ഫ്രാൻസ്വാ ത്രൂഫോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്രാൻസ്വാ ത്രൂഫോ
François Truffaut.jpg
ത്രൂഫോ 1984 ൽ
ജനനം ഫ്രാൻസ്വാ റൊളണ്ട് ത്രൂഫോ
1932 ഫെബ്രുവരി 6(1932-02-06)
പാരീസ്, ഫ്രാൻസ്
മരണം 1984 ഒക്ടോബർ 21(1984-10-21) (പ്രായം 52)
നെയി-സ്യുർ-സെയ്ൻ, ഓ-ഡെ-സെയ്ൻ, ഫ്രാൻസ്
തൊഴിൽ നടൻ, സിനിമ നിരൂപകൻ, ചലചിത്രകാരൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത്
സജീവം 1955–1983
മതം നിരീശ്വരവാദി
ജീവിത പങ്കാളി(കൾ) മാഡെലെയ്ൻ മോർഗെൻസ്റ്റേൺ (വി. 1957–1965) «start: (1957)–end+1: (1966)»"Marriage: മാഡെലെയ്ൻ മോർഗെൻസ്റ്റേൺ to ഫ്രാൻസ്വാ ത്രൂഫോ" Location: (linkback://ml.wikipedia.org/wiki/%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BE%E0%B5%BB%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE_%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%82%E0%B4%AB%E0%B5%8B)

ചലച്ചിത്രസംവിധായകൻ, നടൻ, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രസിദ്ധനായ ഫ്രഞ്ച് പൗരനാണ് ഫ്രാൻസ്വാ ത്രൂഫോ (ഫ്രഞ്ച്: François Roland Truffaut; 6 ഫെബ്രുവരി 1932 – 21 ഒക്ടോബർ 1984). 1950 കളിലെ ഫ്രെഞ്ച് നവതരംഗ സിനിമയുടെ പ്രമുഖവക്താക്കളിലൊരാൾ ത്രൂഫോ ആയിരുന്നു. ചെറുപ്പകാലത്ത് സൈനികസേവനവും ജയിൽവാസവും മറ്റുമായി കഴിഞ്ഞ ത്രൂഫോ ഒരു നിരൂപകനായിട്ടാണ് ചലച്ചിത്ര രംഗപ്രവേശം നടത്തിയത്. 1940-കളിലെ ഫ്രഞ്ച് മുഖ്യധാരാ സിനിമയുടെ രൂക്ഷവിമർശനം ഇദ്ദേഹത്തെ ശ്രദ്ധേയനാക്കി. പുതിയൊരു സിനിമാശൈലിക്കുവേണ്ടിയാണ് ത്രൂഫോ ശബ്ദമുയർത്തിയിരുന്നത്.ഫ്രഞ്ച് സിനിമയുടെ ശവക്കുഴി തോണ്ടാൻ വന്നയാൾ എന്നായിരുന്നു മുഖ്യ ധാരാ സിനിമാ പ്രവർത്തകരുടെ പരാതി, അതിനാൽ തന്നെ 1958 ലെ കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് മനഃപൂർവം ഇദ്ദേഹത്തെ മാത്രം ക്ഷണിച്ചില്ല.[1] പക്ഷെ അടുത്ത വർഷത്തെ ഏറ്റവും നല്ല സംവിധായകനുള്ള പുരസ്കാരം നേടി.

കാൽനൂറ്റാണ്ടോളം നീണ്ടു നിന്ന ചലച്ചിത്രജീവിതത്തിൽ സംവിധായകനായും തിരക്കഥാകൃത്തായും നിർമ്മാതാവായും നടനായും പ്രവർത്തിച്ചിട്ടുണ്ട്. 1955-ൽ 23-മത്തെ വയസ്സിൽ Une Visite എന്ന പേരിൽ സ്പാനിഷ് ഭാഷയിലുള്ള ഒരു ഹ്രസ്വചലച്ചിത്രം നിർമ്മിച്ചുകൊണ്ട് ചലച്ചിത്രജീവിതമാരംഭിക്കുന്നതിനു മുൻപ് കഹേ ദു സിനിമ (Cahiers du cinéma) എന്ന ഫ്രെഞ്ച് സിനിമാ മാസികയിൽ എഴുത്തുകാരനായും എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.[2]

ആദ്യകാലജീവിതം[തിരുത്തുക]

