Jump to content

ചെങ്കോട്ട

Coordinates: 28°39′21″N 77°14′25″E / 28.65583°N 77.24028°E / 28.65583; 77.24028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Red Fort എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

28°39′21″N 77°14′25″E / 28.65583°N 77.24028°E / 28.65583; 77.24028

ചെങ്കോട്ട എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ചെങ്കോട്ട (വിവക്ഷകൾ) എന്ന താൾ കാണുക. ചെങ്കോട്ട (വിവക്ഷകൾ)
ചുവപ്പു കോട്ട
लाल क़िला

ചെങ്കോട്ടയുടെ പ്രവേശനകവാടത്തിലെ പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പിനുള്ളിൽ ലാഹോറി ഗേറ്റിന്റെ മുകൾഭാഗത്തെ ഗോപുരങ്ങളും ഗോപുരങ്ങളും മകുടങ്ങളും
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Area49.1815, 43.4309 ha (5,293,850, 4,674,860 sq ft)
മാനദണ്ഡംii, iii, vi[2]
അവലംബം231
നിർദ്ദേശാങ്കം28°39′21″N 77°14′25″E / 28.6558°N 77.2403°E / 28.6558; 77.2403
രേഖപ്പെടുത്തിയത്2007 (31st വിഭാഗം)
വെബ്സൈറ്റ്delhitourism.gov.in/delhitourism/tourist_place/red_fort.jsp

പതിനേഴാം നൂറ്റാണ്ടിൽ ചുവരുകളുടെ നഗരം എന്നറിയപ്പെട്ടിരുന്ന പഴയ ഡെൽഹിയിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ രാജാവ് പണിക്കഴിപ്പിച്ച വിസ്തൃതമായ ഒരു കോട്ടയാണ് ചുവപ്പു കോട്ട അഥവാ ചെങ്കോട്ട (ആംഗലേയം:റെഡ് ഫോർട്ട് (Red Fort)), (ഹിന്ദി:ലാൽ ക്വില (लाल क़िला)), (ഉറുദു:لال قلعہ). ഷാജഹാൻ ഇതിന് കില ഇ മുഅല്ല എന്നാണ് പേരിട്ടിരുന്നത്.[3] രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ഈ കോട്ട സ്ഥിതി ചെയ്യുന്നു. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരികൾ വസിച്ചിരുന്നതും ഈ കോട്ടയിൽ തന്നെയായിരുന്നു. 1857-ൽ അന്നത്തെ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർ ഷാ സഫറിൽ നിന്ന് ബ്രിട്ടീഷ് ഭാരത സർക്കാർ ചുവപ്പു കോട്ട പിടിച്ചടക്കും വരെ ഇത് മുഗൾ രാജവംശത്തിന്റെ തലസ്ഥാനമായി നില കൊണ്ടിരുന്നു. 2007-ൽ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളുടെ പട്ടികയിൽ ചെങ്കോട്ടയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്.

കോട്ടയുടെ ഭാഗങ്ങൾ

[തിരുത്തുക]
പുരാനി ദില്ലി അഥവാ ഷാജഹാനാബാദിന്റെ പഴയ ഭൂപടം - പടിഞ്ഞാറുവശം നദിയും മറ്റുഭാഗങ്ങൾ നഗരത്താലും ചുറ്റപ്പെട്ട ചെങ്കോട്ടയുടെ സ്ഥാനം ശ്രദ്ധിക്കുക.
കോട്ടയുടെ തെക്കുവശത്തുള്ള പ്രവേശനമാർഗ്ഗമായ ഡെൽഹി ഗേറ്റ്

പുരാനി ദില്ലി അഥവാ ഷാജഹാനാബാദ് നഗരത്തിന്റെ കേന്ദ്രഭാഗമാണ് ചെങ്കോട്ട. കോട്ടയുടെയും നഗരത്തിന്റെയും കിഴക്കുവശം യമുനാനദിയാണ്. പടിഞ്ഞാറുവശത്തുള്ള ലാഹോറിഗേറ്റ്, തെക്കുവശത്തുള്ള ഡെൽഹി ഗേറ്റ് എന്നീ രണ്ട് പ്രധാനപ്രവേശനകവാടങ്ങൾ കോട്ടക്കുണ്ട്. ഈ കവാടങ്ങളിൽ നിന്നുള്ള വഴികൾ ചെന്നെത്തുന്ന നഗരമതിലിലെ കവാടങ്ങൾക്കും ഇതേ പേരുകൾ തന്നെയാണ്. യമുനയിലേക്കിറങ്ങുന്ന രാജ്ഘാട്ട് ഗേറ്റ് എന്ന കവാടവും കോട്ടക്കുണ്ട്.

പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം. ഇതിനുശേഷം ഛത്ത ചൗക്ക് എന്ന ചന്തയും നോബത്ഖാന എന്ന വാദ്യസംഘക്കാരുടെ മന്ദിരവും കഴിഞ്ഞാൽ ചക്രവർത്തി സാധാരണ ജനങ്ങളെ അഭിസംബോധന ചെയ്തിരുന്ന ദിവാൻ ഇ-ആം എന്ന കെട്ടിടം കാണാം. ഇതിനും കിഴക്കുള്ള ചഹാർബാഗിനപ്പുറത്ത് കോട്ടയുടെ കിഴക്കേ അറ്റത്തുള്ള രംഗ് മഹൽ വരെയുള്ള മേൽപ്പറഞ്ഞ കെട്ടിടങ്ങളെല്ലാം കിഴക്കുപടിഞ്ഞാറായി ഒറ്റവരിയിൽ നിൽക്കുന്നു.

