Jump to content

ഖുത്ബ് മിനാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഖുത്തബ് മിനാർ

ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാർ (Qutub Minar) (ഹിന്ദി: क़ुतुब मीनार ഉർദ്ദു: قطب منار). ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ്‌ ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഖുത്ബ് മിനാറും ഉൾപ്പെട്ടിട്ടുണ്ട്.

72.5 മീറ്റർ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന്‌ 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്‌.

ചരിത്രം

[തിരുത്തുക]
ഇസ്ലാമികവാസ്തുകലയിലെ എട്ട് മട്ടകോണുകളും, എട്ട് ചാപങ്ങളും ചേർന്ന മിനാറുകളുടെ അസ്തിവാരരൂപരേഖ. ഇത്തരത്തിലുള്ള വാസ്തുവിദ്യയാണ് ഖുത്ബ് മിനാറിന്റെ കാര്യത്തിലും ഉപയോഗിച്ചിരിക്കുന്നതെങ്കിലും കോണുകളുടേയും ചാപങ്ങളുടേയും എണ്ണം 12 വീതമാണ്[1]. ആധുനികനിർമ്മിതികളിലൊന്നായ മലേഷ്യയിലെ പെട്രോണാസ് ഗോപുരങ്ങളും ഈ വാസ്തുകല പിന്തുടരുന്നു

1199-ൽ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക് ആയിരുന്നു ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചത്. സുൽത്താൻ ഇൽത്തുമിഷ്, 1229-ഓടെ മറ്റു നാലുനിലകളുടെ പണി പൂർത്തീകരിച്ചു[2]. ഗോറി സാമ്രാജ്യത്തിന്റെ കാലത്ത് അഫ്ഗാനിസ്താനിൽ പലയിടത്തും ഇത്തരത്തിലുള്ള ഗോപുരങ്ങൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നും ആശയം ഉൾക്കൊണ്ടാണ് ഗോറികളുടെ അടിമയായിരുന്ന ഖുത്ബ്ദീൻ ഈ ഗോപുരം നിർമ്മിച്ചത്. ഖുത്ബ് മിനാറിന്റെ രീതിയിൽ 8 കോണുകളും 8 ചാപങ്ങളുടേയും രീതിയിലുള്ള അസ്തിവാരവാസ്തുശൈലിയുടെ മാതൃകകൾ അഫ്ഗാനിസ്താനിൽ പലയിടത്തും കാണാൻ സാധിക്കും. ഈ ശൈലിയുടെ ഒരു ആദ്യകാല ഉദാഹരണം, ഇറാനിലെ സിസ്താനിൽ കാണാം. ഇവിടെ ഖ്വാജ സിയ പുഷ് എന്ന സ്ഥലത്ത് പന്ത്രണ്ടാം നൂറ്റാണ്ടീൽ നിർമ്മിച്ച ഇഷ്ടികകൊണ്ടുള്ള ഒരു മിനാറിന്റെ അവശിഷ്ടം നിലനിൽക്കുന്നുണ്ട്. ഒരു ചത്രുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഒരു മദ്ധ്യകാല ആവാസകേന്ദ്രത്തിനുമേൽ ഉയർത്തിയിട്ടുള്ള ഈ മിനാറും ഖുതുബ് മിനാറിന്റെ അതേ അസ്ഥിവാരരൂപരേഖ പങ്കുവക്കുന്നു[3].

