ആലി മുസ്‌ലിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ആലി മുസ്ലിയാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആലി മുസ്‌ലിയാർ
Ali Musliyar.jpg
ആലി മുസ്‌ലിയാർ, കോയമ്പത്തൂർ ജയിലിൽ (1922)
ജനനം 1864
നെല്ലിക്കുത്ത് ഗ്രാമം, ഇപ്പോൾ മഞ്ചേരി മുനിസിപാലിറ്റി
മരണം 1922 ഫെബ്രുവരി 02
സെൻട്രൽ ജയിൽ, കോയമ്പത്തൂർ.
ദേശീയത ഭാരതീയൻ
പ്രശസ്തി സ്വാതന്ത്ര്യസമരം, ഖിലാഫത്ത് പ്രസ്ഥാനം


മലബാർ കലാപത്തിന്റെ നേതൃനിരയിലുണ്ടയിരുന്ന പ്രമുഖ ഇസ്ലാമികപണ്ഡിതനായിരുന്നു ആലി മുസ്‌ലിയാർ.

ജീവിത രേഖ[തിരുത്തുക]

ഏറനാട് താലൂക്കിൽ ഇപ്പോഴത്തെ മഞ്ചേരി നഗരസഭയുടെ കിഴക്കേ അതിർത്തി ഗ്രാമമായ നെല്ലിക്കുത്ത് എരിക്കുന്നൻ പാലത്തും മൂലയിൽ ആലി മുസ്‌ലിയാർ 1864 ൽ ജനിച്ചു. എരിക്കുന്നൻ പാലത്ത് മൂലയിൽ കുഞ്ഞിമൊയ്തീൻ, കോടക്കൽ ആമിന എന്നിവരാണ് മാതാപിതാക്കൾ[1]. നെല്ലിക്കുത്തെ ഓത്ത് പള്ളിയിൽ അറബി പഠനവും ശേഷം അക്കാലത്തെ പ്രമുഖ മത വിദ്യാഭ്യാസ കേന്ദ്രമായിരുന്ന പൊന്നാനിയിൽ പത്തുകൊല്ലക്കാലം അദ്ദേഹം പഠിച്ചു.തുടർന്ന് ഉപരിപഠനാർഥം മക്കയിലേക്ക് പോവുകയും അവിടെ ഹറം ശരീഫിൽ താമസിച്ച് ഹദീസ്, ഖുർ‌ആൻ എന്നിവയിൽ പാണ്ഡിത്യം നേടുകയും ചെയ്തു. തുടർന്ന് അദ്ദേഹം കവരത്തി ദ്വീപിലെത്തുകയും അവിടത്തെ ഇസ്ലാമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയുമുണ്ടായി[2] [3].

ബ്രിട്ടീഷ് വിരുദ്ധ സമരരംഗത്ത്[തിരുത്തുക]

