ബചേന്ദ്രി പാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ബചേന്ദ്രി പാൽ
Padma Bhushan Bachendri Pal (cropped).jpg
ജനനം
ബചേന്ദ്രി കിഷൻസിംഗ് പാൽ

(1956-05-24) 24 മേയ് 1956  (65 വയസ്സ്)
ദേശീയത ഇന്ത്യ
തൊഴിൽപർവതാരോഹക
അറിയപ്പെടുന്നത്എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത
പുരസ്കാരങ്ങൾപത്മശ്രീ പുരസ്കാരം
അർജുന പുരസ്കാരം

ഒരു ഇന്ത്യൻ പർവതാരോഹകയാണ് ബചേന്ദ്രി പാൽ(ജനനം: 24 മേയ് 1956).[1][2] എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിതയാണ് ഇവർ. 1984 മേയ് ഇരുപത്തിമൂന്നിന് ആണ് അവർ എവറസ്റ്റ് കൊടുമുടിയുടെ നിറുകയിലെത്തിയത്.

ആദ്യകാല ജീവിതം[തിരുത്തുക]

കിഷൻ സിംഗ് പാൽ- ഹംസാദേവി[3] ദമ്പതികളുടെ മകളായി, ഇന്നത്തെ ഉത്തരാഞ്ചൽ സംസ്ഥാനത്തെ ഉത്തർകാശി ജില്ലയിൽ നാകുരി എന്ന ഗ്രാമത്തിൽ ജനിച്ചു. താഴ്ന്ന വരുമാനത്തിൽ കഴിഞ്ഞിരുന്ന ആ കുടുംബത്തിലെ ഏഴു കുട്ടികളിൽ മൂന്നാമത്തെയാളായിരുന്നു ബചേന്ദ്രി. പഠിച്ച് ഡോക്ടറാകണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും എട്ടാം തരം പാസായ ബചേന്ദ്രിയോട് പഠനം നിർത്തുവാൻ പിതാവിന് ആവശ്യപ്പെടേണ്ടി വന്നു. സ്കൂൾവിദ്യാഭ്യാസം തൽക്കാലത്തേക്ക് മുടങ്ങിയെങ്കിലും തുടർന്ന് പഠിക്കുവാനുള്ള ആഗ്രഹം ശക്തമായി. പകൽ ഗാർഹിക ജോലികളും രാത്രി വായനയുമായി ബചേന്ദ്രി മുന്നോട്ട് നീങ്ങി. ഈ നിശ്ചയദാർഠ്യം കണ്ട മൂത്ത സഹോദരന്റെ പ്രേരണമൂലം മാതാപിതാക്കൾ ബചേന്ദിയെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുവാൻ അനുവദിച്ചു.[4] നല്ല മാർക്കോടെ പത്താംതരം പാസ്സായ ബചേന്ദ്രി സ്കൂൾ പ്രിൻസിപ്പലിന്റെ പ്രോൽസാഹനസഹായങ്ങളോടെ കോളേജ് വിദ്യാഭ്യാസം തുടങ്ങുകയും, ബിരുദമെടുക്കുകയും ചെയ്തു. തുടർന്ന് സംസ്കൃതത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡും നേടി.

അധ്യാപികയാവുന്നതിനേക്കാൾ പർവ്വതാരോഹണത്തിൽ തൽപരയായിരുന്ന ബചേന്ദ്രി പാൽ നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്ങിൽ പർവതാരോഹണ പരിശീലനത്തിനു ചേർന്നു. പരിശീലനകാലത്ത് അവർ മികച്ച പ്രകടനം കാഴ്ചവച്ചു. 1982-ൽ ഗംഗോത്രി(6,672 മീ/ 21900 അടി), രുദുഗിരിയ (5,819 മീ/ 19091 അടി) എന്നിവ കീഴടക്കി.

എവറസ്റ്റ് പര്യവേഷണം[തിരുത്തുക]

1984-ൽ ഇന്ത്യയുടെ നാലാമത്തെ എവറസ്റ്റ് ദൗത്യസംഘത്തിന്റെ ഭാഗമായിരുന്നു ബചേന്ദ്രി. ആറു വനിതകളും, പതിനൊന്നു പുരുഷന്മാരും അടങ്ങുന്നതായിരുന്നു പര്യവേഷണ സംഘം. നേപ്പാളിലെ കാഠ്മണ്ഡുവിൽ നിന്നുമാണ് സംഘം എവറസ്റ്റ് പര്യവേഷണം തുടങ്ങിയത്. 24,000 അടി ഉയരത്തിൽ ഒരു മഞ്ഞിടിച്ചിലിൽ തലക്ക് പരിക്കേറ്റുവെങ്കിലും മനഃസ്ഥൈര്യത്തോടെ മുന്നേറുകയും മേയ് 23, ഉച്ചക്ക് 1:07 മണിക്ക് എവറസ്റ്റിന്റെ നിറുകയിലെത്തുകയും ചെയ്തു.[5]

ഇപ്പോൾ ടാറ്റാ സ്റ്റീൽ അഡ്വഞ്ചർ ഫൗണ്ടേഷന്റെ മേധാവിയായി പ്രവർത്തിക്കുന്നു.

ബഹുമതികൾ[തിരുത്തുക]

 • പത്മശ്രീ (1985)
 • അർജുന അവാർഡ് (1986)
 • ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് (1990)
 • ഉത്തർപ്രദേശ് സർക്കാരിന്റെ യശ് ഭാരതി അവാർഡ് (1995)
 • ഓണററി ഡി.ലിറ്റ് ബിരുദം, ഗഡ്‌വാൾ യൂണിവേഴ്സിറ്റി (1997)
 • മഹിളാ ശിരോമണി അവാർഡ് (1997)

കൂടുതൽ കാണാൻ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. "ബചേന്ദ്രിപാൽ സിങ്". ഐലവ്ഇന്ത്യ പോർട്ടൽ. ശേഖരിച്ചത് 2016-01-07.
 2. സ്റ്റുഡന്റ്സ് ബ്രിട്ടാനിക്ക ഇന്ത്യാ വോള്യം 1-5. എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. 2000. p. 143. ISBN 978-0852297605.
 3. "എവറസ്റ്റ് ഹിസ്റ്ററി - ബചേന്ദ്രി പാൽ". എവറസ്റ്റ്‌ഹിസ്റ്ററി.കോം. ശേഖരിച്ചത് 2016-01-07.
 4. ടാറ്റാ ഗ്രൂപ്പ്, അവർ പീപ്പിൾ
 5. "ബചേന്ദ്രി പാൽ". സോനെറ്റ്. ശേഖരിച്ചത് 2016-01-07.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Persondata
NAME Pal, Bachendri
ALTERNATIVE NAMES
SHORT DESCRIPTION Indian mountain climber, Mount Everest summiter
DATE OF BIRTH 1954
PLACE OF BIRTH
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=ബചേന്ദ്രി_പാൽ&oldid=3419601" എന്ന താളിൽനിന്ന് ശേഖരിച്ചത്