ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
ആദ്യത്തെ മൂന്ന് സാർവ്വത്രിക സൂനഹദോസുകൾ -നിഖ്യാ സൂനഹദോസ്, കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ്, എഫേസൂസ് സൂനഹദോസ്- മാത്രം അംഗീകരിക്കുന്ന പൗരസ്ത്യ ക്രിസ്തുമതസഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ. ക്രി വ 451-ൽ ഏഷ്യാമൈനറിലെ കല്ക്കിദോൻ എന്ന സ്ഥലത്തു വെച്ച് നടന്ന കല്ക്കിദോൻ സൂനഹദോസ് മുന്നോട്ട് വെച്ച ക്രിസ്തുശാസ്ത്രതത്ത്വങ്ങളെ നിരാകരിച്ചതിനാൽ ഈ സഭകളെ അകല്ക്കിദോൻ സഭകൾ (ഇംഗ്ലീഷ്: Non-chalcedonian churches) എന്നും[൧] ഐക്യസഭാവ ക്രിസ്തുശാസ്ത്രം സ്വീകരിച്ചിരിക്കുന്നതിനാൽ ഐക്യസ്വഭാവവാദി സഭകൾ (ഇംഗ്ലീഷ്: Miaphysite churches) എന്നും അറിയപ്പെടുന്നു.
പിന്നീട് ദീർഘകാലം കാര്യമായ പരസ്പര സമ്പർക്കം ഇല്ലാതെ കഴിഞ്ഞ ഈ സഭകൾ ഒത്തുചേർന്നത് 1965ൽ എത്യോപ്യൻ തലസ്ഥാനമായ അഡ്ഡിസ് അബാബയിൽ ഹെയിലി സലാസി ചക്രവർത്തിയുടെ രക്ഷകർത്തൃത്വത്തിൽ ചേർന്ന സഭാ സമ്മേളനത്തിൽ വെച്ചാണ്. അതിൽ പങ്കെടുത്ത അർമീനിയൻ ഓർത്തഡോക്സ് സഭ, കോപ്റ്റിക് ഓർത്തഡോക്സ് സഭ, എത്യോപ്യൻ ഓർത്തഡോക്സ് സഭ, സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ, എറിത്രിയൻ ഓർത്തഡോക്സ് സഭ എന്നീ ആറു സഭകളാണ് ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയുടെ സ്ഥാപക സഭകൾ. അഡ്ഡിസ് അബാബാ സമ്മേളനത്തിൽ പങ്കെടുത്ത ഈ സഭകൾ ചേർന്നതാണ് ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്ഥിരം സമിതി. ഈ സഭകൾ കൗദാശികപരമായും സംഘടനാപരമായും പൂർണ്ണ സംസർഗ്ഗം പുലർത്തുന്നവയാണ്.[1] ഇതിനുപുറമേ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, മലബാർ സ്വതന്ത്ര സുറിയാനി സഭ തുടങ്ങിയ സഭകളും ഓറിയന്റൽ ഓർത്തഡോക്സ് വിശ്വാസം പാലിക്കുന്നുണ്ട്. ഇതിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, അർമ്മേനിയൻ, കോപ്റ്റിക്, എത്യോപ്യൻ, എറീട്രിയൻ എന്നീ നാല് സഭകളുമായും കൗദാശിക സംസർഗ്ഗം തുടരുന്നുണ്ട്. എന്നാൽ സുറിയാനി ഓർത്തഡോക്സ്, മലങ്കര സുറിയാനി ഓർത്തഡോക്സ് എന്നീ സഭകളുമായി കലഹത്തിലാണ്.
ഓറിയന്റൽ(Oriental) എന്ന പദത്തിനും പൗരസ്ത്യം (Eastern) എന്ന അർത്ഥമുണ്ടെങ്കിലും ഓറിയന്റൽ ഓർത്തഡോക്സ് സഭകളും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിൽ കൂദാശാപരമായ സംസർഗ്ഗമില്ല. 5-ആം നൂറ്റാണ്ടിലെ കല്ക്കിദോൻ സുന്നഹദോസിനെ തുടർന്നുണ്ടായ ഭിന്നതകൾ പരിഹരിച്ച് ഇരു സഭാസമൂഹങ്ങളും തമ്മിലുള്ള ബന്ധം പുന:സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ 20-ആം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ചെങ്കിലും പൂർണ്ണഫലപ്രാപ്തിയിലെത്തിയിട്ടില്ല.