മുഗൾ കാലഘട്ടത്തിലെ കോട്ടയിലെ പ്രധാന രാജമന്ദിരങ്ങൾ, നദിയോട് ചേർന്ന് രംഗ് മഹലിനൊപ്പം ഒരു തട്ടിനുമുകളിൽ ഒറ്റ വരിയിൽ തെക്കുവടക്കായി നിലകൊള്ളുന്നു. ഷാ ബുർജ്, ഹീരാ മഹൽ, ഹമ്മം, ദിവാൻ ഇ ഖാസ്, ഖാസ് മഹൽ എന്നിവ രംഗ് മഹലിന് വടക്കുവശത്തും മുംതാസ് മഹൽ, രംഗ് മഹലിന് തെക്കുവശത്തും ഈ വരിയിൽ നിൽക്കുന്ന കെട്ടിടങ്ങളാണ്. രംഗ് മഹലിനും മുംതാസ് മഹലിനും ഇടയിൽ ഛോട്ടി ബേഠക് എന്ന ഒരു കെട്ടിടം കൂടിയുണ്ടായിരുന്നെങ്കിലും അതിപ്പോൾ നിലവിലില്ല.[4] കോട്ടയിലെ മറ്റു കെട്ടിടങ്ങൾ ചുവന്ന മണൽക്കല്ലുകൊണ്ട് പൊതിഞ്ഞവയാണെങ്കിൽ ഈ വരിയിലുള്ള രാജകീയമന്ദിരങ്ങൾ വെണ്ണക്കല്ലിൽ തീർത്തവയാണ്. വടക്കുവശത്തുള്ള ഷാ ബുർജിൽ നിന്നാരംഭിക്കുന്ന ഒരു വെള്ളച്ചാൽ ഈ കെട്ടിടങ്ങൾക്കെല്ലാം അടിയിൽക്കൂടി ഒഴുകുന്നു. നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗ്ഗീയധാര എന്നാണ് ഈ വെള്ളച്ചാൽ അറിയപ്പെടുന്നത്. ഈ കെട്ടിടങ്ങൾക്കു പുറമേ കോട്ടക്കകത്ത് വടക്കുകിഴക്കുഭാഗത്തായി ഹയാത്ത് ബക്ഷ് എന്ന പൂന്തോട്ടവും അതിൽ ചില നിർമ്മിതികളുമുണ്ട്.

ലാഹോറി ഗേറ്റ്

[തിരുത്തുക]
ലാഹോറി ഗേറ്റ്

കോട്ടയുടെ പ്രവേശനകവാടമാണ് പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ്. ലാഹോറിനോടഭിമുഖമായതിനാലാണ് ഈ പേര്. ചുവന്ന മണൽക്കൽ പാളികൾ കൊണ്ടലങ്കരിച്ചിട്ടുള്ള ലാഹോറി ഗേറ്റിന്റെ ഇരുവശവും ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഗോപുരങ്ങളുണ്ട്. രണ്ടിനുമിടയിലായി മുകളിൽ വെണ്ണക്കൽ താഴികക്കുടങ്ങളോടു കൂടിയ ഏഴ് ഛത്രികളുമുണ്ട്. കോട്ടയുടെ പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പിനുള്ളിലാണ് ലാഹോറി ഗേറ്റ് സ്ഥിതിചെയ്യുന്നതെങ്കിലും ഗേറ്റിന്റെ മുകൾഭാഗവും മുകൾഭാഗത്തെ ഏഴ് വെളുത്ത താഴികക്കുടങ്ങളും ഗേറ്റിനിരുവശത്തുമുള്ള ഗോപുരങ്ങളും ദൂരെനിന്നും ശ്രദ്ധയിൽപ്പെടും. ഗേറ്റിന് പുറത്തേക്ക് തള്ളിനിൽക്കുന്ന എടുപ്പ് ഷാജഹാന്റെ പുത്രൻ ഔറംഗസേബാണ് പണിയിച്ചത്.[5] ഈ എടുപ്പിന് ഇടതുവശത്തുള്ള കവാടത്തിലൂടെയാണ് ലാഹോറി ഗേറ്റിനു മുമ്പിലുള്ള തളത്തിലേക്ക് പ്രവേശിക്കുന്നത്. ലാഹോറി ഗേറ്റ് കടന്നെത്തുന്നത് ഛത്ത ചൗക്കിലേക്കാണ്.

ലാഹോറി ഗേറ്റിനുമുകളിൽ ഇന്ത്യയുടെ ദേശീയപതാക എപ്പോഴും ഉയർത്തിയിരിക്കും. ലാഹോറി ഗേറ്റിനു മൂന്നിലെ തട്ടിൽ നിന്നാണ് ഇന്ത്യൻ പ്രധാനമന്ത്രി സ്വാതന്ത്ര്യദിനത്തിൽ പ്രസംഗം നടത്തുന്നത്.

