Jump to content

അസാധുവാകുന്ന വിവാഹം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വളരെ ഗുരുതരമായ ന്യൂനതകളുള്ള വിവാഹങ്ങളെയാണ് തുടക്കത്തിലെ അസാധുവായി കണക്കാക്കുന്നത്. ഭാര്യയോ, ഭർത്താവോ ജീവിച്ചിരിക്കെ നടക്കുന്ന രണ്ടാം വിവാഹം, നിരോധിക്കപ്പെട്ട ബന്ധത്തിൽപ്പെട്ടവരോ സപിണ്ഡകളോ തമ്മിലുള്ള വിവാഹം എന്നിവ അസാധുവായിരിക്കുന്നതും പങ്കാളികൾക്ക് ഭാര്യ ഭർത്താക്കൻമാരുടെ പദവി നിയമ പ്രകാരം ഇല്ലാതാക്കുന്നതുമാക്കുന്നു. വിവാഹത്തിന് വധു വരൻമാരുടെ സ്വതന്ത്രമായ മന:സമ്മതം നിർബന്ധമായിരിക്കെ തികഞ്ഞ മാനസികരോഗികളോ, വിവാഹജീവിതത്തെക്കുറിച്ച് ചിന്തിച്ചശേഷം മന:സമ്മതം നൽകുവാനുള്ള മാനസികാരോഗ്യം ഇല്ലാത്തവരോ, വിവാഹബന്ധത്തിൽ ജനിക്കുന്ന കുട്ടികളെ ശരിയായ രീതിയിൽ സംരക്ഷിക്കുവാൻ കഴിയാത്ത വിധം മാനസികാരോഗ്യം ഇല്ലാത്തവരോ, ചിത്തഭ്രമം, അപസ്മാരം, ബുദ്ധിമാദ്ധ്യം തുടങ്ങിയ അസുഖങ്ങൾക്ക് വിധേയരായിട്ടുള്ളവരോ പങ്കാളികളുമായി നടത്തുന്ന വിവാഹം അസാധുവാണ്. ലൈംഗികശേഷി ഇല്ലാത്തത് മൂലം ലൈംഗിക ബന്ധം പൂർത്തികരിക്കപ്പെടാത്ത ദമ്പതികൾ അസാധുവായ വിവാഹബന്ധത്തിലുള്ളവരാണെന്ന് കോടതിക്ക് തീരുമാനിക്കാം. ഭർത്താവല്ലാതെ മറ്റൊരാളിൽ നിന്നും ഭാര്യ ഗർഭിണിയാണന്ന്, ഭർത്താവു തന്നെ കോടതിയിൽ ബോധ്യപ്പെടുത്തിയാൽ ആ വിവാഹം കോടതി തന്നെ അസാധുവായി പ്രഖ്യാപിക്കും. ബലം പ്രയോഗിച്ചോ, ചതിയിലൂടെയോ, ഭീഷണിപ്പെടുത്തിയോ , തെറ്റിദ്ധരിപ്പിച്ചോ ഒരാളെ സമ്മതിപ്പിച്ച് വിവാഹം നടത്തിയാൽ അയാളുടെ സമ്മതം സ്വതന്ത്രമായ മനസ്സോടെയല്ലാ ഉണ്ടായിട്ടുള്ളതെന്ന കാരണത്താൽ ആ വിവാഹം അസാധുവാക്കുന്നതാണ്. വിവാഹ പങ്കാളി വഞ്ചനയിലൂടെയാണ് തന്റെ സമ്മതം വാങ്ങിയതെന്ന് ആക്ഷേപമുള്ളവർ വഞ്ചന കണ്ടു പിടിച്ച തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ പരിഹാരം തേടി കോടതിയെ സമീപിക്കണം. മേൽ പരാമർശിക്കപ്പെട്ട ഏതൊരു സാഹചര്യത്തിലും അസാധുവാക്കാവുന്ന വിവാഹങ്ങൾ കോടതിയിൽ നിന്നും അസാധുവാക്കി കൊണ്ടുള്ള വിധി ഉണ്ടാകാത്തിടത്തോളം കാലം സാധുവായിരിക്കുന്നതും നിയമപരമായി അംഗീകാരമുള്ളതുമാണ്.[1]

