ദില്ലി സുൽത്താനത്ത്
1206 മുതൽ 1526 വരെ ദില്ലി ആസ്ഥാനമാക്കി ഭരിച്ചിരുന്ന അഞ്ചു ഇസ്ലാമികരാജവംശങ്ങളെയാണ് ദില്ലി സുൽത്താനത്ത് (ഇംഗ്ലീഷ്:Delhi Sultanate, ഉർദ്ദു:دلی سلطنت) അഥവാ ഹിന്ദ് സുൽത്താനത്ത് (ഇംഗ്ലീഷ്:Sultanat e Hind, Urdu: سلطنتِ هند) എന്ന് അറിയപ്പെടുന്നത്. മാംലൂക് രാജവംശം (1206-90), ഖിൽജി രാജവംശം (1290-1320), തുഗ്ലക് രാജവംശം (1320-1413), സയ്യിദ് രാജവംശം (1414-51), ലോധി രാജവംശം (1451-1526) എന്നിവയാണ് ഈ അഞ്ചു രാജവംശങ്ങൾ. ഇന്നത്തെ ദില്ലി നിലനിൽക്കുന്ന സ്ഥലത്ത് അവർ അനേകം നഗരങ്ങൾ സ്ഥാപിച്ചു[1].
1526-ൽ ഉയർന്നു വന്ന മുഗൾ സാമ്രാജ്യത്തിൽ ലയിച്ചായിരുന്നു സുൽത്താനത്തിന്റെ അന്ത്യം.
രാജവംശങ്ങളും സുൽത്താന്മാരും[തിരുത്തുക]
മംലൂക് രാജവംശം[തിരുത്തുക]
പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാന പാദത്തിൽ മുഹമ്മദ് ഘോറി, സിന്ധൂ ഗംഗാ തടങ്ങളിലേക്ക് ആക്രമണം തുടങ്ങി. ഘാസ്നി, മുൾത്താൻ, സിന്ധ്, ലാഹോർ, ദില്ലി എന്നിങ്ങനെ ഓരോ പട്ടണങ്ങളായി ഘോറി കീഴടക്കി. 1206-ൽ ഘോറിയുടെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഒരു സൈന്യാധിപനായിരുന്ന ഖുത്ബ് ഉദ് ദീൻ ഐബക് ദില്ലിയിലെ സുൽത്താൻ എന്ന് സ്വയം പ്രഖ്യാപിക്കുകയും ദില്ലി സുൽത്താനേറ്റിലെ ആദ്യ രാജവംശമായ മാംലൂക് രാജവംശം (അടിമ രാജവംശം )സ്ഥാപിക്കുകയും ചെയ്തു. (സ്വതന്ത്രരായ മാതാപിതാക്കൾക്ക് ജനിച്ച അടിമ എന്നാണ് മാംലൂക് എന്നതിനർത്ഥം). വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ മംഗോളിയരുമായി നിരന്തരസംഘർത്തിലായിരുന്നെങ്കിലും പതിമൂന്നാം നൂറ്റാണ്ടിന്റെ ആദ്യത്തോടെ ഖൈബർ ചുരം മുതൽ ബംഗാൾ വരെയുള്ള ഉത്തരേന്ത്യ സുൽത്താനത്തിന്റെ അധീനതയിലായി. ഇൽത്തുമിഷും (1210-35) ബൽബനുമായിരുന്നു മാംലൂക് രാജവംശത്തിലെ പ്രധാന ഭരണാധികാരികൾ. പിടിച്ചടക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നും മറ്റു എതിരാളികളായ രാജകുടുംബങ്ങളിൽ നിന്നുമുള്ള എതിർപ്പുകൾ മൂലം 1290-ൽ മാംലൂക് ഭരണത്തിന് അവസാനമായി.
ഖിൽജി രാജവംശം[തിരുത്തുക]
മുഹമ്മദ് ഘോറിയുടെ കാലത്തു തന്നെ ബംഗാളിന്റെ ഭരണകർത്താക്കളായി മാറിയ ഖിൽജി അഥവാ ഖൽജികൾ, മാംലൂകുകളുടെ സാമന്തരായിരുന്നു. ഒരു അട്ടിമറിയിലൂടെ ജലാലുദ്ദീൻ ഫിറൂസ് ഖിൽജി മാംലൂക് രാജവംശത്തെ പുറത്താക്കി സാമ്രാജ്യം പിടിച്ചടക്കി. ഖിൽജികൾ ഗുജറാത്ത്, മാൾവ തുടങ്ങിയ പ്രദേശങ്ങൾ കൈയടക്കുകയും ആദ്യമായി നർമദ നദിയുടെ തെക്കുഭാഗത്തേക്ക് അതായത് തമിഴ്‌നാടു വരെ പര്യവേഷണങ്ങൾ നടത്തി. 1-ൽ ഖിൽജി രാജവംശത്തിലെ സുൽത്താനായിരുന്ന അലാവുദീൻ ഖിൽജി,തന്റെ സർവ്വ സൈന്യാധിപനും വിശ്വസ്ത്തനുമായിരുന്ന മാലിക് ഖഫൂറിനാൽ കൊല്ലപ്പെട്ടു. പിന്നീട് മാലിഖ് ഖഫൂറിനെ ഖുർസു ഖാൻ കൊലപ്പെടുത്തി സ്വയം സുൽത്താനായി പ്രഖ്യാപിച്ചു. അതോടെ ഖിൽജി വംശത്തിന് അന്ത്യമായി.
