നവതരംഗസിനിമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1950-കളുടെ അവസാനത്തിൽ ഉടലെടുത്ത ഒരു ചലച്ചിത്രപ്രസ്ഥാനമാണു് നവസിനിമ അഥവാ നവതരംഗസിനിമ.[1] ഫ്രാൻസിലാണ് ഇത് രൂപംകൊണ്ടതെങ്കിലും പിന്നീട് ലോകത്തെമ്പാടുമുള്ള ചലച്ചിത്രകാരന്മാരിൽ, പ്രത്യേകിച്ച് യുവ ചലച്ചിത്രകാരന്മാരിൽ, വമ്പിച്ച സ്വാധീനമാണ് ഈ പ്രസ്ഥാനം ചെലുത്തിയത്.

ചലച്ചിത്രത്തെ സംബന്ധിച്ച സങ്കല്പത്തിലും സമീപനത്തിലും ഏറെ മാറ്റങ്ങൾക്ക് വഴിതെളിച്ച ഈ പ്രസ്ഥാനത്തെ ക്കുറിക്കാൻ ഫ്രഞ്ചുകാർ 'ന്യൂവെല്ലി വാഗ്യൂ' (La Nouvelle Vague) എന്ന സംജ്ഞയാണുപയോഗിച്ചത്. അതിന്റെ ഇംഗ്ളീഷ് പരിഭാഷയായ 'ന്യൂ വേവ്' (New wave) എന്ന പദമാണ് ലോകത്തെങ്ങും ചലച്ചിത്ര പഠനങ്ങളിലും നിരൂപണങ്ങളിലും ഉപയോഗിച്ചുവരുന്നത്; മലയാളത്തിൽ 'നവസിനിമ' എന്നും.

സ്റ്റൂഡിയോ സെറ്റുകളുടെ കൃത്രിമാന്തരീക്ഷത്തിൽനിന്നും യഥാർത്ഥ ലോക്കേഷനുകളിലേയ്ക്കുള്ള മാറ്റം, എഡിറ്റിങ്ങിലെ ജംബ് കട്ട് പോലുള്ള പുതു പരീക്ഷണങ്ങൾ, സംവിധായകർക്ക് സിനിമയ്ക്കുമേലുള്ള സമ്പൂർണ്ണ നിയന്ത്രണം, സംഭാഷണങ്ങളിൽ അഭിനേതാക്കൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകി മെച്ചപ്പെടുത്തൽ, ലോങ്ങ് ടേക്കുകൾ പോലുള്ള സാങ്കേതിക പരീക്ഷണങ്ങൾ, കൃത്രിമ പ്രകാശ സ്രോതസ്സുകൾക്ക് പകരം സ്വാഭാവിക പ്രകാശത്തിന്റെ ഉപയോഗം, തത്സമയത്തുള്ള ശബ്ദലേഖനം, എന്നിവയായിരുന്നു നവതരംഗസിനിമകളുടെ പ്രധാന സവിശേഷതക.ൾ [2] [3]

ഓഥ്യൂർ തത്ത്വം[തിരുത്തുക]

