ഓശാന ഞായർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ചയാണ്ഓശാന ഞായർ അഥവാ കുരുത്തോലപ്പെരുന്നാൾ (ഇംഗ്ലീഷ്: Palm Sunday) എന്ന് അറിയപ്പെടുന്നത്. അന്നേ ദിവസം ക്രിസ്തീയ വിശ്വാസികൾ കുരിശിലേറ്റപ്പെടുന്നതിനു മുൻപ്‌ ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ച്‌, 'ഓശാന ഓശാന ദാവീദിന്റെ പുത്രന്‌ ഓശാന' എന്നു പാടി സാധാരണക്കാരായ ജനങ്ങൾ വരവേറ്റ ബൈബിൾ സംഭവത്തെ അനുസ്മരിക്കുന്നു. ഓശാന ഞായറോട് കൂടി ക്രൈസ്തവ സഭകൾ വിശുദ്ധ വാരത്തിലേക്ക് കടക്കുന്നു.

ബൈബിൾ പശ്ചാത്തലം[തിരുത്തുക]

'യേശുവിന്റെ ജറുസലേം ആഗമനത്തിന്റെ ഒരു ചിത്രീകരണം

ബൈബിൾ പുതിയനിയമത്തിലെ നാലു സുവിശേഷങ്ങളിലും യേശുവിന്റെ ജറുസലേമിലേക്കുള്ള രാജകീയമായ പ്രവേശത്തെപ്പറ്റി വിവരണം ഉണ്ടെങ്കിലും യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമാണ് കൃത്യമായ ഒരു സമയരേഖ നൽകിയിട്ടുള്ളത്. യോഹന്നാന്റെ സുവിശേഷത്തിൽ (യോഹന്നാൻ 12:1–19) യഹൂദരുടെ പെസഹാ പെരുന്നാളിന്റെ ആറു ദിവസങ്ങൾക്ക് മുൻപായി യേശു മരിച്ചവരിൽ നിന്നു ഉയിർപ്പിച്ച ലാസർ പാർത്ത ബേഥാന്യയിലേക്കു യേശു വന്നു എന്നും പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു, ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു കൊണ്ട് അവനെ എതിരേല്പാൻ ചെന്നതായും എഴുതിയിരിക്കുന്നു. മർക്കോസിന്റെ സുവിശേഷത്തിലെ (മർക്കോസ് 11:1–11) വിവരണം ഇപ്രകാരമാണ് :

അവർ യെരൂശലേമിനോടു സമീപിച്ചു ഒലീവ് മലയരികെ ബേത്ത്ഫാഗയിലും ബേഥാന്യയിലും എത്തിയപ്പോൾ അവൻ ശിഷ്യന്മാരിൽ രണ്ടുപേരെ അയച്ചു അവരോടു: നിങ്ങൾക്കു എതിരെയുള്ള ഗ്രാമത്തിൽ ചെല്ലുവിൻ ; അതിൽ കടന്നാൽ ഉടനെ ആരും ഒരിക്കലും കയറീട്ടില്ലാത്ത ഒരു കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കാണും; അതിനെ അഴിച്ചു കൊണ്ടുവരുവിൽ. ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാൽ കർത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിൻ ; അവൻ ക്ഷണത്തിൽ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു. അവർ പോയി തെരുവിൽ പുറത്തു വാതിൽക്കൽ കഴുതകുട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു. അവിടെ നിന്നവരിൽ ചിലർ അവരോടു: നിങ്ങൾ കഴുതകുട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു. യേശു കല്പിച്ചതുപോലെ അവർ അവരോടു പറഞ്ഞു; അവർ അവരെ വിട്ടയച്ചു. അവർ കഴുതകുട്ടിയെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു തങ്ങളുടെ വസ്ത്രം അതിന്മേൽ ഇട്ടു; അവൻ അതിന്മേൽ കയറി ഇരുന്നു. അനേകർ തങ്ങളുടെ വസ്ത്രം വഴിയിൽ വിരിച്ചു; മറ്റു ചിലർ പറമ്പുകളിൽ നിന്നു ചില്ലിക്കൊമ്പു വെട്ടി വഴിയിൽ വിതറി. മുമ്പും പിമ്പും നടക്കുന്നവർ: ഹോശന്നാ, കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ : വരുന്നതായ രാജ്യം, നമ്മുടെ പിതാവായ ദാവീദിന്റെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു."

