വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുൽത്താൻ വാരിയംകുന്നൻ

വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
ജനനം
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി

1875
മരണം20 ജനുവരി 1922
മരണ കാരണംവെടി വെച്ചുള്ള വധശിക്ഷ
അന്ത്യ വിശ്രമംകത്തിച്ചു കളഞ്ഞു, അവശിഷ്ടം ലഭ്യമല്ല.
സ്മാരകങ്ങൾവാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മെമ്മോറിയൽ കോൺഫറൻസ് ഹാൾ, വെള്ളുവങ്ങാട്
വിദ്യാഭ്യാസംവെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ, നെല്ലിക്കുത്ത് ഓത്തുപള്ളി
സംഘടന(കൾ)കുടിയാൻ സംഘം,കോൺഗ്ഗ്രസ് സഭ,നിസ്സഹകരണ പ്രസ്ഥാനം
അറിയപ്പെടുന്നത്സ്വാതന്ത്ര്യസമരസേനാനി
പ്രസ്ഥാനംഖിലാഫത്ത് പ്രസ്ഥാനം
ജീവിതപങ്കാളി(കൾ)മാളു ഹജ്ജുമ്മ
മാതാപിതാക്ക(ൾ)
കുടുംബംചക്കിപ്പറമ്പൻ

മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു[1] വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി. ഏറനാട് കലാപത്തിൽ ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ[2] [3] [4] ആലി മുസ്ലിയാരുടെ സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം.[5][6] 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്[7].

ജീവിതരേഖ[തിരുത്തുക]

മലപ്പുറം ജില്ലയിലെ ഏറനാട് താലൂക്കിൽ പാണ്ടിക്കാട് പഞ്ചായത്തിലെ വെള്ളുവങ്ങാട് ആണ് ചക്കിപറമ്പൻ കുടുംബത്തിൽ 1883ൽ കുഞ്ഞഹമ്മദ്‌ ഹാജിയുടെ ജനനം. ചക്കിപറമ്പൻ മൊയ്തീൻ കുട്ടി ഹാജി പിതാവും, കരുവാരക്കുണ്ടിലെ പാറവട്ടി കുഞ്ഞായിശുമ്മ മാതാവുമാണ്. കുഞ്ഞഹമ്മദ് ഹാജിയുടെ മാതാപിതാക്കളുടെ കുടുംബങ്ങൾ പാരമ്പര്യമായി ബ്രിട്ടീഷ് വിരുദ്ധ നിലപാട് വെച്ച് പുലർത്തുന്നവരായിരുന്നു[8]. സാമൂതിരിയുടെ കോഴിക്കോട് രാജ്യം നിലവിൽ ഉണ്ടായിരുന്നപ്പോൾ കച്ചവട കുടുംബമായിരുന്നു ചക്കിപറമ്പത്തുകാർ. സമ്പത്തും സ്ഥാനമാനങ്ങളുമുണ്ടായിരുന്ന ഈ തറവാട്ടുകാർ [9] കോഴിക്കോട് രാജ്യം ബ്രിട്ടീഷുകാർ പിടിച്ചെടുത്തതിന് ശേഷം നിസ്സഹകരണ സമീപനമായിരുന്നു പുലർത്തിയിരുന്നത്[10]. തുടർന്ന് പലപ്പോഴായി ബ്രിട്ടീഷ് വിരുദ്ധ ലഹളകൾക്ക് ഈ കുടുംബാംഗങ്ങൾ തിരി കൊളുത്തിയിരുന്നു[11]. പ്രതികാരമായി ചക്കി പറമ്പത്തുകാരുടെ സ്വത്തുവകകൾ ബ്രിട്ടീഷുകാർ പലപ്പോഴായി കയ്യടക്കി. ബ്രിട്ടീഷ് വേട്ടയാടലുകളെ തുടർന്ന് ചക്കി പറമ്പത്ത് നിന്നും വാരിയൻ കുന്ന് തൊടിയിലേക്ക് താമസം മാറേണ്ടി വന്നതിനെ തുടർന്ന് വാരിയൻ കുന്നൻ എന്നായിരുന്നു പിൽകാലത്ത് ഹാജി അറിയപ്പെട്ടിരുന്നത്.

ബാലകൃഷ്‌ണൻ എഴുത്തച്ഛൻ, വെള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ എന്നിടങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടി. കുഞ്ഞികമ്മു മൊല്ലയുടെ ഓത്തുപള്ളി, ആലി മുസ്ലിയാരുടെ സഹോദരൻ മമ്മദ് കുട്ടി മുസ്ലിയാരുടെ ദർസ് എന്നിവിടങ്ങളിൽ നിന്ന് മത വിദ്യാഭ്യാസവും നേടി. മരവ്യാപാരിയായിരുന്ന പിതാവിനെ ചെറുപ്പകാലം തൊട്ടേ കുഞ്ഞഹമ്മദ്‌ ഹാജി സഹായിച്ചിരുന്നു. പോർച്ചുഗീസുകാരോട് യുദ്ധം ചെയ്ത് കൊല്ലപ്പെട്ട കുഞ്ഞി മരക്കാർ[12] ആയിരുന്നു ഹാജിയുടെ വീര പുരുഷൻ[13]. ബ്രീട്ടീഷ് ഗവർമെൻറ് നിരോധിച്ച യുദ്ധ കീർത്തനങ്ങളും, മറ്റു ശുഹദാ മൊലീദ് പാരായണവും സംഘടിപ്പിക്കുന്നതിലടക്കം സജീവമായിരുന്ന ഹാജി ഇക്കാരണങ്ങളാൽ പോലീസ് മേധാവിയായ ചേക്കുട്ടിയുടെ നോട്ടപ്പുള്ളിയായി മാറിയതോടെ[14] മൂന്നോളം തവണ അദ്ദേഹത്തിന് നാട് വിടേണ്ടതായി വന്നു. മക്കയിലും,ബോംബെയിലും ഉള്ള പ്രവാസി ജീവിതത്തിനിടെ അറബി, ഉർദു,ഇംഗ്ലീഷ്, പേർഷ്യൻ ഭാഷകൾ പരിചയിച്ചു.[15] [16]

ബ്രിട്ടീഷ് സർക്കാരിനെതിരെ അരങ്ങേറിയ 1894 മണ്ണാർക്കാട്‌ ലഹളയെ തുടർന്ന് ഹാജിയുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെടുകയോ നാടുകടത്തപ്പെടുകയോ ചെയ്തു. അന്തമാനിലേക്ക്‌ നാടുകടത്തപ്പെട്ടവരിൽ കുഞ്ഞഹമ്മദ് ഹാജിയുടെ പിതാവും ഉൾപ്പെട്ടിരുന്നു. പിഴയായി ഭീമമായ തുക ഹാജിയുടെ കുടുംബത്തിൽ നിന്നും ഈടാക്കിയ ബ്രിട്ടീഷ് അധികാരികൾ കുടുംബ സ്വത്തുക്കളും കണ്ടുകെട്ടി. ഇത് ഹാജിയിലെ ബ്രിട്ടീഷ് വിരുദ്ധ വികാരം വർദ്ധിപ്പിക്കാൻ കാരണമായി. ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ കാരണം രണ്ടാമതും നാടുവിടേണ്ടി വന്ന ഹാജി മടങ്ങി വന്നെങ്കിലും ജന്മനാട്ടിൽ പ്രവേശിക്കാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകാതെ വീണ്ടും മക്കയിലേക്ക് തിരിച്ചയച്ചു[17]. 1915 ലാണ് പിന്നീട് ഹാജി മടങ്ങി വരുന്നത്. തിരിച്ചു വന്ന കുഞ്ഞഹമ്മദ് ഹാജിയെ മലബാറിൽ പ്രവേശിക്കാൻ സർക്കാർ അനുവദിച്ചില്ല. പിന്നീട് ജന്മ ഗ്രാമമായ നെല്ലിക്കുത്തിൽ കയറരുത് എന്ന നിബന്ധനയിൽ വിലക്ക് നീക്കി. തിരികെ വന്ന് കച്ചവടം പുനഃരാരംഭിച്ച ഹാജി സ്വപ്രയത്നത്താൽ സമ്പന്നനായി മാറി. പിതാവിന്റെ വസ്തു വകകൾ തിരിച്ചു പിടിക്കാനും ബ്രിട്ടീഷുകാരെ കെട്ട് കെട്ടിക്കാനുമുള്ള പ്രതികാരവാഞ്ജ ഉള്ളിൽ അടക്കി പിടിച്ചായിരുന്നു അദ്ദേഹത്തിൻറെ ജീവിതം. നാളുകൾക്കു ശേഷം ജന്മ ഗ്രാമത്തിൽ പ്രവേശിക്കാനുള്ള അനുമതി സർക്കാരിൽ നിന്നും ലഭിച്ചെങ്കിലും 1916-ൽ മലബാർ ജില്ല കളക്ടർ ഇന്നിസിനെ കരുവാരകുണ്ടിൽ വെച്ച് കൊല്ലാൻ ശ്രമിച്ച കേസിൽ വീണ്ടും അറസ്ററ് ചെയ്യപ്പെട്ടു. തെളിവുകൾ ലഭ്യമാകാതിരുന്നതിനെ തുടർന്ന് പിന്നീട് വിട്ടയക്കപ്പെട്ടു.[18][19]