തുഗ്ലക് രാജവംശം[തിരുത്തുക]
1321-ൽ ഘാസി തുഗ്ലക്, ഖുർസു ഖാന്റെ ഭരണത്തിന് അറുതി വരുത്തി ഘിയാത്ത് അൽദിൻ തുഗ്ലക് എന്ന നാമത്തിൽ സുൽത്താനായി പ്രഖ്യാപിച്ചതോടെ തുഗ്ലക് രാജവംശത്തിന്റെ ആരംഭമായി. ഘിയാസുദ്ദീന്റെ പുത്രനും പിൻഗാമിയുമായിരുന്ന മുഹമ്മദ് ബിൻ തുഗ്ലകിന്റെ കാലത്ത് സാമ്രാജ്യം ശക്തി പ്രാപിച്ചു. മുഹമ്മദ് ബിൻ തുഗ്ലകിനു ശേഷം അദ്ദേഹത്തിന്റെ ബന്ധു ഫിറോസ് ഷാ തുഗ്ലക് അധികാരം ഏറ്റെടുത്തു. ഫിറോസ് ഷാ ഒരു ജനപക്ഷഭരണാധികാരിയായിരുന്നെങ്കിലും ഇക്കാലത്ത് സൈനികശേഷിയിൽ കുറവുണ്ടായി. 1388-ൽ ഫിറോസ് ഷായുടെ മരണശേഷം കരുത്തരായ നേതാക്കളുടെ അഭാവം തുഗ്ലക് രാജവംശത്തെ അസ്തമയത്തിലേക്ക് നയിച്ചു. പത്തു വർഷത്തിനുള്ളിൽത്തന്നെ രാജവംശത്തിന് അന്ത്യമായി.
തിമൂറിന്റെ ആക്രമണം, ദൗലത് ഖാൻ ലോധിയുടെ ഭരണം, സയ്യിദ് രാജവംശം[തിരുത്തുക]

1398 ഡിസംബർ 17-ന് തിമൂർ ദില്ലി ആക്രമിച്ചു കീഴടക്കി പട്ടണം കൊള്ളയടിച്ച് നശിപ്പിച്ചു. ഏകദേശം ഒരുലക്ഷത്തോളം പേരെ തിമൂർ കൊലപ്പെടുത്തി. പിടിക്കപ്പെട്ടവരിൽ അവശേഷിക്കുന്ന മിക്കവാറും ദില്ലി നിവാസികളേയും തിമൂർ അടിമകളാക്കുകയും ചെയ്തു. 1399-ഓടെ തിമൂർ ദില്ലി വിട്ടു തന്റെ രാജ്യത്തേക്ക് മടങ്ങി. തിമൂറിന്റെ ആക്രമണത്തോടെ ദില്ലി സുൽത്താന്മാരുടെ സാമ്രാജ്യത്തിനു മേലുള്ള കേന്ദ്രീകൃതാധിപത്യത്തിന് കാര്യമായ ക്ഷയം സംഭവിച്ചു.
മഹ്മൂദ് തുഗ്ലക്കിന്റെ മരണത്തിനു ശേഷം ദൗലത് ഖാൻ ലോധിക്കാണ് സാമ്രാജ്യം ഭരിക്കുന്നതിന് പ്രഭുക്കാന്മാർ പിന്തുണ നൽകിയത്[2]. എന്നാൽ അദ്ദേഹത്തിന്റെ ഭരണം വളരെക്കുറച്ചു മാസങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ. തിമൂർ, മുൾത്താന്റെ ഗവർണറായി നിയമിച്ച ഖിസ്‌ർ ഖാൻ 1414 മാർച്ച് മാസം ദില്ലി ആക്രമിച്ചു കീഴടക്കി. ദൗലത് ഖാനെ തടവിലാക്കി ഹിസാർ ഫിറൂസയിലേക്കയച്ചു. ഖിസ്‌ർ ഖാൻ സ്ഥാപിച്ച രാജവംശം സയ്യിദ് രാജവംശം എന്നറിയപ്പെടുന്നു. തിമൂറിന്റെ പേരക്കുട്ടിയായിരുന്ന ഷാ രൂഖിന്റെ കാലത്ത് അദ്ദേഹത്തിന്റെ സാമന്തനായാണ് ഖിസ്‌ർ ഖാൻ സാമ്രാജ്യം ഭരിച്ച്ത്. സയ്യിദ് രാജവംശത്തിന്റെ 37 വർഷത്തെ ഭരണകാലയളവ്‍ നാലു സുൽത്താന്മാരുടെ ഭരണത്തിന് സാക്ഷ്യം വഹിച്ചു.
ലോധി രാജവംശം[തിരുത്തുക]
1451-ൽ അവസാനത്തെ സയ്യിദ് സുൽത്താനായിരുന്ന മുഹമ്മദ് ബിൻ ഫരീദിന്റെ മരണത്തിനു ശേഷം, പഞ്ചാബിലെ ഗവർണറും സൈന്യാധിപനുമായിരുന്ന ബഹ്ലൂൽ ഖാൻ ലോധി ദില്ലിയുടെ ഭരണം ഏറ്റെടുത്തു. അദ്ദേഹം വിവിധ പ്രവിശ്യകളിലെ കലാപങ്ങൾ അടിച്ചമർത്തുകയും ബന്ധുക്കളായ അഫ്ഘാൻ പ്രഭുക്കൾക്ക് ഭൂമിയുടെ അധികാരം നൽകി വ്യാപകമായ രാഷ്ട്രീയപിന്തുണ നേടുകയും ചെയ്തു.
