തിരുനെട്ടൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുനെട്ടൂർ മഹാദേവക്ഷേത്രം
തിരുനെട്ടൂർ മഹാദേവക്ഷേത്രം
തിരുനെട്ടൂർ മഹാദേവക്ഷേത്രം
തിരുനെട്ടൂർ മഹാദേവക്ഷേത്രം is located in Kerala
തിരുനെട്ടൂർ മഹാദേവക്ഷേത്രം
തിരുനെട്ടൂർ മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:10°35′59″N 76°2′9″E / 10.59972°N 76.03583°E / 10.59972; 76.03583
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:എറണാകുളം
പ്രദേശം:വൈറ്റില
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:പരമശിവൻ മഹാവിഷ്ണു
പ്രധാന ഉത്സവങ്ങൾ:ശിവരാത്രി, അഷ്ടമി രോഹിണി
ക്ഷേത്രങ്ങൾ:2

കേരളത്തിൽ എറണാകുളം ജില്ലയിൽ മരട് മുനിസിപ്പാലിറ്റിയിൽ (വൈറ്റിലയിൽ നിന്നും തെക്ക് , ഏകദേശം നാലര കിലോമീറ്റർ ദൂരം മാറി നെട്ടൂർ ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ശിവക്ഷേത്രമാണ് തിരുനെട്ടൂർ മഹദേവക്ഷേത്രം. പരശുരാമൻ സ്ഥാപിച്ചു എന്നു വിശ്വസിക്കപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണിത് [1]. ഇവിടെ പ്രധാനപ്രതിഷ്ഠ ശിവനാണെങ്കിലും തുല്യപ്രാധാന്യത്തോടെ പ്രത്യേകം ക്ഷേത്രത്തിൽ വിഷ്ണുവിനും പ്രതിഷ്ഠയുണ്ട്. നെട്ടൂരിലെ മഹാദേവക്ഷേത്രം, തെക്കേ അമ്പലം എന്നും ശിവപ്രതിഷ്ഠ തിരുനെട്ടൂരപ്പൻ എന്നും അറിയപ്പെടുന്നു. [2] രണ്ട് കൊടിമരങ്ങളും രണ്ട് ബലിക്കൽപ്പുരകളും രണ്ട് തന്ത്രിമാരുമൊക്കെയുള്ള അപൂർവ്വക്ഷേത്രമാണിത്. ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, സുബ്രഹ്മണ്യൻ, സരസ്വതി, ശ്രീകൃഷ്ണൻ, വടക്കുന്നാഥൻ, നാഗദൈവങ്ങൾ, യോഗീശ്വരൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ സമീപത്തുതന്നെ രണ്ട് ഭദ്രകാളിക്ഷേത്രങ്ങളുമുണ്ട്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

പരശുരാമ പ്രതിഷ്ഠിതമായ ഈ ക്ഷേത്രം നൂറ്റാണ്ടുകൾ പഴക്കമേറിയതാണ്. തിരുനെട്ടൂരപ്പനിൽ നിന്നുമാണ് സ്ഥലനാമം ഉണ്ടായത് എന്ന് വിശ്വസിക്കുന്നു. ഇവിടെ മഹാദേവനൊപ്പം മഹാവിഷ്ണുവിനും ക്ഷേത്രമുണ്ട്. വില്വമംഗലം സ്വാമി തന്റെ ദിവ്യദൃഷ്ടിയാൽ വിഷ്ണുഭഗവാന്റെ സാന്നിധ്യം മനസ്സിലാക്കി. നാടുവാഴിയുടെ സഹായത്താൽ അവിടെ വിഷ്ണുക്ഷേത്രം പണിഞ്ഞ് കർക്കിടകമാസത്തിലെ വാവുബലിക്ക് തുടക്കം കുറിക്കുകയും ചെയ്തു, എന്നു വിശ്വസിക്കുന്നു. ഇന്നും കറുത്ത വാവിൻ നാളിലെ നെട്ടൂർ ക്ഷേത്രത്തിലെ വാവുബലി പ്രസിദ്ധമാണ്. നെട്ടൂരിന് സമീപമുള്ള പ്രദേശങ്ങളിൽ നിന്നും ധാരാളം ആളുകൾ കർക്കിടക ബലിയർപ്പണത്തിനായി ഈ ക്ഷേത്രത്തിലെത്താറുണ്ട്.[3]

