ചെമ്പ്രശ്ശേരി തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ
ജനനം1875
അരീച്ചോല, മലബാർ, മൈസൂർ രാജ് (ഇന്നത്തെ മലപ്പുറം ജില്ല)
മരണം1922 ജനുവരി 09
മലബാർ ജില്ല ബ്രിട്ടീഷ് ഇന്ത്യ
ദേശീയതഭാരതീയൻ
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം,സൂഫിസം


മലബാർ കലാപത്തിൽ നേതൃത്വസ്ഥാനം വഹിച്ച മുസ്ലിം പണ്ഡിതനും ആധ്യാത്മിക നേതാവുമാണ്ചെമ്പ്രശ്ശേരി തങ്ങൾ. ഒറ്റകത്ത് സയ്യിദ് മുഹമ്മദ് കുഞ്ഞിക്കോയ തങ്ങൾ എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തന കേന്ദ്രമായ ചെമ്പ്രശ്ശേരിയുമായി ചേർന്ന് ചെമ്പ്രശ്ശേരി തങ്ങൾ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്.

ജീവിത രേഖ[തിരുത്തുക]

പാണ്ടിക്കാട് താലൂക്കിലെ ചെമ്പ്രശ്ശേരി അംശത്തിൽപെട്ട അരീച്ചോലയിൽ എ.ഡി 1875- ലാണ് ചെമ്പ്രശ്ശേരി തങ്ങളുടെ ജനനം. (ഇന്നത്തെ മലപ്പുറം ജില്ലയിലാണ് ഈ പ്രദേശം.) സയ്യിദ് അബ്ദുള്ളകോയ തങ്ങൾ ആയിരുന്നു പിതാവ്. ഫാത്വിമ ബിൻത് അഹമ്മദ് മാതാവും. നെല്ലിക്കുത്ത് സ്വദേശിയായ ശൈഖ് അബ്ദുൽ ഖാദിർ മുസ്ലിയാരിൽ നിന്ന് അരീച്ചോലയിൽ വച്ച് ചെറുപ്പ കാലത്തേ തങ്ങൾ മതവിദ്യാഭ്യാസം നേടി.ജന്മദേശത്തു നിന്നുള്ള മതവിദ്യാഭ്യാസത്തിനു ശേഷം തൊട്ടടുത്ത ഗ്രാമമായ തൊടികപ്പുറത്ത് മുദരിസായി സേവനം ചെയ്തു. അനന്തരം പിതാവിനൊപ്പം തുവ്വൂരിലേക്ക് മാറി. അതിനു ശേഷമാണ് തങ്ങൾ ചെമ്പ്രശ്ശേരിയിലെത്തുന്നത്. ജീവിതാന്ത്യം വരെ അവിടെത്തന്നെ തുടരുകയും ചെയ്തു.

ചെമ്പ്രശ്ശേരിയിലേക്കുള്ള വരവ് തങ്ങളുടെ ജീവിതത്തിലെ വഴിത്തിരിവായിത്തീർന്നു. ആ കാലത്താണ് അദ്ദേഹം വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും മറ്റു ഖിലാഫത്ത് നേതാക്കളെയും പരിചയപ്പെടുന്നത്[1]. അതോടെ, സാമ്രാജ്യത്വ വിരുദ്ധ ചിന്തയും ദേശീയതാബോധവും തങ്ങളുടെ അകത്ത് ശക്തമായി. ആ കാലത്തു തന്നെയാണ് എം.പി. നാരായണ മേനോൻ, കെ. മാധവൻ നായർ, ആലി മുസ്‌ലിയാർ, കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ തുടങ്ങിയ നേതാക്കളുമായി തങ്ങൾ അടുത്ത് ബന്ധപ്പെടുന്നതും. അവർക്കൊപ്പം സാമ്രാജ്യത്വത്തിനെതിരെ തങ്ങൾ സമരത്തിനിറങ്ങി. ഖുർആനിലും മറ്റു മതഗ്രന്ഥങ്ങളിലുമുള്ള ആഴത്തിലുള്ള അറിവും സൂഫി ആത്മീയ പുരോഹിതനെന്ന പട്ടവും കാരണം കാരണം സാധാരണ ജനങ്ങൾ അദ്ദേഹത്തെ ആദരിച്ചു. നേർച്ച മൗലീദ് റാത്തീബുകൾ പോലുള്ള ആഘോഷ ദിനങ്ങൾ ബ്രിട്ടീഷ് വിരുദ്ധരുടെ കൂടിച്ചേരലുകൾക്ക് വഴിയൊരുക്കുകയും ചെമ്പ്രശ്ശേരി തങ്ങളെ പോലുള്ള ആത്മീയ പുരോഹിതർ പോരാട്ട നേതൃത്വത്തിലേക്ക് ഉയർന്നു വരാനും നാന്ദിയൊരുക്കി [2]