ഛത്ത ചൗക്ക്

[തിരുത്തുക]
ഛത്ത ചൗക്ക്

ലാഹോറി ഗേറ്റ് കടന്ന് കോട്ടക്കുള്ളിലേക്ക് പ്രവശിക്കുമ്പോൾ കാണുന്ന ഇരുവശത്തും വാണിജ്യസ്ഥാപനങ്ങളോടുകൂടിയ ഇടനാഴിയാണ് ഛത്ത ചൗക്ക് അഥവാ ഛത്ത ബസാർ. മേൽക്കൂരയുള്ള ചന്ത എന്നാണ് ഈ പേരിനർത്ഥം. ബസാർ ഇ മുസഖഫ് എന്നായിരുന്നു മുമ്പ് ഈ ചന്തയുടെ പേര്. പെഷവാറിലെ ഇത്തരത്തിലുള്ള വാണിജ്യകേന്ദ്രത്തിന്റെ മാതൃകയിലാണ് ഷാജഹാൻ ഈ ചന്ത ആരംഭിച്ചത്. മേൽക്കൂരയുള്ള ഇത്തരം വാണിജ്യസ്ഥാപനങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ അപൂർവ്വമായിരുന്നു. മേൽക്കൂരയുള്ള ഇടനാഴിക്ക് ഇരുവശത്തും 32 വീതം പീടികകൾ രണ്ടുനിലകളിലായുണ്ട്.[6] മുഗൾ കാലത്ത് ഈ ചന്തയിലെ സ്ഥാപനങ്ങൾ രാജകുടുംബാംഗങ്ങൾക്കുള്ള ആഡംബരവസ്തുക്കളായിരുന്നു വിപണനം നടത്തിയിരുന്നത്. ഇന്ന് ഇതിന്റെ താഴെയുള്ള നിലയിൽ കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

നോബത്ഖാന

[തിരുത്തുക]
നോബത്ഖാന

മുഗൾ കൊട്ടാരങ്ങളുടെ കവാടത്തിൽ കണ്ടുവരുന്ന വാദ്യസംഘങ്ങളുടെ കേന്ദ്രമാണ് നോബത്ഖാന. ഛത്ത ചൗക്കിന് കിഴക്കുള്ള ഉദ്യാനത്തിനപ്പുറത്താണ് ചെങ്കോട്ടയിലെ നോബത്ഖാന സ്ഥിതിചെയ്യുന്നത്. മുഗൾ ഭരണകാലത്ത് ഇവിടെ അഞ്ചുനേരം വാദ്യാലാപനം നടന്നിരുന്നു. ചിത്രപ്പണികളുള്ള ചുവന്ന മണൽക്കല്ല് പൊതിഞ്ഞലങ്കരിച്ചിട്ടുള്ളതും മദ്ധ്യത്തിൽ കവാടമുള്ള ദീർഘചതുരാകൃതിയിലുള്ള ഈ മൂന്നുനിലക്കെട്ടിടത്തിന്റെ മൂന്നുവശവും ഇപ്പോൾ വെള്ളപൂശിയിട്ടുണ്ട്. ആനപ്പുറത്തെത്തുന്ന കൊട്ടാരം സന്ദർശകർ ഇവിടെ ഇറങ്ങിയിരുന്നതിനാൽ ഈ കവാടം ഹാത്തി പോൾ എന്ന പേരിലും അറിയപ്പെടുന്നു. മുഗൾ ചക്രവർത്തിമാരായ ജഹന്ദർ ഷാ, ഫാറൂഖ് സിയാർ എന്നിവർ കൊല്ലപ്പെട്ടത് ഇവിടെവച്ചാണെന്ന് പറയപ്പെടുന്നു.

നോബത്ഖാനയുടെ മുകളിലെ നിലയിൽ ഇപ്പോൾ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരിപാലിക്കുന്ന ഇന്ത്യൻ യുദ്ധസ്മാരക മ്യൂസിയമാണ്.[7][8]

ദിവാൻ-ഇ ആം

[തിരുത്തുക]
ദിവാൻ-ഇ ആം

മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തി സാധാരണ ജനങ്ങളുമായി സംവദിക്കുന്ന വിശാലമായ മണ്ഡപമാണ് ദിവാൻ-ഇ ആം. 40 തൂണുകളോടുകൂടിയ ചിഹിൽ സുതുൻ എന്ന വാസ്തുകലാരീതിയിലാണ് ഇത്തരം മണ്ഡപങ്ങൾ നിർമ്മിക്കുന്നത്. നോബത്ഖാനക്കു കിഴക്കുള്ള ഉദ്യാനത്തിനുശേഷം ചെങ്കോട്ടയിലെ ദിവാൻ-ഇ ആം കാണാം. ഇതിന് മദ്ധ്യത്തിൽ ഒരരികത്ത് അലങ്കരിക്കപ്പെട്ട ഉയർത്തിയ വെണ്ണക്കൽത്തട്ടിൽ ചക്രവർത്തിയുടെ ഇരിപ്പിടമുണ്ട്. ഈ തട്ടിനു താഴെ വെണ്ണക്കല്ലുകൊണ്ടുള്ള വസീറിന്റെ (പ്രധാനമന്ത്രിയുടെ) ഇരിപ്പിടവും കാണാം.[9]