യനീൻ ദി മോൺ‌ഫെരാന്ദ് (Jeanine de Monferrand) എന്ന സ്ത്രീയ്ക്കു വിവാഹത്തിനു പുറമെ ജനിച്ച കുട്ടിയായിരുന്നു ഫ്രാൻസ്വാ ത്രൂഫോ. ശാരീരികമായി ഫ്രാൻസ്വായുടെ പിതാവാരാണെന്നു തെളിയിക്കുന്ന ഔദ്യോഗികരേഖകളില്ല. ഫ്രാൻസ്വായുടെ മാതാവിന്റെ പ്രതിശ്രുതവരൻ അദ്ദേഹത്തെ ഒരു ദത്തൂപുത്രനായി സ്വീകരിക്കുകയും, തന്റെ കുടുംബപ്പേര് ത്രൂഫോയ്ക്കു നൽകുകയും ചെയ്തു.[3] എങ്കിലും അപമാനഭീതി നിമിത്തം ഒരു ആയയുടെ സംരക്ഷണയിലായിരുന്നു ഫ്രാൻസ്വാ വളർന്നത്. പിന്നീട് അമ്മയുടെ അമ്മ അദ്ദേഹത്തെ സ്വീകരിക്കുകയും വളർത്തുകയും ചെയ്തു. കർശനമായ അച്ചടക്കത്തിന്റെ അന്തരീക്ഷത്തിലായിരുന്നു കുട്ടിക്കാലമെങ്കിലും സാഹിത്യവും സംഗീതവും ആസ്വദിക്കാൻ അദ്ദേഹത്തിനു അവസരം ലഭിച്ചിരുന്നു.


എട്ടാമത്തെ വയസ്സിൽ ആദ്യമായി സിനിമ കാണാൻ അവസരം ലഭിച്ചപ്പോൾതന്നെ അദ്ദേഹത്തിനു സിനിമയിൽ താത്പര്യമായി. പിന്നീട് പലപ്പോഴും പഠനമുപേക്ഷിച്ച് സിനിമ കാണാൻ പോകുക പതിവായിരുന്നു. ഓരോ ആഴ്ചയിലും പുതിയ മൂന്നു സിനിമകളും, പുതിയ മൂന്നു പുസ്തകങ്ങളും ത്രൂഫോയുടെ ഒരു പതിവായി മാറി.[4] പതിനാലാമത്തെ വയസ്സിൽ ത്രൂഫോ വിദ്യാലയത്തോട് വിടപറഞ്ഞു. കുറേക്കാലം ഒരു വ്യവസായശാലയിൽ വെൽഡർ ആയി ജോലി ചെയ്തു. പിന്നീട് ജീവിക്കാനായി മറ്റു പല ജോലികളും ചെയ്തു.[5] 1948-ൽ പതിനാറാമത്തെ വയസ്സിൽ ഒരു ചലച്ചിത്രാസ്വാദന ക്ലബ് അദ്ദേഹം തുടങ്ങുകയുണ്ടായി. ആദ്യകാലത്ത്, തന്റെ പിതാവിന്റെ ഓഫീസിലെ ഒരു ടൈപ് റൈറ്റർ മോഷ്ടിച്ചാണ്, ഈ ക്ലബിൽ സിനിമ പ്രദർശിപ്പിക്കാനുള്ള പണം സ്വരൂപിച്ചത്.[6]

സിനിമാ ജീവിതം[തിരുത്തുക]

1948-ലാണ്, അക്കാലത്ത് പ്രശസ്ത സിനിമാ-നിരൂപകനായിരുന്ന ആന്ദ്രേ ബാസിനെ ത്രൂഫോ പരിചയപ്പെടുന്നത്. ചലച്ചിത്രപ്രവർത്തനങ്ങൾ അവസാനിപ്പിക്കാമെന്നും പകരം സാഹിത്യത്തിൽ ശ്രദ്ധിച്ച് സ്ഥിരജോലി നേടാമെന്നും പിതാവിനു കൊടുത്തിരുന്ന വാഗ്ദാനം പാലിക്കാതിരുന്നതിനെത്തുടർന്ന് ത്രൂഫോയുടെ പിതാവു തന്നെ അദ്ദേഹത്തെ പോലീസിലേൽപ്പിക്കുകയുണ്ടായി. അതെത്തുടർന്ന് പ്രായപൂർത്തിയായിട്ടില്ലാത്തവർക്കായുള്ള ജയിലിലടക്കപ്പെട്ട ത്രൂഫോ, ബാസിന്റെ ഇടപെടലുകളുടെ സഹായത്തോടെയാണു ജയിൽ മോചിതനായത്. 18-മത്തെ വയസ്സിൽ ബാസിൻ അദ്ദേഹത്തെ സെക്രട്ടറിയായി നിയമിക്കുകയും, പിന്നീട് ത്രൂഫോ തന്റെ മാതാപിതാക്കളിൽ നിന്ന് നിയമപരമായി സ്വാതന്ത്ര്യം നേടുകയും ചെയ്തു.[7]