കച്ചവടം പച്ച പിടിച്ചതോടെ പൊതുരംഗത്ത് സജീവമായ ഇടപെടലുകൾക്ക് ഹാജി തുനിഞ്ഞിറങ്ങി. കച്ചവടത്തിൽ ലഭിക്കുന്ന സമ്പത്ത് ദരിദ്രർക്കും കുടിയാന്മാർക്കും കീഴാളർക്കും വീതം വെക്കുന്നതിനു ഹാജിക്ക് മടിയുണ്ടായിരുന്നില്ല. മൗലോദ്, റാതീബ്, പടപ്പാട്ട് എന്നിവകൾ സംഘടിപ്പിച്ചു അന്നദാനം നടത്തിയും, നേർച്ചകളിലെയും അതിൽ നടത്തുന്ന കോൽക്കളി ദഫ് കൈകൊട്ടി പാടലുകളുടെ സംഘാടകനായുമൊക്കെ കുഞ്ഞഹമ്മദ് ഹാജി പ്രശസ്തനായി. ലോകപരിചയം, ഭാഷാ പരിജ്ഞാനം, സ്വതസ്സിദ്ധമായ സംസാര ചാതുരി, കുടിയാൻ പ്രശ്നങ്ങളിലും, സാമൂഹിക -മതാചാര തലങ്ങളിലുമുള്ള സജീവ സാന്നിധ്യം എന്നിവയൊക്കെ കീഴാളർക്കിടയിലും, മാപ്പിളാർക്കിടയിലും ഹാജിക്ക് സ്വാധീനം വർദ്ധിപ്പിച്ചു. “സുൽത്താൻ കുഞ്ഞഹമ്മദ്” എന്നായിരുന്നു ഹാജി അറിയപ്പെട്ടിരുന്നത്. അന്നത്തെ ഡെപ്യൂട്ടി കലക്ടർ സി. ഗോപാലൻ നായർ ഹാജിയെ കുറിച്ച് പറഞ്ഞത്: ‘ഹിന്ദുക്കളുടെ രാജാവും മുഹമ്മദീയരുടെ അമീറും ഖിലാഫത്ത് സേനയുടെ കേണലുമായിട്ടായിരുന്നു വാരിയൻ കുന്നൻ ചമഞ്ഞിരുന്നത്’ എന്നാണ്.[20]. ജന്മി ബ്രിട്ടീഷ് വിരുദ്ധനായ ഹാജിക്ക് കിട്ടുന്ന സ്വീകാര്യത സർക്കാരിനെ ഭയപ്പെടുത്തിയിരുന്നു. അനുനയിപ്പിക്കാനായി ബ്രിട്ടീഷ് അധികാരികൾ നഷ്ട്ടപ്പെട്ടത്തിലധികം സമ്പത്തും, ഭൂസ്വത്തുക്കളും, അധികാര സ്ഥാനമാനങ്ങളും വാഗ്‌ദാനം ചെയ്‌തെങ്കിലും ഹാജി അത് സ്വീകരിച്ചില്ല.[21] [22]

ശരീര പ്രകൃതം[തിരുത്തുക]

പൊതുവേ ശാന്തനും പക്വമതിയും, മാപ്പിള കുടിയാന്മാരോടും കീഴാളന്മാരോടും അനുകമ്പ നിറഞ്ഞവനുമായാണ് സഹപ്രവർത്തകരായിരുന്ന മാധവൻ നായരും, ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ഹാജിയെ വിശേഷിപ്പിക്കുന്നത്. സ്വന്തത്തിലുള്ളവർ തന്നെ തെറ്റ് ചെയ്താൽ കഠിനമായി ശിക്ഷിക്കുന്ന നീതി ബോധവും അദ്ദേഹത്തിനുണ്ടായിരുന്നു.[23][24]

ഇരുനിറത്തിൽ മെലിഞ്ഞു കുറുതായ ആരോഗ്യദൃഢഗാത്രനായിരുന്നു ഹാജി. കള്ളി മുണ്ട്, മേൽക്കുപ്പായം, തുർക്കി തൊപ്പി, അതിന് മേലേ പച്ച ഉറുമാൽ, കഴുത്തിൽ തകിട് കൊണ്ടുള്ള രക്ഷ, കൈതോളിൽ ഉറുക്ക്, വിരലിൽ കല്ല് മോതിരം ഇതായിരുന്നു ഹാജിയുടെ വേഷവിധാനം. ഹാജിയുടെ മഞ്ചേരി ആഗമനത്തെ കുറിച്ച് സർദാർ ചന്ദ്രോത്ത് പറയുന്നു

“കുറുതായി മെലിഞ്ഞ് കറുത്ത്, കവിളൊട്ടി, താടിയിൽ കുറേശ്ശെ രോമം വളർത്തി, തടിച്ച വെള്ള ഷർട്ടും വെള്ളക്കോട്ടും ധരിച്ച്, ചുവന്ന രോമത്തൊപ്പിയണിഞ്ഞ്, അതിനു ചുറ്റും വെള്ള ഉറുമാൽ കെട്ടി, കാലിൽ ചെരുപ്പും കൈയിൽ വാളുമായി നിൽക്കുന്ന ധീര നേതാവിനെ കണ്ടപ്പോൾ അവിടെ കൂടിയിരുന്ന എല്ലാവരുടെയും ഹൃദയം പടപടാ ഇടിച്ചു. അദ്ദേഹത്തിൻറെ കണ്ണുകൾക്ക് കാന്തശക്തിയുണ്ടായിരുന്നു. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സോവിയറ്റ് യൂണിയൻ ആദരവോടെ നോക്കിക്കണ്ട ചക്കിപ്പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെ മൂത്ത പുത്രൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജി ആയിരുന്നു അത്. [25]

ഹാജിയുടെ വ്യക്തി പ്രഭാവം ദേശാതിരുകൾ താണ്ടിയിരുന്നു. വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയെ പറ്റിയും, മലബാർ കലാപത്തെ പറ്റിയും ചൈനീസ് വിപ്ലവകാരി മാവോ സേതൂങ്, സോവിയറ്റ് യൂണിയൻ വിപ്ലവ നേതാവ് വ്ലാഡിമിർ ലെനിൻ എന്നിവർ കുറിപ്പുകൾ തയ്യാറാക്കിയെന്നത് തന്നെ മലബാറിലെ കുഗ്രാമങ്ങളിൽ ബ്രിട്ടീഷ് പട്ടാളത്തെ നേരിട്ട ഹാജി നേടിയ പ്രസിദ്ധിയാണ് വരച്ചു കാട്ടുന്നത്.[26] മലബാർ പോലീസ് സൂപ്രണ്ട് ഹിച്ച് കോക്കിൻറെ ഭാഷയിൽ പറഞ്ഞാൽ “മലബാറിലെ ഒരു വിപ്ലവകാരിയെ പിടിക്കാൻ ബ്രിട്ടീഷ് സാമ്രാജ്യം ചിലവഴിച്ച പണവും സമയവും കണക്കെടുത്താൽ മാത്രം മതി ഈ ലഹളക്കാരൻ എത്രത്തോളം അപകടകാരിയായിരുന്നുവെന്നു മനസ്സിലാക്കാൻ”[27]

മലബാർ സമരനേതൃത്വം[തിരുത്തുക]

1921ൽ മലബാർ കലാപം നടന്ന താലൂക്കുകൾ

ബോംബയിൽ ഉള്ള പ്രാവാസ ജീവിതത്തിനിടെ ഗാന്ധിജിയുടെ ആശയങ്ങളിൽ കുഞ്ഞഹമ്മദ് ഹാജിക്ക് പ്രതി പത്തി തോന്നിയിരുന്നു. 1908ൽ മഞ്ചേരി രാമയ്യർ മുഖേന കോൺഗ്രെസ്സിലെത്തുന്നതും അങ്ങനെയാണ്.1920 ജൂലായ് 18 ന് കോഴിക്കോട് ജൂബിലി ഹാളിൽ നടന്ന മലബാർ ജില്ലയിലെ മുസ്ലിംകളുടെ ഒരു യോഗത്തിൽ മലബാർ ഖിലാഫത്ത് കമ്മിറ്റി രൂപീകരിക്കപ്പെട്ടതോടെ ഹാജിയുടെ പ്രവർത്തന മേഖല അതായി മാറി. 1920 ആഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും, ഷൗക്കത്തലിയും സംബന്ധിച്ച കോഴിക്കോട് കടപ്പുറത്തെ അമ്പതിനായിരത്തോളം പേർ പങ്കെടുത്ത യോഗത്തിൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ, കൊന്നാര മുഹമ്മദ് കോയ തങ്ങൾ, കുമരംപുത്തൂർ സീതിക്കോയ തങ്ങൾ, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ എന്നിവർ പ്രതേക ക്ഷണിതാക്കളായി സംബന്ധിച്ചു. ഖിലാഫത്ത് പ്രവർത്തനങ്ങൾ ഏറനാട്ടിലും വള്ളുവ നാട്ടിലും സജീവമായി നടക്കാൻ തുടങ്ങിയത് ഇതിനു ശേഷമാണ്. ബ്രിട്ടീഷ് അധികാരികളിൽ നിന്നും ജന്മികളിൽ നിന്നും കുടിയാന്മാർക്കെതിരായുള്ള ഒഴിപ്പിക്കലും, തൃശൂരിലെ ഖിലാഫത്ത് പ്രകടനം, മാധവ മേനോൻ, യാക്കൂബ് ഹസ്സൻ എന്നിവരുടെ അറസ്ററ്, ഹാജിയുടെ പ്രസംഗങ്ങൾ നിരോധിച്ചു കലക്ടർ ഉത്തരവ് പോലുള്ള [28]ചില പ്രകോപനങ്ങൾ ഒഴിച്ച് നിർത്തിയാൽ ആഗസ്ററ് 19 വരെ മലബാർ മേഖല ഏറെ കുറെ ശാന്തമായിരുന്നു.