നഹർ-ഇ ബിഹിഷ്ട്

[തിരുത്തുക]
നഹർ-ഇ ബിഹിഷ്ട് - രംഗ് മഹലിനുള്ളിലുടെ

ദിവാൻ ഇ ആമിനു കിഴക്ക് ഒരു ചഹാർ ബാഗാണ് ഇതിനും കിഴക്കായി കോട്ടയുടെ കിഴക്കേ അറ്റത്ത് നദിക്ക് സമാന്തരമായി തെക്കുവടക്കായി രാജകീയ മന്ദിരങ്ങളുടെ ഒരു നിരയുണ്ട്. ഉയർന്ന ഒരു തട്ടിനുമുകളിലാണ് ഈ കെട്ടിടങ്ങളെല്ലാം നിലനിൽക്കുന്നത്. വടക്കേ അറ്റത്തുള്ള കെട്ടിടമായ ഷാ ബുർജിൽ നിന്ന് ആരംഭിച്ച് തെക്കേ അറ്റത്തെ കെട്ടിടമായ മുംതാസ് മഹൽ വരെ എല്ലാ കെട്ടിടങ്ങളുടെയും അടിത്തട്ടിലൂടെ ഒഴുകുന്ന ഒരു വെള്ളച്ചാൽ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. നഹർ-ഇ ബിഹിഷ്ട് അഥവാ സ്വർഗ്ഗീയധാര എന്നറിയപ്പെടുന്ന ഈ ചാൽ നിർമ്മിച്ചത് അലി മർദാൻ ഖാൻ ആണ്.[10] കെട്ടിടങ്ങളിലെ താപനില ക്രമീകരിച്ച് നിർത്തുക എന്നതായിരുന്നു ഈ വെള്ളച്ചാലിന്റെ പ്രധാനധർമ്മം. ഇതിനുപുറമേ, തോട്ടങ്ങളിലേക്കുള്ള വെള്ളവും ഈ ചാലിൽ നിന്നാണ് തിരിച്ചിരുന്നത്. വടക്കേ അറ്റത്തുള്ള ഷാ ബുർജിൽവച്ചാണ് ഈ ചാലിലേക്കുള്ള വെള്ളം, യമുനാനദിയിൽ നിന്ന് കോരിയൊഴിച്ചിരുന്നത്.

ഷാ ബുർജ്

[തിരുത്തുക]
ബുർജ്-ഇ ശംലി മണ്ഡപം - പുറകിൽ ഷാ ബുർജ്

കിഴക്കേ അറ്റത്തെ കെട്ടിടനിരയിൽ ഏറ്റവും വടക്കേ അറ്റത്തെ അഷ്ടഭുജാകൃതിയിലുള്ള ഗോപുരമാണ് ഷാ ബുർജ്. 1857-ലെ ലഹളസമയത്ത് ഈ കെട്ടിടത്തിന് എറെ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. താഴികക്കുടത്തോടുകൂടിയ മൂന്നുനിലഗോപുരമായിരുന്ന താഴികക്കുടവും മുകളിലത്തെ നിലയും ഇപ്പോഴില്ല. കോട്ടയിലെ ജലസേചനസംവിധാനത്തിന്റെ സ്രോതസ്സായിരുന്നു ഈ കെട്ടിടത്തിൽ നിന്നാണ് നഹർ-ഇ ബിഹിഷ്ടിലേക്ക് വെള്ളമെത്തിച്ചിരുന്നത്. ഷാജഹാന്റെ കാലത്ത് ഈ കെട്ടിടം രഹസ്യയോഗങ്ങൾക്കുപയോഗിച്ചിരുന്നു. പ്രധാന രാജകുമാരൻമാരുടെ താമസസ്ഥലമായും ഇത് ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിൽ യുവരാജാവായിരുന്ന മിർസ ഫഖ്രു ഇവിടെയാണ് വസിച്ചിരുന്നത്.[11]

ഷാ ബുർജിനോട് ചേർന്ന് ബുർജ്-ഇ ശംലി എന്ന ഒരു വെണ്ണക്കൽ മണ്ഡപമുണ്ട് ഇതിനു മദ്ധ്യത്തിൽ നിന്നാണ് നഹർ-ഇ ബിഹിഷ്ട് വെള്ളച്ചാൽ ആരംഭിക്കുന്നത്. ഈ മണ്ഡപം ഔറംഗസേബിന്റെ കാലത്താണ് പണികഴിപ്പിച്ചതെന്ന് കരുതുന്നു.

ഷാ ബുർജിന് സമാനമായ ഒരു നിർമ്മിതി കോട്ടയുടെ തെക്കുകിഴക്കേ മൂലയിലുമുണ്ട്. ആസാദ് ബുർജ് എന്നാണ് ഇതിന്റെ പേര്.[10][12] കോട്ടയിലെ സഞ്ചാരികൾക്ക് ഇപ്പോൾ ആസാദ് ബുർജ് സന്ദർശിക്കുന്നതിനുള്ള സൗകര്യമില്ല.

