ബസേലിയോസ് ശക്രള്ള
പതിനെട്ടാം നൂറ്റാണ്ടിലെ ഒരു സുറിയാനി പുരോഹിത പ്രമുഖനായിരുന്നു ബസേലിയോസ് ശക്രള്ള അഥവാ ബസേലിയോസ് ശുക്ർ-അല്ലാഹ് ഖസാബ്ജി.[1][2] സിറിയയിലെ ആലെപ്പോക്കാരനായ ഒരു മഫ്രിയോനോ ആയിരുന്നു ഇദ്ദേഹം. 1751മുതൽ മലബാറിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ നടത്തിയ പ്രവർത്തനങ്ങളുടെ പേരിലാണ് ഇദ്ദേഹം പ്രധാനമായും അറിയപ്പെടുന്നത്. സുറിയാനി ഓർത്തഡോക്സ് സഭയിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന മൂന്നാമത്തെ ദൗത്യസംഘത്തിന്റെ നേതാവായിരുന്നു ഇദ്ദേഹം.[3] 1665 മുതൽ സഭയുമായി സമ്പർക്കത്തിൽ ആയിരുന്ന മാർത്തോമ നസ്രാണികളിലെ പുത്തങ്കൂർ വിഭാഗത്തെ സംഘടനാപരമായും ആരാധനാക്രമപരമായും സഭയുടെ ഭാഗമാക്കി മാറ്റുന്നതിൽ ഈ ദൗത്യസംഘം നിർണായക പങ്കുവഹിച്ചു.[4] ഇന്ത്യയിലെ യാക്കോബായ സഭയിൽ ഇദ്ദേഹത്തെ വിശുദ്ധനായി വണങ്ങി വരുന്നു.[5]
മോർ ബസേലിയോസ് ശുക്ർ-അല്ലാഹ് ഖസാബ്ജി | |||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
മലബാറിന്റെ മഫ്രിയോനോ | |||||||||||||||||
സഭ | സുറിയാനി ഓർത്തഡോക്സ് സഭ | ||||||||||||||||
സ്ഥാനാരോഹണം | 1749 | ||||||||||||||||
ഭരണം അവസാനിച്ചത് | 1764 | ||||||||||||||||
പദവി | മഫ്രിയോനോ | ||||||||||||||||
വ്യക്തി വിവരങ്ങൾ | |||||||||||||||||
ജനന നാമം | ശുക്ർ-അല്ലാഹ് ഖസാബ്ജി | ||||||||||||||||
ജനനം | 18ാം നൂറ്റാണ്ടിന്റെ ആദ്യ ദശകം ആലെപ്പോ, ഒട്ടോമൻ സിറിയ | ||||||||||||||||
മരണം | 1764 ഒക്ടോബർ 20 മട്ടാഞ്ചേരി | ||||||||||||||||
കബറിടം | കണ്ടനാട് മോർത്ത് മറിയം പള്ളി, ഇന്ത്യ | ||||||||||||||||
മാതാപിതാക്കൾ | മൂസാ ഖസാബ്ജി (പിതാവ്) | ||||||||||||||||
വിദ്യാകേന്ദ്രം | അബിസീനിയക്കാരൻ മോർ മൂശയുടെ ദയറോ | ||||||||||||||||
ഗുരു | ഇഗ്നാത്തിയോസ് ഗീവർഗീസ് 3ാമൻ | ||||||||||||||||
മുൻപദവി | |||||||||||||||||
| |||||||||||||||||
വിശുദ്ധപദവി | |||||||||||||||||
തിരുനാൾ ദിനം | ഒക്ടോബർ 22 | ||||||||||||||||
വണങ്ങുന്നത് | മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയിൽ | ||||||||||||||||
വിശുദ്ധപദവി പ്രഖ്യാപനം | 2008 ഒക്ടോബർ 21 | ||||||||||||||||
വിശുദ്ധപദവി പ്രഖ്യാപിച്ചത് | ഇഗ്നാത്തിയോസ് സഖാ 1ാമൻ |
ബസേലിയോസ് ശക്രള്ള പൗരോഹിത്യ പിന്തുടർച്ച | |
---|---|
പൗരോഹിത്യം | |
പുരോഹിത പട്ടം നൽകിയത് | ദിവന്നാസിയോസ് ഗീവർഗ്ഗീസ് |
മെത്രാഭിഷേകം | |
മെത്രാഭിഷേകത്തിന്റെ മുഖ്യ കാർമ്മികൻ | ഇഗ്നാത്തിയോസ് ഗീവർഗ്ഗീസ് 3ാമൻ |
തീയ്യതി | 1745 |
ബസേലിയോസ് ശക്രള്ള മുഖ്യകാർമികനായി മെത്രാഭിഷേകം നടത്തപ്പെട്ടവർ | |
ഇവാനിയോസ് ക്രിസ്തോഫൊറോസ് | 1751 |
കൂറിലോസ് അബ്രാഹം | 1764 |
ആലെപ്പോയിലെ ജീവിതം
[തിരുത്തുക]ബാല്യം
[തിരുത്തുക]പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിന്റെ അവസാനം അലെപ്പോയിൽ സുറിയാനി ഓർത്തഡോക്സുകാരനായ ശെമ്മാശൻ മൂസാ ഖസാബ്ജിയുടെ മകനായി ശുക്ർ-അല്ലാഹ് ജനിച്ചു. പട്ടുതുണിയിൽ വേള്ളിനൂലും സ്വർണ്ണനൂലും തുന്നിച്ചേർത്ത് അലങ്കരിക്കുന്നതിൽ വിദഗ്ദനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ആലെപ്പോയിലെ ശിമവൂൻ എന്നയാളുടെ മകനായിരുന്നു ഇദ്ദേഹം. ഈ തൊഴിലിൽ അവരുടെ വീട്ടുകാർ വലിയ മികവ് പുലർത്തിയിരുന്നു. പട്ടണത്തിൽ ഇത്തരം പട്ടുതുണികളുടെ വലിയ വ്യാപാരം ഉണ്ടായിരുന്നു. കുടുംബപരമായി ഈ തൊഴിൽ ചെയ്തിരുന്നതുകൊണ്ടാണ് ഖസാബ്ജി എന്ന പേര് അവർക്ക് കൈവന്നത്. സുറിയാനി ഓർത്തഡോക്സ് മതവിശ്വാസത്തിലും ആദ്ധ്യാത്മികതയിലും തത്പരരായിരുന്നു അവരുടെ കുടുംബം. ശുക്ർ-അല്ലാഹിന്റെ മാതൃപിതാവായ യൂനാനും അദ്ദേഹത്തിന്റെ പിതാവായ ശിമവൂനും വൈദികർ ആയിരുന്നു. അദ്ദേഹത്തിന്റെ മൂന്ന് അമ്മാവന്മാർ ശെമ്മാശന്മാരും ആയിരുന്നു.[6]: 60 സുറിയാനിയിൽ നല്ല പാണ്ഡിത്യവും അറബിയിൽ പരിചയവും നേടിയെടുക്കാൻ ചെറുപ്പത്തിൽ തന്നെ ശുക്ർ-അല്ലാഹിന് കഴിഞ്ഞു.[1][3]: 170
സഭാ പ്രവർത്തനം
[തിരുത്തുക]ചെറുപ്പം മുതലേ സഭാവിഷയങ്ങളിലും മതകാര്യങ്ങളിലും സുറിയാനി ഭാഷയിലും തത്പരനായിരുന്ന ശുക്ർ-അല്ലാഹ് ഒരു ശെമ്മാശനായി പട്ടമേറ്റു. 1728ഓടെ നബ്ക് പട്ടണത്തിലെ അബിസീനിയക്കാരൻ മോർ മൂശയുടെ ദയറയിൽ റമ്പാനായി പ്രവേശിച്ച അദ്ദേഹത്തെ ആലെപ്പോയിലെ മെത്രാപ്പോലീത്തയായ ദിവന്നാസിയോസ് ഗീവർഗ്ഗീസ് തന്റെ സഹായിയായി നിയമിക്കുകയും വൈദികനായി വാഴിക്കുകയും ചെയ്തു. ഇക്കാലയളവിൽ അദ്ദേഹത്തിന് നിരവധി ശിഷ്യന്മാരും ഉണ്ടായിരുന്നു. അറബിയിലും സുറിയാനിയിലും ഏതാനം പുസ്കങ്ങളും ഇതിനിടയിൽ അദ്ദേഹം രചിച്ചു.[7]