ആഗസ്ററ് 19-ന് ബ്രിട്ടീഷ് സൈന്യം മമ്പുറം കിഴക്കേ പള്ളിയിൽ നടത്തിയ തിരച്ചിലാണ് മലബാർ കലാപത്തിൻറെ മൂല ഹേതു. ഇതിനു കാരണമായ സംഭവവികാസങ്ങൾ അരങ്ങേറുന്നതാവട്ടെ ആഗസ്ററ് മാസം തുടക്കത്തിലും. പൂക്കോട്ടൂർ കോവിലകത്തെ കാര്യസ്ഥനായ വടക്കേ വീട്ടിൽ മമ്മദ്നു ലഭിക്കേണ്ട കൂലിയെ പറ്റിയുള്ള തർക്കത്തെ തുടർന്ന് തിരുമൽപ്പാട് മമ്മദിനെ അറസ്റ്റു ചെയ്യിപ്പിക്കാൻ കരുക്കൾ നീക്കി. ഇൻസ്‌പെക്ടർ നാരായണ മേനോനെ വളഞ്ഞ മാപ്പിളമാർ അറസ്റ് ചെയ്യില്ലെന്ന് മമ്പുറം തങ്ങൾളുടെ പേരിൽ നാരായണ മേനോനെ കൊണ്ട് സത്യം ചെയ്യിക്കുകയും സ്വരാജിന് ജയ് വിളിപ്പിക്കുകയും ചെയ്തു.[29] പൂക്കോട്ടൂർ തോക്ക് കേസ് നടന്ന അതേ വാരമാണ് വിലക്ക് ലംഘിച്ചു ആലിമുസ്ലിയാരും സംഘവും ചേരൂർ മഖ്ബറ തീർത്ഥാടനം നടത്തുന്നതും. ഈ രണ്ട് സംഭവങ്ങളും അരങ്ങേറിയത്തിൽ അരിശം പൂണ്ട മലബാർ കലക്ടർ തോമസ് മുൻകാലങ്ങളെ പോലെ മാപ്പിളമാർ ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധത്തിന് ഒരുങ്ങുന്നുണ്ടെന്നും ചേരൂർ മഖാം സന്ദർശനം അതിനു മുന്നോടിയാണെന്നും, മമ്പുറം പള്ളികളിൽ ആയുധ ശേഖരം ഉണ്ടെന്നും അത് പിടിച്ചെടുക്കണമെന്നും ഉത്തരവിട്ടതിനെ തുടർന്ന് ആഗസ്ത് 19ന് ബ്രിട്ടീഷ് പട്ടാളം മമ്പുറം കിഴക്കേ പള്ളി റൈഡ് ചെയ്തു. ആയുധങ്ങൾ ഒന്നും കണ്ടെടുക്കപ്പെട്ടില്ലെങ്കിലും കാര്യങ്ങൾ അതോടെ കൈവിട്ടു പോയി. വെള്ളപ്പട്ടാളം മമ്പുറം മഖാം പൊളിച്ചെന്നും കിഴക്കേ പള്ളി മലിനമാക്കിയെന്നുമുള്ള വ്യാജ വാർത്ത പരക്കെ പരന്നു. നിമിഷാർദ്ധത്തിൽ ആയിരക്കണക്കിനാളുകൾ മമ്പുറത്തേക്ക് ഒഴുകി. കാരണമന്വേഷിക്കുവാൻ ചെന്ന ജനക്കൂട്ടത്തിനു നേരെ പട്ടാളം വെടി വെച്ചതോടു കൂടി ജനക്കൂട്ടം അക്രാമകസക്തരായി പട്ടാളത്തെ എതിരിട്ടു. പട്ടാളം പിന്തിരിഞ്ഞോടി. ഇതോടെയാണ് ലഹള ആരംഭിക്കുന്നതും വാരിയൻകുന്നന്റെ കീഴിൽ വിപ്ലവ സർക്കാർ രൂപീകരിക്കപ്പെടുന്നതും. 20 മുതൽ 30 വരെ ആലിമുസ്ലിയാർ ആയിരുന്നു സമാന്തര സർക്കാർ ഭരണാധികാരി. [30] ആലി മുസ്ലിയാരിനു ശേഷം സമ്പൂർണ്ണർത്ഥത്തിൽ വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജി രാജാവായി മാറി.

തിരൂരങ്ങാടി റൈഡും,ആലി മുസ്‌ലിയാരെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും അറിഞ്ഞ വാരിയൻ കുന്നൻ രക്ഷാ പദ്ധതികൾ മിനഞ്ഞു. പദ്ധതികളുടെ വിജയത്തിനായി നെബി മൗലൂദും അന്നദാനവും നേർച്ചയാക്കി.ആചാരങ്ങൾ പൂർത്തിയാക്കി തിരൂരങ്ങാടിയിൽ പോയി മുസ്ലിയാരെ മോചിപ്പിക്കണം എന്നതായിരുന്നു ലക്ഷ്യം. ഏകദേശം ആയിരത്തോളം ആളുകൾ സംബന്ധിച്ച മൗലൂദും പ്രാർത്ഥനയും, ഭക്ഷണം വിതരണവും കഴിഞ്ഞു തുറന്ന പോരാട്ടമെന്ന ഹസ്ര്വ പ്രസംഗം നടത്തി ആളുകളെയും കൂട്ടി ഹാജി പാണ്ടിക്കാട്ടേക്ക് മാർച് ചെയ്തു. പാണ്ടിക്കാട്ട് പോലീസ് സ്റ്റേഷനിലേക്ക് വരുന്ന ഹാജിയെയും കൂട്ടരെയും കണ്ട് സർക്കിൾ അഹമ്മദ് കുട്ടിയടക്കം പോലീസുകാർ മുഴുവനും ഓടി രക്ഷപ്പെട്ടു. സ്റ്റേഷൻ ആക്രമിച്ചു ആയുധങ്ങൾ കവർന്ന വാരിയൻ കുന്നന്റെ സൈന്യം [31]. ബ്രിട്ടീഷ് ഓഫീസർ ഈറ്റൺ സായിപ്പിനെ തേടി പിടിച്ചു കൊന്നു കവലയിൽ നാട്ടി വെച്ചു[32]

രാഷ്ട്ര പ്രഖ്യാപനം[തിരുത്തുക]

പട്ടാളവും പോലീസും ബ്രിട്ടീഷ് അധികാരികളും പാലായനം ചെയ്തതോടെ ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകളിലെ 200 വില്ലേജുകൾ കേന്ദ്രീകരിച്ചു സ്വാതന്ത്ര്യ രാജ്യ പ്രഖ്യാപനം നടന്നു.[33] മലയാള രാജ്യം എന്നാണ് സ്വന്ത്രത്യ രാജ്യത്തിനു നൽകിയ പേര്. ഹിച്ച് കോക്ക് പറയുന്നത് രാജ്യത്തിന്റെ പേര് ദൗല എന്നാണ്.[34] ആഗസ്റ്റ് 21 ന് തെക്കേകുളം യോഗം വിപ്ലവ സർക്കാരിൻറെ മാർഗ്ഗ നിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തി. ആഗസ്റ്റ് 22 ന് പാണ്ടിക്കാട് നടന്ന വിപ്ലവ കൗൺസിൽ വിപ്ലവ പ്രദേശങ്ങളെ നാലു മേഖലകളായി തിരിച്ച് ഓരോന്നിന്റെയും ചുമതല ഓരോ നേതാവിന് നൽകി. നിലമ്പൂർ ,പന്തല്ലൂർ ,പാണ്ടിക്കാട്, തുവ്വൂർ എന്നീ പ്രദേശങ്ങൾ ഹാജി തന്റെ കീഴിലാക്കി. ചെമ്പ്രശ്ശേരി തങ്ങൾ മണ്ണാർക്കാടിൻറെ അധിപനായി. ആലി മുസ്ലിയാർ തിരൂരങ്ങാടിയിലെ ഖിലാഫത്ത് രാജാവായി. വള്ളുവനാടിന്റെ ബാക്കി പ്രദേശങ്ങൾ സീതിക്കോയ തങ്ങളുടെ കീഴിലാക്കി .