സിക്കന്തർ ലോധി, ഇബ്രാഹിം ലോധി എന്നിവരായിരുന്നു ലോധി രാജവംശത്തിലെ മറ്റു രണ്ടു ഭരണാധികാരികൾ. 1526-ൽ ബാബർ ഇബ്രാഹിം ലോധിയെ പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെടുത്തി ദില്ലി കീഴടക്കി ദില്ലി സുൽത്താന്മാരുടെ ഭരണത്തിന് അറുതി വരുത്തി. ഇബ്രാഹിം ലോധിയുടെ കീഴിൽ ലാഹോറിലെ ഗവർണറായിരുന്ന ദൗലത് ഖാൻ ലോധിയും, ഇബ്രാഹിം ലോധിയുടെ അമ്മാവനായ ആലം ഖാനും ചേർന്ന് ഗൂഢാലോചന നടത്തിയാണ് ബാബറെ ദില്ലി ആക്രമിക്കുന്നതിന് ക്ഷണിച്ചത്. പാനിപ്പത്ത് യുദ്ധത്തിൽ ഇബ്രാഹിം ലോധി മരണപ്പെടുകയും അത് മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപനത്തിന് വഴി തെളിക്കുകയും ചെയ്തു.
രാജവംശം | ഭരണാധികാരി | കാലയളവ് |
---|---|---|
മാംലൂക് രാജവംശം (1206 - 1290) | ||
ഖുത്ബ്‌ദ്ദീൻ ഐബക് | 1206 - 1210 | |
അറാം ഷാ | 1210 - 1211 | |
ഷംസുദ്ദീൻ ഇൽതുമിഷ് | 1210 - 1236 | |
രുക്നുദ്ദീൻ ഫിറൂസ് | 1236 | |
റസിയ്യ | 1236 - 1240 | |
മുയിസുദ്ദീൻ ബഹ്രാം | 1240 - 1242 | |
അലാവുദ്ദീൻ മസൂദ് | 1242 - 1246 | |
നസീറുദ്ദീൻ മഹ്മൂദ് | 1246 - 1266 | |
ഘിയാസുദ്ദീൻ ബൽബൻ | 1266 - 1286 | |
മുയിസുദ്ദീൻ ഖ്വായിഖബാദ് | 1286 - 1290 | |
കയുമാർസ് | 1290 | |
ഖിൽജി രാജവംശം (1290 - 1321) | ||
ജലാലുദ്ദീൻ ഫിറോസ് ഖിൽജി | 1290 - 1296 | |
അലാവുദ്ദീൻ ഖിൽജി | 1296 - 1316 | |
ഖുത്ബ്ദ്ദീൻ മുബാരക് ഷാ | 1316 - 1321 | |
തുഗ്ലക് രാജവംശം (1321 - 1398) | ||
ഘിയാസുദ്ദീൻ തുഗ്ലക് ഷാ ഒന്നാമൻ | 1321 - 1325 | |
മുഹമ്മദ് ബിൻ തുഗ്ലക് (മുഹമ്മദ് ഷാ രണ്ടാമൻ) | 1325 - 1351 | |
മഹ്മൂദ് ബിൻ മുഹമ്മദ് | 1351 മാർച്ച് | |
ഫിറോസ് ഷാ തുഗ്ലക് | 1351 - 1388 | |
ഘിയാസുദ്ദീൻ തുഗ്ലക് രണ്ടാമൻ | 1388 - 1389 | |
അബൂ ബക്കർ | 1389 - 1390 | |
നസിറുദ്ദീൻ മുഹമ്മദ് ഷാ മൂന്നാമൻ | 1390 - 1393 | |
സിക്കന്തർ ഷാ ഒന്നാമൻ | 1393 മാർച്ച് - ഏപ്രിൽ | |
ഘിയാസുദ്ദീൻ തുഗ്ലക് ഷാ ഒന്നാമൻ | 1321 - 1325 | |
മഹ്മൂദ് നസിറുദ്ദീൻ (സുൽത്താൻ മഹ്മൂദ് രണ്ടാമൻ) (ദില്ലി) | 1393 - 1394 | |
നസ്റത്ത് ഷാ (ഫിറോസാബാദ്) | 1394 - 1398 | |
ലോധി രാജവംശം (1413 - 1414) | ദൗലത് ഖാൻ [2] | 1413 - 1414 |
സയ്യിദ് രാജവംശം (1414 - 1451) | ||
ഖിസർ ഖാൻ (ഖിദ്‌ർ ഖാൻ) | 1414 - 1421 | |
മുബാരക് ഷാ രണ്ടാമൻ | 1421 - 1435 | |
മുഹമ്മദ് ഷാ നാലാമൻ | 1435 - 1445 | |
അലാവുദ്ദീൻ ആലം ഷാ | 1445 - 1451 | |
ലോധി രാജവംശം (1451 - 1526) | ||
ബാഹ്‌ലൂൽ ഖാൻ ലോധി | 1451 - 1489 | |
സിക്കന്ദർ ലോധി | 1489-1517 | |
ഇബ്രാഹിം ലോധി (ഇബ്രാഹിം രണ്ടാമൻ) | 1517-1526 |
സാമ്രാജ്യവികസനം[തിരുത്തുക]
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദില്ലി സുൽത്താന്മാരുടെ അധികാരം കോട്ടകളിലും അവക്കു ചുറ്റുമുള്ള നഗരങ്ങളിലും മാത്രമായി ഒതുങ്ങിയിരുന്നു. പട്ടണങ്ങൾക്കു പുറത്തുള്ള പ്രദേശങ്ങളിൽ ആധിപത്യം പുലർത്താൻ അവർക്കായിരുന്നില്ല. വ്യാപാരം, കപ്പം, കൊള്ളയടി എന്നിവയൊക്കെയായിരുന്നു പ്രധാന വരുമാനമാർഗങ്ങൾ.