തങ്ങളുടെ സഹചാരിയായിരുന്ന മലബാറിലെ സ്വന്ത്രത്യ സമര സേനാനി മാധവൻ നായരുടെ അഭിപ്രായത്തിൽ തങ്ങൾ സമാധാനപ്രിയനായ നല്ലൊരു മനുഷ്യനാണ്. ആരെയും ആകര്ഷിക്കുന്ന, നല്ല ഉയരവും സൌന്ദര്യവുമുള്ള ശരീര പ്രകൃതി. ഉറച്ച ദൈവവിശ്വാസി, വിവിധ ജനവിഭാഗങ്ങളോട് അപാരമായ അനുകമ്പയും സഹിഷ്ണുതയും പുലർത്തി.[3]

മലബാർ കലാപത്തിലെ ഇടപെടലുകൾ[തിരുത്തുക]

1921 ആഗസ്ററ് മാസം പൂക്കോട്ടുർ തോക്ക് കേസ് , ആലിമുസ്ലിയാരുടെ ചേരൂർ മഖാം പ്രാർത്ഥന എന്നിവയെ ചൊല്ലി സർക്കാരും ഖിലാഫത്ത് നേതാക്കളും തമ്മിലുള്ള പ്രശ്നം മൂർച്ഛിക്കുകയും തുടർന്ന് തിരൂരങ്ങാടി പള്ളി റൈഡ് , തുടർന്ന് വെടിവെയ്പ്പ് എന്നിവ സംഭവിക്കുകയും ഉണ്ടായി ഇതിനെ തുടർന്ന് ആഗസ്റ് 21ൽ ഏറനാട് വള്ളുവനാട് പൊന്നാനി കോഴിക്കോട് താലൂക്കുകളിൽ മമ്പുറം മഖാം ബ്രിട്ടീഷുകാർ തകർത്തു കളഞ്ഞെന്നും, മാപ്പിളമാരും ബ്രിട്ടീഷ് സൈന്യവും നടത്തിയ ഏറ്റുമുട്ടലിൽ ജില്ലാ മജിസ്ട്രേറ്റ്, ജില്ലാ പോലീസ് സുപ്രണ്ട്, ഡെപ്യൂട്ടി സുപ്രണ്ട് ആമുസാഹിബ് മരണപ്പെട്ടുവെന്നുമുള്ള കിംവദന്തി പരന്നു.

ഇതോടെ ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ മുവ്വായിരത്തോളം മാപ്പിളമാരും നൂറിൽ താഴെ അടിയാളരും പാണ്ടിക്കാട് പള്ളി പരിസരത്ത് ഒരുമിച്ചു കൂടി. ഇവരുടെ കാർമ്മികത്വത്തിൽ അംശക്കച്ചേരി, പോസ്റ്റോഫീസ് തുടങ്ങിയ ബ്രിട്ടീഷ് സർക്കാർ സ്ഥാപനങ്ങൾക്ക് നേരെ വെടിവെക്കുകയും പോലീസ് സ്റ്റേഷൻ, ചെക്ക് പോസ്റ്റുകൾ എന്നിവിടങ്ങളിലെ രേഖകൾ മുഴുവൻ നശിപ്പിക്കുകയും ഉണ്ടായി. സൈന്യത്തിന്റെ വരവ് തടസ്സപ്പെടുത്താൻ മഞ്ചേരിയെയും പാണ്ടിക്കാടിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന വെള്ളുവങ്ങാട്ടെ പാലവും അവർ തകർത്തു.

