രക്ഷാകർതൃത്വം
കുട്ടിക്കാലം മുതൽ പ്രായപൂർത്തിയാകുന്നതുവരെ ഒരു കുട്ടിയുടെ ശാരീരികവും വൈകാരികവും സാമൂഹികവും ബൗദ്ധികവുമായ വികാസത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രക്രിയയാണ് രക്ഷാകർതൃത്വം അല്ലെങ്കിൽ പാരന്റിംഗ്. കൃത്യമായ നിർദ്ദേശങ്ങളിലൂടെ, കരുതലിലൂടെ കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളെയും പാരന്റിംഗ് വഴി ഗുണപരമായി മാറ്റിയെടുക്കാം. പാരന്റിംഗ് എന്നത് ഒരു കുട്ടിയെ വളർത്തുന്നതിന്റെ സങ്കീർണതകളെക്കൂടിയാണ് സൂചിപ്പിക്കുന്നത്. [1]
പ്രധാനമായും നാല് തരത്തിലാണ് പാരന്റിംഗ് സംമ്പ്രദായമുള്ളത്:- [2] 1. അതോറിറ്റേറിയൻ പാരന്റിംഗ് 2. അതോറിറ്റേറ്റീവ് പാരന്റിംഗ് 3. പെർമിസീവ് പാരന്റിംഗ് 4. അൺ ഇൻവോൾവ്ഡ് പാരന്റിംഗ്
1. അതോറിറ്റേറിയൻ പാരന്റിംഗ്
[തിരുത്തുക]കുട്ടികളുടെ മേൽ അമിതമായ അധികാരം അടിച്ചേൽപ്പിക്കുന്ന പാരന്റിംഗ് രീതിയെ ആണ് അതോറിറ്റേറിയൻ പാരന്റിംഗ് എന്ന് പറയുന്നത്. അവരുടെ സങ്കൽപ്പങ്ങൾക്കോ അഭിപ്രായങ്ങൾക്കോ യാതൊരു വിലയും കൊടുക്കാത്ത ഇത്തരം പാരന്റിംഗ് രീതി കുട്ടികളെ പലപ്പോഴും അപകടത്തിലേക്ക് തള്ളിവിടുമെന്ന് മനശാസ്ത്ര വിദഗ്ദ്ധർ ചുണ്ടിക്കാട്ടുന്നു. കുട്ടികൾ സ്വന്തമായി അഭിപ്രായം പറയുന്നതും, പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നതും ഇവിടെ രക്ഷിതാക്കൾ ഇഷ്ടട്ടപ്പെടുന്നില്ല. ഇത് കുട്ടികൾക്ക് രക്ഷിതാക്കളോട് ഒരു തരത്തിലുള്ള വെറുപ്പിന്റെ ഇടം സൃഷ്ടിക്കുന്നു. ഇത്തരം കുട്ടികൾ സ്വയ രക്ഷയ്ക്കായി അല്ലെങ്കിൽ മാനസികമായ റിലാക്സിനായി ലഹരിതേടി പോവുന്നുണ്ടെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. [3]
ഹെലികോപ്റ്റർ പാരന്റിംഗ്
[തിരുത്തുക]അതോറിറ്റേറിയൻ പാരന്റിംഗിന്റെ മറ്റൊരു രൂപമാണ് ഹെലികോപ്റ്റർ പാരന്റിംഗ്. ഹെലികോപ്റ്റർ ഒരു പ്രത്യേകസ്ഥലത്ത് കറങ്ങുന്നു. അതുപോലെ ഒന്നനങ്ങാൻപോലും സമ്മതിക്കാതെ മാതാപിതാക്കളും കുട്ടികൾക്ക് ചുറ്റും വട്ടംകറങ്ങുന്നു. ഇത്തരത്തിൽ കുട്ടികളിൽ അമിത നിയന്ത്രണം അടിച്ചേൽപ്പിക്കുന്ന പാരന്റിംഗ് രീതിയാണ് ഹെലികോപ്റ്റർ പാരന്റിംഗ് എന്നുപറയുന്നത്. [4]
2. അതോറിറ്റേറ്റീവ് പാരന്റിംഗ്
[തിരുത്തുക]കുട്ടികളുടെ ഇടയിൽ നിയന്ത്രണവും അതോടൊപ്പം അവരുടെ അഭിപ്രായങ്ങൾക്കും, ഇഷ്ടത്തിനും പ്രാധാന്യം കൊടുക്കുന്നതുമായ പാരന്റിംഗ് രീതിയാണ് അതോറിറ്റേറ്റീവ് പാരന്റിംഗ്. കുട്ടികളുമായി ഒരു പോസിറ്റീവ് ബന്ധം ഇതിലൂടെ സൃഷ്ടിക്കാൻ കഴിയും. ഇങ്ങനെയുള്ള പാരന്റിംഗ് രീതിയിൽ കുട്ടികൾക്ക് മേൽ രക്ഷിതാക്കൾ കാര്യങ്ങൾ ചെയ്യാൻ നിർബന്ധിപ്പിക്കുമെങ്കിലും എന്ത് കൊണ്ട് അങ്ങനെ ചെയ്യുന്നു എന്ന് കൂടി കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കാൻ രക്ഷിതാക്കൾ ശ്രമിക്കാറുണ്ട്. പാരന്റിംഗ് രീതിയിൽ ഏറ്റവും മികച്ചതായി പറയപ്പെടുന്നതും ഈ രീതിയെ ആണ്. [5]