ഹീര മഹൽ

[തിരുത്തുക]
ഹീര മഹൽ

നദീതീരത്തുള്ള ഉയർത്തിയ തട്ടിൽ ഷാ ബുർജിന് കുറച്ചു തെക്കുമാറി സ്ഥിതി ചെയ്യുന്ന വെണ്ണക്കൽമണ്ഡപമാണ് ഹീര മഹൽ. ഇത്തരത്തിലുള്ള മറ്റൊരു മണ്ഡപം ഈ തട്ടിൽത്തന്നെ അൽപം വടക്കുമാറി സ്ഥിതിചെയ്തിരുന്നു. അതിന്റെ പേര് മോത്തി മഹൽ എന്നായിരുന്നു. രണ്ടു മണ്ഡപങ്ങളും അവസാന മുഗൾ ചക്രവർത്തിയായ ബഹദൂർഷാ സഫറാണ് നിർമ്മിച്ചത്. 1857-ലെ ലഹളക്കുശേഷം മോത്തി മഹൽ പൊളിച്ചുനീക്കപ്പെട്ടു. [12]

ഇടതുവശത്ത് മോത്തി മസ്ജിദ്, വലതുവശത്ത് ഹമ്മം

ഉയർത്തിയ തട്ടിൽ തെക്കോട്ടു വരുമ്പോൾ അടുത്ത കെട്ടിടമാണ് ഹമ്മം. മൂന്ന് അറകളോടുകൂടി ഈ കെട്ടിടം രാജകീയ കുളിമുറികളാണ്. ഇതിന്റെ ഒരു ഭാഗം തട്ടിൽ നിന്ന് പുറത്തേക്ക് കടന്നുനിൽക്കുന്നു. വെണ്ണക്കല്ലുകൊണ്ടലങ്കരിച്ചിട്ടുള്ള ഈ കെട്ടിടത്തിൽ കുളിക്കുന്നതിനും ആവി കൊള്ളുന്നതിനും സൗകര്യങ്ങളുണ്ടായിരുന്നു.

മോത്തി മസ്ജിദ്

[തിരുത്തുക]

കോട്ടയുടെ കിഴക്കേ അറ്റത്തുള്ള തട്ടിനടുത്ത് ഹമ്മത്തിന് തൊട്ടുപടിഞ്ഞാറായി നിലകൊള്ളുന്ന ചെറിയ മസ്ജിദ് ആണ് മോത്തി മസ്ജിദ്. സ്വകാര്യാവശ്യത്തിന് ഔറംഗസേബാണ് ഈ മസ്ജിദ് നിർമ്മിച്ചത്. രാജകുടുംബത്തിലെ സ്ത്രീകളും ഈ മസ്ജിദ് ഉപയോഗിച്ചിരുന്നു.[13]

ദിവാൻ-ഇ ഖാസ്

[തിരുത്തുക]
ദിവാൻ-ഇ ഖാസ്

മുഗൾ കൊട്ടാരങ്ങളിൽ ചക്രവർത്തി, ഉന്നതരായ പ്രഭുക്കളുമായി കൂടിക്കാഴ്ച നടത്തുന്ന മന്ദിരമാണ് ദിവാൻ-ഇ ഖാസ്. കിഴക്കേ അറ്റത്തുള്ള ഉയർന്ന തട്ടിൽ ഹമ്മത്തിന് തെക്കായി ചെങ്കോട്ടയിലെ ദിവാൻ-ഇ ഖാസ് സ്ഥിതിചെയ്യുന്നു. ചതുരാകൃതിയിലുള്ള തൂണുകൾ നിറഞ്ഞ ഈ കെട്ടിടം വെണ്ണക്കല്ലിൽ തീർത്തതാണ്. മേൽക്കൂരയിലെ നാലു മൂലയിലും ഛത്രികളുണ്ട്. തൂണുകളിലെ വെള്ളക്കല്ലുകളിൽ വിവിധവർണ്ണങ്ങളിലുള്ള കല്ലുകൾ ഉപയോഗിച്ചുള്ള അലങ്കാരപ്പണികളുണ്ട്. ഈ മന്ദിരത്തിലുള്ള വെണ്ണക്കൽത്തട്ടിലായിരുന്നു വിഖ്യാതമായ മയൂരസിംഹാസനം ഇരുന്നിരുന്നത്. ഈ കെട്ടിടത്തിന്റെ വടക്കും തെക്കും ഭാഗത്തെ മൂലകളിലുള്ള കമാനങ്ങളിൽ, "ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അത് ഇതാണ്, ഇതാണ്, ഇതാണ്" എന്ന ആമിർ ഖുസ്രോയുടെ പ്രശസ്തമായ വരികൾ കൊത്തിയിട്ടുണ്ട്. ദിവാൻ-ഇ ഖാസിന് പടിഞ്ഞാറുഭാഗത്ത് പണ്ട് രണ്ട് അറകൾ കൂടിയുണ്ടായിരുന്നു. 1857-ലെ ലഹളക്കുശേഷം ഇവയും പൊളിച്ചുനീക്കപ്പെട്ടു. ലഹളക്കാലത്ത് ബഹദൂർഷാ സഫർ, ദിവാൻ-ഇ ഖാസിലായിരുന്നു സഭ നടത്തിയിരുന്നത്.[14]

