കോട്ടയത്തെ മാർ ഗബ്രിയേൽ
മാർ ഗബ്രിയേൽ മെത്രാപ്പോലീത്ത | |
---|---|
അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും കവാടവും | |
സഭ | കിഴക്കിന്റെ സഭ |
അതിരൂപത | ഇന്ത്യ |
സ്ഥാനാരോഹണം | 1705 |
ഭരണം അവസാനിച്ചത് | 1730 |
മുൻഗാമി | ആദ്ദായിലെ മാർ ശിമയോൻ |
എതിർപ്പ് | മാർത്തോമാ നാലാമൻ, ആഞ്ചലോ ഫ്രാൻസിസ്കോ |
മെത്രാഭിഷേകം | ഏലിയാ പത്താമൻ മാർ ഔഗേൻ പാത്രിയർക്കീസ് |
പദവി | മെത്രാപ്പോലീത്ത |
വ്യക്തി വിവരങ്ങൾ | |
മരണം | 1730 കോട്ടയം |
കബറിടം | മർഥ് മറിയം ചെറിയപള്ളി, കോട്ടയം, ഇന്ത്യ |
1705 മുതൽ 1730 വരെ കേരളത്തിലെ മാർത്തോമാ നസ്രാണികളുടെ ഇടയിൽ പ്രവർത്തിച്ചിരുന്ന ഒരു പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്തയായിരുന്നു മാർ ഗബ്രിയേൽ. അദ്ദേഹം പ്രവർത്തിച്ചിരുന്നത് പഴയ തെക്കുംകൂർ രാജ്യത്തിലെ കോട്ടയം പട്ടണം കേന്ദ്രമാക്കി ആയിരുന്നു.[1][2][3]
ആദ്യകാല ജീവിതം
[തിരുത്തുക]മാർ ഗബ്രിയേലിന്റെ ആദ്യകാല ജീവിതത്തെ പറ്റിയുള്ള വിവരങ്ങൾ ലഭ്യമല്ല. അദ്ദേഹം പേർഷ്യയിലെ ഉർമ്മിയാക്കാരനാണെന്ന് കരുതപ്പെടുന്നു. കിഴക്കിന്റെ സഭയുടെ റമ്പാൻ ഹോർമിസ്ദിലെ ആശ്രമത്തിലെ പരമ്പരാഗത പാത്രിയർക്കീസുമാരെ പിന്തുണച്ചിരുന്ന അദ്ദേഹം അവരുടെ കീഴിൽ മേൽപ്പട്ടക്കാരനായി വാഴിക്കപ്പെട്ടു. അദർബൈഗാന്റെയോ നിനവേയുടെയോ മെത്രാപ്പോലീത്തയായാണ് അദ്ദേഹം പ്രധാനമായും അറിയപ്പെട്ടത്. പൗരസ്ത്യ സുറിയാനി സഭയുടെ അദിയാബേനെ മെത്രാസനത്തിന്റെ അധികാര മേഖലകളായിരുന്നു ഇവയെല്ലാം.[4] ഗബ്രിയേൽ ഇടക്കാലത്ത് ജറുസലേമിലും പ്രവർത്തിച്ചിരുന്നു.
ഇന്ത്യയിലേക്കുള്ള നിയോഗം
[തിരുത്തുക]ഇന്ത്യയിലേക്ക് വരാനുള്ള സാഹചര്യം
[തിരുത്തുക]1489ൽ പോർച്ചുഗീസുകാരുടെ ഇന്ത്യയിലേക്കുള്ള വരവും 1599 ൽ നടന്ന ഉദയംപേരൂർ സൂനഹദോസും കേരളത്തിലെ മാർത്തോമാ നസ്രാണികളെ പേർഷ്യൻ സഭയായ കിഴക്കിന്റെ സഭയിൽ നിന്ന് കത്തോലിക്കാ സഭയുടെ സ്വാധീനത്തിലേക്ക് കൊണ്ടുവന്നു. ഇതിനിടയിൽ 1552ൽ കിഴക്കിന്റെ സഭയിൽ ഉണ്ടായ ഭിന്നതയും കൽദായ കത്തോലിക്കാ സഭയുടെ സ്ഥാപനവും കിഴക്കിന്റെ സഭയിലെ ഇരുവിഭാഗങ്ങളിൽ നിന്നുള്ള ബിഷപ്പുമാരുടെ കേരളത്തിലുള്ള പ്രവർത്തനവും ഉണ്ടാക്കിയ സംശയങ്ങളും ഇതിന് ആക്കം കൂട്ടി. കേരളത്തിലെ സുറിയാനി സഭയെ ലത്തീൻ-പോർച്ചുഗീസ് ഭരണത്തിൽ നിന്നും മോചിപ്പിച്ച് പരമ്പരാഗത സഭയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരുന്നു.
ഇന്ത്യയിലേക്കുള്ള വരവ്
[തിരുത്തുക]1705-ഓടെ കിഴക്കിന്റെ കാതോലിക്കാ പാത്രിയാർക്കീസ് മാർ ഏലിയാ പത്താമൻ ഔഗേൻ അയച്ച ഒരു പൗരസ്ത്യ സുറിയാനി ബിഷപ്പ് തെക്കൻ മലബാറിൽ എത്തിച്ചേർന്നു.[5][6][7] അസർബൈജാനിലെ മെത്രാപ്പോലീത്തയായ മാർ ഗബ്രിയേൽ ആയിരുന്നു അദ്ദേഹം.[5][8] ഇതിനു മുമ്പ് കത്തോലിക്കാ സഭാ നേതൃത്വത്തിന്റെ ഔദ്യോഗിക അംഗീകാരം നേടിയെടുക്കാൻ അദ്ദേഹം റോമിലേക്ക് പോയിരുന്നു. മാർത്തോമാ നസ്രാണികൾക്ക് ബിഷപ്പായി അംഗീകാരം നേടാനുള്ള ലക്ഷ്യത്തോടെ അദ്ദേഹം അവിടെ പ്രൊപ്പഗാണ്ടാ ഫിഡേ (വിശ്വാസ പ്രചരണ) സംഘവുമായി ആശയവിനിമയം നടത്തി.[9] 1704-ൽ, തന്റെ സഭാവിശ്വാസം പരിശോധിച്ച് അംഗീകാരിച്ച് കിട്ടാൻ അദ്ദേഹം റോമിലേക്ക് എഴുതി. എന്നിരുന്നാലും, ഇത് കത്തോലിക്കാ സിദ്ധാന്തത്തിന് ചേരുന്ന പ്രഖ്യാപനമല്ല എന്ന് വിലയിരുത്തിയ പ്രൊപ്പഗാണ്ടാ അത് നിരസിച്ചു. അതിൽ ആവശ്യമായ തിരുത്തലുകൾ വരുത്താൻ ഗബ്രിയേലിനോട് ആവശ്യപ്പെട്ടെങ്കിലും അത് അദ്ദേഹം ചെയ്തില്ല. അങ്ങനെ പ്രതീക്ഷിച്ചിരുന്ന റോമൻ അംഗീകാരം ലഭിക്കാതെ തന്നെ അദ്ദേഹം മലബാറിലേക്ക് യാത്ര തിരിച്ചു.[9][10]
കർമ്മലീത്താക്കാരുടെ പ്രതികരണം
