അൽ-ഹിലാൽ (പത്രം)
തരം | ഉറുദു ഭാഷയിലുള്ള വാരിക |
---|---|
സ്ഥാപക(ർ) | മൗലാനാ അബുൾ കലാം ആസാദ് |
എഡീറ്റർ | മൗലാനാ അബുൾ കലാം ആസാദ് |
സ്ഥാപിതം | 1912 |
രാഷ്ട്രീയച്ചായ്വ് | ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനം |
Ceased publication | 1914 (ബ്രിട്ടീഷ് സർക്കാർ കണ്ടുകെട്ടി.) |
ഇന്ത്യൻ സ്വാതന്ത്ര്യസമരസേനാനിയായിരുന്ന മൗലാനാ അബുൾ കലാം ആസാദ് സ്ഥാപിച്ച ഉറുദു ഭാഷയിലുള്ള ഒരു വാരികയാണ് അൽ - ഹിലാൽ The (ഉറുദു: هلال 'The Crescent'). ഇന്ത്യയിലെ ബ്രിട്ടീഷ് രാജ്, ഈ വാരികയിലൂടെ നിരന്തരം വിമർശിക്കപ്പെട്ടിരുന്നു. 1912 ജൂലൈ 13-നാണ് അൽ-ഹിലാൽ വാരികയുടെ ആദ്യത്തെ ലക്കം പുറത്തിറങ്ങിയത്. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ആവശ്യകതയെക്കുറിച്ചും മുസ്‌ലിങ്ങൾ ഈ പ്രസ്ഥാനത്തിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഈ വാരികയിൽ ലേഖനങ്ങൾ അച്ചടിച്ചു വന്നിട്ടുണ്ട്. എന്നാൽ 1914-ലെ പ്രസ്സ് ആക്ട് പ്രകാരം അൽ-ഹിലാൽ പത്രം കണ്ടുകെട്ടുകയുണ്ടായി. കൽക്കട്ടയിൽ നിന്നും പ്രസിദ്ധീകരിച്ചിരുന്ന അൽ-ഹിലാൽ വാരിക, ഇന്ത്യയിലെമ്പാടുമുള്ള മുസ്ലിങ്ങൾക്കിടയിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വലിയ പ്രചാരം നേടുകയുണ്ടായി. [1]
സ്വദേശി പ്രസ്ഥാനത്തിലുള്ള മുസ്ലിങ്ങളുടെ പ്രവർത്തനം വളരെ മിതമായിരുന്നു. കൂടാതെ ബ്രിട്ടീഷ് സർക്കാർ, ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിൽ മുസ്ലിങ്ങൾ പങ്കെടുക്കാതിരിക്കനായി ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. എന്നാൽ വിദേശാധിപത്യത്തിനുനേർക്കുള്ള മുസ്ലിങ്ങളുടെ മനോഭാവം മാറ്റാൻ പുതിയ ഒരു ഉറുദു പത്രം കൊണ്ട് സാധിക്കുമെന്ന് മൗലാനാ അബുൾ കലാം ആസാദ് മനസ്സിലാക്കുകയുണ്ടായി. ഉറുദു ഭാഷയിൽനിന്നുള്ള ധാരാളം മഹത്‌വചനങ്ങളും കവിതാശകലങ്ങളും മുസ്ലിങ്ങളെ ആകർഷിക്കുന്നതിനായി മൗലാനാ ആസാദ് പത്രത്തിൽ ചേർത്തിട്ടുണ്ടായിരുന്നു. ഇത്തരത്തിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ മുസ്ലിങ്ങൾക്കിടയിൽ വലിയം പ്രചാരം നേടാൻ അൽ-ഹിലാൽ പത്രത്തിന് സാധിക്കുകയുണ്ടായി. [1] ഇതേ സമയം തന്നെ, മറ്റൊരു ഇസ്ലാം വാദിയായിരുന്ന ജമാലുദ്ദീൻ അഫ്ഗാനി ആദ്യമായി ഇന്ത്യ സന്ദർശിക്കുകയുണ്ടായി. [1]
