Jump to content

ഫോർട്ട് കൊച്ചി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫോർട്ടുകൊച്ചി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫോർട്ട് കൊച്ചിയിലെ ചീനവലകൾ

കേരളത്തിലെ എറണാകുളം ജില്ലയിലുള്ള കൊച്ചി നഗരത്തിന്റെ പടിഞ്ഞാറ് ഭാഗമാണ് വിനോദസഞ്ചാര കേന്ദ്രമായ ഫോർട്ട് കൊച്ചി. എറണാകുളം നഗരകേന്ദ്രത്തിൽ നിന്നും, റോഡ്‌ മാർഗ്ഗം 12 കി.മീ അകലെയാണിത്. ഒരു കി.മീ മാത്രമാണ് ജലമാർഗ ദൂരം. കേരളചരിത്രത്തിന്റെ സുപ്രധാനമായ പങ്ക് ഫോർട്ട് കൊച്ചിക്കുണ്ട്. സാന്റാക്രൂസ് ബസിലിക്ക, തുടങ്ങിയ പല വിനോദസഞ്ചാര ആകർഷണങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. സെന്റ് ഫ്രാൻസിസ് പള്ളി (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി ), ഡച്ച് സെമിത്തേരി, ചീനവലകൾ, തുടങ്ങിയ പല ചരിത്ര സ്മാരകങ്ങളും ഫോർട്ട് കൊച്ചിയിലുണ്ട്. ഒരുപാട് തദ്ദേശീയരും വിദേശികളുമായ വിനോദസഞ്ചാരികൾ ഫോർട്ട് കൊച്ചി സന്ദർശിക്കുന്നു. ഇന്ത്യൻ നാവികസേനയുടെ ദ്രോണാചാര്യ എന്ന കപ്പൽ ഫോർട്ട് കൊച്ചിയിലാണ് താവളമുറപ്പിച്ചിരിക്കുന്നത്. മട്ടാഞ്ചേരി കൊട്ടാരം അടുത്താണ്‌. കേരളത്തിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പ് ആയിരുന്നു ഫോർട്ട് കൊച്ചി.

വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത സെന്റ് ഫ്രാൻസിസ് പള്ളി
ഫോർട്ട് കൊച്ചിയിലെ ഡച്ച് സെമിത്തേരി

ഫോർട്ട് കൊച്ചിയുടെ വാസ്തുകലാ പാരമ്പര്യം ശ്രദ്ധയോടെ ഇന്നും പരിപാലിച്ചിരിക്കുന്നു. പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള തദ്ദേശീയ നിയമം നിലവിലുണ്ട്. ഇതുകൊണ്ടുതന്നെ ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലുകളും പഴയ ബംഗ്ലാവുകളും ഗസ്റ്റ് ഹൌസുകളും‍ രൂപാന്തരപ്പെടുത്തിയവയാണ്. മനോഹരമായ പല മണിമാളികകളും ഇവയിൽ ഉൾപ്പെടും.

ഫോർട്ട് കൊച്ചി കാർണിവൽ എല്ലാ വർഷവും പുതുവർഷ ദിനത്തിൽ ആഘോഷിക്കുന്നു. ആയിരക്കണക്കിന് ആളുകൾ ഈ കാർണിവൽ കാണാനെത്തുന്നു. ബൈക്ക് റേസുകളും മറ്റ് ആഘോഷ പരിപാടികളും ഈ കാർണിവലിന്റെ ഭാഗമായി നടക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]
മാനുവൽ കോട്ടയുടെ അവശേഷിക്കുന്ന ചിലഭാഗങ്ങൾ-വടക്കു പടിഞ്ഞാറൻ കാവൽ‍പുര,മുകളിലായി പീരങ്കിയും കാണാം

കൊച്ചി എന്ന പേരിനു കാരണം ഈ ഭാഗത്ത് ചേരുന്ന നദികളും കടലിന്റെ അഴിമുഖവുമാണ്‌. കൊച്ച് അഴി എന്ന പേരാണ്‌ കൊച്ചി ആയത്. എന്നാൽ ഫോർട്ട് കൊച്ചി എന്ന പേർ വന്നത് പോർത്തുഗീസുകാർ ഈ അഴിമുഖത്തിനഭിമുഖമായി കോട്ട കെട്ടിയതോടെയാണ്‌ (1503). ജനങ്ങൾ അങ്ങനെ കോട്ടക്കൊച്ചി എന്ന് ആദ്യം വിളിച്ചു പോന്നു. കോട്ടയുമായി ബന്ധപ്പെട്ട മിക്കവയേയും ജനങ്ങൾ കോട്ട ചേർത്ത് പറയുക സാധാരണമായി. ഉദാ: കോട്ടക്കാശ് (കോട്ടയിൽ നിന്ന് അടിച്ചിരുന്ന നാണയം), കോട്ടമാങ്ങ (കപ്പൽ വഴി കോട്ടയിൽ എത്തിച്ചേർന്നിരുന്ന വിദേശ മാങ്ങ. കോട്ടക്കൊച്ചി എന്നറിയപ്പെടുന്ന ഭൂപ്രദേശം ബ്രിട്ടീഷുകാരുടെ കാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടു. എന്നാൽ ഫോർട്ട് കൊച്ചി ഇന്ത്യ സ്വതന്ത്രയായശേഷം കേരളസംസ്ഥാനം രൂപീകൃതമായശേഷം രൂപമെടുത്ത പേരാണ്‌. [1] കോട്ട എന്ന ഗ്രാമീണപദത്തേക്കാളും ഗമ ഫോർട്ട് എന്ന ഇംഗ്ലീഷ് പദത്തിനുണ്ടായിരുന്നതുകൊണ്ടാവാം ഇത് എന്നാണ്‌ ചരിത്രകാരൻ വി.വി.കെ.വാലത്തിന്റെ അഭിപ്രായം.

