വിവാഹമോചനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിവാഹബന്ധം സ്ഥിരമായി വേർപെടുത്തുന്നതിനെയാണ് വിവാഹമോചനം (ഡിവോഴ്സ്) എന്നു പറയുന്നത്. ഇതോടെ ഭാര്യയും ഭർത്താവും തമ്മിലുള്ള വിവാഹബന്ധ‌ത്തിന്റെ ഭാഗമായ എല്ലാ നിയമപരമായ ഉത്തരവാദി‌ത്തങ്ങളും അവസാനിക്കും. ഇതിൽ നിന്നു വ്യത്യസ്തമാണ് വിവാഹം അസാധുവാക്കുക എന്ന പ്രക്രീയ. വിവാഹമോചന നിയമത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാര്യമായ വ്യത്യാസമുണ്ട്. മിക്ക രാജ്യങ്ങളിലും കോടതിയോ നിയമം അനുശാസിക്കുന്ന മറ്റ് അധികാരിയോ, മതനേതാക്കളോ പുരോഹിത്യമോ അനുമതി നൽകേണ്ടതുണ്ട്. ജീവനാംശം, കുട്ടികളെ വളർത്താനുള്ള അവകാശം, കുട്ടികൾക്കുള്ള ചെലവുതുക, സ്വത്തിന്റെ വിഭജനം, കടമുണ്ടെങ്കിൽ അതിന്റെ വിഭജനം എന്നിവ വിവാഹമോചനപ്രക്രീയയുടെ ഭാഗമാണ്. കുട്ടികളുണ്ടെങ്കിൽ അവരെ മാതാപിതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ ആഴത്തിൽ ബാധിക്കാൻ സാധ്യതയുണ്ട്. വിവാഹമോചനവും പലപ്പോഴും കുട്ടികളെ ബാധിക്കാറുണ്ട്. എന്നാൽ തീരെ യോജിച്ചു പോകുവാൻ സാധിക്കാത്തവർ തമ്മിലുള്ള വിവാഹബന്ധം വേർപ്പെടുത്തുന്നതാണ് നല്ലതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. വിവാഹമോചനത്തിന് മുൻപായി പലപ്പോഴും പങ്കാളികളെ കോടതി കൗൺസിലിംഗിന് അയക്കാറുണ്ട്. മാനസികമായ അടുപ്പക്കുറവ്, ലൈംഗിക പ്രശ്നങ്ങൾ, സാമ്പത്തിക ബാദ്ധ്യത, കുടുംബ പ്രശ്നങ്ങൾ, വൈവാഹിക ബലാത്സംഗം, ഗാർഹിക പീഡനം, സ്ത്രീധനം, വിവാഹേതരബന്ധം, ലഹരി ഉപയോഗം, സംശയരോഗം, വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള അമിതമായ കടന്നുകയറ്റം തുടങ്ങിയവ വിവാഹമോചനത്തിന്റെ കാരണങ്ങൾ ആകാം. [1]

അമേരിക്കയിൽ ആദ്യ വിവാഹങ്ങളുടേ 40% മുതൽ 50% വരെയും രണ്ടാം വിവാഹങ്ങളുടെ 60%-ഉം വിവാഹമോചനത്തിൽ അവസാനിക്കുന്നു. [2] ബ്രിട്ടനിൽ വിവാഹത്തിനു 15 വർഷങ്ങൾക്കു ശേഷം നടക്കുന്ന വിവാഹമോചനം1970-ൽ 22% ആയിരുന്നത് 1995-ൽ 33% ആയി വർദ്ധിക്കുകയുണ്ടായി. [3]

എമാൻസിപ്പേഷൻ ഓഫ് മൈനേഴ്സ് (പ്രായപൂർത്തിയാകാത്ത കുട്ടികൾ മാതാപിതാക്കളിൽ നിന്നു വിട്ട് സ്വയം പര്യാപ്തരാവുക) എന്ന പ്രക്രീയയ്ക്ക് മാതാപിതാക്കളെ ഡിവോഴ്സ് ചെയ്യുക എന്ന് വിളിക്കാറുണ്ട്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
വിവാഹമോചനം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ജേണലുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വിവാഹമോചനം&oldid=3970988" എന്ന താളിൽനിന്ന് ശേഖരിച്ചത്