അയ്യപ്പൻ വിളക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

[അവലംബം ആവശ്യമാണ്]

അയ്യപ്പൻ വിളക്കിനുള്ള ശ്രീകോവിലുകൾ

ശബരിമലഅയ്യപ്പനുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ്‌ അയ്യപ്പൻ വിളക്ക്. അയ്യപ്പനും മണികണ്ഠനുമാണ് ഇതിലെ ആരാധനാ മൂർത്തികൾ. ഭഗവതി, കരുമല, വാവർ എന്നിവരും ആരാധിക്കപ്പെടുന്നു.

അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ഇതിൽ അവതരിപ്പിക്കുന്നു.

ചടങ്ങ്[തിരുത്തുക]

അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടിൽ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകൾ നൽകുന്നു. ഈ ചടങ്ങിൽ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാൽ വിളക്കിൽ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവർക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു.

പാലക്കൊമ്പ് എഴുന്നള്ളത്ത്

കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളിൽ നടത്താവുന്നതാണ്. എന്നാൽ മുഴുവൻ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു് അയ്യപ്പൻ, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവർക്ക് ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുൻപിൽ മണി മണ്ഡപവും ഗോപുരവും തീർക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പൻ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചക്കുള്ള പൂജയും ഭഗവതിക്കാണ്.

വാഴപ്പോള, മുളയാണി, ഈർക്കലി ആണി, കുരുത്തോല, തോരണങ്ങൾ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ദ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പൻ വിളക്കിനു ക്ഷേത്രങ്ങൾ പണിയുന്നത്.

കനലാട്ടം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ തന്നെയാണ് അയ്യപ്പൻ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്. കൂടാതെ മലപ്പുറം പാലക്കാട്‌, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പൻ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പൻ വിളക്ക് കണ്ടുവരുന്നത് തൃശൂർ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പൻ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങൾ കെട്ടി ആടുന്നതിനും ഒരു സംഘത്തിൽ വേണം.

ഗണപതി, ഗുരു, പന്തൽ, സരസ്വതി തുടങ്ങിയവർക്ക്‌ സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. പാലകൊമ്പ് എഴുന്നള്ളിക്കൽ, പാട്ട്, അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ്‌ (വേട്ടവിളി), കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കുന്നു.

സന്ദേശം[തിരുത്തുക]

ജാതിമതഭേദമന്യേ എല്ലാവരെയും മനുഷ്യന്മാരായി ഉൾക്കൊള്ളുക എന്നും ദുഃഖത്തിലും സുഖത്തിലും വൈരമില്ലാതെ തുണയാവുക എന്നൊരു സന്ദേശവും അയ്യപ്പന്റെയും വാവരുടെയും സൗഹൃദ വർണനയിലൂടെ അയ്യപ്പൻ വിളക്ക് നൽകുന്നുണ്ട്.

ചിത്രശാല[തിരുത്തുക]

അയ്യപ്പൻ വിളക്ക് വീഡിയോകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അയ്യപ്പൻ_വിളക്ക്&oldid=4058307" എന്ന താളിൽനിന്ന് ശേഖരിച്ചത്