1745ൽ ദിവന്നാസ്സിയോസ് ഗീവർഗ്ഗീസ്, ഇഗ്നാത്തിയോസ് ഗീവർഗ്ഗീസ് 3ാമൻ എന്ന പേരിൽ, അന്ത്യോഖ്യാ പാത്രിയർക്കീസ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇതിനേത്തുടർന്ന് അദ്ദേഹം ശുക്ർ-അല്ലാഹിനെ തന്റെ പിൻഗാമിയായി ആലെപ്പോയിലെ മെത്രാപ്പോലീത്ത എന്ന സ്ഥാനത്തേയ്ക്ക് നിയോഗിക്കുകയും മെത്രാനായി അഭിഷേകം ചെയ്യുകയും ചെയ്തു.[8] ആലെപ്പോയിൽ പതിവുണ്ടായിരുന്നതുപോലെ ദിവന്നാസിയോസ് എന്ന പേര് ശുക്ർ-അല്ലാഹ് സ്വീകരിച്ചു.[9] ഇക്കാലഘട്ടത്തിലാണ് ഇന്ത്യയിലേക്കുള്ള പുതിയ ദൗത്യത്തിനായി അദ്ദേഹം നിയുക്തനാകുന്നത്.[3]: 170 അതിനാൽ അധികം കാലം ആലെപ്പോയിലെ മെത്രാപ്പോലീത്തയായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.[6]: 61
മലബാറിലെ സാഹചര്യം
[തിരുത്തുക]പുത്തങ്കൂറ്റുകാർ
[തിരുത്തുക]ഇന്ത്യയിലെ മലബാറിലുള്ള മാർത്തോമാ നസ്രാണികൾ അഥവാ സുറിയാനി ക്രിസ്ത്യാനികൾക്ക് കലുഷിതമായ ഒരു കാലഘട്ടമായിരുന്നു പതിനെട്ടാം നൂറ്റാണ്ട്. റോമൻ കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനങ്ങൾ കാരണം നസ്രാണികൾ പതിനേഴാം നൂറ്റാണ്ടിൽ പുത്തങ്കൂർ, പഴയകൂർ എന്നിങ്ങനെ രണ്ടായി ഭിന്നിച്ചു കഴിയുകയായിരുന്നു. മിഷനറിമാരെ പൂർണ്ണമായി എതിർത്ത് കത്തോലിക്കാ ബന്ധം അവസാനിപ്പിച്ച പുത്തങ്കൂറ്റുകാർ അധികം വൈകാതെ സുറിയാനി ഓർത്തഡോക്സ് സഭയുമായി ബന്ധം സ്ഥാപിച്ചു കഴിഞ്ഞിരുന്നു. അവരുടെ നേതൃത്വം കൈയ്യാളിയിരുന്ന തോമാ അർക്കദിയാക്കോന്റെയും തുടർന്നുള്ള അദ്ദേഹത്തിൻറെ കുടുംബക്കാരായ പകലോമറ്റം മെത്രാൻമാരുടെയും മെത്രാൻപട്ടം ക്രമപ്പെടുത്തി ലഭിക്കുന്നതിനാണ് അവർ ഈ ബന്ധത്തിന് ശ്രമിച്ചത്. സാധുവായ മെത്രാൻപട്ടം കിട്ടിയിട്ടില്ല എന്ന ആരോപണം കാരണം നിരവധി ആളുകൾ മറു പക്ഷത്തേക്ക് കൊഴിഞ്ഞു പൊയ്‌ക്കൊണ്ടിരുന്നു. 1665 ൽ മലബാറിലെത്തിയ ഗ്രിഗോറിയോസ് അബ്ദൽ ജലീൽ, 1685ൽ എത്തിച്ചേർന്ന ബസേലിയോസ് യൽദോ, യൊവാന്നീസ് ഹിദായത്തല്ല എന്നിവർ സഭയുടെ സ്വാധീനം പുത്തങ്കൂറ്റുകാരുടെ ഇടയിൽ വ്യാപകമാക്കാൻ ഇടവരുത്തി.[10] അതേസമയം പഴയകൂറ്റുകാർ കത്തോലിക്കാ ബന്ധത്തിൽ തുടർന്നെങ്കിലും മിഷനറിമാരുടെ അധീശത്വത്തിൽ അസംതൃപ്തരായിരുന്നു.[11][12]
പുത്തങ്കൂറ്റുകാർക്കിടയിൽ അന്ത്യോഖ്യൻ സ്വാധീനം
[തിരുത്തുക]1686ൽ അധികാരമേറ്റ മാർത്തോമാ 4ാമൻ യൊവാന്നീസ് ഹിദായത്തല്ലയുടെ ശിഷ്യനായി. അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമവും കൽക്കിദോൻവിരുദ്ധ ദൈവശാസ്ത്രവും പുത്തങ്കൂറ്റുകാർക്കിടയിൽ വേരുറപ്പിച്ചത് ഇക്കാലത്താണ്.[13][14] 1693ൽ ഹിദായത്തല്ലയുടെ മരണശേഷം തോമാ 4ാമൻ വീണ്ടും പ്രതിസന്ധിയിലായി. പഴയകൂറ്റുകാരുടെ സഭാഭരണം നിയന്ത്രച്ചിരുന്ന പ്രൊപ്പഗാൻഡാ, പദ്രുവാദോ സംവിധാനങ്ങളിലെ മിഷനറിമാർ അദ്ദേഹത്തിന്റെ കീഴിലുള്ള വിശ്വാസികളെക്കൂടി തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിച്ചുകൊണ്ടിരുന്നു. 1705ൽ ഗബ്രിയേൽ എന്ന പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത മലബാറിൽ എത്തിച്ചേർന്നതോടുകൂടി മാർത്തോമാ നാലാമന്റെ നില കൂടുതൽ പരുങ്ങലിലായി. ഇതേത്തുടർന്ന് തോമാ 4ാമൻ സഹായം അഭ്യർത്ഥിച്ച് അന്ത്യോഖ്യാ പാത്രിയർക്കീസിന് കത്തുകൾ അയക്കാൻ തുടങ്ങി. എന്നാൽ അദ്ദേഹത്തിന് പാത്രിയർക്കീസ് യഥാർത്ഥത്തിൽ എവിടെയാണ് കഴിയുന്നത് എന്ന് പോലും അറിയില്ലായിരുന്നതിനാൽ അദ്ദേഹം അയച്ചു കൊടുത്ത കത്തുകൾ ഒന്നും തന്നെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്നതുമില്ല, അദ്ദേഹത്തെ സഹായിക്കാൻ അവിടെനിന്ന് ആരും വന്നതുമില്ല.[15] 1728ൽ തോമാ 4ാനാലാമൻ മരണക്കിടക്കയിൽ ബോധരഹിതനായി കിടക്കുന്ന സമയത്ത് കൂടെയുള്ള വൈദികർ ചേർന്ന് അദ്ദേഹത്തിന്റെ അനന്തരവന്റെ മേൽ കൈവയ്പ്പിച്ച് മാർത്തോമാ 5ാമൻ എന്ന പേരിൽ അടുത്ത മെത്രാനായി പ്രഖ്യാപിച്ചു.[16][6]: 98 [17] താൻ ശരിയായ രീതിയിൽ മെത്രാനായി വാഴിക്കപ്പെട്ടിട്ടില്ല എന്ന ധാരണ തോമാ 5ാമന് ഉണ്ടായിരുന്നു. ഗബ്രിയേലിനെ അദ്ദേഹം കടുത്ത രീതിയിൽ എതിർത്തിരുന്നു എങ്കിലും 1730ൽ ഗത്യന്തരമില്ലാതെ ഗബ്രിയേലിൽ നിന്ന് പട്ടമേൽക്കാൻ കോട്ടയത്തേക്ക് അദ്ദേഹം പോയി.[18] എന്നാൽ അവിടെ എത്തുന്നതിനകം ഗബ്രിയേൽ മരണപ്പെട്ടുകഴിഞ്ഞിരുന്നതിനാൽ ആ ശ്രമവും പരാജയപ്പെട്ടു.[19]: 109 സാധുവായ മെത്രാൻ പട്ടം ലഭിക്കാത്തത് തോമാ 5ാമന്റെ നില നാൾക്കുനാൾ ദുർബലമാക്കി. കത്തോലിക്കാ മിഷനറിമാർ അദ്ദേഹത്തിനെതിരായി പ്രചരണങ്ങൾ കൂടുതൽ കൂടുതൽ ശക്തമാക്കി.
