മൂവാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Moovari എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളത്തിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി കാണപ്പെടുന്ന ഒരു സമുദായമാണ്‌ മൂവാരി സമുദായം. പണ്ട് ബ്രാഹ്മണസമുദായത്തിൽ നിന്ന് വേർപെട്ട 12 ഇല്ലക്കാരാണ്‌ മൂവാരി സമുദായമെന്ന് സാമുദായിക ചരിത്രം പറയുന്നു.[1] ബ്രാഹ്മണസമുദായവും ബ്രാഹ്മണ ആചാരവുമായും ഇന്നും ബന്ധം പുലർത്തുന്നവരാണ് മൂവാരി സമുദായം. കാസർഗോഡ് ജില്ലയിൽ ചന്ദ്രഗിരി പുഴയുടെ വടക്ക‌് ഭാഗത്ത് തുളുഭാഷ സംസാരിക്കുന്ന മൂവാരി വിഭാഗത്തിൽ പെട്ടവരെ മുഖാരി എന്നാണു വിളിക്കുന്നത്.

ആയിരംതെങ്ങ് കാവ്, നീലങ്കയി കാവ്, കുട്ടിക്കര അമ്പലം, കിഴക്കറ കാവ് എന്നീ നാല് ക്ഷേത്രങ്ങൾ മൂവാരിമാരുടെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളായി കരുതുന്നു. ഇവയ്ക്കു പുറമേ നിരവധി ക്ഷേത്രങ്ങൾ കണ്ണൂർ കാസർഗോഡ് ജില്ലകളിലായി ഈ സമുദായത്തിനുണ്ട്. കാസർകോട‌് ജില്ലയിൽ കയ്യൂർ–ചീമേനി, പുല്ലൂർ–പെരിയ, കിനാനൂർ–കരിന്തളം, മടിക്കൈ, വെസ‌്റ്റ‌് എളേരി, കോടോം–ബേളൂർ, ബദിയടുക്ക, അജാനൂർ, കുമ്പഡാജെ, ചെങ്കള, ദേലമ്പാടി, പുത്തിഗെ പഞ്ചായത്തുകളിലും നീലേശ്വരം, കാസർകോട‌് മുനിസിപ്പാലിറ്റികളിലും കണ്ണൂർ ജില്ലയിൽ ചെറുതാഴം, കടന്നപ്പള്ളി–പാണപ്പുഴ, ചെറുപുഴ, മാടായി, കാങ്കോൽ–ആലപ്പടമ്പ‌്, കരിവെള്ളൂർ, പെരളം, കണ്ണപുരം പഞ്ചായത്തുകളിലും പയ്യന്നൂർ മുനിസിപ്പാലിറ്റിയിലും ആയാണ് മുവാരി സമുദായത്തിൽ പെട്ടവർ ഉള്ളത‌്. [2] ജനറൽ ലിസ്റ്റിൽ ഉണ്ടായിരുന്ന മൂവാരി സമുദായം പിന്നീട് ആനുകൂല്യങ്ങൾ ഒന്നും തന്നെ കിട്ടാതെ വരികയും മാറ്റപ്പെടുകയും ചെയ്യുകയായിരുന്നു. 2018 വീണ്ടും ഈ സമുദായത്തെ കിർത്താഡ്സ് റിപ്പോർട്ട് പ്രകാരം ഒബിസി ലിസ്റ്റിൽ ചേർക്കുകയുണ്ടായി.[2]

കേരളത്തിലെ എല്ലാ ജാതി സമുദായ വിഭാഗങ്ങളെ വെച്ചു നോക്കുമ്പോൾ ഒരു പരമ്പരാഗത ജാതിയായി കണക്കാക്കാൻ പറ്റുന്ന ഒരു സമുദായ വിഭാഗമല്ല മൂവാരി സമുദായം. അതിനു കാരണം കേരളത്തിൽ ഏറ്റവും ഒടുവിലായി രൂപപ്പെട്ട ജാതി വിഭാഗങ്ങളിൽ ഒന്നായതുകൊണ്ടുതന്നെയാണ് . ബ്രാഹ്മണ  സമുദായത്തിൽ നിന്നും വേർപെട്ട സമുദായമായതിനാൽ, വേർപെട്ടതിന് ശേഷം ഉള്ള ചരിത്രം മാത്രമാണ് നമുക്കുകാണാൻ സാധിക്കുന്നത്.

പുരാവൃത്തം[തിരുത്തുക]

മൂവാരിമാരുടെ ഉത്പത്തിയെപ്പറ്റി ഒരു പുരാവൃത്തം നിലവിലുണ്ട്. അന്നപൂർണേശ്വരി ദേവി മരക്കപ്പലേറി വന്ന് ചെറുകുന്നിലെ ആയിരംതെങ്ങിൽ ഇറങ്ങിയപ്പോൾ ഭക്തന്മാർ അരിയും പൂവും എറിഞ്ഞ് ദേവിയെ വരവേറ്റു. നേരമേറെക്കഴിഞ്ഞിട്ടും വാടിയ പൂക്കൾ എടുത്ത് കളയാത്തതു കണ്ട ദേവി ഒരു ഭക്തനെ വിളിച്ച് പൂക്കൾ വാരിക്കളയാൻ പറഞ്ഞു. അത്തരത്തിൽ പൂക്കൾ വാരിക്കളഞ്ഞവരുടെ പിന്മുറക്കാരാണത്രെ പൂവാരികൾ അഥവാ മൂവാരികൾ ' 'എന്നറിയപ്പെടുന്നത്. സാമൂഹ്യ ശാസ്ത്ര ഗവേഷകൻ എഡ്ഗാർതേഴ്സ്റ്റണിന്റെ അഭിപ്രായത്തിൽ തുളു നാട്ടിൽ നിന്ന് കോലത്തിരി രാജാവ് കൂട്ടിക്കൊണ്ടുവന്ന എമ്പ്രാതിരിമാരോടൊപ്പം അവരുടെ സേവകൻമാരായി വന്നവരാണ് മൂവാരിമാർ.[3] എമ്പ്രാതിരിമാരുടെ പൂജാശേഷം പൂവുകൾ വാരികളഞ്ഞു വൃത്തിയാക്കുന്നവരായതിനാൽ ഇവരെ പൂവാരികൾ എന്നു വിളിക്കുകയും അത് ലോപിച്ച് മൂവാരികൾ എന്നാവുകയും ചെയ്തു എന്നും ചരിത്രകഥയിൽ വകഭേദങ്ങൾ ഉണ്ട്.

അവലംബം[തിരുത്തുക]

  1. പുസ്തകം - കാസർ‌ഗോഡ്: ചരിത്രവും സമൂഹവും- കാസർഗോഡ് ജില്ലാപഞ്ചായത്ത് പ്രസിദ്ധീകരണം
  2. 2.0 2.1 ദേശാഭിമാനി വാർത്ത
  3. Book - കാസ്റ്റ് ആന്റ് ട്രൈബ്സ് ഓഫ് സൗത്തേൺ ഇന്ത്യ - എഡ്ഗാർതേഴ്സ്റ്റൺ
"https://ml.wikipedia.org/w/index.php?title=മൂവാരി&oldid=3624137" എന്ന താളിൽനിന്ന് ശേഖരിച്ചത്