[തിരുത്തുക]ഗബ്രിയേൽ കേരളത്തിൽ തനിക്ക് എതിരെ മിഷനറിമാരിൽ നിന്നും മറ്റും ഉണ്ടാകുന്ന എതിർപ്പുകൾ ഒഴിവാക്കേണ്ടതിന് താൻ കൽദായ പാത്രിയാർക്കീസ് കേരളത്തിലെ മാർത്തോമാ നസ്രാണികൾക്കായി അയച്ച ഒരു കത്തോലിക്കാ ബിഷപ്പാണെന്ന രീതിയിൽ സ്വയം അവതരിപ്പിച്ചു.[9] എന്നിരുന്നാലും, താൻ ഒരു കൽദായ കത്തോലിക്കാ ബിഷപ്പാണെന്ന് അദ്ദേഹം ഒരിക്കലും സ്പഷ്ടമായി പറയുകയോ പോർച്ചുഗീസ് മിഷനറിമാരുമായുള്ള സ്ഥിരമായ സൗഹൃദത്തിൽ എത്തിച്ചേരാൻ താൽപ്പര്യം കാണിക്കുകയോ ചെയ്തില്ല.[11]
എന്നിരുന്നാലും, മാന്നാനം സെന്റ് ജോസഫിന്റെ ആശ്രമത്തിൽ സൂക്ഷിച്ചിരിക്കുന്ന ഗബ്രിയേലിന്റെ രണ്ട് കത്തുകളിൽ 1708ൽ എഴുതപ്പെട്ട ഒന്നിൽ, "ദൈവമാതാവായ നാഥ മറിയം അതുപോലെ നിത്യകന്യകയായ മറിയം" എന്നിങ്ങനെ തികഞ്ഞ കത്തോലിക്കാ വിശ്വാസപ്രഖ്യാപനം നടത്തി കേരളത്തിലെ ലത്തീൻ കർമ്മലീത്താ മിഷന്റെ തലവനും വരാപ്പുഴ വികാരി അപ്പസ്തോലിക്കായുമായ ആഞ്ചലോ ഫ്രാൻസിസ്കോയ്ക്ക് അയച്ചുകൊടുത്തതായി കാണുന്നു.[9] "സുറിയാനിക്കാരുടെ അഖിലേന്ത്യയുടെ മെത്രാപ്പോലീത്ത" താനാണെന്ന് ഗബ്രിയേൽ അതിൽ പ്രഖ്യാപിക്കുന്നു. രണ്ടാമത്തെ കത്ത് 1712-ൽ എഴുതപ്പെട്ടതാണ്, അതിന്റെ തലക്കെട്ട് "ഗബ്രിയേൽ ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്ത" എന്നാണ്. അതിൽ, ഗബ്രിയേൽ തന്റെ വിശ്വാസത്തെക്കുറിച്ചുള്ള പഴയകൂറ്റുകാരനായ ഒരു വിശ്വാസിയുടെ ഒരു അന്വേഷണത്തിന് ഉത്തരം നൽകുന്നത് ഇങ്ങനെയാണ്: "എന്റെ വിശ്വാസത്തെക്കുറിച്ച് നിങ്ങൾ എന്നോട് ചോദിച്ചാൽ, എന്റെ വിശ്വാസം പരിശുദ്ധ മാർപ്പാപ്പാ തിരുമേനിയുടെ വിശ്വാസത്തിന് സമാനമാണ്".[9]
അതേസമയം, ഇന്നസെന്റ് പതിമൂന്നാമൻ മാർപ്പാപ്പയുടെ പേരിൽ ആംഗലോ ഫ്രാൻസിസ്കോയ്ക്ക് വിശദീകരണം എഴുതിയ പ്രൊപ്പഗാണ്ടാ സംഘത്തലവൻ ജ്യൂസെപ്പെ സഗ്രിബാന്തി, ഗബ്രിയേലിന് മാർപ്പാപ്പയിൽ നിന്ന് അത്തരം യാതൊരു അധികാരവും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് ഗബ്രിയേലിന്റെ അവകാശവാദങ്ങൾ തള്ളിക്കളഞ്ഞു.[9] 1712-ൽ, പ്രൊപ്പഗാണ്ടാസംഘം ഗബ്രിയേലിന് അയച്ച കത്തിൽ, മലബാറിൽ നിന്ന് എത്രയും വേഗം അസർബൈജാനിലെ തന്റെ അജഗണത്തിന്റെ അടുക്കലേക്ക് പിൻവാങ്ങാൻ ഉത്തരവിടുകയും ചെയ്തു.[9] അതേസമയം, ഗബ്രിയേൽ റോമിൽ നിന്നുള്ള കത്തുകൾ അവഗണിച്ചു. റോമിലേക്ക് കത്തെഴുതി ഒരു പുതിയ വിശ്വാസ ഏറ്റുപറച്ചിൽ നടത്തുന്നതിനുപകരം, മലബാറിൽ പ്രവർത്തിക്കുന്ന കർമ്മലീത്താ മിഷനറിമാരുമായി സമാധാനം സ്ഥാപിക്കാൻ ലക്ഷ്യമിട്ട് ആംഗലോ ഫ്രാൻസിസ്കോയെ അഭിസംബോധന ചെയ്ത് ഒരു കത്തെഴുതി അതിൽ കത്തോലിക്കാ വിശ്വാസത്തിന്റെ ഏറ്റുപറച്ചിൽ നടത്തി.[9] ചങ്ങനാശേരിയിൽ പള്ളിക്ക് അടുത്തായിരുന്നു ഗബ്രിയേൽ അന്ന് താമസിച്ചിരുന്നത്. കത്തിൽ, ഗബ്രിയേൽ പുളിപ്പില്ലാത്ത അപ്പം കൊണ്ടായിരുന്നു കുർബാന നടത്തുന്നതെന്നും എഴുതിയിട്ടുണ്ട്.[12] എന്നിരുന്നാലും, അദ്ദേഹം പുളിപ്പിച്ചതും പുളിപ്പില്ലാത്തതുമായ അപ്പം അവസരോചിതമായി ഉപയോഗിച്ചുവെന്നത് വ്യക്തമാണ്.[12]
കോട്ടയത്ത് ആസ്ഥാനം ഉറപ്പിക്കുന്നു
[തിരുത്തുക]ഇതിനിടെയാണ് ആംഗലോ ഫ്രാൻസിസ്‌കോയ്ക്ക് മലബാറിലെ കർമ്മലീത്തക്കാർക്ക് മുന്നറിയിപ്പ് നൽകികൊണ്ടുള്ള ജ്യൂസെപ്പെ സാഗ്രിബാന്തിയുടെ കത്ത് ലഭിച്ചത്.[12] ഇതിനെ തുടർന്ന് നാട്ടുകാരെ അനുനയിപ്പിക്കാനും അതുവഴി ഗബ്രിയേലിനെ ചങ്ങനാശ്ശേരിയിൽ നിന്ന് പുറത്താക്കാനും അവർക്ക് സാധിച്ചു.[13] പോർച്ചുഗീസുകാരെ എതിർക്കുകയും ഡച്ചുകാരെ പിന്തുണയ്ക്കുകയും ചെയ്തിരുന്ന തെക്കുംകൂർ രാജാവായ ഉദയമാർത്താണ്ഡവർമ്മയുടെ (ഭരണവർഷം 1691-1717) പിന്തുണനേടിയെടുക്കുന്നതിൽ ഗബ്രിയേൽ വിജയിച്ചിരുന്നു. രാജാവ് അദ്ദേഹത്തെ കോട്ടയത്തേയ്ക്ക് സ്വീകരിച്ചു. തുടർന്ന് ഗബ്രിയേൽ കോട്ടയം ചെറിയ പള്ളിയിൽ ചെന്നു പാർത്തു.[3] കോട്ടയത്ത് അദ്ദേഹത്തിന് വലിയ ആദരവ് ലഭിച്ചു. 1717ൽ ഉദയ മാർത്താണ്ഡവർമ്മയ്ക്ക് ശേഷം അധികാരത്തിലേറിയ പിൻഗാമി ആദിത്യവർമ്മയും ഗബ്രിയേലിനോടുള്ള ആദരവ് തുടർന്നു.[3]