1921 ആഗസ്റ്റ് 25-ന് കുഞ്ഞഹമ്മദ് ഹാജി അങ്ങാടിപ്പുറത്ത് വിപ്ലവ സർക്കാരിന്റെ കീഴിൽ ആരംഭിച്ച സൈനിക പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു. കുമ്പിൾ കഞ്ഞി, കാണഭൂമി എന്നിവ അവസാനിപ്പിച്ചും കുടിയാന്മാരെ ഭൂ ഉടമകളാക്കിയും രാഷ്ട്ര പ്രഖ്യാപനം നടന്നു. ഒരു കൊല്ലം നികുതിയിളവ് നൽകി, വയനാട്ടിൽ നിന്നും തമിഴ് നാട്ടിലേക്കുള്ള ചരക്കു നീക്കത്തിന് നികുതി ഏർപ്പെടുത്തി.[35] ബ്രിട്ടീഷ് രീതിയിൽ തന്നെയായിരുന്നു ഹാജിയുടെയും ഭരണം. ബ്രിട്ടീഷുകാരെ പോലെ കളക്ടർ, ഗവർണർ, വൈസ്രോയി, രാജാവ് എന്നിങ്ങനെയായിരുന്നു ഭരണ സംവിധാനം.[36] [37] കുഞ്ഞഹമ്മദ് ഹാജിയുടെ ഈ പരിശ്രമം വിജയകരമായി ഏറെക്കാലം നടന്നില്ല. ആലി മുസ്ലിയാർ അറസ്റ് ചെയ്യപ്പെട്ടു. മുസ്ലിയാരുടെ അറസ്റ്റിനു ശേഷം ഭരണ ചുമതല വാരിയൻ കുന്നനിൽ വന്നു ചേർന്നു.

വ്യവസ്ഥാപിതമായ രീതിയിൽ ഭരണം കെട്ടിപ്പടുക്കാൻ ഹാജിക്ക് കഴിഞ്ഞിരുന്നു. സമാന്തര സർക്കാർ, കോടതികൾ, നികുതി കേന്ദ്രങ്ങൾ, ഭക്ഷ്യ സൂക്ഷിപ്പ് കേന്ദ്രങ്ങൾ, സൈന്യം, നിയമ പോലീസ്, എന്നിവ സ്ഥാപിച്ചു. രാഷ്ട്രത്തിലുള്ളവർക്കു പാസ്പോർട്ട് സംവിധാനം ഏർപ്പെടുത്തി.[38] [39] [40] സമരത്തിന്റെ നേതൃത്വം കുഞ്ഞഹമ്മദ് ഹാജി ഏറ്റെടുത്തതോടെ കലാപത്തിന്റെ ഉദ്ദേശ്യം വിപുലമായി. [41][42][43] അരാജകസ്ഥിതി വരാതെ എല്ലാം ക്രമമായും മുറകളനുസരിച്ചും പോകണമെന്ന് കുഞ്ഞഹമ്മദ് ഹാജിക്ക് നിർബന്ധമുണ്ടായിരുന്നു. മാപ്പിളമാരും, കീഴാളന്മാരും അടങ്ങുന്ന തന്റെ അനുയായികളെ അദ്ദേഹം അച്ചടക്കം ശീലിപ്പിച്ചു,[44] അതു ലംഘിക്കുന്നവരെ കഠിനമായി ശിക്ഷിച്ചു. സാമാന്യ ജനങ്ങളെ ശല്യപ്പെടുത്തുകയോ വീടുകളും കടകളും കൊള്ളനടത്തുകയൊ ചെയ്യുന്നവരെ കുഞ്ഞഹമ്മദ് ഹാജിയുടെ മുൻപാകെ വരുത്തി വിചാരണ ചെയ്ത് തക്കതായ ശിക്ഷ നൽകിയിരുന്നു.[45]

പള്ളിക്ക് മുമ്പിൽ പന്നിയുടെ ശവം കൊണ്ടിട്ടപ്പോൾ ഒരുമിച്ചു കൂടിയ ജനത്തെ തടഞ്ഞത് കുഞ്ഞഹമ്മദ് ഹാജിയുടെ ഭരണ നൈപുണ്യം വെളിവാക്കുന്നുണ്ട്. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ബ്രിട്ടീഷ്-ജന്മി ദല്ലാളന്മാർ ചെയ്തതാണെന്ന് ഓർമ്മപ്പെടുത്തി ഇനി വരാവുന്ന നീക്കങ്ങൾക്കും ഹാജി തടയിട്ടു. അമ്പലത്തിനുള്ളിൽ പശു കിടാവിൻറെ ജഡം കൊണ്ടിട്ടപ്പോഴും ഇതേ ജാഗ്രത ഹാജി കാട്ടി. മേലാറ്റൂരിലെ നായർ ജന്മിമാർ ഖിലാഫത്ത് പ്രവർത്തകരോട് അനുഭാവം പുലർത്തിയവരായിരുന്നു ബ്രിട്ടീഷ് പക്ഷക്കാർ ഖിലാഫത്ത് വേഷത്തിൽ അവരെ അക്രമിക്കാനിടയുണ്ട് എന്ന ഭീതിയിൽ മേലാറ്റൂരിൽ ശക്തമായ പാറാവ് ഏർപ്പെടുത്താൻ ഹാജി നിർദ്ദേശിച്ചിരുന്നതും പ്രസക്തമാണ്. കുത്സിത പ്രവർത്തനങ്ങളിലൂടെ സാമ്രാജത്വ വിരുദ്ധ നീക്കത്തെ വഴിതിരിച്ചു വിടാൻ ശ്രമിച്ച സർക്കാർ ജന്മി ആശ്രിതരെ ശിക്ഷിച്ചു കൊണ്ടാണ് ഹാജി അത്തരം നീക്കങ്ങളെ തടഞ്ഞു നിർത്തിയത്. മഞ്ചേരിയിലെ നമ്പൂതിരി ബാങ്ക് കൊള്ള ചെയ്യുന്നതിൽ നിന്ന് സംരക്ഷിച്ചതും, പുല്ലൂർ നമ്പൂതിരിയുടെ ബാങ്ക് കൊള്ള ചെയ്ത കൊള്ളക്കാരെ കൊണ്ട് അത് തിരിച്ചു കൊടുപ്പിച്ചതും നമ്പൂതിരിക്ക് നഷ്ടപരിഹാരമായി ഖജാനയിൽ നിന്ന് പണം നൽകിയതും [46] നിലമ്പൂരിലെ കോവിലകത്തിന് കാവലായതും വിപ്ലവം വഴി തിരിച്ചു വിടാനുള്ള ബ്രിട്ടീഷ് തന്ത്രം മനസ്സിലാക്കി എന്ന മട്ടിലായിരുന്നു [47]

1921 സപ്റ്റംബർ 16-ന് നിലമ്പൂർ ആസ്ഥാനമായി സമാന്തര രാഷ്ട്ര പ്രഖ്യാപനം നടന്നു. മഞ്ചേരി നാൽക്കവലയിൽ വച്ചു ചെയ്ത ആദ്യ പ്രഖ്യാപനത്തിന്റെ പതിപ്പ് തന്നെയായിരുന്നു ഇതും. [48][49]

മഞ്ചേരി പ്രഖ്യാപനം[തിരുത്തുക]

ഒറ്റുകാരായ തദേശി വാസികളെയും ജന്മികളെയും സർക്കാർ അനുകൂലികളെയും ശിക്ഷിക്കാൻ വാരിയൻ കുന്നൻ ഒരാമന്തവും കാണിച്ചിരുന്നില്ല.ബ്രിട്ടീഷ് സൈന്യത്തിന് ചെറു സഹായം ചെയ്തവരെ പോലും ഹാജി വെറുതെ വിട്ടിരുന്നില്ല, പട്ടാളക്കാർക്ക് മുട്ട നൽകി സത്കരിച്ച മൊയ്തീൻ കുട്ടിയ്ക്ക് 20 അടി നൽകാൻ ഉത്തരവിട്ടത് ഇതിനുദാഹരണമാണ്.[50] സർക്കാർ അനുകൂല ജന്മികളായ തമ്പുരാക്കന്മാരുടെ പൂക്കോട്ടൂർ ശാഖ കോവിലകം ആക്രമിച്ച മാപ്പിള സൈന്യം സ്വത്തുക്കൾ കവർന്നെടുത്ത് കോവിലകം കുടിയാന്മാരായ കീഴാളന്മാർക്കു വീതിച്ചു നൽകി.[51] ബ്രിട്ടീഷ് പക്ഷ പ്രമാണി മണ്ണാടൻ മൊയ്തീൻ കുട്ടിയുടെ ബംഗ്ളാവ് ഹാജിയുടെ സൈന്യം ആക്രമിച്ചു ഭക്ഷ്യ വിഭവങ്ങൾ കൊള്ളയടിച്ചു, ബ്രിട്ടീഷ് അനുകൂലികളായ കൊണ്ടോട്ടി തങ്ങന്മാരെ ആക്രമിച്ചതാണു മറ്റൊരു പ്രധാന സംഭവം.[52] ഇത്തരം ആക്രമണങ്ങളിൽ ചരിത്രത്തിൽ ഇടം പിടിച്ച ആക്രമണമാണ് ഖാൻ ബഹാദൂർ ചേക്കുട്ടി സാഹിബ് വധം. ബ്രിട്ടീഷ് അനുകൂലിയായ ചേക്കുട്ടിയെ കൊന്ന് തലയറുത്ത് പ്രദർശിപ്പിച്ചു കൊണ്ട് മഞ്ചേരിയിൽ കുഞ്ഞഹമ്മദ് ഹാജി നടത്തിയ പ്രഖ്യാപനം വിപ്ലവ സർക്കാറിന്റെ മാർഷൽ ലോ ആയാണ് കണക്കാക്കുന്നത്.[53]