ദൈവശാസ്ത്രം, രാഷ്ട്രീയം, യുദ്ധങ്ങൾ, ശാസ്ത്രരംഗത്തുണ്ടാകുന്ന പുരോഗതികൾ എന്നിവയോടൊപ്പം ഇന്ത്യയിലെ ബ്രിട്ടീഷ് രാജ് സംവിധാനത്തിനെതിരെയുള്ള വിമർശനങ്ങളും അൽ - ഹിലാൽ വാരികയിൽ ഉൾപ്പെടുത്തിയിരുന്നു. 25,000 ലധികം കോപ്പികളാണ് പത്രം ആരംഭിച്ച് കുറച്ചു നാളുകൾക്കകം വിറ്റഴിക്കപ്പെട്ടത്. ഉറുദു പത്രപ്രവർത്തന രംഗത്ത് അക്കാലത്ത് ഇത്തരത്തിലുള്ള വിറ്റഴിക്കൽ അപൂർവ്വമായിരുന്നു. ഇന്ത്യയിലെ മുസ്ലിങ്ങളെ ബ്രിട്ടീഷ് രാജിനെതിരെ പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നതിനും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലേക്ക് മുസ്ലിങ്ങളെ ആകർഷിക്കുന്നതിനും അൽ - ഹിലാലിന്റെ പ്രവർത്തനങ്ങൾ സഹായകരമായിരുന്നു. 1920-ൽ മഹാത്മാഗാന്ധി, ബ്രിട്ടീഷ് രാജിനെ വിമർശിക്കുന്നതിന് അൽ - ഹിലാലിനെ ആസാദ് ഫലപ്രദമായി ഉപയോഗിച്ചുവെന്ന് യങ് ഇന്ത്യ എന്ന തന്റെ പ്രസിദ്ധീകരണത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. [2] ഓക്സ്ഫോർഡ് സ്കോളർഷിപ്പ് ഓൺലൈൻ എന്ന വെബ്സൈറ്റിലും സമാനമായ അഭിപ്രായം പങ്കുവച്ചിരുന്നു. [3]
ഇന്ത്യയെ കണ്ടെത്തൽ എന്ന പുസ്തകത്തിൽ, ഒരു പുതിയ ഭാഷയാണ് ആസാദ് അൽ - ഹിലാലിൽ പ്രയോഗിച്ചത്. ചിന്തയിലും സമീപനത്തിലും മാത്രമല്ല, ഭാഷാഘടനയിലും ഈ വ്യത്യസ്തത പ്രകടമായിരുന്നു. ആസാദിനുള്ള പേർഷ്യൻ പശ്ചാത്തലമായിരുന്നു ഇതിന്റെ കാരണം. പുതിയ ആശയങ്ങൾ പങ്കുവയ്ക്കുന്നതിനായി പുതിയ ശൈലികളും പ്രയോഗങ്ങളും ആസാദ് കണ്ടെത്തുകയുണ്ടായി. അൽ - ഹിലാൽ എന്ന വാരികയിൽ ആസാദിന്റെ ഉറുദു ഭാഷയിലുള്ള സവിശേഷ പ്രയോഗങ്ങൾ ഉറുദു സാഹിത്യത്തെ മികച്ചതാക്കിയതിനോടൊപ്പം കൂടുതൽ മുസ്ലിങ്ങളെ ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെടാനും കാരണമായിത്തീർന്നു എന്ന് ജവഹർലാൽ നെഹ്റു അഭിപ്രായപ്പെട്ടിട്ടുണ്ട്. [4]:381
1914-ൽ പത്രം അച്ചടിച്ചിരുന്ന പ്രസ്സ് കണ്ടുകെട്ടുന്നതിനു മുമ്പു തന്നെ പത്രത്തെ ബ്രിട്ടീഷ് സർക്കാർ അംഗീകരിച്ചിരുന്നില്ല. രണ്ടു വർഷത്തെ മാത്രം പ്രവർത്തനത്തിനുശേഷം 1914-ൽ അൽ - ഹിലാൽ പത്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ ഇതിനെത്തുടർന്ന് 1914-ൽത്തന്നെ ആസാദ് പുതിയതായി അൽ ബലാഹ് എന്ന പേരിൽ പുതിയ ഒരു ഉറുദു വാരിക ആരംഭിക്കുകയുണ്ടായി. എന്നാൽ ഈ വാരികയും രണ്ട് വർഷത്തെ പ്രവർത്തനത്തിനുശേഷം 1916-ൽ മൗലാനാ ആസാദ് റാഞ്ചിയിൽ തടവിലാക്കപ്പെട്ടതോടെ അച്ചടി നിർത്തുകയുണ്ടായി. [4]:382