ഖാസ് മഹൽ

[തിരുത്തുക]
ഖാസ് മഹൽ

മുഗൾ കൊട്ടരാരങ്ങളിൽ ചക്രവർത്തിയുടെ സ്വകാര്യമുറികളെയാണ് ഖാസ് മഹൽ എന്നറിയപ്പെടുന്നത്. ദിവൻ-ഇ ഖാസിന് തൊട്ടു തെക്കായി ഉയർന്ന തട്ടിൽത്തന്നെയാണ് ചെങ്കോട്ടയിലെ ഖാസ് മഹൽ സ്ഥിതിചെയ്യുന്നത്. ഇതിന് മൂന്നു ഭാഗങ്ങളുണ്ട്. ദിവാൻ ഇ-ഖാസിന് അഭിമുഖമായുള്ള മൂന്നു മുറികൾ തസ്ബി ഖാന എന്നറിയപ്പെടുന്നു. ചക്രവർത്തി സ്വകാര്യ ആരാധനക്കാണ് ഈ മുറികൾ ഉപയോഗിച്ചിരുന്നത്. ഇതിനു പുറകിലുള്ള മൂന്നു മുറികളാണ് ഖ്വാബ്ഗാഹ് അഥവാ കിടപ്പുമുറികൾ. ഇതിന്റയും തെക്ക്, ചുമരുകളിലും മച്ചിലും ചിത്രപ്പണികളോടുകൂടിയ ഒരു നീണ്ട ഹാളുണ്ട്. ഇതാണ് തോഷ് ഖാന അല്ലെങ്കിൽ ബേഠക് എന്നറിയപ്പെടുന്ന ഇരുപ്പുമുറി. ഈ ഹോളിന്റെ വടക്കേവശത്ത് നഹർ-ഇ ബിഹിഷ്ടിന് മുകളിലായി, മുകളിൽ നീതിയുടെ ചിഹ്നമായ ത്രാസിന്റെ ചിത്രം കൊത്തിവച്ചിട്ടുള്ള വെണ്ണക്കല്ലുകൊണ്ടുള്ള ജനാല ശ്രദ്ധേയമാണ്.

ഖാസ് മഹലിലെ ഖ്വാബ്ഗാഹിൽ തെക്കുവശത്തുള്ള കമാനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഈ കെട്ടിടം 1639-ൽ പണിയാനാരംഭിക്കുകയും 1648-ൽ പണിപൂർത്തിയാകുകയും ചെയ്തു. 50 ലക്ഷം രൂപയാണ് ഇതിന്റെ പണിക്കായി ചെലവായത്. ഇത് എല്ലാ കൊട്ടാരങ്ങൾക്കും വേണ്ടിവന്ന തുകയായിരിക്കുമെന്ന് കരുതുന്നു.[15]

ഖാസ് മഹലിന്റെ ഖ്വാബ്ഗാഹിനോട് ചേർന്ന് പുറത്തേക്ക് തള്ളിനിൽക്കുന്ന ഭാഗിക അഷ്ടഭുജാകൃതിയിലുള്ള ഒരു ഗോപുരമുണ്ട്. ഇതാണ് മുത്തമ്മൻ ബുർജ്. അഷ്ടഭുജഗോപുരം എന്നുതന്നെയാണ് ഈ പേരിനർത്ഥം. എല്ലാ ദിവസവും മുഗൾ ചക്രവർത്തി ഇവിടെനിന്ന് ജനങ്ങൾക്ക് ദർശനം നൽകുമായിരുന്നു. മുത്തമ്മൻ ബുർജിലെ ബാൽക്കണി 1808-09 കാലഘട്ടത്തിൽ അക്ബർ ഷാ രണ്ടാമൻ പണികഴിപ്പിച്ചതാണ്. ഇവിടെ നിന്നാണ് 1911-ൽ ഇന്ത്യ സന്ദർശിച്ച ജോർജ്ജ് അഞ്ചാമൻ രാജാവും രാജ്ഞി മേരിയും ജനങ്ങളെ അഭിസംബോധന ചെയ്തത്.[16]

രംഗ് മഹൽ

[തിരുത്തുക]
രംഗ് മഹൽ

കോട്ടയുടെ കിഴക്കേ അറ്റത്ത് ഖാസ് മഹലിന് തൊട്ടുതെക്കായാണ് രംഗ് മഹൽ സ്ഥിതിചെയ്യുന്നത്. പടിഞ്ഞാറുവശത്തുനിന്നും കോട്ടയിലേക്ക് പ്രവേശിക്കുമ്പോൾ ലാഹോറി ഗേറ്റ്, നൗബത് ഖാന, ദിവാൻ-ഇ ആം എന്നിവയുടെ അതേ നിരയിലുള്ള കിഴക്കേ അറ്റത്തെ നിർമ്മിതിയാണിത്. നിറപ്പകിട്ടാർന്ന ഇതിന്റെ ഉൾവശത്തിൽ നിന്നാണ് രംഗ് മഹൽ എന്ന പേരുവന്നത്. ദിവാൻ-ഇ ആമിനും രംഗ് മഹലിനും ഇടയിൽ ചഹാർബാഗ് ശൈലിയിലുള്ള ഒരു പൂന്തോട്ടവുമുണ്ട്.