സ്ഥാനം

[തിരുത്തുക]

ചരിത്രം

[തിരുത്തുക]

മഹോദയപുരത്തു നിന്ന് 1405-ൽ പെരുമ്പടപ്പ് സ്വരൂപം അതിന്റെ ആസ്ഥാനം കൊച്ചിയിലേക്ക് മാറ്റിയതോടെയാണ്‌ കൊച്ചി അല്പം പ്രശസ്തിയിലേക്ക് ഉയർന്നത്. ഇന്നത്തെ ഫോർട്ട് കൊച്ചിക്കടുത്താണ്‌ കൽ‌വത്തി. പെരിയാറിലെ പ്രളയത്തോടെ വൻ കപ്പലുകൾക്ക് കൊടുങ്ങല്ലൂർ അടുക്കാൻ പ്രയാസമുണ്ടായി. പിന്നീട് കൂടുതൽ വ്യാപാരവും കോഴിക്കോടിനെ ആശ്രയിച്ചായിരുന്നു. സാമൂതിരിയുമായി പിണങ്ങിയും അറബിക്കച്ചവടക്കാരുമായി ഇടഞ്ഞും ഗതിയില്ലാതെയായ പോർത്തുഗീസുകാർ അക്കാലത്തെ പ്രശസ്ത തുറമുഖമായ കൊച്ചി വിട്ട് അത്രയൊന്നും വലുതല്ലായിരുന്ന കൊച്ചിയിലെത്തിയിരുന്നു (1500 ഡിസംബർ 13).

കൊച്ചിക്കോട്ടയുടെ ചർച്ച് റോഡിൽ നിന്നുള്ള ദൃശ്യം. ജീർണ്ണോദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ ഭാഗം

അന്ന് സമൂതിരിയുടെ സാമന്തനായിരുന്നിട്ടും അദ്ദേഹവുമായി ബദ്ധശത്രുതയിലായിരുന്ന കൊച്ചി രാജാവ് പറങ്കികളുടെ സൗഹൃദത്തെ ശക്തിയാക്കാമെന്ന് കരുതുകയും അവരെ ഹാർദ്ദമായി സ്വീകരിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു. പോർത്തുഗീസുകാർക്ക് വ്യാപാരത്തിനു വേണ്ട എല്ലാ സഹായങ്ങളും അദ്ദേഹം ചെയ്തുകൊടുത്തു. കൊച്ചിയിൽ അവർ ഒരു പണ്ടികശാല പണികഴിപ്പിച്ചു.

എന്നാൽ സാമൂതിരി കൊച്ചീരാജാവിന്റെ അനുസരണക്കേടിൽ ക്ഷുഭിതനായി അറബികളുടെ സഹായത്തോടെ കൊച്ചിയിൽ വമ്പിച്ച കപ്പൽ പടയുമായി വന്ന് യുദ്ധം ചെയ്തു. ആദ്യത്തെ യുദ്ധത്തിൽ കൊച്ചി സൈന്യം പരാജയപ്പെട്ടു, രാജാവ് വൈപ്പിൻ‌കയിൽ അഭയം തേടി. എന്നാൽ താമസിയാതെ പോർട്ടുഗീസ് കപ്പൽ‌പ്പടയുമായി എത്തിയ അൽബുക്കെർക്ക് കൊച്ചിക്ക് തുണയായി. സാമൂതിരിയുമായി ഉഗ്ര പോരാട്ടം നടത്തി അവരെ തിരിച്ചോടിച്ചു. കൊച്ചീരാജാവിനെ വൈപ്പിനിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന് തിരികെ സിംഹാസനത്തിലിരുത്തി. പ്രത്യുപകാരമായി പോർത്തുഗീസുകാർക്ക് അവരുടെ പണ്ടികശാലയെ സം‌രക്ഷിക്കാനും ശത്രുക്കളെ നേരിടാനുമായി ഒരു കോട്ട കെട്ടാനുള്ള അനുമതി രാജാവ് നൽകി. ഇതിനായി ഒരു കുന്നും ആവശ്യമായ മരങ്ങളും അവർക്ക് നൽകി എന്ന് ഗുണ്ടർട്ട് വിവരിക്കുന്നു.