[54]

ഹാജിയുടെ സൈന്യം[തിരുത്തുക]

മലബാർ സമരത്തിൽ കൊല്ലപെട്ട ബ്രിട്ടിഷ് പട്ടാളക്കാരുടെ ശവകല്ലറകൾ

സുശക്തമായ സൈനിക സംവിധാനം സൃഷ്ടിച്ചു കൊണ്ടായിരുന്നു ഹാജി വെള്ള പടയെ നേരിട്ടിരുന്നത്. പട്ടാളത്തിൽ നിന്നും പിരിഞ്ഞവരായിരുന്നു ഹാജിയെ സഹായിക്കാൻ ഉണ്ടായിരുന്നത്. സൈനികരുടെ രജിസ്റ്ററുകൾ റിക്കാർഡുകൾ എന്നിവ ഉണ്ടാക്കി. ആയുധങ്ങൾ നൽകുമ്പോഴും തിരിച്ചു വാങ്ങുമ്പോഴും രസീത് കൊടുക്കുന്ന സമ്പ്രദായം നടപ്പിലാക്കി. [55] [56] ബ്രിട്ടീഷ് പട്ടാളത്തെ പോലെ സിഗ്നൽ സിസ്റ്റം ഉപയോഗിച്ച് പട്ടാളക്കാരെ സൂക്ഷ്മ നിരീക്ഷണം ചെയ്തു.[57] കരുവാന്മാർ ആയുധ നിർമ്മാണം നടത്തി.[58] ഭക്ഷ്യ ചുമതല കീഴാളന്മാരും മാപ്പിളന്മാരും നിർവഹിച്ചു.[59] വെട്ടിക്കാട് ഭട്ടതിരിപ്പാട്, പാണ്ടിയാട്ട് നാരായണൻ നമ്പീശൻ എന്നിവർ പണവും ഭൂമിയും ഭക്ഷണവും നൽകി. മാപ്പിളമാരോടൊപ്പം കീഴാളരും, അഞ്ഞൂറോളം ഹിന്ദുക്കളും വാരിയൻ കുന്നന്റെ സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്നു.[60] [61] [62]

വെള്ളുവങ്ങാട് കാരാകുർശ്ശി ജുമുഅത്തു പള്ളിയിൽ ഒത്തുകൂടി പ്രാർത്ഥനയോടെ മാത്രമേ മൊയ്തീൻ കുട്ടി ഹാജിയും പിന്നീട് കുഞ്ഞഹമ്മദ് ഹാജിയും യുദ്ധത്തിന് പുറപ്പെട്ടിരുന്നുള്ളൂ. യതിവര്യൻ സയ്യിദ് അഹ്മദ് ബുഖാരി കോയകുട്ടിയുടെ മഖാം സ്ഥിതി ചെയ്യുന്ന ഇടമാണിത്. ആലിമുസ്‌ലിയാരും കുഞ്ഞഹമ്മദ് ഹാജിയും പല സുപ്രധാന തീരുമാനങ്ങളും എടുത്തിരുന്നത് ഈ പള്ളിയിൽ വെച്ചായിരുന്നു. ഇവിടം വുദു എടുക്കുന്നതിനായി വലിയൊരു കുളമുണ്ട്. ഈ കുളത്തിനുള്ളിൽ മണ്ണാത്തിപ്പുഴയിലേക്കുള്ള ഒരു തുരങ്കം ഉണ്ടായിരുന്നു. ഏകദേശം ഒരു കിലോമീറ്ററിലധികമുള്ള തുരങ്കത്തിലൂടെ യുദ്ധസമയത്ത് യാത്ര ചെയ്തിരുന്നു എന്നത് കുഞ്ഞഹമ്മദ് ഹാജിയുടെ യുദ്ധതന്ത്രത്തിനും ബുദ്ധി സാമർഥ്യത്തിനും മതിയായ തെളിവാണ്. ഈ തുരങ്കത്തിന്റെ ചില ഭാഗങ്ങൾ ഇന്നും വെള്ളുവങ്ങാട് തെക്കേമണ്ണ കുന്നിൻ മുകളിൽ കാണാം. ബ്രിട്ടീഷുകാർ വെള്ളുവങ്ങാട്ടേക്കു കടക്കാതിരിക്കുന്നതിന് കാക്കത്തോട് പാലം കുഞ്ഞഹമ്മദ് ഹാജി തകർത്തിരുന്നു. അക്കാലത്തെ പ്രധാന പാതയിതായിരുന്നതിനാൽ ബ്രിട്ടീഷുകാർ പാലം പുതുക്കി പണിയുകയും ചെയ്തിരുന്നു. കാക്കത്തോട് വഴി കടലുണ്ടി പുഴയിലൂടെയായിരുന്നു ഹാജിയും കൂട്ടരും സഞ്ചരിച്ചിരുന്നത്.

ഒറ്റുകാരേയും ബ്രിട്ടീഷ് ചാരന്മാരേയും സമരക്കാർ വകവരുത്തിയിട്ടുണ്ട്. അവരിൽ ഹിന്ദുക്കളും മുസ്ലിംകളും ഉണ്ടായിരുന്നു.[63] അതേസമയം ഹിന്ദുവീടുകൾക്ക് സമരക്കാരിൽ നിന്നും മുസ്ലിംകൾ കാവൽ ഏർപ്പെടുത്തിയിരുന്നു. ഹിന്ദു സ്ത്രീകളെ മഞ്ചലിൽ എടുത്ത് വീട്ടിൽ എത്തിച്ച് കൊടുത്ത സംഭവങ്ങൾ വരേ ഉണ്ടായിട്ടുണ്ട്.[64]

ബ്രിട്ടീഷുകാർക്കെതിരെ ഒട്ടനവധി ആക്രമണങ്ങൾ ഈ ആറുമാസ കാലയളവിൽ ഉണ്ടായി. തുറന്ന പോരാട്ടം മിന്നലാക്രമണം ഗറില്ലാ യുദ്ധം എന്നിങ്ങനെ വ്യത്യസ്ത തലത്തിലുള്ള യുദ്ധങ്ങൾ. ഒന്നാം ലോക മഹായുദ്ധത്തിലെ ഭീതി സ്വപ്നമായ ഗൂർഖ റെജിമെന്റിനെ ഇറക്കിയായിരുന്നു അവസാന തലത്തിലെ ബ്രിട്ടീഷ് പോരാട്ടം. ഇതോടെ കുഞ്ഞഹമ്മദ് ഹാജിയുടെ വിപ്ലവ സർക്കാർ ഭീതിയോടെ കീഴടങ്ങിമെന്നു സർക്കാർ ന്യായമായും പ്രതീക്ഷിച്ചിരുന്നു. എന്നാൽ ഖൂർഖ ക്യാംപിൽ കയറി ആക്രമണം നടത്തിയായിരുന്നു വാരിയൻ കുന്നനും കൂട്ടരും ഖൂർഖാ സൈന്യത്തിന് സ്വാഗതമോതിയത്. നിരാലംബരായ മാപ്പിളമാരെ കൂട്ടക്കൊല ചെയ്തും, മാപ്പിള സ്ത്രീകളെ ബലാൽസംഘം ചെയ്തു കൊന്നുമായിരുന്നു ഗൂർഖ സൈന്യം ഇതിനു പ്രതികാരം തീർത്തത്. സ്വന്തം രാജ്യത്ത് മാത്രമല്ല അയൽ നാടുകളിലെ ബ്രിട്ടീഷ് സർക്കാർ പ്രവർത്തനം പോലും മന്ദീഭവിപ്പിക്കാൻ കുഞ്ഞഹമ്മദ് ഹാജിക്ക് കഴിഞ്ഞിരുന്നു ഗൂഡല്ലൂർ പോലീസ് ട്രയിനിംഗ് ക്യാമ്പ് ആക്രമിച്ച് ഒട്ടേറെ ബ്രിട്ടീഷുകാരെ വകവരുത്തിയത് അത്തരത്തിലൊരെയോ സംഭവമാണ്. 1921 ലെ മലബാർ പോലീസ് സൂപ്രണ്ട് റോബര്ട്ട് ഹിച്ച്കോക്കിന്റെ നിരീക്ഷണത്തിൽ :

