവിടെ ഒരു ചെറിയ മുറിയിൽ കഴിഞ്ഞുകൊണ്ട്, സന്യാസജീവിതം പരിശീലിപ്പിക്കുക, വിശുദ്ധ തിരുവെഴുത്തുകൾ വ്യാഖ്യാനിക്കുക, കവിതയും സ്തുതിഗീതങ്ങളും രചിക്കുക, ദൈവശാസ്ത്രം പഠിപ്പിക്കുക, ദേവാലയ സംഗീതത്തിൽ പെൺകുട്ടികളെയും ഉൾപ്പെടുത്തി പരിശീലിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്തുവന്നു.[1]
അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്വിയോർ ആയിരുന്നു എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ തലവൻ. സന്ന്യാസജീവതത്തിന്റെയും, പാണ്ഡിത്യത്തിന്റെയും യോഗ്യതകളും ഭരണപരമായ കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. തിരുവെഴുത്തുകളുടെ വ്യാഖ്യാതാവിന്റെ പദവി (മേപസ്ഖാന) വഹിച്ചിരുന്ന അദ്ദേഹത്തിന്റെ കാലത്ത് മോപ്സുവേസ്ത്യായിലെ തിയോഡോർ എഴുതിയ പുസ്തകങ്ങളും എദേസ്സൻ ദൈവശാസ്ത്രകേന്ദ്രത്തിന്റെ ഭാഗമായി. ആ സുപ്രധാന തീരുമാനത്തോടെ, അരിസ്റ്റോട്ടിലിന്റെ തത്വശാസ്ത്രം തിയോഡോറിന്റെ ഇരുസ്വഭാവവിശ്വാസവുമായി ചേർത്ത് വ്യാഖ്യാനിക്കുന്ന ഒരു പാഠ്യരീതി ക്വിയോ ആരംഭിച്ചു.[2]
489-ൽ, നെസ്തോറിയൻ ഭിന്നതയ്ക്കുശേഷം, നെസ്തോറിയൻ സിദ്ധാന്തത്തോട് അനുഭാവം പ്രകടിപ്പിക്കുന്നു എന്ന് ആക്ഷേപിച്ച് ബൈസാന്ത്യ ചക്രവർത്തി ഫ്ലാവിയസ് സെനോ, എദേസ്സയിലെ മെത്രാനായ സൈറസ് രണ്ടാമന്റെ ഉപദേശപ്രകാരം, ദൈവശാസ്ത്രകേന്ദ്രം അടച്ചുപൂട്ടാൻ ഉത്തരവിട്ടു. അതോടെ എദേസ്സയിലെ പണ്ഡിതന്മാർ നിസിബിസിലേക്ക് മടങ്ങി അവിടെ വേദശാസ്ത്രകേന്ദ്രം പുനഃസ്ഥാപിച്ചു.[3]
അവലംബം
[തിരുത്തുക]- ↑ "MONASTIC LIFE IN THE SYRIAN ORTHODOX CHURCH OF ANTIOCH". Archived from the original on 2011-07-28.
- ↑ The School of Edessa, Nestorian.org.
- ↑ Meyendorff 1989, പുറം. 99, 194.