1951-ൽ ആന്ദ്രേ ബാസീന്റെ നേതൃത്വത്തിൽ ‘കഹേ ദു സിനിമ’ എന്ന ഫിലിം മാഗസിൻ പ്രവർത്തനമാരംഭിച്ചപ്പോൾ ഷാക്വ് റിവറ്റ്, ഴാങ്ങ്‌-ലുക് ഗൊദാർദ്, ക്ലോദ് ഷാബ്രോൾ എന്നിവർക്കൊപ്പം എഴുത്തുകാരനായി ത്രൂഫോയുമുണ്ടായിരുന്നു.[8][9] 1957-ൽ തന്റെ ലേഖനങ്ങൾ കൂടുതൽ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കണമെന്ന ത്രൂഫോയുടെ ആവശ്യം എഡിറ്റോറിയൽ ബോർഡ് അംഗീകരിക്കുകയും ത്രൂഫോയുടെ നിരൂപണലേഖനങ്ങൾക്കെല്ലാം ബൈലൈൻ അനുവദിക്കുകയും ചെയ്തു. സിനിമകളുടെ ആപേക്ഷികഗുണനിലവാരം കാണിക്കാനായി സ്റ്റാർ റേറ്റിംഗ് സമ്പ്രദായം ആരംഭിക്കുന്നതും ത്രൂഫോയുടെ നിർദ്ദേശപ്രകാരമായിരുന്നു. ഈ രീതി പിന്നീട് ലോകമെമ്പാടും പ്രചാരം നേടി.[8] 1950-കളുടെ രണ്ടാം പകുതിയിൽ ‘കഹേ ദു സിനിമ’യുടെ നിരൂപകന്മാർ ഓരോരുത്തരായി സംവിധാനത്തിലേക്ക് തിരിഞ്ഞു. ഷാക്വ് റിവെറ്റിന്റെ Le coup du berger (1956) എന്ന ഹ്രസ്വചിത്രത്തിൽ നടനായി സഹകരിച്ചതാണ് സംവിധാനത്തിലേക്ക് തിരിയാൻ ത്രൂഫോയെ പ്രചോദിപ്പിച്ചത്.[8] 1957 സെപ്റ്റംബറിൽ ത്രൂഫോ Les Mistons (1957) എന്ന ഹ്രസ്വചിത്രം പൂർത്തിയാക്കി. ഈ ചിത്രം 1958-ൽ ബ്രസൽ‌സ് ഫെസ്റ്റിവൽ ഓഫ് വേൾഡ് സിനിമയിൽ മികച്ച സംവിധായകനുള്ള പുരസ്കാരം ത്രൂഫോയ്ക്ക് നേടിക്കൊടുത്തു.[10]

പ്രധാന സിനിമകൾ[തിരുത്തുക]