ഴാങ് ലൂങ് ഗൊദാർദ്

1950-കളുടെ ആദ്യപകുതിയിൽ, ഫ്രാൻസിലെ ഉത്പതിഷ്ണുക്കളായ ചലച്ചിത്രകാരന്മാർക്കിടയിൽ രൂപപ്പെട്ട ചില സംവാദങ്ങളാണ് ഈയൊരു പ്രസ്ഥാനത്തിന് പ്രചോദനമായത്. ഴാങ് ലൂങ് ഗൊദാർദ്, ക്ളോദ് ഛാബ്രോൾ, ഫ്രാങ്കോ ട്രൂഫോ, എറിക്ക് റോമർ, ജാക്വസ് റിവേറ്റി തുടങ്ങിയ അക്കാലത്തെ പ്രമുഖരായ ചലച്ചിത്രകാരന്മാരായിരുന്നു സംവാദത്തിന് തുടക്കമിട്ടത്. അന്നുവരെ ഉണ്ടായിരുന്ന ചലച്ചിത്രസമ്പ്രദായങ്ങൾക്കും സമീപനങ്ങൾക്കും നേരെയുള്ള ഒരു 'കലാപം' എന്ന നിലയിലായിരുന്നു ഈ സംവാദം. പൊതുജനങ്ങൾക്ക് അവരുടെ ദുരിതങ്ങളും കഷ്ടപ്പാടുകളും മറന്ന് ഉല്ലസിക്കാനുള്ള ഒരു പലായനമാർഗ്ഗം (Escapist out-let) മാത്രമാണ് സിനിമ എന്ന ചിന്താഗതിയിൽ മാറ്റം വരുത്താനാണ് ഇതിലൂടെ അവർ ശ്രമിച്ചത്. സാഹിത്യത്തിന്റെ വിധേയത്വത്തിൽ നിന്നും സിനിമയെ സംരക്ഷിക്കണം, അല്ലെങ്കിൽ സാഹിത്യാധിഷ്ഠിതമായ ഒരു തിരക്കഥയ്ക്ക് വഴങ്ങാൻ വേണ്ടി, സംവിധായകൻ ധാരാളം വിട്ടുവീഴ്ച്ചയ്ക്കു തയ്യാറാകേണ്ടി വരും. അതിലൂടെ സിനിമയുടെ സത്ത തന്നെ ചോർന്ന് പോകും. ഇതായിരുന്നു ഇവരുടെ അഭിപ്രായം. അതിനാൽ, സാമ്പ്രദായിക സിനിമകളിൽ നിന്നും വ്യത്യസ്തമാകണം പുതുസിനിമ എന്നവർ വാദിച്ചു. ഇത്തരം അഭിപ്രായങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലേഖനം 1954-ൽ 'കാഹിയേഴ്സ് ഡ്യൂ സിനിമ' (cahiers du cinema) എന്ന സിനിമാപ്രസിദ്ധീകരണത്തിൽ അവതരിപ്പിക്കപ്പെട്ടതോടെ ഇവരുടെ വാദം ഏറെ ചർച്ച ചെയ്യപ്പെട്ടു. 'ഓഥ്യൂർ തത്ത്വം' (Autheur Theory) എന്നായിരുന്നു ഇതറിയപ്പെട്ടത്. ചലച്ചിത്രസംവിധായകൻ ചലച്ചിത്രത്തിന്റെ സമ്പൂർണ കർത്താവായി മാറണമെന്നും അതിലൂടെ സംവിധായകൻ പൂർണമായും ചലച്ചിത്രകാരനായി മാറേണ്ടതുണ്ടെന്നുമായിരുന്നു ഓഥ്യൂർ തത്ത്വത്തിന്റെ ഉള്ളടക്കം. ഗൊദാർദും ഛാബ്രോളും ട്രൂഫോയുമടങ്ങുന്ന പ്രസ്ഥാനനായകർക്ക് ഈ തത്ത്വം ആവിഷ്കരിക്കുന്നതിന്, പ്രശസ്ത ചലച്ചിത്ര സൈദ്ധാന്തികനായിരുന്ന ആന്ദ്രേ ബസായിന്റെ ചലച്ചിത്രപഠനങ്ങളും ഏറെ സഹായകമായിരുന്നു.

പശ്ചാത്തലം[തിരുത്തുക]

രണ്ടാം ലോകയുദ്ധാനന്തര ഇറ്റലിയിൽ രൂപംകൊണ്ട നിയോറിയലിസമാണ് യഥാർഥത്തിൽ നവസിനിമാ ചർച്ചകൾക്ക് തുടക്കമിട്ടത്. മുൻകൂറായി തിട്ടപ്പെടുത്തിക്കഴിഞ്ഞ ഇഫക്ടുകളുടെ അടിസ്ഥാനത്തിലുള്ള പ്രകടനങ്ങളുടെയും മറ്റും ആശയങ്ങളെയൊക്കെ ഇല്ലാതാക്കി വിറ്റോറിയോ ഡെ സീക്ക, റോസല്ലീനി തുടങ്ങിയ ചലച്ചിത്രകാരന്മാരുടെ പുതിയ സിനിമാസംസ്കാരം നവസിനിമയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. നവസിനിമയിൽ പ്രൊഫഷണൽ അഭിനേതാക്കൾക്കുപകരം സാധാരണക്കാർ അഭിനയിച്ചതും ക്യാമറകൾ 'തെരുവിലേക്കിറക്കി' യാഥാർഥ്യങ്ങളെ അങ്ങനെതന്നെ ചിത്രീകരിച്ചതുമെല്ലാം ഇറ്റാലിയൻ നിയോറിയലിസ്റ്റ് സിനിമയിൽ നിന്നും കടംകൊണ്ടതാണെന്ന് പറയാം.