ചരിത്രം
[തിരുത്തുക]യൂസ്തിക്കസ്, അപ്പല്ലനാരിസ്, നെസ്തോറിയസ് എന്നിവരുടെ ഉപദേശങ്ങളുടെ പശ്ചാത്തലത്തിൽ കൂടിയ കൽക്കദോൻ സുന്നഹദോസിൽ ഇവരുടെ പഠിപ്പിക്കലുകൾ വേദവിപരീതങ്ങളായി തള്ളിക്കളയുന്നതിനും അതനുസരിച്ചുള്ള നിർവ്വചനങ്ങൾ വിശ്വാസപ്രമാണങ്ങളായി ചേർക്കുന്നതിനും അഭിപ്രായ ഐക്യമുണ്ടായി എന്നാൽ യേശുവിൽ ദൈവത്വവും മനുഷത്വവും എപ്രകാരം നിലനിന്നിരുന്നു എന്നു വിശദീകരിക്കുന്ന വാക്യത്തിലെ 'രണ്ടു സ്വഭാവങ്ങളിൽ' (in two natures) എന്ന പദപ്രയോഗം അലക്സാന്ത്രിയൻ പാരമ്പര്യത്തിലുള്ള പൗരസ്ത്യ സഭകൾക്ക് സ്വീകാര്യമായി തോന്നിയില്ല. നെസ്തോറിയൻ വിശ്വാസത്തിന്റെ വേറൊരു രൂപമാണിതെന്നും അതിനാൽ 'രണ്ടു സ്വഭാവങ്ങളിൽ നിന്ന്' (from two natures) എന്ന ശൈലിയാണ് സ്വീകാര്യമെന്നും ഇക്കൂട്ടർ വാദിച്ചു. ഈ വാദപ്രതിവാദങ്ങൾ അവിടെ സന്നിഹിതരായിരുന്ന സഭാപ്രതിനിധികളെ രണ്ടു പക്ഷങ്ങളിലാക്കി. റോമിലെയും കുസ്തന്തനോപൊലിസിലെയും (പിൽക്കാലത്ത് റോമൻ കത്തോലിക്കാ സഭ, പൗരസ്ത്യ ഓർത്തഡോക്സ് സഭ) സഭകൾ ആദ്യത്തെ ശൈലിയെ അംഗീകരിക്കുകയും കൽക്കദോന്യ സുന്നഹദോസിലെ തീരുമാനങ്ങളെയെല്ലാം അംഗീകരിക്കുകയും ചെയ്തു. കൽക്കദോൻ സുന്നഹദോസ് തീരുമാനങ്ങളെ തിരസ്കരിച്ച സഭകൾ കാലക്രമേണ ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ എന്ന പേരു സ്വീകരിച്ചു. ക്രിസ്തുശാസ്ത്രപരമായ ചിന്താഗതികളുടെ സംഘട്ടനം എന്നതിനു പുറമേ ഭാഷാപരമായും, സാംസ്കാരികമായും ദേശീയമായും ഉള്ള വ്യത്യാസങ്ങളും ഈ പിളർപ്പിന് വഴിതെളിച്ചുവെന്ന് കരുതപ്പെടുന്നു.
ഭൂമിശാസ്ത്രപരമായ പ്രാതിനിധ്യം
[തിരുത്തുക]ഓറിയന്റൽ ഓർത്തഡോക്സി അർമേനിയയിലെയും (94%) എത്യോപ്യയിലെയും (62% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 43%) [2] എറിത്രിയയിലെയും (50%) പ്രധാനമതവും ഈജിപ്ത്(9%),[3] സുഡാൻ(15% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 3–5%), സിറിയ(10% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 2-3%), ലെബനോൻ (40% ഉള്ള ക്രിസ്ത്യൻ ജനസംഖ്യയുടെ 10%)എന്നിവിടങ്ങളിലെ ന്യൂനപക്ഷമതവുമാണ്. കേരളത്തിലെ 20% വരുന്ന ക്രൈസ്തവരിൽ 7% ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽ പെടുന്നു.[4] അംഗസംഖ്യയിൽ എത്യോപ്യൻ ഓർത്തഡോക്സ് സഭയ്ക്ക് ഓറിയന്റൽ വിഭാഗത്തിൽ പ്രഥമ സ്ഥാനവും പൗരസ്ത്യ-ഓറിയന്റൽ വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവുമാണുള്ളത്.[൨]
അംഗസഭകൾ
[തിരുത്തുക]1965ൽ എത്യോപ്യൻ തലസ്ഥാനമായ അഡ്ഡിസ് അബാബയിൽ ചേർന്ന അകൽക്കിദോന്യ സഭാധ്യക്ഷന്മാരോടെ സമ്മേളനത്തിൽ പങ്കെടുത്ത സഭകൾ താഴെപ്പറയുന്നവയാണ്:
- കോപ്റ്റിക് ഓർത്തഡോക്സ് സഭ
- എത്യോപ്യൻ ഓർത്തഡോക്സ് സഭ
- എറിത്രിയൻ ഓർത്തഡോക്സ് സഭ
- സുറിയാനി ഓർത്തഡോക്സ് സഭ (അന്ത്യോഖ്യാ പാത്രിയർക്കാസനം)
- മലങ്കര സുറിയാനി ഓർത്തഡോക്സ് സഭ (പൗരസ്ത്യ കാതോലിക്കാസനം)