ബംഗാൾ മുതൽ സിന്ധ് വരെയുള്ള പ്രദേശങ്ങളിലെ സുൽത്താന്റെ നിയന്ത്രണത്തിലുള്ള കോട്ടകളിലെ സൈനികവ്യൂഹത്തെ ദില്ലിയിൽ നിന്നും നിയന്ത്രിക്കുക എന്നത് വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. ഇതിലുപരിയായി യുദ്ധം, ആഭ്യന്തരകലഹം, അഫ്ഘാനിൽ നിന്നുള്ള മംഗോൾ ആക്രമണം എന്നിങ്ങനെ സുൽത്താനേറ്റിന് നിരവധി പ്രശ്നങ്ങൾ ഇക്കാലത്ത് അതിജീവിക്കേണ്ടി വന്നിരുന്നു.
ഘിയാസുദ്ദീൻ ബൽബൻ, അലാവുദ്ദീൻ ഖൽജി, മുഹമ്മദ് തുഗ്ലക് എന്നിവരുടെ ഭരണകാലത്താണ് ദില്ലി സുൽത്താനത്ത് വികാസം പ്രാപിച്ചത്[1].
ആദ്യഘട്ടം[തിരുത്തുക]
അതിർത്തിക്കകത്ത് നഗരങ്ങൾക്കു ചുറ്റുമുള്ള പ്രദേശങ്ങളിലെ ആധിപത്യം ഉറപ്പിക്കുക എന്നതായിരുന്നു ഇതിലെ ആദ്യപടി. ഗംഗാ-യമുനാ തടങ്ങളിലെ കാടുകളെല്ലാം വെട്ടിത്തെളിച്ച് ഈ ഭൂമി കൃഷിക്കാർക്കായി വിട്ടുകൊടുത്ത് കാർഷികവൃത്തി പ്രോൽസാഹിപ്പിച്ചു.
പ്രാദേശികവ്യാപാരം മെച്ചപ്പെടുത്തുന്നതിനും, വ്യാപാരപാതകളെ സംരക്ഷിക്കുന്നതിനും അവർ പുതിയ പട്ടണങ്ങളും കോട്ടകളും സ്ഥാപിച്ചു.
രണ്ടാം ഘട്ടം[തിരുത്തുക]
സൈനികനടപടികളിലൂടെ അതിരുകൾ വികസിപ്പിച്ചുകൊണ്ടായിരുന്നു രണ്ടാംഘട്ടസാമ്രാജ്യവികസനം. ദക്ഷിണേന്ത്യയിലേക്കുള്ള ഈ സൈനികപരിപാടികൾക്ക് തുടക്കമിട്ടത് അലാവുദ്ദീൻ ഖൽജിയുടെ കാലത്താണ്. മുഹമ്മദ് തുഗ്ലക്കിന്റെ കാലത്ത് സാമ്രാജ്യവിസ്തൃതി അതിന്റെ പാരമ്യത്തിലെത്തി[1].
ഈ പോരാട്ടങ്ങളിൽ സുൽത്താനത്തിന്റെ സൈന്യം നിരവധി ആനകളേയും കുതിരകളേയും അടിമകളേയും കൈയ്യടക്കി. കൂടാതെ വിലപിടിപ്പുള്ള ലോഹങ്ങളും അവർ കൊള്ളയടിച്ചു.
നിശ്ശബ്ദമായ ആരംഭത്തിനു ശേഷമുള്ള 150 വർഷത്തിനു ശേഷം അതായത് മുഹമ്മദ് തുഗ്ലകിന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ ഉപഭൂഖണ്ഡത്തിന്റെ വളരെ വലിയ ഒരുഭാഗത്തിന്റെ അധീനരായി ദില്ലി സുൽത്താനത്ത് മാറി. കൃഷിക്കാരിൽ നിന്നടക്കം ഇക്കാലത്ത് നികുതി പിരിക്കാൻ തുടങ്ങി. പക്ഷേ ഇത്രയും വലിയ ഒരു പ്രദേശമായതിനാൽ നിയന്ത്രണം അത്ര ഫലപ്രദമായിരുന്നില്ല.
ഭരണം[തിരുത്തുക]
ദില്ലി സുൽത്താന്മാരുടെ ഭരണഭാഷ പേർഷ്യൻ ആയിരുന്നു.
ദില്ലി സുൽത്താനത്ത് പോലെയുള്ള ഒരു വിസ്തൃതമായ സാമ്രാജ്യം ഭരിക്കുന്നതിന് കഴിവുറ്റ പ്രാദേശികഭരണാധികാരികൾ അത്യാവശ്യമായിരുന്നു. പ്രഭുക്കന്മാരേയും ജന്മികളേയും മറ്റും ഗവർണർ സ്ഥാനം ഏല്പ്പിക്കാതെ സൈന്യത്തിലേക്ക്ക് വേണ്ടി വാങ്ങിയ ബന്ദഗൻ എന്നു വിളിക്കുന്ന അടിമകളേ ഇത്തരം സ്ഥാനങ്ങളിൽ നിയമിക്കാൻ സുൽത്താന്മാർ പ്രത്യേകിച്ചും ഇൽത്തുമിഷ് ശ്രദ്ധിച്ചിരുന്നു.
അവരെ പ്രത്യേകം പരിശീലിപ്പിച്ച് സാമ്രാജ്യത്തിന്റെ പ്രധാനഭരണസ്ഥഅനങ്ങളിൽ അവരോധിച്ചു. ഇത്തരം അടിമകൾ യജമാനനോട് തികഞ്ഞ വിശ്വസ്തത പുലർത്തിയിരുന്നതിനാൽ ഈ ഭരണരീതി സുൽത്താന്മാർക്ക് താരതമ്യേന എളുപ്പമുള്ളതായിരുന്നു.