അക്കാലത്ത് കോട്ടയം ചെറിയ പള്ളി മാർത്തോമാ നസ്രാണികളിലെ വടക്കുംഭാഗക്കാരുടെ ഇരു വിഭാഗങ്ങളും ഉപയോഗിച്ചിരുന്നു.[13] പഴയകൂറിലും പുത്തങ്കൂറിലും ഉൾപെട്ട വ്യക്തികൾക്കും കുടുംബങ്ങൾക്കും അടുത്ത ബന്ധുക്കളും തങ്ങളും ഉൾപ്പെട്ട വിഭാഗത്തോടുള്ള കൂറ് മിക്കവാറും വിശ്വാസത്തേക്കാൾ പ്രാദേശിക കാരണങ്ങളിൽ അധിഷ്ഠിതമായിരുന്നു. എതിർപ്പും പരസ്പരമത്സരങ്ങളും ദൈവശാസ്ത്രപരം എന്നതിനേക്കാൾ വ്യക്തിപരമായിരുന്നു.[13]
മാർത്തോമാ നാലാമൻ
[തിരുത്തുക]ഈ കാലഘട്ടത്തിൽ, പുത്തൻകൂറ്റുകാരുടെ നേതാവ് പകലോമറ്റം മാർത്തോമാ നാലാമനായിരുന്നു (മരണം 1728).[13] വളരെ പെട്ടെന്ന് തന്നെ മാർ ഗബ്രിയേലും മാർത്തോമാ നാലാമനും തമ്മിൽ രൂക്ഷമായ തർക്കം ഉടലെടുത്തു.[14] സുറിയാനി ഓർത്തഡോക്‌സ് സഭാ മേലധ്യക്ഷന്മാർ കേരളത്തിൽ വിത്തുപാകിയ ഏകസ്വഭാവ വിശ്വാസ വീക്ഷണത്തിന്റെ അനുയായി ആയിരുന്ന തോമാ നാലാമൻ, ഗബ്രിയേലിനെ ഓരു നെസ്‌തോറിയൻ പാഷണ്ഡതക്കാരനായി കണക്കാക്കി.[13][14] ഗബ്രിയേൽ തോമാ നാലാമനെ എതിർക്കുകയും അദ്ദേഹത്തിന്റെ വിഭാഗത്തിൽ നിന്ന് നിരവധി പള്ളികളെയും വിശ്വാസികളെയും തിരിച്ചുപിടിക്കുന്നതിൽ വിജയിക്കുകയും ചെയ്തു.[13] ഗബ്രിയേൽ ഉയർത്തുന്ന വെല്ലുവിളി മറികടക്കാൻ തോമാ നാലാമൻ 1709-ൽ സുറിയാനി ഓർത്തഡോക്‌സ് പാത്രിയാർക്കീസിനോട് സഹായം തേടി ഒരു കത്ത് കണ്ടനാട് പള്ളിയിൽ വെച്ച് എഴുതുകയും, ഗബ്രിയേലിന്റെ വാദമുഖങ്ങളെ നേരിടാൻ മേൽപ്പട്ടക്കാരെയും പണ്ഡിതന്മാരെയും അയച്ചുതരണമെന്ന് അപേക്ഷിക്കുകയും ചെയ്തു.[13][15][16] ഈ കത്ത് തോമാ നാലാമൻ യൂറോപ്പിലേക്ക് പോകാനിരുന്ന കൊച്ചിയിലെ ഡച്ച് ഗവർണറുടെ കൈവശം കൊടുത്തു വിട്ടു. അതോടൊപ്പം ഗവർണർക്കായി കത്തിന്റെ ഒരു പകർപ്പും കൊടുത്തിരുന്നു. ആംസ്റ്റർഡാമിൽ എത്തിച്ചേർന്ന ഗവർണർ അന്ത്യോഖ്യാ പാത്രിയർക്കീസിനുള്ള കത്ത് സിറിയയിലേക്ക് കൊടുത്തയച്ചുവെങ്കിലും അതിൽ മറുപടിയൊന്നും ഉണ്ടായില്ല. അതേസമയം ഗവർണറുടെ കൈവശം ഉണ്ടായിരുന്ന പകർപ്പ് ഏതാനം വർഷങ്ങൾ സുറിയാനി പണ്ഡിതനായ ചാൾസ് ഷാഫിന്റെ കൈവശം എത്തിച്ചേർന്നു. അദ്ദേഹം 1714ൽ കത്തിലെ ഉള്ളടക്കം ലത്തീനിലേക്ക് തർജ്ജമ ചെയ്ത് ലെയ്ഡൻ സർവ്വകലാശാലയിൽ പ്രസിദ്ധീകരിച്ചു.[17]
...എന്റെ നാഥാ, ഹൃദ്യമായ സ്നേഹം നിറഞ്ഞ അങ്ങയുടെ വലതുകൈകൊണ്ട് ഞാൻ അങ്ങയുടെ അനുഗ്രഹം യാചിക്കുന്നു. അങ്ങയുടെ ഉന്നത അധികാരത്തോടുള്ള അനുസരണവും വിധേയത്വവും പ്രഖ്യാപിക്കുന്നു. അതിനാൽ അവിടെ ദൈവം അങ്ങയെ അങ്ങയുടെ സിംഹാസനത്തിൽ അനുഗ്രഹിക്കട്ടെ, ആമേൻ!...
അങ്ങയുടെ മഹിമയ്ക്ക് ഈ കത്ത് എഴുതാൻ ഞാൻ തീർത്തും യോഗ്യനല്ല. എന്നാൽ പ്രശംസാർഹരും, ഇന്ത്യയിൽ കഴിയുന്നവരുമായ സുറിയാനി വിശ്വാസികളുടെ വലിയ ദുരിതം കണക്കിലെടുത്തും, അങ്ങ് കനിഞ്ഞ് ഒരു പാത്രിയർക്കീസിനെയും ഒരു മെത്രാപ്പോലീത്തയെയും കൂടാതെ, പണ്ഡിതരും വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാൻ യോഗ്യത ഉള്ളവരുമായ രണ്ട് മൂപ്പന്മാരെയും ഞങ്ങളുടെ പക്കലേക്ക് അയയ്ക്കേണ്ടതിനും മാത്രമാണ് ഞാൻ ഇത് എഴുതിയത്... പിന്നീട് താൻ നിനവേയിലെ മെത്രാപ്പോലീത്ത ആണെന്നും കാതോലിക്കോൻ മാർ ഏലിയാസാണ് തന്നെ അയച്ചെതെന്നും പറഞ്ഞ് ഒരാൾ കടന്നുവന്നു. അയാളുടെ പേര് ഗബ്രിയേൽ എന്നായിരുന്നു ഒപ്പം അയാൾക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഇതായിരുന്നു: രണ്ട് സ്വഭാവങ്ങളും രണ്ട് വ്യക്തികളും ഉണ്ട്. അപകീർത്തി!
അയാൾ ദൈവമാതാവായ മറിയത്തിനെതിരെ വളരെ സംസാരിച്ചു, അതിനാൽ ഞങ്ങൾ അവനെ വിശ്വസിച്ചില്ല. എന്നാൽ ഒരു നിശ്ചിത, മഹറോൻ ചെയ്യപ്പെട്ടവനായ മത്തായി എന്ന മൂപ്പൻ അവന്റെ കൂടെപ്പോയി, അവനെ വിശ്വസിക്കുകയും ചെയ്തു, ഞങ്ങൾക്കിടയിൽ വളരെയധികം ആശയക്കുഴപ്പം ഉയർന്നു....