ഇവാനിയോസ് യൂഹാനോൻ അർഖുജ്യാന്യി
[തിരുത്തുക]ഈ സാഹചര്യത്തിൽ 1737ൽ തോമാ 5ാമൻ മിഷനറിമാർക്കെതിരെ ഡച്ച് അധികാരികൾക്ക് പരാതിയും അപേക്ഷയും ചേർന്ന രണ്ട് കത്തുകൾ അയച്ചു. തൻ്റെ അസാധുവായ പട്ടം ക്രമപ്പെടുത്തി കിട്ടിയിട്ടില്ല എങ്കിൽ ഇതുകൊണ്ടൊന്നും തൻറെ നിലയിൽ പുരോഗതി ഉണ്ടാവില്ല എന്ന് മനസ്സിലാക്കിയ അദ്ദേഹം 1746ൽ അന്ത്യോഖ്യാ പാത്രിയർക്കീസ് ഗീവർഗ്ഗീസ് 3ാമന് ഒരു കത്തെഴുതി അയച്ചു. തൊട്ടടുത്ത വർഷം സുറിയാനി ഓർത്തഡോക്സുകാരനായ ഒരു മെത്രാൻ മലബാറിലെത്തി. അമീദുകാരനായ മാർ ഇവാനിയോസ് യൂഹാനോൻ ഇബ്ൻ അൽ-അർഖുജ്യാന്യി ആയിരുന്നു ഈ മെത്രാൻ.[20] കൊച്ചി നിവാസിയായ ഒരു യഹൂദനാണ് അദ്ദേഹത്തെ മലബാറിൽ എത്തിച്ചത്. മലബാറിലെ സഭയുടെ ഭരണച്ചുമതല ഇവാനിയോസിനെ പാത്രിയാർക്കീസ് ഭരമേൽപ്പിച്ചു.[6]: 52 മലബാറിലെത്തിയ ഉടനെ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചത് പുത്തങ്കൂർ വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് രീതികളോട് സമരസപ്പെടുത്താനാണ്. അതിനുവേണ്ടി അവരുടെ ഇടയിൽ വ്യാപകമായിരുന്ന പൗരസ്ത്യ സുറിയാനി, ലത്തീൻ സ്വാധീനങ്ങളെ ഇല്ലായ്മ ചെയ്യാൻ അദ്ദേഹം ശ്രമിച്ചു. പള്ളികളിലെ ശില്പങ്ങളും ക്രൂശിതരൂപങ്ങളും തകർത്തുകളയുക, വിവാഹിതരായ വൈദികരെ നിയമിക്കുക എന്നിവ മുമ്പ് വന്ന യൊവാന്നീസ് ഹിദായത്തല്ലയെപ്പോലെ അദ്ദേഹവും തുടർന്നു. ഇവയെല്ലാം ഇവാനിയോസിന് എതിരായി തദ്ദേശീയരുടെ ഇടയിൽ കടുത്ത അമർഷം വളർന്നുവരുന്നതിന് കാരണമായി.[21] അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തനങ്ങളെ തോമാ 5ാമനും എതിർത്തിരുന്നു. 1748ൽ ഇവാനിയോസിനെതിരെ പരാതിയുമായി തോമാ ഡച്ച് അധികാരികളെ സമീപിച്ചു. എന്നാൽ കത്തോലിക്കാ മിഷനറിമാരുടെ പ്രവർത്തനം തടയാൻ ഇവാനിയോസിന്റെ സാന്നിധ്യം ആവശ്യമാണ് എന്ന് വിലയിരുത്തിയ ഡച്ചുകാർ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ തയ്യാറായില്ല.[22] തോമാ 5ാമന്റെയും അനുയായികളുടെയും എതിർപ്പ് അവഗണിച്ച് ഇവാനിയോസ് തന്റെ പ്രവർത്തനം തുടർന്നു. മുളന്തുരുത്തിയിൽ വെച്ച് കാട്ടുമാങ്ങാട്ട് കുടുംബക്കാരെ തന്റെ അനുയായികളാക്കി. സിറിയയിൽ നിന്ന് വന്ന് മലബാറിൽ പ്രവർത്തിച്ച മാർ അന്ത്രയോസിന്റെ കുടുംബപരമ്പരയിൽ ഉൾപ്പെട്ടവരായിരുന്നു ഇവർ.[23][24]
ഇവാനിയോസിന് എതിരായി കത്തോലിക്കാ മിഷനറിമാരും തോമാ 5ാമനും ഒരുപോലെ പരാതികൾ ഉണ്ടായിരുന്നു. വലിയ വിഭാഗം നസ്രാണികളുടെ ഇടയിലും അദ്ദേഹത്തിന് ഇതുകാരണം സ്വീകാര്യത ലഭിച്ചില്ല. ഒരു പുതിയ ദൗത്യസംഘത്തെ മലബാറിലേക്ക് നിയോഗിക്കാൻ പാത്രിയർക്കീസിനോട് അപേക്ഷിച്ചുകൊണ്ട് ഇവാനിയോസും തോമാ 5ാമനും ചേർന്ന് ഒരു കത്ത് എഴുതി അയച്ചു.[25] ഇവാനിയോസ് ഇതിനുപറമേ പാത്രിയർക്കീസിനും ആലെപ്പോയിലെ മെത്രാപ്പോലീത്തയായ ദിവന്നാസിയോസ് ശുക്ർ-അല്ലാഹ് ഖസാബ്ജിക്കും കത്തുകൾ എഴുതി അയച്ചു.[6]: 53 ശുക്ർ-അല്ലാഹിനെ ഇന്ത്യയിലേക്ക് നിയോഗിക്കണമെന്ന് അദ്ദേഹം പാത്രിയർക്കീസിനോട് പ്രത്യേകം അഭ്യർഥിച്ചു.[26][27]
ഇന്ത്യയിലേക്ക്
[തിരുത്തുക]ഇവാനിയോസ് അൽ-അർഖുജ്യാന്യിയുടെയും തോമാ 5ാമന്റെയും കത്ത് ലഭിച്ച ഗീവർഗ്ഗീസ് 3ാമൻ പാത്രിയർക്കീസ് ശുക്ർ-അല്ലാഹിനെ ഇന്ത്യയിലേക്ക് അയയ്ക്കാൻ തീരുമാനിച്ചു. പാത്രിയർക്കീസിന്റെ നിർദ്ദേശം അംഗീകരിച്ച ശുക്ർ-അല്ലാഹിനെ 1748 ഓഗസ്റ്റിൽ ആമീദിലെ പള്ളിയിൽവെച്ച് ബസേലിയോസ് ശുക്ർ-അല്ലാഹ് എന്ന പേരിൽ മഫ്രിയോനോ ആയി പാത്രിയർക്കീസ് വാഴിച്ചു. അവിടത്തെ മെത്രാപ്പോലീത്തയായിരുന്ന കൂറിലോസ് ഗൂർഗീസ് സാനി'അ ഇതിൽ പങ്കാളിയായി. മലബാറിലേക്ക് കൊണ്ടുപോകാൻ മൂറോൻ തൈലം, അവിടെ തോമാ 5ാമനെ മെത്രാനായി അഭിഷേകം ചെയ്ത് അദ്ദേഹത്തിന് കൈമാറാൻ വേണ്ടി സുസ്താതിക്കോൻ, അംശവടി, സ്ലീബാ എന്നിവയും പാത്രിയർക്കീസ് ശുക്ർ-അല്ലാഹിന് കൊടുത്തു.[28][8] ശുക്ർ-അല്ലാഹിനെ ഇന്ത്യയിലേക്ക് അനുഗമിക്കാൻ വേറെ രണ്ട് മെത്രാപ്പോലീത്താമാരെയും സഹായികളെയും പാത്രിയർക്കീസ് ചുമതലപ്പെടുത്തിയിരുന്നു. ജറുസലേമിന്റെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട ഗ്രിഗോറിയോസ് യുഹന്നയും മലബാറിനുള്ള മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ട ഗർഗാറിലെ സേവേറൂസ് യുഹന്നയും ആയിരുന്നു ആ രണ്ട് മെത്രാപ്പോലീത്തമാർ. ഇവരുടെ സഹായികളായി യഥാക്രമം കുർകുമോ ദയ്റോയിലെ യുഹന്നാ റമ്പാൻ, ആമീദിലെ അബ്ദൽ-നൂർ അസ്ലൻ കോറപ്പിസ്കോപ്പ എന്നിവരെയും നിയോഗിച്ചു. ഇവർ ബാഗ്ദാദിലെത്തി ദൗത്യസംഘത്തിന്റെ തലവനായ മഫ്രിയോനോ ശുക്ർ-അല്ലാഹിന്റെ വരവിനായി കാത്തിരുന്നു. അവിടെവെച്ച് ഇവരെല്ലാം അസുഖ ബാധിതരായി. ഇത് കാരണം കുറച്ചുനാൾ അവിടെ കഴിഞ്ഞ ശേഷം സേവേറൂസ് മെത്രാപ്പോലീത്തയും സഹായിയും അവിടെ നിന്ന് തിരിച്ചുപോയി.[29][30] ഗ്രിഗോറിയോസ് യുഹന്നയും അദ്ദേഹത്തിൻറെ സഹായിയായ മൊസൂളുകാരൻ റമ്പാൻ യുഹന്നയും അവിടെ തുടർന്നു. അവർക്ക് മഫ്രിയോനോയെ കാത്ത് പതിനൊന്നു മാസത്തോളം അവിടെ കഴിയേണ്ടതായി വന്നു.[29]
