അർമേനിയൻ ഓർത്തഡോക്സ് സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർമേനിയൻ അപ്പോസ്തോലിക സഭയുടെ ഔദ്യോഗിക മുദ്ര.

ഓറിയന്റൽ ഓർത്തഡോക്സ് സഭാകുടുംബത്തിലെ ഒരു അംഗസഭയാണ് ആർമീനിയൻ അപ്പോസ്തോലിക സഭ അഥവാ അർമീനിയൻ ഓർത്തഡോക്സ് സഭ. ഏറ്റവും പുരാതനദേശീയ സഭയായ അർമേനിയൻ സഭ സ്ഥാപിച്ചത് അപ്പോസ്തലന്മാരായ വി. ബർത്തലോമായിയും വി. തദ്ദേവൂസുമാണ് എന്നാണ് പരമ്പരാഗത വിശ്വാസം. പരധാന ആസ്ഥാനം ആർമീനിയയുടെ തലസ്ഥാനമായ യെറിവാനു സമീപമുള്ള എച്മിയാഡ്സിൻ‍.

ചരിത്രം[തിരുത്തുക]

ക്രി.വ 301-ൽ വി. ഗ്രിഗോറിയോസ് ലുസാവോറിച്ച് അർമേനിയയിലെ രാജാവിനെയും ജനങ്ങളെയും ക്രിസ്ത്യാനികളാക്കിയതോടെ ക്രൈസ്തവ സഭ രാജ്യത്തിലെ ദേശീയമതമായി തീർന്നു. ഗ്രിഗോറിയോസ് ലുസാവോറിച്ച് അർമേനിയയുടെ കാവൽ പരിശുദ്ധനും അർമ്മേനിയൻ സഭയുടെ ആദ്യ ഔദ്യോഗിക സഭാമേലധ്യക്ഷനുമായി അറിയപ്പെടുന്നു.

ക്രി.വ 352-ൽ സഭാമേലധ്യക്ഷനായ നർസായി ക്രി.വ 363-ൽ കാതോലിക്കോസ് എന്ന സ്ഥാനികനാമം സ്വീകരിച്ചു. അർമ്മേനിയൻ സഭയുടെ ആദ്യത്തെ ആസ്ഥാനം എച്ച്മിയാഡ്സിൻ ആയിരുന്നു. പിന്നീട് മറ്റ് പല സ്ഥലങ്ങളിലേക്കും ആസ്ഥാനം മാറ്റപ്പെട്ടു. 1293-ൽ സിലിഷ്യയിലെ സിസ് ആസ്ഥാനമാക്കപ്പെട്ടു. 1441-ൽ എച്ച്മിയാഡ്സിൻ വീണ്ടും ആസ്ഥാനമാക്കുവാൻ തീരുമാനമാവുകയും സിറിയക്ക് എന്ന സന്ന്യാസിയെ കാതോലിക്കോസായി അവരോധിക്കുകയും ചെയ്തു. സിലിഷ്യയിലെ അന്നത്തെ കാതോലിക്കോസ് ആയിരുന്ന ഗ്രിഗറി ഒൻപതാമൻ ഈ നീക്കങ്ങളെ എതിർത്തില്ലെങ്കിലും തന്റെ കാതോലിക്കാ സ്ഥാനം നിലനിർത്തുവാൻ തീരുമാനിച്ചു. ഈ സ്ഥാനം അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യാ സിംഹാസനം എന്ന് അറിയപ്പെടുന്നു. എച്ച്മിയാഡ്സിൻലെ കാതോലിക്കാസ്ഥാനത്തിന്റെ പ്രാഥമികത സിലിഷ്യയിലെ കാതോലിക്കോസ് അംഗീകരിച്ചു. ഭരണപരമായി സ്വതന്ത്രമായ ഇരു കാതോലിക്കേറ്റുകളും പരസ്പരം പൂർണ്ണ സംസർഗ്ഗത്തിൽ നിലനിൽക്കുന്നു. എന്നിരിക്കിലും രാഷ്ട്രീയപരമായ കാരണങ്ങളാലും മറ്റും വിവിധകാലങ്ങളിൽ ആഭ്യന്തരതർക്കങ്ങൾ ഉണ്ടായിട്ടുണ്ട്.

എച്ച്മിയാഡ്സിൻലെ സുപ്രീം കാതോലിക്കോസിനു കീഴിൽ 90 ലക്ഷം അംഗങ്ങളുണ്ട്.[1] കരേക്കിൻ രണ്ടാമൻ ആണ് ഇപ്പോഴത്തെ സുപ്രീം കാതോലിക്കോസ്. സിലിഷ്യയിലെ കാതോലിക്കോസിനു കീഴിൽ 10 ലക്ഷം അംഗങ്ങളുണ്ട്.[1] അരാം പ്രഥമൻ കെഷീഷിയൻ ആണ് അവിടത്തെ കാതോലിക്കോസ്. ഇതിനു പുറമേ സുപ്രീം കാതോലിക്കോസിനു കീഴിൽ ജറുസലേമിലും കുസ്തന്തീനോപൊലിസിലുമായി രണ്ട് പാത്രിയർക്കീസുമാർ കൂടിയുണ്ട്. ഇതര പൗരസ്ത്യ സഭകളിൽ നിന്നും വ്യത്യസ്തമായി അർമ്മേനിയൻ സഭയിൽ പാത്രിയർക്കീസ് കാതോലിക്കയുടെ കീഴ്‌സ്ഥാനിയാണ്. യഥാക്രമം തോർക്കോം രണ്ടാമൻ മനൂഗിയാൻ, മെസ്രോബ് രണ്ടാമൻ മുത്തഫിയാൻ എന്നിവരാണ് അവിടങ്ങളിലെ പാത്രിയർക്കീസുമാർ.

അവലംബം[തിരുത്തുക]

  1. 1.0 1.1 "പരിശുദ്ധ കരേക്കിൻ രണ്ടാമൻ". മനോരമ ഓൺലൈൻ. മൂലതാളിൽ നിന്നും 2011-01-22-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജൂൺ 29, 2013.