— മാർത്തോമാ നാലാമൻ അന്ത്യോഖ്യാ പാത്രിയർക്കീസിന് 1709ൽ അയച്ച കത്ത്[18]
കത്ത് പ്രസിദ്ധീകരിച്ച ശേഷം ഷാഫ് തോമാ നാലാമനുമായി കത്തിടപാടുകൾ നടത്തി. അതിന്റെ ഫലമായി തോമാ 1720ൽ വടക്കൻ പറവൂർ യാക്കോബായ പള്ളിയിൽ വെച്ച് വീണ്ടും സമാനമായ ഒരു കത്തെഴുതി അന്ത്യോഖ്യാ യാക്കോബായ പാത്രിയർക്കീസിന് അയച്ചു.[16] എന്നാൽ ആദ്യത്തേതുപോലെ ഈ കത്തും മിക്കവാറും പാത്രിയർക്കീസിന്റെ അടുക്കൽ എത്തിച്ചേർന്നിരിക്കില്ല.[19]
നമ്മുടെ കർത്താവിന്റെ ആയിരത്തിയെഴുന്നൂറ്റിയൊൻപതാം വർഷത്തിൽ, മാർ ഏലിയാസ് കാതോലിക്കോസ് എനിക്കായി അയച്ച നിനിവെക്കാരനായ ഗബ്രിയേൽ എന്ന ഒരു മെത്രാപ്പോലീത്ത വന്നു. എന്നാൽ ക്രിസ്തുവിന് രണ്ട് സ്വഭാവങ്ങളും വ്യക്തികളും ഉണ്ടായിരുന്നു എന്നതുപോലെയുള്ള വിശ്വാസം അയാൾ പുലർത്തി. മത്തായി വെട്ടിക്കുട്ടേൽ എന്ന ഒരു പുരോഹിതനും ഏതാനും പോർച്ചുഗീസ് റോമൻ കത്തോലിക്കരും അല്ലാതെ ഞങ്ങൾ ആരും അയാളിൽ വിശ്വസിച്ചില്ല. എങ്കിലും അയാളോട് മറുപടി പറയാൻ കഴിയുന്നതിന് വേണ്ട ജ്ഞാനം ഞങ്ങൾക്ക് ഇല്ല. അതിനാൽ, ഞങ്ങളുടെ നാഥാ, ഞങ്ങൾ അങ്ങയോട് ഇത് അറിയിക്കുന്നു...
— മാർത്തോമാ നാലാമൻ അന്ത്യോഖ്യാ പാത്രിയർക്കീസിന് 1720ൽ അയച്ച കത്ത്[20]
പഴയകൂറ്റുകാരുടെ നിരവധി പള്ളികളും ഗബ്രിയേലിനോടൊപ്പം ചേർന്നിരുന്നു. തന്റെ നേതൃത്വത്തിൽ ഏകദേശം 44 പള്ളികൾ ഉള്ളതായി ഗബ്രിയേൽ ഡച്ചുകരുടെ മുമ്പിൽ അവകാശപ്പെട്ടിട്ടുണ്ട്.[21] പഴയകൂറ്റുകാരുടെ ചമ്പക്കുളം, പള്ളിപ്പുറം തുടങ്ങിയ ഇടവകകളിൽ നിന്നുമുള്ള വൈദിക വിദ്യാർത്ഥികൾക്ക് അദ്ദേഹം വൈദിക പട്ടവും നൽകി.[22] ചമ്പക്കുളം പള്ളിക്കാരനും വെട്ടിക്കുട്ടേൽ മത്തായി കത്തനാർ മാർ ഗബ്രിയേലിന്റെ വലിയ വിശ്വസ്തരിൽ ഒരാളായിരുന്നു.[23] 1728ൽ മാർത്തോമാ നാലാമൻ അന്തരിച്ചു. തത്സ്ഥാനത്ത് അനന്തരവൻ പകലോമറ്റത്ത് തോമാ അഞ്ചാമൻ പുത്തങ്കൂറ്റുകാരുടെ തലവനായി.[13]
ഡച്ച് അധികൃതരുമായുള്ള ബന്ധം
[തിരുത്തുക]മിഷനറിമാരുമായുള്ള കലഹം കാരണം ഗബ്രിയേൽ പോർച്ചുഗീസുകാരെ ശക്തമായി എതിർത്തിരുന്നെങ്കിലും ഡച്ചുകാരുടെ പിന്തുണ നേടാൻ പരിശ്രമിച്ചിരുന്നു.[23] അദ്ദേഹത്തിന്റെ സഹായിയായിരുന്ന വെട്ടിക്കുട്ടേൽ മത്തായി കത്തനാർ കൊച്ചിയിലെ ഡച്ച് ചാപ്ലെയിൻ ജേക്കൊബസ് കാന്റർ ഫിസ്‌ഷറിന് അയച്ച ഒരു കത്തിൽ മാർ ഗബ്രിയേലിന്റെ വരവിന്റെ കാരണവും അദ്ദേഹത്തിന്റെ ലക്ഷ്യവും വിവരിക്കുന്നു:
തുടർന്ന് 1705-ൽ സുറിയാനി ആർച്ചുബിഷപ്പ് മാർ ഗബ്രിയേൽ പൗരസ്ത്യ കാതോലിക്കായുടെ ഉത്തരവനുസരിച്ച് ഇന്ത്യയിലേക്ക് വന്നു. സുറിയാനിക്കാരുടെ ഇടയിൽ ശത്രുതാപരമായ രണ്ട് പാളയങ്ങൾ അദ്ദേഹം ശ്രദ്ധിച്ചു, അവരിൽ പറങ്കികളെ പിന്തുടർന്നവരുടെ വലിയ എണ്ണംകൊണ്ടും, തങ്ങളുടെ യഥാർത്ഥ ഉൽഭവത്തെ പ്രതിഫലിപ്പിക്കാതെ, അവരുടെ മ്ലേച്ഛമായ ശീലങ്ങൾ ബാധിക്കുകയും, അങ്ങനെ പറങ്കികളെ പിന്തുടർന്ന സുറിയാനി പുരോഹിതർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ വിവാഹം കഴിക്കാതിരിക്കുകയും എന്നാൽ തങ്ങളുടെ സുറിയാനി സഹോദരങ്ങളുടെ വിവാഹജീവിതത്തെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു എന്ന വസ്തുതയാൽ സ്തബ്ധനാവുകയും ചെയ്തു. ഈ കാര്യങ്ങൾ കാരണം, ഈ സുറിയാനി മെത്രാപ്പോലീത്ത ഗബ്രിയേൽ തന്റെ ബന്ധുക്കളായ സുറിയാനിക്കാരെ അനുഗമിച്ചില്ല, പറങ്കികളെ പിന്തുടർന്ന സുറിയാനിക്കാരെയും അവൻ അനുഗമിച്ചില്ല,
പകരം പറങ്കികളെ പിന്തുടർന്ന സുറിയാനിക്കാരെ ആകർഷിക്കുന്നതിന് വേണ്ടി അദ്ദേഹം ഒരു മധ്യ ഗതി പിന്തുടർന്നു. രണ്ട് പാളയത്തിലെയും ആളുകൾ അദ്ദേഹത്തെ അനുഗമിച്ചു; തീർച്ചയായും പറങ്കികളെ പിന്തുടർന്നിരുന്ന നാല്പത്തിരണ്ട് പള്ളികൾ തങ്ങളെത്തന്നെ അദ്ദേഹത്തോട് ബന്ധിപ്പിച്ചു; എന്നാൽ ഇപ്പോൾ, കർമ്മലീത്തക്കാരുടെയും സാമ്പാളോകാരുടെയും (ജെസ്യൂട്ടുകൾ ? ഫ്രാൻസിസ്കന്മാർ ?) തീക്ഷ്ണതയിലും വഞ്ചനയിലും കൂടെ അവരിൽ നിന്നുള്ള ഇരുപത് പള്ളികൾ സ്വയം അദ്ദേഹത്തിൽ നിന്ന് വേർപെട്ടു. "അനുഗ്രഹീതരും പ്രസിദ്ധരുമായ മാന്യരേ, ഇത് നിങ്ങളും അറിഞ്ഞിരിക്കട്ടെ, നിയുക്ത ഗവർണറും അഖിലേന്ത്യയുടെയും മലബാറിന്റെയും വാഴ്ത്തപ്പെട്ട രാജാവും ഈ പാവപ്പെട്ട സുറിയാനി ആർച്ച്ബിഷപിനെ സഹായിക്കാൻ ഈ ദിവസങ്ങളിൽ ഉണ്ടായിരുന്നെങ്കിൽ, സുറിയാനി സഭയിൽ രണ്ട് പാളയങ്ങൾ ഇല്ലായിരുന്നുവെങ്കിൽ,
ലോകാവസാനം വരെ വഞ്ചകരായ പറങ്കികൾ ഇന്ത്യയിൽ ഒരിക്കലും ആധിപത്യം സ്ഥാപിക്കില്ല.