കത്തോലിക്ക സഭയിൽ

[തിരുത്തുക]

വിവാഹ ജീവിതത്തിനാവശ്യമായ ബുദ്ധിശക്തി, ആലോചനാശക്തി ഇല്ലാതിരിക്കുക. വിവാഹ കടമകൾ നിർവ്വഹിക്കുന്നതിന് വേണ്ടത്ര വിവേചന ശക്തി ഇല്ലാതിരിക്കുക. ഗൗരവകരമായ സ്വഭാവ വൈകല്യം മൂലം വിവാഹ ജീവിതത്തിലെ കാതലായ ഉത്തരവാദിത്തങ്ങൾ ഭരമേൽക്കാതിരിക്കുക. വിവാഹ നിശ്ചയം ചെയ്ത ആൾ തന്നെയെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റൊരാളുമായി വിവാഹബന്ധത്തിൽ ഏർപ്പെടുക. ജീവിത പങ്കാളിയുടെ വിക്ത്വത്തെ കാര്യമായി സംബന്ധിക്കുന്ന ഗുണവിശേഷങ്ങളിൽ വഞ്ചന നടത്തുക. ദമ്പതികളിൽ ഒരാൾ വിവാഹത്തെയോ, അതിന്റെ ഘടകത്തെയോ,സവിശേഷതയെയോ, കൂദാശിക പദവിയെയോ,വേണ്ടന്നു വയ്ക്കുക (ഉദ:കുഞ്ഞുങ്ങൾ വേണ്ടെന്നു വയ്ക്കുക,ലൈംഗിക ബന്ധം വേണ്ടെന്നു വയ്ക്കുക) ബലമോ ഭീഷണിയോ വഴിയുണ്ടാകുന്ന ഭയത്താൽ വിവാഹം നടത്താൻ നിർബന്ധിക്കുക.[2] ക്രൈസ്തവ വിവാഹത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിൽ സഭ ആധുനികയുഗത്തിൽ എന്ന പ്രമാണ രേഖയിലൂടെ ( നമ്പർ 48) പഠിപ്പിച്ചു. മേൽപ്പറഞ്ഞ ഉദ്ദേശലക്ഷ്യങ്ങളിൽ പ്രഥമമായ, ദമ്പതികളുടെ നന്മയെക്കുറിച്ച് പ്രതിപാദിക്കുമ്പോൾ, ദമ്പതികൾ പരസ്പരമുള്ള സ്‌നേഹത്തിൽ നിന്നും ആർജ്ജിക്കേണ്ട സന്താന ഉൽപാദനത്തിന് വേണ്ടിയുള്ള ദമ്പതികളുടെ പരസ്പര അർപ്പണം, ദാമ്പത്യ വിശ്വസ്തത, ദാമ്പത്യ അഭിവാജ്യത, എന്നിവ വിവാഹത്തിന്റെ സാധുതയ്ക്ക് അവശ്യം വേണ്ട ഘടകങ്ങളാണെന്ന് സഭ പഠിപ്പിക്കുന്നു. വിവാഹത്തിന്റെ സത്ത എന്ന് പറയുന്നത് ദാമ്പത്യ സ്‌നേഹം, സന്താന ഉൽപാദനത്തിനുള്ള ദമ്പതിമാരുടെ സ്വയം ദാനം, ദാമ്പത്യ വിശ്വസ്തത, ദാമ്പത്യ കൗദാശികത എന്നീ ഗുണവിശേഷങ്ങൾ ആണ്. പൗരസ്ത്യ സഭകൾക്കുള്ള കാനൻ നിയമം 824 ഉം ലത്തീൻ സഭയ്ക്ക് ഉള്ള നിയമം 1101 ഉം ഇത് വ്യക്തമാക്കുന്നുണ്ട്. കൂടാതെ 1965, 1970 ,1976, 1982, 1989 എന്നീ വർഷങ്ങളിൽ റോമൻ റോട്ട നൽകിയ വിവിധ വിധികളും മേൽപ്പറഞ്ഞ സാരവത്തായ ഗുണവിശേഷങ്ങളെ ഒഴിവാക്കി നടത്തുന്ന വിവാഹം അസാധു ആയിരിക്കും എന്ന് വ്യക്തമാക്കുന്നു. ചുരുക്കത്തിൽ വിവാഹത്തിന്റെ ഏതെങ്കിലും ഗുണ വിശേഷത്തെ ഒഴിവാക്കി നടത്തുന്ന വിവാഹം അതിൽതന്നെ അസാധുവായി തീരുന്നു. (1) ബോധപൂർവ്വം പ്രത്യുത്പാദനപരമായ ദാമ്പത്യബന്ധങ്ങൾ വിവാഹസമയം പാടെ ഒഴിവാക്കുന്ന രീതിയിലുള്ള മനസ്സിന്റെ നിശ്ചയത്തോടെ വിവാഹത്തിൽ ഏർപ്പെടുക (2) തനിക്ക് സന്താനഭാഗ്യം ഇല്ലെന്ന് മുൻകൂട്ടി അറിയാവുന്ന വ്യക്തിയോട് ഇതര പങ്കാളി അത് അംഗീകരിച്ച് പരസ്പരധാരണയോടെ വിവാഹത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുക.