മെത്രാഭിഷേകം കഴിഞ്ഞ് ഓഗസ്റ്റ് 25ന് ആലെപ്പോയിലേക്ക് ശുക്ർ-അല്ലാഹ് മടങ്ങിയെത്തി. എന്നാൽ ഉടനെ തന്നെ അദ്ദേഹം രോഗബാധിതനായി. ഇതിനുമുമ്പും അദ്ദേഹം രണ്ടു മാസത്തോളം ഇതേ രോഗബാധ കാരണം ബുദ്ധിമുട്ടുകയായിരുന്നു. ഇക്കാലഘട്ടത്തിൽ അദ്ദേഹം വിവിധ കയ്യെഴുത്ത് പ്രതികൾ ശേഖരിക്കുന്നതിലും പുസ്തകങ്ങൾ എഴുതുന്നതിലും സമയം ചെലവഴിച്ചു. ഇതിനിടെ 1749 ഓഗസ്റ്റ് 15ന് പാത്രിയർക്കീസ് ഗീവർഗീസ് 3ാമൻ തോമാ 5ാമന് ഒരു കത്ത് എഴുതി അയക്കുകയും അതിൽ മലബാറിലേക്ക് വരുന്ന തന്റെ ദൗത്യസംഘത്തെ അനുസരിക്കണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിക്കുകയും ചെയ്തു.[26]: 94 ആലെപ്പോയിൽ നിന്ന് ബാഗ്ദാദിലേക്കുള്ള വഴി കൊള്ളക്കാരെ കൊണ്ടു നിറഞ്ഞതായിരുന്നു. അതുകൊണ്ട് വലിയ ഒരു സംഘം യാത്രക്കാരോടൊപ്പം മൃഗങ്ങൾ വലിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. അതിനുവേണ്ടി 1750 ജനുവരി 7വരെ കാത്തിരിക്കേണ്ടതായി വന്നു. മഫ്രിയോനോ ശുക്ർ-അല്ലാഹിന്റെ വരവിന് മുന്നോടിയായി ബാഗ്ദാദിലേക്ക് ശുക്ർ-അല്ലാഹ് എന്നുപേരുള്ള ഒരു വൈദികനും ആമീദിലെ ശുക്ർ-അല്ലാഹ്, ഹിദായത്-അല്ലാഹ്, മൂസ, സെഖറിയാഹ് എന്നീ ശെമ്മാശന്മാരും അയയ്ക്കപ്പെട്ടു. അതിനുശേഷം മഫ്രിയോനോ ബാഗ്ദാദിലേക്ക് പുറപ്പെട്ടു. അദ്ദേഹത്തിൻറെ കൂടെ സഹായിയായ ഒരു ശെമ്മാശനും ആലെപ്പോയിലെ കോറപ്പിസ്കോപ്പ ഗീവർഗീസ് നീമത്-അല്ലാഹ് തുൻബുർഖിയും അന്തോൻ ശെമ്മാശനും ബാഗ്ദാദിലേക്ക് പോയി. ബാഗ്ദാദിൽ എത്തിച്ചേർന്ന അവർ നേരത്തേ അവിടെയെത്തിയ സംഘാംഗങ്ങളോടൊപ്പം അവിടെ നിന്ന് മെയ് 8ാം തീയതി ബസ്ര തുറമുഖത്ത് എത്തി. ഇന്ത്യയിലേക്ക് കൊണ്ടുപോകാൻ വേണ്ടി ആരാധനാക്രമങ്ങളുടെ 46 കൈയ്യെഴുത്ത് പുസ്കങ്ങളും വസ്തുക്കളും അവർ കൂടെ കരുതിയിരുന്നു.[31] ഡച്ചുകാരുടെ ഉടമസ്ഥതയിലുള്ള കപ്പലിലാണ് അവർക്ക് യാത്രാസൗകര്യം ലഭിച്ചത്.[32] ജൂൺ 24ന് ബസ്രയിൽ നിന്ന് കപ്പൽ കയറിയ അവരുടെ സംഘം നീണ്ട കടൽയാത്രയ്ക്കൊടുവിൽ ഇന്ത്യയിലെ സൂറത്ത് തുറമുഖത്ത് എത്തി. തുടർന്ന് അവരുടെ കപ്പൽ കൊച്ചിയിലേക്ക് യാത്ര തുടർന്നു.[6]: 67
മലബാറിലെ പ്രവർത്തനങ്ങൾ
[തിരുത്തുക]മലബാറിലേക്കുള്ള ആഗമനം
[തിരുത്തുക]1751 ഏപ്രിൽ 23ന് ബസേലിയോസ് ശുക്ർ-അല്ലാഹ് മഫ്രിയോനോയും സംഘവും കൊച്ചി തുറമുഖത്ത് എത്തിച്ചേർന്നു.[33] ഗീവർഗ്ഗീസ് പുണ്യവാന്റെ പെരുന്നാൾ ദിവസമായിരുന്നു അന്ന്.[34] അവിടത്തെ ഡച്ച് ഉദ്യോഗസ്ഥർ അവരെ സ്വീകരിച്ചു.[32] യാത്രയ്ക്ക് മുഴുവനായി അന്നത്തെ നിരക്കിൽ 9500 രൂപയിൽ അധികം ചിലവുവന്നു.[31] അതിനാൽ അവരെ ഡച്ച് അധികാരികൾ മഫ്രിയോനോയെയും സംഘത്തെയും കൊച്ചി കോട്ടയിൽ പാർപ്പിച്ചു. തോമാ 4ാമനോ ഇവാനിയോസ് അൽ-അർഖുജ്യാന്യിയോ അവരെ സ്വീകരിക്കാൻ അവിടെ എത്തിയില്ല. എന്നാൽ അവരുടെ വരവിനെ കുറിച്ച് അറിഞ്ഞ് കാട്ടുമാങ്ങാട്ട് അബ്രഹാം റമ്പാന്റെ നേതൃത്വത്തിലുള്ള ഏതാനും സുറിയാനി പുരോഹിതർ കൊച്ചിയിൽ അവരെ സന്ദർശിച്ചു.[35] തുടർന്ന് മഫ്രിയോനോ കൊച്ചിയിലേക്ക് വന്ന് തന്നെ സ്വീകരിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് തോമാ 4ാമനും ഇവനിയോസിനും കത്തെഴുതി. ഇതിനു മറുപടിയായി മെയ് 2ന് തോമാ രണ്ട് വൈദികരെയും കുറച്ച് ആളുകളെയും അവിടേക്ക് അയച്ചു. ഇവാനിയോസ് അൽ-അർഖുജ്യാന്യിയെക്കുറിച്ചുള്ള പരാതികളുമായി ഒരു കത്തും അവരുടെ കൈവശം കൊടുത്തുവിട്ടിരുന്നു.[34] പുത്തങ്കൂർ വൈദികരുടെ റോമൻ കത്തോലിക്കാ ശൈലിയിലുള്ള വേഷവിധാനങ്ങളും മറ്റും മാഫ്രിയോനോയുടെ സംഘത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. അവർ റോമൻ കത്തോലിക്കാ രീതിയിൽ തലമുടി ഭാഗികമായി വടിച്ച ഒരു വൈദികന്റെ തല നിർബന്ധപൂർവ്വം പൂർണ്ണമായി ക്ഷുരകം ചെയ്തു.[36] തോമായുടെ അഭ്യർഥന പ്രകാരം റമ്പാൻ യുഹന്നയെയും അന്തോൻ ശെമ്മാശനെയും തന്റെ കൈവശമുള്ള പുസ്തകങ്ങളുമായി മഫ്രിയോനോ പള്ളിക്കരയിലേക്ക് അയച്ചു. മഫ്രിയോനോയെ കണ്ടനാട്ടേക്ക് ക്ഷണിച്ചുകൊണ്ടുള്ള തോമായുടെ മറ്റൊരു കത്തുമായി മെയ് 6ന് അവർ കൊച്ചിയിൽ തിരിച്ചെത്തി.[34] മൂന്ന് ആഴ്ചകൾക്കു ശേഷം മെയ് 14ന് ഇവാനിയോസ് മെത്രാപ്പോലീത്ത കൊച്ചിയിലെത്തി ശുക്ർ-അല്ലാഹിനെയും സംഘത്തെയും കണ്ടു. തോമാ 5ാമനെയും മലബാറിലെ സഭക്കാരെയും കുറിച്ച് കുറ്റങ്ങൾ മാത്രമായിരുന്നു അദ്ദേഹത്തിന് ദൗത്യസംഘത്തോട് പറയാൻ ഉണ്ടായിരുന്നത്. മലബാറിലെ സഭയിലെ ആളുകൾ പരിഹാസങ്ങളും മർദ്ദനങ്ങളും നേരിടാൻ അർഹരാണ് എന്ന ഇവാനിയോസിന്റെ പരാമർശം മഫ്രിയോനോയെ ചൊടിപ്പിച്ചു. അതിനാൽ ഇവാനിയോസിനെ എത്രയും വേഗം സിറിയയിലേക്ക് തിരിച്ചയയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് ഡച്ച് അധികൃതരുമായി അദ്ദേഹം ചർച്ച നടത്തി. ഇതിനിടെ മഫ്രിയോനോ കൊച്ചി രാജാവിന്റെ അനുമതിയോടെ മട്ടാഞ്ചേരിയിൽ 475 രൂപയ്ക്ക് ഒരു സ്ഥലം വാങ്ങി. വിശുദ്ധ ഗീവർഗീസിന്റെ നാമധേയത്തിൽ അവിടെ ചെറിയ ഒരു പള്ളി പണികഴിപ്പിച്ചു.[37] ഇവാനിയോസിനെ അവിടെ പാർപ്പിച്ചു. നവംബറിൽ മലബാറിൽ നിന്ന് കപ്പലുകൾ പുറപ്പെടുന്ന കൂട്ടത്തിൽ ഇവാനിയോസിനെ ഡച്ചുകാർ അദ്ദേഹത്തിൻറെ സ്വദേശത്തേക്ക് മടക്കിക്കൊണ്ടു പോയി. ഇവാനിയോസ് 2897 രൂപ ഡച്ചുകാർക്ക് കൊടുക്കാൻ ബാക്കിയുണ്ടായിരുന്നു. ആ കടവും മഫ്രിയോനോയ്ക്ക് വീട്ടേണ്ടതായിവന്നു.[38]
മാർത്തോമാ 5ാമന്റെ പ്രതികരണം
[തിരുത്തുക]കൊച്ചിയിൽ നേരിട്ടെത്തി മഫ്രിയോനോ ശുക്ർ-അല്ലാഹിനെയും കൂട്ടരെയും സന്ദർശിക്കുന്നതിൽ നിന്ന് തോമാ പലകാരണങ്ങൾ പറഞ്ഞ് ഒഴിവായിക്കൊണ്ടിരുന്നു. മലബാറിലേക്ക് വരുന്ന മെത്രാന്മാരുടെ യാത്ര കൂടി താൻ അടച്ചു കൊള്ളാം എന്ന് ഡച്ചുകാർക്ക് ഉറപ്പു കൊടുത്തിരുന്നു എങ്കിലും തോമാ 5ാമൻ അത് നിറവേറ്റാൻ തയ്യാറായിരുന്നില്ല.[39][3]: 174 ഇതിനെ തുടർന്ന് മെയ് 16ന് ശുക്ർ-അല്ലാഹ് തോമായെ കൊച്ചിയിലേക്ക് ക്ഷണിച്ചുകൊണ്ട് മൂന്നാം വട്ടവും കത്തെഴുതി. എന്നാൽ ഇതിനോടും തോമാ അനുകൂലമായി പ്രതികരിച്ചില്ല. തോമ തങ്ങൾക്ക് ഉറപ്പുതന്ന പണം നൽകാതെ കബളിപ്പിക്കുകയാണ് എന്ന് തിരിച്ചറിഞ്ഞ ഡച്ചുകാർ മഫ്രിയോനോയിൽ നിന്ന് പരാതി എഴുതിവാങ്ങി. മെയ് 22ന് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി രണ്ട് ഉദ്യോഗസ്ഥരെയും കുറേ പട്ടാളക്കാരെയും പള്ളിക്കരയിലേക്ക് അയച്ചു അന്തോൻ ശെമ്മാശനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. എന്നാൽ അപ്പോഴേക്കും തോമാ അവിടെനിന്ന് രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ഇതിൽ കുപിതരായ അവർ പള്ളി ആക്രമിക്കുകയും അവിടെ നിന്ന് കുറച്ച് സ്വത്തുക്കൾ തട്ടിയെടുക്കുകയും ചെയ്തു. ഇതറിഞ്ഞ നാട്ടുകാർ കൊച്ചി രാജാവിനോട് പരാതിപ്പെട്ടു. ഇതേ തുടർന്ന് കമ്പനി പട്ടാളക്കാരുടെയും ഉദ്യോഗസ്ഥരുടെയും നടപടിയിൽ ഖേദം പ്രകടിപ്പിക്കുകയും സ്വത്തുകൾ തിരിച്ചേൽപ്പിക്കുകയും ചെയ്തു. അവർക്കെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് മഫ്രിയോനോ ഡച്ച് അധികൃതരെ പിന്തിരിപ്പിച്ചു.[6]: 69