സമാനമായ വിവരണം മത്തായിയുടെ സുവിശേഷത്തിലും (മത്തായി 21:1–11) ലൂക്കോസിന്റെ സുവിശേഷത്തിലും (ലൂക്കോസ് 19:28–44) നൽകിയിട്ടുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ ഇത് "സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു" എന്ന പഴയനിയമ കാല പ്രവാചകനായിരുന്ന സഖര്യാവിന്റെ പ്രവചനത്തിന്റെ (സഖര്യാവ് 9:9) പൂർത്തീകരണമായാണ് വിശദീകരിച്ചിരിക്കുന്നത്.

ആനുഷ്ഠാനങ്ങൾ[തിരുത്തുക]

ഓർത്തഡോക്സ് സഭയിൽ ഓശാന പ്രദക്ഷിണത്തിനിടെയുള്ള സുവിശേഷവായന ചടങ്ങ്

അന്നേ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും യേശുവിന്റെ ജറുസലേമിലേക്കുള്ള ആഘോഷപൂർവ്വമായ ആഗമനത്തെപ്പറ്റിയുള്ള സുവിശേഷ ഭാഗങ്ങളൂടെ വായനയും കുരുത്തോലകളുടെ ആശീർവാദവും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ട്‌. വിശ്വാസികൾ കുരുത്തോലയെ വളരെ പൂജ്യമായി കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. കത്തോലിക്കാ ദേവാലയങ്ങളിൽ പിറ്റേവർഷത്തെ വലിയ നോമ്പിന്റെ ആരംഭം കുറിച്ചുകൊണ്ടുള്ള വരുന്ന വിഭൂതി പെരുന്നാളിൽ (കുരിശുവരപ്പെരുന്നാൾ) ഓശാന ഞായറാഴ്ച പള്ളികളിൽ നിന്നും ലഭിക്കുന്ന ഈ കുരുത്തോലകൾ കത്തിച്ച ചാരമുപയോഗിച്ച് നെറ്റിയിൽ കുരിശു വരയ്ക്കുന്നു. പൗരസ്ത്യ സുറിയാനി പാരമ്പര്യത്തിൽ പെട്ട ഓർത്തഡോക്സ് സഭകളിൽ ഈ കുരുത്തോലകൾ അടുത്തു വരുന്ന ക്രിസ്തുമസ് ദിനത്തിലെ തീജ്വാല ശുശ്രൂഷകളിൽ ഉപയോഗിക്കുന്നു.

കിഴക്കൻ തിമൂറിലെ ഓശാന ഞായർ ആഘോഷങ്ങളിലെ ഒരു രംഗം

എല്ലാ ക്രൈസ്തവ സഭകളിലും കുരുത്തോലയല്ല ഉപയോഗിക്കുന്നതെന്നു കാണാം. റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും.

കേരളത്തിലെ കത്തോലിക്കരുടെ ഇടയിൽ യേശുവിന്റെ ശിഷ്യന്മാരുമൊത്തുള്ള അന്ത്യ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹാ വ്യാഴാഴ്ച കാച്ചുന്ന പാലിൽ കുരുത്തോലകൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് ഇടാറുണ്ട്. അതേ ദിവസം ഉണ്ടാക്കുന്ന പുളിക്കാത്തപ്പം അഥവാ ഇൻ‌റിയപ്പത്തിന്റെ നടുവിൽ ഓശാന മുറിച്ചു കുരിശാകൃതിയിൽ വക്കുന്നു. കുരുത്തോല കൊണ്ടുണ്ടാക്കിയ ചെറിയ കുരിശ് പെസഹാ അപ്പത്തിന്റെ നടുവിൽ വെക്കുന്നു.



ഇതര ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഓശാന_ഞായർ&oldid=3970337" എന്ന താളിൽനിന്ന് ശേഖരിച്ചത്