ത്രേതായുഗത്തിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണ് ഈ പുരാതന ക്ഷേത്ത്തിലെ പ്രധാനമൂർത്തിയായ ശ്രീപരമേശ്വരൻ അർദ്ധനാരീശ്വരസങ്കൽപ്പത്തിൽ ശിവലിംഗസ്വരൂപത്തിൽ കിഴക്കോട്ടു ദർശനമായി കുടികൊള്ളുന്നു. ഭക്തപരിപാലകനായ മഹാവിഷ്ണുവിന്റെ തിരുചൈതന്യം കുടികൊള്ളുന്ന മഹാവിഷ്ണുക്ഷേത്രവും ഈ സമുച്ചയത്തിലുണ്ട്‌. ഐതിഹ്യങ്ങൾ ആചാരവും അനുഷ്ഠാനവുമായി മാറുന്നതാണ്‌ ഇവിടുത്തെ ക്ഷേത്രസന്നിധി.

ക്ഷേത്ര രൂപകല്പന[തിരുത്തുക]

ക്ഷേത്ര വിസ്തൃതി അഞ്ചര ഏക്കർ വലിപ്പമേറിയതാണ്. ശ്രീമഹാദേവനും മഹാവിഷ്ണുവിനും പ്രത്യേകം വട്ടശ്രീകോവിൽ പണിതീർത്തിരിക്കുന്നു. ശിവക്ഷേത്രത്തിലെ ചുറ്റമ്പലത്തിന്റെ നാലുവശങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്, വിഷ്ണുക്ഷേത്രത്തിന്റെ നാലമ്പലം പകുതിയാക്കി നിർത്തിയിരിക്കുകയാണ്. ക്ഷേത്രചുറ്റമ്പലവും, വിളക്കുമാടവും തനതു കേരളാശൈലിയിൽ പണിതീർത്തവയാണ്. അതുപോലെതന്നെ നമസ്കാരമണ്ഡപവും ബലിക്കൽ പുരയും മനോഹരങ്ങളാണ്. ക്ഷേത്രത്തിലെ രണ്ട് ഏക്കറിൽ കൂടുതൽ വലിപ്പമേറിയ ക്ഷേത്രക്കുളം മറ്റൊരു പ്രത്യേകതയാണ്.