പ്രസിദ്ധ സംവിധായകനായ റോസെലിനിയുടെ സഹായിയായി കുറച്ചുകാലം പ്രവർത്തിച്ചശേഷം 1959-ൽ ദ് 400 ബ്ലോസ് എന്ന ചലച്ചിത്രം സംവിധാനം ചെയ്തു. ത്രൂഫോയുടെ കൗമാരകാലം പ്രതിഫലിപ്പിക്കുന്ന ഈ ചിത്രം കാൻ ഫെസ്റ്റിവലിൽ മികച്ച സംവിധായകനുള്ള പുരസ്കാരത്തിനു ത്രൂഫോയെ അർഹനാക്കിയതിനു പുറമെ 450,000 ടിക്കറ്റുകളുടെ വില്പനയുമായി ആദ്യകാല നവ തരംഗ സിനിമകളിൽ വൻ‌വിജയമായിത്തീർന്നു.[11] 1960-ൽ സംവിധാനം പൂർത്തിയാക്കിയ ഷൂട്ട് ദ് പിയാനോ പ്ലേയർ ഹോളിവുഡ് ആക്ഷൻ ചിത്രങ്ങളുടെ ഒരു ഫ്രഞ്ച് പതിപ്പായിരുന്നു. തുടർന്ന് പുറത്തുവന്ന ജൂൾസ് എറ്റ് ജിമ് (1961) ലാപിൻ ഡൗസ് (1964) എന്നീ ചിത്രങ്ങൾ ട്രൂഫോയെ മുൻനിരക്കാരനാക്കി. അവഗണിക്കപ്പെട്ട പ്രേമം പ്രമേയമാക്കുന്ന മറ്റൊരു ചിത്രമാണ് ലൗ അറ്റ് ട്വന്റി (1962). ഫാരൻഹീറ്റ് 451 (1966), ദ് ബ്രൈഡ് വോർ ബ്ലാക്ക് (1967), സ്റ്റോളൻ കിസ്സസ് (1968), ബെഡ് ആന്റ് ബോഡ് (1970), ലൗ ഓൺ ദ് റൺ (1979) എന്നിവയാണ് തുടർന്നുവന്ന ശ്രദ്ധേയ ചിത്രങ്ങൾ. ഹിച്ച്കോക്കിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സംവിധാനം ചെയ്ത ചിത്രമാണ് ദ് ബ്രൈഡ് വോർ ബ്ലാക്ക്. വനവാസിയായ ഒരു ബാലനെ പരിഷ്കാരിയാക്കാൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്റെ കഥയാണ് എൽ എൻഫാന്റ് സാവേജ്. ഈ ചിത്രത്തിൽ ശാസ്ത്രജ്ഞന്റെ വേഷമണിഞ്ഞത് ട്രൂഫോ തന്നെയായിരുന്നു.

വിക്ടർ യുഗോയുടെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ദ സ്റ്റോറി ഒഫ് അഡിലി എച്ച്(1975) നാസി ആക്രമണത്തെ സംബന്ധിച്ച ദ് ലാസ്റ്റ് മെട്രോ (1980) എന്നിവ അവസാനകാലചിത്രങ്ങളിൽ ഉൾപ്പെടുന്നു.[12][13] സ്റ്റീവൻ സ്പീൽബെർഗിന്റെ ചിത്രമായ ക്ലോസ് എൻകൗണ്ടേഴ്സ് ഒഫ് ദ് തേഡ് കൈന്റിൽ ട്രൂഫോ അഭിനയിച്ചിട്ടുണ്ട്.[14]

വ്യക്തി ജീവിതം[തിരുത്തുക]

1957 ൽ മദെലീൻ മോർഗൻസ്റ്റൺ എന്ന ധനിക യുവതിയെ ത്രൂഫോ വിവാഹം ചെയ്തു. ഈ ദാമ്പത്യത്തിൽ ഇവർക്ക് രണ്ട് പെൺകുട്ടികളുണ്ടായിരുന്നു. ഫ്രാൻസിലെ ഒരു വലിയ സിനിമാ വിതരണ കമ്പനിയുടെ ഉടമസ്ഥന്റെ മകളായിരുന്നു മദെലീൻ. ത്രൂഫോയുടെ ചലച്ചിത്രങ്ങൾക്കാവശ്യമായ പണം കണ്ടെത്തുന്ന ഉത്തരവാദിത്തം നിർവ്വഹിച്ചിരുന്നത് മദെലീൻ ആയിരുന്നു. ത്രൂഫോയ്ക്ക് മറ്റു പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഫ്രഞ്ച് അഭിനേത്രികളായിരുന്ന ക്ലോഡ് ജേഡ്, ഫാനി ആർദാന്റ് എന്നിവരുടെ കൂടെയും ത്രൂഫോ ഒരുമിച്ചു താമസിച്ചിരുന്നു.[15] ത്രൂഫോയുടെ ഇത്തരത്തിലുള്ള ജീവിതം മദെലീനുമായുള്ള വിവാഹമോചനത്തിൽ കലാശിച്ചു. 1965 ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ഫാനിയുമായുള്ള മൂന്നു വർഷം മാത്രം നീണ്ടു നിന്ന ബന്ധത്തിൽ ത്രൂഫോയ്ക്ക് ഒരു മകളും ജനിച്ചിരുന്നു.[16] ഒരു നിരീശ്വരവാദിയായിരുന്നു ത്രൂഫോ.[17]