[65]

മലബാർ കലാപവുമായി ബന്ധപ്പെട്ട പത്രവാർത്തകളെ കുറിച്ചുള്ള പ്രതികരണം[തിരുത്തുക]

1921 ഒക്ടോബർ 18 ന് ദ ഹിന്ദു ദിനപത്രത്തിൽ അച്ചടിച്ചുവന്ന വരിയൻ കുന്നത്തു കുഞ്ഹമ്മദ് ഹാജി എഴുതിയ കത്തിന്റെ മലയാള വിവർത്തനം:[66]

അറസ്റ്റ് ചെയ്യപ്പെടുന്നു[തിരുത്തുക]

ബ്രിട്ടീഷ് സൈന്യം തടവിലാക്കിയ വിപ്ലവകാരികൾ
ബ്രിട്ടീഷ് സൈന്യം തടവിലാക്കിയ വിപ്ലവകാരികൾ

മുടിക്കോട് വെച്ച് കോൺസ്റ്റബിൾ ഹൈദ്രോസിനെ വെടിവെച്ചു കൊന്ന ഹാജി പിന്നീട് ബ്രിട്ടീഷ് പക്ഷ ജന്മി ഗൂഡല്ലൂരിലെ ചെട്ടിയെയും വകവരുത്തി, ക്യാമ്പിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച ഇൻസ്‌പെക്സ്റ്റർ ശൈഖ് മുഹ്യുദ്ധീനെയും രണ്ട് കോൺസ്റ്റബിൾ മാരെയും ഗൂഡല്ലൂരിൽ വെച്ച് വധിച്ചു.[67] 1921 ഡിസംബറിൽ പന്തല്ലൂർ മുടിക്കോടുള്ള സർക്കാർ ഓഫീസുകൾക്ക് നേരെ പോരാളികൾ അക്രമം അഴിച്ചുവിട്ടു. നിലമ്പൂർ സബ് ഇൻസ്പെക്ടറായിരുന്ന ചോലക ഉണ്ണീൻറെ കൈയിൽ ദേശീയ പതാക നൽകി, ജാഥയുടെ മുൻപിൽ നടത്തി ഹാജി മുദ്രാവാക്യം വിളിച്ച് കൊടുത്തു: ഖിലാഫത്ത് കോൺഗ്രസ് സിന്ദാബാദ്,....മഹാത്മാഗാന്ധി കീ ജയ്.. മുദ്രാവാക്യം ഏറ്റു വിളിക്കാൻ ഉണ്ണീൻ നിർബന്ധിതനായി.

കുഞ്ഞഹമ്മദ് ഹാജിയുടെ പ്രവർത്തനങ്ങൾ സർക്കാറിനെ അലോസരപ്പെടുത്തി. അദ്ദേഹത്തെ തകർക്കാൻ പലതും പയറ്റി.ഹാജിയേയും സംഘത്തേയും പിടികൂടാൻ ബ്രിട്ടീഷ് ഗവണ്മെൻറ് ഇന്ത്യയിലുണ്ടായിരുന്ന മൂന്നിൽ ഒന്ന് സൈനികരെയും മലബാറിൽ വിന്യസിച്ചു. പോലീസ്, എം.എസ്.എഫ്, യനിയർ, ലിൻസ്റ്റൺ, ഡോർസെറ്റ്, രജതപുത്താന, ചിൻ, കച്ചിൻ, ഖൂർഖ റെജിമെന്റുകൾ എന്നിവരുടെയെല്ലാം സംയുക്തമായ സൈനിക ആക്രമണങ്ങൾ ഫലം കാണാതെ വന്നപ്പോൾ ബ്രിട്ടീഷ് സൈന്യത്തിന് ഏറനാടിനെ അടിച്ചമർത്താൻ സാധ്യമല്ലെന്ന നിഗമനത്തിലെത്തിയ ബ്രിട്ടീഷ് അധികാരികൾ പുതു വഴികൾ തേടി. ബ്രിട്ടീഷ് ഇന്ത്യൻ ഇന്റലിജൻസ് തലവൻ മോറിസ് വില്യംസ് മലബാറിൽ താവളമടിച്ചു. ലോയലിസ്റ്റുകളായവരെ (ബ്രിട്ടീഷ് അനുഭാവമുള്ള വരേണ്യ മുസ്ലിം- ഹിന്ദു) മുന്നിൽ നിർത്താനും, ഒറ്റുകാരെ സൃഷ്ടിക്കാനുമായിരുന്നു തീരുമാനങ്ങൾ. ഇതനുസരിച്ചു പദ്ധതികൾ നടപ്പാക്കാൻ തുടങ്ങി. ലഹള വർഗ്ഗീയ ലഹളയാണെന്നു കാണിച്ചു ലഖുലേഘ വിതരണങ്ങൾ നടന്നു. പദ്ധതികൾ പ്രാവർത്തികമാക്കിയതിനെ തുടർന്ന് മാർഷൽ ലോ കമാണ്ടന്റ് കേണൽ ഹംഫ്രി മലബാറിലെത്തി. ഹംഫ്രിയുടെ നേതൃത്വത്തിൽ വിവിധ പട്ടാള വിഭാഗം കമാണ്ടർമ്മാരുടെയും ഇന്റലിജന്സ് വിഭാഗത്തിന്റെയും യോഗം ചേർന്ന് 'ബാറ്ററി' എന്നപേരിൽ സ്പെഷ്യൽ ഫോയ്സ് രൂപികരിച്ചു. തുടർന്നാണ് ചെമ്പ്രശ്ശേരി തങ്ങളേയും, സീതി തങ്ങളേയും പിന്നീട് ഹാജിയേയും അറസ്റ്റ് ചെയ്യുന്നത്. ചെമ്പ്രശേരി സീതി തങ്ങന്മാരെ ചതിവിൽ പെടുത്തി കീഴ്പ്പെടുത്തിയതിനു ശേഷം ഹാജിയെ പിടിക്കാനായി ഉറ്റ സുഹൃത്ത് പൊറ്റയിൽ ഉണ്യാലി മുസ്ലിയാരെ അധികാരികൾ സമീപിച്ചു. ഹാജിയെ സന്ദർശിക്കാനും സമാന്തര സർക്കാർ പിരിച്ചു വിട്ട് കീഴടങ്ങിയാൽ കൊല്ലാതെ എല്ലാവരേയും മക്കത്തേക്ക് നാട് കടത്തുകയെ ഉള്ളുവെന്ന സർക്കാർ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടു. ഉണ്യാൻ മുസ്ലിയാരോടൊപ്പം ഹാജിയുമായി സൗഹൃദ ബന്ധമുള്ള രാമനാഥ അയ്യർ എന്ന സർക്കിളും ഉണ്ടായിരുന്നു. ലോ കമാന്റർ ഹംഫ്രി നൽകിയ എഴുത്ത് കാട്ടി മക്കത്തേക്കു അയക്കുന്ന കാര്യം അവതരിപ്പിച്ചപ്പോൾ ഹാജി പൊട്ടി ചിരിച്ചു. ദൂതന്മാരെ പിന്തുടർന്ന് ക്യാമ്പ് വളഞ്ഞിരുന്ന ബാറ്ററി സ്പെഷ്യൽ കമാൻഡോസ് നിസ്കാരത്തിനുള്ള തയ്യാറെടുപ്പിനിടെ ഹാജിയെ കീഴ്പ്പെടുത്തി.

ഹാജിയുമായി ഗാഢ സൗഹൃദ ബന്ധമുണ്ടായിരുന്ന രാമനാഥൻ അയ്യർ ആ സ്നേഹം ആയുധമാക്കിയപ്പോൾ ഹാജി അടിതെറ്റി വീഴുകയായിരുന്നു. സായാഹ്ന പ്രാർത്ഥന സമയമായപ്പോൾ അയ്യർക്കു മുന്നിൽ ആയുധങ്ങളെല്ലാം കൂട്ടിയിട്ട് ഹാജിയടക്കമുള്ള വിപ്ലവ സംഘങ്ങൾ വുദു എടുക്കാൻ നീങ്ങി ആയുധങ്ങൾ മാറ്റിയിട്ട അയ്യരും സംഘവും അടയാളം കാട്ടിയതോടെ പ്രതേക പരിശീലനം ലഭിച്ച സേനാംഗങ്ങൾ അവരെ കീഴ്പ്പെടുത്തുകയായിരുന്നു. നിരായുധരാണെങ്കിലും കീഴടങ്ങാൻ കൂട്ടാക്കാതെ ഹാജിയും കൂട്ടരും ചെറുത്തു നിന്നതിനാൽ ആറ് മണിയോടു കൂടി മാത്രമാണ് പ്രത്യേക സംഘത്തിന് ഇവരെ കീഴടക്കാനായത്. ചെറുത്ത് നിൽപ്പിനിടെ രണ്ട്‌ ബാറ്ററി ഫോഴ്സ് അംഗങ്ങൾക്കും നാല് ഖിലാഫത്ത് പടയാളികൾക്കും ജീവൻ നഷ്ടമായി. കീഴടക്കിയ ഹാജിയെ രണ്ട് ബറ്റാലിയൻ ഗൂർഖ പട്ടാളക്കാരുടെ അകമ്പടിയോടെ കാളികാവിലെത്തിച്ചു.