ഖിൽജിമാരും തുഗ്ലകുകളും ഇത്തരം അടിമകളെ ഉപയോഗ്ഗിക്കുന്ന രീതി തുടർന്നു. ഇതിനുപുറമേ തങ്ങളുടെ ആശ്രിതരായ സാധാരണക്കാരേയും ഉയർന്ന തസ്തികകളിലേക്ക് സ്ഥാനക്കയറ്റം നൽകി. അവരെ ജനറൽമാരും, ഗവർണർമാരുമാക്കി. ഇത് ഒരുതരത്തിൽ രാഷ്ട്രീയ അസ്ഥിരതക്ക് കാരണമായി.
സൈനികരായ അടിമകളും ആശ്രിതരും തങ്ങളുടെ യജമാനനോട് പൂർണമായ കൂറു പുലർത്തുമെങ്കിലും അവരുടെ അനന്തരവകാശികളോട് ഈ കൂറ് പുലർത്താറില്ല. പുതിയ സുൽത്താന്മാരുടെ സ്ഥാനാരോഹണസമയത്ത് ഇത് പലപ്രശ്നങ്ങൾക്കും വഴിവക്കാറുണ്ടായിരുന്നു. മാത്രമല്ല സുൽത്താന് ആശ്രിത്രരോടുള്ള ഈ മമത പ്രഭുക്കന്മാരുടേയും മറ്റും അപ്രീതിക്കും കാരണമായി.
അസീസ് ഖുമ്മാർ എന്ന വീഞ്ഞുനിർമ്മാതാവിനേയും, ഫിറൂസ് ഹജ്ജാം എന്ന ഒരു ക്ഷുരകനേയും മാൻക തബാഖ് എന്ന ഒരു കുശിനിക്കാരനേയും, തോട്ടക്കാര ലാധ, പീര എന്നിവരേയും മുഹമ്മദ് തുഗ്ലക് ഉയർന്ന ഭരണപദവികളിൽ നിയമിച്ചു. സിയാവുദ്ദീൻ ബരണി എന്ന പതിനാലാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ ജീവിച്ചിരുന്ന ചരിത്രകാരൻ സുൽത്താന്റെ നീതിനിർവഹണത്തിലെ പിഴവായും ഭരണത്തിലെ കഴിവുകേടിന്റെ സൂചനായായും ഇതിനെ വിലയിരുത്തി.
പതിനാലാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ സർക്കാർ എന്നറിയപ്പെട്ടിരുന്ന പ്രവിശ്യകളിലും, പാർഗണകൾ എന്നറിയപ്പെട്ടിരുന്ന ജില്ലകളിലും നാണയവ്യവസ്ഥ നടപ്പിലാക്കി. നികുതി പ്രധാനമായും കൃഷിയെ ആശ്രയിച്ചായതിനാൽ മുഹമ്മദ് ബിൻ തുഗ്ലക് ഗ്രാമീണകിണറുകൾ കുഴിച്ചും, വിത്ത് വിതരണം നടത്തിയും കൃഷി പ്രോൽസാഹിപ്പിച്ചിരുന്നു. പ്രത്യേകിച്ച് കരിമ്പ് പോലുള്ള നാണ്യവിളകളുടെ കൃഷിക്കും പ്രോൽസാഹനം നൽകി.
നികുതി പിരിവ്[തിരുത്തുക]
മുൻ സുൽത്താന്മാരെപ്പോലെ ഖിൽജികളും തുഗ്ലകും സേനാനായകന്മാരെ വിവിധ പ്രദേശങ്ങളിലെ ഗവർണർമാരായി നിയമിച്ചു. ഇത്തരം പ്രദേശങ്ങളെ ഇഖ്ത എന്നാണ് വിളിച്ചിരുന്നത്. ഗവർണർമാർ ഇഖ്താദാർ എന്നും മുഖ്തി എന്നും അറിയപ്പെട്ടു. സൈനികനീക്കങ്ങൾ നയിക്കുന്നതിനു പുറമേ തങ്ങളുടെ ഇഖ്തകളിലെ നീതിന്യായവ്യവസ്ഥിതി കാത്തുസൂക്ഷിക്കുക അവിടെ നിന്ന് നികുതി പിരിക്കുക തുടങ്ങിയവയോക്കെ മുഖ്തികളുടെ ചുമതലയഅയിരുന്നു. പിരിക്കുന്ന നികുതിയിൽ നിന്നാണ് തന്റേയും കീഴിലുള്ള ഉദ്യോഗസ്ഥരുടെയും ശമ്പളം കണ്ടെത്തിയിരുന്നത്.
ഇഖ്തകളുടെ ചുമതല ഒരാൾക്ക് പരമ്പരാഗതമായി നൽകാതെ ഒരു നിശ്ചിതകാലയളവിലേക്ക്ക് മാത്രം നൽകി മുഖ്തികൾക്കു മേലുള്ള തങ്ങളുടെ നിയന്ത്രണം അലാവുദ്ദീൻ ഖിൽജി, മുഹമ്മദ് തുഗ്ലക് എന്നിവരുടെ സമയത്ത് കാര്യക്ഷമമാക്കിയിരുന്നു. ഇതിനു പുറമേ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ച് മുഖ്തീകൾ പിരിക്കുന്ന നികുതിയുടേയും അവർക്കു കീഴിലുള്ള സൈനികരുടേയും കണക്കുകൾ പരിശോധിക്കാനും സുൽത്താൻ പ്രത്യേക ശ്രദ്ധ പുലർത്തിയിരുന്നു.