ബ്രിട്ടീഷ് സൈന്യം പാലായനം ചെയ്തതിനെ തുടർന്ന് കുഞ്ഞഹമ്മദ് ഹാജിയുടെ കീഴിൽ രൂപീകരിക്കപ്പെട്ട പാണ്ടിക്കാട് ചെമ്പ്രശ്ശേരി, കാളികാവ്, കരുവാരക്കുണ്ട്, വണ്ടൂർ, മേലാറ്റൂർ, തുവ്വൂർ എന്നീ പ്രദേശങ്ങളിലെ ഭരണം നടത്താൻ പാണ്ടിക്കാട് നടന്ന വിപ്ലവ സർക്കാരിന്റെ യോഗത്തിൽ കുഞ്ഞഹമ്മദ് ഹാജി ചെമ്പ്രശ്ശേരി തങ്ങളെ ചുമതലപ്പെടുത്തി.

1921-ലെ മലബാർ കലാപകാലത്ത് വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ചെമ്പ്രശ്ശേരി തങ്ങൾ നിരവധി തവണ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി. പാണ്ടിക്കാട് യുദ്ധം അതിൽ സുപ്രധാനമായ ഒന്നാണ്.

തുവ്വൂർ കൂട്ടക്കൊല[തിരുത്തുക]

തുവ്വൂർ കൂട്ടക്കൊലയുമായി ചെമ്പ്രശ്ശേരി തങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ട് പലപ്പോഴും പറയപ്പെടാറുണ്ടെങ്കിലും, സംഭവവുമായി ചെമ്പ്രശ്ശേരിയിലെ തങ്ങളുടെ വംശത്തിൽത്തന്നെയുള്ള ഇമ്പിച്ചിക്കോയ തങ്ങൾ എന്ന വ്യക്തിക്കാണ് പങ്കാളിത്തമെന്ന് കെ. മാധവൻ നായർ വ്യക്തമാക്കുന്നുണ്ട്. മാധവൻ നായർ ഇങ്ങിനെ പറയുന്നു. ചെമ്പ്രശ്ശേരി കുഞ്ഞിക്കോയത്തങ്ങൾ അക്രമങ്ങളൊന്നും നടത്തിയിട്ടില്ലെന്നു പറയുവാൻ ഞാൻ തയ്യാറില്ലെങ്കിലും തുവൂരിൽ നടന്ന കൂട്ടക്കൊലയും മറ്റും നടത്തിയത് അയാളല്ലെന്നുതന്നെയാണ് അറിയുന്നത്. തങ്ങൾ വിവരമറിഞ്ഞ് ബാക്കിയുണ്ടായിരുന്നവരെ രക്ഷപ്പെടുത്തിയെന്നുകൂടെ വർത്തമാനമുണ്ട് എന്ന് മാധവൻ നായർ ഉദ്ധരിക്കുന്നുണ്ട്[4].

പോരാട്ടങ്ങൾ[തിരുത്തുക]

