Jump to content

അടാട്ട് ശിവ-വിഷ്ണുക്ഷേത്രം

Coordinates: 10°32′39″N 76°08′24″E / 10.544279°N 76.13987°E / 10.544279; 76.13987
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

10°32′39″N 76°08′24″E / 10.544279°N 76.13987°E / 10.544279; 76.13987

തൃശ്ശൂർ ജില്ലയിലെ അടാട്ട് ഗ്രാമത്തിലാണ് അടാട്ട് ശിവ-വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്.[1] പാർവ്വതീസമേതനായ ശിവനും വിഷ്ണുവും പ്രത്യേകം ക്ഷേത്രങ്ങളിലായി കുടികൊള്ളുന്ന ഇവിടെ, രണ്ടിനെയും ഒറ്റക്ഷേത്രമായാണ് കണക്കാക്കുന്നത്. അതുകൊണ്ടാണ് ഇത് ശിവ-വിഷ്ണുക്ഷേത്രം എന്ന് അറിയപ്പെടുന്നത്. ഉപദേവതകളായി ഗണപതി, ദക്ഷിണാമൂർത്തി, ശാസ്താവ്, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ് എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കുംഭമാസത്തിൽ നടക്കുന്ന ശിവരാത്രി, ചിങ്ങമാസത്തിൽ നടക്കുന്ന അഷ്ടമിരോഹിണി, വൃശ്ചികമാസത്തിൽ നടക്കുന്ന അയ്യപ്പൻ വിളക്ക് എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ. അടാട്ടുള്ള പ്രസിദ്ധമായ ചെമ്മങ്ങാട്ട്, കുറൂർ മനകളുടെ കീഴിലാണ് ഈ ക്ഷേത്രങ്ങൾ. ഇവയിൽ ശിവക്ഷേത്രം ചെമ്മങ്ങാട്ട് മന വകയും വിഷ്ണുക്ഷേത്രം കുറൂർ മന വകയുമാണ്.

അടാട്ട് ശിവക്ഷേത്രം

ഐതിഹ്യം

[തിരുത്തുക]

പരശുരാമൻ പ്രതിഷ്ഠിച്ചു എന്ന് പറയപ്പെടുമ്പോഴും വ്യക്തമായ ചരിത്രരേഖകളുടെ അഭാവമുള്ള ക്ഷേത്രമാണിത്. എങ്കിലും ഊഹം വച്ച് ഏകദേശം ആയിരത്തിലധികം വർഷം കണക്കാക്കാം. ശിവ-വിഷ്ണുക്ഷേത്രങ്ങളിൽ ആദ്യം വന്നത് ശിവക്ഷേത്രമാണെന്നത് വ്യക്തമാണ്. വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തിയത് പരമഭാഗവതനായിരുന്ന വില്വമംഗലം സ്വാമിയാരാണെന്ന് പറയപ്പെടുന്നു. അടുത്തുള്ള കുറൂർ മനയിൽ പൂജയ്ക്ക് വന്നശേഷമാണ് അദ്ദേഹം ഈ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. പഴക്കം കൂടുതൽ ശിവക്ഷേത്രത്തിനാണെങ്കിലും നിത്യപൂജകളും ദീപാരാധനയുമെല്ലാം ആദ്യം നടത്തുന്നത് വിഷ്ണുക്ഷേത്രത്തിലാണ്. അതിഥി ദേവോ ഭവഃ എന്ന സങ്കല്പത്തിലാണ് ഇത് നടത്തുന്നതാണ്.

സ്ഥലനാമ ചരിത്രം

[തിരുത്തുക]

അടാട്ട് എന്ന സ്ഥലനാമത്തെപ്പറ്റി വിചിത്രമായ ഒരു ഐതിഹ്യമുണ്ട്. ഇത് കുറൂർ മനയെന്ന ഭവനവുമായും, അവിടത്തെ കുറൂരമ്മയുമായും ബന്ധപ്പെട്ടിരിക്കുന്നു. ഗുരുവായൂരപ്പന്റെ പൂജയ്ക്കായി നൈവേദ്യമൊരുക്കിക്കൊണ്ടിരുന്ന കുറൂരമ്മയെ സഹായിക്കാനായി എവിടെനിന്നൊ ഒരു ബാലൻ എത്തിയത്രെ. പൂജാദ്രവ്യങ്ങളൊരുക്കി പൂജാരിയായ വില്വമംഗലത്തെ കാത്തിരിക്കെ, സഹായിക്കാൻ വന്ന ബാലൻ നൈവേദ്യം എടുത്തുകഴിക്കുന്നതു കണ്ടെത്തിയ കുറൂരമ്മ ആ ഉണ്ണിയെ ഒരു കലത്തിന്നടിയിൽ അടച്ചിട്ടുവത്രെ. ഭഗവാൻ കൃഷ്ണന് വെച്ചിരുന്ന നൈവേദ്യമെടുത്ത് കഴിക്കാനൊരുമ്പെട്ട ബാലൻ, സാക്ഷാൽ കൃഷ്ണൻ തന്നെയെന്നെ നിഗമനത്തിൽ അവർ എത്തിച്ചേരുകയായിരുന്നു. ഇങ്ങനെ കൃഷ്ണനെ അടച്ചിട്ട സ്ഥലം എന്ന അർത്ഥത്തിൽ ഈ സ്ഥലം അടാട്ട് എന്നപേരിൽ പിന്നീട് പ്രശസ്തമാവുകയായിരുന്നു.