യുഗങ്ങളുടെ കാലപ്പഴക്കംതന്നെ ഈ ക്ഷേത്രസമുച്ചയത്തിന്‌ കരുതിപ്പോരുന്നു. ഒരു മഹാക്ഷേത്രത്തിന്റെ ചിട്ടവട്ടങ്ങളോടുകൂടിയ സംവിധാനങ്ങളാണ്‌ ഈ ക്ഷേത്രത്തിന്റേത്‌. എന്നാൽ മറ്റു പല ശിവക്ഷേത്രങ്ങളിലും കാണുവാൻ കഴിയാത്ത പല പ്രത്യേകതകളും ഇവിടുത്തെ ശിവക്ഷേത്രശ്രീലകത്തിന്‌ ദർശിക്കുവാൻ കഴിയും. അത്യപൂർവ്വമായ ഇരട്ടശ്രീകോവിലാണ്‌ ഇവിടത്തെ പ്രത്യേകത. ഇതിനുപുറമെ, ശ്രീലകത്തിന്റെ തെക്കേ വാതിലിനകത്തായി സുബ്രഹ്മണ്യൻ, സരസ്വതി, ഗണപതി, ദക്ഷിണാമൂർത്തി എന്നീ ദേവതകളെ പ്രതിഷ്ഠിച്ചാരാധിക്കുന്നു. വളരെ വലിപ്പമേറിയ വട്ടശ്രീകോവിലിന്‌ 45 മീറ്റർ ചുറ്റളവും, 60 കഴുക്കോലുകളുടെ മേൽക്കൂരയുമാണുള്ളത്‌. ശ്രീകോവിലിനു സമീപത്തുതന്നെ, വടക്കുകിഴക്കുഭാഗത്തായി ശ്രീ പരമേശ്വരൻ വടക്കുംനാഥനായി 'സ്വയംഭൂ'വായി അവതരിച്ചിരിക്കുന്നതും കാണാം. ഈ ശില അനുദിനം വളർന്നുവരുന്നതായും ഭക്തർ സാക്ഷ്യപ്പെടുത്തുന്നു. പരശുരാമൻ ക്ഷേത്രപ്രതിഷ്ഠ നടത്തിയശേഷം, ക്ഷേത്രകാര്യങ്ങൾ നോക്കുന്നതിനായി 108 നമ്പൂതിരി ഇല്ലങ്ങളെ ഈ ദേശത്ത്‌ കുടിയിരുത്തിയെന്നും, ഈ ഇല്ലക്കാരുടെ മേൽനോട്ടത്തിലായിരുന്നു ഈ മഹാക്ഷേത്രമെന്നും ഐതിഹ്യം പറയുന്നു.

ഉത്സവങ്ങൾ[തിരുത്തുക]

തിരുവുത്സവം[തിരുത്തുക]

മലയാളമാസം ധനുവിൽ എട്ടു ദിവസത്തെ ആണ്ടുത്സവം ഇവിടെ ആഘോഷിക്കുന്നു. തിരുവാതിര നാളിൽ ആറാട്ട് വരത്തക്കവിധം ഉത്തൃട്ടാതിനാളിൽ കൊടിയേറ്റ് നടക്കുന്നു. ശ്രീ മഹാദേവന് എട്ടു ദിവസത്തെ ഉത്സവമാണങ്കിൽ, ഇവിടെ മഹാവിഷ്ണുവിന് ഏഴു ദിവസമാണ്. അതിനാൽ ഉത്തൃട്ടാതിനാളിൽ മഹാദേവനടയിലും, പിറ്റേന്ന് രേവതിനാളിൽ മഹാവിഷ്ണു നടയിലും കൊടിയേറി ധനുമാസ ഉത്സവം നടത്തുന്നു.

ഉത്സവനാളിൽ വടക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും തെക്കേ പാട്ടുപുരക്കൽ ക്ഷേത്രത്തിലും കളമെഴുത്തുംപാട്ട് നടത്താറുണ്ട്. അതുപോലെതന്നെ മകയിരം നാളിലെ (ഏഴാം ഉത്സവം) ദേവമാരുടെ സംഗമവും കൂട്ട എഴുന്നള്ളിപ്പും വളരെ പ്രസിദ്ധമാണ്. ക്ഷേത്രക്കുളത്തിൽ തന്നെയാണ് തിരുവാതിരനാളിലെ ആറാട്ട് നടത്തുന്നത്.

ശിവരാത്രി[തിരുത്തുക]

കുംഭമാസത്തിലെ കറുത്തപക്ഷത്തിലെ ചതുർദ്ദശിനാളിൽ ശിവരാത്രി ആഘോഷിക്കുന്നു. അന്ന് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. ശിവരാത്രിദിനത്തിൽ തിരുനെട്ടൂരപ്പനെ ദർശിയ്ക്കാൻ വൻ ഭക്തജനപ്രവാഹമുണ്ടാകും. അന്ന് നടയടയ്ക്കില്ല. രാത്രിയിലെ ഓരോ യാമത്തിലും പൂജ നടത്തും.