— വെട്ടിക്കുട്ടേൽ മത്തായി കത്തനാർ വിസ്ഷർക്ക് അയച്ച കത്ത് [24]
വിസ്‌ഷറിന് ഗബ്രിയേൽ എഴുതിയ ഒരു കത്തിൽ,[25][13] തന്റെ വീക്ഷണത്തിലുള്ള ഇന്ത്യയിലെ ക്രിസ്തുമതത്തിന്റെ ചരിത്രം എഴുതി നൽകുകയും പോർച്ചുഗീസ് മിഷനറിമാരോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. "സുറിയാനി ക്രിസ്ത്യാനികളുടെ പൗരാണികതയും അവരുമായി ബന്ധപ്പെട്ട ചരിത്രസംഭവങ്ങളും" എന്ന തലക്കെട്ടിൽ വിസ്ഷറിനെ അഭിസംബോധന ചെയ്ത കത്തിൽ നിന്നുള്ള ഒരു ഭാഗം താഴെ കൊടുക്കുന്നു:
ഈ പീഡനത്തിന്റെ നാളുകളിൽ, സർവ്വശക്തനായ ദൈവത്തിന്റെ പ്രേരണയാലും ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഉത്തരവിനാലും, കുലീനനായ അഡ്മിറൽ റിക്ലോപ്പിന്റെ കൽപ്പനപ്രകാരം, നേരുള്ളവരും ദൈവഭയമുള്ളവരും, നീതിയെ സ്നേഹിക്കുന്നവരും, സമാധാനപ്രിയരുമായ ഡച്ചുകാരെ മലബാറിലേക്ക് അയച്ചു. വാൻ ഗോയൻസും, ഈശോ ബർനോൻ [ജോഷ്വാ] കിനാന്റെ [കാനാൻ] നാട്ടിൽ നിന്ന് വിജാതീയരെ പുറത്താക്കിയതുപോലെ, അവർ പുറജാതീയരായ പോർച്ചുഗീസുകാരെ കൊച്ചിയിൽ നിന്നും മലബാറിലെ മറ്റ് നഗരങ്ങളിൽ നിന്നും കോട്ടകളിൽ നിന്നും പുറത്താക്കി; ദൈവിക സംരക്ഷണത്തിലൂടെ സുറിയാനി ക്രിസ്ത്യാനികൾ അന്നുമുതൽ അവരിൽ നിന്ന് സംരക്ഷിക്കപ്പെടുകയും പ്രതിരോധിക്കുകയും ചെയ്തു, അവരുടെ അജപാലകർ വീണ്ടും ഈ രാജ്യം സന്ദർശിക്കുന്നു.
— മാർ ഗബ്രിയേൽ ജേക്കൊബസ് കാന്റർ വിസ്ഷർക്ക് അയച്ച കത്ത്[26]
വിസ്ഷർ 1719ൽ ഗബ്രിയേലിനെ കാണുന്നതിനായി കോട്ടയത്ത് എത്തിച്ചേർന്നു. സുറിയാനി ക്രിസ്ത്യാനികളെ പ്രൊട്ടസ്റ്റന്റ് സഭയുമായി അടുപ്പിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം. കോട്ടയം ചെറിയ പള്ളിയിൽ എത്തി ഗബ്രിയേലിനെ കണ്ട് സംസാരിച്ച അദ്ദേഹത്തെ തെക്കുംകൂർ രാജാവ് ആദിത്യ വർമ്മ നേരിട്ടെത്തി കാണുകയും ഇരുകൈകളിലും വീരശൃംഖല അണിയിച്ച് ആദരിക്കുകയും ചെയ്തു.[22] ഗബ്രിയേലിന് ഡച്ചുകാരിൽ നിന്ന് പിന്തുണ ലഭിച്ചുവന്നു.[22][13] ഗബ്രിയേൽ മെത്രാപ്പോലീത്തയെ കുറിച്ച് വിസ്ഷർ ഇനിപ്പറയുന്ന വിവരണം നൽകുന്നു:[13]
മാർ ഗബ്രിയേൽ എന്ന വെള്ളക്കാരൻ, ബാഗ്ദാദിൽ നിന്ന് ഇങ്ങോട്ട് അയക്കപ്പെട്ട ആളാണ്, കാഴ്ചയിൽ പ്രായമേറിയവനും ബഹുമാന്യനുമാണ്. അദ്ദേഹം പഴയ യഹൂദ പുരോഹിതന്മാരുടെ അതേ രീതിയിൽ വസ്ത്രം ധരിക്കുന്നു, തലപ്പാവ് പോലെയുള്ള ഒരു തൊപ്പിയും നീളമുള്ള വെളുത്ത താടിയും ധരിച്ചിരിക്കുന്നു. അദ്ദേഹം മര്യാദയുള്ളവനും ദൈവഭക്തനുമാണ്, അമിതമായ ആഡംബരത്തിന് ഒട്ടും അടിമയല്ല. കഴുത്തിൽ അദ്ദേഹം ഒരു സ്വർണ്ണ കുരിശ് ധരിക്കുന്നു. മൃഗങ്ങളുടെ ഭക്ഷണമെല്ലാം ഒഴിവാക്കി, അത്യധികം ശാന്തതയോടെയാണ് അദ്ദേഹം ജീവിക്കുന്നത്... നമ്മുടെ രക്ഷകന്റെ വ്യക്തിത്വത്തിലെ രണ്ട് സ്വഭാവങ്ങളുടെ കൂടിച്ചേരലിനെ മാനിക്കുന്ന നെസ്തോറിയൻ സിദ്ധാന്തം അദ്ദേഹം മുറുകെ പിടിക്കുന്നു.[27]
സുറിയാനി ക്രിസ്ത്യാനികളുടെ ഇടയിലെ അരക്ഷിതാവസ്ഥ കണക്കിലെടുത്ത് അവരെ തങ്ങളുടെ പ്രൊട്ടസ്റ്റന്റ് സഭാ സമൂഹത്തിൽ ചേർക്കാൻ ആകും എന്ന് വിസ്ഷറും ഡച്ച് നേതാക്കളും കരുതിയിരുന്നു.[28] 1729ൽ തോമാ അഞ്ചാമൻ റോമൻ കത്തോലിക്കർക്കും ഗബ്രിയേലിനും എതിരെ കൊച്ചിയിലെ ഡച്ച് കമ്മാന്റർക്ക് കത്തെഴുതി. രണ്ട് വിഭാഗത്തിന്റെയും പ്രവർത്തനങ്ങളിൽ നിന്ന് പുത്തങ്കൂർ വിഭാഗത്തെയും തന്നെയും സംരക്ഷിക്കണം എന്നതായിരുന്നു തോമായുടെ ആവശ്യം. ഇതിന് മറുപടിയായി വലേരിയൂസ് നിക്കോളായ് എന്ന മറ്റൊരു ഡച്ച് ചാപ്ലെയിൻ ഗബ്രിയേലിനും തോമാ അഞ്ചാമനും കത്തുകൾ എഴുതി. നിങ്ങൾ രണ്ട് പേരും ഒരുപോലെ പാഷണ്ഡതക്കാരാണ് എന്നായിരുന്നു നിക്കോളായി അതിൽ എഴുതിയത്. ഗബ്രിയേൽ തനിക്കെതിരേ ഉള്ള പരാമർശത്തെ തീർത്തും തള്ളിക്കളഞ്ഞു. എന്നാൽ തോമാ അഞ്ചാമൻ തനിക്ക് സുറിയാനി ഓർത്തഡോക്സ് പാത്രിയർക്കീസിന്റെ അനുമതി കൂടാതെ വിശ്വാസ വിഷയങ്ങളിൽ അഭിപ്രായം പറയാനാകില്ല എന്നുള്ള മറുപടിയാണ് കൊടുത്തത്.[29] രണ്ട് പേരുടെയും പ്രതികരണങ്ങളിൽ നിന്നും നിലപാടുകളിൽ നിന്നും ഇരു വിഭാഗവും പ്രൊട്ടസ്റ്റന്റ് സഭയുമായി ഐക്യത്തിന് തയ്യാറല്ല എന്ന് നിക്കോളായി മനസ്സിലാക്കി.[30] മാർത്തോമാ നസ്രാണികളേക്കുറിച്ച് പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് മിഷനറിമാർ ക്രോഡീകരിച്ച വിവരങ്ങൾ ചേർത്തുള്ള ഒരു വിവരണത്തിലെ ഒരു ഭാഗം ഇങ്ങനെയാണ്:[31][15]