മലബാർ സമരത്തിൽ കൊല്ലപെട്ട ബ്രിട്ടിഷ് പട്ടാളക്കാരുടെ ശവകല്ലറകൾ

ചിൻ, കച്ചിൻ, ഗൂർക്ക തുടങ്ങി ബ്രിട്ടീഷ് സൈന്യത്തിലെ മികച്ച റജിമെന്റുകളെ ഇറക്കി ബ്രിട്ടീഷ് സൈന്യം വിപ്ലവ സർക്കാർ അധീന പ്രദേശങ്ങൾ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആഗസ്ററ് 30 ആം തീയതി ആലി മുസ്ലിയാർ അറസ്റ്റ് ചെയ്യപ്പെട്ടു. ബ്രിട്ടീഷ് സൈന്യം തിരിച്ചു പിടിക്കൽ ശ്രമം ആരംഭിച്ചതോടെ പോരാട്ടം കനത്തു. സെപ്തംബർ 12-ാം തിയ്യതി ചെമ്പ്രശ്ശേരി തങ്ങളുടെ നേതൃത്വത്തിൽ ഒരു സംഘം വിപ്ലവകാരികൾ മണ്ണാർക്കാട് ഗവണ്മെന്റ് സ്ഥാപനങ്ങൾ അക്രമിക്കുകയും കുടിയാൻ രേഖകൾ നശിപ്പിക്കുകയും ചെയ്തു. സെപ്റ്റംബര് പതിമൂന്നിന് മേലാറ്റൂരില് വച്ച് ചെമ്പ്രശ്ശേരി തങ്ങളെ വിപ്ളവകാരികളുടെ നേതാവായി തിരഞ്ഞെടുത്തു. ചെമ്പ്രശ്ശേരി തങ്ങളുടെയും വാരിയൻകുന്നത്തിന്റെയും നേതൃത്വത്തിൽ സെപ്തംബർ 20 - 26 തീയതികളിൽ ചെർപ്പുളശ്ശേരി കാഞ്ഞിരമുക്ക്, മേലാറ്റൂർ വെള്ളിയഞ്ചേരി പള്ളി എന്നിവിടങ്ങളിൽ വിപ്ലവ സംഗമം നടന്നു.[5]

യോഗത്തിൽ ഗറില്ലാ യുദ്ധമുറകളിലേക്ക് പോരാട്ടം വ്യാപിപ്പിക്കുക എന്ന തീരുമാനം എടുത്തു. വിപ്ലവകാരികളുടെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ബ്രിട്ടീഷ് അധികാരികൾ ഇന്ത്യയിലെ ബ്രിട്ടീഷ് സൈന്യത്തിലെ മൂന്നിൽ ഒരു ഭാഗത്തെ ഇവിടങ്ങളിലേക്ക് വിന്യസിച്ചു. പ്രതേക പരിശീലനം ലഭിച്ച രണ്ടു വിഭാഗ സൈനിക സംഘങ്ങൾ തങ്ങളെ കീഴ്പ്പെടുത്തുക എന്ന ലക്ഷ്യവുമായി പെരിന്തൽമണ്ണയിലും, മണ്ണാർക്കാടും തമ്പടിച്ചു.[6] മിലിട്ടറി ക്യാമ്പുകൾ ആക്രമിക്കാനുള്ള പദ്ധതിയൊരുക്കുന്നതിൽ സമർത്ഥനായിരുന്ന തങ്ങളുമായി വലിയൊരു ഏറ്റുമുട്ടൽ നടത്തുന്നതിൽ സൈന്യം പരാജയപ്പെടുകയാണുണ്ടായത്. [7].

മരണം[തിരുത്തുക]

മലബാറിൽ ബ്രിട്ടീഷുകാർക്ക് നേരിട്ട് കൊണ്ടിരിക്കുന്ന കനത്ത തിരിച്ചടി ലോകശ്രദ്ധ ആകർഷിച്ചു കഴിഞ്ഞിരുന്നു. മലബാറിൽ ബ്രിട്ടീഷ് യുഗം കഴിഞ്ഞു എന്നാണ് ബ്രിട്ടനിലെ പത്രം അച്ചു നിരത്തിയത്.[8] മലബാറിലെ വിപ്ലവകാരികളെ ശ്ലാഖിച്ചു സോവിയറ്റ് യൂണിയൻ പ്രസിഡന്റ് വ്ലാദിമിർ ലെനിൻ രംഗത്തു വന്നു.[9] ബ്രിട്ടീഷ് രാജ്ഞിയുടെ അടിയന്തര ശ്രദ്ധയും വിപ്ലവ മേഖലകളിലേക്ക് പതിഞ്ഞു.ഇതോടെ എങ്ങനെയും വിപ്ലവ പ്രദേശങ്ങൾ തിരിച്ചു പിടിക്കുക എന്ന ലക്ഷ്യവുമായി ബ്രിട്ടീഷ് ഇന്ത്യ ഇന്റലിജൻസ് തലവന്മാർ മലബാറിൽ തമ്പടിച്ചു തന്ത്രങ്ങൾ മെനഞ്ഞു.