സംവിധായകനായിരുന്ന ഗൊദാർദ്ദുമായി ത്രൂഫോയക്ക് വളരെ അടുത്ത ബന്ധമായിരുന്നു. ഫ്രഞ്ച് നവതരംഗ സിനിമയിലെ ലെനോൺ-മക്കാർട്ടിനി എന്നാണ് ഇരുവരേയും പത്രങ്ങൾ വിശേഷിപ്പിച്ചിരുന്നത്. 1973 ൽ ത്രൂഫോ സംവിധാനം ചെയ്ത ഒരു ചിത്രത്തെക്കുറിച്ച് ഗൊദ്ദാർദ്ദ് വിമർശിക്കുകയുണ്ടായി. 20 താളുകൾ വരുന്ന ഒരു കത്തിലൂടെയാണ് ത്രൂഫോ ഗൊദ്ദാർദ്ദിന് മറുപടി നൽകിയത്. എല്ലാവരും ഒന്നായിരിക്കണമെന്ന തത്ത്വം പറയുകയും, എന്നാൽ അത് നടപ്പിലാക്കാൻ ശ്രമിക്കാത്ത ഒരു കപടവേഷധാരിയാണ് ഗൊദ്ദാർദ്ദെന്നും ഈ കത്തിലൂടെ ത്രൂഫോ പറയുകയുണ്ടായി. പിന്നീടൊരിക്കലും ഇരുവരും തമ്മിൽ കണ്ടിട്ടില്ല. ഇമ്മാനുവൽ ലോറന്റ് സംവിധാനം ചെയ്ത ടു ഇൻ ദ വേവ് എന്ന ഡോക്യുമെന്ററി ചിത്രം ഗൊദ്ദാർദ്ദിന്റേയും, ത്രൂഫോയുടേയും സൗഹൃദത്തിന്റേയും, വേർപിരിയലിന്റേയും കഥ പറയുന്നു.[18]

മരണം[തിരുത്തുക]

ശവകുടീരം

1983 ൽ തന്റെ പുതിയ ചലച്ചിത്രത്തിന്റെ പണിപ്പുരയിലിരിക്കുമ്പോഴാണ് അദ്ദേഹത്തിന് ആദ്യമായി ഹൃദയാഘാതം സംഭവിക്കുന്നത്. വിശദമായ വൈദ്യപരിശോധനയിൽ അദ്ദേഹത്തിന്റെ തലച്ചോറിൽ വളരുന്ന ഒരു ട്യൂമറിനെക്കുറിച്ചുള്ള സംശയം സ്ഥിരീകരിക്കപ്പെട്ടു. 1984 ഒക്ടോബർ 21 ന് ത്രൂഫോ അന്തരിച്ചു. മരിക്കുമ്പോഴും നിരവധി ചിത്രങ്ങളെക്കുറിച്ചുള്ള ചർച്ചകളിലായിരുന്നു അദ്ദേഹം, ഏതാനും ചിത്രങ്ങൾ കൂടി നിർമ്മിച്ചശേഷം തന്റെ സിനിമാ അനുഭവങ്ങളെക്കുറിച്ചും, നവതരംഗ സിനിമകളെക്കുറിച്ചും പുസ്തകരചനയിലേർപ്പെടണം എന്നതായിരുന്നു ത്രൂഫോയുടെ ആഗ്രഹം. ഇരുപത്തഞ്ച് ചിത്രങ്ങൾക്കു പിന്നിൽ പ്രവർത്തിക്കാനേ അദ്ദേഹത്തിനു സാധിച്ചിരുന്നുള്ളു. പാരീസിലുള്ള മോൺമാർത്രെ സെമിത്തേരിയിലാണ് ത്രൂഫോയുടെ ശരീരം അടക്കം ചെയ്തിരിക്കുന്നത്.