മഫ്രിയോനോ ബസേലിയോസ് ശുക്ർ-അല്ലാഹിന്റെ കത്തുകൾക്ക് മറുപടിയായി തോമാ 5ാമൻ ഡച്ചുകാർക്കുള്ള പണം അടച്ചു തീർക്കുന്നതിനെ പറ്റിയും മറ്റും വാഗ്ദാനങ്ങൾ കൊടുത്തുകൊണ്ടിരുന്നു. എന്നാൽ അതൊന്നും തന്നെ നടപ്പാക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. അവസാനം ഡച്ചുകാർ തോമായെ പിടികൂടി നിർബന്ധപൂർവ്വം കടം തീർപ്പാക്കാൻ ഒരുങ്ങി. ഇത് മനസ്സിലാക്കിയ തോമാ ഉൾപ്രദേശങ്ങളിലേക്ക് മാറി താമസിച്ചുകൊണ്ടിരുന്നു.[32][3]: 174 ഇതേത്തുടർന്ന് ജൂലൈ 3ന് വൈകുന്നേരം മഫ്രിയോനോയും സംഘവും കൊച്ചിയിൽ നിന്ന് പുറപ്പെട്ടു. മട്ടാഞ്ചേരിയിൽ താമസിച്ചിരുന്ന എസ്സെഖിയേൽ ജവഹാറി എന്ന യഹൂദനും അവരോടൊപ്പം ഉണ്ടായിരുന്നു. അവർക്ക് ഹൃദ്യമായ യാത്രയയപ്പാണ് അവിടത്തെ ഡച്ച് അധികൃതർ നൽകിയത്. ഏതാനും ഡച്ച് ഉദ്യോഗസ്ഥരും കുറെ പട്ടാളക്കാരും അവരെ അനുധാവനം ചെയ്തിരുന്നു. അവർ പിറ്റേദിവസം തന്നെ കൊച്ചി രാജാവിനെ ചെന്ന് കാണുകയും പിന്തുണ തേടുകയും അദ്ദേഹത്തിന് ഉപഹാരങ്ങൾ സമർപ്പിക്കുകയും ചെയ്തു.[6]: 75
മലബാറിലെ സുറിയാനി ക്രിസ്ത്യാനികളുടെ ഭരണം നിയന്ത്രിക്കാൻ നിയോഗിക്കപ്പെട്ടവനാണ് താൻ എന്ന് മഫ്രിയോനോ ബസേലിയോസ് ശുക്ർ-അല്ലാഹ് ഉറച്ചു വിശ്വസിച്ചിരുന്നു. അന്ത്യോഖ്യ പാത്രിയർക്കീസ് തോമാ 5ാമന് അയച്ച കത്തുകളിൽ മഫ്രിയോനോയെ അനുസരിക്കാൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നു. തൻ്റെ കത്തുകളിൽ ശുക്ർ-അല്ലാഹ് സ്വയം വിശേഷിപ്പിച്ചിരുന്നത് "ഇന്ത്യയുടെ കാതോലിക്കോസ്" എന്നും "കിഴക്കിന്റെയും ഇന്ത്യയുടെയും കാതോലിക്കോസ് ആയിരിക്കുന്ന മഫ്രിയോനോ ശുക്ർ-അല്ലാഹ്" എന്നും ആയിരുന്നു. എന്നാൽ ഈ അവകാശവാദങ്ങൾക്ക് ഒന്നും തന്നെ വഴങ്ങിക്കൊടുക്കാൻ തോമാ തയ്യാറായിരുന്നില്ല.[40] റോമൻ കത്തോലിക്കാ സഭാധികാരികളുടെ ആക്രമണങ്ങളിൽ നിന്ന് രക്ഷനേടാൻ സാധുവായ മെത്രാൻ പട്ടം തരപ്പെടുത്തിയെടുക്കുക എന്നത് മാത്രമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. [3]: 175 അദ്ദേഹം ശുക്ർ-അല്ലാഹിനും അന്ത്യോഖ്യൻ ദൗത്യ സംഘത്തിനും എതിരായി പ്രചരണങ്ങൾ ആരംഭിക്കുകയും ചെയ്തു. അവർ സത്യവിശ്വാസത്തിന് വിരുദ്ധമായ പാഷണ്ഡതകൾ പ്രചരിപ്പിക്കുന്നവരാണ് എന്ന് പള്ളികൾ തോറും തോമാ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.[32]
പള്ളികളിൽ നേരിട്ട് ഇടപെടുന്നു
[തിരുത്തുക]തോമായും അന്ത്യോഖ്യൻ ദൗത്യസംഘവും തമ്മിലുള്ള ശീതസമരം ഇങ്ങനെ തുടർന്നുകൊണ്ടിരിക്കവേ കുറെ സുറിയാനി ക്രിസ്ത്യാനികൾ സ്വന്തം നിലയ്ക്ക് പ്രശ്നത്തിൽ ഇടപെടാൻ തീരുമാനിച്ചു. അവർ ശുക്ർ-അല്ലാഹിനെയും അന്ത്യോഖ്യൻ ദൗത്യ സംഘത്തെയും കണ്ടനാട്ടേക്ക് ആനയിച്ചു.[32] എന്നാൽ അപ്പോഴേക്കും തോമാ അവിടെനിന്നും സ്ഥലം വിട്ടിരുന്നു. അദ്ദേഹം കോതമംഗലത്തേക്ക് മാറി താമസിച്ചു. ശുക്ർ-അല്ലാഹും സംഘവും തോമായെ അവിടെയും പിന്തുടർന്നു.[6]: 91
ഒക്ടോബർ 15ന് മഫ്രിയോനോയും സംഘവും തോമായുമായി ചർച്ച നടത്താൻ കോതമംഗലത്ത് എത്തി. എന്നാൽ അപ്പോഴേക്കും തോമാ അവിടെ നിന്നും സ്ഥലം വിട്ടിരുന്നു. അവസാനം ഡിസംബർ 2ാം തീയതി കോതമംഗലത്തേക്ക് എത്താം എന്ന് തോമാ സമ്മതിച്ചു. എന്നാൽ എന്നാൽ തോമ അതും നടപ്പാക്കാൻ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിൽ കുറെ ആളുകൾ നേരിട്ട് ചെന്ന് തോമായെ കോതമംഗലത്തേക്ക് കൊണ്ടുവന്നു. എന്നാൽ അദ്ദേഹം മഫ്രിയോനോ കഴിഞ്ഞിരുന്ന വലിയപള്ളിയിലേക്ക് പോകാതെ ചെറിയപള്ളിയിലേക്ക് ചെന്നു. ഇതറിഞ്ഞ മഫ്രിയോനോ റമ്പാൻ യുഹന്നയെ അവിടേക്ക് അയച്ചെങ്കിലും യാത്രാ ക്ഷീണം മൂലമുള്ള ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി തോമാ അവിടെ തന്നെ തുടർന്നു. മൂന്ന് ദിവസം കഴിഞ്ഞിട്ടും തോമാ അങ്ങോട്ടേക്ക് വരാതായപ്പോൾ നാട്ടുകാരായ ഏതാനും ചില വൈദികരെ മഫ്രിയോനോ അദ്ദേഹത്തിന്റെ അടുത്തേക്ക് അയച്ചു. പാത്രിയർക്കീസിന്റെ നിയോഗപത്രം ആയ സുസ്താതിക്കോൻ പരസ്യമായി പ്രദർശിപ്പിക്കാതെ താനൊരു ചർച്ചയ്ക്ക് ഇല്ല എന്ന് തോമാ മറുപടി പറഞ്ഞു. 1751 ഒക്ടോബർ 23ന് കോതമംഗലം വലിയപള്ളിയിൽ വെച്ച് സുസ്താതിക്കോൻ വിശ്വാസികൾക്കായി അദ്ദേഹം പ്രദർശിപ്പിച്ചു.[6]: 91-92 [41] മഫ്രിയോനോ കോതമംഗലം വലിയപള്ളിയിൽ നിന്ന് റോമൻ കത്തോലിക്കാ അംശങ്ങൾ നീക്കം ചെയ്യുകയും ത്രോണൊസിന് മുകളിൽ പടികളും മദ്ബഹക്ക് വിരിയും സ്ഥാപിക്കുകയും ചെയ്തു. ലത്തീൻ വൈദിക വേഷങ്ങൾക്ക് പകരം സുറിയാനി ഓർത്തഡോക്സ് ശൈലിയിലുള്ള വേഷവിധാനങ്ങൾ ധരിക്കാൻ വൈദികരെ നിർബന്ധിക്കുകയും ചെയ്തു. ഇതിലെല്ലാം തോമാ എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനുശേഷം തോമായെ നേരിൽ കാണാൻ മഫ്രിയോനോ ചെറിയപള്ളിയിലേക്ക് പോയി. ഇത് മനസ്സിലാക്കിയ തോമാ അദ്ദേഹവും സംഘവും അവിടെ എത്തുന്നതിനു മുമ്പേ വലിയ പള്ളിയിൽ എത്തി. അങ്ങനെ മഫ്രിയോനോയുമായി കണ്ടുമുട്ടാതിരിക്കാൻ തോമാ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. മഫ്രിയോനോ ഇതിൽ വെച്ച് അധികൃതർക്കും കൊച്ചി രാജാവിനും പരാതിപ്പെട്ടു. അവരുടെ നിർദ്ദേശപ്രകാരം അദ്ദേഹം ഓശാന ഞായറിന്റെയും തുടർന്നുള്ള പീഡാനുഭവ ആഴ്ചയുടെയും ചടങ്ങുകളുടെ മുഖ്യകാർമികത്വം വഹിക്കാൻ കണ്ടനാട്ടേക്ക് മടങ്ങി.[6]: 93-4 ഇതിനിടെ തോമാ കോതമംഗലം വലിയപള്ളിയിൽ മഫ്രിയോനോ സ്ഥാപിച്ച ത്രോണോസിന്റെ പടികളും മദ്ബഹാവിരിയും നീക്കം ചെയ്തു. എന്നാൽ അവിടുത്തെ വിശ്വാസികൾ തോമായുടെ ഈ നടപടിയെ എതിർക്കുകയും അവിടെ നിന്ന് പോയ ശേഷം അവ പുനഃസ്ഥാപിക്കുകയും ചെയ്തു.[6]: 93-4