1922 ജനുവരി 5ന് ചെണ്ടവാദ്യം മുഴക്കിയും, നൃത്തം ചെയ്തും ആരവങ്ങളോടെ ബ്രിട്ടീഷ് സൈന്യം ഹാജിയെ പൊതു പ്രദർശനം നടത്തി മഞ്ചേരിയിലേക്ക് കൊണ്ട് പോയി. ചങ്ങലകളിൽ ബന്ധിച്ചു, മീശ രോമങ്ങൾ പറിച്ചെടുത്തു ചവിട്ടിയും,ബയണറ്റിനാൽ കുത്തിയും പാതയിലൂടെ വലിച്ചയച്ചു കൊണ്ട് ആവുവോളം രോഷം തീർത്ത് കൊണ്ടായിരുന്നു പട്ടാളത്തിൻറെ ആ യാത്ര. 1922 ജനുവരി 6-നാണ് ഹാജിയുടെ അറസ്റ് രേഖപ്പെടുത്തുന്നത്. കളക്ടർ ആർ ഗേളി,. ഡി.എസ്.പി. ഹിച്ച്ക്കോക്ക്, പട്ടാള ഭരണത്തലവൻ ഹെൽബർട് ഹംഫ്രി, ഡി.വൈ.എസ്.പി ആമു, സർക്കിൾ ഇൻസ്‌പെക്ടർ നാരായണ മേനോൻ, സുബേദാർ കൃഷ്ണപ്പണിക്കർ എന്നിവരുടെ മുന്നിൽ തല ഉയർത്തി പിടിച്ച ഹാജി ഹംഫ്രിയോട് ചിരിയോടെ പറഞ്ഞു

1922 ജനുവരി 13ന് മലപ്പുറം തൂക്കിടി കല്ലേരിയിൽ വെച്ച് ഹാജിയേയും രണ്ട് പോരാളികളേയും മാർഷൽ കോടതി വിചാരണ ചെയ്യുകയും മൂന്നുപേരേയും വെടിവെച്ച് കൊല്ലാൻ വിധിച്ചു. വിധി കേട്ട കുഞ്ഞമ്മദാജി പറഞ്ഞു ; “എന്റെ നാടിനു വേണ്ടി രക്തസാക്ഷിയാവാൻ അവസരം തന്നതിന് രണ്ട് റക്അത്ത് നിസ്കരിച്ചു ദൈവത്തോട് നന്ദി പ്രകാശിപ്പിക്കാനുള്ള ഒഴിവ് തരണം”

മരണം[തിരുത്തുക]

1922 ജനുവരി 20 ഉച്ചയ്ക്ക് മലപ്പുറം-മഞ്ചേരി റോഡിൻറെ ഒന്നാം മൈലിനടുത്ത വടക്കേ ചരിവിൽ (കോട്ടക്കുന്ന്) ഹാജിയുടെയും രണ്ട് സഹായികളുടെയും വധശിക്ഷ നടപ്പാക്കി. കോട്ടും തലപ്പാവും ധരിച്ച് കസേരയിൽ ഇരുന്ന ഹാജിയുടെ രണ്ടുകൈകളും പിന്നോട്ട് പിടിച്ചു കെട്ടിയ ശേഷം കസേരയടക്കം ദേഹവും വരിഞ്ഞുമുറുക്കി.

എന്ന് ഹാജി ആവശ്യപ്പെട്ടതായി ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. [അവലംബം ആവശ്യമാണ്] അന്ത്യാഭിലാഷം അംഗീകരിച്ചു കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിയുതിർത്ത് ഹാജിയുടെ വധ ശിക്ഷ ബ്രിട്ടീഷ് പട്ടാളം നടപ്പിൽ വരുത്തി എന്നാണ് ശ്രീ. കെ. റ്റി. ജലീൽ തന്റെ മലബാർ കലാപം– ഒരു പുനർവായന എന്ന പുസ്തകത്തിൽ അവകാശപ്പെടുന്നത്[68]. മറവു ചെയ്താൽ പുണ്യപുരുഷന്മാരായി ചിത്രീകരിച്ചു നേർച്ചകൾ പോലുള്ള അനുസ്മരണങ്ങൾ ഉണ്ടാകുമെന്ന ഭയം കാരണം ഹാജിയുടേതടക്കം മുഴുവൻ പേരുടെയും മൃതദേഹങ്ങൾ വിറകും മണ്ണെണ്ണയും ഒഴിച്ച് കത്തിച്ചു കളഞ്ഞു. കൂട്ടത്തിൽ വിപ്ലവ സർക്കാരിന്റെ മുഴുവൻ രേഖകളും അഗ്നിക്കിരയാക്കി. [69]

ഇനി ഒരിക്കലും വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഓർമ്മകൾ തിരിച്ചു വരരുത് എന്ന് സാമ്രാജത്വ തീരുമാനം നടപ്പിലാക്കാൻ കത്തിത്തീർന്ന ചാരത്തിൽ ബാക്കിയായ എല്ലുകൾ വരെ സൈന്യം പെറുക്കിയെടുത്ത് ബാഗിലാക്കി കൊണ്ട് പോയി. [70] [71]


വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
Regnal titles
മുൻഗാമി എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്ലിയാർ
20 ഓഗസ്റ്റ് 1921 ‒ 30 ഓഗസ്റ്റ് 1921
വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
30 ഓഗസ്റ്റ് 1921– ഫെബ്രുവരി 1922
പിൻഗാമി