3. പെർമിസീവ് പാരന്റിംഗ്
[തിരുത്തുക]കുട്ടികൾക്ക് അനുവദനീയമായ എല്ലാ സ്വാതന്ത്രവും കാര്യമായ നിയന്ത്രണമില്ലാതെ നൽകുന്ന പാരന്റിംഗ് രീതിയാണ് പെർമിസീവ് പാരന്റിംഗ്. ഒരു രക്ഷിതാവ് എന്നതിനപ്പുറം ഒരു സുഹൃത്തിനെപോലെ കുട്ടികളോട് പെരുമാറുന്ന പാരന്റിംഗ് രീതി. തങ്ങളുടെ കുട്ടികൾ ഒന്നും ചെയ്യില്ലെന്ന അമിതമായ ആത്മവിശ്വാസം ഉള്ള രക്ഷിതാക്കൾ ഇത്തരം പാരന്റിംഗിൽ പെടും. പലപ്പോഴും കുട്ടികൾ തെറ്റ് ചെയ്താൽ തിരുത്തുക പോലും ഇവിടെ രക്ഷിതാവ് ചെയ്യുന്നില്ല. ഇത് കുട്ടികൾ മുതലാക്കുകയും ചെയ്യും. ഇങ്ങനെയുള്ള കുടുംബത്തിൽ വരുന്ന കുട്ടികൾ പലപ്പോഴും ലഹരി ഉപയോഗത്തിലേക്കും മറ്റും വഴിമാറിപ്പോവുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. [6]
4. അൺ ഇൻവോൾവ്ഡ് പാരന്റിംഗ്
[തിരുത്തുക]ഇന്ന് ലഹരി ഉപയോഗത്തിലേക്കും മറ്റ് കുറ്റകൃത്യങ്ങളിലേക്കും എത്തിച്ചേരുന്ന കുട്ടികൾ ഭൂരിഭാഗവും അൺ ഇൻവോൾവ്ഡ് ഫാമിലിയിൽ പെട്ട കുട്ടികളാണ്. കുട്ടികളെ പ്രാഥമിക ആവശ്യം പോലും നടത്തിക്കൊടുക്കാൻ നേരമില്ലാത്ത അവരുടെ ആവശ്യങ്ങൾക്ക് ചെവിക്കൊടുക്കാത്ത പാരന്റിംഗ് രീതിയാണ് അൺ ഇൻവോൾവ്ഡ് പാരന്റിംഗ്. തങ്ങളുടെ ആവശ്യങ്ങൾ നടക്കുന്നില്ല എന്ന് കുട്ടികൾക്ക് തോന്നുമ്പോൾ അവർ അവർക്ക് കഴിയാവുന്ന മറ്റ് വഴികൾ നോക്കും. പ്രധാനമായും പണത്തിന്റെ കാര്യത്തിൽ. ഇത്തരക്കാരെ നോട്ടമിട്ട് വലയിൽ കുടുക്കാനായി പുറത്ത് വലിയ സംഘങ്ങളുമുണ്ട്. [7]
ദു:ശീലങ്ങൾ മാറ്റിയെടുക്കാൻ
[തിരുത്തുക]ഭീഷണിപ്പെടുത്തിയോ മർദിച്ചോ ഉപദേശിച്ചോ ശകാരിച്ചോ കുട്ടികളുടെ ദു:ശീലം മാറ്റാൻ കഴിയില്ല. അതിന് മനഃശാസ്ത്ര വിദഗ്ദ്ധന്റെയോ കൗൺസലിങ് വിദഗ്ദ്ധന്റെയോ സഹായവും മരുന്നുകളും വേണം. ഒപ്പംതന്നെ, എന്തു സംഭവിച്ചാലും ഞങ്ങൾ കൂടെയുണ്ടാവും എന്ന വിശ്വാസം കുട്ടിയിലുണ്ടാക്കാൻ രക്ഷിതാക്കൾക്ക് കഴിയണം. [8]
അവലംബം
[തിരുത്തുക]- ↑ https://www.apa.org/topics/parenting/
- ↑ https://www.verywellfamily.com/types-of-parenting-styles-1095045
- ↑ https://www.parentingforbrain.com/authoritarian-parenting-tough-love
- ↑ https://www.parents.com/parenting/better-parenting/what-is-helicopter-parenting/
- ↑ https://www.parentingscience.com/authoritative-parenting-style.html
- ↑ https://www.ahaparenting.com/parenting-tools/positive-discipline/permissive-parenting
- ↑ https://parentingscience.today/what-is-uninvolved-parenting/
- ↑ https://www.psychologytoday.com/us/basics/parenting