ദില്ലി സുൽത്താന്മാർ നഗരങ്ങളുടെ പ്രാന്തപ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ അവിടത്തെ പ്രാദേശികഭരണാധികാരികളേയും വൻ ഭൂവുടമകളേയും സാമന്തരാക്കിയിരുന്നു. എന്നാൽ അലാവുദ്ദീൻ ഖിൽജിയുടെ കാലത്തോടെ നികുതി പിരിക്കാനുള്ള ഈ സാമന്തഭരണാധികാരികളുടെ എല്ലാ അവകാശങ്ങളും റദ്ദാക്കുകയും സുൽത്താനേറ്റ് നേരിട്ട് നികുതിപിരിവ് ആരംഭിക്കുകയും ചെയ്തു. ഇതോടൊപ്പം ഈ പ്രദേശികഭരണാധികഅരികൾ കൂടി നികുതി നൽകേണ്ടതായും വന്നു. സുൽത്താന്റെ കീഴിലുള്ള ഉദ്യോഗസ്ഥർ ഭൂമി അളന്ന് തിട്ടപ്പെടുത്തി കണക്ക് സൂക്ഷിക്കാനും ആരംഭിച്ചു.
വിവിധ തരം നികുതികൾ[തിരുത്തുക]
മൂന്നു തരം നികുതികളാണ് ഇക്കാലത്ത് നിലവിലിരുന്നത്.
- കാർഷികനികുതി - ഖരാജ് എന്നറിയപ്പെട്ടിരുന്ന ഈ നികുതി കാർഷികോല്പാദനത്തിന്റെ 50 ശതമാനം വരുമായിരുന്നു.
- കന്നുകാലിനികുതി
- ഭവനനികുതി.
സംസ്കാരം[തിരുത്തുക]
ദില്ലി സുൽത്താന്മാർ ഉപഭൂഖണ്ഡത്തിലെ വിവിധനഗരങ്ങളിൽ നിവരവധി മോസ്കുകൾ പണിതീർത്തു. ഇന്ന് ഖുത്ബ് മിനാർ സ്ഥിതിചെയ്യുന്നയിടത്തി ഖുവ്വാത്ത് അൽ ഇസ്ലാം മോസ്കും മിനാറും പണിതീർത്തത് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനദശകത്തിലാണ്. ഖുത്ബ് ഐബക്, ഇൽതുമിഷ് എന്നീ രണ്ടു സുൽത്താന്മാരുടെ കാലത്താണ് മിനാർ പണിതത്. മുൻപ് ഇത് ദില്ലി സുൽത്താന്മാർ നിർമ്മിച്ച ദെഹ്‌ലി ഇ കുഹ്ന എന്ന ആദ്യനഗരത്തിലെ നമസ്കാരപ്പള്ളിയായ്രുന്നു. ഇൽതുമിഷും അലാവുദ്ദീൻ ഖിൽജിയുമാണ് ഇത് പുനരുദ്ധരിച്ചത്.
ബീഗംപുരി മോസ്ക് പണിപൂർത്തിയാക്കിയത്, മുഹമ്മദ് തുഗ്ലകിന്റെ കാലത്താണ്. ദില്ലിയിലെ തന്റെ പുതിയ തലസ്ഥാനമഅയ ജഹാൻപാനായിലെ പ്രധാന പള്ളിയായിരുന്നു ഇത്. സിക്കന്തർ ലോധിയുടെ കാലത്ത് നിർമ്മിക്കപ്പെട്ട ഒരു പള്ളിയാണ് മോഠ് കി മസ്ജിദ്. 1520-കളുടെ അവസാനം നിർമ്മിക്കപ്പെട്ട ഒരു പള്ളിയാണ് ജമാലി കമാലി.
വെല്ലുവിളികൾ[തിരുത്തുക]
വളരെയധികം വിജയങ്ങൾ കൈവരിച്ചെങ്കിലും ഉപഭൂഖൺഡത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും സുൽത്താന്റെ പൂർണ്ണനിയന്ത്രണത്തിലായിരുന്നില്ല. ബംഗാൾ പോലുള്ള വിദൂരപ്രദേശങ്ങൾ ദില്ലിയിൽ നിന്ന് നിയന്ത്രിക്കുക എളുപ്പമായിരുന്നില്ല. ദക്ഷിണേന്ത്യയുടെ ഭാഗങ്ങൾ കീഴടക്കിയതിനു പുറകേ തന്നെ അവ സ്വതന്ത്രമായി.
മാത്രമല്ല ഗംഗാതടങ്ങളില്പോലും സുൽത്താന്റെ സേനക്ക് അപ്രാപ്യമായ വനപ്രദേശങ്ങളുണ്ടായിരുന്നു. പ്രാദേശികജന്മികൾ ഈയിടങ്ങളിൽ ഭരണം നടത്തി. മുഹമ്മദ് തുഗ്ലക്കിനും, അലാവുദ്ദീൻ ഖിൽജിക്കും ഇത്തരം പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കാൻ സാധിച്ചെങ്കിലും അത് ഒരു ചെറിയ കാലയളവിലേക്ക് മാത്രമേ നിലനിർത്താൻ സാധിച്ചുള്ളൂ.