പറങ്കികൾ കോട്ടക്ക് അന്നത്തെ രാജാവിന്റെ പേരായ മാനുവൽ എന്ന് നാമകരണം ചെയ്തു. യൂറോപ്യന്മാർ ഇന്ത്യയിൽ നിർമ്മിച്ച ആദ്യത്തെ കോട്ടയായിരുന്നു അത് (ഇതിനു മുമ്പ്, കണ്ണൂരിൽ സ്ഥാപിച്ചത് കുറ്റിക്കോട്ടയായിരുന്നു). സമചതുരാകൃതിയിലുള്ള നാലുകെട്ടും അനുബന്ധമായി കൊത്തളങ്ങളും നാലുമൂലയിലും കാവൽ ഗോപുരങ്ങളുമടങ്ങിയതുമയിരുന്നു കോട്ടഭിത്തികൾ. പോർത്തുഗീസുകാർ കോട്ടക്കകത്ത് താമസവും വ്യാപാരവും തുടങ്ങി. അടുത്തുതന്നെയായി അവർ ഒരു പള്ളിയും പണിതു. ഇത് സാന്താക്രൂസ് പള്ളി എന്നറിയപ്പെട്ടു. താമസിയാതെ മാനുവൽ കോട്ടയ്ക്കു ചുറ്റും വ്യാപാരം അഭിവൃദ്ധിപ്രാപിച്ചു.

പോർത്തുഗീസുകാർ പണിത സാന്റാക്രൂസ് ബസിലിക്ക-നവീകരിച്ചത് (കൊച്ചി രൂപത)

എന്നാൽ, കൊച്ചിയുടെ അഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ തുടങ്ങിയ പോർത്തുഗീസുകാർ അവരുടെ ശക്തി വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. രാജകുടുംബത്തിലെ മൂത്ത താവഴി-ഇളയ താവഴി തർക്കത്തിൽ അവർ പക്ഷം ചേർന്നു. മൂത്ത താവഴിയിലെ രാജകുമാരനെ പുറത്താക്കി ഇളം കൂറിനെ രാജാവാക്കി. മൂത്ത താവഴിയിലെ രാജകുമാരൻ പാലിയത്തച്ചന്റെ സഹായത്തോടെ ഡച്ചുകാരുമായി ബന്ധപ്പെട്ടു സഹായം അഭ്യർത്ഥിച്ചു. ലന്തക്കാർ അന്ന് ശ്രീലങ്ക ആസ്ഥാനമാക്കി വ്യാപാരം നടത്തിവരികയായിരുന്നു. പോർത്തുഗീസുകാരോടുള്ള മത്സരബുദ്ധിയുണ്ടായിരുന്ന ഡച്ചുകാർ സഹായിക്കാമെന്നേറ്റു. 1661-ൽ പോർത്തുഗീസുകാരുടെ പള്ളിപ്പുറം കോട്ടയും, 1662-ൽ കൊടുങ്ങല്ലൂർ കോട്ടയും അവർ പിടിച്ചടക്കിക്കൊണ്ട് കൊച്ചിയോടടുത്തു. ആ വർഷം അവസാനത്തോടെ കൊച്ചിക്കോട്ടയിൽ ഡച്ചുകാർ അവരുടെ സർവ്വ ശക്തിയും ഉപയോഗിച്ച് ആഞ്ഞടിച്ചു. 28 ഡച്ചു പീരങ്കികൾ കോട്ടക്കുനേരെ തീതുപ്പിക്കൊണ്ടിരുന്നു. അവസാനം കോട്ടയുടെ കൽ‌വത്തി ഭാഗത്ത് വിള്ളലുണ്ടാക്കി ഡച്ചു സൈന്യം അകത്ത് കടന്നു. 1663 ജനുവരി 6]]-ന്‌, ഈ സംഭവത്തോടെ പോർത്തുഗീസുകാരുടെ കൊച്ചിയിലെ വാഴ്ചയ്ക്ക് അന്ത്യം കുറിക്കപ്പെട്ടു. പോർത്തുഗീസ് ഗവർണ്ണറായ ഇഗ്നേഷ്യാ സാർമെന്തോ ഡച്ചു ഗവർണ്ണറായ റിക്ലാഫ്‌വാൻ ഗോയൻസിന്‌ കോട്ട കൈമാറി.

ഭൂമിശാസ്ത്രം

[തിരുത്തുക]

എത്തിച്ചേരാനുള്ള വഴി

[തിരുത്തുക]
ബീച്ചിലുള്ള ബോയിലറുകൾ

കൊച്ചി നഗരത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബസ്സു ലഭിക്കും. മറൈൻ ഡ്രൈവിൽ നിന്നും ഫോർട്ട് കൊച്ചിയിലേക്ക് ബോട്ടും ഉണ്ട്.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. ISBN 81-7690-105-9. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫോർട്ട്_കൊച്ചി&oldid=3977640" എന്ന താളിൽനിന്ന് ശേഖരിച്ചത്