പുരസ്കാരങ്ങൾ[തിരുത്തുക]

ത്രൂഫോയുടെ ആദ്യ ഫീച്ചർചിത്രമായ 400 ബ്ലോസ്, 1959-ലെ കാൻ ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ തെരഞ്ഞെടുക്കപ്പെട്ടതിനു പുറമെ ഒ.ഐ.സി.സി അവാർഡു നേടുകയും മികച്ച സംവിധായകനുള്ള പുരസ്കാരം ത്രൂഫോയ്ക്ക് നേടിക്കൊടുക്കുകയും ചെയ്തു.[19] 1960-ൽ മികച്ച അവലംബിതമല്ലാത്ത തിരക്കഥയ്ക്കുള്ള അക്കാദമി അവാർഡ് നോമിനേഷനും ത്രൂഫോയ്ക്ക് ലഭിച്ചു. [20] 1962-ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറിയംഗമായിരുന്നു ത്രൂഫോ.[21] 1964-ൽ സംവിധാനം ചെയ്ത ദി സോഫ്റ്റ് സ്കിൻ എന്ന ചലച്ചിത്രം കാൻ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[22]

ലവ് അറ്റ് ട്വെന്റി (1962), സ്മോൾ ചേയ്ഞ്ച് (1976), ദി മാൻ ഹു ലവ്ഡ് വിമെൻ (1977), ലവ് ഓൺ ദി റൺ (1979) എന്നീ ചലച്ചിത്രങ്ങൾ ബെർലിൻ ഫിലിം ഫെസ്റ്റിവലിന്റെയും ഫാരൻഹീറ്റ് 451 (1966) വെനീസ് ഫിലിം ഫെസ്റ്റിവലിന്റെയും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[22]

1973-ൽ സംവിധാനം ചെയ്ത ഡേ ഫോർ നൈറ്റ് എന്ന ചിത്രത്തിന് ഏറ്റവും നല്ല വിദേശചിത്രത്തിനുള്ള 46-ആമത് ഓസ്കാർ പുരസ്കാരം ലഭിക്കുകയുണ്ടായി.[23][24]

അവലംബം[തിരുത്തുക]