ജെംഗിസ് ഖാന്റെ നേതൃത്വത്തിലുള്ള മംഗോളിയർ 1219-ൽ വടക്കു കിഴക്കൻ ഇറാഖിലുള്ള ട്രാൻസോക്ഷ്യാന പിടിച്ചടക്കി. ഇതിനെത്തുടർന്ന് ദില്ലി സുൽത്താനേറ്റിനും ഇതിന്റെ തുടർ ആക്രമണങ്ങളെ നേരിടേണ്ടി വന്നു. അലാവുദ്ദീൻ ഖിൽജിയുടെ കാലത്തും മുഹമ്മദ് തുഗ്ലകിന്റെ ഭരണത്തിന്റെ ആദ്യ കാലങ്ങളിലും മംഗോൾ ആക്രമണം താരതമ്യേന വർദ്ധിച്ചു. വമ്പിച്ച സൈനികവ്യൂഹത്തെ കെട്ടിപ്പടുക്കുന്നതിന് ഇത് ഈ ഭരണാധികാരികളെ നിർബന്ധിതരാക്കി.
മംഗോൾ ആക്രമണങ്ങൾ[തിരുത്തുക]
അലാവുദ്ദീൻ ഖിൽജിയുടെ കാലഘട്ടത്തിൽ 1299-1300, 1302-1303 എന്നീ കാലയളവുകളിൽ മംഗോളിയർ രണ്ടു വട്ടം ദില്ലി ആക്രമിച്ചു. ഇതിനെ നേരിടുന്നതിന് ഖിൽജി ഒരു വലിയ സൈന്യത്തെ രൂപവത്കരിക്കുകയും, പട്ടാളക്കാരെ വിന്യസിക്കുന്നതിന് സിരി എന്നു പേരുള്ള ഒരു പട്ടണം നിർമ്മിക്കുകയും ചെയ്തു.
ഗംഗക്കും യമുനക്കും ഇടയിലുള്ള പ്രദേശങ്ങളിൽ നിന്നും നികുതിയായി പിരിച്ചിരുന്ന കാർഷികവിഭവങ്ങളാണ് ഈ സൈന്യത്തെ ഊട്ടാൻ ഉപയോഗിച്ചിരുന്നത്. കാർഷികോല്പ്പാദനത്തിന്റെ അൻപതു ശതമാനം ഇക്കാലത്ത് നികുതിയായി പിരിച്ചിരുന്നു.
ഇഖ്തകളുടെ നിയന്ത്രണം നൽകുന്നതിനു പകരം പട്ടാളക്കാർക്ക് പണമായിത്തന്നെ വേതനം നൽകി. ഇതു കൊണ്ടുണ്ടായ പണപ്പെരുപ്പം മൂലം അവശ്യസാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനുള്ള നടപടികളും ഖിൽജി സ്വീകരിച്ചു.
ഇങ്ങനെ അലാവുദ്ദീന്റെ ഭരണനടപടികൾ തികച്ചും വിജയകരമായിരുന്നു എന്നും ഇക്കാലത്തെ സാധങ്ങളുടെ ന്യായവിലയും ലഭ്യതയേയും പറ്റി ചരിത്രകാരന്മാർ ഏറെ പുകഴ്ത്തിയിട്ടുണ്ട്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ മംഗോൾ ആക്രമണങ്ങളെ അദ്ദേഹത്തിന് സമർത്ഥമായി അതിജീവിക്കാൻ സാധിച്ചു.
മുഹമ്മദ് തുഗ്ലകിന്റെ ഭരണത്തിന്റെ ആദ്യകാലങ്ങളിൽ മംഗോളിയർ ദില്ലി ആക്രമിച്ചു. ഖിൽജിയെപ്പോലെ തുഗ്ലക്കും ഈ ആക്രമണങ്ങളെ നേരിടുന്നതിന് വലിയൊരു സൈന്യം രൂപവത്കരിച്ചു. മാത്രമല്ല ട്രാൻസോക്ഷ്യാനയിലേക്ക് ഒരു പ്രത്യാക്രമണത്തിനും അദ്ദേഹം പദ്ധതിയിട്ടു.
എന്നാൽ ഖിൽജിയെപ്പോലെ പട്ടാളത്തെ വിന്യസിക്കാനായി ഒരു പട്ടണം നിർമ്മിക്കുന്നതിനു പകരം ദില്ലിയിലെ നാലു നഗരങ്ങളിൽ ഏറ്റവും പുരാതനമായ ദെഹ്ലി ഇ കുഹ്നയിലെ ജനങ്ങളെ കുടിയൊഴിപ്പിച്ച് അവിടം പട്ടാളക്കാരെ വിന്യസിക്കാനായി ഉപയോഗപ്പെടുത്തി. പട്ടണം വിട്ട ജനങ്ങളെ തെക്കുഭാഗത്തുള്ള പുതിയ തലസ്ഥാനനഗരമായ ദൗലതബാദിലേക്കയച്ചു.
കർഷകരിൽ നിന്നും നികുതിയായി പിരിക്കുന്ന കാർഷികവിഭവങ്ങൾ തന്നെ സൈന്യത്തിന് ഭക്ഷണം നൽകാൻ ഉപയോഗിച്ചു. ഇതിനു പുറമേ മറ്റു നികുതികളും സുൽത്താൻ കർഷകരിൽ നിന്ന് ഈടാക്കി. ഇങ്ങനെ ഗംഗായമുനാതടങ്ങളിലെ കർഷകർ പട്ടിണിയിലായി.