- അർമേനിയൻ ഓർത്തഡോക്സ് സഭ (എച്മിയാഡ്സിനിലെ പ്രധാന കാതോലിക്കാസനം)
- അർമേനിയൻ സഭയുടെ കിലിക്യായിലെ കാതോലിക്കാസനം
- കോൺസ്റ്റാന്റിനോപ്പിൾ അർമേനിയൻ പാത്രിയർക്കാസനം
- ജറുസലേം അർമേനിയൻ പാത്രിയർക്കാസനം
ഓറിയന്റൽ ഓർത്തഡോക്സ് സഭാകൂട്ടായ്മയുടെ മേൽപ്പറഞ്ഞ സ്ഥാപക അംഗസഭകൾക്കിടയിൽ പൂർണ്ണമായ കൂദാശ സംസർഗ്ഗം നിലനിൽക്കുന്നു. കൂടാതെ ഇവർ ഓറിയന്റൽ ഓർത്തഡോക്സ് സഭകളുടെ സ്ഥിരം സമിതിയിൽ അംഗങ്ങളുമാണ്.[1]
മറ്റ് ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ
[തിരുത്തുക]- മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ (ഇന്ത്യൻ ഓർത്തഡോക്സ് സഭ)
- ബ്രിട്ടീഷ് ഓർത്തഡോക്സ് സഭ
- ഫ്രഞ്ച് കോപ്റ്റിക് ഓർത്തഡോക്സ് സഭ
- മലബാർ സ്വതന്ത്ര സുറിയാനി സഭ
കത്തോലിക്കാ സഭയെയും പൗരസ്ത്യ ഓർത്തഡോക്സ് സഭയെയും അപേക്ഷിച്ചു് അംഗസംഖ്യ കുറവാണെങ്കിലും വ്യത്യസ്തങ്ങളായ ഭാഷ, നരവംശം, സംസ്കാരം, ദേശീയത എന്നിവയെ ഉൾക്കൊള്ളുന്ന സഭാകടുംബമാണു് ഓറിയന്റൽ ഓർത്തഡോക്സ്. വ്യത്യസ്ത ചരിത്രസാഹചര്യങ്ങളിലും ആരാധനാപാരമ്പര്യങ്ങളിലുമായി വികസിച്ചതാണു് ഇതിലെ സ്വയം ശീർഷകസഭകൾ. അംഗസഭകളുടെ മേലധ്യക്ഷന്മാർ പാത്രിയർക്കീസ്, കാതോലിക്കോസ് തുടങ്ങിയ സ്ഥാനികനാമങ്ങൾ ഉപയോഗിക്കുന്നു. കോപ്റ്റിക് ഓർത്തഡോക്സ് സഭയുടെ തലവൻ പാത്രിയർക്കീസ് എന്നതിനു പുറമേ പോപ്പ് എന്ന് കൂടി അറിയപ്പെടുന്നു. ഓറിയന്റൽ ഓർത്തഡോക്സ് സഭകൾക്കു് പൊതു സഭാതലവനില്ല. പക്ഷേ, അവരിൽ ഒന്നാം സ്ഥാനം അലക്സാന്ത്രിയൻ പാത്രിയർക്കീസായ കോപ്റ്റിക് പോപ്പിനും രണ്ടാം സ്ഥാനം അന്ത്യോക്യൻ പാത്രിയർക്കീസിനും പരമ്പരാഗതമായിട്ടുണ്ടു്. [5]
1965-ലെ അഡിസ് അബാബ സമ്മേളന തീരുമാനപ്രകാരം ആഡിസ് അബാബ ആസ്ഥാനമാക്കി നിലവിൽവന്നതും അംഗസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികളടങ്ങിയതുമായ ഓറിയന്റൽ ഓർത്തഡോക്സ് സ്ഥിരംസമിതി, 1974-ൽ എത്യോപ്യയിലുണ്ടായ സൈനിക അട്ടിമറിയെത്തുടർന്നു് നിലച്ചുപോയി. പിന്നീടു്, 2005 ജനുവരിയിൽ സ്വയംശീർഷകസഭകളോരോന്നിന്റെയും ഈരണ്ടു് പ്രതിനിധികൾ വീതം അടങ്ങിയ ഓറിയന്റൽ ഓർത്തഡോക്സ് കൺസൾട്ടേറ്റീവ് കമ്മറ്റി നിലവിൽ വന്നു. ആണ്ടിൽ ഒരുപ്രാവശ്യമെങ്കിലും കൂടുന്ന 14 അംഗ കൺസൾട്ടേറ്റീവ് കമ്മിറ്റി അങ്ങനെ 2005 ജനുവരി മുതൽ പ്രവൃത്തിയ്ക്കുന്നുണ്ടു്.[6]
അഭ്യന്തര തർക്കങ്ങൾ
[തിരുത്തുക]അർമേനിയൻ ഓർത്തഡോക്സ് സഭയിലെ എച്മിയാഡ്സിനിലെയും സിലിഷ്യയിലെയും കാതോലിക്കാ സ്ഥാനങ്ങൾ തമ്മിൽ പലപ്പോഴും രൂക്ഷമായ അധികാരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ഇപ്പോൾ സിലിഷ്യയിലെ കാതോലിക്കോസ് എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ പ്രഥമസ്ഥാനം അംഗീകരിക്കുന്നുണ്ടെങ്കിലും തന്റെ ഭരണസീമയിലുള്ള വൈദികരുടെയും ഭദ്രാസനങ്ങളുടെയും സ്വതന്ത്ര നിയന്ത്രണത്തിനുള്ള അധികാരം നിലനിർത്തിയിട്ടുണ്ട്.