അതേസമയം റോമൻ കത്തോലിക്കാ മെത്രാന്മാർ ആരും തന്നെ അക്കാലത്ത് മലബാറിൽ ഉണ്ടായിരുന്നില്ല. ഡച്ചുകാരുടെ ഇടപെടൽ ആണ് ഇതിന് കാരണമായത്. പോർച്ചുഗീസ് പദ്രുവാദോയുടെ കീഴിൽ ആയിരുന്ന കൊടുങ്ങല്ലൂർ അതിരൂപതയിലേക്കും കൊച്ചി രൂപതയിലേക്കും ഉള്ള മേൽപ്പട്ടക്കാരെ മലബാറിൽ പ്രവേശിക്കാനോ പ്രവർത്തിക്കാനോ ഡച്ചുകാർ അനുവദിച്ചിരുന്നില്ല. വരാപ്പുഴ വികാരി അപ്പസ്തോലിക്കാമാരെ മാത്രമാണ് റോമൻ കത്തോലിക്കാ മേൽപ്പട്ടക്കാരായി മലബാറിൽ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നത്. വികാരി അപ്പസ്തോലിക്കയായി വിളിക്കപ്പെട്ട ഫ്ലോറന്റിനൂസ് പാതിരിയെ ബിഷപ്പായി അഭിഷേകം ചെയ്യാൻ മലബാറിൽ കത്തോലിക്കാ മെത്രാന്മാർ ആരും ഉണ്ടായിരുന്നില്ല. അതിനാൽ അവിടെവെച്ച് ബിഷപ്പായി അവരോധിക്കപ്പെടാൻ അദ്ദേഹത്തിന് ബോംബെയിലേക്ക് പോകേണ്ടി വന്നു. നവംബർ 1751 വരെ മലബാറിലേക്ക് മടങ്ങാൻ അദ്ദേഹത്തിന് സാധിച്ചില്ല.[42] ഈ ഒഴിവും ശുക്ർ-അല്ലാഹിന് ഗുണം ചെയ്തു. ഇതുകൊണ്ട് അദ്ദേഹത്തിന്റെ അന്ത്യോഖ്യൻവൽക്കരണ ശ്രമങ്ങൾക്ക് പഴയകൂറ്റുകാരിൽ നിന്ന് കാര്യമായ എതിർപ്പ് ഉണ്ടായില്ല.[3]: 180
കണ്ടനാട് പള്ളിയിൽ പീഡാനുഭവ ആഴ്ചയുടെ ചടങ്ങുകളുടെ മുഖ്യകാർമികത്വം വഹിച്ച മഫ്രിയോനോ പെസഹാ വ്യാഴാഴ്ച ഏതാനും വൈദികരെയും ശെമ്മാശന്മാരെയും വാഴിച്ചു. 1752 ഏപ്രിൽ 30ന് ഉയർപ്പ് തിരുനാളിന്റെ പിറ്റേദിവസം റമ്പാൻ യൂഹന്നയെ, ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയുടെ സാന്നിധ്യത്തിൽ, അദ്ദേഹം ഇവാനിയോസ് ക്രിസ്തോഫൊറോസ് എന്ന പേരിൽ ബിഷപ്പായി അഭിഷേകം ചെയ്തു. ഇതിനിടെ മെയ് മാസത്തിൽ തോമാ സ്വന്തം സഹോദരിയുടെ പൗത്രനെ ശെമ്മാശനായി അഭിഷേകം ചെയ്തിരുന്നു. ഏതാനം ദിവസങ്ങൾക്ക് ശേഷം ശുക്ർ-അല്ലാഹ് മട്ടാഞ്ചേരിയിലേക്കും പറവൂരേക്കും മറ്റ് ചില പള്ളികളിലേക്കും പോയി. അവിടെയെല്ലാം റോമൻ കത്തോലിക്കാ വൈദികരിൽ നിന്നും കടുത്ത എതിർപ്പാണ് അദ്ദേഹം നേരിട്ടത്. ഇതിനിടെ ഇവാനിയോസ് യൂഹാനോനെ കൊച്ചി രാജാവിന്റെ നിർദ്ദേശം അനുസരിച്ച് അദ്ദേഹം പള്ളിക്കരയിലേക്ക് അയച്ചു.[6]: 94-7 ഇതിനുശേഷം ശുക്ർ-അല്ലാഹ് മുളന്തുരുത്തിയിലേക്ക് പോയി. അവിടെ വെച്ച് ഓഗസ്റ്റ് 3ാം തീയ്യതി യൊവാന്നീസ് ഹിദായത്തല്ലയുടെ ഓർമ്മപ്പെരുന്നാൾ നടക്കവേ കാട്ടുമാങ്ങാട്ട് കുടുംബത്തിൽപെട്ട ഗീവർഗ്ഗീസ് എന്ന വൈദികനെ അദ്ദേഹം റമ്പാനായി വാഴിച്ചു.[6]: 99 മുമ്പ് ഇവാനിയോസ് അൽ-അർഖുജ്യാന്യിയുടെ കീഴിൽ അന്ത്യോഖ്യൻ സുറിയാനി ആരാധനാക്രമം പരിശീലിച്ചവരായിരുന്നു അവർ.[3]: 178 ലത്തീൻ വൽക്കരിക്കപ്പെട്ട കൽദായ ആരാധനാക്രമം തുടരുന്നവരും റോമൻ അധികാരികളുമായി വിലപേശലകൾ നടത്തുന്നവരും അതിനപ്പുറം സ്വന്തം കുടുംബത്തിൻറെ അധികാരം നിലനിർത്താൻ പരിശ്രമിക്കുന്നവരും ആയ പകലോമറ്റം കുടുംബക്കാരായ തോമാ മെത്രാന്മാരെ വിധേയപ്പെടുത്തുന്നതിനേക്കാളും എളുപ്പം മറ്റു മാർഗ്ഗങ്ങൾ അവലംബിച്ച് നേരിട്ട് സുറിയാനി പള്ളികളുടെ മേൽ സ്വാധീനം നേടുന്നതാണ് എന്ന് ശുക്ർ-അല്ലാഹ് വിലയിരുത്തി.[3]: 179
ഇതോടെ കണ്ടനാട്ടും കോതമംഗലത്തും മുളന്തുരുത്തിയിലും മറ്റു പല വടക്കൻ മേഖലയിലെ പുത്തങ്കൂർ പള്ളികളിലും ശക്തമായ സ്വാധീനം നേടിയെടുക്കാൻ മഫ്രിയോനോയ്ക്ക് കഴിഞ്ഞു.[43]: 120 മുളന്തുരുത്തിയിൽ നിന്ന് കണ്ടനാട്ടേക്ക് തിരിച്ച അദ്ദേഹം തുടർന്ന് 1752 ഒക്ടോബർ 15ന് കോട്ടയത്തേക്ക് പോയി.[6]: 100 കോട്ടയത്ത് എത്തിയ ശുക്ർ-അല്ലാഹ് അവിടെവച്ച് ഇന്ത്യൻ സഭയുടെ മേലുള്ള തൻറെ അവകാശവാദങ്ങൾ അരക്കിട്ടുറപ്പിക്കുകയും അവിടെ വെച്ച് തന്റെ സുന്ത്രോനീസോ ശുശ്രൂഷ നടത്തി അധികാരം ഏറ്റെടുക്കുകയും ചെയ്തു. പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തയായിരുന്ന ഗബ്രിയേൽ ആസ്ഥാനമാക്കുകയും കബറടക്കപ്പെടുകയും ചെയ്ത കോട്ടയം ചെറിയപള്ളിയാണ് ഈ ചടങ്ങിന് വേണ്ടി അദ്ദേഹം തിരഞ്ഞെടുത്തത്. ഇതോടെ പുത്തൻകൂറ്റുകാരിൽ പണ്ഡിതരായ വൈദികരും വലിയൊരു വിഭാഗം ആളുകളും പകലോമറ്റം മെത്രാന്മാരുടെ വാഴ്ച എതിർത്തിരുന്നവരും ശുക്ർ-അല്ലാഹിനൊപ്പം ചേർന്നു.[3]: 177 അതിനുശേഷം തെക്കൻ തിരുവിതാംകൂറിലെ 14 സുറിയാനി പള്ളികളിലേക്ക് അദ്ദേഹം സന്ദർശനം നടത്തി. മറ്റുള്ളവയിൽ നിന്നുള്ള പ്രതിനിധികളുമായി അദ്ദേഹം ആശയവിനിമയവും നടത്തിയിരുന്നു.[26]: 112 അവിടങ്ങളിൽ ചിലരുടെ പട്ടംകൊടുക്കലുകൾക്കും അദ്ദേഹം നേതൃത്വം കൊടുത്തു. മുമ്പ് തോമായിൽ നിന്ന് പട്ടമേറ്റ ആളുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.[37] അക്കാലത്ത് പുത്തങ്കൂർ നസ്രാണികൾക്കിടയിലെ തെക്കൻ, വടക്കൻ വിഭാഗക്കാർക്കിടയിലും പിന്തുണ നേടിയെടുക്കാൻ ഇതിലൂടെ ശുക്ർ-അല്ലാഹിന് കഴിഞ്ഞു. തോമാ 5ാമനെ പിന്തുണച്ചിരുന്നവരുടെ എണ്ണം നാൾക്കുനാൾ കുറഞ്ഞുവരുകയും ചെയ്തു.[32] 1753ന്റെ തുടക്കത്തിൽ ശുക്ർ-അല്ലാഹ് കണ്ടനാട്ടേക്ക് മടങ്ങി.[3]: 180 അവിടെവെച്ച് 1758ൽ ഫ്രഞ്ച് പണ്ഡിതനായ ആൻക്വെറ്റിൽ ഡൂ പെറോൺ ശുക്ർ-അല്ലാഹിനെ സന്ദർശിച്ചു. അദ്ദേഹത്തെക്കുറിച്ച് വിശദമായ ഒരു വിവരണം ഡൂ പെറോൺ തന്റെ പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഉദയംപേരൂർ സൂനഹദോസിന് മുൻപ് നസ്രാണികളുടെ ഇടയിൽ ഉപയോഗത്തിലിരുന്ന നെസ്തോറിയസിന്റെയും തിയദോറിന്റെയും പേരുകൾ അടങ്ങിയ ആരാധനാക്രമ ഗ്രന്ഥങ്ങൾ അന്വേഷിച്ചിറങ്ങിയ അദ്ദേഹത്തിന് അവിടെനിന്ന് കിട്ടിയത് ലത്തീൻ വൽക്കരിക്കപ്പെട്ട പൗരസ്ത്യ സുറിയാനി ആരാധനാക്രമവും അന്ത്യോഖ്യൻ ദൗത്യസംഘം കൊണ്ടുവന്ന പാശ്ചാത്യ സുറിയാനിയിലുള്ള യാക്കോബിന്റെ തക്സയും മാത്രമായിരുന്നു.[3]: 181 [44]