പട്ടാളക്കാർക്ക് പണമായിത്തന്നെ വേതനം നൽകിയ തുഗ്ലക് വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് നടപടികളൊന്നും സ്വീകരിച്ചില്ല. ഇതിനു പകരം വിലകുറഞ്ഞ ലോഹങ്ങൾ കൊണ്ടുള്ള പുതിയ നാണയം ഇറക്കി. എന്നാൽ ജനങ്ങൾ തങ്ങളുടെ സ്വർണ്ണ-വെള്ളി നാണയങ്ങൾ ശേഖരിച്ചു വച്ച് പുതിയ പണം തന്നെ സർക്കാരിലേക്ക് നികുതിയായും നൽകി മാത്രമല്ല പുതിയ നാണയത്തിന്റെ കള്ളനാണയങ്ങളും വ്യാപകമായി പ്രചാരത്തിലായി.
പ്പൊതുവേ മുഹമ്മദ് തുഗ്ലക്കിന്റെ ഭരണനടപടികൾ ഒരു പരാജ്യമായിരുന്നു. കശ്മീരിലേക്കുള്ള അദ്ദേഹത്തിന്റെ പടനീക്കം ഒരു വൻ നാശത്തിൽ കലാശിച്ചു. ഇതോടെ ട്രാൻസോക്ഷ്യാന ആക്രമണവും വേണ്ടെന്നുവച്ചു.
തന്റെ വൻ സേനയെ പിരിച്ചുവിടുകയും ദൗലതാബാദിലേക്ക് മാറ്റിയ ജനങ്ങളെ വ്വീണ്ടും പഴയ നഗരത്തിലേക്ക് തിരിച്ചു വിട്ടു. ഗംഗാ യമുനാ മേഖലയിലെ നികുതിവർദ്ധനവും ദാരിദ്ര്യാവും വ്യാപകമായ പ്രതിഷേധത്തിനിടയാക്കി പരാജ്യപ്പെട്ട് പുതിയ നാണയം പിന്വലിക്കേണ്ടതായും വന്നു.
ഇത്തരം പരാജയങ്ങളൊക്കെ നേരിടേണ്ടിവന്നെങ്കിലും ദില്ലി സുൽത്താനേറ്റിന്റെ ചരിത്രത്തിൽ മംഗോളിയരെ ആക്രമിച്ച് അവരുടെ പ്രദേശം കീഴടക്കാൻ ശ്രമിച്ച ആദ്യ ഭരണാധികാരി എന്ന നിലയിൽ തുഗ്ലക് ശ്രദ്ധ പിടിച്ചു പറ്റുന്നു.
മംഗോളിയർക്കെതിരെയുള്ള അലാവുദ്ദീൻ ഖിൽജിയുടെ നടപടികൾ പ്രതിരോധാത്മകമായിരുന്നു എങ്കിൽ തുഗ്ലകിന്റേത് ആക്രമണാത്മകമായിരുന്നു.
ഭരണാധികാരികൾ[തിരുത്തുക]
റസിയ്യ[തിരുത്തുക]
ഇന്ത്യയിലെ വളരെച്ചുരുക്കം വനിതാഭരണാധികാരികളിൽ ഒന്ന് സുൽത്താനേറ്റിലായിരുന്നു. 1236-ൽ ഇൽതുമിഷിന്റെ പുത്രി റസിയ്യ, ദില്ലിയുടെ സുൽത്താനായി. ഉപഭൂഖണ്ഡത്തിലെ മുസ്ലീം രാജവംശങ്ങളിലെ ആദ്യ വനിതാഭരണാധികാരിയുമായിരുന്നു ഇവർ. 1236-40 വരെയുള്ള വളരെ കുറച്ചു കാലം മാത്രമേ റസിയ്യ സുൽത്താന ഭരിച്ചിരുന്നുള്ളൂ എങ്കിലും അവരുടെ ഭരണത്തെക്കുറിച്ച് ചരിത്രകാരന്മാർ പുകഴ്ത്തിയിട്ടുണ്ട്.
ചരിത്രകാരനായ മിൻഹാജ് ഇ സിറാജിന്റെ അഭിപ്രായപ്രകാരം റസിയ്യ അവരുടെ സഹോദരമാരേക്കാൾ ഏറെ കഴിവുള്ളവരായിരുന്നു എങ്കിലും ഒരു രാജ്ഞിയുടെ ഭരണം നാട്ടിലെ പ്രമാണിമാർക്ക് ഇഷ്ടമായിരുന്നില്ല.
കിഴക്ൿ ദില്ലി മുതൽ പടിഞ്ഞാറ് പെഷവാർ വരെയും, വടക്ൿ കശ്മീർ മുതൽ തെക്ക് മുൾത്താൻ വരെയും റസിയ്യ ഭരിച്ചു. 1240-ൽ റസിയ്യ സ്ഥാനഭ്രഷ്ടയായി. എതിരാളികൾ റസിയ്യയേയും അവരുടെ ഭർത്താവ് മാലിക് അൾതുനിയയേയും വധിച്ച് ദില്ലിക്ക് പുറത്ത് ഖബറടക്കി.
അവസാനം[തിരുത്തുക]
തുഗ്ലക്കുകളുടെ കാലശേഷം സയ്യിദ്, ലോധി രാജവംശങ്ങൾ 1526 വരെ ദില്ലിയിൽ നിന്നും ആഗ്രയിൽ നിന്നും ഭരണം നടത്തി. അപ്പോഴേക്കും ജോൻപൂർ, ബംഗാൾ, മാള്വ, ഗുജറാത്ത്, രാജസ്ഥാൻ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെല്ലാം പുതിയ സ്വതന്ത്രഭരണാധികാരികളും നഗരങ്ങളും വളർന്നു.
അഫ്ഘാനികൾ, രജപുത്രർ എന്നിങ്ങനെ പുതിയ വിഭാഗങ്ങളുടെ വളർച്ചക്കും ഈ കാലഘട്ടം സാക്ഷ്യം വഹിച്ചു.