യുദ്ധാനന്തര ഫ്രാൻസിലെ സവിശേഷ സാഹചര്യം നവസിനിമയ്ക്ക് കാരണമായിട്ടുണ്ട്. അവിടുത്തെ സാമൂഹിക-രാഷ്ട്രീയാവസ്ഥകൾ ചുരുങ്ങിയ ചെലവിൽ സിനിമ നിർമ്മിക്കുന്നതിനും രാജ്യത്തിന്റെ യഥാർഥാവസ്ഥ ചിത്രീകരിക്കുന്നതിനും ചലച്ചിത്രകാരന്മാരെ നിർബന്ധിതരാക്കി. അതുകൊണ്ടുതന്നെ സാമ്പ്രദായിക സിനിമാരീതികളിൽനിന്നും വ്യത്യസ്തമായ ഒരു സമീപനം നവസിനിമയിൽ രൂപപ്പെട്ടു. കൃത്രിമമായി നിർമ്മിക്കപ്പെടുന്ന സെറ്റുകൾക്കും സ്റ്റുഡിയോകൾക്കും പകരം പ്രകൃതിയുടെ മടിത്തട്ടിൽത്തന്നെ രംഗങ്ങൾ ചിത്രീകരിച്ചു. എഡിറ്റിങ്ങിൽ സ്വതന്ത്രമായ ശൈലി സ്വീകരിച്ചു. പ്രശസ്ത സാഹിത്യകൃതികളെ സിനിമയുടെ പ്രമേയമാക്കാതെ സ്വന്തമായ കഥാബീജങ്ങൾ ചലച്ചിത്രകാരൻ കണ്ടെത്തി ആവിഷികരിച്ചു. അതുകൊണ്ടാണ് അക്കാലങ്ങളിൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ഏറിയപങ്കും അതത് രാജ്യങ്ങളിലെ സാമൂഹിക, രാഷ്ട്രീയ പ്രശ്നങ്ങൾ മുഖ്യപ്രതിപാദ്യമായത്.

ആരംഭം[തിരുത്തുക]

ഴാങ് ലൂങ് ഗൊദാർദ് സംവിധാനം ചെയ്ത ബ്രീത്ത്ലെസ് എന്ന ആദ്യകാല നവതരംഗസിനിമയിലെ ഒരു രംഗം

ക്ലോദ് ഛാബ്രോളിന്റെ ലി ബ്യൂ സെർഗ് (Le Beau Serge) ആണ് ആദ്യനവസിനിമയായി കണക്കാക്കപ്പെടുന്നത്. ട്രൂഫോയുടെ ദ് ഫോർ ഹൺഡ്രണ്ട് ബ്ലോസ് (1959), ഷൂട്ട് ദ പിയാനോ പ്ലെയർ (1960); ഗൊദാർദിന്റെ ബ്രത്ത്ലസ് (1966), എ വുമൺ ഈസ് എ വുമൺ (1966), കണ്ടംപ്റ്റ് (1963), എ മാരീഡ് വുമൺ (1966); ഛാബ്രോളിന്റെ ദി കസിൻസ് (1959) തുടങ്ങിയവ ആദ്യകാല നവസിനിമകളിൽ പ്രധാനപ്പെട്ടവയാണ്. പ്രതിഭാശാലിയായ ഒരു കലാകാരന് ആത്മാവിഷ്കാരം സാധിക്കാൻ സിനിമ എന്ന മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുമെന്ന് ഈ സിനിമകൾ തെളിയിച്ചതോടെ സിനിമയിലെ ഈ 'നവതരംഗം' ലോകത്തിന്റെ ഇതര ഭാഗങ്ങളിലേക്കും വ്യാപിച്ചു. ഇത്തരം സിനിമകൾക്ക് സാമ്പത്തിക നഷ്ടം വരാതെതന്നെ പ്രദർശനവിജയം കൈവരിക്കാനായതും ഇതിന്റെ വ്യാപനത്തിന് ആക്കം കൂട്ടി.