വർഷങ്ങൾക്കു ശേഷം അൽ - ഹിലാൽ പത്രം അച്ചടിച്ചിരുന്ന പ്രസ്സ്, ദീൻ ദുനിയ എന്ന പുതിയ പ്രസിദ്ധീകരണം അച്ചടിക്കുന്നതിനു വേണ്ടി മുഫ്തി ഷൗക്കത്തലി ഫെമി വിലയ്ക്കു വാങ്ങുകയുണ്ടായി. ഏകദേശം അഞ്ച് ദശാബ്ദങ്ങൾ വരെ ഈ അച്ചടിശാലയിൽ ഉറുദു ഗ്രന്ഥങ്ങളും മാസികകളും അച്ചടിച്ചിരുന്നു. 1990-കളിൽ ലിതോഗ്രാഫിക് അച്ചടി അവസാനിക്കുന്നതുവരെ ഈ പ്രസ്സിൽ അച്ചടി തുടരുകയുണ്ടായി. ഇതിനെത്തുടർന്ന് ഫെമിയുടെ കുടുംബം സർവകലാശാലകളെയും ഉറുദു ഭാഷാപണ്ഡിതന്മാരെയും മ്യൂസിയങ്ങളെയും പ്രസിഡന്റ് ശങ്കർ ദയാൽ ശർമ്മയെയുമടക്കം ആസാദിന്റെ അച്ചടിശാല പരിരക്ഷിക്കുന്നതിനുവേണ്ടി ബന്ധപ്പെടുകയുണ്ടായി. എന്നാൽ ഈ പരിശ്രമങ്ങൾ ഫലവത്താകാത്തതിനാൽ, അച്ചടിശാല അടയ്ക്കുകയും തുടർന്ന് വിൽക്കപ്പെടുകയും ചെയ്തു. [2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 http://oxfordindex.oup.com/view/10.1093/acprof:oso/9780199450466.003.0003 Archived 2019-12-04 at the Wayback Machine., Profile of Al-Hilal (newspaper) on Oxford Index website, Retrieved 3 Nov 2016
- ↑ 2.0 2.1 Shubhomoy Sikdar (13 July 2012). "More than just a chronicle". The Hindu newspaper., Retrieved 3 Nov 2016
- ↑ http://www.oxfordscholarship.com/view/10.1093/acprof:oso/9780199450466.001.0001/acprof-9780199450466, Retrieved 3 Nov 2016
- ↑ 4.0 4.1 J. Nehru (2004). The Discovery of India. Penguin Books.
പുറം കണ്ണികൾ
[തിരുത്തുക]- http://www.cis-ca.org/voices/a/azad-mn.htm Archived 2003-04-19 at the Wayback Machine., Biography of Maulana Abul Kalam Azad on California Center for Islamic Sciences website, Retrieved 3 Nov 2016
- https://books.google.com/books/about/The_dawn_of_hope.html?id=6EluAAAAMAAJ, 'The dawn of hope: selections from the Al-Hilal of Maulana Abul Kalam Azad' on books.google.com website, Retrieved 3 Nov 2016