ഇടിമിന്നൽ മൂലവും ഭൂകമ്പം മൂലവും മിനാറിന്‌ പലപ്പോഴും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ദില്ലി സുൽത്താന്മാരായിരുന്ന അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് ബിൻ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക്, ഇബ്രാഹിം ലോധി എന്നിവരുടെ കാലത്ത് മിനാറിന്റെ കേടുപാടുകാൾ തീർത്തിട്ടുണ്ട്[2]. 1326ൽ മുഹമ്മദ് ബിൻ തുഗ്ലക്കിന്റെ കാലത്ത് കുത്തബ് മീനറിന് ഇടിമിന്നൽ ഏൽക്കുകയും അത് കേട് പാട് തീർത്തതായും പഴയകാല രേഖകളിൽ കാണുന്നു. 1368ലും ഇടിമിന്നലിൽ ഉണ്ടായ കേട് പാടുകൾ തീർത്ത് ഫിറോസ് ഷാ തുഗ്ലക്ക് ആണ് മുകളിൽ കാണുന്ന മാർബിൾ പാളികൾ പതിച്ചത് എന്നും രേഖകളിൽ കാണുന്നൂ.

ഖുത്ബ്ദീൻ ഐബക് പണിത ആദ്യനിലയുടെ ചുമരിൽ അറബിവാചകങ്ങൾ കൊത്തി വച്ചിട്ടുണ്ട്. ഏറ്റവും മുകളിലെ രണ്ടുനിലകളൊഴികെ മറ്റു നിലകളെല്ലാം ചുവന്ന മണൽക്കല്ലിന്റെ കട്ടകൾ കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത്. മുകളിലെ രണ്ടു നിലകൾ ഫിറോസ് ഷാ തുഗ്ലക് വെണ്ണക്കല്ലുകൊണ്ടാണ് തീർത്തിട്ടുള്ളത്.

അലൈ ദർവാസ

[തിരുത്തുക]
അലൈ ദർവാസ

ഖുത്ബ് മിനാറിനൊപ്പമുണ്ടായിരുന്ന ഖുവ്വത്തുൾ ഇസ്ലാം മോസ്ക് വലുതാക്കിപ്പണിത അലാവുദ്ദീൻ ഖിൽജി അതിലേക്ക് തെക്കുവശത്തു നിന്നും പ്രവേശിക്കുന്നതിനായി പണിത കവാടമാണ്‌ അലൈ ദർവാസ. ഇന്ത്യയിലെ ഇസ്ലാമിക വാസ്തുശില്പകലയുടെ ഏറ്റവും വിലപ്പെട്ട സംഭാവനകളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു[4]. 1311-ലാണ്‌ ഖിൽജി ഇത് പണിതത്. മോസ്കിനൊപ്പം ഖിൽജി പണിയാനുദ്ദേശിച്ച വലിയ ഗോപുരമായ അലൈ മിനാർ പണിപൂർത്തിയായില്ല.

സന്ദർശനം

[തിരുത്തുക]

1980-ൽ വൈദ്യുതിത്തകരാറിനെത്തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 കുട്ടികൾ മിനാറിനുള്ളിൽ മരിച്ചതിനെത്തുടർന്ന് ഇപ്പോൾ മിനാറിനകത്തേക്ക് സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. അതിനു മുൻപ് ഇവിടെ മിനാറിനു മുകളിൽ നിന്നു ചാടി പലരും ജീവനൊടുക്കിയിട്ടുമുണ്ട്.

ഇതും കാണുക

[തിരുത്തുക]

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Archnet. "Qutb Minar and Mosque" (html) (in ഇംഗ്ലീഷ്). http://www.archnet.org. pp. Section:The minar. Retrieved 2009 നവംബർ 22. This part of the minaret is built with alternating sharp-angled and rounded fluting (twelve of each type) which are decorated with bands of inscriptions. {{cite web}}: Check date values in: |accessdate= (help); Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help); External link in |publisher= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. 2.0 2.1 Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 5, Rulers and Buildings, Page 60, ISBN 81 7450 724
  3. Vogelsang, Willem (2002). "12 - The Iranian Dynasties". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. p. 202. ISBN 978-1-4051-8243-0. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. അലൈ ദർവാസക്കു സമീപമുള്ള ഫലകത്തിൽ നിന്നുള്ള വിവരങ്ങൾ


"https://ml.wikipedia.org/w/index.php?title=ഖുത്ബ്_മിനാർ&oldid=4135240" എന്ന താളിൽനിന്ന് ശേഖരിച്ചത്