സ്വാധീനം[തിരുത്തുക]

നവസിനിമയുടെ സ്വാധീനഫലമായി ലോകത്തിലാദ്യമായി, സാമ്പ്രദായിക സിനിമകളിൽനിന്നും മാറിക്കൊണ്ട് സ്വന്തം ദേശീയാസ്തിത്വം കണ്ടെത്താനാകുംവിധം മൌലികമായ സിനിമകൾ രൂപപ്പെട്ടതും അതിലൂടെ ഒരു പ്രസ്ഥാനം തന്നെ വളർന്നതും ബ്രസീലിലായിരുന്നു. 1964-ൽ അവിടെ ഉദയംകൊണ്ട 'സിനിമാ നോവ' പ്രസ്ഥാനവും അതിന്റെ ശില്പിയായിരുന്ന പ്രമുഖ സംവിധായകൻ ഗ്ലോബർ റോഷെയും സിനിമയെ ഒരു രാഷ്ട്രീയ സമരായുധമായി പ്രഖ്യാപിച്ചു. റോഷെയുടെ പില്ക്കാല ചിത്രങ്ങളിലൊക്കെയും ഈ മാറ്റം പ്രകടമാണ്. ഇക്കാലത്തുതന്നെ ഫ്രഞ്ച് കാനഡയിലെ ഗ്രൌളിന്റെ സിനിമകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവസിനിമയുടെ ആവിർഭാവകാലത്തു തന്നെ ഇംഗ്ലണ്ടിലും ഇതിന്റെ അലയൊലികൾ രൂപപ്പെട്ടിരുന്നു. ലിൻഡ്സെ ആൻഡേഴ്സൻ, കാറൽ റീസേ, ടോണി റിച്ചാർഡ്സൺ തുടങ്ങിയ ചലച്ചിത്രകാരന്മാരായിരുന്നു ഇംഗ്ളണ്ടിൽ നവസിനിമയുടെ പ്രചാരകൻ.

നവസിനിമയുടെ സ്വാധീനം ഏറ്റവും കൂടുതലുണ്ടായത് മൂന്നാം ലോകരാജ്യങ്ങളിലായിരുന്നു. പ്രമുഖ ഹംഗേറിയൻ ചലച്ചിത്ര സംവിധായകൻ ഇസ്ത്വാൻ സാബോയുടെ ദി ഏജ് ഒഫ് ഡേ ഡ്രീംസ് (1965) അക്കാലങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ട സോഷ്യലിസ്റ്റ് നവസിനിമകളിലൊന്നാണ്. പോളണ്ടിൽ ആന്ദ്രേ വാജ്ദയുടെ സിനിമകളായിരുന്നു മുഖ്യമായും നവസിനിമകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടത്. റഷ്യയിൽ സെർജി പരാദ്നോവും ആന്ദ്രേ തർക്കോവ്സ്കിയുടെയുമെല്ലാം നവസിനിമയുടെ ശൈലിയാണ് തങ്ങളുടെ ചിത്രങ്ങളിൽ ആവിഷ്കരിച്ചത്. അർജന്റീനയിൽ ഫെർണാണ്ടോ ഹെറോനസ്, ഒക്റ്റോവിയോ; ക്യൂബയിൽ തോമസ് ഹെയിറസ്, ഹംബർദോ സലാസ്; ചിലിയിൽ മിഗ്വിൽ ലിറ്റിൽ തുടങ്ങിയവരുടെ ചലച്ചിത്രാവിഷ്കാരങ്ങളെല്ലാം നവസിനിമയുടെ ശൈലിയിലായിരുന്നു. ഏറെ സെൻസറിങിന് വിധേയമാക്കപ്പെടാറുള്ള ഇറാൻ പോലുള്ള രാജ്യങ്ങളിൽനിന്നുള്ള സിനിമകൾ അത്തരം പ്രതിസന്ധികളെ അതിജീവിച്ചത് നവസിനിമയുടെ രീതി അവലംബിച്ചായിരുന്നു. അബ്ദുൽ ഫസൽ ജലീലിയുടെയും ജാഫർ പനാഹിയുടെയുമെല്ലാം ചിത്രങ്ങൾ ഇതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ്. അലൻ റെനെ, റോബർട്ട് ബ്രസൽ, മൈക്കലാഞ്ചലോ അന്റോണിയോണി തുടങ്ങിയവരും തങ്ങളുടെ ചിത്രങ്ങളിൽ നവസിനിമാ ശൈലി അവലംബിച്ചിട്ടുണ്ട്.