മുസ്ലിം പ്രമാണിമാരെയും ഹൈന്ദവ ജന്മിമാരെയും ഉപയോഗിച്ച് ഒറ്റുകാരെ വളർത്തി. ലഹള വർഗ്ഗീയ സംഘട്ടനമാണെന്നും വിപ്ലവ സർക്കാർ വർഗ്ഗീയ കൂട്ടായ്മയാണെന്നും കാട്ടി ഇതര പ്രദേശങ്ങളിൽ പ്രചാരണങ്ങൾ നടത്തി പുറമെ നിന്നുള്ള സഹായങ്ങൾക്ക് തടയിട്ടു. അതിർ വരമ്പുകളിട്ട് വിപ്ലവ കൂട്ടായ്മയെ ഭിന്നിപ്പിച്ചു[10].

യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പൊട്ടിപ്പുറപ്പെട്ട സായുധ കാലാപത്തിനു ആളും ആയുധവും കിട്ടാതാവുന്ന സ്ഥിതി സംജാതമായതോടെ നേതാക്കൾ ഒളിവിലാകുകയും ചിതറിപ്പോയ ഒട്ടു മിക്ക വിപ്ലവ സംഘങ്ങളുടെയും സർക്കാർ വിരുദ്ധ ആക്രമണങ്ങൾക്ക് അറുതി വരികയും ചെയ്തു [11]

അപകടം മുന്നിൽ കണ്ട ചെമ്പ്രശ്ശേരി തങ്ങൾ ചെമ്പ്രശ്ശേരിയിൽ സംഗമിക്കാൻ വിവിധ സംഘങ്ങളുടെ നേതാക്കൾക്ക് കത്തയച്ചു. മുഴുവൻ വിപ്ലവകാരികളും ഒത്തുചേർന്ന് മമ്പുറം മഖാംമിൽ ചെന്ന് പ്രാർത്ഥന നടത്തിയ ശേഷം ബ്രിട്ടീഷ് സൈന്യത്തിനെതിരെ ഒരു അന്തിമ പോരാട്ടം നടത്താനുള്ള ആഹ്വാനമായിരുന്നു അത്.[12]ഒറ്റുകാരിലൂടെ പദ്ധതി മണത്തറിഞ്ഞ സൈന്യം വിപ്ലവകാരികൾ കുന്നിൻപുറങ്ങളിൽ സമ്മേളിക്കുമ്പോൾ അവരെ ഉപരോധത്തിലാക്കി , ഭക്ഷണവും വെള്ളവും സഹായങ്ങളും മുടക്കി ശക്തി ക്ഷയിപ്പിച്ചു കീഴടക്കുക എന്ന തന്ത്രമൊരുക്കി[13] പദ്ധതി നടപ്പായതോടെ ഉപരോധത്തിലായ തങ്ങളെയും കൂട്ടരെയും പ്രലോഭിപ്പിച്ചു കീഴടക്കാനുള്ള ശ്രമങ്ങൾ അധികാരികളുടെ ഭാഗത്തു നിന്നും ആരംഭിച്ചു. [14]ഡിസംബർ ഒന്നിന് സൈനിക അധികാരികൾക്ക് തങ്ങളുടെ ഒരു കുറി ലഭിച്ചു. മാപ്പിളമാർ വിപ്ലവം നടത്താൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നും, മതം, ജാതി എന്നിവയുടെ അടിസ്ഥാനത്തിൽ നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ബ്രിട്ടീഷ് ഗവണ്മെന്റും ജന്മികളും വേട്ടയാടിയതും അത്തരം ദാരുണ സംഭവങ്ങളും എണ്ണമിട്ട് പറഞ്ഞ തങ്ങൾ സൈന്യം പിന്മാറുകയാണെങ്കിൽ പിന്മാറുന്ന കാര്യം വിപ്ലവകാരികളും ആലോചിക്കാമെന്നു കത്തിൽ ഉറപ്പു നൽകി.