ഉപപ്രതിഷ്ഠകൾ

[തിരുത്തുക]
അടാട്ട് ശിവക്ഷേത്രം

അടാട്ട് ശിവ-വിഷ്ണുക്ഷേത്രത്തിലെ പ്രധാന ഉപദേവൻ ഗണപതിയാണ്. രണ്ട് ക്ഷേത്രങ്ങളിലും തെക്കുപടിഞ്ഞാറുഭാഗത്ത് ഗണപതിപ്രതിഷ്ഠയുണ്ട്. ഗണപതിഹോമം, അപ്പം, അട, കറുകമാല എന്നിവയാണ് പ്രധാന വഴിപാടുകൾ.

ദക്ഷിണാമൂർത്തി

[തിരുത്തുക]

ശിവക്ഷേത്രനാലമ്പലത്തിനകത്ത് ഗണപതിയോടുചേർന്നുതന്നെയാണ് ശിവസ്വരൂപമായ ദക്ഷിണാമൂർത്തിയുടെയും പ്രതിഷ്ഠ. സാധാരണയായി തെക്കോട്ട് ദർശനം നൽകുന്ന ദക്ഷിണാമൂർത്തി, ഇവിടെ കിഴക്കോട്ട് ദർശനം നൽകുന്നത് ഒരു പ്രത്യേകതയാണ്. വിദ്യാഭിവൃദ്ധിയ്ക്ക് ദക്ഷിണാമൂർത്തിയെ പൂജിയ്ക്കുന്നത് അത്യുത്തമമായി കണക്കാക്കപ്പെടുന്നു. ശിവപ്രീതികരമായ എല്ലാ വഴിപാടുകളും ദക്ഷിണാമൂർത്തിയ്ക്കും നടത്താറുണ്ട്.

ശാസ്താവ്

[തിരുത്തുക]

ശിവക്ഷേത്രത്തിന്റെ നാലമ്പലത്തിന് പുറത്ത് തെക്കുപടിഞ്ഞാറുഭാഗത്താണ് ശാസ്താവിന്റെ പ്രതിഷ്ഠ. മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇവിടെ രണ്ട് ശാസ്താപ്രതിഷ്ഠകളുണ്ട്. അവയിൽ ഒന്ന് പൂർണ്ണാ-പുഷ്കലാസമേതനായ ശാസ്താവിന്റേതാണെങ്കിൽ മറ്റേത് സാക്ഷാൽ ശബരിമല അയ്യപ്പന്റേതാണ്. ഇവയിൽ ആദ്യത്തേതിനാണ് പഴക്കവും പ്രാധാന്യവും കൂടുതൽ. അയ്യപ്പന്റെ പ്രതിഷ്ഠ പിൽക്കാലത്ത് പ്രത്യേകം മുഖപ്പിൽ കൂട്ടിച്ചേർത്തതാണ്. ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും ഇവിടെ വച്ചാണ്. നീരാജനം, എള്ളുതിരി, നീലപ്പട്ട് ചാർത്തൽ എന്നിവയാണ് പ്രധാന വഴിപാടുകൾ.

ശ്രീകൃഷ്ണൻ

[തിരുത്തുക]

വിഷ്ണുക്ഷേത്രത്തിലെ നാലമ്പലത്തിനകത്ത് വടക്കുഭാഗത്ത് പ്രത്യേകം തീർത്ത മുഖപ്പിലാണ് മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠ. രണ്ടുകൈകളിലും വെണ്ണ പിടിച്ചുനിൽക്കുന്ന രൂപത്തിലുള്ള ശ്രീകൃഷ്ണനാണ് ഇവിടെയുള്ളത്. വളരെ ചെറിയൊരു വിഗ്രഹമാണ് ഇവിടെയുള്ളത്. കുറൂരമ്മയുടെ കാലശേഷം അവരുടെ പിൻഗാമികൾ കുടുംബക്ഷേത്രമായ വിഷ്ണുക്ഷേത്രത്തിൽ ഈ വിഗ്രഹം പ്രതിഷ്ഠിയ്ക്കുകയായിരുന്നു. പാൽപ്പായസം, തുളസിമാല, ചന്ദനം ചാർത്തൽ എന്നിവയാണ് പ്രധാന വഴിപാടുകൾ.

നാഗദൈവങ്ങൾ

[തിരുത്തുക]

ശിവക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് പ്രത്യേകം തീർത്ത ആൽത്തറയിലാണ് നാഗദൈവങ്ങളുടെ പ്രതിഷ്ഠ. നാഗരാജാവായി വാസുകി കുടികൊള്ളുന്ന ഈ തറയിൽ, കൂടെ നാഗയക്ഷിയും മറ്റ് പരിവാരങ്ങളുമുണ്ട്. എല്ലാമാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും ഇവർക്കുണ്ടാകാറുണ്ട്.

പൂജകൾ, വിശേഷങ്ങൾ

[തിരുത്തുക]

ശിവരാത്രിയും, അഷ്ടമിരോഹിണിയും അല്ലാതെ പ്രത്യേക ഉത്സവങ്ങൾ ഇവിടെ പതിവില്ല.

എത്തിച്ചേരാൻ

[തിരുത്തുക]

തൃശ്ശൂർ - ഗുരുവായൂർ/കുന്നംകുളം റോഡിൽ മുതുവറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു അടാട്ട് റോഡിൽ ഏതാനും കിലോമീറ്ററുകൾ സഞ്ചരിച്ചാൽ ഇവിടെ എത്തി ചേരാം.

അവലംബം

[തിരുത്തുക]
  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“