1960-കളുടെ അവസാനമായപ്പോഴേക്കും മറ്റു രാജ്യങ്ങളിൽ രൂപപ്പെട്ട ഇതര ചലച്ചിത്ര പ്രസ്ഥാനങ്ങളിലേക്ക് ഫ്രഞ്ച് ചലച്ചിത്രകാരന്മാരുടെ ശ്രദ്ധ തിരിഞ്ഞതോടെ നവസിനിമയുടെ നിർമ്മാണം ഭാഗികമായി നിലച്ചു. എങ്കിലും ഈ പ്രസ്ഥാനം ലോകസിനിമാരംഗത്ത് ഉണർത്തിവിട്ട നവീന അവബോധം വളരെക്കാലം സജീവമായിത്തന്നെ തുടർന്നു.

ഇന്ത്യയിൽ[തിരുത്തുക]

ഇന്ത്യയിൽ എഴുപതുകൾക്കുശേഷം രണ്ട് പതിറ്റാണ്ട് കാലത്തോളം നവസിനിമയുടെ സ്വാധീനം പ്രകടമായിരുന്നു. മൃണാൾസെന്നിന്റെ ഭുവൻ ഷോം (1969), മണി കൌളിന്റെ ഉസ്കീ റോട്ടി'(1969) തുടങ്ങിയ സിനിമകളാണ് ആദ്യകാല നവസിനിമകൾ. കുമാർ സാഹ്നി, സഈദ് മിർസ, ശ്യാം ബെനഗൽ, കേതൻ മേഹ്ത തുടങ്ങിയ പ്രമുഖരായ ചലച്ചിത്രകാരന്മാരെല്ലാം തന്നെ ഇന്ത്യയിൽ നവതരംഗത്തിന്റെ വക്താക്കളായിരുന്നു.

നവസിനിമയുടെ സ്വാധീനം ദക്ഷിണേന്ത്യയിൽ പ്രകടമായത് കന്നഡ ചലച്ചിത്രങ്ങളിലൂടെയാണ്. ബി.വി. കാരന്ത്, ഗിരീഷ് കർണാട്, ഗിരീഷ് കാസറവള്ളി തുടങ്ങിയവർ കന്നഡ സമാന്തര സിനിമയെ (parallel films) സമ്പന്നമാക്കിയവരിൽ പ്രമുഖരാണ്.

ഫ്രഞ്ച് നവസിനിമയുടെ ആശയവും ആവിഷ്കാരവും ഉൾക്കൊണ്ട് നിരവധി ചിത്രങ്ങൾ മലയാളത്തിലും പുറത്തിറങ്ങിയിട്ടുണ്ട്.[4] അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം (1972), അരവിന്ദന്റെ ഉത്തരായനം (1974) എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ നവതരംഗത്തിന് തുടക്കമിട്ടത്. അടൂരിന്റെ എലിപ്പത്തായം, അനന്തരം; കെ.പി. കുമാരന്റെ അതിഥി; അരവിന്ദന്റെ പോക്കുവെയിൽ; എം.ടി. വാസുദേവൻ നായരുടെ നിർമ്മാല്യം; പി.എ. ബക്കറുടെ കബനീനദി ചുവന്നപ്പോൾ, സംഘഗാനം; ജോൺ എബ്രഹാമിന്റെ ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ; കെ.ജി. ജോർജിന്റെ സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്; പത്മരാജന്റെ പെരുവഴിയമ്പലം, പവിത്രന്റെ ഉപ്പ് തുടങ്ങി നിരവധി ചിത്രങ്ങൾ നവസിനിമയുടെ ശൈലിയിൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. http://thefilmstage.com/features/the-classroom-french-new-wave-the-influencing-of-the-influencers/
  2. http://www.ehow.com/info_8099620_characteristics-french-new-wave-cinema.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-20. Retrieved 2011-10-26.
  4. http://www.culturalindia.net/indian-cinema/art-cinema.html

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവസിനിമ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവതരംഗസിനിമ&oldid=4022896" എന്ന താളിൽനിന്ന് ശേഖരിച്ചത്