ആലി മുസ്ലിയാർ സ്മാരകം. നെല്ലിക്കുത്ത്

ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളാൽ പ്രക്ഷുബ്ധമായിരുന്ന മലബാറിൽ നിന്ന് 1894 ൽ തൻറെ ജേഷഠൻ രക്തസാക്ഷിയായ വിവരം മറ്റൊരു സഹോദരനായ മമ്മിക്കുട്ടി മുസ്ലിയാർ മുഖേന അറിഞ്ഞാണ് ആലി മുസ്‌ലിയാർ കേരളത്തിലെത്തുന്നത്. സഹോദരൻ മമ്മിക്കുട്ടിയെ തൻറെ ചുമതല ഏൽപ്പിച്ചാണ് അദ്ദേഹം കവരത്തിയിൽ നിന്ന് പുറപ്പെട്ടത്. മലബാറിലെത്തിയ ആലി മുസ്‌ലിയാർ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേരുകയും ബ്രിട്ടീഷ്കാർക്കെതിരിലുള്ള സമാധാനപരമായ സമരപ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ഖിലാഫത്ത് പ്രസ്ഥാനത്തിലേക്കുള്ള അദ്ദേഹത്തിൻറെ പ്രവേശത്തെ പ്രചോദിച്ചത് കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്‌ലിയാർ, എം.പി. നാരായണ മേനോൻ എന്നിവരായിരുന്നു.പിന്നീട് നിസ്സഹകരണ പ്രസ്ഥാനത്തിലും അദ്ദേഹം ഭാഗഭാക്കായി. അദ്ദേഹം പള്ളികളിൽ വെച്ച് നടത്തിയിരുന്ന പഠനക്ലാസുകൾ ബ്രിട്ടീഷ് വിരുദ്ധ ജനകീയ പ്രക്ഷോഭങ്ങൾക്ക് ജനങ്ങളെ സജ്ജരാക്കുന്നതായിരുന്നു[4]. തുടക്കത്തിൽ സമാധാനപരമായിരുന്ന പ്രക്ഷോഭം പിന്നീട് ഹിന്ദുക്കൾക്ക് നേരെയുള്ള വർഗീയ കലാപത്തിന്റെ രൂപം പ്രാപിക്കുകയുണ്ടായി. കലാപകാലത്ത് ക്രൂരമായ കൊലപാതകങ്ങളും,ബലം പ്രയോഗിച്ചുള്ള മതപരിവർത്തനങ്ങളും നടന്നു[5]. ഏതാനും ആഴ്ച കേരള മുസ്ലിംകളുടെ ഖലീഫയായി അദ്ദേഹം നിലകൊണ്ടു. അദ്ദേഹത്തിനു രണ്ടര ലക്ഷത്തോളം അനുയായികൾ അനുസരണ പ്രതിജ്ഞ ചെയ്തതായും അറുപതിനായിരത്തോളം കേഡർ വളണ്ടിയർമാർ ഉണ്ടായിരുന്നതായും പറയപ്പെടുന്നു[അവലംബം ആവശ്യമാണ്]. അദ്ദേഹത്തിൻറെ പ്രക്ഷോഭസമരങ്ങളിൽ അസ്വസ്ഥമായ ഭരണകൂടം നിരവധി ക്രൂരമായ അടിച്ചമർത്തൽ നടപടികൾ സ്വീകരിച്ചു കൊണ്ടിരുന്നു. ഒടുവിൽ ഭരണകൂടത്തിൻറെ നിരന്തരമായ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടുകൊണ്ടിരുന്ന അദ്ദേഹം മുസ്ലിം ജനസാമാന്യത്തിൻറെ പതിതോവസ്ഥകൾ പരിഗണിച്ച് കീഴടങ്ങുകയാണുണ്ടായത്.[6]

മരണം[തിരുത്തുക]

1922 ഫെബ്രുവരി 2 ന്‌ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ വെച്ച് ആലി മുസ്ല്യാരെ തൂക്കിലെറ്റി.[7] കോയമ്പത്തൂരിലെ മലയാളികൾ മലബാർ മുസ്ലിം അസോസിയേഷൻ രൂപീകരിച്ച്‌ തൂക്കിലേറ്റപ്പെട്ടവരുടെ മൃതദേഹങ്ങൾ ഏറ്റു വാങ്ങി കോയമ്പത്തൂർ ശക്രം പേട്ടയിലുള്ള ഖബർസ്ഥാനിൽ മറവ്‌ ചെയ്തു.

അവലംബങ്ങൾ[തിരുത്തുക]

  1. പ്രബോധനം വാരിക, 2010 നവംബർ 13
  2. പ്രതിരോധത്തിൻറെ വേരുകൾ,പേജ് 49, സൈനുദ്ദീൻ മന്ദലാംകുന്ന്.തേജസ് പബ്ലിക്കേഷൻ,കോഴിക്കോട്
  3. http://www.thejasonline.com/java-thejason/index.jsp വിവരങ്ങൾ ശേഖരിച്ചത് തേജസ് ദിനപത്രം ഫിബ്രുവരി 17 ഞായർ]
  4. ദ മാപ്പിള റെബല്ലിയൻ;പുറം 45 "The Mapilla Rebellion : 1921-1922". ശേഖരിച്ചത് 2015-10-06. 
  5. കഴിഞ്ഞകാലം,കെ.പി.കേശവമേനോൻ
  6. പ്രതിരോധത്തിൻറെ വേരുകൾ , പേജ് 50-51, സൈനുദ്ദീൻ മന്ദലാംകുന്ന്.തേജസ് പബ്ലിക്കേഷൻ ,കോഴിക്കോട്.
  7. http://www.thejasnews.com/index.jsp?tp=det&det=yes&news_id=201207129013314580

ഇവയും കാണുക[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ആലി_മുസ്‌ലിയാർ&oldid=2379908" എന്ന താളിൽനിന്നു ശേഖരിച്ചത്