ചില നെസ്തോറിയൻമാർ മൊസൂളിലെയോ നിനവേയിലെയോ പാത്രിയർക്കീസിനെ അംഗീകരിക്കുന്നു, എന്നാൽ യൂത്തീക്കിയന്മാർ അല്ലെങ്കിൽ യാക്കോബായക്കാർ അന്ത്യോക്യയിലെ പാത്രിയർക്കീസിനെ തങ്ങളുടെ തലവനായി അംഗീകരിക്കുന്നു. ഇതിനെ സംബന്ധിച്ച് 1710 മുതൽ അവർക്കിടയിൽ ഒരു ഭിന്നത ഉടലെടുത്തു, അവരിൽ ഒരു വിഭാഗം നിലകൊണ്ടത് ജറുസലേമിൽ നിന്ന് അവിടെ വന്ന ആർച്ചുബിഷപ്പ് മാർ ഗബ്രിയേലിനോട് ഒപ്പമായിരുന്നു, എന്നാൽ 1730-ൽ അദ്ദേഹം അന്തരിച്ചു. അതേസമയം കറുത്തയാളായ മാർ തോമസ് പദവിയിലെത്തുകയും, അദ്ദേഹം മരിച്ചപ്പോൾ, അവർ അദ്ദേഹത്തിന്റെ സഹോദരിയുടെ മകനെ നാമനിർദ്ദേശം ചെയ്ത്, അതേ പേരിൽ തന്നെ അവനെയും വിളിക്കുകയും ചെയ്തു. അവനെ അംഗീകരിക്കാൻ അവർ വിസമ്മതിച്ചു. മറ്റു കാരണങ്ങൾക്ക് പുറമേ, ഇരുകൂട്ടരും തമ്മിലുള്ള വ്യത്യാസം ഇതിൽ അടങ്ങിയിരിക്കുന്നു: കുർബാനയുടെ ആഘോഷത്തിൽ രണ്ടാമത്തെയാൾ പുളിപ്പിച്ച അപ്പവും മറ്റുള്ളവർ പുളിപ്പില്ലാത്ത അപ്പവും ഉപയോഗിക്കുന്നു. കാര്യങ്ങൾ ഇങ്ങനെയൊക്കെ നടകന്നുകൊണ്ടിരിക്കുകയാൽ പ്രൊട്ടസ്റ്റന്റ് സഭയുമായി അവരുടെ ഐക്യപ്പെടൽ വളരെ കുറച്ച് മാത്രം പ്രതീക്ഷിക്കാവുന്നതാണ്, കാരണം, അവർ തങ്ങളുടെ രാജ്യത്തിന്റെ അഭിപ്രായങ്ങളും ആചരണങ്ങളും ഏറ്റവും കഠിനമായി മുറുകെ പിടിക്കുന്നു എന്ന് മാത്രമല്ല, ഭാഷയുടെ വ്യത്യാസം കാരണം, അവർക്ക് ട്രാൻക്വിബാറിൽ അച്ചടിച്ച പുസ്തകങ്ങൾ വായിക്കാൻ കഴിയില്ല: ഇതോടൊപ്പം കൂട്ടിച്ചേർക്കാവുന്ന മറ്റൊരു കാര്യം എന്തെന്നാൽ കിഴക്കൻ തീരത്തുള്ളവരിലേക്കുള്ള വഴി വളരെ ദൈർഘ്യമേറിയതും ഉപദ്രവകരവും അപകടകരവുമാണ് എന്നതാണ്.[15]
അന്ത്യം
[തിരുത്തുക]നമ്മുടെ കർത്താവിൻ കാലം 1730 –ാമത് കുംഭമാസം ...8 ഞായറാഴ്ച നാൾ ഏറെ വിശുദ്ധവാനാം നമ്മുടെ മാർ കബ്രിയേൽ മെത്രാപ്പൊലിത്ത ഈ ലോകത്തിൽനിന്ന് ആ ലോകത്തേക്ക് പോയി
മാർ ഗബ്രിയേൽ 1730 കുംഭം 18ന് കാലം ചെയ്തു. അദ്ദേഹത്തെ കോട്ടയം ചെറിയ പള്ളിയുടെ മദ്ബഹയിൽ കബറടക്കി. അദ്ദേഹത്തിന്റെ മരണവിവരം കൊത്തിവെച്ച ഒരു തടി ഫലകം പള്ളിയിൽ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടുണ്ട്.[22]
സാംസ്കാരിക സ്വാധീനം
[തിരുത്തുക]മാർ ഗബ്രിയേലിന് ചങ്ങനാശ്ശേരിയിൽ സ്വന്തമായി എഴുപത്പറയും അമ്പത്പറയുമായി നൂറ്റിയിരുപതുപറ നെൽവയലും ഉണ്ടായിരുന്നു. മെത്രാൻ പറമ്പ് എന്നാണ് അത് അറിയപ്പെടുന്നത്. അവിടെ നിന്ന് കൊയ്യുന്ന വിളവ് അദ്ദേഹം കോട്ടയം ചെറിയ പള്ളിയിലെ മൂന്ന് നോമ്പ് പെരുന്നാളിനും മറ്റും പള്ളിയിൽ പ്രാർത്ഥനയ്ക്കെത്തുന്ന വിശ്വാസികൾക്ക് നേർച്ചഭക്ഷണം നൽകുന്നതിന് ഉപയോഗിച്ചിരുന്നു. അസാധാരണമായ ആത്മീയപ്രഭാവം പുലർത്തിയ വ്യക്തിയായിരുന്നു മാർ ഗബ്രിയേൽ. അദ്ദേഹം പല അത്ഭുതങ്ങളും പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.[3] തെക്കുംകൂർ രാജാക്കന്മാരായ ഉദയ മാർത്താണ്ഡവർമ്മയും പിൻഗാമി ആദിത്യവർമ്മയും അദ്ദേഹത്തെ ആത്മീയാചാര്യനായി ആദരിച്ചു.[3] ആത്മീയ കാര്യങ്ങളിൽ അതീവ തത്പരനും പണ്ഡിതനുമായിരുന്ന അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിൽ വലിയ സ്വാധീനം ഉണ്ടാക്കാൻ കഴിഞ്ഞു. ഈ സാഹചര്യം മറികടക്കാനാണ് മാർത്തോമാ നാലാമൻ അന്ത്യോഖ്യാ പാത്രിയർക്കീസിനോട് സഹായം തേടിയത്. ഇത് പുത്തങ്കൂർ വിഭാഗത്തെ സുറിയാനി ഓർത്തഡോക്സ് സഭയുമായി കൂടുതൽ അടുപ്പിച്ചു. മാർ ഗബ്രിയേലിന്റെ കാലശേഷവും അദ്ദേഹത്തിന്റെ സ്വാധീനം കോട്ടയത്ത് തുടർന്നു. ജനങ്ങൾ അദ്ദേഹത്തെ ഒരു പുണ്യവാനായി കണക്കാക്കുകയും അദ്ദേഹത്തിന്റെ കബറിടം വണങ്ങുകയും ചെയ്തുവന്നു. ആണ്ടുതോറും അദ്ദേഹത്തിന്റെ ഓർമ്മദിവസം സാഘോഷം ആചരിക്കുന്ന പതിവ് കോട്ടയം ചെറിയ പള്ളിയിൽ ഉണ്ടായിരുന്നു. ആംഗ്ലിക്കൻ മിഷനറിയായ ജോസഫ് ഫെൻ 1821 ഫെബ്രുവരി 20ന് കോട്ടയം സന്ദർശിച്ചപ്പോൾ കോട്ടയം ചെറിയപള്ളിയിൽ മാർ ഗബ്രിയേലിന്റെ ശ്രാദ്ധപ്പെരുന്നാൾ വലിയ പ്രാധാന്യത്തോടെ കൊണ്ടാടപ്പെട്ടിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്.[22] പിൽക്കാലത്ത് പള്ളി യാക്കോബായ സഭയുടെ ശക്തി കേന്ദ്രമായി മാറിയപ്പോൾ, നെസ്തോറിയൻ സ്വാധീനങ്ങൾ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമായി, മാർ ഗബ്രിയേലിന്റെ കബറിടം തകർക്കുകയും ലിഖിതങ്ങൾ അടങ്ങിയ ചട്ടുകൂടുകൾ പൊളിച്ച് നീക്കപ്പെടുകയും ചെയ്തു. മാർ ഗബ്രിയേലിന്റെ ക്രമേണ ഓർമ്മയാചരണവും അക്കാലത്ത് നിർത്തലാക്കപ്പെട്ടു.[22]