കമാനങ്ങൾകൊണ്ട് ആറുഭാഗങ്ങളായിത്തിരിച്ച ഒരു വിശാലമായ മുറിയും അതിനിരുവശത്തും ഓരോ അറകളും അടങ്ങിയതാണ് രംഗ് മഹൽ. ഈ അറകളുടെ ചുമരുകളിലും മച്ചിലും ചെറിയ കണ്ണാടിക്കഷണങ്ങൾ പതിച്ചിട്ടുണ്ട്. അതുകൊണ്ട് അവ ശീഷ് മഹൽ (കണ്ണാടിമാളിക) എന്നാണ് അറിയപ്പെടുന്നത്.[17]

മുംതാസ് മഹൽ

[തിരുത്തുക]
മുംതാസ് മഹൽ

കോട്ടക്കകത്തെ കിഴക്കേ അറ്റത്തെ വരിയിൽ ഏറ്റവും തെക്കേ അറ്റത്തുള്ള നിർമ്മിതിയാണ് മുംതാസ് മഹൽ. ഇതിന്റെ ചുമരുകളുടെ അടിഭാഗവും തൂണുകളും വെണ്ണക്കല്ലുകൊണ്ട് നിർമ്മിച്ചതാണ്. കമാനങ്ങൾ കൊണ്ട് തിരിച്ചിട്ടുള്ള ആറ് മുറികൾ ഈ കെട്ടിടത്തിനകത്തുണ്ട്. മുഗൾ കാലത്തെ ചരിത്രശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന കാഴ്ചബംഗ്ലാവായി ഇപ്പോൾ ഈ കെട്ടിടം ഉപയോഗപ്പെടുത്തുന്നു.[4]

ഹയാത് ബക്ഷ് പൂന്തോട്ടം

[തിരുത്തുക]
ഹയാത് ബക്ഷ് പൂന്തോട്ടത്തിനു നടുവിലെ സഫർ മഹൽ. ചിത്രത്തിൽ വലതുവശത്ത് ദൂരെയായി ഭാദോം മണ്ഡപം കാണാം. സഫർ മഹലിനു പിന്നിൽ ചെങ്കോട്ടക്കകത്തുള്ള ബ്രിട്ടീഷ് ബാരക്കുകളും കാണാം

മോത്തി മസ്ജിദിന് വടക്കും കിഴക്കുവശത്തെ കൊട്ടാരനിരക്ക് പടിഞ്ഞാറുമായി ചഹാർബാഗ് ശൈലിയിലുള്ള ഒരു വലിയ പൂന്തോട്ടം ചെങ്കോട്ടയിലുണ്ട് ഇതാണ് ഹയാത് ബക്ഷ്. ഈ പൂന്തോട്ടത്തിന് തെക്കും വടക്കും അറ്റത്ത് മദ്ധ്യഭാഗത്തായി പരസ്പരം അഭിമുഖമായി നിൽക്കുന്ന ഒരേപോലുള്ള രണ്ട് മണ്ഡപങ്ങളുണ്ട്. തെക്കുവശത്തുള്ള മണ്ഡപം സാവൻ എന്നും വടക്കുവശത്തുള്ളത്ത് ഭാദോം എന്നും അറിയപ്പെടുന്നു. നിലവിൽ ഇങ്ങനെയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഏതാണ് സാവൻ എന്നും ഭാദോം എന്നും കൃത്യമായി അറിവില്ല. രണ്ടു പേരുകളും നാനക്ശാഹി കാലഗണനയിലെ അഞ്ചാമത്തെയും ആറാമത്തെയും മാസങ്ങളുടെ (മഴക്കാലം) പേരാണ്. ഈ മാസങ്ങളിലാണ് ഈ മണ്ഡപങ്ങൾ ഉപയോഗിക്കപ്പെടുത്തിയിരുന്നതെന്നും കരുതുന്നു. വടക്കുവശത്തുള്ള ഭാദോം മണ്ഡപത്തിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ ജലസംഭരണിയുണ്ട്. അരികത്ത് മെഴുകുതിരികൾ കത്തിച്ച് ഇതിലെ ദൃശ്യത്തെ മനോഹരമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പരമ്പരാഗത ചഹാർബാഗിന്റെ പ്രത്യേകത പിന്തുടർന്ന് ഹയാത് ബക്ഷ് പൂന്തോട്ടത്തിന്റെ മദ്ധ്യത്തിൽ ഒരു വലിയ ജലസംഭരണിയും അതിനു നടുവിൽ സഫർ മഹൽ എന്ന ഒരു ചുവന്ന മണൽക്കല്ലിൽ തീർത്ത കെട്ടിടവുമുണ്ട്.‌‌ പൂന്തോട്ടത്തെ നെടുകേ പിളർന്നുള്ള പാതകളിലൂടെ മുൻപ് ഈ കെട്ടിടത്തിലേക്ക് പ്രവേശിക്കാമായിരുന്നെങ്കിലും പിൽക്കാല നവീകരണങ്ങൾക്കുശേഷം കെട്ടിടം കുളത്തിനു മദ്ധ്യത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്. അവസാന മുഗൾ ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫർ ആണ് 1842 കാലഘട്ടത്തിൽ ഈ കെട്ടിടം പണിതത്.[12]

ബ്രിട്ടീഷ് ബാരക്കുകളും നശീകരണവും

[തിരുത്തുക]
ബ്രിട്ടീഷ് ബാരക്കുകൾ

ഹയാത്ത് ബക്ഷ് പൂന്തോട്ടത്തിന് പടിഞ്ഞാറായി, ബ്രിട്ടീഷ് ആധിപത്യകാലത്ത് നിർമ്മിക്കപ്പെട്ട ബാരക്കുകൾ ഒരു നിരയായി നിലകൊള്ളുന്നു. 1857-ലെ ശിപായിലഹളക്കുശേഷം ബ്രിട്ടീഷുകാർ ദില്ലി പിടിച്ചടക്കിയതിനുപിന്നാലെയാണ് ചെങ്കോട്ടയിലെ അന്തഃപുരക്കെട്ടിടങ്ങൾ പൊളിച്ച് ആ സ്ഥാനത്ത് നിരനിരയായി ബാരക്കുകൾ പണിതത്. ഏറെ വിമർശിക്കപ്പെട്ട ഒരു നടപടിയായിരുന്നു ഇത്.[18] ഹയാത് ബക്ഷ് പൂന്തോട്ടത്തിന്റെ പടിഞ്ഞാറുഭാഗത്തെ കുറേ സ്ഥലവും ഈ കെട്ടിടങ്ങൾ മൂലം കൈയേറപ്പെട്ടു. ഹയാത് ബക്ഷിന് പടിഞ്ഞാറ് മെഹ്താബ് ബാഗ് എന്ന മറ്റൊരു പൂന്തോട്ടവുമുണ്ടായിരുന്നു.[19] ഈ തോട്ടത്തിന്റെ തെളിവുകളൊന്നും ഇന്ന് ബാക്കിയില്ല.

ചിത്രങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://whc.unesco.org/en/list/231. Retrieved 5 ജൂലൈ 2018. {{cite web}}: Missing or empty |title= (help)
  2. http://whc.unesco.org/en/list/231. {{cite web}}: Missing or empty |title= (help)
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-09-21. Retrieved 2014-08-02.
  4. 4.0 4.1 "മുംതാസ് മഹൽ". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
  5. ലാഹോറി ഗേറ്റിനു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന വിവരണഫലകം. ശേഖരിച്ചത് 2012 ഡിസംബർ 8
  6. ഛത്ത ചൗക്കിൽ സ്ഥാപിച്ചിരിക്കുന്ന വിവരണഫലകം. ശേഖരിച്ചത് 2012 ഡിസംബർ 8
  7. നോബത്ഖാനക്കു മുമ്പിൽ സ്ഥാപിച്ചിരിക്കുന്ന വിവരണഫലകം. ശേഖരിച്ചത് 2012 ഡിസംബർ 8
  8. "നോബത് അഥവാ നഖർഖാന". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
  9. ദിവാൻ-ഇ ആമിനടുത്ത് സ്ഥാപിച്ചിരിക്കുന്ന വിവരണഫലകം ശേഖരിച്ചത് 2012 ഡിസംബർ 8
  10. 10.0 10.1 "Shah Burj (Royal Tower; Red Fort c. 1639-48)". http://www.delhibazaronline.com. Archived from the original on 2020-07-26. Retrieved 2012 ഡിസംബർ 24. {{cite web}}: Check date values in: |accessdate= (help); External link in |work= (help)
  11. ലാസ്റ്റ് മുഗൾ,[൧] താൾ: 99
  12. 12.0 12.1 12.2 "ഹയാത്ത് ബക്ഷ് പൂന്തോട്ടവും മണ്ഡപങ്ങളും". World Heritage Site - Red Fort, Delhi. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 24. {{cite web}}: Check date values in: |accessdate= (help)
  13. "മോത്തി മസ്ജിദ്". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
  14. "ദിവാൻ-ഇ ഖാസ്". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
  15. "ഖാസ് മഹൽ". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
  16. "മുത്തമ്മൻ ബുർജ്". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 31. {{cite web}}: Check date values in: |accessdate= (help)
  17. "രംഗ് മഹൽ". വേൾഡ് ഹെറിറ്റേജ് സൈറ്റ് - റെഡ് ഫോർട്ട്, ഡെൽഹി (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. Retrieved 2012 ഡിസംബർ 25. {{cite web}}: Check date values in: |accessdate= (help)
  18. വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. p. 7. ISBN 9780670999255. Retrieved 2013 ജൂലൈ 4. {{cite book}}: Check date values in: |accessdate= (help) ഗൂഗിൾ ബുക്സ് കണ്ണി
  19. "കോമ്പ്രഹെൻസീവ് കൺസെർവേഷൻ മാനേജ്മെന്റ് പ്ലാൻ, റെഡ് ഫോർട്ട്, ഡെൽഹി. എ കൊളാബറേറ്റീവ് പ്രോജക്റ്റ് ഓഫ് എ.എസ്.ഐ. ആൻഡ് സി.ആർ.സി. ഐ." (pdf) (in ഇംഗ്ലീഷ്). ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 2009 മാർച്ച്. p. 7. Retrieved 2013 ഓഗസ്റ്റ് 4. {{cite web}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=ചെങ്കോട്ട&oldid=3829001" എന്ന താളിൽനിന്ന് ശേഖരിച്ചത്