അഷ്ടമിരോഹിണി[തിരുത്തുക]

മഹാവിഷ്ണു ക്ഷേത്രത്തിലെ ഏറ്റവും പ്രത്യേകതയേറിയ ആഘോഷമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്തപക്ഷത്തിലെ അഷ്ടമിനാളിലാണ് ഈ ആഘോഷം നടത്തുന്നത്. ശ്രീകൃഷ്ണഭഗവാന്റെ ജന്മദിനമാണ് ഈ ദിവസം. ഈ ദിവസം മഹാവിഷ്ണുക്ഷേത്രത്തിൽ പ്രത്യേകപൂജകളുണ്ടാകും. അഷ്ടമിരോഹിണിദിവസം കുട്ടികൾ ശ്രീകൃഷ്ണന്റെയും രാധയുടെയും വേഷം കെട്ടി ഘോഷയാത്ര നടത്തുന്നു.

കർക്കടകവാവ്[തിരുത്തുക]

നെട്ടൂർ മഹാദേവക്ഷേത്രം പിതൃബലി തർപ്പണകേന്ദ്രം എന്ന നിലയിൽ വളരെ പ്രശസ്തമാണ്. നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിനാളുകൾ വന്ന് പിതൃതർപ്പണം നടത്തിപോകുന്നു. കർക്കടകവാവു ദിവസം ഭക്തജനങ്ങൾ ചുണ്ടന്വള്ളങ്ങളിൽ ജലഘോഷയാത്രയായി ക്ഷേത്രത്തിലേയ്ക്കു വന്നിരുന്ന കാഴ്ച അതിമനോഹരമായിരുന്നു. ഇന്നിപ്പോൾ അത്തരം ജലഘോഷയാത്രകൾ അന്യം നിന്നു പോയിരിക്കുന്നു.[4]

മോക്ഷംതേടി അലയുന്ന ഒട്ടനവധി ആത്മാക്കൾ ഈ ക്ഷേത്രതിരുമുറ്റത്ത്‌ നിത്യമോക്ഷം കൈവരിക്കുന്നു. നെട്ടൂർ ശിവ-വിഷ്ണുക്ഷേത്രം പിതൃപ്രീതിക്കായി ആയിരങ്ങൾ എത്തിച്ചേരുന്ന മഹാസന്നിധി കൂടിയാണ്‌. ഈ പിതൃമോക്ഷസങ്കേതത്തിൽ പരമശാന്തിസ്വരൂപനായി നിലകൊള്ളുന്ന മഹാദേവനും, പിതൃമോക്ഷകാരനായി 'വടാതേവർ' എന്ന നാമത്തിൽ മഹാവിഷ്ണുവും കുടികൊള്ളുന്നു. നിത്യവും ആചാരം എന്ന നിലയിൽ പിതൃകർമ്മങ്ങൾ നടക്കുന്ന അപൂർവ്വം ദേവസ്ഥാനങ്ങളിലൊന്നുമാണ്‌ നെട്ടൂർമഹാദേവർ ക്ഷേത്രസന്നിധി.