തിരുവിതാംകൂർ രാജാവിന്റെ ഇടപെടലും സമവായവും
[തിരുത്തുക]ഇക്കാലയളവിൽ തിരുവിതാംകൂർ രാജാവ് മാർത്താണ്ഡവർമ്മ സ്വന്തം രാജ്യത്തെ ഭരണം നിയന്ത്രിച്ചിരുന്ന എട്ടുവീട്ടിൽ പിള്ളമാർ എന്ന പ്രഭുക്കന്മാരിൽ നിന്ന് അക്രമമാർഗ്ഗത്തിൽ അധികാരം പിടിച്ചെടുത്ത ശേഷം തന്റെ ആധിപത്യം വടക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള പടയോട്ടങ്ങളിൽ ആയിരുന്നു. തെക്കുംകൂർ, വടക്കുംകൂർ എന്നീ രാജ്യങ്ങളെ യുദ്ധം ചെയ്ത് കീഴടക്കിയ തിരുവിതാംകൂർ രാജാവിന്റെ അടുത്ത ലക്ഷ്യം കൊച്ചി രാജ്യം ആയിരുന്നു.[45] കോറപ്പിസ്കോപ്പ ഗീവർഗീസ് തുൻബുർഖി അദ്ദേഹത്തെ പേർഷ്യൻ അക്രമണകാരിയായ നാദിർഷായോടാണ് ഉപമിക്കുന്നത്. അക്കാലത്ത് കണ്ടനാട്ട് ആയിരുന്നു മഫ്രിയോനോ താമസിച്ചിരുന്നത്. തിരുവിതാംകൂർ രാജാവ് കണ്ടനാട് ആക്രമിച്ചില്ല.[6]: 70 മാവേലിക്കരയിലെ ഡച്ച് കമ്മാൻഡറുമായി നടത്തിയ ചർച്ചയിൽ സുറിയാനി ബിഷപ്പുമാരെ സഹായിക്കാൻ രാജാവ് സമ്മതിച്ചിരുന്നു.[3]: 180 ഡച്ചുകാർ തോമായിൽ നിന്ന് തങ്ങൾക്ക് അർഹതപ്പെട്ട പണം വാങ്ങി എടുക്കാനും തിരുവിതാംകൂർ രാജാവിന്റെ സഹായം തേടി. രാജാവിൻറെ കൽപ്പന പ്രകാരം അവസാനം തോമാ തൻ്റെ നിയന്ത്രണത്തിലുള്ള പള്ളികളുടെ വരുമാനവും നിരണം പള്ളിയുടെ നിക്ഷേപം വിറ്റ വകയിലുള്ള പണവും ഉപയോഗിച്ച് ഡച്ചുകാർക്കുള്ള കടം വീട്ടാൻ നിർബന്ധിതനായി.[6]: 79 [46][47] ശുക്ർ-അല്ലാഹിനെയും അന്ത്യോഖ്യൻ ദൗത്യസംഘത്തിലെ മറ്റ് രണ്ട് ബിഷപ്പുമാരെയും അംഗീകരിക്കാനും അവരോട് സഹകരിക്കാനും രാജാവ് തോമായോട് നിർദ്ദേശിച്ചു.[32] രാജാവിന്റെ നിർദ്ദേശപ്രകാരം 1754ൽ തോമാ 5ാമന് ശുക്ർ-അല്ലാഹിനെ ചെന്നുകണ്ട് ചർച്ച നടത്തി. ചർച്ചയ്ക്കൊടുവിൽ തോമാ അന്ത്യോഖ്യാ പാത്രിയർക്കീസിന്റെ അധികാരത്തിന് വിധേയപ്പെടുമെന്നും പകരം അന്ത്യോഖ്യൻ ദൗത്യസംഘം തോമായുടെ അംഗീകാരം കൂടാതെ പട്ടം കൊടുക്കുകയില്ല എന്നും ധാരണയായി. [48]
തോമായുമായുള്ള സമവായം തകരുന്നു
[തിരുത്തുക]രാജാവിൻറെ നിർദ്ദേശപ്രകാരം അന്ത്യോഖ്യൻ ദൗത്യസംഘവുമായി തോമാ 5ാമൻ സമവായത്തിൽ എത്തിയെങ്കിലും അവർക്ക് പൂർണമായി വിധേയപ്പെട്ട് ശുക്ർ-അല്ലാഹിൽ നിന്ന് മെത്രാൻ പട്ടം ഏൽക്കാൻ തോമ കൂട്ടാക്കിയില്ല. പകരം പഴയകൂറ്റുകാരുമായി ചേർന്ന് റോമുമായി ബന്ധം സ്ഥാപിക്കാനാണ് അദ്ദേഹം ശ്രമിച്ചുകൊണ്ടിരുന്നത്.[3]: 181 1758ൽ മാർത്താണ്ഡവർമ്മ മരണപ്പെടുകയും രാമവർമ്മ പുതിയ രാജാവായി തിരുവിതാംകൂറിൽ അധികാരം ഏൽക്കുകയും ചെയ്തു. ഈ അവസരം മുതലെടുത്ത് തോമ 5ാമൻ അദ്ദേഹത്തിൻറെ അടുക്കൽ എത്തി നിരവധി ഉപഹാരങ്ങൾ സമർപ്പിച്ച് പ്രീതി പിടിച്ചുപറ്റി. തുടർന്ന് ശുക്ർ-അല്ലാഹിനും അന്ത്യോഖ്യൻ ദൗത്യസംഘത്തിനും എതിരെ നിലപാടെടുക്കാൻ തുടങ്ങി. അവരെ അറിയിക്കാതെ 1760ൽ തന്റെ ബന്ധുവായ ഔസേപ്പിനെ തന്റെ ഭാവി പിൻഗാമിയായി ഉയർത്തുകയും ചെയ്തു.[32][49][50]
മഫ്രിയോനോയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ
[തിരുത്തുക]ഈ സംഭവവികാസങ്ങളിൽ ശുക്ർ-അല്ലാഹും ദൗത്യസംഘത്തിലെ മറ്റ് അംഗങ്ങളും തികച്ചും അസംതൃപ്തരായിരുന്നു. ഇതിനേത്തുടർന്ന് ശുക്ർ-അല്ലാഹ് മട്ടാഞ്ചേരിയിലേക്ക് താമസം മാറ്റി.[3]: 189 പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ആദായി എന്ന വൈദികൻ താമസിച്ചിരുന്നത് അവിടെയാണ്. മുളന്തുരുത്തിയിൽ നിന്നുള്ള കാട്ടുമാങ്ങാട്ട് അബ്രാഹം റമ്പാൻ ശുക്ർ-അല്ലാഹിനെ കാണാൻ മട്ടാഞ്ചേരിയിലേക്ക് പോയി. കാട്ടുമാങ്ങാട്ട് കുടുംബത്തിൽപെട്ട രണ്ട് വൈദികരിൽ മുതിർന്നയാൾ ആയിരുന്നു ഇദ്ദേഹം. അന്ത്യോഖ്യൻ ശൈലിയിലുള്ള വൈദികപരിശീലനത്തിന് നേതൃത്വം കൊടുക്കാൻ ശുക്ർ-അല്ലാഹ് നിയോഗിച്ചിരുന്നത് ഇദ്ദേഹത്തെ ആയിരുന്നു. മട്ടാഞ്ചേരിയിൽ എളിമീശാ പള്ളി എന്നറിയപ്പെട്ടിരുന്ന ഗീവർഗ്ഗീസ് സഹദായുടെ പള്ളിയിൽവെച്ച് അബ്രഹാം റമ്പാനെ കൂറിലോസ് എന്ന പേരിൽ അദ്ദേഹം ബിഷപ്പായി അഭിഷേകം ചെയ്തു.[51][52][53]
അന്ത്യം
[തിരുത്തുക]തോമാ 5ാമനെ വിധേയപ്പെടുത്തുക എന്ന ലക്ഷ്യം പൂർത്തീകരിക്കാനായില്ല എങ്കിലും മഫ്രിയോനോ ബസേലിയോസ് ശുക്ർ-അല്ലാഹ് തൻ്റെ ലക്ഷ്യത്തിൽ നിന്ന് പിന്മാറിയിരുന്നില്ല. എന്നാൽ വാർദ്ധക്യം അദ്ദേഹത്തിന്റെ സജീവമായ പ്രവർത്തനങ്ങൾക്ക് തടസ്സമായി. തന്റെ ദൗത്യസംഘത്തിൽ ഉൾപ്പെട്ട ഗ്രിഗോറിയോസ് യുഹന്ന മെത്രാപ്പോലീത്തയെയും ഇവാനിയോസ് യൂഹാനോൻ ക്രിസ്തോഫൊറോസ് എപ്പിസ്കോപ്പയെയും അദ്ദേഹം തൻറെ ലക്ഷ്യം പൂർത്തിയാക്കാൻ നിയോഗിച്ചു. മഫ്രിയോനോ മട്ടാഞ്ചേരിയിൽ താൻ സ്വന്തം പണം ഉപയോഗിച്ച് വാങ്ങിയ സ്ഥലത്ത് പണികഴിപ്പിച്ച പള്ളിയിലാണ് തന്റെ അവസാന നാളുകൾ ചിലവഴിച്ചത്. അവിടെ വെച്ച് തദ്ദേശീയനായ കാട്ടുമാങ്ങാട്ട് അബ്രാഹം കൂറിലോസിനെ എപ്പിസ്കോപ്പയായി അദ്ദേഹം അഭിഷേകം ചെയ്തു. ഈ സംഭവം നടന്നതിന്റെ പിറ്റേദിവസം തന്നെ മഫ്രിയോനോ മരണമടഞ്ഞു.[3]: 206 1764 ഒക്ടോബർ 20നായിരുന്നു ബസേലിയോസ് ശുക്ർ-അല്ലാഹിന്റെ അന്ത്യം. തുടർന്ന് അദ്ദേഹത്തിൻറെ അനുയായികൾ അദ്ദേഹത്തിൻറെ ഭൗതികദേഹം ദീർഘകാലം അദ്ദേഹം ആസ്ഥാനമാക്കിയിരുന്ന കണ്ടനാട് പള്ളിയിലേക്ക് സംവഹിക്കുകയും ഒക്ടോബർ 22ന് പള്ളിയുടെ മദ്ബഹയിൽ കബറടക്കുകയും ചെയ്തു.[5]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 ബർസോം, ഇഗ്നാത്തിയോസ് അഫ്രേം 1 (2003). The Scattered Pearls: A History of Syriac Literature and Sciences. Translated by Matti Moosa. Gorgias Press. p. 519.