മേൽപ്പറഞ്ഞ രണ്ട് സാഹചര്യങ്ങളിലും അവർ നടത്തുന്ന വിവാഹ സമ്മതം കപടതനിറഞ്ഞ വിവാഹ സമ്മതം ആവുകയും, അത് വിവാഹത്തിന്റെ സാരവത്തായ ഗുണവിശേഷങ്ങൾ ബോധപൂർവ്വം ഒഴിവാക്കി കൊണ്ടും ഉള്ളതായി പരിഗണിക്കപ്പെടുകയും ചെയ്യും. വിവാഹത്തിന്റെ കാതലായ ഏതെങ്കിലും ഘടകത്തെ ഒഴിവാക്കി നടത്തുന്ന വിവാഹം സാധുവായ വിവാഹമല്ല. വിവാഹത്തിന് രൂപകാരണമായ ഉഭയസമ്മതം ദുർബലപ്പെടുത്താൻ പാടില്ല. രണ്ടു പേരും കൂടി സഭയുടെ വിവാഹത്തെ സംബന്ധിച്ച് ഉള്ള ലക്ഷ്യപൂർത്തീകരണത്തിന് വേണ്ടിയാണ് വിവാഹ സമ്മതം കൈമാറുന്നത്.

വിവാഹ കർമ്മത്തിൽ പങ്കാളികൾ പുറമേ പ്രകടിപ്പിക്കുന്ന സമ്മതവും അവരുടെ ആന്തരികമായ നിലപാടും ഒന്നിച്ചു പോകണം. എന്നാൽ പുറമേയുള്ള നിലപാട് ആന്തരികമായ അവരുടെ ഇച്ഛയ്ക്ക് വിരുദ്ധമായി നിൽക്കുമ്പോൾ അത് കപട ഭാവം എന്ന് വിവാഹതടസത്തിന്റെ പരിധിയിൽ വരും. ആകയാൽ ദമ്പതികളിൽ രണ്ടു പേരോ അല്ലെങ്കിൽ ഏതെങ്കിലും ഒരാളോ കുട്ടികൾ വേണ്ട എന്ന ചിന്തയോടെ വിവാഹ ബന്ധത്തിലേർപ്പെടുന്നു എങ്കിൽ ആ വിവാഹം അസാധു ആയിരിക്കും (CCEO 776). [3]

അവലംബം

[തിരുത്തുക]
  1. http://keralawomenscommission.gov.in/index.php/content/index/downloads
  2. കത്തോലിക്കാ സഭയുടെ മതബോധനം എന്ന പുസ്തകത്തിൽ നിന്ന്
  3. https://darsanam.online/2019/09/12/darsanam-articles-marriage
"https://ml.wikipedia.org/w/index.php?title=അസാധുവാകുന്ന_വിവാഹം&oldid=3826008" എന്ന താളിൽനിന്ന് ശേഖരിച്ചത്