വേട്ടയാടലുകളെ ന്യായീകരിച്ച സൈന്യം തങ്ങളും കൂട്ടരും പിന്മാറിയാൽ സൈന്യം പിന്മാറുന്ന കാര്യവും വിപ്ലവ സർക്കാരുമായി ചർച്ച നടത്തുന്ന കാര്യവും പരിഗണിക്കാമെന്ന് മറുപടി നൽകി. സർക്കാർ ചിലവിൽ മക്കയിൽ അയക്കാം, വിപ്ലവകാരികൾക്കെതിരായ കേസുകൾ എഴുതി തള്ളാം, കുടിയാൻ നിയമങ്ങൾ ചർച്ച ചെയ്യാം എന്നുമുള്ള മോഹന വാഗ്ദാനങ്ങളും കൂടെ നൽകി. ചെമ്പ്രശ്ശേരി തങ്ങളുടെ വലംകയ്യായിരുന്ന കോഴിശ്ശേരി മമ്മദിനെ വിശ്വാസത്തിലെടുത്ത സൈന്യം തങ്ങളെയും കൂട്ടി ഒത്തു തീർപ്പ് ചർച്ചകൾക്കായി രഹസ്യമായി മേലാറ്റൂർ പോലീസ് സ്റ്റേഷനിൽ വരാൻ മമ്മദിനോട് ആവശ്യപ്പെട്ടു. മമ്മദ് ആവിശ്യപ്പെട്ടതനുസരിച്ചു ഉപാധികളോടെ ഡിസംബർ-17ന് മേലാറ്റൂർ സബ് ഇൻസ്പെക്ക്ടർക്ക് മുമ്പിൽ തങ്ങൾ ഹാജരായി. ഇതോടെ ഒളിച്ചിരുന്ന പ്രതേക സംഘം അവരെ കീഴ്പ്പെടുത്തി.

1921 ഡിസംബർ പത്തൊമ്പതിന് തങ്ങളെ ബ്രിട്ടീഷുകാർ വെട്ടത്തൂർ സബ് ഇൻസ്പെക്ടറുടെ മുമ്പിൽ ഹാജരാക്കുകയും അതേതുടർന്ന് അറസ്റ് ചെയ്യുകയും ഉണ്ടായി. തങ്ങളുടെയും കോഴിശ്ശേരി മമ്മദിൻറെയും അറസ്റ്റു രേഖപ്പെടുത്തി യുദ്ധകോടതിയിൽ വിചാരണ ചെയ്യുകയും 1922 ജനുവരി 9ന് ഇരുവരെയും വെടിവെച്ച് കൊല്ലുകയും ചെയ്തു.[15]

ഇവ കാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". Retrieved 2015-10-06. {{cite web}}: Check |url= value (help)
  2. KN Panikkar, Agaist Lord... Page 195 196 K.N.Panikkar, Against Lord and... page-173
  3. കെ.മാധവൻ നായർ, മലബാർ കലാപം, പേജ് 202-203
  4. "മലബാർ കലാപം, കെ. മാധവൻ നായർ". Mathrubhumi. 1987. p. 218. Retrieved 30-08-2015. {{cite web}}: Check date values in: |accessdate= (help)
  5. കെ.മാധവൻ നായർ പേജ്: 214-215
  6. G.R.F. Tottenbam (Edited), The Mappila Rebellion 1921-22, Madras, 1922, Page 247
  7. R.F Totteman, The Mappila Rebellion-P:50,
  8. 1921 ആഗസ്റ്റ് 20-ലെ ലണ്ടന് ടൈംസ്
  9. പിണറായി വിജയൻ ദേശാഭിമാനി 04 ഒക്ടോബര് 2013
  10. .K.N. Panikkar, Against Lord....Page-162
  11. എം.ഗംഗാധരൻ നായർ, മലബാർ കലാപം-പേജ് - 216
  12. എം.ഗംഗാധരൻ നായർ, മലബാർ കലാപം-പേജ് 217
  13. .എം.ഗംഗാധരൻ, മലബാർ കലാപം പേജ്: 211
  14. എം ഗംഗാധരൻ, മലബാർ കലാപം പേജ്. 217
  15. "മലബാർ കലാപം, കെ. മാധവൻ നായർ, പേജ് 289". Retrieved 10-08-2015. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=ചെമ്പ്രശ്ശേരി_തങ്ങൾ&oldid=3764770" എന്ന താളിൽനിന്ന് ശേഖരിച്ചത്