{{cite book}}
: CS1 maint: numeric names: authors list (link) - ↑ Perczel, István (2013). Peter Bruns; Heinz Otto Luthe (eds.). "Some New Documents on the Struggle of the Saint Thomas Christians to Maintain the Chaldaean Rite and Jurisdiction". Orientalia Christiana. Festschrift für Hubert Kaufhold zum 70. Geburtstag; pp. 415-436. Wiesbaden: Harrassowitz Verlag: 427.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 Fenwick, John R. K. (2009). The Forgotten Bishops: The Malabar Independent Syrian Church and its Place in the Story of the St Thomas Christians of South India. Gorgias Press. pp. 150, 155, 157, 169–246. ISBN 978-1-60724-619-0.
- ↑ Fenwick, John R. K. (2011). "Malabar Independent Syrian Church". In Sebastian P. Brock; Aaron M. Butts; George A. Kiraz; Lucas Van Rompay (eds.). Gorgias Encyclopedic Dictionary of the Syriac Heritage. Gorgias Press.
- ↑ 5.0 5.1 "Mor Baselios Shakralla". syriacchristianity.com. Archived from the original on 2023-12-06. Retrieved 2023-10-09.
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 6.13 6.14 6.15 6.16 ബർസോം, ഇഗ്നാത്തിയോസ് അഫ്രേം 1 (2009). History of the Syriac Dioceses. Translated by Matti Moosa. Piscataway, New Jersey: Gorgias Press. pp. 60–99.
{{cite book}}
: CS1 maint: numeric names: authors list (link) - ↑ ബർസോം (2009), പുറം. 60-61.
- ↑ 8.0 8.1 Fenwick (2009), പുറം. 170.
- ↑ Fenwick (2009), പുറം. 52-53, 170.
- ↑ Perczel (2013), പുറം. 427.
- ↑ Perczel (2013), പുറം. 415-7.
- ↑ Fenwick (2009), പുറം. 151-3.
- ↑ Fenwick (2009), പുറം. 198-9.
- ↑ തെക്കേടത്ത്, ജോസഫ്. History of Christianity in India. Vol. II. p. 104.
- ↑ Fenwick (2009), പുറം. 156.
- ↑ Fenwick (2009), പുറം. 157-8.
- ↑ ഡൂപെറോൺ, ആൻക്വെറ്റിൽ എബ്രഹാം ഹയസിന്ത് (1771). സെന്ദ് അവെസ്ത. Vol. 1. N. M. Tillard. p. clxxxxiii.
- ↑ Moens, Adriaan (1911). A.Galletti; A.J. van der Burg; P. Groot (eds.). Memorandum on the Administration of the Coast of Malabar by the Right Worshipful Adriaan Moens, Extraordinary Member of the Council of India, Governor and Director of the Malabar Coast, Canara and Vingorla, drawn up for the information of his successor. Dated 18th April 1781, 1781. The Dutch in Malabar: Selections from the Records of the Madras Government, (Dutch Records No. 13, Madras). Government Press. p. 176.
- ↑ പൗളിനോസ് (1794). ഇന്ത്യ ഓറിയന്റലിസ് ക്രിസ്ത്യാന. Typis Salomonianis. page: 109
- ↑ Fenwick (2009), പുറം. 160-1.
- ↑ Fenwick (2009), പുറം. 161, 165.
- ↑ Fenwick (2009), പുറം. 162.
- ↑ കെ. സി. വർഗ്ഗീസ് (1981). മലബാർ സ്വതന്ത്ര സുറിയാനി സഭാ ചരിത്രം. കുന്നംകുളം. p. 9.
{{cite book}}
: CS1 maint: location missing publisher (link) - ↑ Hambye, E. R. (1997). History of Christianity in India. Vol. III. ബാംഗ്ലൂർ: Church History Association of India. p. 50.
- ↑ Fenwick (2009), പുറം. 169-170.
- ↑ 26.0 26.1 26.2 യാക്കൂബ് 3, ഇഗ്നാത്തിയോസ് (2001). History of the Syrian Church of India. Translated by Matti Moosa. Piscataway: Gorgias Press. p. 92.
{{cite book}}
: CS1 maint: numeric names: authors list (link) - ↑ കണിയാമ്പറമ്പിൽ, കുര്യൻ (1989). The Syrian Orthodox Church in India and its Apostolic Faithl. Detroit: Philips Gnashikhamony. p. 107.
- ↑ ബർസോം (2009), പുറം. 66-7.
- ↑ 29.0 29.1 ബർസോം (2009), പുറം. 62-3.
- ↑ Fenwick (2009), പുറം. 171.
- ↑ 31.0 31.1 ബർസോം (2009), പുറം. 67.
- ↑ 32.0 32.1 32.2 32.3 32.4 32.5 32.6 32.7 Moens (1911), പുറം. 177.
- ↑ Fenwick (2009), പുറം. 172.
- ↑ 34.0 34.1 34.2 ബർസോം (2009), പുറം. 67-69.
- ↑ യാക്കൂബ് 3 (2001), പുറം. 98.
- ↑ ഓക്സ്ഫോർഡിലെ ബൊഡ്ലെയിൻ ഗ്രന്ഥശാലയിൽ സൂക്ഷിച്ചിരിക്കുന്ന ആംഗ്ലിക്കൻ സഭാ മിഷനറിയും പണ്ഡിതനുമായ വില്ല്യം ഹോഡ്ജ് മില്ലിന്റെ യാത്രാവിവരണം. (Fenwick 2009, പുറം. 173)
- ↑ 37.0 37.1 കണിയാമ്പറമ്പിൽ (1989), പുറം. 110.
- ↑ Fenwick (2009), പുറം. 172-3.
- ↑ Neill, Stephen (1985). A History of Christianity in India: 1707-1858 (2002 ed.). Cambridge: Cambridge University Press. p. 66. ISBN 9780521893329.
- ↑ Fenwick (2009), പുറം. 176-7.
- ↑ Fenwick (2009), പുറം. 177.
- ↑ പുതുശ്ശേരി, വർഗ്ഗീസ് (2008). Reunion Efforts of St Thomas Christians of India (1750-1773): A Historical-Critical Analysis of Contemporary Documents. Thrissur: Marymatha Publications. pp. 35, 42–45.
- ↑ Brown, Leslie (1982). The Indian Christians of St Thomas (രണ്ടാം ed.). കേംബ്രിഡ്ജ്.
{{cite book}}
: CS1 maint: location missing publisher (link) - ↑ ഡൂപെറോൺ (1771), പുറം. clxv.
- ↑ Fenwick (2009), പുറം. 19-22.
- ↑ Keay, F. E. (1938). A History of the Syrian Church in India (in ഇംഗ്ലീഷ്). p. 57.
- ↑ ഫിലിപ്പ്, ഇ. എം. (1902). The Indian Church of St. Thomas (in ഇംഗ്ലീഷ്). p. 156-7.
- ↑ Keay (1938), പുറം. 57-8.
- ↑ പൗളിനോസ് (1794), പുറം. 109.
- ↑ Brown (1982), പുറം. 121.
- ↑ Fenwick (2009), പുറം. 202-222.
- ↑ പൗളീനോസ് (1794), പുറം. 114.
- ↑ തോമസ് റോബിൻസൺ അയച്ച കത്ത്.
Heber, Reginald, ed. (1828). Narrative of a Journey Through the Upper Provinces of India: From Calcutta to Bombay, 1824 - 1825, (with Notes Upon Ceylon,) an Account of a Journey to Madras and the Southern Provinces, 1826, and Letters Written in India: in Three Volumes. Vol. 3. p. 492.