സിഖ് ഗുരുക്കന്മാരിൽ മൂന്നാമനായിരുന്നു ഗുരു അമർദാസ് ജീ. രണ്ടാമത്തെ സിക്കുഗുരുവായിരുന്ന ഗുരു അംഗദിനെ തുടർന്ന് 1552-ൽ സിഖ് ഗുരുവായി. അംഗദ്ഗുരു (1504-52) നിര്യാതനായപ്പോൾ തന്റെ പിൻഗാമിയായി പുത്രൻമാരെ ആരെയും നാമനിർദ്ദേശം ചെയ്തില്ല. ഗുരു അമർദാസ് സിക്കുമതത്തിൽ പല പുരോഗമനപരിഷ്കാരങ്ങളും നടപ്പിലാക്കി. സിക്കുമതസ്ഥാപകനായ നാനാക്കിന്റെ പുത്രൻമാരിൽ ഒരാളായ ശ്രീ ചന്ദ് (മറ്റേ പുത്രൻ ലക്ഷ്മീചന്ദ്) സ്ഥാപിച്ച ഉദാസി മതവിഭാഗം (Udasi sect) അമർദാസ് നിർത്തലാക്കി. സതി സിക്കുമതത്തിൽ നിരോധിച്ചു. സന്ന്യാസ ജീവിതത്തിന്റേയും ലൌകികജീവിതത്തിന്റേയും മധ്യനിലയാണ് ഇദ്ദേഹം സ്വീകരിച്ചത്. സിക്കുജനതകളിൽ ജാതിവ്യവസ്ഥ നിർമാർജ്ജനം ചെയ്യാൻ വേണ്ടി പൊതുവായ ഒരു ഭക്ഷണശാലാക്രമം ഇദ്ദേഹം ഏർപ്പെടുത്തി. വിവാഹം, മരണം തുടങ്ങിയ അവസരങ്ങളിൽ നടത്തിയിരുന്ന ബ്രാഹ്മണകർമാദികൾ നിർത്തലാക്കി. തീർഥാടനം ചെയ്യുന്ന പതിവും നിരോധിച്ചു. ഗുരു ഗ്രന്ഥസാഹിബ്-ൽ ചില സ്തോത്രങ്ങൾ (hymns) കൂടി അമർദാസ് ഗുരു കൂട്ടിച്ചേർത്തു. രാജ്യത്തെ 22 ഇടവകകൾ അഥവാ മഞ്ജകൾ (sees or manjas) ആയി ഭാഗിച്ചു. മതഭക്തിയുള്ള മിഷനറിമാരെ മഞ്ജകളുടെ തലവരായും നിയോഗിച്ചു. ഇദ്ദേഹത്തിന്റെ കാലത്ത് സിക്കുമത-ഏകീകരണം നടന്നു. പഞ്ചാബ് പ്രവിശ്യയിൽ ഉടനീളം സിക്കുമതാനുയായികൾ വർധിച്ചു. അമർദാസ് ഗുരുവിനെ സന്ദർശിച്ചവരിൽ അക്ബർ ചക്രവർത്തിയും ഉൾപ്പെടുന്നു. 1574-ൽ അമർദാസ് ഗുരു നിര്യാതനായി. തുടർന്ന് ഇദ്ദേഹത്തിന്റെ സഹചാരിയും ജാമാതാവുമായ രാമദാസ് സിക്കു ഗുരുവായി. ഇവിടം മുതല്ക്കാണ് സിക്കുമതത്തിലെ ഗുരുപിൻതുടർച്ചാക്രമം ഉടലെടുക്കുന്നത്.