അവലംബം
[തിരുത്തുക]സൂചിക
[തിരുത്തുക]- ↑ "മാർ ഗബ്രിയേൽ; ഒരു പുനർവായന, ചരിത്ര സെമിനാർ കോട്ടയം ചെറിയപള്ളിയിൽ".
- ↑ "പുരാതന ലിഖിതം വായിച്ചെടുത്തു; ആ 'ലോകയാത്ര'യുടെ തിരുവെഴുത്ത് തെളിഞ്ഞുവരികയാണ്". manoramaonline.com. മലയാള മനോരമ. Retrieved 2023-01-26.
- ↑ 3.0 3.1 3.2 3.3 3.4 "മാർ ഗബ്രിയേൽ". roohamedia.org (in ഇംഗ്ലീഷ്). 2023-01-15. Retrieved 2023-01-26.
- ↑ Wilmshurst, David (2000). The Ecclesiastical Organisation of the Church of the East, 1318–1913. Louvain: Peeters Publishers. p. 320. ISBN 9789042908765.
- ↑ 5.0 5.1 Perczel (2013), പുറം. 429.
- ↑ Brown (1956), പുറം. 115-117.
- ↑ Mooken (1977), പുറം. 50.
- ↑ Mooken (1977), പുറം. 50-51.
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 9.7 Perczel (2013), പുറം. 430.
- ↑ MacKenzie (1901), പുറം. 86.
- ↑ Perczel (2013), പുറം. 429-430.
- ↑ 12.0 12.1 12.2 Perczel (2013), പുറം. 431.
- ↑ 13.00 13.01 13.02 13.03 13.04 13.05 13.06 13.07 13.08 13.09 13.10 Neill (1985), പുറം. 62.
- ↑ 14.0 14.1 Yeates (1818), പുറം. 50.
- ↑ 15.0 15.1 15.2 Yeates (1818), പുറം. 150.
- ↑ 16.0 16.1 MacKenzie (1901), പുറം. 35.
- ↑ Yeates (1818), പുറം. 151.
- ↑ Yeates (1818), പുറം. 152–4:എന്റെ നാഥാ, ഹൃദ്യമായ സ്നേഹം നിറഞ്ഞ അങ്ങയുടെ വലതുകൈകൊണ്ട് ഞാൻ അങ്ങയുടെ അനുഗ്രഹം യാചിക്കുന്നു. അങ്ങയുടെ ഉന്നത അധികാരത്തോടുള്ള അനുസരണവും വിധേയത്വവും പ്രഖ്യാപിക്കുന്നു. അതിനാൽ അവിടെ ദൈവം അങ്ങയെ അങ്ങയുടെ സിംഹാസനത്തിൽ അനുഗ്രഹിക്കട്ടെ, ആമേൻ! എന്റെ നാഥാ, നമ്മുടെ കർത്താവായ യേശുവിന്റെ തന്റെ ഏറ്റവും വിശുദ്ധരായ ശിഷ്യന്മാർക്ക് സിയോനിലെ മാളികമുറിയിൽ പകർന്നുനൽകിയ സമാധാനം ഞാൻ അങ്ങയോട് ചോദിക്കുന്നു; അതുതന്നെ അങ്ങയോടൊത്തും ഉണ്ടാകട്ടെ. അങ്ങയുടെ മഹിമയ്ക്ക് ഈ കത്ത് എഴുതാൻ ഞാൻ തീർത്തും യോഗ്യനല്ല. എന്നാൽ നന്നായി പ്രശംസ അർഹിക്കുന്നവരും, ഇന്ത്യയിൽ കഴിയുന്നവരുമായ സുറിയാനി വിശ്വാസികളുടെ വലിയ ദുരിതം കണക്കിലെടുത്തും, അങ്ങ് കനിഞ്ഞ് ഒരു പാത്രിയർക്കീസിനെയും ഒരു മെത്രാപ്പോലീത്തയെയും കൂടാതെ, പണ്ഡിതരും വിശുദ്ധ ഗ്രന്ഥങ്ങൾ വായിക്കാൻ യോഗ്യത ഉള്ളവരുമായ രണ്ട് മൂപ്പന്മാരെയും ഞങ്ങളുടെ പക്കലേക്ക് അയയ്ക്കേണ്ടതിനും മാത്രമാണ് ഞാൻ ഇത് എഴുതിയത്. ഈ ഇന്ത്യക്കാർ ഇടയില്ലാത്തവരായ ആടുകളെപ്പോലെയാണ്, നല്ലതും തിന്മയും തമ്മിൽ വിവേചിച്ചറിയാനുള്ള ധാരണ അവർക്ക് കുറവാണ്, എന്നാൽ വിജാതീയരുടെയും അവിശ്വാസികളുടെയും വിഗ്രഹാരാധകരുടെയും ഇടയിൽ കഴിഞ്ഞുകൊണ്ട്, പാപത്തിന്റെ ആഴത്തിലുള്ള ഉൾക്കടലിൽ മുങ്ങിയിരിക്കുന്നു, അവർക്ക് ഒരു നിശ്ചിത സങ്കേതവുമില്ല. അല്ലയോ എന്റെ നാഥാ, അങ്ങയുടെ വലത്തുകൈ നീട്ടി ഞങ്ങളെ ഇതിൽ നിന്നും കരകയറ്റേണമേ. കുറച്ചുകാലം മുൻപ് ഞങ്ങളുടെ നാട്ടിലേക്ക് ജറുസലേമിലെ ഒരു പാത്രിയർക്കീസ് മാർ ഗ്രിഗറി വന്നു. അദ്ദേഹത്തിന് ശേഷം കിഴക്കിന്റെ കാതോലിക്കോൻ പ്രസിദ്ധനായ ബേസിലും അദ്ദേഹത്തോടൊപ്പം മാർ ജൂനിയസ് മെത്രാപ്പോലീത്തയും വന്നു. അവരുടെ മരണത്തിനുശേഷം ഞങ്ങൾ ഇടയനില്ലാത്ത ആടുകൾ പോലെയായിരുന്നു. പിന്നീട് താൻ നിനവേയിലെ മെത്രാപ്പോലീത്ത ആണെന്നും കാതോലിക്കോൻ മാർ ഏലിയാസാണ് തന്നെ അയച്ചെതെന്നും പറഞ്ഞ് ഒരാൾ കടന്നുവന്നു. അയാളുടെ പേര് ഗബ്രിയേൽ എന്നായിരുന്നു ഒപ്പം അയാൾക്ക് ക്രിസ്തുവിലുള്ള വിശ്വാസം ഇതായിരുന്നു: രണ്ട് സ്വഭാവങ്ങളും രണ്ട് വ്യക്തികളും ഉണ്ട്. അപകീർത്തി! അയാൾ ദൈവമാതാവായ മറിയത്തിനെതിരെ വളരെ സംസാരിച്ചു, അതിനാൽ ഞങ്ങൾ അവനെ വിശ്വസിച്ചില്ല. എന്നാൽ ഒരു നിശ്ചിത, മഹറോൻ ചെയ്യപ്പെട്ടവനായ മത്തായി എന്ന മൂപ്പൻ അവന്റെ കൂടെപ്പോയി, അവനെ വിശ്വസിക്കുകയും ചെയ്തു, ഞങ്ങൾക്കിടയിൽ വളരെയധികം ആശയക്കുഴപ്പം ഉയർന്നു. ഇതിനുശേഷം, ഞാൻ കൊച്ചി കോട്ടയുടെ വൈസ്രോയിയുടെ അടുത്തേക്ക് പോയി ഈ സാഹചര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു, എന്നേക്കൊണ്ട് നിങ്ങളുടെ ആത്മീയ പിതാക്കന്മാർക്ക് ഒരു കത്ത് അയയ്ക്കൂ, ഞാൻ അത് അന്ത്യോക്യയിലെ മാർ ഇഗ്നാത്തിയോസിന് കൈമാറും. അതുകൊണ്ടാണ് മേൽപ്പറഞ്ഞ ബിഷപ്പുമാർക്കുവേണ്ടി ഞാൻ അങ്ങയിലേക്ക് ദൃഷ്ടി പതിപ്പിക്കുന്നു, ദൈവത്തിൻറെ കാര്യത്തിനും വേണ്ടി, ഞങ്ങൾക്ക് ആ മിഷനറിമാരെ ഏറ്റവും വേഗത്തിൽ അയച്ചുതരണമേ. അങ്ങനെയാകട്ടെ. ആമേൻ. ഈ കത്ത് എഴുതിയിരിക്കുന്നത്, ദൈവമാതാവായ കന്യക മറിയം നമ്മുടെ നാഥ എന്നറിയപ്പെടുന്ന കഡനാട്ടെ പള്ളിയിൽ നിന്നാണ്
- ↑ Neill (1985), പുറം. 65.
- ↑ MacKenzie (1901), പുറം. 87.
- ↑ Visscher (1862), പുറം. 109.
- ↑ 22.0 22.1 22.2 22.3 22.4 22.5 പള്ളിക്കോണം, രാജീവ് (2021). "മാർ ഗബ്രിയേൽ മെത്രാപ്പോലീത്ത". മലങ്കരസഭ (ജനുവരി 2021 ed.). p. 17.
- ↑ 23.0 23.1 കൊല്ലംപറമ്പിൽ (1981), പുറം. 190.
- ↑ Mingana (1926), പുറം. 479–480.
- ↑ പള്ളിക്കോണം, രാജീവ്. "കോട്ടയത്തെ ഡച്ച് ബഹുഭാഷാവിദ്യാലയം: ചരിത്രവും പശ്ചാത്തലവും" (in ഇംഗ്ലീഷ്). Retrieved 2023-01-26.
- ↑ Visscher (1862), പുറം. 105-9.
- ↑ Visscher (1862), പുറം. 103.
- ↑ Neill (1985), പുറം. 63.
- ↑ Neill (1985), പുറം. 63-64.
- ↑ Neill (1985), പുറം. 64.
- ↑ Niecampii Historia Missionis Evangelicæ in India Orientali. Linguam translata à Joh. Hen. Grischovio. 4to. Halæ,. 1747. pp. Pars. I. chap v. & II.
{{cite book}}
: CS1 maint: extra punctuation (link)
ഗ്രന്ഥങ്ങൾ
[തിരുത്തുക]- കൊല്ലംപറമ്പിൽ, ജേക്കബ് (1981). ദ സെന്റ് തോമസ് ക്രിസ്റ്റ്യൻസ് റെവല്യൂഷൻ ഇൻ 1653 (in ഇംഗ്ലീഷ്). p. 190.
- Brown, Leslie W. (1956). The Indian Christians of St Thomas: An Account of the Ancient Syrian Church of Malabar (in ഇംഗ്ലീഷ്). Cambridge: Cambridge University Press.
- MacKenzie, Gordon Thomson (1901). Christianity in Travancore (in ഇംഗ്ലീഷ്). Printed at Travancore Government Press.
- Maledath, Kurian Thomas (2005). The Identity Question of Malankara Nazaranies; A Study Based on 'Niranam Grandhavari' 1708 -1815.
- Mingana, Alphonse (1926). The Early Spread of Christianity in India (in ഇംഗ്ലീഷ്). Manchester: The University Press. pp. 47–48. ISBN 978-1-61719-590-7. Archived from the original on 2023-01-31. Retrieved 2023-01-31.
{{cite book}}
: CS1 maint: bot: original URL status unknown (link) - Mooken, Aprem (1977). The Chaldean Syrian Church of the East (in ഇംഗ്ലീഷ്). Delhi: National Council of Churches in India.
- Neill, Stephen (1985). A History of Christianity in India: 1707-1858 (in ഇംഗ്ലീഷ്) (2002 ed.). Cambridge: Cambridge University Press. pp. 62–65. ISBN 9780521893329.
- Perczel, István (2013). Peter Bruns; Heinz Otto Luthe (eds.). "Some New Documents on the Struggle of the Saint Thomas Christians to Maintain the Chaldaean Rite and Jurisdiction". Festschrift für Hubert Kaufhold zum 70 Geburtstag. Orientalia Christiana (in ഇംഗ്ലീഷ്). Wiesbaden: Harrassowitz Verlag: 415–436.
- Perczel, István (2011). "Four Apologetic Church Histories From India". The Harp. 24: 189–218.
- Visscher, Jacobus Canter (1862). Heber Drury (ed.). Letter XVI. Letters from Malabar, Tr.: To Which is Added an Account of Travancore, and Fra Bartolomeo's Travels in That Country. By H. Drury (in ഇംഗ്ലീഷ്).
- Yeates, Thomas (1818). Indian Church history (in ഇംഗ്ലീഷ്). A. Maxwell.