ഇത് കാണുക[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

  1. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം. 1988. p. 460. Contemporary evaluation within India tends to the view that the Malabar Rebellion was a war of liberation, and in 1971 the Kerala Government granted the remaining active participants in the revolt the accolade of Ayagi, "freedom fighter"
  2. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 8. Archived from the original (PDF) on 2020-06-10. Retrieved 10 നവംബർ 2019.
  3. conard wood observe'd that the high castes manifested itself in professions of loyalty to the British connection. Moplah was not well qualified to be an ally of the british Raj. when the Malabar authorities in periodically prohibiting both tenancy and political meetings of the tenancy movement and Khilafat-non-cooperation movement as likely to inflame the feelings of the “more ignorant” Moplah towards both hindu jenmi and government, The Moplah Rebellion and Its Genesis p 157-59 (he noted reports of Madras Mail, 6 July 1921, p 5, 8 February 1921, p 9 and 14 February 1921, p 7)
  4. The proclamation of a Khilafat Kingdom in South Malabar demanded of eaeh Mappilla that he make his ehoice between the Rajand Swaraj. Aside from scattered enclaves of Mappilla loyalists in Ernad. Robert L. Hardgrave, Jr, The Mappilla Rebellion, 1921: Peasant Revolt in Malabar,Cambridge University Press 83
  5. K.N. Panikkar (1991). Peasant protests and revolts in Malabar. Indian Council of Historical Research.
  6. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". Retrieved 2015-10-06. {{cite web}}: Check |url= value (help)
  7. Kodoor, AK . Anglo Mappila war 1921.Olive (1994)
  8. one ofthepeople behind the invitationwas variakunnath kunjahmed haji who comes from a family with outbreak traditions quoted in the madras mail, feberuary 9 1921 p 6
  9. rh hitchkok,A History Of Malabar Rebellion 1921, published yr 1924
  10. Dr. HUSSAIN RANDATHANI, VARIAN KUNNATH KUNHAHAMMAD HAJI MAPPILA FREEDOM FIGHTER OF MALABAR,academic paper, page 2
  11. 1894 outbreaks all of his family were convicted and were either deported from Malabar or killed. quoted Dr. H. RANDATHANI in the KUNHAHAMMAD HAJIMAPPILA FREEDOM FIGHTER OF MALABAR
  12. Ulama and the Mappila- Portuguese Conflict (PDF). p. 120. Retrieved 16 ഫെബ്രുവരി 2020. The news was reported at the marriage function of Kunhi Marakkar, one of the chief disciples of Sheikh Zainudhin."' The young bridegroom Kunhi Marakkar, without informing others, for fear that he would be prevented, rushed to the spot in a vessel. After an adventurous fight he rescued the girl and killed many Portuguese. But in the encounter that followed the young hero, Kunhi Marakkar, was cut into pieces. Portions of his body were washed ashore at different places.
  13. കുഞ്ഞി മരക്കാരെ പ്രകീർത്തിക്കുന്ന നേർച്ച പാട്ട് (കോട്ടുപള്ളി മാല) സദസ്സുകൾ ഹാജി നടത്തിയിരുന്നുവെന്നും അതിൻറെ പേരിൽ ബ്രിട്ടീഷ് പൊലീസിൻറെ നോട്ടപുള്ളിയായെന്നും ചരിത്രകാരൻ കെ കെ കരീം 1991 ൽ പ്രസിദ്ധീകരിച്ച വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി-ചരിത്രം എന്ന പുസ്തകത്തിൽ വിവരിക്കുന്നു
  14. ഫഹദ് സലീം-തേജസ് ദിനപത്രം-ശേഖരിച്ചത് Fri, 6 Jan 2012
  15. Dr. H. RANDATHANI. VARIAN KUNNATH KUNHAHAMMAD HAJI MAPPILA FREEDOM FIGHTER OF MALABAR, academic reserch paper ,p 2
  16. Vishnu Varma,Explained: Variyamkunnath Kunjahammed Haji, the Khilafat leader who declared an independent state,The indianexpress article.June 25, 2020
  17. Dr. H. RANDATHANI, KUNHAHAMMAD HAJIMAPPILA FREEDOM FIGHTER OF MALABAR,p 2
  18. Mappila Rebellion 1921-1922 edited by Tottenham
  19. VARIAM KUNNATH KUNHAHAMMAD HAJI- MAPPILA FREEDOM FIGHTER OFMALABAR-Hussain Randathani pg-2
  20. C. Gopalan Nair. Moplah Rebellion, 1921. p. 77. Retrieved 28 ജനുവരി 2020. He styled himself Raja of the Hindus, Amir of the Mohammedans and Colonel of the Khilafat Army
  21. The britteesh authority wonderd when kunjahmed haji refused their offers j. k.m erattupetta , academic Thesis Research Paper about variyan kunnathu kunjahamed haji , submitted on 2013 dec history confrence calicut
  22. k.k kareem,shehid varian kunnathu kunjamedhaji.iph books, calicut
  23. കെ മാധവൻ നായർ (2002). "മലബാർ കലാപം". മാതൃഭൂമി ബുക്സ്. p. 268. Retrieved 2021-08-28.
  24. ഖിലാഫത്ത് സ്‌മരണകൾ മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്
  25. ദേശാഭിമാനി. 1946 ആഗസ്റ്റ് 25 ഉദ്ധരണം - കേരളാ മുസ്ലിം ഡയറക്ടറി
  26. ഡോ. കെ.കെ.എൻ കുറുപ്പ്-മലബാർ കലാപത്തിന്റെ ശതാബ്ദി ചിന്തകൾ-March 5, 2017suprabhaatham
  27. RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921.
  28. കോണ്ഗ്രസ്സും കേരളവും/എ.കെ. പിള്ള/പേ: 417
  29. മദ്രാസ് മെയില് 10 08 1921, മലബാര് റിബല്യന്. പുറം 13
  30. ഡോ. എം. ഗംഗാധരന്. മലബാര് കലാപം. 1921-22. ഡി.സി ബുക്സ്
  31. എ.കെ കോടൂര് ആംഗ്ലോ മാപ്പിള യുദ്ധം 1921
  32. VARIAM KUNNATH KUNHAHAMMAD HAJI- MAPPILA FREEDOM FIGHTER OFMALABARHussain Randathani pg 3
  33. മലബാര് ദേശീയതയുടെ ഇടപാടുകള്. ഡോ. എം.ടി അന്സാരി. ഡി.സി ബുക്സ്
  34. RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921.
  35. madras mail 17 September 1921, p 8
  36. ‘particularly strong evidence of the moulding influence of British power structures lies in the rebels constant use of British titles to authority such as Assistant Inspector, Collector, Governor, Viceroy and (less conclusively) King’ The Moplah Rebellion and Its Genesis 184
  37. മലബാര് സമരം. എം.പി നാരായണ മേനോനും സഹപ്രവര്ത്തകരും
  38. ‘The rebel kists’, martial law, tolls, passports and, perhaps, the concept of a Pax Mappilla, are to all appearances traceable to the British empire in India as a prototype’ The Moplah Rebellion and Its Genesis, Peoples Publishing House, 1987, 183
  39. C. Gopalan Nair. Moplah Rebellion, 1921. p. 78. Retrieved 28 ജനുവരി 2020. He issued passports to persons wishing to get outside his kingdom
  40. മലബാര് കലാപം, പേ.76-78
  41. പ്രതിരോധത്തിന്റെ വേരുകൾ,സൈനുദ്ധീൻ മന്ദലാംകുന്ന്.തേജസ് പബ്ലിക്കേഷൻ,കോഴിക്കോട്
  42. മലബാർ കലാപം: അടിവേരുകൾ, കോൺ റാഡ് വുഡ്
  43. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം. 1988. p. 459.
  44. Sardar Chandroth, 'Kunhammad Haji, Veera Mappiia Natav' in Malabar Kalapam, ChanthraviimPrathyayasastravum, Chintha Weekly Publication, November 1991, p 100.
  45. ബാരിസ്റ്റന് എ.കെ. പിള്ള / കോണ്ഗ്രസ്സും കേരളവും/ പേ. 446, 447
  46. ബ്രഹ്മദത്തൻ നബൂതിരിപ്പാട് ഖിലാഫത്ത് സ്മരണകള്, പേ.54
  47. കെ മാധവന് നായര്മലബാര് ലഹള, പേ.172
  48. കെ. മാധവന്നായര് മലബാര് കലാപം, പേജ് 202
  49. ബ്രഹ്മദത്തന് നമ്പൂതിരി ഖിലാഫത്ത് സ്മരണകള്, പേ.54
  50. "Paruvarath Moideen Kutty was brought up before him. asked to him 'Did you not give eggs to the troops’. He admitted it.... Kunhamad Haji said, 'This man must have 20 blows’ :The Moplah Rebellion and Its Genesis 199
  51. Madrasmail, 3 September' 1921, p 6
  52. The Moplah Rebellion and Its Genesis.p.208
  53. സർദാർ ചന്ദ്രോത്ത് 1946 25 ദേശാഭിമാനി
  54. സർദാർ ചന്ത്രോത്ത്, ദേശാഭിമാനി,1946 ഓഗസ്റ്റ് 25
  55. richard howard hitchcock, A History of the Malabar Rebellion, 1921 p.69
  56. F. B. Evans, on the Moplah Rebellion’, 27 March 1922, p 12
  57. conard wood says in The Moplah Rebellion and Its Genesis 183 Moplah intelligence system, grudging commendation,Military organisation showing organisational talent of rebels ,seems to have been particularly systematic,British forces seized much documentary evidence indicating that regular rosters of rebel personnel were maintained, men alloted to different sentry posts, receipts taken for the issue of arms, a careful system of signals devised to warn of the approach of troops, and elaborate arrangements made for the constant checking' of passports at rebel control points
  58. “ Moplahs in parts of the “fanatic zone” were having weapons, in the form of large knives or ‘swords’, made by the rural blacksmiths in anticipation of the approaching contest for power”. Moplah Rebellion and Its Genesis p.172
  59. Haji was responsible for the engaging, on cash wages, of agricultural labourers (Moplahs and low class people like Cherumar and others). they supply grain crop to the rebel forces. madras 30 September' 1921, p 6
  60. ബ്രഹ്മദത്തന് നമ്പൂതിരിഖിലാഫത്ത് സ്മരണകള്, പേ.54
  61. “one refugee from Kunhamad Haji’s Raj reported a gang of a hundred Cherumar coolies organised for the construction of road blocks” Madras Mail, 17 September 1921, p 7
  62. blacksmith population was very quickly secured to supply weapons for the rebel bands, they and a large group of coolies who had been detained for some time in one rebel domain by the Moplahs testified to seeing no less than four such armourers at work making swords in this one desam Hitchcock,A History of the Malabar Rebellion, 1921 pp 75-76
  63. മലബാർ കലാപം: അടിവേരുകൾ, കോൺ റാഡ് വുഡ്178
  64. കഴിഞ്ഞകാലം എന്ന കൃതി, കെ.പി.കേശവമേനോൻ
  65. RH Hitch cock, 1983 Peasant revolt in Malabar, History of Malabar Rebellion 1921
  66. K. S. Sudhi (25 June 2020). "Reports of Hindu-Muslim strife in Malabar baseless, wrote Variamkunnath Kunhamed Haji in The Hindu in 1921". The Hindu. Retrieved 4 October 2020.{{cite news}}: CS1 maint: url-status (link)
  67. F. B. Evans, 'Notes on the Moplah Rebellion’,' 27 March 1922, MPP No. 682, 22 August 1922, p 14, MRO.
  68. മലബാർ കലാപം– ഒരു പുനർവായന ചിന്ത പബ്ളിഷേഴ്സ് ഡോ. കെ ടി ജലീൽ
  69. Menon, MPS (1992). Malabar Samaram MP Narayanamenonum Sahapravarthakarum. Kozhikkode: Islamic Publishing House. p. 77. ISBN 81-8271-100-2.
  70. Wednesday, 21 January 2009മുഖ്താര് ഖാസ്ദേശ് , chandrika
  71. മലബാർ കലാപം.മാതൃഭൂമി പബ്ലിക്കേഷൻസ്, കെ. മാധവൻ നായർ