ഇന്ത്യയിലെ ഓർത്തഡോക്സ് സഭകൾ മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ എന്നിങ്ങനെ രണ്ടു സഭകളായി 1912 മുതൽ നിലനിൽക്കുന്നു. അന്തോഖ്യയിലെ സുറിയാനി പാത്രിയർക്കീസിന്റെ പരമാധ്യക്ഷത അംഗീകരിക്കുന്ന യാക്കോബായ സഭ, സുറിയാനി ഓർത്തഡോക്സ് സഭയുടെ നിയന്ത്രിത സ്വയംഭരണാധികാരമുള്ള ഇന്ത്യയിലെ കാതോലിക്കേറ്റ് എന്ന നിലയിൽ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഭാഗമായി നിലനിൽക്കുമ്പോൾ പൗരസ്ത്യ കാതോലിക്കോസിനു കീഴിൽ സ്വതന്ത്രസഭയായി നിലനിൽക്കുന്ന മലങ്കര ഓർത്തഡോക്സ് സഭ പാത്രിയർക്കീസിനു മലങ്കരയിൽ ആത്മിയ മേലദ്ധ്യക്ഷത മാത്രമാണുള്ളതെന്ന് ഭരണഘടനപ്രകാരം നിശ്ചയിച്ചിരിക്കുന്നു.
കുറിപ്പുകൾ
[തിരുത്തുക]൧ ^ പൗരസ്ത്യ ഓർത്തഡോക്സ് സഭയും കത്തോലിക്കാ സഭയും കല്ക്കിദോൻ സുന്നഹദോസ് തീരുമാനങ്ങളെ അംഗീകരിച്ചതിനാൽ അവയെ കല്ക്കിദോൻ സഭകൾ എന്നും വിശേഷിപ്പിക്കാറുണ്ട്.
൨ ^ പൗരസ്ത്യ ഓർത്തഡോക്സ് സഭയായ റഷ്യൻ ഓർത്തഡോക്സ് സഭയാണ് അംഗസംഖ്യയിൽ മുന്നിൽ നിൽക്കുന്നത്.
ഇവയും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Member churches – SCOOCH". scooch.org (in ഇംഗ്ലീഷ്). Standing Conference of the Oriental Orthodox Churches. Retrieved 2022-10-12.
- ↑ "Ethiopia: 2007 Census" (PDF). Archived from the original (PDF) on 2012-06-04. Retrieved 2013-06-22.
- ↑ "The World Factbook: Egypt". CIA. Archived from the original on 2018-12-24. Retrieved 2010-10-07.
- ↑ "syrianchurch.org". Archived from the original on 2013-10-16. Retrieved 2013-06-22.
- ↑ പൗരസ്ത്യ ക്രൈസ്തവദർശനം എന്ന ഗ്രന്ഥത്തിൽ ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് പറയുന്നു,
“ ഇതിൽ ഓറിയന്റൽ ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട സഭകളിൽവച്ചു് അലക്സാന്ത്രിയൻ പാത്രിയർക്കീസ്(കോപ്റ്റിക്ക് പോപ്പ്) ആദ്യസ്ഥാനവും അതിനടുത്ത സ്ഥാനം അന്ത്യോക്യയ്ക്കും ഉണ്ടെങ്കിലും സഭാകുടുംബത്തെ മുഴുവൻ സംഘടിപ്പിയ്ക്കാനുള്ള അവകാശങ്ങളൊന്നും അവർക്കില്ല. ” - ↑ മദ്ധ്യപൗരസ്ത്യദേശങ്ങളിലെ ഓറിയന്റൽ ഓർത്തഡോക്സ് സഭാതലവൻമാരുടെ പൊതുപ്രഖ്യാപനം Archived 2008-05-10 at the Wayback Machine. അഞ്ചാം താൾ കാണുക