 1. സുഖ്ദേവ്, സന്ധു (02-ഏപ്രിൽ-2009). "ഫിലിം അസ് ആൻ ആക്ട് ഓഫ് ലൗവ്". ന്യൂസ്റ്റേറ്റ്സ്മാൻ. ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 2. "ഫ്രാൻസ്വാ ത്രൂഫോ". ഫ്രഞ്ച് ഫിലിം ഗൈഡ്. ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 3. "ഫ്രാൻസ്വാ ത്രൂഫോ". ന്യൂവേവ് ഫിലിം. ശേഖരിച്ചത് 11-നവംബർ-2013. "കുട്ടിക്കാലം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 4. "ഫ്രാൻസ്വാ ത്രൂഫോ". ന്യൂവേവ് ഫിലിം. ശേഖരിച്ചത് 11-നവംബർ-2013. "സിനിമയോടുള്ള അഭിനിവേശം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 5. എറിക്, പേസ് (22-ഒക്ടോബർ-1984). "ഫ്രാൻസ്വാ ത്രൂഫോ, ന്യൂ വേവ് ഡയറക്ടർ ഡൈസ്". ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 12-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 6. Antoine, de Baecque; Serge Toubiana. ത്രൂഫോ എ ബയോഗ്രഫി. കരോളിന സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-0520225244. "സ്റ്റോറി ഓഫ് എ ചീറ്റ് എന്ന അദ്ധ്യായം"  Unknown parameter |coauthors= ignored (സഹായം)
 7. Antoine, de Baecque; Serge Toubiana. ത്രൂഫോ എ ബയോഗ്രഫി. കരോളിന സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-0520225244.  Unknown parameter |coauthors= ignored (സഹായം)
 8. 8.0 8.1 8.2 റിച്ചാർഡ്, ന്യൂപേർട്ട് (ഏപ്രിൽ 20, 2007). എ ഹിസ്റ്ററി ഓഫ് ദ ഫ്രഞ്ച് ന്യൂ വേവ് സിനിമ. വിസ്കോൻസിൻ സർവ്വകലാശാല പ്രസ്സ്. p. 165. ഐ.എസ്.ബി.എൻ. 978-0-299-21703-7. 
 9. ഡേവ്, ഇറ്റ്സ്കോഫ് (09-ഫെബ്രുവരി-2009). "കഹേ ദു സിനിമ വിൽ കണ്ടിന്യൂ ടു പബ്ലിഷ്". ദ ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 12-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 10. റിച്ചാർഡ്, ന്യൂപേർട്ട് (ഏപ്രിൽ 20, 2007). എ ഹിസ്റ്ററി ഓഫ് ദ ഫ്രഞ്ച് ന്യൂ വേവ് സിനിമ. വിസ്കോൻസിൻ സർവ്വകലാശാല പ്രസ്സ്. p. 166. ഐ.എസ്.ബി.എൻ. 978-0-299-21703-7. 
 11. റിച്ചാർഡ്, ന്യൂപേർട്ട് (ഏപ്രിൽ 20, 2007). എ ഹിസ്റ്ററി ഓഫ് ദ ഫ്രഞ്ച് ന്യൂ വേവ് സിനിമ. വിസ്കോൻസിൻ സർവ്വകലാശാല പ്രസ്സ്. p. 125. ഐ.എസ്.ബി.എൻ. 978-0-299-21703-7. 
 12. "ദ സ്റ്റോറി ഒഫ് അഡിലി എച്ച്". rogerebert.com. ശേഖരിച്ചത് 11-നവംബർ-2013. "ദ സ്റ്റോറി ഒഫ് അഡിലി എച്ച് - കഥാസംഗ്രഹം"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 13. റെമി ഫോർണിയെ, ലാൻസോനി (2002). ഫ്രഞ്ച് സിനിമ ഫ്രം ഇറ്റ്സ് ബിഗിനിംഗ് ടു ദ പ്രസന്റ്. കോണ്ടിന്വം ഇന്റർനാഷണൽ പബ്ലിഷിംഗ് ഗ്രൂപ്പ്. p. 315. ഐ.എസ്.ബി.എൻ. 0-8264-1600-4. 
 14. "ക്ലോസ് എൻകൗണ്ടേഴ്സ് ഓഫ് ദ കൈൻഡ്". ദ നമ്പേഴ്സ്. ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 15. Antoine, de Baecque; Serge Toubiana. ത്രൂഫോ എ ബയോഗ്രഫി. കരോളിന സർവ്വകലാശാല പ്രസ്സ്. ഐ.എസ്.ബി.എൻ. 978-0520225244. "ക്ലോഡ് ജേഡുമായുള്ള ത്രൂഫോയുടെ ബന്ധം"  Unknown parameter |coauthors= ignored (സഹായം)
 16. എറിക്, പേസ് (22-ഒക്ടോബർ-1984). "ഫ്രാൻസ്വാ ത്രൂഫോ, ന്യൂ വേവ് ഡയറക്ടർ ഡൈസ്". ന്യൂയോർക്ക് ടൈംസ്. ശേഖരിച്ചത് 12-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date=, |accessdate= (സഹായം)
 17. എറിക് മൈക്കിൾ, മസൂർ (എഡിറ്റർ). എൻസൈക്ലോപീഡിയ ഓഫ് റിലീജയൻ ആന്റ് ഫിലിം. എബിസി. p. 438. ഐ.എസ്.ബി.എൻ. 978-0313330728. "ത്രൂഫോ ഒരു നിരീശ്വരവാദിയായിരുന്നു" 
 18. ഇമ്മാനുവേൽ, ലോറന്റ്. "ടു ഇൻ ദ വേവ് (ഡോക്യുമെന്ററി)". ഐ.എം.ഡി.ബി. ശേഖരിച്ചത് 13-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 19. ഫിലിം ഫെസ്റ്റിവൽ "കാൻ ഫിലിം ഫെസ്റ്റിവൽ". ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 20. അക്കാദമി അവാർഡ് നോമിനേഷനുകൾ "32-മത് അക്കാദമി അവാർഡ് നോമിനേഷനുകൾ". ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 21. ഫിലിം ഫെസ്റ്റിവൽ "കാൻ ഫിലിം ഫെസ്റ്റിവൽ". ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 22. 22.0 22.1 ഫിലിം ഫെസ്റ്റിവൽ "കാൻ ഫിലിം ഫെസ്റ്റിവൽ". ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം) ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "aa46" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
 23. "ഡേ ഫോർ നൈറ്റിന് മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം". ദ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ്. ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
 24. "46ആമത് അക്കാദമി പുരസ്കാരങ്ങൾ". ദ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്ട്സ് ആന്റ് സയൻസ്. ശേഖരിച്ചത് 11-നവംബർ-2013.  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |accessdate= (സഹായം)
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്വാ_ത്രൂഫോ&oldid=2284528" എന്ന താളിൽനിന്നു ശേഖരിച്ചത്