തിലോദകസമ്പ്രദായത്തിലല്ലാതെ ബലിതർപ്പണം നടക്കുന്ന കേരളത്തിലെതന്നെ അപൂർവ്വക്ഷേത്രങ്ങളിലൊന്നാണ്‌ നെട്ടൂർ മഹാദേവർക്ഷേത്രം. 'വടാതേവർ' എന്ന നാമത്തിൽ പിതൃക്കളുടെ മോക്ഷദായകനായിട്ടാണ്‌ മഹാവിഷ്ണു ഇവിടെ കുടികൊള്ളുന്നത്‌. പിതൃമോക്ഷാർത്ഥം ശ്രീവില്വമംഗലം സ്വാമിയാരാൽ പ്രതിഷ്ഠിക്കപ്പെട്ട ശംഖ്‌, ചക്രം, ഗദാ, പത്മത്തോടുകൂടിയ നാലു തൃക്കൈകളുള്ള ചതുർബാഹുവായ വിഷ്ണുവാണ്‌ ഇവിടെ കുടികൊള്ളുന്നത്‌. മഹാവിഷ്ണുവിന്റെ നിവേദ്യപൂജകഴിഞ്ഞതിനുശേഷം, ശിവക്ഷേത്രത്തിൽനിന്നും ലഭിക്കുന്ന ചോറ്‌ (വടാപൂജ) തെക്കുഭാഗത്തുകൊണ്ടുചെന്ന്‌ തൂകി നൽകുന്നതോടെ പൃതൃക്കൾക്കു മോക്ഷലബ്ധി ഉണ്ടാവുമെന്നാണ്‌ വിശ്വാസം. ഏതു മഹാപാപവും പുണ്യമാക്കിത്തീർക്കുന്ന ഈ ശിവ-വിഷ്ണു സംഗമസ്ഥാനത്തിലെത്തിയാൽ മോക്ഷപ്രാപ്തിക്കുള്ള മുക്തിമാർഗ്ഗം സന്ധിക്കുമെന്ന വിശ്വാസമാണ്‌ അനേകായിരങ്ങളെ ഈ ക്ഷേത്രസന്നിധിയിലേക്കെത്തിക്കാൻ പ്രേരിപ്പിക്കുന്നത്‌. [5]

തുലാം വാവ് ബലി[തിരുത്തുക]

കർക്കടകവാവുബലി പോലെതന്നെ തുലാമാസത്തിലും അമാവാസിനാളിൽ വാവുബലി നടത്തുന്നു. മറ്റ് ക്ഷേത്രങ്ങളിൽ ഈ പതിവില്ലങ്കിലും ഇവിടെ വളരെ അധികം ഭക്തർ വാവുബലിയിൽ പങ്കെടുക്കുന്നു.

പ്രതിഷ്ഠകൾ[തിരുത്തുക]

  • മഹാദേവൻ
  • മഹാവിഷ്ണു

ഉപദേവന്മാർ[തിരുത്തുക]

എത്തിചേരാൻ[തിരുത്തുക]

വൈറ്റില ജംഗ്ഷനിൽ നിന്നും അരൂർ റൂട്ടിൽ 4 കിലോമീറ്റർ ദൂരെയായി നെട്ടൂർ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വൈറ്റില ജംക്ഷനിൽനിന്നും എൻ.എച്ച്. 66-ൽ കൂടി തെക്കോട്ട് ഏകദേശം 4 കി. മീറ്റർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. വൈറ്റില ജംഗ്ഷനിൽ നിന്നും എൻ.എച്ച്. 66-ൽ കുണ്ടന്നൂർ ജംക്ഷൻ കഴിഞ്ഞ് നെട്ടൂർ- കുണ്ടന്നൂർ പാലം കടന്നാൽ നെട്ടൂർ ഐ.എൻ‍.ടി.യു.സി. ജംക്ഷൻ. അവിടെനിന്നും വലത്തേയ്ക്ക് (അരൂർനിന്നും വരുമ്പോൾ ഇടത്തേയ്ക്ക്) തിരിയുന്ന അമ്പലക്കടവ്-കേട്ടെഴുത്തുക്കടവു റോഡിലൂടെ ക്ഷേത്രത്തിലെത്തിച്ചേരാം.

ഇതും കാണുക[തിരുത്തുക]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“
  2. https://templesinindiainfo.com/108-shivalaya-nama-stotram-108-shivalaya-nama-stothra/
  3. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-04-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-11-03.
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-11-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-14.
  5. http://www.newindianexpress.com/states/kerala/2013/aug/06/Temples-all-set-for-Vavu-Bali-504264.html